ഒറ്റപ്പെൻഷൻ ഒരു കെണിയാണ്​

60 കഴിഞ്ഞ ഒരാൾക്ക് 10,000 രൂപ പെൻഷൻ കിട്ടണമെങ്കിൽ, അതിന് മുമ്പ് അയാൾക്ക് 20,000 ശമ്പളമോ കൂലിയോ ഉണ്ട് എന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യതയും ഇങ്ങനെയൊരു ഡിമാന്റ് ഉന്നയിക്കുന്നവരുടെതാണ്. എങ്കിൽ, അവർ ആദ്യം ചെയ്യേണ്ടത് തൊഴിലാളി സംഘടനകൾ ഒന്നിച്ചാവശ്യപ്പെടുന്ന 20,000 രൂപ മിനിമം ശമ്പളമെന്ന ആവശ്യത്തോട് ഐക്യദാർഢ്യപ്പെടുകയാണ്- 'വൺ ഇന്ത്യ വൺ പെൻഷൻ' കാമ്പയിനുപുറകിലെ യഥാർഥ രാഷ്ട്രീയം തുറന്നുകാട്ടുകയാണ് ലേഖകൻ

ർക്കാണെതിർക്കാനാവുക, 60 വയസ്സ് കഴിഞ്ഞ് നിരാലംബരായ മനുഷ്യർക്ക് ഒരു കൈത്താങ്ങ് നൽകേണ്ടതാണ് എന്ന കാര്യത്തിൽ? പണിയെടുക്കുന്നവർ പണിയെടുക്കാനാവാതെ വരുന്ന കാലത്ത് ഡിസ്‌പോസിബിൾ ഐറ്റം പോലെ വലിച്ചെറിയപ്പെടേണ്ടതാണ് എന്ന ധാരണ നാട്ടിൽ പണ്ടേ വ്യാപകമാണ്. അതുകൊണ്ടാണ്, നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 60 വയസ്സ് കഴിഞ്ഞ കർഷക തൊഴിലാളികൾക്ക് പെൻഷൻ നൽകാൻ പോകുന്നു എന്ന് കേട്ടയുടൻ അതിനെതിരെ ഏറെ പുക്കാറുണ്ടായത്. അന്ന് ഉയർന്ന ഒരു ചോദ്യം അറുപതു കഴിഞ്ഞ് കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നവർക്ക് എന്ത് പെൻഷൻ എന്നായിരുന്നു. പ്രായമേറിയവരുടെ കാര്യമാണല്ലോ, അതുകൊണ്ടാവാം, പെൻഷൻ പ്രത്യുൽപാദനപരമല്ല എന്നായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം.

അതിനും വർഷങ്ങൾക്ക് മുമ്പാണ് നാദാപുരം ഭാഗത്തെ കർഷക തൊഴിലാളികൾ കഞ്ഞിയിൽ വറ്റ് വേണമെന്നും ചെക്കൻ വിളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലിറങ്ങിയത്. നായനാർ കർഷക തൊഴിലാളി പെൻഷൻ നൽകാൻ പോകുന്നു എന്ന് കേട്ട് ശുണ്ഠി പിടിച്ചവർ നാദാപുരം - വിലങ്ങാട് ഭാഗത്തെ കർഷക തൊഴിലാളി സമരത്തെയും കുറച്ചൊന്നുമായിരുന്നില്ല ആക്ഷേപിച്ചത്.

മുകേഷ് അംബാനി

അന്നങ്ങനെയൊരു നിലപാടെടുത്തവർക്കൊപ്പം നിന്നവരിൽച്ചിലരും അവരുടെ പിന്മുറക്കാരായ കുറേപ്പേരും, പക്ഷേ പെട്ടെന്ന് ഇപ്പോൾ ഷഷ്ഠിപൂർത്തി കഴിഞ്ഞവരോട് പുതിയ സ്‌നേഹവും കരുതലും കാട്ടിത്തുടങ്ങിയിരിക്കുന്നു. ഒരു ചെറിയ വ്യത്യാസം- 60 കഴിഞ്ഞ എല്ലാവർക്കും, എന്നു വെച്ചാൽ, മുകേഷ് അംബാനിയും നരേന്ദ്ര മോദിയും മുതൽ ചാത്തൻ പുലയനും സാവിത്രി അന്തർജനവുമടക്കം സകലമാന ഇന്ത്യക്കാർക്കും 10,000 രൂപ കിട്ടണം. ജാതിയില്ല, മതമില്ല, രാഷ്ട്രീയവുമില്ല. വയസ്സാൻ കാലത്ത് എല്ലാവർക്കും ഇങ്ങനെ ഒരേ പോലെ 10,000 കിട്ടുന്നതല്ലേ സോഷ്യലിസം എന്നും ഒരു ചോദ്യമുയർത്തുന്നുണ്ട്. ഇപ്പറയുന്ന സോഷ്യലിസവും സാമ്യവാദവും ഒന്നാണോ എന്ന് അവരോടൊന്ന് ചോദിച്ചുനോക്കൂ, മിക്കവർക്കും അതിന് ഉത്തരമുണ്ടാവില്ല.

സാമൂഹിക നീതി നടപ്പാക്കണമെന്ന് നിർബന്ധമുള്ളതുകൊണ്ടാണത്രെ, അവർ ഇപ്പോൾ നടപ്പുള്ള കടുത്ത ഒരസമത്വത്തെക്കുറിച്ച് എറെ വാചാലരാണ്. കനത്ത ശമ്പളവും അതും കഴിഞ്ഞ് വൻതുക പെൻഷനും വാങ്ങി അലസജീവിതം കഴിച്ച് പണിയൊന്നും ചെയ്യാതെ കഴിഞ്ഞുകൂടുന്ന സർക്കാർ ജീവനക്കാരെ ചൂണ്ടിക്കാട്ടിയാണ് അസമത്വത്തിന്റെ ഗൗരവാവസ്ഥ ഇക്കൂട്ടർ ബോദ്ധ്യപ്പെടുത്തുക.

അസമത്വത്തെപ്പറ്റി പഠിച്ചവർ പറയുന്നത്

ഫോർബ്‌സ് പ്രസിദ്ധപ്പെടുത്തിയ രേഖകളനുസരിച്ച്, 90 കളുടെ മദ്ധ്യത്തിൽ വെറും രണ്ടേ രണ്ടു പേരും 2004ൽ 12 പേരുമാണ് ഇന്ത്യയിൽ ശത കോടീശ്വരന്മാരായി ഉണ്ടായിരുന്നത്. 2012 ൽ അത് വർദ്ധിച്ച് 34 പേരായി. പിന്നീടുള്ള അഞ്ചു വർഷം കൊണ്ട് വീണ്ടും കുതിച്ചുയർന്ന് 101 പേരായി. ഇപ്പോൾ ഇന്ത്യയിൽ 119 ആണ് ശതകോടീശ്വരന്മാരുടെ എണ്ണം. (രൂപയിലല്ല ശതകോടി. 100 കോടി ഡോളറെങ്കിലും സമ്പാദ്യമുള്ളവരേ ശതകോടീശ്വരന്മാരുടെ പട്ടികയിൽ പെടൂ.) ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സമ്പാദ്യം ഒരു ദശകത്തിനുള്ളിൽ 10 മടങ്ങാണ് വർദ്ധിച്ചതെന്ന് ഇന്ത്യ അസമത്വ റിപ്പോർട്ട്- 2018 ചൂണ്ടിക്കാട്ടുന്നു. 2005 ൽ ഇക്കൂട്ടരുടെ സമ്പാദ്യം ഇന്ത്യയുടെ ആകെ ആഭ്യന്തര ഉൽപാദനത്തിന്റെ (GDP) വെറും അഞ്ചു ശതമാനമായിരുന്നു. എന്നാൽ ഇപ്പോൾ അത് മൂന്നിരട്ടിയായാണ് വർദ്ധിച്ചത്. ജി.ഡി.പിയുടെ 15 ശതമാനമാണ് അവരുടെ സമ്പാദ്യം. ക്രെഡിറ്റ് സൂയിസിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ മേലേപ്പാളിസമ്പന്നരായ ഒരു ശതമാനം പേർ ആകെ സമ്പത്തിന്റെ 53 ശതമാനത്തിന്റെ ഉടമകളാണ്. അതിസമ്പന്നരായ അഞ്ചു ശതമാനത്തിന്റെ വരുതിയിലുള്ളത് 68.6 ശതമാനമാണ്. എന്നാൽ പരമദരിദ്രരായ ജനസംഖ്യയിൽ പാതി വരുന്നവർക്കുള്ള സ്വത്ത് വെറും 4.1 ശതമാനവും!. ഇന്ത്യയിലെ അതീവ സമ്പന്നരിൽ മുമ്പനായ അംബാനി ഇപ്പോൾ ആഗോള സമ്പന്ന പട്ടികയിൽ നാലാം റാങ്കിലാണ്. 8,060 കോടി ഡോളറാണ് ആസ്തി. ഏതാണ്ട് ആറു ലക്ഷം കോടി രൂപക്ക് തുല്യമാണ് ഈ തുക.

പുതിയ സാമ്യവാദികൾ പറയുന്നത്

ഇപ്പറഞ്ഞ അസമത്വമൊന്നും കാണാൻ മാത്രം കണ്ണ് വലുതാവാത്ത ഒരു കൂട്ടരാണ്, ഒരു ട്രസ്റ്റുണ്ടാക്കി സാമ്യവാദികളായി പ്രത്യക്ഷപ്പെട്ട് വൃദ്ധജന സംരക്ഷകരായി നിരന്നുനിന്ന് കേഴുന്നത്. വൻതുക ശമ്പളവും പെൻഷനും വാങ്ങിക്കൂട്ടുന്ന സർക്കാർ ജീവനക്കാരിൽ നിന്ന് അതിന്റെ ഒരു ഭാഗം പിടിച്ചെടുത്ത് 60 കഴിഞ്ഞതോടെ ദുരിതമനുഭവിക്കുന്നവർക്ക് വിതരണം ചെയ്യണം എന്നാണ് അവർ പറയുന്നത്. 60 വയസ്സിന് മുമ്പുള്ളവരുടെ ദുരിതം ഒരു ദുരിതമേയല്ലത്രെ! 60 കഴിഞ്ഞാൽ അംബാനിക്കും ദുരിതം എന്നത്രേ ഈ ദുരിത നിവാരണി സംഘത്തിന്റെ അഭിപ്രായം. സർക്കാർ ജീവനക്കാരിൽനിന്ന് പിടിച്ചെടുക്കുന്നതിന് ഒരു കനത്ത ന്യായവും ഉയർത്തുന്നുണ്ട് ഈ ഒറ്റയിന്ത്യാവൃദ്ധപക്ഷവാദികൾ. റവന്യൂ വരുമാനത്തിന്റെ അറുപതു ശതമാനവും ഇവരെ തീറ്റിപ്പോറ്റാനാണ് എന്നതാണത്. അവർക്ക് കിട്ടുന്ന ഭാരിച്ച ശമ്പളത്തെക്കുറിച്ചാണ് ഏറ്റവും വലിയ ഒച്ചപ്പാട്.

എന്തിനാണീ പാഴ്‌ച്ചെലവ്?

ചോദ്യം ലളിതമാണ്, ഉത്തരമത്രക്ക് ലളിതമല്ല താനും. ആരാണീ സർക്കാർ ജീവനക്കാർ? ആർക്കു വേണ്ടിയാണ് ഇവരെ തീറ്റിപ്പോറ്റുന്നത്? നിങ്ങളുടെ വീടിന് തീപിടിച്ചാൽ അത് കെടുത്താൻ ഓടിയെത്തേണ്ട ഫയർ സർവീസ്, നമ്മുടെ നാട്ടിലെ കലാപങ്ങൾ തടയേണ്ട പൊലീസ്, നമ്മുടെ മക്കളെ പഠിപ്പിക്കുന്ന അദ്ധ്യാപകർ, നീതിന്യായം ഉറപ്പാക്കേണ്ട കോടതികൾ, കോവിഡ് കാലത്തും സേവന സന്നദ്ധരായി ജീവൻ രക്ഷിക്കാൻ ഓടിയെത്തുന്ന ആരോഗ്യ പ്രവർത്തകർ. എന്നുവെച്ചാൽ നമ്മുടെ സ്വൈര്യജീവിതവും ക്രമസമാധാനവും നീതിന്യായ വ്യവസ്ഥയും ആരോഗ്യ സംവിധാനവും നിലനിർത്താൻ പണിയെടുക്കുന്നവർ. അതിന് നിയോഗിക്കപ്പെട്ടവർക്ക് കൊടുക്കുന്ന ശമ്പളവും പെൻഷനുമാണ് പാവപ്പെട്ടവരും അല്ലാത്തവരുമായ വൃദ്ധജനങ്ങളുടെ ക്ഷേമത്തിന് തടസ്സം നിൽക്കുന്നത് എന്നാണ് വാദം. അവരിൽ പലരും വൃദ്ധസദനത്തിലേക്കെത്തുന്നതിനുകാരണം പോലും ഈ അധികശമ്പളവും അമിത പെൻഷനുമാണത്രെ.

എത്രയാണ് കൊടുക്കുന്നത്?

അധികശമ്പളത്തിന്റെ കണക്കറിയാൻ വളരെയൊന്നും മിനക്കെടേണ്ട. മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ സീനിയർ ഡോക്ടറുടെ ശമ്പളവും സ്വകാര്യ ആശുപത്രിയിലെ ഒരു സാദാ ഡോക്ടറുടെ ശമ്പളവും തമ്മിൽ താരതമ്യം ചെയ്താൽ മതി. സ്വകാര്യ മേഖലയിലെ ശമ്പളം സർക്കാർ മേഖലയിൽ കൊടുക്കാനാവാത്തത്, അവർക്ക് പെൻഷനുവേണ്ടി ഒരു സംഖ്യ മാറ്റി വെക്കേണ്ടതുള്ളതുകൊണ്ടാണ് എന്ന് ശമ്പളക്കമ്മീഷൻ റിപ്പോർട്ടുകൾ എടുത്തുപറഞ്ഞിട്ടുണ്ട്. മാറ്റിവെക്കപ്പെട്ട വേതനമാണ് പെൻഷൻ എന്ന് സുപ്രീംകോടതി തന്നെ വിധിച്ചിട്ടുമുണ്ട്.

ഒരു സാദാസർക്കാർ ജീവനക്കാരന്റെ ശമ്പള ബില്ല് വെറുതെയൊന്ന് പരിശോധിക്കാം. ഏറ്റവും താഴെക്കിടയിലുള്ളതും വളരെ മേലെയുള്ളതും ഒഴിവാക്കി ഒരിടത്തരം ജീവനക്കാരന്റെ ശമ്പളക്കണക്കൊന്ന് നോക്കാം. അടിസ്ഥാന ശമ്പളം 19,000 രൂപ. പുറമെ, വിലക്കയറ്റത്തിനനുസരിച്ച് കിട്ടുന്ന ക്ഷാമബത്തയുണ്ട്. ഇന്നത്തെ കണക്കിൽ അത് 3800 വരും. രണ്ടും കൂട്ടിയാൽ 22,800. ഇതിന്റെ പത്തു ശതമാനം പെൻഷൻഫണ്ടിലേക്ക് പോവും. റിട്ടയർ ചെയ്തശേഷം മാത്രം കിട്ടുന്ന പെൻഷനുവേണ്ടി ഇപ്പോഴേ ഉള്ള സമ്പാദ്യം എന്നുവേണമെങ്കിൽ ആശ്വസിക്കാം. പക്ഷേ 2,280 രൂപ ഒരു മാസം പോയിക്കിട്ടും. അത് കഴിച്ചുള്ള സംഖ്യ 20,520 ആണല്ലോ. ദോഷം പറയരുതല്ലോ, 1500 രൂപ വീട്ടുവാടകയും കിട്ടും. (അതിന്റെ അഞ്ച് ഇരട്ടിയെങ്കിലും കൊടുത്താലേ താമസിക്കാനൊരു വീടുകിട്ടൂ എന്നത് തൽക്കാലം മറക്കാം.) അതുംകൂടി കൂട്ടിയാൽ 22,020 രൂപയാകും. ഇനിയാണ് ജി.പി.എഫിലേക്കുള്ള 1,140 രൂപയുടെയും ഗ്രൂപ്പ് ഇൻഷുറൻസിനുള്ള 1000 രൂപയുടെയും പിടുത്തം. അതുകഴിച്ചാൽ കൈയ്യിൽ കിട്ടുക 19,880 രൂപ. സംസ്ഥാനത്ത് എവിടെയും ജോലി ചെയ്യാൻ ബാദ്ധ്യസ്ഥനാണയാൾ. അതുകൊണ്ട് വീടുവാടക 7500 ഇതിൽ നിന്നുവേണം കൊടുക്കാൻ. അതുകൂടി കുറച്ചാൽ വീട്ടിലേക്കെത്തുന്ന ശമ്പളം 12,380 രൂപ. എന്നു വെച്ചാൽ ദിവസത്തേക്ക് 413 രൂപ തികയില്ല. ചിലർക്കെങ്കിലും വീട്ടിനടുത്ത് ജോലി കിട്ടുമല്ലോ. അവർക്കാണെങ്കിൽ 663 രൂപ കിട്ടും നിത്യക്കൂലി. ഇതാണ് മുല്ലപ്പൂവിപ്ലവക്കാരുടെ ‘കനത്ത ശമ്പളം'.

അപ്പോൾ ‘ഭാരിച്ച' പെൻഷനോ?

കനത്ത പെൻഷൻ വെട്ടിച്ചുരുക്കി, അതെടുത്ത്, 60 വയസ്സ് കഴിഞ്ഞതുകൊണ്ട് ‘പാവപ്പെട്ട'വരായിത്തീരുന്ന അംബാനി മുതൽ അദാനി വരെയുള്ളവർക്ക് വീതിച്ചു കൊടുക്കണം എന്നാണ് ആവശ്യം. ഇതിനിടെ, ‘രാഷ്ട്രീയ നിരീക്ഷകനായ' ഒരു പഴയ സർവ്വകലാശാലാ അദ്ധ്യാപകൻ തനിക്ക് കിട്ടുന്ന പെൻഷന്റെ ഭാരം വളരെ കൂടുതലാണ് എന്ന് തിരിച്ചറിഞ്ഞ് ഇതിന്റെ വക്താവായി മാറിയിരുന്നു. ‘നിഷ്പക്ഷ നിരീക്ഷക’ന്റെ വീഡിയോകൾ ‘ഒറ്റപ്പെൻഷന്റെ 'പേരിൽ വ്യാപകമായി പ്രചരിപ്പിക്കപ്പൈട്ടു. തനിക്ക് കിട്ടുന്ന പെൻഷൻ വളരെ കൂടുതലാണ്, പക്ഷേ അത് സർക്കാറിലേക്ക് തിരിച്ചടച്ചാൽ പാവപ്പെട്ടവർക്ക് തന്നെ ചെല്ലും എന്ന ഒരുറപ്പുമില്ലാത്തതിനാൽ തൽക്കാലം താൻ തന്നെ കൈവശം വെക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ആ കാശ് വല്ല റോഡുപണിക്കോ മറ്റോ ഉപയോഗിച്ചാൽ ആ വഴിയേ പണക്കാർ കൂടി സഞ്ചരിച്ചു കളയില്ലേ എന്ന ലളിതയുക്തിയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അതുകൊണ്ടാണ് തൽക്കാലം പെൻഷൻകാശ് മുഴുവൻ താൻ തന്നെ കൈയ്യിൽ വെക്കുന്നത്! എന്താെരാദർശ വാദം! അത്തരമൊയൊരാളെയാണ് ഒരവതാരമായി മുല്ലപ്പൂ വിപ്ലവക്കാർ കൊണ്ടാടുന്നത്. പാവങ്ങൾക്ക് കൊടുക്കാനായി തനിക്ക് കിട്ടുന്ന അമിതപ്പെൻഷൻ മാറ്റിവെക്കുന്ന അഭിനവ ഗാന്ധിയായി അദ്ദേഹം പ്രകീർത്തിക്കപ്പെട്ടു. (പക്ഷേ ഒറ്റപ്പെൻഷൻ വാദികളുടെ പോക്കത്ര ശരിയല്ല എന്നു തോന്നിയതോടെ മുഖ്യ താരമായിരുന്ന പ്രൊഫസറും പ്രൊഫസറെപ്പോലെയുള്ള മറ്റനേകം പേരും ആ പ്രസ്ഥാനത്തോട് വിട പറഞ്ഞു. മാത്രവുമല്ല, പ്രസ്ഥാനക്കാർ തമ്മിൽ തല്ലായി, പണപ്പിരിവിന്റെ കാര്യത്തിൽ പരസ്പരം ആക്ഷേപങ്ങളായി, നാട്ടാർക്ക് പലർക്കും കാര്യം വ്യക്തമാവുകയും ചെയ്തു.)

പ്രൊഫസറുടെ പെൻഷൻ കനത്തതാണെന്ന് പ്രൊഫസർക്ക് തോന്നുന്നുണ്ടാവാം. എഴുത്തുവഴിയും മറ്റു മാർഗങ്ങളിലൂടെയും കാശ് കിട്ടാനുള്ള ആർക്കും തോന്നാവുന്നതാണത്. പക്ഷേ എല്ലാവരുടെ കാര്യവും അങ്ങനെയല്ലല്ലോ. കേരളത്തിലെ സർക്കാർ ജീവനക്കാരിൽ പകുതിയിലേറെയും വാങ്ങിക്കുന്ന പെൻഷൻ 10,000 രൂപയിൽ താഴെയാണ്. എന്നിരിക്കെ, അതു കവർന്നെടുത്ത് 60 വയസ്സ് കഴിഞ്ഞവർക്ക് വീതിച്ചു കൊടുക്കണം എന്നു പറഞ്ഞാൽ അത് സാമാന്യ ബോധത്തിന് നിരക്കുന്ന യുക്തിയല്ലല്ലോ. പ്രൊഫസറെപ്പോലെ ‘കനത്ത’പെൻഷനുള്ള ഏതാനും ചിലരുടെ അമിതസംഖ്യ പിടിച്ചെടുത്താലും തികയുമോ നാട്ടാർക്കാകെ പെൻഷൻ കൊടുക്കാൻ? അതിനിതൊന്നും തികയില്ലെങ്കിൽ പിന്നെ എവിടെച്ചെന്നെടുക്കും?

വൺ ഇന്ത്യയോ വൺ കേരളയോ?

ഇങ്ങനെയൊരു സുപ്രധാന ആവശ്യം ഉന്നയിച്ച് രംഗത്തു വന്ന ഒരു മൂവർ സംഘ വാട്ടസ്ആപ് കൂട്ടായ്മ പിന്നീട് ട്രസ്റ്റായി മാറിത്തീർന്ന് ജനങ്ങളെയാകെ തങ്ങൾക്ക് പിന്നിൽ അണിനിരത്തുകയാണത്രെ. സകലമാന രാഷ്ട്രീയ കക്ഷികളിലും വിശ്വാസം നഷ്ടപ്പെട്ട ഇക്കൂട്ടർ ട്രെയ്ഡ് യൂനിയനുകളോടും യുദ്ധപ്രഖ്യാപനം നടത്തുന്നുണ്ട്. ഇന്ത്യയിലാകമാനമുള്ള വൃദ്ധജന മോക്ഷത്തിനായി അവതരിച്ച ഇക്കൂട്ടരുടെ പ്രവർത്തനമേഖല കേരളം മാത്രമാണ്. ഇത്ര ഹൃദയവിശാലതയുള്ളവർ ഇതര സംസ്ഥാനങ്ങളിൽ കുറവായതുകൊണ്ടല്ല, ഇവിടെയാണ് സാമൂഹികക്ഷേമപദ്ധതികൾ ഇത്രക്ക് വ്യാപകവും സാർവത്രികവുമായി ഉള്ളത് എന്നതുകൊണ്ടാണത്. അത്തരമൊരിടത്തേ ഇത്തരമൊരു ആവശ്യത്തിന് വേരോട്ടമുണ്ടാക്കാനാവൂ എന്നതാണ് കാര്യം. ഈ സാമൂഹിക സുരക്ഷാ പദ്ധതികൾ തന്നെ കേരളത്തിലെ ഇടതുപക്ഷം പൊരുതി നേടിയതുമാണ്. കേരളത്തിലും ഇന്ത്യയിലും സാമൂഹിക സുരക്ഷാ പദ്ധതികൾക്ക് വേണ്ടി പോരാടിയവരെ, അവരുടെ വീരസ്മരണകളെ തമസ്‌കരിച്ചു കൊണ്ട് പാവപ്പെട്ട മനുഷ്യരെ വഴിതെറ്റിക്കുക മാത്രമാണ് ഈ അഭിനവ സാമ്യവാദികൾ ചെയ്യുന്നത്..

60 കഴിഞ്ഞാൽ പെൻഷൻ, അതുവരെ ജീവിക്കാൻ?

60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും 10,000 രൂപ പെൻഷൻ വേണം എന്നതാണ് ഇവർ ഉന്നയിക്കുന്ന ആവശ്യം. അപ്പോൾ അതിനു മുമ്പുള്ള കാലത്തെ ജീവിതമോ? 60 വയസ്സ് വരെ ജീവൻ നിലനിർത്തിയിട്ട് വേണ്ടേ 10,000 രൂപ പെൻഷൻ വാങ്ങിക്കാൻ? അതിനൊരു തൊഴിൽവേണ്ടേ? അതിന് മാന്യമായ കൂലി വേണ്ടേ? അതൊന്നും ഞങ്ങൾക്ക് വിഷയമല്ല എന്നതാണ് ‘ഒരേയൊരു പെൻഷൻ 'കാരുടെ മട്ട്.

10,000 രൂപ പെൻഷൻ കിട്ടണമെങ്കിൽ ഒരു സർക്കാർ ജീവനക്കാരൻ പിരിയുമ്പോൾ 20,000 രൂപയെങ്കിലും ശമ്പളം പറ്റിയിരിക്കണം. അപ്പോൾ, 60 കഴിഞ്ഞ ഒരാൾക്ക് 10,000 രൂപ പെൻഷൻ കിട്ടണമെങ്കിൽ, അതിന് മുമ്പ് അയാൾക്ക് 20,000 ശമ്പളമോ കൂലിയോ ഉണ്ട് എന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യതയും ഇങ്ങനെയൊരു ഡിമാന്റ് ഉന്നയിക്കുന്നവരുടെതാണ്. എങ്കിൽ, അവർ ആദ്യം ചെയ്യേണ്ടത് ഇന്ന് രാജ്യത്തെ മുഴുവൻ തൊഴിലാളി സംഘടനകളും ഒന്നിച്ചാവശ്യപ്പെടുന്ന 20,000 രൂപ മിനിമം ശമ്പളമെന്ന ആവശ്യത്തോട് ഐക്യദാർഢ്യപ്പെടുകയാണ്. ഒപ്പം ഐക്യസമര പ്രസ്ഥാനം ഉന്നയിക്കുന്ന തൊഴിലില്ലായ്മാ പ്രശ്‌നം കൂടി ഇതിന്റെ ഭാഗമായി അവർ ഏറ്റെടുക്കേണ്ടി വരും. പണിയുണ്ടെങ്കിലല്ലേ പെൻഷൻ ചോദിച്ചു വാങ്ങാനാവൂ. അപ്പോൾ എല്ലാവർക്കും തൊഴിൽ എന്ന ആവശ്യം കൂടി അവർ ഉയർത്തണം. ഇങ്ങനെ ചെയ്താൽ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പിന്തുണയും ഉറപ്പാക്കാനാവുമല്ലോ. പക്ഷേ അതൊന്നും തങ്ങൾക്ക് വിഷയമല്ല എന്നതാണ് ഒറ്റപ്പെൻഷൻകാരുടെ നിലപാട്.

കൂടുതൽ തൊഴിലാളികളെ അസ്ഥിരപ്പെടുത്തി ലാഭവിഹിതം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന ഉടമവർഗത്തോട് ഇന്ത്യൻ തൊഴിലാളികൾ ഒന്നിച്ചാവശ്യപ്പെടുന്നത് തൊഴിലവസരം വെട്ടിച്ചുരുക്കരുത് എന്നാണ്, സ്ഥിരം തസ്തികകളിൽ നിയോഗിക്കപ്പെടുന്ന കരാർതൊഴിലാളികൾക്ക് സ്ഥിരം തൊഴിലാളികളുടെ വേതനം നൽകണമെന്നാണ്, പെൻഷൻ വർധിപ്പിക്കണമെന്നാണ്, ഏറ്റവും ചുരുങ്ങിയ പെൻഷൻ 6,000 രൂപയെങ്കിലും ആയി ഉയർത്തുകയും അതിനെ വില സൂചികയുമായി ബന്ധിപ്പിക്കുകുകയും ചെയ്യണമെന്നാണ്. ഏഴ് കൊല്ലം മുമ്പുന്നയിച്ച 6,000 രൂപ എന്ന ആവശ്യം ഇന്നത്തെ വിലനിലവാരമനുസരിച്ച് 10,000 രൂപയെങ്കിലുമാവണം. അതോടൊപ്പം കേരളത്തിൽ നടപ്പാക്കിപ്പോരുന്ന തരത്തിലുള്ള സാർവത്രിക സാമൂഹിക സുരക്ഷാ പദ്ധതികൾ ആവിഷ്‌കരിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ത്യൻ തൊഴിലാളികൾ പ്രക്ഷോഭരംഗത്ത് അണിനിരന്നത്. ഇതിനോട് പുറംതിരിഞ്ഞു നിൽക്കുന്ന കേന്ദ്ര സർക്കാറിനുനേരെ പതഞ്ഞുയരുന്ന ജനരോഷം വഴി തിരിച്ചുവിടാനാണ് സർക്കാർ ജീവനക്കാരാണ് ശത്രുക്കൾ എന്ന പ്രചാരണവുമായി മാരീചവേഷക്കാർ ഇങ്ങനെ അരങ്ങ് തകർക്കുന്നത്.

എവിടെ നിന്നുയരുന്നു ഈ ന്യായം?

ചിലരെങ്കിലും ധരിക്കുന്നത് പെൻഷനെതിരെയുള്ള ഈ കടന്നാക്രമണം ഈ മുല്ലപ്പൂവിപ്ലവത്തിൽ നിന്നാണ് തുടങ്ങുന്നത് എന്നാണ്. ഇന്ത്യയിലെ സർക്കാർ ജീവനക്കാർ വളരെ മുമ്പേ ഈ ആക്രമണത്തിന് ഇരയായവരാണ്. സ്റ്റാറ്റിയൂട്ടറി പെൻഷൻ കവർന്നെടുത്തുകഴിഞ്ഞു. പക്ഷേ അതിനും രണ്ട് ദശകം മുമ്പ് തുടങ്ങിയതാണ്, ജീവനക്കാർക്കുള്ള പെൻഷൻ കൊടുത്ത് കൊടുത്ത് സർക്കാരുകളും മുതലാളികളും ക്ഷീണിക്കുകയാണ് എന്ന വർത്തമാനം. സോവിയറ്റ് യൂനിയന്റെ തകർച്ചക്കുശേഷം ഇനിയെന്ത് പെൻഷൻ, ഇനിയെന്ത് സാമൂഹിക സുരക്ഷ എന്ന് പച്ചക്ക് ചോദിച്ചത് ക്ലിന്റന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ലസ്റ്റർ ഥറോ ആണ്. അതിനും മുമ്പെ ലോകബാങ്ക് ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ അതിനും മുമ്പ് ഇതവതരിപ്പിച്ചത് ആഗോള മൂലധനനാഥന്മാരുടെ പ്രസിദ്ധീകരണമായ ഗ്ലോബൽ ഫൈനാൻസ് മാസികയാണ്. അന്താരാഷ്ട്ര നിലവാരമുള്ള വൻകിട ബാങ്കർമാരും ധനമേഖലാ വ്യവസായികളും കൈകാര്യം ചെയ്യുന്ന ഒരു മാസികയാണത്. വളരെ ഹര കരമായ ഒരു കഥ അവതരിപ്പിച്ചു കൊണ്ടാണ് മുതലാളിമാരുടെ മാസിക പെൻഷനെതിരെ ആക്രമണമുയർത്തിയത്.

ഫുലാ ഡി സിൽവയുടെ കഥ

മെക്‌സിക്കോവിലെ ഒരു പോലീസ് കേഡറ്റായി 18-ാം വയസ്സിൽ ജോലിക്ക് ചേരുന്ന ഫുലാ ഡി സിൽവയുടെ കഥയാണ് ഗ്ലോബൽ ഫിനാൻസ് 1991 ൽ പ്രസിദ്ധപ്പെടുത്തിയത്. സോവിയറ്റ് യൂനിയൻ തകർന്നു കിട്ടിയ സന്തോഷത്തിൽ മതിമറന്ന്, തൊഴിലാളി വർഗത്തിന് ഊന്നാനുണ്ടായിരുന്ന ഊന്നുവടി നെടുകേ പിളർന്നു പോയി എന്ന് ആക്രോശിക്കുന്നതിന്റെ കൂട്ടത്തിലാണ് ഇക്കഥ വിവരിക്കുന്നത്.

18-ാം വയസ്സിൽ വെറും മെട്രിക്കുലേറ്റായി ജോലിക്ക് കയറിയ ഫുലാ ഡി സിൽവ പിരിയുമ്പോൾ കേണൽ പദവിയിൽ എത്തിയിരിക്കുമത്രെ. പിരിഞ്ഞാൽ പാതി ശമ്പളം പെൻഷൻ കിട്ടും. അയാൾ മരിച്ചാൽ ഭാര്യക്കും കിട്ടും പെൻഷൻ. ഭാര്യ മരിച്ചാൽ അവരുടെ അവിവാഹിതയായ (അവർ കല്യാണം കഴിക്കില്ലെന്ന് ലേഖകന് നല്ല ഉറപ്പുണ്ട് ) മകൾക്ക് അവർ മരിക്കുന്നതുവരെയും പെൻഷൻ! 68 വയസ്സാണ് മെക്‌സിക്കോവിലെ സ്ത്രീകളുടെ ആയുർദൈർഘ്യമെന്നും ലേഖകൻ ചൂണ്ടിക്കാട്ടുന്നുണ്ട്. അങ്ങനെ വരുമ്പോൾ, ഒരൊറ്റക്കാശും ചെലവാക്കാതെ ഇതെത്ര കാലം ഇങ്ങനെ വെറുതെ തിന്നാൻ കൊടുക്കും? പെൻഷൻ ഏസ് യൂ ഗോ എന്ന നിലക്ക് ഇങ്ങനെ കൊടുക്കാനാവുമോ എന്നാണ് മുതലാളിമാരുടെ പത്രം ചോദിച്ച ചോദ്യം.

വെറുതെ കാലും നീട്ടി ഇതെത്ര കാലം?

ഒരു പണിയും ചെയ്യാതെ വെറുതെ തിന്ന് കുരുവാക്കി ദേശീയ വരുമാനത്തിന്റെ ഗണ്യമായൊരംശം തട്ടിപ്പറിച്ചെടുത്തുകൊണ്ട് അലസ വിശ്രമജീവിതം നയിക്കുന്ന ഈ വൃദ്ധ ജനവിഭാഗത്തെ എത്ര കാലം ഇങ്ങനെ പോറ്റാനാവും എന്നാണ് നമ്മുടെ ‘ഒരേയൊരു പെൻഷൻ' വിപ്ലവകാരികളെപ്പോലെ ക്ലിന്റന്റെ ഉപദേഷ്ടാവായ ലസ്റ്റർഥറോയും ചോദിച്ചത്. അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പേര് ‘മുതലാളിത്തത്തിന്റെ ഭാവി' എന്നാണ്. (Future of capitalism). അദ്ദേഹം അവിടം കൊണ്ടും അവസാനിപ്പിക്കുന്നില്ല. ഇനിയങ്ങോട്ടുള്ള കാലത്ത് വർഗസമരമെന്നത് ഉള്ളവനും ഇല്ലാത്തവനും തമ്മിലല്ല, പെൻഷൻ കിട്ടുന്നവരും ജോലിയേ ഇല്ലാത്തവരും തമ്മിലായിരിക്കും എന്നാണ് മൂപ്പരുടെ വിലയിരുത്തൽ. എന്നുവെച്ചാൽ സോവിയറ്റനന്തര കാലത്ത് തൊഴിലാളികൾക്കുള്ള ക്ഷേമപദ്ധതികളൊക്കെ അവസാനിപ്പിക്കണം എന്നാണ് അദ്ദേഹം പറഞ്ഞു വെക്കുന്നത്. അത് പക്ഷേ ഒറ്റയടിക്ക് നടപ്പാക്കാനാവാത്തതിന് ഒരു കാരണവും കണ്ടെത്തുന്നുണ്ട് ലസ്റ്റർ ഥറൊ. പെൻഷനർമാർ ‘വൺ ഇഷ്യൂ വോട്ടർമാരാ'ണ് എന്നതാണത്രെ കാരണം. എന്നു വെച്ചാൽ അവർ ഒറ്റ പ്രശ്‌നത്തിൽ വോട്ട് മാറ്റി ചെയ്‌തേക്കാവുന്ന ഒരൊറ്റ ഗ്രൂപ്പാണ് എന്നുതന്നെ. നോക്കണേ മുതലാളിമാരുടെ കണക്കുകൂട്ടൽ!

നമ്മുടെ അഭിനവ ‘സോഷ്യലിസ്റ്റുകൾ' എല്ലാവർക്കും ഒരേ പെൻഷൻ എന്ന അസാദ്ധ്യവും കപടവുമായ മുദ്രാവാക്യം ഉയർത്തുന്നത് ഇത്തരം ആശയങ്ങളിൽനിന്ന് ഊർജം വലിച്ചുകൊണ്ടാണ്. പെൻഷൻ എന്നത് മാറ്റിവെക്കപ്പെട്ട വേതനമാണ് എന്ന് കോടതി പറഞ്ഞത് മനസ്സിലാവാത്തതുകൊണ്ടല്ല, അത് അനാവശ്യമായ പാഴ്‌ച്ചെലവാണ് എന്ന നിയോലിബറൽ ആശയങ്ങൾക്ക് തല പണയപ്പെടുത്തിയതുകൊണ്ടാണ് പ്രൊഫസർമാരും അല്ലാത്തവരും പെൻഷൻകാരുടെ പിടലിക്കാണ് പിടിക്കേണ്ടത് എന്ന് പറയുന്നത്.

പിന്നെ എവിടെനിന്ന് കിട്ടും കാശ്?

പാവപ്പെട്ട നിർമ്മാണത്തൊഴിലാളികളെയും കർഷക തൊഴിലാളികളെയും അവർ നടത്തിയ പ്രക്ഷോഭങ്ങളുടെ സ്മരണകളിൽ നിന്നകറ്റി, പൈഡ് പൈപ്പറെപ്പോലെ അവരെ അഗാധ സമുദ്രത്തിലേക്ക് നയിക്കുന്നത് 10,000 രൂപ പെൻഷന്റെ പെട്ടിപ്പാട്ടും പാടിയാണ്. അതിനുള്ള ഏക മാർഗം സർക്കാർ ജീവനക്കാരുടെ പെൻഷൻ വെട്ടിച്ചുരുക്കുകയാണ് എന്നാണ് മസ്തിഷ്‌ക പ്രക്ഷാളനം. പതിനായിരമല്ല, അതിൽക്കൂടുതൽ കിട്ടാൻ അർഹതയുള്ളവരാണ്, നമുക്കുവേണ്ടി രമ്യഹർമ്യങ്ങൾ പണിതവർ, നമുക്കായി രാജപാത വെട്ടിത്തെളിച്ചവർ, നമുക്കുള്ള ഭക്ഷ്യഷ്യധാന്യങ്ങൾ എത്തിച്ചു തന്നവർ. അവർക്കുള്ള ക്ഷേമപദ്ധതികൾ ഉറപ്പാക്കാനായത്, നിലവിൽ ഒരു പെൻഷൻ പദ്ധതി സർക്കാർ ജീവനക്കാർക്ക് ഉള്ളതുകൊണ്ടാണ്. അതില്ലാതായാൽ സാമൂഹിക സുരക്ഷാ പദ്ധതികൾ ആ നിമിഷം അസ്തമിക്കും. ക്ഷേമപദ്ധതികൾ വർദ്ധിപ്പിക്കണം എന്ന ആവശ്യം ഇന്ത്യയിലെ തൊഴിലാളി വർഗത്തിന്റെ ഐക്യസമര പ്രസ്ഥാനം മുന്നോട്ടുവെച്ചിട്ടുണ്ട്. അതിന് പുറംതിരിഞ്ഞു നിൽക്കുന്നത് കേന്ദ്ര സർക്കാറാണ്. ചെലവാക്കാൻ കാശില്ല എന്നാണ് അവർ പറയുന്ന ന്യായം. പക്ഷേ വാർദ്ധക്യകാലത്ത് അശരണരായിത്തീരുന്ന കോടിക്കണക്കിന് വൃദ്ധജനങ്ങൾക്ക് ആശ്വാസമെത്തിക്കാൻ മാർഗമുണ്ട്. എളുപ്പം നടപ്പാക്കാവുന്നതേയുള്ളൂ. ഇന്ത്യൻ കോർപറേറ്റുകൾ സമർപ്പിച്ച നികുതി റിട്ടേണുകൾ പ്രകാരം അവർ കൊടുക്കേണ്ട നികുതികളിൽ സർക്കാർ ഇളവ് ചെയത് കൊടുത്തത് 42 ലക്ഷം കോടി രൂപയാണ്, കഴിഞ്ഞ ഒരു ദശക ക്കാലത്ത് മാത്രം. അത് തിരിച്ചുപിടിക്കുക, അവർക്ക് ഒരര ശതമാനം അധിക നികുതി (അധിക നികുതി എന്നു പറയേണ്ടതില്ല, കുറച്ചു കൊടുത്ത നികുതി സ്വൽപ്പം കൂട്ടുക മാത്രം ചെയ്യുക) ചുമത്തുക, ഇതിന് പുറമെ, മോഡി വാഗ്ദാനം ചെയ്ത 15 ലക്ഷത്തിന്റെ നേരിയൊരംശം കൂടി ഇതിനോട് കൂട്ടുക - പതിനായിരമല്ല, അതിലും കൂടുതൽ കൊടുക്കാനാവും.

വൺ കേരള, വൻ പെൻഷൻ?

ഇതറിയാഞ്ഞല്ല നമ്മുടെ ഒരേയൊരു പെൻഷൻകാർ സർക്കാർ ജീവനക്കാരുടെ കഴുത്തിന് പിടിക്കണം എന്ന് പറയുന്നത്. തൊഴിലാളി വിരുദ്ധരും വൻകിട മുതലാളിമാരുടെ കാര്യസ്ഥരുമായ ഏതാനും ചില ട്രസ്റ്റികൾ ഇറങ്ങിപ്പുറപ്പെട്ടത് ഇടതുപക്ഷ വിരുദ്ധമായ ഒരാശയ പരിസരം ഈ തെരഞ്ഞെടുപ്പിനുമുമ്പ് സൃഷ്ടിച്ചെടുക്കാനാണ്.

കേരളത്തിലാണ്, കേരളത്തിൽ മാത്രമാണ്, ഇത്രക്ക് സമഗ്രമായ സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പിലാക്കിപ്പോരുന്നത്. വർഷങ്ങൾക്ക് മുമ്പ് അസംഘടിതമേഖലയിൽ പെൻഷൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ ട്രെയ്ഡ് യൂനിയൻ പ്രസ്ഥാനങ്ങൾ പ്രക്ഷോഭത്തിനിറങ്ങിയപ്പോൾ കേരളത്തെയാണ് മാതൃകയായി ചൂണ്ടിക്കാട്ടിയത്. ഒടുക്കം സർക്കാർ വഴങ്ങിയപ്പോൾ, കേരള മാതൃകയിലുള്ള നിയമമാണ് അഖിലേന്ത്യാടിസ്ഥാനത്തിൽ നടപ്പാക്കാൻ തീരുമാനിച്ചത്. അങ്ങനെയുള്ള കേരളത്തിൽ ഇന്നു ഭരിക്കുന്ന സർക്കാർ അധികാരത്തിലേറുമ്പോൾ പ്രഖ്യാപിച്ചത്, പെൻഷൻ തുക ഇരട്ടിയാക്കും എന്നാണ്. പക്ഷേ 500 രൂപയുണ്ടായിരുന്ന പെൻഷൻ ആയിരമായല്ല വർദ്ധിച്ചത്, അത് മൂന്നിരട്ടിയോടടുക്കുകയാണ്. അത്തരമൊരു നിലപാടിന്റെ ശോഭ കെടുത്തിക്കളയാനാണ്, നിങ്ങൾക്ക് 1400 അല്ല 10,000 ആണ് ലഭിക്കേണ്ടത്, അത് നൽകാതെ, സർക്കാർ ജീവനക്കാർക്ക് വെറുതെ തിന്നാൻ കൊടുക്കുകയാണ് കേരള ഗവൺമെന്റ് എന്ന് നിഷ്‌കളങ്കരായ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാനാണ് നീക്കം. ‘വൺ കേരള, വൻപെൻഷൻ ' എന്നതാണ് ഒറ്റപ്പെൻഷൻ വാദികളുടെ പ്രചാരണം. അതിന് തടസ്സം നിൽക്കുന്നത് സർക്കാറും സർക്കാർ ജീവനക്കാരും എത്ര ലളിതമാണ് യുക്തി!

വേരുകൾ വേറെയും

പരസ്പരം സാമ്പത്തിക ക്രമക്കേടിന്റെ ആരോപണമുന്നയിച്ച് കലഹിക്കുന്ന ഒരാൾക്കൂട്ടമാണ് ഒറ്റപ്പെൻഷൻ വാട്‌സ്ആപ്പ് ഗ്രൂപ്പ്. അവർക്കതാവാം. അവരുടെ ലക്ഷ്യം വളരെ പരിമിതമാണ്. അടുത്ത തെരഞ്ഞെടുപ്പാണ് നോട്ടം. അരാഷ്ട്രീയവാദികളായ ഒട്ടനവധി ഇടതുപക്ഷ വിരുദ്ധർ വേറെയുമുണ്ട് മാരീചവേഷത്തിൽ. കമ്പനികളുടെ സി.എസ്.ആർ ഫണ്ടിൽ നിന്നുകിട്ടുന്ന എല്ലിൻകൊട്ട് കാട്ടി ഗ്രാമതല വികസനത്തിന്റെ സങ്കീർത്തനം മുഴക്കുന്നവർ! കേരളത്തെ രാഷ്ട്രീയ വിമുക്തരാക്കാൻ കച്ചകെട്ടിയിറങ്ങിയവർ. അവർക്കൊപ്പം മറ്റൊരു കൂട്ടരുമുണ്ട് കാണാമറയത്ത്. നിശ്ശബ്ദ ഭൂരിപക്ഷം എന്ന രാഷ്ടീയ സംഘടന. സംഘടിത ന്യൂനപക്ഷത്തിന്റെ ആക്രമണത്തിൽനിന്ന് അസംഘടിതരെ രക്ഷിക്കാൻ ‘സംഘടിപ്പിക്കപ്പെട്ട' രാഷ്ട്രീയ കക്ഷി. മുത്തൂറ്റ് മുതലാളിയാണ് മുന്നിൽ. തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറങ്ങിയിട്ടുണ്ട്. അതിൽ ഒന്നാം നമ്പറായി പ്രത്യക്ഷപ്പെടുന്നത് പണിമുടക്കങ്ങൾ നിരോധിക്കും എന്നാണ്. രണ്ടാമത്തെ വാഗ്ദാനം പൊതുനിരത്തുകളിലൂടെയുള്ള പ്രകടനങ്ങൾ അവസാനിപ്പിക്കും എന്നാണ്.

ഇവരുടെ വായിലേക്ക് കേരളത്തെ വെച്ചു നീട്ടുന്നതിനാണ് ഒറ്റപ്പെൻഷൻ വാദികൾ മാരീചവേഷം പൂണ്ട് വൃദ്ധാഭിമുഖ്യം കാട്ടി കണ്ണീരും ചൊരിഞ്ഞ് നിൽക്കുന്നത്! അവരുടെ പിടിയിൽ പെട്ടു പോവുന്ന സാധാരണ മനുഷ്യർ ഏറെയാണ്. കാര്യം മനസ്സിലാക്കി കാരശ്ശേരി പിന്മാറിയിട്ടുണ്ട്. പക്ഷേ പൈഡ് പൈപ്പർ കൂടെ കൂട്ടിക്കൊണ്ടുപോയി കടലിൽ മുക്കാൻ ശ്രമിക്കുന്ന പാവം ജനങ്ങളോ? അവരെ ക്ഷമാപൂർവ്വം കാര്യം ബോദ്ധ്യപ്പെടുത്തേണ്ട ബാദ്ധ്യത സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെതാണ്. മുഴുവൻ ഇടതു പക്ഷത്തിന്റെതുമാണ്.

ബെഫി മുൻ അഖിലേന്ത്യ പ്രസിഡന്റാണ് ലേഖകൻ

Comments