Beypore Port പ്രതീക്ഷയുടെ കപ്പലിൽ

മലബാറിന്റെ ആധുനികതയുടെ വേരുകൾ പേറുന്ന ബേപ്പൂരിന് വിപുലമായ ഭക്ഷണ, സാഹിത്യ സംസ്‌കാരമുണ്ട്. നൂറ്റാണ്ടുകളായി തുടരുന്ന വ്യവസായ പാരമ്പര്യമുണ്ട്. എന്നാൽ ഹെറിറ്റേജ് നഗര സ്വഭാവമുള്ള ബേപ്പൂരിന്റെ വികസനം പലപ്പോഴും അതിലെ ജനങ്ങളുടെ പങ്കാളിത്തത്തെ മാറ്റിനിർത്തിക്കൊണ്ടുള്ളതായിരുന്നു. ഇത്തരം മാറ്റിനിർത്തലുകള്ക്ക് പരിഹാരമായാണ് യുനൈറ്റഡ് നാഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ Tourism for inclusive growth എന്ന കാഴ്ചപ്പാടിനെ മുൻനിർത്തി സംസ്ഥാന സർക്കാർ ഉത്തരവാദിത്ത ടൂറിസം പ്രൊജക്ട് വിഭാവനം ചെയ്തത്. ഗ്രാമ, പ്രാദേശിക സമൂഹ വികസനത്തിന് വിനോദ സഞ്ചാരത്തെ ഒരു കരുവാക്കുക. ദാരിദ്ര്യ നിർമ്മാർജ്ജനം, സ്ത്രീ ശാക്തീകരണം എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള വികസനം. കർഷകർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുക, അധിക വരുമാനം ഉറപ്പാക്കുക, പാരമ്പര്യ കൈത്തൊഴിലുകൾക്കും, അരികുവത്ക്കരിക്കപ്പെട്ടവർക്കും കൂടുതൽ സഹായങ്ങളൊരുക്കുക, തുടങ്ങി കൂടുതൽ മികച്ച സാമൂഹ്യ, പാരിസ്ഥിതിക സന്തുലനം സമൂഹത്തിൽ ഉറപ്പാക്കുകയാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ ലക്ഷ്യം. ബേപ്പൂരിനെ സംബന്ധിച്ചിടത്തോളം ടൂറിസത്തോടുള്ള ഈയൊരു കാഴ്ച്ചപാട് തീർത്തും അനുയോജ്യമാണെന്ന് സ്ഥലം എം.എൽ.എയും ടൂറിസം, പൊതുമരാമത്ത് വകുപ്പു മന്ത്രിയുമായ മുഹമ്മദ് റിയാസ് പറയുന്നു.

വാർഫിലെ സ്ഥലപരിമിത കാരണം ബേപ്പൂർ തുറമുഖത്തെത്തുന്ന കണ്ടെയ്‌നർ കപ്പലുകൾ, യാത്രാ കപ്പലുകൾ, ഉരു ബാർജ്, എന്നിവയെ പൂർണമായും അക്കമൊടേറ്റ് ചെയ്യാനുള്ള സൗകര്യം നിലവിലില്ല. വാർഫിന്റെ വികസനം, റോഡ് വികസനം, റെയിൽ വെ കണക്ടിവിറ്റി, അടിസ്ഥാന സൗകര്യ വികസനം എന്നിവയക്കായി 430 കോടി രൂപയുടെ പ്രപോസൽ കേന്ദ്ര തുറമുഖ ഷിപ്പിങ് ജലഗതാഗത മനന്ത്രി സർബാനന്ദ സോണോവലിന് മന്ത്രി നൽകിയിട്ടുണ്ട്. ലക്ഷദ്വീപുമായി ബേപ്പൂരിനുള്ള ബന്ധം ശക്തിപ്പെടുത്താനും സുസ്ഥിരമാക്കാനും തുറമുഖത്തിന്റെ വികസനത്തിന് സാധിക്കും.

വിദേശീയരുമായി നൂറ്റാണ്ടുകളുമായുള്ള ഇടപാടും, അതിൽ നിന്നുരുത്തിരിഞ്ഞ സവിശേഷമായ തദ്ദേശീയ സംസ്‌കാരവും ബേപ്പൂരിനുണ്ട്. വ്യാവസായിക വികസനത്തോടൊപ്പം തന്നെ, തങ്ങളെ മുൻനിർത്തി ടൂറിസത്തെ മാർക്കറ്റ് ചെയ്യാനുള്ള തീരുമാനത്തെ ബേപ്പൂരുകാർ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. പുത്തൻ വികസനപദ്ധതികളെ കുറിച്ച് തുറമുഖ നഗരത്തിലെ ജനങ്ങൾക്ക് പങ്കു വെക്കാൻ പ്രതീക്ഷകളും ആശങ്കകളുമുണ്ട്.

Comments