Source illustration: Velivada.com

നവ ലിബറല്‍ നേരത്ത് എന്തുകൊണ്ടിത്ര ജാതിതാണ്ഡവം?

ഇന്ത്യന്‍ കോര്‍പ്പറേറ്റ് ബോര്‍ഡ് അംഗങ്ങളില്‍ 92% വും അധികാരജാതികളും അതില്‍ തന്നെ 44% ബ്രാഹ്മണരുമാണെങ്കില്‍ ദലിത് പങ്കാളിത്തം വെറും 3.5 % ആണ്.

നവ ലിബറലിസം: 
സർവാരാധനയുടെ പുറകിലെ ​​​​​​​
രാഷ്​ട്രീയം- 14

‘ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കു വേണ്ടി എന്താണ് ചെയ്തത്​? ഈ ചോദ്യം ഒന്നുകൂടി ചുരുക്കിയാല്‍, ഇന്ത്യയിലെ തൊട്ടുകൂടാത്തവര്‍ക്കായി ബ്രിട്ടീഷുകാര്‍ എന്താണു ചെയ്തത്? അവര്‍ ഭരണാധികാരികളായപ്പോള്‍ തൊട്ടുകൂടാത്തവരെ മോചിപ്പിക്കാനും ഉയര്‍ത്താനും എന്തു ചെയ്തു? പ്രത്യേകിച്ച്​ പബ്ലിക് സര്‍വ്വീസ്, വിദ്യാഭ്യാസം, സാമൂഹ്യ പരിഷ്‌ക്കരണം എന്നിവയില്‍?’

വട്ടമേശ സമ്മേളനങ്ങളില്‍ (1930 - 1932 ) പങ്കെടുക്കാൻ ലണ്ടനില്‍ തങ്ങിയ കാലത്ത്, ‘തൊട്ടുകൂടാത്തവരും ബ്രിട്ടീഷ് സമാധാനവും’ (THE UNTOUCHABLES AND THE PAX BRITANNICA) എന്ന പേരിലെഴുതിയ പുസ്തകത്തിലാണ് അംബേദ്ക്കര്‍ മര്‍മപ്രധാനമായ ഈ ചോദ്യം ഉന്നയിച്ചത്. തുടര്‍ന്ന് ചരിത്രവസ്തുതകള്‍ നിരത്തി, സാമൂഹ്യ സമത്വത്തിന്റെ എക്കാലത്തെയും അപ്പോസ്തലന്മാര്‍ എന്നു വാഴ്ത്തപ്പെടുന്ന ലിബറല്‍ സാമ്രാജ്യത്വത്തിന്റെ തനിനിറം മറനീക്കി അംബേദ്ക്കര്‍ നമുക്കു കാട്ടിത്തരുന്നുണ്ട്. അതും, വട്ടമേശ സമ്മേളനത്തിന്​ ഇംഗ്ലണ്ടില്‍ താമസിക്കുന്ന വേളയില്‍, ഇത്തരം നിശിതമായ കോളനിഭരണ വിമര്‍ശനം അദ്ദേഹത്തിന്റെ തൂലികയിലൂടെ പുറത്തുവന്നത് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. കാരണം, ഒരു വശത്ത് ലോകത്തിന്റെ സമ്പത്താകെ കാല്‍ക്കീഴിലാക്കി വന്‍ സാമ്രാജ്യമായി, ഐശ്വര്യപൂര്‍ണ്ണവും സമാധാനപ്രദവുമായ ആഗോള പരിഷ്‌കൃത ഭരണമാതൃകയായി പരിലസിക്കുന്ന ഇംഗ്ലണ്ട്; മറുവശത്ത് മാനവചരിത്രത്തിലെ തന്നെ ഏറ്റവും നിന്ദ്യമായ ജാതിവ്യവസ്ഥയുടെ അങ്ങേയറ്റത്തെ ഇരകളായി, ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളവരെന്നു മുദ്രകുത്തപ്പെട്ട ജനസഹസ്രങ്ങളുടെ ആത്മാഭിമാനിയായ പ്രതിനിധി.

വട്ടമേശ സമ്മേളനത്തില്‍ അംബേദ്കറും മറ്റ് ഡെലിഗേറ്റുകളും / Photo: Public Domain

ഇന്ത്യയെ ബ്രിട്ടനു കീഴടക്കാന്‍ സാധിച്ചത് ഇംഗ്ലീഷുകാരുടെ വംശമഹത്വം കൊണ്ടാണെന്ന്​, അന്നാട്ടുകാരെയും സകലമാന ലോകത്തെയും പറഞ്ഞു പഠിപ്പിക്കുന്ന മെക്കാളെ പ്രഭുവിനെ പോലുള്ളവരുടെ വാദത്തെ അംബേദ്ക്കര്‍ പരിഹാസത്തോടെ വിമര്‍ശനവിധേയമാക്കുന്നുണ്ട്​ ഈ പുസ്തകത്തില്‍. ഇന്ത്യയില്‍ കമ്പനിഭരണത്തിന്​ അസ്തിവാരമിട്ട രണ്ടു വിജയങ്ങള്‍ക്ക്​ - ബംഗാള്‍ നവാബിനെതിരെയുള്ള പ്ലാസി യുദ്ധം (1757), മറാത്ത പേഷ്വകള്‍ക്കതിരെയുള്ള കൊറെഗാവ് യുദ്ധം (1818 ) - തുണയായത് അന്ന് ഇംഗ്ലീഷ് സൈന്യത്തില്‍ അഞ്ചില്‍ നാലുഭാഗമുണ്ടായിരുന്ന ഇന്ത്യന്‍ പട്ടാളക്കാരായിരുന്നുവെന്നും, അവരെല്ലാം ഇന്ത്യയിലെ അസ്പര്‍ശ്യ ജാതികള്‍ ആയിരുന്നുവെന്നും അംബേദ്ക്കര്‍ ചൂണ്ടിക്കാട്ടുന്നു.

2014- ല്‍ എസ്. സി., എസ്.ടി. വിഭാഗങ്ങള്‍ക്കെതിരെ ഒരു വര്‍ഷം നടന്നത് 45000 അതിക്രമങ്ങളാണെങ്കില്‍, 2021- ല്‍ ഇത് 50,900 ആണ്. ദലിതുകള്‍ക്കെതിരെയുള്ള അക്രമത്തില്‍ 2020- നേക്കാള്‍ 6.4% വര്‍ധനവ് 2021- ല്‍ ഉണ്ടായതായി നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ കാണിക്കുന്നു.

പ്ലാസിയില്‍ ദൂസാദുകളും (Dusads) കൊറേഗാവില്‍ മഹറുകളും കമ്പനിയെ വിജയിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്​ വഹിച്ചതു കൊണ്ടാണ്, അല്ലാതെ ഇംഗ്ലീഷ് വംശപ്പോരിമയല്ല അവരെ ഇന്ത്യന്‍ ആധിപത്യത്തിലേക്കെത്തിച്ചത്. അതു കൂടാതെ, 1857- ല്‍ ബംഗാള്‍ പ്രവിശ്യയില്‍ ഇന്ത്യന്‍ സൈനികര്‍ വെള്ളക്കാര്‍ക്കെതിരെ ആഞ്ഞടിച്ചപ്പോള്‍, അത് അടിച്ചമര്‍ത്താന്‍ നിയോഗിക്കപ്പെട്ടത്, ഇംഗ്ലീഷുകാര്‍ക്കൊപ്പം വിശ്വസ്തരായി നിലയുറപ്പിച്ച ബോംബെ പ്രവിശ്യയിലെ മഹറുകളും മദ്രാസിലെ പറയരുമടങ്ങുന്ന അധഃകൃതരെന്നു മുദ്രകുത്തപ്പെട്ട ശിപായിമാരെയായിരുന്നു. ഇന്ത്യയെ കീഴടക്കാന്‍ മാത്രമല്ല, അധികാരം പിടിച്ചുനിര്‍ത്താനും ഇംഗ്ലീഷുകാര്‍ക്കുവേണ്ടി പടവെട്ടിയത് ഇന്ത്യയിലെ അസ്പര്‍ശ്യ സമൂഹമാണെന്നും, അതിനു കാരണം അവരുടെ ജാതിയടിമത്തത്തിൽനിന്ന്​​ മോചനമേകാൻ ഇംഗ്ലീഷ് ഭരണം തുണയാകുമെന്നു അവര്‍ കരുതിയതാണെന്നും അംബേദ്ക്കര്‍ എഴുതുന്നു.

ഭീമ കൊറേഗാവ് യുദ്ധത്തിന്റെ സ്മാരകം / Photo: Wikimedia Commons

എന്നാല്‍, 1857 ലെ സൈനികസമരത്തിനു ശേഷം ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന്​ രാജ്യഭരണം ബ്രിട്ടന്‍ നേരിട്ട് ഏറ്റെടുത്തപ്പോള്‍, തൊട്ടുകൂടാ സമൂഹങ്ങളുടെ പ്രതീക്ഷകള്‍ക്ക്​ നേരേ വിപരീതമായി, അവരോടുള്ള ചങ്ങാത്തം ഇംഗ്ലീഷ് ഭരണകൂടം അവസാനിപ്പിക്കുന്നതും അവരെ ചതിക്കുന്നതും കാണാം. അയിത്തജാതികളെ പട്ടാളത്തിലേക്ക്​ റിക്രൂട്ടു ചെയ്യുന്നത്​ നിരോധിച്ച്​ ബ്രിട്ടീഷ് ഇന്ത്യ 1890- ല്‍ ഉത്തരവിറക്കി. നിലവില്‍ സര്‍വ്വീസിലുണ്ടായിരുന്നവരെ പിരിച്ചുവിട്ടില്ല എന്ന ഔദാര്യം കാണിച്ചതിനാല്‍, 1910 ആയപ്പോള്‍ ഒരൊറ്റ അയിത്തജാതിക്കാരനും ഇന്ത്യന്‍ സൈന്യത്തില്‍ ഇല്ലാതെയായി. ഇതിനപ്പുറം വലിയ നന്ദികേട് മറ്റേതുണ്ടെന്ന് അംബേദ്ക്കര്‍ ചോദിക്കുന്നു.

ശിപായി സമരത്തിനും പ്രാദേശികാധികാരികളുടെ സ്വാതന്ത്ര്യ പോരാട്ടത്തിനും ശേഷം, പ്രധാനമായും ‘സ്വതന്ത്ര’ നാട്ടുരാജ്യങ്ങളെ കൈയിലെടുത്തു കൊണ്ടാണ് ലിബറല്‍ നയങ്ങള്‍ ഇന്ത്യയില്‍ ഫലപ്രദമായി ആവിഷ്‌ക്കൃതമാകുന്നത്.

1857 നുശേഷം സിക്ക്, ഗൂര്‍ഖ, രജപുത്ര എന്നിങ്ങനെ പട്ടാളത്തെ ജാതി റെജിമെന്റുകളായി വിഭജിച്ച് സൈനികര്‍ തമ്മിലുള്ള സഹകരണത്തെ സര്‍ക്കാര്‍ നിര്‍വീര്യമാക്കി. മാത്രമല്ല, ആയോധന പാരമ്പര്യമുള്ള ജാതികള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ എന്നു ശഠിക്കുകയും ചെയ്ത്​, 150 വര്‍ഷത്തെ സൈനിക പാരമ്പര്യമുള്ള അയിത്ത ജാതികളെ മിലിറ്ററിയില്‍ നിന്ന്​ പുറത്താക്കി. എന്നാല്‍ ഒന്നാം ലോകയുദ്ധകാലത്ത് സൈന്യത്തിലേക്ക് കൂടുതല്‍ പേരെ അത്യാവശ്യമായപ്പോള്‍, വിലക്ക്​ മറികടന്ന് മഹറുകളെ പട്ടാളത്തിലെടുത്തു; അവരുടെ ഒരു ബറ്റാലിയന്‍ തന്നെ രൂപീകരിച്ചു; എന്നിട്ട് യുദ്ധം കഴിയുന്നതോടെ പിരിച്ചുവിടുകയും ചെയ്തു.

1857 നുശേഷം സിക്ക്, ഗൂര്‍ഖ, രജപുത്ര എന്നിങ്ങനെ പട്ടാളത്തെ ജാതി റെജിമെന്റുകളായി വിഭജിച്ച് സൈനികര്‍ തമ്മിലുള്ള സഹകരണത്തെ സര്‍ക്കാര്‍ നിര്‍വീര്യമാക്കി. / Photo: Officers of 4th Sikh Regiment in front of captured police station in Lahore, Pakistan, September 1965. Wikimedia Commons

അടിത്തട്ടു ജനതയെ ബ്രിട്ടീഷ് ആര്‍മിയില്‍ നിന്ന്​ പുറത്താക്കിയതിനുള്ള യഥാര്‍ത്ഥ കാരണം മറ്റൊന്നാണെന്ന്​ അംബേദ്ക്കര്‍ വ്യക്തമാക്കുന്നുണ്ട്. 1857- നുശേഷം നാട്ടുരാജാക്കന്മാരുടെ സൈനികബലം തീരെ കുറഞ്ഞപ്പോള്‍ അവിടങ്ങളില്‍ നിന്ന്​ ജാതിഹിന്ദുക്കള്‍ കൂടുതലായി ബ്രിട്ടീഷ് പട്ടാളത്തിലെത്തി. അതോടെ പട്ടാളത്തിലും അയിത്തം ഒരു കീറാമുട്ടിയായി മാറി. ‘നീതിയും സൗകര്യവും തമ്മില്‍ ഒരു സംഘര്‍ഷമുണ്ടായാല്‍, ബ്രിട്ടീഷുകാര്‍ സൗകര്യത്തിന്​ എപ്പോഴും മുന്‍ഗണന നല്‍കുന്നതിനാല്‍ അവര്‍ തൊട്ടുകൂടാത്തവരെ ഒഴിവാക്കി, തികഞ്ഞ നന്ദികേടോടെ.’ ഇങ്ങനെയാണ്​ ഈ പ്രശ്‌നത്തിന്​ പരിഹാരം കണ്ടതെന്ന്​ അംബേദ്ക്കര്‍ വിമര്‍ശിക്കുന്നു.

മെക്കാളെ പ്രഭു

ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിലും അതിലേക്ക്​ യോഗ്യരായവര്‍ അയിത്തജാതികളില്‍ നിന്ന്​ പഠിച്ചു വന്നപ്പോള്‍, അവരെ ഇംഗ്ലീഷ് ഭരണകൂടം പരിഗണിച്ചേയില്ല. മുസ്​ലിംകള്‍ക്കു മുന്‍ഗണന കൊടുക്കണമെന്നു തിരിച്ചറിഞ്ഞപ്പോഴും അയിത്ത സമൂഹത്തിന്​ പ്രത്യേക പരിഗണന വേണമെന്നു സര്‍ക്കാര്‍ കണക്കാക്കിയില്ല. ഉയര്‍ന്ന ജാതികളെ തൊട്ടശുദ്ധമാക്കും എന്ന ഒറ്റക്കാരണത്താല്‍ അധഃകൃതര്‍ക്കു പോലീസിലും എന്തിന്, ശുചീകരണം, പ്യൂണ്‍ എന്നിങ്ങനെ ശമ്പളം കുറഞ്ഞ ജോലികളില്‍ പോലും പ്രവേശനം അനുവദിച്ചില്ല.

നാട്ടുകാരില്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്​ ബോംബെ പ്രസിഡന്‍സിയില്‍ സര്‍ക്കാര്‍ മുന്‍കൈയില്‍ സ്‌ക്കൂള്‍ ആരംഭിക്കുന്നത് 1815- ലാണ്. അതിലൊന്നിലും അസ്പര്‍ശ്യക്ക്​ പ്രവേശനം കിട്ടിയിരുന്നില്ല. പിന്നീട്, 1855- ല്‍ അവര്‍ സര്‍ക്കാരില്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ്, അവര്‍ക്കു മാത്രമായി ഒരു സ്‌ക്കൂള്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കിയത്. കാരണം, അടിത്തട്ടു സമൂഹത്തെ അക്ഷരവിദ്യയില്‍ നിന്ന്​ അകറ്റിയിരുന്ന പേഷ്വാ ഭരണപാരമ്പര്യത്തെ ബ്രിട്ടീഷുകാരും അതേപടി പിന്തുടര്‍ന്നു. എന്നാല്‍, ജാതിവ്യവസ്ഥയില്‍ അടിയുറച്ച പേഷ്വാഭരണം തകര്‍ന്ന്​ ഇംഗ്ലീഷു സമത്വഭരണം വന്നപ്പോള്‍ നീതി കിട്ടുമെന്ന്​ മോഹിച്ചവരും, അതിനായി ഇംഗ്ലീഷുകാര്‍ക്കൊപ്പം നിന്ന്​ പടവെട്ടിയവരുമായ അടിമ ജനതക്കു നിരാശയായിരുന്നു വിദ്യാഭ്യാസത്തില്‍ ബ്രിട്ടന്റെ സംഭാവനയെന്ന് അംബേദ്ക്കര്‍ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ആശയത്തേക്കാൾ, ആവശ്യത്തിന്​ വിശ്രമവേളകളും നാട്ടുകാരില്‍ സ്വാധീനവുമുള്ള ജാതികള്‍ക്കു മാത്രം -പ്രത്യേകിച്ച്​ ദരിദ്ര ബ്രാഹ്മണര്‍ക്ക്​ -വിദ്യാഭ്യാസം നല്‍കി അവരുടെ നിലവാരം ഉയര്‍ത്തി അവരിലൂടെ ജനങ്ങളെ നിയന്ത്രിക്കുക എന്നതായിരുന്നു കമ്പനി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിന്റെ കാതല്‍.

1855- ല്‍ പൊതുവിദ്യാഭ്യാസം അംഗീകരിച്ച്​ എല്ലാവര്‍ക്കുമായി സ്‌ക്കൂളുകള്‍ തുറന്നുകൊടുത്തിട്ടും, 1882 വരെ അടിമ ജാതിയില്‍ നിന്ന്​ ഒരൊറ്റയാളും ഹൈസ്‌ക്കൂള്‍, കോളേജ് തലം വരെ എത്തുകയുണ്ടായില്ല. പ്രൈമറി തലത്തില്‍ പോലും അവരുടെ എണ്ണം ഏറ്റവും തുച്ഛമായിരുന്നു, ബോംബെ പ്രസിഡന്‍സിയില്‍ അക്കാലത്ത് . 1882- ല്‍ പ്രൈമറി വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിന്​ ഹണ്ടര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു വന്നപ്പോഴും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെ ഉയര്‍ത്തുന്നതിനുള്ള യാതൊരു പ്രായോഗിക നിര്‍ദ്ദേശങ്ങളും സംഭവിച്ചില്ല. ഫലത്തില്‍ ജാതിക്കോയ്മയും ഭരണകൂടത്തിന്റെ ബോധപൂര്‍വ്വമുള്ള അനാസ്ഥയും ചേര്‍ന്ന്​ അവശസമൂഹങ്ങളെ വിദ്യാഭ്യാസത്തില്‍ നിന്ന്​ മാറ്റിനിര്‍ത്തി.

ഇന്ത്യയിലെ ഏറ്റവും മനുഷ്യവിരുദ്ധമായ രണ്ടു നികൃഷ്ടതകളെ - ജാതിയെയും അയിത്തത്തെയും- നിര്‍ത്തലാക്കാന്‍ വിദേശഭരണം നിയമത്തിന്റെ ഒരു വിരല്‍ പോലും ചലിപ്പിച്ചില്ല. / Photo: Wikimedia Commons

ക്രിമിനല്‍ കുറ്റമുള്ള ചില ദുരാചാരങ്ങള്‍ നിര്‍ത്തലാക്കുന്ന നിയമങ്ങള്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്നെങ്കിലും, ഇന്ത്യയിലെ ഏറ്റവും മനുഷ്യവിരുദ്ധമായ രണ്ടു നികൃഷ്ടതകളെ - ജാതിയെയും അയിത്തത്തെയും- നിര്‍ത്തലാക്കാന്‍ വിദേശഭരണം നിയമത്തിന്റെ ഒരു വിരല്‍ പോലും ചലിപ്പിച്ചില്ല; പകരം, അവര്‍ ജാതിവാഴ്ചയെ ബലപ്പെടുത്താന്‍ പരോക്ഷമായി ഒത്താശ ചെയ്തുവെന്ന്​ അംബേദ്ക്കര്‍ നിരവധി രേഖകള്‍ മുന്‍നിര്‍ത്തി ബോധ്യപ്പെടുത്തുന്നുണ്ട്.
അബേദ്ക്കര്‍ എഴുതുന്നു:

‘പല ജാതികള്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയും തമ്മില്‍ വിവാഹം കഴിക്കുകയും ചെയ്യുമ്പോള്‍ അയിത്തവും ജാതിയും ഇല്ലാതാകും. ഒന്നിച്ചു ഭക്ഷണം കഴിക്കാനും ജാതി നോക്കാതെ വിവാഹം കഴിക്കാനും നിയമം കൊണ്ട് നിര്‍ബ്ബന്ധിക്കുക സാധ്യമല്ല. എന്നാല്‍ വിജാതീയ വിവാഹത്തെ നിയമം കൊണ്ട് തടയാന്‍ പറ്റും. അന്യജാതി വിവാഹത്തിലേര്‍പ്പെടുന്നവര്‍ ശിക്ഷിക്കപ്പെടുകയും ബഹിഷ്‌ക്കരിക്കപ്പെടുകയും ചെയ്യുന്നതിലൂടെയാണ് ജാതി നിലനില്‍ക്കുന്നത്. ഇത്തരം വിലക്കുകളും ശിക്ഷകളും നടത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം കൊണ്ടുവരാന്‍ തീര്‍ച്ചയായും കഴിയും. അതുപോലെ, തൊട്ടുകൂടായ്മയെ പൗരാവകാശ നിഷേധമായിട്ടു കൂടി കാണേണ്ടതുണ്ട്. പൊതു ടാപ്പില്‍ നിന്നു വെള്ളം നിഷേധിക്കലും പൊതു വിദ്യാഭ്യാസത്തില്‍ നിന്ന്​ അകറ്റലും പൗരാവകാശ നിഷേധമാണ്. ഇത്തരം അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമം സൃഷ്ടിക്കുക എന്നത് ബ്രിട്ടീഷുകാരുടെ കടമയായിരുന്നു. ജാതിപരമായ അവശതകള്‍ ഇല്ലായ്മ ചെയ്യുന്ന ഒരൊറ്റ നിയമമെങ്കിലും അവര്‍ക്കു കൊണ്ടുവരാന്‍ കഴിയുമായിരുന്നു.’

Photo: Moorthy G.

ജാതിയും തൊട്ടുകൂടായ്മയും ഇന്ത്യന്‍ പാരമ്പര്യമെന്നും മതപരമെന്നും വ്യാഖ്യാനിച്ച്​ ഭരണജാതികളെ തൃപ്തിപ്പെടുത്തി, അവയെ ജാതിമേധാവികളുടെ പാട്ടിനു വിട്ടു കൊടുക്കുകയായിരുന്നു ഇംഗ്ലീഷുകാര്‍ ചെയ്തത്. 1856- ല്‍ മഹര്‍ ജാതിയിലുള്ള ഒരു കുട്ടിക്ക്​ സര്‍ക്കാര്‍വിദ്യാലയത്തില്‍ ജാതിഹിന്ദുക്കള്‍ പ്രവേശനം വിലക്കിയതിനെതിരെ കൊടുത്ത പരാതിയില്‍ തീര്‍പ്പു കല്പിച്ചെഴുതിയത്, ഈ നീതിനിഷേധം മുമ്പേയുള്ളതായതിനാല്‍ ഗവണ്‍മെന്റിന്​ ഇതില്‍ ഒന്നും ചെയ്യാനാവില്ല എന്നും, ഒന്നോ രണ്ടോ കുട്ടികള്‍ക്കു വേണ്ടി സര്‍ക്കാര്‍ നിലകൊണ്ടാല്‍ വിദ്യാഭ്യാസമാകെ തകരാറിലായി പോകും എന്നുമാണ്.
ഈ സംഭവം മുൻനിർത്തി അംബേദ്​കർ എഴുതി: ‘സര്‍ക്കാരിന്റെ ചുമതലയില്‍ നിന്ന്​ ഒഴിഞ്ഞു മാറുന്നതിനുള്ള നിരുത്തരവാദപരമായ ഒഴിവുകഴിവു മാത്രമാണിത്. ഇങ്ങനെയല്ല പൗരസംസ്‌ക്കാരമുള്ളവര്‍ എന്നവകാശപ്പെടുന്ന ഗവണ്‍മെന്റിന്റെ രീതി. ജനങ്ങളെ നേര്‍വഴി നയിക്കാന്‍ ഭയപ്പെടുന്ന ഒരു സര്‍ക്കാര്‍ സര്‍ക്കാരല്ല. അത് കരം പിരിക്കാന്‍ ഉണ്ടാക്കിയ ഒരു കോര്‍പ്പറേഷന്‍ മാത്രമാണ്. അനീതിക്കെതിരെ അവര്‍ നീങ്ങാതിരുന്നത് അധികാരമില്ലാഞ്ഞിട്ടോ പേടിച്ചിട്ടോ അതോ ഇന്ത്യയിലെ സാമൂഹ്യ മതാചാരങ്ങളില്‍ ഒരു തെറ്റുമില്ല എന്നു കരുതിയിട്ടോ?’.

1991 മുതല്‍ വന്ന നവലിബറല്‍ പരിഷ്‌ക്കാരങ്ങള്‍ ഇന്ത്യയില്‍ ദ്രുതഗതിയില്‍ മൂന്നേറുന്നത് പഴയ നാട്ടുരാജ്യങ്ങളായിരുന്ന പ്രദേശങ്ങളിലാണെന്ന തുടര്‍ച്ചയും മരിയ മിസ്ര കാണുന്നുണ്ട്. പഴയ മൈസൂര്‍ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ബാംഗ്ലൂരിലാണ് ഹൈ ടെക് വികസനം കുതിച്ചെത്തിയത്.

1857- ലെ സമരത്തിനുശേഷം ജാതിമത കോയ്മകളെ പ്രത്യക്ഷമായി തന്നെ താലോലിക്കുന്ന നയമാണ് കോളനിവാഴ്ച പിന്തുടര്‍ന്നത്. കാരണം, ലിബറല്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ സമൂഹത്തിലേല്പിച്ച ആഘാതങ്ങളും മതഭരണ നേതൃത്വങ്ങളുടെ അസംതൃപ്തിയും കലാപത്തിന്റെ പ്രധാന കാരണങ്ങളായി അവര്‍ കണ്ടെത്തിയിരുന്നു. അതിനാല്‍ യാഥാസ്ഥിതിക സമൂഹത്തെ പ്രീണിപ്പിച്ചുകൊണ്ടേ ലിബറല്‍ നയങ്ങള്‍ ഇന്ത്യയില്‍കാര്യക്ഷമമായി നടപ്പിലാക്കാനാവൂ എന്ന തിരിച്ചറിവിലേക്കാണ് അധികാരികള്‍ എത്തിച്ചേര്‍ന്നത്. അങ്ങനെ, ഭരിക്കപ്പെടുന്നു എന്ന ബോധം ഉന്നത സമൂഹത്തില്‍ നിന്ന്​ തുടച്ചു നീക്കുന്ന വിധത്തില്‍, അവരെയും അധികാരത്തിന്റെയും ലിബറല്‍ നിര്‍വ്വഹണത്തിന്റെയും മുന്‍നിര പങ്കാളികളാക്കി, കോളനിഭരണത്തില്‍. പ്രവിശ്യകളില്‍ യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിച്ചു, അവിടേക്ക്​ ഭരണജാതികളെ കൊണ്ടുവന്ന്​ യോഗ്യരാക്കി. അവരെ അധികാരത്തിന്റെ നേതൃതലങ്ങളില്‍, ഇംഗ്ലീഷുകാര്‍ക്കെന്നപോലെ സ്ഥാനമാനങ്ങള്‍ കൊടുത്തു. അതായത് ജാതിമതാചാരങ്ങളെ മുറുകെ പിടിക്കുന്നവരും എന്നാല്‍, ലിബറല്‍ സാമ്പത്തിക നയങ്ങളുടെ നേര്‍ വക്താക്കളും നടത്തിപ്പുകാരുമായ മേല്‍ത്തട്ടു സങ്കരവര്‍ഗ്ഗമായിരുന്നു ഇന്ത്യന്‍ കോളനിഭരണത്തെ സംരക്ഷിച്ചുനിര്‍ത്തിയത്. അതിനാല്‍, കാൾ മാര്‍ക്‌സ് പ്രവചിച്ച വിധത്തില്‍, അഴുകിയ പൂര്‍വ്വ സാമൂഹികബന്ധങ്ങളെ ബ്രിട്ടീഷ് ഭരണം നിലംപരിശാക്കും എന്ന പൊളിച്ചെഴുത്ത് ഇവിടെ പൂവണിഞ്ഞില്ലെന്നു മാത്രമല്ല, പില്‍ക്കാലത്ത് ജാതിവ്യവസ്ഥ പുറമേക്കു ദുര്‍ബ്ബലമായെങ്കിലും ജാതിബോധത്തെ ഒന്നുകൂടി അരയ്ക്കിട്ടുറപ്പിച്ചു സാമ്രാജ്യത്വ നയങ്ങള്‍.

1857- ലെ സമരത്തിനുശേഷം ജാതിമത കോയ്മകളെ പ്രത്യക്ഷമായി തന്നെ താലോലിക്കുന്ന നയമാണ് കോളനിവാഴ്ച പിന്തുടര്‍ന്നത്. / Photo: Illustration of Indian Rebellion of 1857, Illustrated London News

അതായത്, ‘ബ്രാഹ്മിണ്‍സ് ഹോട്ടല്‍ 'എന്ന ആംഗലേയവല്‍ക്കരണമായിരുന്നു ഇതിന്റെ ദൃഷ്ടാന്തം. അവിടെ ആഹാരം കഴിക്കാന്‍ എത്തുന്നവരുടെ ജാതി ചോദിച്ചിട്ടല്ല ഭക്ഷണം കൊടുക്കുന്നത്. പക്ഷേ അങ്ങോട്ടെത്തുന്ന പഴയ തൊട്ടുകുടാത്തവനുപോലും ഹോട്ടലിന്റെ ബോര്‍ഡ് ഒരു കുളിര്‍മ്മയായി, ചരിത്രം എങ്ങനെയൊക്കെയോ തന്റെ കാല്‍ച്ചുവട്ടില്‍ മുട്ടുകുത്തിയതിന്റെ സമത്വസുഖം അന്തരാത്മില്‍ അനുഭവപ്പെട്ടേക്കും. നേരെ മറിച്ച്​, ബ്രാഹ്മിണ്‍സ് ഹോട്ടല്‍ എന്ന ഭാഷാപ്രതീകം, മാര്‍ക്കറ്റ് സേവനത്തിന്റെ ക്രയവിക്രയ ലോകത്ത് ഇടം പിടിക്കാന്‍ അധികാരജാതികള്‍ക്കല്ലാതെ അധികാരരഹിത ജാതിക്കാര്‍ക്ക്​ അര്‍ഹതയില്ല എന്നും, അവര്‍ ഹോട്ടലിന്റെ ക്യാഷ് കൗണ്ടറില്‍ തിരുമലദേവന്റെ സ്വര്‍ണച്ചിത്രത്തിനും കളഭത്തിനും ചന്ദനത്തിരി സുഗന്ധത്തിനും താഴെയല്ല ഇരിക്കേണ്ടത്, പകരം, അടുക്കളപ്പുറത്ത് പാത്രം കഴുകുന്ന വെയിലത്താകണമെന്നും വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു. ഇപ്രകാരം ജാതിയെ സംരംഭകത്വത്തിലെ സാംസ്‌കാരിക ശുദ്ധിയാക്കി പ്രക്ഷേപണം ചെയ്തുകൊണ്ട്, ജാതിയിലെ സാമ്പത്തിക ബന്ധനത്തെ ആരും കാണാത്ത പിന്നാമ്പുറത്തേക്കു മറച്ചുവെയ്ക്കുകയാണ്.

Photo: Trip Adviser

ശിപായി സമരത്തിനും പ്രാദേശികാധികാരികളുടെ സ്വാതന്ത്ര്യ പോരാട്ടത്തിനും ശേഷം, പ്രധാനമായും ‘സ്വതന്ത്ര’ നാട്ടുരാജ്യങ്ങളെ കൈയിലെടുത്തു കൊണ്ടാണ് ലിബറല്‍ നയങ്ങള്‍ ഇന്ത്യയില്‍ ഫലപ്രദമായി ആവിഷ്‌ക്കൃതമാകുന്നത്. ഒപ്പം, ഭരണജാതികളും അവയുടെ സംരക്ഷകരായ നാട്ടുഭരണകൂടങ്ങളും ബ്രിട്ടീഷിന്ത്യയില്‍ സുരക്ഷിതരാകും എന്ന ബോധ്യം ജാതിവാഴ്ചയില്‍ ദൃഢമാക്കിക്കൊണ്ട്, അവരെ ഉപയോഗിച്ചു സ്വാതന്ത്ര്യത്തിനായുള്ള ജനകീയ രാഷ്ട്രീയ മുന്നറ്റത്തെ നിരുത്സാഹപ്പെടുത്തി. ലിബറല്‍ സാമ്പത്തിക പദ്ധതികളുടെ മുന്‍കൈ നിര്‍വ്വാഹക ശക്തികളാക്കി - പുരോഗമന മുഖമുള്ളവരാക്കി- നാട്ടുരാജാക്കളെ അവതരിപ്പിക്കാനും ഇംഗ്ലീഷ് നയത്തിനു സാധിച്ചു. ഇതേപ്പറ്റി ഡേവിഡ് ബ്രൂക്കിന്റെ (David Brook) വിലയിരുത്തല്‍ മരിയ മിസ്ര (Maria Misra ) എടുത്തെഴുതുന്നു: ‘നാട്ടു രാജ്യങ്ങളിലെയും പ്രവിശ്യകളിലെയും ജാതി യാഥാസ്ഥിതിക നേതൃത്വവുമായുള്ള ബ്രിട്ടീഷ് സഹകരണ തന്ത്രത്തിന്റെ പരിണത ഫലമായിരുന്നു പാരമ്പര്യവല്‍ക്കരണം. അത് ജാതികള്‍ക്ക് സമൂഹത്തില്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ ബലം നേടിക്കൊടുത്തു.’
പാരമ്പര്യവാദികളുമായി കൂട്ടുകൂടിക്കൊണ്ടുള്ള ലിബറല്‍ പരിഷ്‌ക്കാരങ്ങളെ മരിയ മിസ്ര പേരിട്ടത് ‘യാഥാസ്ഥിതിക ആധുനികവല്‍ക്കരണം’ (Conservative Modernaization) എന്നാണ്.

മരിയ മിസ്ര, ഡേവിഡ് ബ്രൂക്ക്

1870- കളില്‍ യാഥാസ്ഥിതിക ആധുനികവല്‍ക്കരണത്തിന്റെ ശക്തനായ വക്താവായിരുന്ന വൈസ്രോയി ലിറ്റന്‍ (Lytton) പറയുന്നു: ‘രാഷ്ട്രീയമായി പറഞ്ഞാല്‍ ഇന്ത്യന്‍ കര്‍ഷകര്‍ നിഷ്‌ക്രിയമായ കൂട്ടമത്രേ. അവര്‍ എപ്പോഴെങ്കിലും ചലിച്ചാല്‍ അത് വിധേയത്വത്തിന്റെ നേര്‍ക്കായിരിക്കും. അത് ബ്രിട്ടീഷ് ഭരണത്തോടല്ല, അവരുടെ തന്നെ നാട്ടുഭരണക്കാരോടാണ്; ഈ ഭരണക്കാര്‍ എത്ര തന്നെ മര്‍ദ്ദകരായാലും. ഇവര്‍ അത്രമാത്രം കരുത്തരായ കുലീനവര്‍ഗ്ഗമാണ്. നമ്മുടെ മുന്നിലുള്ള ഏറ്റവും പ്രധാന വിഷയം ഇന്ത്യന്‍ കുലീനരെ പൂര്‍ണമായും ഫലപ്രദമായും ഉപയോഗിക്കുക എന്നതാണ്.’
‘ഇംഗ്ലീഷ് ഭരണത്തിന്റെ സ്ഥിരത പാരമ്പര്യ സംരക്ഷരായ നാട്ടുരാജ്യങ്ങളെ ആശ്രയിച്ചാകും. അവരെ ബ്രിട്ടീഷ് ഭരണത്തിന്റെ പങ്കാളികളാക്കണമെന്നും അവര്‍ ഏറ്റവും കാര്യക്ഷമതയുള്ളവരാണെ’ന്നും കഴ്‌സണ്‍ പ്രഭുവും (George Curzon) അഭിപ്രായപ്പെടുന്നു.

സാമ്പത്തികപരിഷ്‌ക്കാരങ്ങളുടെ തൊഴില്‍ക്കമ്പോളം നവയാഥാസ്ഥിതികതയുമായി കൈകോര്‍ത്തിരിക്കുന്നതിനാല്‍, ഇവിടെയും ദലിതുകളുടെ പണി ശുചീകരണവും ശാരീരികാധ്വാനവും തന്നെ.

നാട്ടാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രാജധര്‍മ്മവും ഇംഗ്ലീഷ് പരിഷ്‌ക്കരണങ്ങളും തമ്മില്‍നാട്ടു ഭരണാധികാരികള്‍ പൊരുത്തക്കേടു കണ്ടിരുന്നില്ല. ഉദാഹരണമായി, ജാതി തിരിച്ച്​ സെന്‍സസ് എടുത്തപ്പോള്‍ ജാതിനിയമങ്ങളുടെ തുടര്‍പാലനം അവര്‍ കുറേക്കൂടി ഉറപ്പാക്കി. നഗരങ്ങള്‍ പുതിയ വിധത്തില്‍ ശുചീകരണ സംവിധാനങ്ങളോടെ പുനഃക്രമീകരിക്കുകയും വികസിപ്പിക്കുകയും ചെയ്തപ്പോള്‍, അവയില്‍ ജാതികളുടെ സ്ഥാനം പഴയ വ്യവസ്ഥകള്‍ക്കൊത്തു തന്നെ പാലിക്കപ്പെടുന്നതില്‍, രാജാക്കന്മാര്‍ മൈസൂരില്‍ കാണുന്ന രീതിയില്‍ ബദ്ധശ്രദ്ധരായിരുന്നു. പാശ്ചാത്യ പരിഷ്‌ക്കാരങ്ങളും സല്‍ഭരണവും മാതൃകാപരമായി തിരുവിതാംകൂറില്‍ നടപ്പിലാക്കിയത് പാരമ്പര്യക്രമങ്ങള്‍ കര്‍ക്കശമായി പിന്‍തുടരുന്ന അതേ മനസ്സുകൊണ്ടായിരുന്നു എന്നതും യാഥാസ്ഥിതിക ആധുനികവല്‍ക്കരണത്തിന്റെ ഉദാഹരണങ്ങളായി മരിയ മിസ്ര നിരത്തുന്നു. (തീണ്ടല്‍ജാതിയായതിനാല്‍ ഡോ. പല്‍പ്പുവിന് മെഡിക്കല്‍ വിദ്യാഭ്യാസത്തിനും ജോലിക്കും തിരുവിതാംകൂര്‍ വിടേണ്ടി വന്നത് അറിയാമല്ലോ). പാരമ്പര്യ ജീര്‍ണതകളും അധിനിവേശ നയങ്ങളും തമ്മിലുള്ള ഈ അനിതരസാധാരണമായ ഫ്യൂഷന്‍ ഇന്ത്യന്‍ പ്രജാസഞ്ചയത്തിന്റെ എന്നത്തെയും തിരിച്ചറിയല്‍രേഖ തന്നെയായി തീര്‍ത്തിരിക്കുന്നു, 200 വര്‍ഷത്തെ ലിബറല്‍ കോളനിനയം. ഇന്ന് പോലീസ് സ്റ്റേഷനില്‍ ഹോമം നടത്തുന്നതും പുതിയ കപ്പലിറക്കുമ്പോള്‍ പൂജ ചെയ്യുന്നതും പല ജൂറിമാരും അവരുടെ വിധിപ്രസ്താവനയില്‍ പുണ്യപുരാണങ്ങളെ ഉദ്ധരിക്കുന്നതുമെല്ലാം കാണിക്കുന്നത് ഇംഗ്ലീഷു ഭരണത്തില്‍ പണിത ചില മരാമത്തുകള്‍ക്കു സമം അന്നത്തെ പ്രജാവല്‍ക്കരണത്തിന്റെ കാലാതിവര്‍ത്തിത്വമല്ലാതെ മറ്റെന്താണ്?

മാത്രമല്ല ഇന്ന്, 1991 മുതല്‍ വന്ന നവലിബറല്‍ പരിഷ്‌ക്കാരങ്ങള്‍ ഇന്ത്യയില്‍ ദ്രുതഗതിയില്‍ മൂന്നേറുന്നത് പഴയ നാട്ടുരാജ്യങ്ങളായിരുന്ന പ്രദേശങ്ങളിലാണെന്ന തുടര്‍ച്ചയും മരിയ മിസ്ര കാണുന്നുണ്ട്. പഴയ മൈസൂര്‍ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ബാംഗ്ലൂരിലാണ് ഹൈ ടെക് വികസനം കുതിച്ചെത്തി, ഐ.ടി കമ്പനികളുടെ ആസ്ഥാനമായി, അമേരിക്കന്‍ സമയത്തിനൊത്ത് പച്ചപ്പാതിരക്ക്​, തുറന്ന കണ്‍പോളകളുമായി കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തളച്ചിടപ്പെടുന്ന ഇന്ത്യന്‍ യുവത തിങ്ങിനിറഞ്ഞിരിക്കുന്നത്.

കേരളത്തില്‍ പുതിയ ഹൈവേ ഓരങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ പച്ചപിടിച്ച ആര്യാസ്, അന്നപൂര്‍ണ്ണ ഹോട്ടലുകളും, അവിടെയെത്തുന്ന മധ്യവര്‍ഗ്ഗ ഉപഭോക്താക്കളും നവ യാഥാസ്ഥിതികതയും പുതിയ വികസനവും തമ്മിലുള്ള ബന്ധത്തെ കൂടി വെളിപ്പെടുത്തുന്നതാണ്.

മൗലികാവകാശങ്ങളെ സാമ്പത്തികാവകാശങ്ങളായി കൂടി കാണണമെന്നും അതിനാല്‍ ജാതിവിവേചനം ഫലത്തില്‍ സാമ്പത്തിക വിവേചനമാണെന്നും അംബേദ്ക്കര്‍ പറയുന്നുണ്ട്. എന്നാല്‍ ജാതിയെ സംബന്ധിച്ച അധികാര വ്യവഹാരങ്ങള്‍ അതിനെ മതപരമായ - സാംസ്‌കാരികമായ ഒരു വിഷയമാക്കി ചുരുക്കി നിര്‍ത്തുന്നു. അല്ലെങ്കില്‍ വിദ്യാഭ്യാസം, ഉദ്യോഗം- ഇങ്ങനെ സംവരണ കാര്യമായി മാത്രം കാണിക്കുന്നു. യഥാര്‍ത്ഥത്തില്‍ ജാതിയെന്നത് സാമ്പത്തിക വിവേചനത്തിന്റെ സാമൂഹ്യ സംഘാടന രൂപമാണെന്ന് ഡേവിഡ് മോസ് (David Mosse ) എഴുതുന്നു. ജാതിയെ സാംസ്‌ക്കാരിക തലത്തില്‍ മാത്രം സമീപിക്കുന്നതിലൂടെ അത് ഭരണപരമായി പരിഹരിക്കേണ്ട വിഷയമല്ലാതാക്കി, അതിന് പൊതുജീവിതത്തില്‍ അനശ്വരത നല്‍കുകയാണ് ചെയ്യുന്നത്. അതിനാല്‍ ജാതിയും സമ്പത്തും തമ്മിലുള്ള ബന്ധം അന്തര്‍ദേശീയ തലം മുതല്‍ പ്രാദേശിക തലം വരെ അജണ്ടയില്‍ പെടാതെ നില്‍ക്കുന്നു.

ഡേവിഡ് മോസ്

ജാതി സംബന്ധിയായ സാമ്പത്തിക അസമത്വങ്ങളെ ഒളിപ്പിച്ചുവെച്ചുകൊണ്ടാണ് ഇന്നത്തെ നവ യാഥാസ്ഥിതിക ലിബറലിസം ഹിന്ദുത്വത്തിന്റെ കാര്‍മ്മികത്വത്തില്‍ അശ്വമേധം നടത്തുന്നത്. അവര്‍ ദലിത് - ആദിവാസി ജനതയ്ക്കുവേണ്ടിയുള്ള ബഡ്ജറ്റ് അവകാശങ്ങള്‍ വെട്ടിക്കുറക്കുകയും പകരം അടിസ്ഥാനസൗകര്യ വികസനം നടത്തി, പണ്ട് റെയില്‍വേ കൊണ്ടുവന്ന ബ്രിട്ടീഷ് രാജ്ഞി കണക്കെ, എല്ലാവരുടെയും കണ്ണു മഞ്ഞളിപ്പിക്കുകയും ചെയ്യുന്നു. ജാതിയെ മതവും സംസ്‌ക്കാരവുമായി മാത്രം കാണാന്‍ ശീലിപ്പിക്കുന്നതിനാല്‍ അടിസ്ഥാന സൗകര്യത്തിന്റെ നവ ലിബറല്‍ സ്വര്‍ഗംപണിക്ക്​ എതിര്‍പ്പേതുമില്ല. അസ്പര്‍ശ്യ ജനത തൊഴില്‍ തേടി യാത്ര ചെയ്യുന്നതോ കോവിഡ് പൂട്ടലില്‍ കാല്‍നടയായി പോയതോ ആറുവരി പാതയുടെ ഓരം ചേരുന്നതോ, അതാണ് ‘എല്ലാവരെയും ഉള്‍ക്കൊള്ളുന്ന’ ഈ വികസനം. തന്നെയുമല്ല, ഇത്തരം ആജീവനാന്ത അലച്ചിലുകള്‍ കര്‍മ്മഫലമായി കാണാനുള്ള കള്‍ച്ചറല്‍ കോച്ചിംഗ് കൂടി ഉള്‍പ്പെട്ടതാണ് ഹിന്ദുത്വ ലിബറല്‍ പാക്കേജ്. ഇപ്രകാരം, ഇന്നത്തെ നവ യാഥാസ്ഥിതിക ആധുനികവല്‍ക്കരണത്തിന്റെ ചുമതല, ദിവസവും ഏതെങ്കിലും ഗ്രാമത്തില്‍ ദലിതുകളെ വരച്ചവരയില്‍ നിര്‍ത്തിക്കൊണ്ടോ, ഐ. ഐ. ടി.യില്‍ അവര്‍ക്ക്​ മാനസിക വിഭ്രാന്തി ഏല്‍പ്പിച്ചു കൊണ്ടോ അതിസമര്‍ത്ഥമായി ജാതിഹിന്ദുത്വം മൊത്തമായി കോണ്‍ട്രാക്റ്റ് ഏറ്റെടുത്തിരിക്കുന്നു.

ഇത്തരം ആജീവനാന്ത അലച്ചിലുകള്‍ കര്‍മ്മഫലമായി കാണാനുള്ള കള്‍ച്ചറല്‍ കോച്ചിംഗ് കൂടി ഉള്‍പ്പെട്ടതാണ് ഹിന്ദുത്വ ലിബറല്‍ പാക്കേജ്. / Photo: ruralindiaonline.org

സാമ്പത്തികപരിഷ്‌ക്കാരങ്ങളുടെ തൊഴില്‍ക്കമ്പോളം നവയാഥാസ്ഥിതികതയുമായി കൈകോര്‍ത്തിരിക്കുന്നതിനാല്‍, ഇവിടെയും ദലിതുകളുടെ പണി ശുചീകരണവും ശാരീരികാധ്വാനവും തന്നെ. ഖനനം, നിര്‍മ്മാണം, ഗതാഗതം എന്നിവയെല്ലാം അസ്പര്‍ശ്യര്‍ക്കായി തുറന്നിട്ട പണികളാണെങ്കില്‍ ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം, ആതിഥേയ മേഖല എന്നിവ അവരെ പുറത്തുനിര്‍ത്തുന്നു. കേരളത്തില്‍ പുതിയ ഹൈവേ ഓരങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ പച്ചപിടിച്ച ആര്യാസ്, അന്നപൂര്‍ണ്ണ ഹോട്ടലുകളും, അവിടെയെത്തുന്ന മധ്യവര്‍ഗ്ഗ ഉപഭോക്താക്കളും നവ യാഥാസ്ഥിതികതയും പുതിയ വികസനവും തമ്മിലുള്ള ബന്ധത്തെ കൂടി വെളിപ്പെടുത്തുന്നതാണ്.

‘യോഗ്യത’യുള്ളവര്‍ക്കു മാത്രം വിദ്യയും ഉദ്യോഗവും മതി, സംവരണം പാടില്ല എന്ന ജാതിവാഴ്ചാ പ്രസ്ഥാനത്തെ ഐ.ടി ജോലികളിലെ ഉയര്‍ന്ന വിദേശശമ്പളം ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു.

ഉപാധ്യായയുടെ പഠനത്തെ മുന്‍നിര്‍ത്തി ഡേവിഡ് മോസ് പറയുന്നു, ഐ.ടി. മേഖലയില്‍ നോക്കിയാല്‍ കാണാം ജാതി എങ്ങനെയാണ് അവിടെ കസേരകളില്‍ ഉപവിഷ്ടമാകുന്നതെന്ന്. അതുപോലെ, മുംബൈയില്‍ ഓഫീസുകളിലേക്ക് ഭക്ഷണം തയ്യാറാക്കി നല്‍കി ഒരു ദലിത് സ്ത്രീ കരകയറുന്നതു കണ്ട്, കച്ചവടത്തിലെ എതിരാളി അവരുടെ ജാതിയെന്തെന്ന് ആളുകളോട് വെളിപ്പെടുത്തിയപ്പോള്‍, ആ സ്ത്രീക്ക്​ ബിസിനസ് പകുതിയില്‍ കൂടുതല്‍ നഷ്ടപ്പെട്ടു. തൊഴില്‍ രംഗത്ത്, പ്രത്യേകിച്ച്​, സ്വകാര്യമേഖലയില്‍ നടത്തിയ പഠനത്തില്‍ കാണിക്കുന്നത്​, ജോലിയ്‌ക്കെടുക്കുന്നതില്‍ യോഗ്യതയ്‌ക്കൊപ്പം ജാതി അധിക സ്‌ക്കോര്‍ ആയി നിര്‍ണയിക്കപ്പെടുന്നു എന്നാണ്​. കമ്പോള സമ്പദ്ഘടനയെന്നത് സാമൂഹ്യമായി നിർണയിക്കപ്പെടുന്ന വിശ്വാസം, മൂല്യങ്ങള്‍, അഭിരുചികള്‍, ബന്ധങ്ങള്‍ എന്നിവയുടെ വ്യവസ്ഥയാണെന്ന് പിയര്‍ ബോദ്യു (Pierre Bourdieu ) പറയുന്നുണ്ട്. അതായത് ലിബറല്‍ സമ്പത്തികക്രമം ദലിത് സമൂഹങ്ങള്‍ക്ക്​ വിമോചനമാകുകയല്ല, പകരം അദൃശ്യമായ അരിപ്പയായി നിന്നുകൊണ്ട് മുക്തിയുടെ മിഥ്യാവലയത്തില്‍ പെടുത്തുകയാണ്. ഉദാഹരണമായി, ദലിത് സംരംഭകരുടെ എണ്ണത്തില്‍ നവലിബറല്‍ നയങ്ങളോടെ പിന്നോട്ടടിയാണ് വന്നിരിക്കുന്നതെന്ന് ഡേവിഡ് മോസ് എഴുതുന്നു.

പിയര്‍ ബോദ്യു

ആഗോള ഐ.ടി വിപ്ലവം ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ, പ്രധാനമായും ഐ.ഐ.ടി. കളിലെ ജാതിവിവേചനത്തെ എങ്ങനെ രൂക്ഷമാക്കിയെന്ന്​ ‘ഇന്ത്യന്‍ റിസര്‍ച്ചറി’ലെ എഡിറ്റോറിയല്‍ ടീം വ്യക്തമാക്കുന്നുണ്ട്: ‘യോഗ്യത’യുള്ളവര്‍ക്കു മാത്രം വിദ്യയും ഉദ്യോഗവും മതി, സംവരണം പാടില്ല എന്ന ജാതിവാഴ്ചാ പ്രസ്ഥാനത്തെ ഐ.ടി ജോലികളിലെ ഉയര്‍ന്ന വിദേശശമ്പളം ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു. അപ്പോള്‍ പുതിയ തരം മെരിറ്റ് കടമ്പകള്‍ (ജോയൻറ്​ എന്‍ട്രന്‍സ് പരീക്ഷ, അതില്‍ വിജയിക്കാന്‍ വേണ്ട അതിതീവ്ര പരിശീലന കേന്ദ്രങ്ങള്‍) അധികാര രഹിത ജാതികള്‍ക്കു മുന്നില്‍ കെട്ടിപ്പൊക്കുകയുണ്ടായി. ഇപ്രകാരം, സാമൂഹ്യ-സാമ്പത്തിക മൂലധനത്താല്‍ പരമ്പരാഗത സംവരണത്തിന്റെ കുത്തകകളായവര്‍ അടിത്തട്ടു ജാതികളെ നേരിട്ടു. അതും പോരാഞ്ഞ്, കഴിഞ്ഞ 5 വര്‍ഷത്തെ കണക്കനുസരിച്ച് എസ്.സി, എസ്.ടി. വിഭാഗങ്ങള്‍ക്ക്​ നീക്കി വെച്ച ഐ.ഐ.ടി സീറ്റുകള്‍ (യഥാക്രമം 15%, 7.5%) മുഴുവന്‍ നികത്താതെ 9%, 3% വീതം മാത്രം പ്രവേശനം നല്‍കി, സാമ്പത്തിക - സാംസ്‌ക്കാരിക മൂലധനം സംവരണത്തിനുമേല്‍ ‘നിര്‍മ്മിത യോഗ്യത’യുടെ വിജയനൃത്തം ചവിട്ടുകയാണ്.

നവ ലിബറലിസം ചരിത്രപരമായ സാമൂഹ്യ അസമത്വം എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നില്ല. ഓരോ ട്രാക്കിലും ഓടാന്‍ നില്‍ക്കുന്ന, ഒരേ നിലയിലുള്ള കായിക താരങ്ങള്‍ക്കു തുല്യമായാണ് നവ ലിബറലുകള്‍ സമൂഹത്തെ കാണുന്നത്. എല്ലാവര്‍ക്കും രണ്ടു കൈകള്‍ വീതം കൊടുത്തിരിക്കുന്ന നീതിമാനായ ദൈവമാണ് അതിന്റെ ആരാധനാമൂര്‍ത്തി.

സംവരണത്തിനെതിരെയുള്ള ബഹുവിധ ആക്രമണങ്ങളെ ബ്രാഹ്മണാധിപത്യത്തിന്റെ സന്താനമായി മാത്രം കാണുന്നതിനു പകരം, ‘മെരിറ്റോക്രസി’യെന്നതിനെ നവലിബറല്‍ സാമൂഹ്യഘടനയുടെ ആത്മാവായ പ്രത്യയശാസ്ത്രമായി തന്നെ നാം തിരിച്ചറിയണം. സാമൂഹ്യനീതി ഉറപ്പാക്കുന്ന സംവരണമുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല ലോകതലത്തില്‍ 1980- കള്‍ മുതല്‍ ആക്രണമത്തിനു വിധേയമാകുന്നുണ്ടെന്നു ഹര്‍ഷ് വര്‍ധന്‍ (Harsh Vardhan) നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കാരണം, നവ ലിബറലിസം ചരിത്രപരമായ സാമൂഹ്യ അസമത്വം എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നില്ല. ഓരോ ട്രാക്കിലും ഓടാന്‍ നില്‍ക്കുന്ന, ഒരേ നിലയിലുള്ള കായിക താരങ്ങള്‍ക്കു തുല്യമായാണ് നവ ലിബറലുകള്‍ സമൂഹത്തെ കാണുന്നത്. എല്ലാവര്‍ക്കും രണ്ടു കൈകള്‍ വീതം കൊടുത്തിരിക്കുന്ന നീതിമാനായ ദൈവമാണ് അതിന്റെ ആരാധനാമൂര്‍ത്തി. സൃഷ്ടിയില്‍ അസമത്വം (ഗര്‍ഭകാല പരിചരണത്തിലെ സാമൂഹ്യ അസന്തുലിതത്വം, ശിശുമരണങ്ങള്‍, വളര്‍ച്ച മുരടിപ്പ് ) പോലും കാണാന്‍ വിസമ്മതിക്കുന്ന ബയോളജിസം അതിന്റെ ദൗര്‍ബല്യമാണ്. അതിനാല്‍ ഒരാളെയും പ്രത്യേകമായി പരിഗണിക്കുന്നത് അവര്‍ വെച്ചുപൊറുപ്പിക്കില്ല. പിറന്നവരാരായാലും കമ്പോളമെന്ന പോര്‍ക്കളത്തില്‍ അയല്‍ക്കൂട്ടം കുടുംബശ്രീ മുളകുപൊടിയായി, മാധുരി ദീക്ഷിത് ജാമ്യം നില്‍ക്കുന്ന ഈസ്റ്റേണ്‍ കറിപൗഡറിനോട് അങ്കം വെട്ടി ചോരയൊലിപ്പിച്ചു നില്‍ക്കാന്‍ ബാധ്യസ്ഥരാണ്. മടിയും അലസതയും വെടിഞ്ഞ്​, ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന്​, യോഗയും ഭഗവത് ഗീതാ പാരായണവും ബുദ്ധിയും മിടുക്കുമുണ്ടെങ്കില്‍, ആര്‍ക്കും ശോഭാ സിറ്റി നിര്‍മ്മിക്കമെന്നതാണ് നവലിബറല്‍ പോസ്റ്റര്‍.

ഓരോ ട്രാക്കിലും ഓടാന്‍ നില്‍ക്കുന്ന, ഒരേ നിലയിലുള്ള കായിക താരങ്ങള്‍ക്കു തുല്യമായാണ് നവ ലിബറലുകള്‍ സമൂഹത്തെ കാണുന്നത്. / Photo: BOOM, Pexels.com

അതുകൊണ്ട് ആരും അലസരാകാതിരിക്കാനും, കരുത്തുള്ളവര്‍ മാത്രം അതിജീവിക്കാനും കളമൊരുക്കുന്നതിലേക്കായി, സര്‍ക്കാര്‍ അത്യാവശ്യത്തില്‍ കൂടുതല്‍ പരിഗണന ആര്‍ക്കും കൊടുക്കരുതെന്നു വാദിച്ച്​, ബ്രാഹ്മണ്യ നവ ലിബറലുകള്‍ സാമൂഹ്യനീതിയെ അടിയോടെ മാന്തുന്നതു കൊണ്ടാണ് ‘എന്റെ ജനനമാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം’ എന്നെഴുതി രോഹിത് വെമുല എന്ന പിഎച്ച്​.ഡി. വിദ്യാർഥിക്ക്​ 2016- ല്‍ ജീവനൊടുക്കേണ്ടി വന്നത്. മാത്രമല്ല, വിദ്യാഭ്യാസവും ആരോഗ്യവുമൊക്കെ കാശു കൊടുത്തു വാങ്ങുന്ന ചരക്കായതിനാല്‍, നീതിയുടെ അവകാശങ്ങള്‍ റദ്ദാക്കി, സര്‍ക്കാര്‍ ആ മേഖലകളില്‍ നിന്ന്​ പിന്മാറിയാലേ കച്ചവടം അതിന്റെ പരമകാഷ്ഠ പ്രാപിക്കൂ. അതിനാല്‍, എവിടെയും സാമൂഹ്യനീതിയുടെ പ്രതീകങ്ങളൊക്കെ ഉന്മൂലനം ചെയ്യപ്പെടുന്നു.

നവ ലിബറല്‍ ഹിന്ദുത്വം സാമൂഹ്യനീതിയെ നോക്കുകുത്തിയാക്കുന്നത് സംവരണം ഭരണജാതികള്‍ക്കു കൂടി സാര്വത്രികമാക്കിക്കൊണ്ടാണല്ലോ.

ഫ്രെഡറിക് ഹയക്, മില്‍ട്ടണ്‍ ഫ്രീഡ്മാന്‍ എന്നീ നവലിബറല്‍ ഗുരുക്കന്മാര്‍ സാമൂഹ്യനീതിയെ നഖശിഖാന്തം കൈകാര്യം ചെയ്തവരാണ്. ബ്രാഹ്മണമതമാകട്ടെ മറ്റൊരുവഴിയിലൂടെ - ചണ്ഡാലനായി പിറക്കുന്നതും തോട്ടിപ്പണി ചെയ്യുന്നതുമെല്ലാം പൂര്‍വ്വജന്മ പാപം കൊണ്ടാണെന്നു പുരാണ പ്രസംഗം നടത്തി, സാമൂഹ്യനീതിയെ ദൈവനിഷേധമായി അവതരിപ്പിക്കുന്നു. ഹിന്ദുത്വത്തെപ്പോലെ നവലിബറല്‍ വാഴ്ചയുടെ ഇംഗിതങ്ങളെ അകക്കാമ്പിലേറ്റി സേവിക്കാന്‍ മറ്റൊന്നിനും സാധിക്കാത്തതിനാലാണ് 1990- കള്‍ മുതല്‍ അത് അധികാരത്തിന്റെ ചവിട്ടുപടികള്‍ ഓരോന്നായി സകല കുറുക്കുവഴികളിലൂടെയും കീഴടക്കിയത്. നവ ലിബറല്‍ ഹിന്ദുത്വം സാമൂഹ്യനീതിയെ നോക്കുകുത്തിയാക്കുന്നത് സംവരണം ഭരണജാതികള്‍ക്കു കൂടി സാര്വത്രികമാക്കിക്കൊണ്ടാണല്ലോ.

ദലിതുകളുടെ മോചനം മൂലധനത്തിലൂടെ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 2006- ല്‍ ദലിത് സംരംഭക കൂട്ടായ്മ (Dalit Indian Chamber of Commerce & Industry ) പിറന്നു. എന്നാല്‍ ഏറ്റവും സമ്പന്നരായ ദലിതുകളുടെ വരുമാനം അന്യജാതി മധ്യവര്‍ഗ്ഗത്തിന്റെ വരുമാനത്തിനു സമാനമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നതായി സൂരജ് യെംഗ്‌ഡെ (Suraj Yengde) പറയുന്നു. മാത്രമല്ല, ഭൂരഹിത ദലിതുകളുടെ എണ്ണം 65. 9% (1991) ആയിരുന്നത് 71% (2011) ആക്കി ഉയര്‍ത്തിക്കൊണ്ട് നവ ലിബറലിസം ദലിതുകളിലെ നിര്‍ധനത്വത്തെ വര്‍ധിപ്പിക്കുക കൂടിയാണിന്ന്. അതിശീഘ്ര വികസനത്താല്‍ പറിച്ചെറിയപ്പെടുന്ന ആദ്യത്തെ ശരീരങ്ങള്‍ ലോകത്തെവിടെയും തദ്ദേശീയ അടിത്തട്ടു ജനതതിയാകുന്നു. എന്നാല്‍ ഈ അരക്ഷിതവല്‍ക്കരണത്തെ ഒളിപ്പിക്കാനെന്നോണം സംരംഭങ്ങളിലൂടെയുള്ള ദലിത് മോചനം ആഘോഷിക്കപ്പെടുന്നു. മൂലധനശക്തിയാല്‍ ജാതി തുടച്ചുനീക്കപ്പെടുമെന്നത് കോളനികാലം മുതലുള്ള വെറും പ്രലോഭനമാണെന്നും, എന്നാല്‍ 19-ാം നൂറ്റാണ്ടില്‍ ജ്യോതിറാവു ഫുലേ പോലും വലിയ സംരംഭകനും കരാറുകാരനും 200 ഏക്കറിന്റെ ഭൂവുടമയും ആയിരുന്നിട്ടും, മൂലധനമാര്‍ഗ്ഗത്തില്‍ ജാതിനിര്‍മ്മൂലനം അദ്ദേഹത്തിനു സാധ്യമായില്ലെന്നും സുരജ് യെംഗ്‌ഡെ പറയുന്നു. കൈവേലക്കാരും ഭൂമിയുള്ളവരുമായ ശൂദ്രര്‍ ജാതിശ്രേണിയില്‍ കയറ്റം കിട്ടാനായി ബ്രാഹ്മാണാചാരങ്ങളെ അനുകരിച്ചപ്പോള്‍ ജാതിവ്യവസ്ഥ കൂറേക്കൂടി ഉറപ്പിക്കപ്പെട്ടതുപോലെ, സ്വാതന്ത്ര്യ പൂര്‍വ്വകാലം മുതല്‍ മഹറുകളും ചാമറുകളും ചിലര്‍, ഇടത്തരം ധനിക സംരംഭകരായി ഉയര്‍ന്നെങ്കിലും ദലിത് സമൂഹത്തിന്റെ അധഃകൃതാവസ്ഥക്കു അത് പരിഹാരമായിട്ടില്ലെന്നും അദ്ദേഹം എഴുതി.

ജ്യോതിറാവു ഫുലേ / Photo: velivada.com

ബ്രിട്ടീഷ് കാലത്ത് ജാതിബന്ധങ്ങളെ ഉപജീവിച്ചും ബലപ്പെടുത്തിയും യാഥാസ്ഥിതിക നാട്ടുരാജാക്കളെ മുന്നില്‍ നിര്‍ത്തിയും ലിബറല്‍ സാമ്രാജ്യത്വം ജൈത്രയാത്ര നടത്തിയെങ്കില്‍, അതിനെയൊക്കെ കടത്തിവെട്ടി, ഫെഡറല്‍ ഘടനയെ ആകെ നിര്‍വീര്യമാക്കി സര്‍വ്വാധികാരങ്ങളും സമാഹരിച്ച്​, ജനായത്തത്തിന്റെ ആജന്മ ശത്രുക്കളായ ജാതിക്കോയ്മയുടെ സംഹാര താണ്ഡവത്തിലാണ് പുതിയ ലിബറല്‍ അധിനിവേശം സ്വൈര്യവിഹാരം നടത്തുന്നത്​. ‘വിപണി ജാതിഘടനയോട് ഫലപ്രദമായി ഒത്തുചേര്‍ന്ന്​ അതിനെ നിലനിര്‍ത്തുന്നു. വിപണിയിലെ പുതിയ കണ്ടുപിടുത്തങ്ങളൊന്നും ജാതിരോഗത്തെ ശമിപ്പിക്കുന്നില്ല. മൂലധനം ആരാണ് നിയന്ത്രിക്കുന്നതെന്നു നോക്കിയാല്‍ അതു വ്യക്തമാകും.’
ഇന്ത്യന്‍ കോര്‍പ്പറേറ്റ് ബോര്‍ഡ് അംഗങ്ങളില്‍ 92% വും അധികാരജാതികളും അതില്‍ തന്നെ 44% ബ്രാഹ്മണരുമാണെങ്കില്‍ ദലിത് പങ്കാളിത്തം വെറും 3.5 % ആണ്.

പൊതുമേഖലയുടെ വില്പന എന്നിങ്ങനെ പൊളിച്ചെഴുത്തുകളും ക്ഷേമകാര്യങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങലും ചേര്‍ന്ന്​, തൊഴില്‍ രാഹിത്യമായും സാമ്പത്തിക തകര്‍ച്ചയായും അധികാര ജാതികളെ പിടികൂടിയപ്പോള്‍, തങ്ങളുടെ അധോഗതിക്കുകാരണം സംവരണ പരിരക്ഷ കിട്ടുന്നവരാണെന്നു കരുതി, ആദ്യശത്രുക്കളായി അവര്‍ ദലിതുകളെ നേരിട്ടുവെന്ന് ഹര്‍ഷ് വര്‍ധനും ബിജയനി മിശ്രയും പറയുന്നുണ്ട്. 2014- ല്‍ എസ്. സി., എസ്.ടി. വിഭാഗങ്ങള്‍ക്കെതിരെ ഒരു വര്‍ഷം നടന്നത് 45000 അതിക്രമങ്ങളാണെങ്കില്‍, 2021- ല്‍ ഇത് 50, 900 ആണ്. ദലിതുകള്‍ക്കെതിരെയുള്ള അക്രമത്തില്‍ 2020- നേക്കാള്‍ 6.4% വര്‍ധനവ് 2021- ല്‍ ഉണ്ടായതായി നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ കാണിക്കുന്നു. 2015- 2020 കാലത്ത് ദലിത് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യം 45% ആയി ഉയര്‍ന്നു. ദിവസവും 10 വീതം ദലിത് സ്ത്രീകള്‍ റേപ്പിനിരയാകുന്നുണ്ടിപ്പോള്‍.

2015- ലെ കാര്‍ഷിക സര്‍വ്വേ കാണിക്കുന്നത്, ഇന്ത്യന്‍ ഗ്രാമങ്ങളില്‍ 18.5% വരുന്ന ദലിതര്‍ക്ക് മൊത്തം കൃഷിഭൂമിയുടെ 9 % ല്‍ താഴെ മാത്രമേയുള്ളൂ എന്നത്രേ. പോര്‍ട്ടുകള്‍, അതിശീഘ്ര രാജപാതകള്‍ എന്നീ നവമഹോത്സവങ്ങള്‍ മുഴുവന്‍നടത്തുന്നത് ഇന്ത്യന്‍ കാര്‍ഷിക മേഖലയെ അടിമുടി ഊറ്റിയെടുത്തിട്ടാണെങ്കില്‍, സര്‍വ്വഭാരവും പേറി ഇന്ത്യയുടെ ‘കുതിപ്പ്’ സുഗമമാക്കുന്ന അവസാനത്തെ ഷോക് അബ്‌സോര്‍ബറുകളാണ് കാര്‍ഷിക ദലിത് സമൂഹങ്ങള്‍.

(തുടരും)

Comments