മധ്യവർഗത്തെ മാത്രം കാണുന്ന ബജറ്റ്, അടിസ്ഥാന ജനവിഭാഗത്തിന് എന്താണുള്ളത്?

“ഇന്ത്യയുടെ അടിസ്ഥാന പ്രശ്നങ്ങളെ പ്രത്യേകിച്ച് കാർഷിക വ്യാവസായിക മേഖലയെ എങ്ങനെ മെച്ചപ്പെടുത്താമെന്ന് ബജറ്റ് ചർച്ച ചെയ്യുന്നേയില്ല. കയറ്റുമതിയെ വിപുലപ്പെടുത്താമെന്ന് ആലോചിക്കുന്നില്ല. സാങ്കേതികരംഗത്തെ മാറ്റങ്ങളെ വിദ്യാഭ്യാസത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും എങ്ങനെ യുവാക്കൾക്ക് പ്രതീക്ഷ നൽകുന്ന രീതിയിൽ പ്രായോഗികവും ശാസ്ത്രീയമായി ഉപയോഗപ്പെടുത്താമെന്നും ബജറ്റിൽ പ്രതിപാദിക്കുന്നില്ല”, ആഷിക്ക് കെ.പി. ബജറ്റ് വിശകലനം ചെയ്യുന്നു.

ധ്യവർഗത്തിന് ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ മാത്രമാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പുതിയ കേന്ദ്രബജറ്റ്. ആദായനികുതി പത്തുലക്ഷം പ്രതീക്ഷിച്ചിരുന്നിടത്ത് 12 ലക്ഷം രൂപയായി ഉയർത്തി ഉയർന്ന വരുമാനമുള്ളവർക്ക് ആശ്വാസവും സന്തോഷവും നൽകുന്നു. എന്നാൽ ഈ തീരുമാനം രാഷ്ട്രത്തിൻറെ സാമ്പത്തിക സാമൂഹ്യ ഉന്നമനത്തിനും ഗ്രാമീണ വികസനത്തിനും സാധാരണക്കാരനും പിന്നാക്ക വിഭാഗങ്ങൾക്കും എന്ത് പുരോഗതിയാണ് ഉണ്ടാക്കുക എന്നുള്ളതാണ് അടിസ്ഥാനപരമായ ചോദ്യം. മധ്യവർഗ്ഗത്തിന് ആശ്വാസം നൽകുകയും അവരുടെ വാങ്ങൽ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുമെന്നതാണ് മൊത്തമായി അവലോകനം ചെയ്താൽ മനസ്സിലാകുന്നത്. കണക്കുകൾ നോക്കുമ്പോൾ ഔദ്യോഗികമായി ഒരു കോടി ജനങ്ങളാണ് ഈ പ്രഖ്യാപനം കൊണ്ട് സന്തോഷിക്കുന്നത്. മൊത്തം ജനസംഖ്യയുടെ 10% പോലും ആദായനികുതി അടയ്ക്കാത്ത ഒരു രാജ്യത്ത് ഒരുകോടിയിൽ താഴ്ന്ന മധ്യവർഗ്ഗക്കാർക്ക് വേണ്ടി അവരെ ആശ്വസിപ്പിക്കാൻ വേണ്ടി നടത്തിയ ഒരു ബജറ്റ് എന്നതിനപ്പുറം ആഴത്തിലും പരപ്പിലും വിശകലനം ചെയ്യുമ്പോൾ മറ്റൊന്നും കാണുന്നില്ല.

സമീപഭാവിയിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പുകളെ മുൻനിർത്തിയുള്ള പ്രഖ്യാപനങ്ങളാണ് നടന്നതെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് തീരുമാനങ്ങൾ. ഇന്ത്യയിലെ പിന്നാക്ക സംസ്ഥാനങ്ങളിലൊന്നായ ബീഹാറിനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷ്യ മേഖലയാക്കി മാറ്റും എന്ന പ്രഖ്യാപനമാണ് പ്രധാനപ്പെട്ട ഒരു കാര്യം. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പടിവാതിൽ എത്തിനിൽക്കുന്നു എന്ന് ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ടതുണ്ട്. ബീഹാറിൽ ഗ്രീൻഫീൽഡ് വിമാനത്താവളം കൊണ്ടുവരുമെന്നും വിദ്യാഭ്യാസത്തിൻറെ നിലവാരം മെച്ചപ്പെടുത്താൻ ഐ.ഐ.ടികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും പറയുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളും ഉണ്ടെന്ന് കേന്ദ്ര സർക്കാർ മറന്നുപോവുകയാണോ? സ്വകാര്യ മേഖലയ്ക്ക് എല്ലാ വാതിലുകളും തുറന്നിട്ടു കൊടുത്ത് ആണവ നിലയങ്ങൾ പോലും സ്വകാര്യ പങ്കാളിത്തത്തോടെയാക്കുമെന്ന പ്രഖ്യാപനവും ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ വർദ്ധനവും സ്വകാര്യ മേഖലയ്ക്കും വിദേശ കമ്പനികൾക്കും ഇന്ത്യയെ തീറെഴുതി കൊടുക്കുന്ന അവസ്ഥയിലേക്കാണ് എത്തിക്കുക.

കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ പുതിയ കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നു.
കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ പുതിയ കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നു.

മൂന്നാം മോദി സർക്കാരിൻറെ ഈ ബജറ്റ് കേരളത്തെ സമ്പൂർണമായി തഴഞ്ഞിരിക്കുകയാണ്. രാജ്യത്ത് സമീപകാലത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തം നേരിട്ട വയനാട്ടിൽ 2000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ട കേരളത്തിന് ഇതുവരെ ഒന്നും നൽകിയിട്ടില്ല. ബജറ്റിലെങ്കിലും പ്രഖ്യാപിക്കുമെന്ന് കരുതിയിട്ട് ഒരു പരാമർശവും ഉണ്ടായില്ല. പ്രവാസികൾക്കും ആശ്വസിക്കത്തക്കതായി ഒന്നുമില്ല. കാലാകാലങ്ങളിലായി പ്രവാസികൾ ഉന്നയിക്കുന്ന പല അടിസ്ഥാന പ്രശ്നങ്ങളും കണ്ടില്ലെന്ന് നടിച്ചിരിക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന പ്രീമിയം കാറുകളും മോട്ടോർസൈക്കിളും വിലകുറഞ്ഞതുകൊണ്ട് ആർക്കാണ് നേട്ടം ഉള്ളത്? പ്രവാസികൾക്കുള്ള പുനരധിവാസ പാക്കേജ്, പ്രവാസി പെൻഷൻ, ടിക്കറ്റ് നിരക്കിലുള്ള ഏകീകരണം തുടങ്ങിയ ആവശ്യങ്ങളും അവർ തിരിച്ചു വന്നാൽ പലിശരഹിത വായ്പകൾ അടങ്ങുന്ന മറ്റ് സംരംഭകത്വ പ്രോൽസാഹന രീതി എന്നിവയൊന്നും പരാമർശിച്ചിട്ടില്ല. ഓഹരി ഇടപാടിലൂടെ ലഭിക്കുന്ന ലാഭത്തിന് 20% നികുതി കൊടുക്കണമെന്ന തീരുമാനം മാറ്റി അത് NRI സ്റ്റാറ്റസിൽ 10% ആക്കി മാറ്റണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.

കുത്തകകളെ ഇന്ത്യയിലേക്ക് ആകർഷിക്കുകയും ഇൻഷുറൻസ്, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സ്വകാര്യ അതിപ്രസരം ഉണ്ടാക്കുകയും ചെയ്യുന്നത് സാധാരണക്കാരെയാണ് പ്രതിസന്ധിയിലാക്കാൻ പോവുന്നത്. സംരംഭകത്വത്തിനോ കാർഷിക മേഖലയ്ക്കോ ഗുണകരമാവുന്ന ഒരു പ്രഖ്യാപനവുമില്ല. ആകെയുള്ള ആശ്വാസം സ്റ്റാർട്ടപ്പ് വായ്പ 10 കോടി രൂപയാക്കി എന്നുള്ളതാണ്. അതുകൊണ്ട് ചെറുകിട വ്യവസായങ്ങൾക്ക് വലിയ നേട്ടം ഒന്നും ലഭിക്കാനും പോകുന്നില്ല. ഓരോ ബജറ്റിലും തൊഴിലവസരങ്ങൾ നൽകുമെന്ന് പറയുകയല്ലാതെ ഒരു പ്രായോഗികമായ നിർദ്ദേശവും ഉണ്ടാവുന്നില്ല. ആദായ നികുതിയുടെ സ്ലാബുയർത്തി മധ്യവർഗ്ഗക്കാരന്റെ കൊടുക്കൽ വാങ്ങൽ ശക്തി വർധിപ്പിക്കാമെന്ന സാമ്പത്തിക ശാസ്ത്രം പ്രായോഗികമായി ശരിയാകുമോ എന്നത് കണ്ടറിയേണ്ടതാണ്. പ്രത്യക്ഷത്തിൽ ലഭിക്കുന്ന കാർഷിക വ്യാവസായിക നേട്ടവും സാധാരണക്കാരന് ഗുണകരമാകുന്ന സാമ്പത്തിക സഹായങ്ങളും തൊഴിൽ മേഖലയുടെ പുനരുജ്ജീവനവും വിദ്യാഭ്യാസ സഹായങ്ങളുമാണ് ഒരു ബജറ്റിന്റെ മുഖ്യ ലക്ഷ്യം ആവേണ്ടത്. അതിലൂടെ മാത്രമേ രാജ്യത്തിൻറെ സാമ്പത്തിക പുരോഗതിയും ഉന്നമനവും സാധ്യമാവൂ.

രാജ്യത്ത് സമീപകാലത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തം നേരിട്ട വയനാട്ടിൽ 2000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ട കേരളത്തിന് ഇതുവരെ ഒന്നും നൽകിയിട്ടില്ല.
രാജ്യത്ത് സമീപകാലത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തം നേരിട്ട വയനാട്ടിൽ 2000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ട കേരളത്തിന് ഇതുവരെ ഒന്നും നൽകിയിട്ടില്ല.

വികസനത്തിന്റെ എഞ്ചിനുകൾ എന്ന രീതിയിൽ അവതരിപ്പിച്ച പ്രധാനമന്ത്രി ‘ധൻ ധന്യ കൃഷി യോജന’ എത്രമേൽ പ്രാവർത്തികമാകും എന്നുള്ളത് കണ്ടറിയേണ്ടതുണ്ട്. കാർഷിക ജില്ലാ പദ്ധതികളിലൂടെ 1.7 കോടി കർഷകരെ ഉന്നം വെയ്ക്കുന്ന ഈ പദ്ധതി എങ്ങനെ നടപ്പിലാക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായങ്ങളുടെ നിർവചനം മാറ്റുകയും നിക്ഷേപവും വായ്പ പരിധിയും ഉയർത്തുകയും ചെയ്തിട്ടുണ്ട് എന്നത് പൊതുവെ ആശ്വാസകരമാണ്. എന്നാൽ അതോടൊപ്പം തന്നെ സ്വകാര്യ കുത്തകകൾക്ക് ഇന്ത്യയിലെ മിക്ക മേഖലകളും തുറന്നിട്ട് കൊടുക്കുമ്പോൾ ഇത് എങ്ങനെ ബാലൻസ് ചെയ്യുമെന്നുള്ളത് ഒരു ചോദ്യമായി അവശേഷിക്കുന്നു. കയറ്റുമതി വർധിപ്പിക്കാൻ ഭാരത് ട്രേഡ് നെറ്റ് എന്ന ഒരു ഉദ്യമം ബജറ്റിൽ പറയുന്നുണ്ട്. ഇറക്കുമതിയെ ആവോളം പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങളും ബജറ്റിൽ കാണാം. കാറുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഇറക്കുമതി ഉദാരവൽക്കരിക്കുമ്പോൾ ഭാരത് ട്രേഡ് നെറ്റ് മിഷൻ എത്രത്തോളം ലാഭകരമായി മാറും എന്നുള്ളതും ചിന്തനീയമാണ്. അതേസമയം മധ്യവർഗ്ഗത്തിന് ആവശ്യമായ നികുതിയും കോർപ്പറേറ്റ് ടാക്സുകളും ഉദാരവൽക്കരിച്ചിട്ടുമുണ്ട്.

വികസനത്തിന്റെ എഞ്ചിനുകൾ എന്ന രീതിയിൽ അവതരിപ്പിച്ച പ്രധാനമന്ത്രി ‘ധൻ ധന്യ കൃഷി യോജന’ എത്രമേൽ പ്രാവർത്തികമാകും എന്നുള്ളത് കണ്ടറിയേണ്ടതുണ്ട്.
വികസനത്തിന്റെ എഞ്ചിനുകൾ എന്ന രീതിയിൽ അവതരിപ്പിച്ച പ്രധാനമന്ത്രി ‘ധൻ ധന്യ കൃഷി യോജന’ എത്രമേൽ പ്രാവർത്തികമാകും എന്നുള്ളത് കണ്ടറിയേണ്ടതുണ്ട്.

വിദ്യാഭ്യാസ പുരോഗതിക്ക് സർക്കാർ സ്കൂളുകളിൽ അമ്പതിനായിരം അടൽ ടിങ്കറിങ്ങ് ലാബുകൾ തുടങ്ങും എന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ നിലവിലുള്ള ലാബുകളിൽ എത്ര എണ്ണം പ്രവർത്തിക്കുന്നുണ്ട് എന്നും അതിനുള്ള ഫണ്ട് എത്ര ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ചു നോക്കണം. സർക്കാർ സ്കൂളുകളിൽ, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ എന്ത് പുരോഗതിയാണ് നൈപുണീ കേന്ദ്രീകൃത വിദ്യാഭ്യാസത്തിൽ വരാൻ പോകുന്നത് എന്ന് നോക്കാം. മെഡിക്കൽ കോളേജുകളിൽ 10000 അഡീഷണൽ സീറ്റുകൾ വർധിപ്പിക്കുമെന്നും ഓരോ ജില്ലകളിലും ക്യാൻസർ കെയർ സെൻററുകൾ സ്ഥാപിക്കുമെന്നതും ബജറ്റിൽ കാണുന്ന ആശ്വാസകരമായ പ്രഖ്യാപനങ്ങളാണ്. എന്നാൽ ഇൻഷുറൻസ് മേഖലയിൽ 100% വിദേശ നിക്ഷേപ സാധ്യതകൾ തുറന്നിട്ടുമുണ്ട്. അതുകൊണ്ടുതന്നെ പ്രഖ്യാപനങ്ങളിൽ ചില ആശ്വാസങ്ങൾ കാണാമെങ്കിലും ബജറ്റ് ശാസ്ത്രീയമായി വിലയിരുത്തുമ്പോൾ സ്വകാര്യ മേഖലയെയും വിദേശ കുത്തകകളെയും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിൽ നിർണായക പങ്കാളിയാക്കുന്നു എന്നതാണ് കാണാൻ കഴിയുന്നത്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തെയോ രൂപയുടെ മൂല്യ തകർച്ചയെയും പരിഹരിക്കാനോ പരിഹാരം കാണാനോ ശ്രമിക്കാത്തതും ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ കഴിയാത്തതുമാണ് കേന്ദ്ര ബജറ്റ്. ഇന്ത്യയുടെ അടിസ്ഥാന പ്രശ്നങ്ങളെ പ്രത്യേകിച്ച് കാർഷിക വ്യാവസായിക മേഖലയെ എങ്ങനെ മെച്ചപ്പെടുത്താമെന്ന് ബജറ്റ് ചർച്ച ചെയ്യുന്നേയില്ല. നമ്മുടെ കയറ്റുമതിയെ വിപുലപ്പെടുത്താമെന്ന് ആലോചിക്കുന്നില്ല. ലോകത്തിൽ മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികത്വത്തെ വിദ്യാഭ്യാസത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും എങ്ങനെ യുവാക്കൾക്ക് പ്രതീക്ഷ നൽകുന്ന രീതിയിൽ പ്രായോഗികവും ശാസ്ത്രീയമായി ഉപയോഗപ്പെടുത്താമെന്നും ബജറ്റിൽ പ്രതിപാദിക്കുന്നില്ല.

Comments