ബജറ്റിലും ഇടംപിടിക്കാതെ മുണ്ടക്കൈ, കേരളത്തിന് കേന്ദ്രത്തിന്റെ വട്ടപ്പൂജ്യം

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പദ്ധതിക്കായുള്ള ധനസഹായം നൽകിയില്ലെന്ന് മാത്രമല്ല, കേരളത്തിന് യാതൊരു പരിഗണനയും നൽകാതെ കേന്ദ്രബജറ്റ്.

News Desk

കേരളത്തെ പൂർണമായും തഴഞ്ഞ് വീണ്ടുമൊരു കേന്ദ്ര ബജറ്റ്. മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റിലും കേരളത്തെ പൂർണമായും മാറ്റിനിർത്തുകയാണ് ചെയ്തിരിക്കുന്നത്. കേരളം ആവശ്യപ്പെട്ടതൊന്നും കിട്ടിയില്ലെന്ന് മാത്രമല്ല, രാജ്യത്ത് ഈയടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിനെ പൂർണമായി അവഗണിക്കുകയാണ് ചെയ്തത്. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ 2000 കോടിയുടെ പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ ദുരന്തം സംഭവിച്ച് ആറ് മാസം പിന്നിടുമ്പോഴും കേന്ദ്രം നൽകിയത് വട്ടപ്പൂജ്യമാണ്.

ദുരന്തമുണ്ടായി പതിനൊന്നാം ദിനം വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ നേരിൽ കണ്ട് അവർ ഒറ്റക്കല്ലെന്നും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ എല്ലാ സഹായവും നൽകുമെന്നും കേന്ദ്രം ഒപ്പമുണ്ടെന്നുമൊക്കെ ഉറപ്പുകൾ നൽകിയിരുന്നു. എന്നാൽ അന്ന് വന്ന് ഫോട്ടോയെടുത്ത് മടങ്ങിയെന്നല്ലാതെ നാളിത് വരെ ദുരന്തത്തിൽ കേരളത്തിന് ഒരു രൂപ പോലും നൽകാൻ കേന്ദ്രം തയ്യാറായിട്ടില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതടക്കമുള്ള ആവശ്യങ്ങളെ പൂർണമായും നിരാകരിച്ചു കൊണ്ടാണ് ദുരന്തം സംഭവിച്ച അന്ന് മുതൽ കേന്ദ്രം നിലപാടെടുത്തത്. 2024 ജൂലൈ 30-ന് ദുരന്തമുണ്ടായ ഉടനെ ഓഗസ്റ്റ് രണ്ടിന്, വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്തുനൽകിയിരുന്നു. ദുരന്തമുണ്ടാകുന്ന സമയത്ത് ദുരന്തനിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണെന്നും ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെ നൽകേണ്ടത് ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്രം ഇതിനോടകം അനുവദിച്ചിട്ടുള്ള ഫണ്ടിൽനിന്നാണെന്നുമാണ് ആ കത്തിൽ പറയുന്നത്. തുടർന്ന് ഡിസംബറിലാണ് കേരളത്തിന്റെ നിരന്തരമായ ആവശ്യം കണക്കിലെടുത്ത് വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചത്. ധനമന്ത്രി നിർമല സീതാരാമനുമായി കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി.തോമസുമായി നടത്തിയ ചർച്ചയിൽ വയനാട്ടിൽ ഉരുൾപൊട്ടൽ മേഖലയ്ക്കുള്ള ധനസഹായ പാക്കേജ് അനുവദിക്കുമെന്ന് വീണ്ടും ഉറപ്പു നൽകിയിരുന്നു. പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച് നടപ്പാക്കുമെന്നാണ് ധനമന്ത്രി അന്ന് അറിയിച്ചത്. അത്‌കൊണ്ട് തന്നെ ന്യായമായും ഈ ബജറ്റിൽ വയനാടിന് വേണ്ടി പ്രത്യേക പാക്കേജ് കേരളം പ്രതീക്ഷിച്ചിരുന്നു.

വയനാടിന് ലഭിക്കേണ്ട ധനസഹായത്തെക്കുറിച്ച് തീരുമാനിക്കാനുള്ള യോഗം 2024 സപ്തബർ 20-നായിരുന്നു. തീരുമാനം വരാൻ മൂന്നു മാസമെടുക്കുമെന്നാണ് കേന്ദ്രം അന്ന് പറഞ്ഞത്. മൂന്ന് മാസവും കഴിഞ്ഞ് വീണ്ടും മുന്നോട്ട് പോയിട്ടും കേന്ദ്ര അവഗണന മാറ്റമില്ലാതെ തുടരുകയാണ്. ഇതിനെല്ലാം പുറമെ കേരളം വിശദമായ പഠന റിപ്പോർട്ട് സമർപ്പിക്കാത്തതു കൊണ്ടാണ് ധനസഹായം പ്രഖ്യാപിക്കാത്തതെന്ന വസ്തുതാ വിരുദ്ധമായ പ്രഖ്യാപനം പോലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഭാഗത്ത് നിന്ന് ഉണ്ടായി. ആഗസ്റ്റ് 10-ന് പ്രധാനമന്ത്രി വയനാട്ടിലെത്തിയപ്പോഴും കേന്ദ്ര സംഘത്തിനോടുമെല്ലാം ദുരന്തപശ്ചാത്തലത്തിലുള്ള കേരളത്തിന്റെ ആവശ്യങ്ങൾ കേരളം അവതരിപ്പിച്ചിരുന്നു.

തുടർന്ന് ഓഗസ്റ്റ് 17-ന് ദുരന്തത്തിൽ ഉണ്ടായ നഷ്ടവും ദേശീയ ദുരന്ത പ്രതികരണനിധിയുടെ (എൻ ഡി ആർ എഫ്) മാനദണ്ഡങ്ങൾക്ക് അനുസൃതമായി കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഇനം തിരിച്ച് തയ്യാറാക്കി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നിവേദനം നൽകുകയും ചെയ്തു. പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളുമടക്കം ഉൾപ്പെടുത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് കേരളം ആവശ്യപ്പെട്ടത്.

583 പേജുള്ള സമഗ്രമായ റിപ്പോർട്ടാണ് കേരളം കേന്ദ്രത്തിന് സമർപ്പിച്ചത്. എന്നിട്ടും റിപ്പോർട്ട് കിട്ടാൻ വൈകിയെന്നും മറ്റുമുള്ള മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് എങ്ങിനെയെല്ലാം കേരളത്തിനുള്ള ധനസഹായം തടയാമെന്നാണ് കേന്ദ്രം നോക്കുന്നത്.

1200 കോടി രൂപയുടെ നഷ്ടം കണക്കാക്കി കേന്ദ സഹായത്തിന് കേരളം നിവേദനം നൽകിയെങ്കിലും സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് (എസ്.ഡി.ആർ.എഫ്) ലഭിക്കേണ്ട 291.20 കോടി രൂപ നേരത്തെ കൈമാറുക മാത്രമാണ് ചെയ്തത്. കേരളത്തിന് ലഭിക്കേണ്ട 388 കോടി രൂപയിൽ കേന്ദ്ര വിഹിതമായ 291 കോടി രൂപയാണ് ഇപ്പോൾ കിട്ടിയത്. ഈ കിട്ടിയ തുക പോലും പ്രത്യേക പാക്കേജിൽ പെടുന്നതല്ല. എസ്.ഡി.ആർ.എഫിൽ 75 ശതമാനം കേന്ദ്ര വിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണ്.

കേന്ദ്രത്തിന്റെ ഈ നിലപാട് നിരാശ ഉണ്ടാക്കുന്നതായാണ് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവലോകനം ചെയ്തുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഏറ്റവും ന്യായമായി കേരളത്തിന് ലഭിക്കേണ്ടതൊന്നും ഈ ബജറ്റിൽ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി സംഭവ സ്ഥലം സന്ദർശിച്ച് തിരിച്ചു പോയി. അന്ന് പ്രധാനമന്ത്രി എടുത്ത് താലോലിച്ച ദുരന്തത്തിൽ പരിക്ക് പറ്റിയ ചെറിയകുട്ടി പരിക്ക് മാറി ഓടിച്ചാടി നടക്കാൻ തുടങ്ങി. കേന്ദ്ര സംഘവും കിട്ടാവുന്നതെല്ലാം ശേഖരിച്ച് മടങ്ങി. ഇതിനിടെ യാതൊരു രേഖയും സമർപ്പിക്കാതെ മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സഹായങ്ങൾ വാരിക്കോരി നൽകുകയും ചെയ്തു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റുമായെത്തിയപ്പോൾ വയനാട് ദുരന്തവും കേന്ദ്ര സഹായവുമെല്ലാം വീണ്ടും അവഗണനയുടെ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു.

വയനാട് ദുരിതാശ്വാസ പദ്ധതിക്കായുള്ള ധനസഹായം നൽകിയില്ലെന്ന് മാത്രമല്ല, കേരളത്തിന് യാതൊരു പരിഗണനയും ബജറ്റിൽ നൽകിയിട്ടില്ലെന്നതാണ് യാഥാർഥ്യം. 24000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജും എയിംസുമെല്ലാം കേരളം പ്രതീക്ഷിച്ചിരുന്നു. കേരളത്തിലെ വന്യജീവി പ്രശ്നം പരിഹരിക്കുന്നതിനുള്ള സഹായപദ്ധതികളോ വിഴിഞ്ഞ പദ്ധതിക്കുള്ള ധനസഹായമോ ഒന്നും തന്നെ ബജറ്റിലില്ല.

Comments