ഒറ്റ പ്രസ്‌ക്രിപ്ഷനിൽ കാലിയാകുന്ന കുടുംബ ബജറ്റ്

രാജ്യത്തെ സാധരണക്കാരായ ജനങ്ങളുടെ ദുരിതത്തീയിൽ എണ്ണ ഒഴിക്കുന്ന ഒരു വാർത്ത കൂടിവന്നിട്ടുണ്ട്. നിത്യജീവിതത്തിൽ നമ്മളാശ്രയിക്കുന്ന അവശ്യമരുന്നുകളുടെ വില 12 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. പെട്രോളിന്റെയും പാചകവാതകത്തിന്റെയും മറ്റ് അവശ്യ വസ്തുക്കളുടെയുമെല്ലാം വിലക്കയറ്റം കാരണം പൊറുതിമുട്ടിയ ജനത്തിന്മേൽ ഇരുട്ടടി നൽകുന്നതാണ് മരുന്നുകളുടെ ഈ വില വിലവർധനവ്. വേദന സംഹാരികൾ, ആന്റിബയോട്ടിക്കുകൾ, ആന്റി-ഇൻഫെക്റ്റീവ്‌സ്, കാർഡിയാക് മരുന്നുകൾ എന്നിവ ഉൾപ്പെടെയുള്ളവയുടെ വിലയാണ് ഏപ്രിൽ ഒന്നുമുതൽ വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി മൊത്തവില സൂചികയിൽ 10.7 ശതമാനം മാറ്റം പ്രഖ്യാപിച്ചിരുന്നു. 2013 ലെ ഡ്രഗ്സ് വില നിയന്ത്രണ ഓർഡർ അനുസരിച്ച് എല്ലാ വർഷവും മൊത്തവില സൂചികയിലുള്ള മാറ്റം എൻപിപിഎയാണ് പ്രഖ്യാപിക്കുന്നത്. അതാണ് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നടപ്പിലാക്കുന്നത്. പുതിയ വില നിർണയം 800 ലധികം അവശ്യ മരുന്നുകളെയും മെഡിക്കൽ ഉപകരണങ്ങളെയും ബാധിക്കും.

ഇന്ത്യൻ ഔഷധ മേഖലയിൽ ജനപക്ഷത്തു നിന്നു കൊണ്ടുള്ള ഔഷധനയം നടപ്പിലാക്കണമെന്ന് പൊതുജനാരോഗ്യ താൽപര്യം മുൻനിർത്തി ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളും ട്രേഡ് യൂണിയനകളും ഏറെക്കാലമായി ഉയർത്തുന്ന ആവശ്യമാണ്. എന്നാൽ ഔഷധ രംഗത്ത് ജനോപകാരപ്രദമായി അവശേഷിക്കുന്ന തുരുത്തുകൾ പോലും കോർപ്പറേറ്റ് കമ്പനികൾക്ക് മുന്നിൽ അടിയറവ് വയ്ക്കുകയാണ് കേന്ദ്രസർക്കാർ.

Comments