അധിനിവേശത്തിന്​ വെള്ളം കോരുന്ന മാർക്കറ്റ്​ ഫെമിനിസം

മൂലധനവും ഭരണകൂടവും ചേര്‍ന്നാണ് ആണ്‍കോയ്മയെ ബലപ്പെടുത്തുന്നതെന്ന സത്യം മറച്ചുപിടിക്കുന്നതോടെ പെണ്‍വാദം അരാഷ്ട്രീയമാക്കപ്പെടുകയും വ്യക്തിനിഷ്ഠ തലത്തിലേക്കു ചുരുങ്ങി അസ്വാതന്ത്ര്യത്തെ ശാശ്വതമാക്കുകയും ചെയ്യുന്നു.

നവ ലിബറലിസം: 
സർവാരാധനയുടെ പുറകിലെ ​​​​​​​
രാഷ്​ട്രീയം- 13

ഭീകരവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച്​ 2001- ല്‍ അഫ്ഗാനിസ്ഥാനിലേക്ക്​ അമേരിക്കന്‍പോര്‍വിമാനങ്ങള്‍ പറക്കാന്‍ തയ്യാറായപ്പോള്‍, അന്ന് അമേരിക്കയിലെ പ്രഥമ വനിതയായ ലോറ ബുഷ് റേഡിയോയിലൂടെ അമേരിക്കക്കാരോടു പറഞ്ഞു; ഭീകരവാദത്തിനെതിരെ അമേരിക്ക നടത്തുന്ന യുദ്ധം അഫ്ഗാന്‍ സ്ത്രീകളെ താലിബാന്റെ ഉരുക്കു മുഷ്ടിയില്‍ നിന്ന്​ രക്ഷിക്കാന്‍ വേണ്ടിയാണ്.

ഇന്ത്യക്കാര്‍ക്ക്​ സ്വയംഭരണം ഏല്‍പ്പിച്ചു കൊടുത്ത്​ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയാല്‍, ഇന്ത്യന്‍ സ്ത്രീകളെ അടിമത്തത്തില്‍ നിന്ന്​ കരകയറ്റാന്‍ വേറെയാരാണുള്ളതെന്ന് ചോദിച്ച്​ മറ്റൊരു അമേരിക്കന്‍ പത്രപ്രവര്‍ത്തക- കാതറിന്‍ മെയോ (Katherine Mayo ) 1927- ല്‍ മദർ ഇന്ത്യ എന്ന ഒരു പുസ്തകം (Mother India) തന്നെ എഴുതി. ഇന്ത്യയ്ക്കു ഭരണമാറ്റം വേണോ എന്നു നിശ്ചയിക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെൻറ്​ സൈമണ്‍ കമീഷനെ നിയമിച്ച അതേ വര്‍ഷത്തിലാണ് ഈ പുസ്തകം പുറത്തുവന്നത്. ഇതേ കാതറിന്‍ മെയോ തന്നെ, ഫിലിപ്പൈന്‍സില്‍ സ്വാതന്ത്ര്യസമരം ശക്തമായപ്പോള്‍, ആ രാജ്യത്തെ സമൃദ്ധിയിലേക്കു നയിക്കാന്‍, അവിടം അമേരിക്കയുടെ കോളനിയായി തന്നെ തുടരണമെന്നാവശ്യപ്പെട്ട്​ 1925 ല്‍ ഫിയര്‍: ദ ട്രൂത്ത് എബൗട്ട് ദ ഫിലിപ്പൈന്‍സ് (Fear: the truth about the Philippines) എന്ന പുസ്തകവും എഴുതിയിരുന്നു.

കാതറിന്‍ മെയോ
കാതറിന്‍ മെയോ

ആഗോള സ്ത്രീവിമോചനത്തിനുവേണ്ടി അന്നും ഇന്നും സമരം ചെയ്യുന്ന ഇംപീരിയല്‍ ഫെമിനിസത്തിന്റെ വെട്ടിത്തിളങ്ങുന്ന മുഖം നമ്മളില്‍പ്രതിഷ്ഠിക്കുന്നു, ലോറ ബുഷിന്റെയും കാതറിന്‍ മെയോയുടെയും ഉദ്യമങ്ങള്‍. സത്യത്തില്‍, പണ്ടത്തെയും ഇപ്പോഴത്തെയും ആണ്‍കോയ്മയുടെ സാമ്രാജ്യത്വാധിനിവേശത്തിന്​ കഞ്ഞി വെക്കുകയാണ് ഇവരുടെ ലിബറല്‍ ഫെമിനിസം. മാത്രമല്ല, കോളനി നാടുകളിലെ സ്ത്രീമുന്നേറ്റങ്ങളെ കണ്ടില്ലെന്നു നടിച്ച്​ ( ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണം തുടങ്ങിയപ്പോള്‍ മുതല്‍ അധിനിവേശത്തെ ഒന്നാമതായി ചെറുത്ത പെണ്‍ചരിത്രം), ലിബറല്‍ സാമ്രാജ്യത്വവും അതിനെ പിന്‍പറ്റുന്ന ഫെമിനിസവും ഇല്ലെങ്കില്‍ വിമോചനം സാധ്യമാകാത്ത നിഷ്‌ക്രിയ ശരീരങ്ങളായി മൂന്നാംലോക വനിതകളെ അവതരിപ്പിക്കുകയും ചെയ്യുന്നു.

ഇറാഖിലായാലും അഫ്ഗാനിസ്ഥാനിലായാലും ബ്രിട്ടീഷ് ഇന്ത്യയിലായാലും മൂന്നാംലോക സ്ത്രീവിമോചനത്തിന്റെ മൂന്നുപാധിയായി അന്നും ഇന്നും അധിനിവേശം ന്യായീകരിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ തദ്ദേശീയ പുരുഷാധിപത്യ വ്യവസ്ഥയെ പരോക്ഷമായി ബലപ്പെടുത്തിക്കൊണ്ടാണ് ആഫ്രോ- ഏഷ്യന്‍- ലാറ്റിനമേരിക്കന്‍ സമൂഹങ്ങളില്‍ അധിനിവേശം ചിരസ്ഥായിത്വമാര്‍ജ്ജിക്കുന്നത്. ഇന്ത്യയില്‍ ബ്രാഹ്മണമതത്തില്‍ മാത്രം പ്രബലമായിരുന്ന ‘കുലസ്ത്രീ’വാദത്തെ ചാതുര്‍വര്‍ണ്യത്തിനകത്തുമാത്രമല്ല, അതില്‍ പെടാത്ത വ്യത്യസ്തങ്ങളായ എല്ലാ ജാതികളിലേക്കും ഗോത്രങ്ങളിലേയ്ക്കും വ്യാപിപ്പിക്കുന്നതിന്​ അവസരമാരുക്കി, ഇന്നു കാണുന്ന ഹിന്ദുവനിതാ നിര്‍മ്മാണത്തിന്​ വളംവെച്ചു കൊടുത്തത് ഇംഗ്ലീഷ് ഭരണമാണ്. ഇന്ത്യാ മഹാരാജ്യത്തെ അവര്‍ ഏകീകരിച്ചത് ഭൂമിശാസ്ത്രപരമായി മാത്രമല്ല, അതിലും ദൂരവ്യാപകമായി സാംസ്‌ക്കാരികമായിട്ടു കൂടിയാണ്. അഖില ഭാരതീയ കുലസ്ത്രീ നിര്‍മിതി അതില്‍ മുഖ്യമായ ഒന്നത്രേ.

സതി സമ്പ്രദായം നിര്‍ത്തലാക്കുന്നതിനെപ്പറ്റി 19-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ നടന്ന കോടതി വ്യവഹാരങ്ങളെ പരിശോധിച്ച്​ ലത മണി (Lata Mani ) തന്റെ പഠനത്തില്‍ എഴുതി: സതിയെ എതിര്‍ത്തവരും അതിനെ പിന്തുണച്ചവരും വിധി പ്രസ്താവിക്കുന്ന ഇംഗ്ലീഷ് കോടതിയും അവരവര്‍ക്കു വേണ്ട തെളിവുകള്‍ പരതിയത് അന്നത്തെ പലവിധ നാട്ടുനടപ്പുകളിലോ മാനവസമൂഹത്തിന്റെ ധര്‍മ്മാധര്‍മ്മ വിവേചനബോധത്തിലോ അല്ല, ലിഖിത ഗ്രന്ഥങ്ങളായ വേദോപനിഷത്തുക്കളിലും ധര്‍മ്മശാസ്ത്രങ്ങളിലുമാണ്. അഥവാ, എഴുതിവെച്ച മതപ്രമാണങ്ങളെ ആധികാരിക തെളിവായി കോടതി ആവശ്യപ്പെടുകയായിരുന്നു. മതഗ്രന്ഥങ്ങള്‍ സതി അനുശാസിക്കുന്നതിനാല്‍, ഹിന്ദുവികാരങ്ങളെ വ്രണപ്പെടുത്താന്‍, മതങ്ങളോട് സഹിഷ്ണുത പുലര്‍ത്തുന്ന പാശ്ചാത്യ ലിബറല്‍ ഭരണകൂടം തയ്യാറല്ലെന്നും, ആചാരങ്ങള്‍ക്ക് സര്‍വ്വവിധ പിന്തുണയും നല്‍കുമെന്നുമായിരുന്നു കോടതി നിലപാട്. (മാത്രമല്ല, തങ്ങളുടെ മത ഗ്രന്ഥങ്ങളില്‍ എങ്ങനെ ജീവിക്കണം എന്ന് എഴുതിവെച്ചിരിക്കുന്നത് ഏതാനും പണ്ഡിത ബ്രാഹ്മണര്‍ മാത്രം അറിഞ്ഞാല്‍ പോരാ, അത് എല്ലാ ഹിന്ദുക്കളെയും ധരിപ്പിക്കേണ്ട ദൗത്യവും തങ്ങളുടേതാണെന്നും ഇംഗ്ലീഷ് ഭരണം തീരുമാനിച്ചു) തുടര്‍ന്ന്​ കോടതി നിര്‍ദ്ദേശമനുസരിച്ച്​ കമ്പനി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍, വിവരങ്ങള്‍ കൃത്യമായും വിശദമായും രേഖപ്പെടുത്തിയാണ് 1815-1829 കാലത്ത് ബംഗാളില്‍ സതി അനുഷ്ഠിച്ചുപോന്നത്.

1829 ഡിസംബര്‍ നാലിന്​ സതി സമ്പ്രദായം നിരോധിക്കുന്നതാകട്ടെ, ഭര്‍ത്താവിനൊപ്പം ഭാര്യയെയും അതേ ചിതയില്‍ ദഹിപ്പിക്കണമെന്ന്​ മനുസ്മൃതിയും വേദങ്ങളും ശഠിക്കുന്നില്ല എന്ന രാജാറാം മോഹന്‍ റായിയുടെ വാദങ്ങള്‍ അംഗീകരിക്കേണ്ടിവന്നതിനാലത്രേ. മതശാസനങ്ങളെ മുന്‍നിര്‍ത്തിയുള്ള അദ്ദേഹത്തിന്റെ യുക്തിയെ ഖണ്ഡിക്കുന്നതില്‍ അതേ മതപാഠാവലികള്‍ ഉദ്ധരിച്ച യാഥാസ്ഥിതിക പക്ഷം തോറ്റുപോകുകയായിരുന്നു. കൂടെ ചിതയില്‍ കത്തിത്തീരുന്നതിനേക്കാളും, പാതിവ്രത്യം മുറുകെ പിടിച്ച്​, മരണം വരെ വിധവ ത്യാഗജീവിതം നയിക്കണം എന്ന ബദല്‍ മാര്‍ഗ്ഗത്തെ വിശുദ്ധഗ്രന്ഥങ്ങള്‍ കൂടുതല്‍ പിന്തുണയ്ക്കുന്നുവെന്ന്​ രാജാറാം മോഹന്‍ റായ് സ്ഥാപിച്ചത് ചെവിക്കൊള്ളാതിരിക്കാന്‍ കോടതിക്കു നിവൃത്തിയില്ലാതായി. ഇതോടെ കമ്പനിയുടെ ലിബറല്‍ നീതിന്യായ വ്യവസ്ഥ, ബംഗാളിലെ ഉന്നത ജാതികളില്‍, പ്രത്യേകിച്ചും ബ്രാഹ്മണര്‍ക്കിടയില്‍ നിലനിന്നിരുന്ന സതി സമ്പ്രദായം നിരോധിക്കുകയും ചെയ്തു.

Photo : Wikimedia Commons
Photo : Wikimedia Commons

ചുരുക്കത്തില്‍, പച്ചയോടെ പെണ്‍ശരീരത്തെ തീയിലേക്കെറിഞ്ഞു കൊല്ലുന്ന ആണ്‍കോയ്മയുടെ ക്രൂരാചാരം കമ്പനി ഭരണത്താല്‍ ചരിത്രമായി മാറിയപ്പോള്‍ തന്നെ, ഈ രാജ്യത്തു പിറന്നു എന്ന ഒറ്റക്കാരണത്താല്‍ ബഹുഭൂരിപക്ഷത്തിന്റെയും - അതില്‍ തന്നെ പെണ്‍സമൂഹത്തിന്റെ ജീവിതക്രമത്തെ - ബ്രാഹ്മണ്യ പുരുഷാധിപത്യത്തില്‍ തളച്ചിടുന്ന അടിസ്ഥാന സംഹിതകളാക്കി ശ്രുതിസ്മൃതികളെ രാഷ്ട്രീയവല്‍ക്കരിക്കുകയും സാംസ്‌ക്കാരികവല്‍ക്കരിക്കുകയും ചെയ്തു, സതിനിരോധന വ്യവഹാരങ്ങള്‍. കാരണം അധിനിവേശാധികാരം അതിന്റെ ബീജാണുക്കളില്‍ തന്നെ ആണ്‍കോയ്മയായി ജനിക്കുന്നു. അതുകൊണ്ട് സതി സമ്പ്രദായം നിര്‍ത്തിയെങ്കിലും, താരതമ്യേന പെണ്‍ വ്യക്തിസ്വാതന്ത്ര്യം അനുഭവിച്ചിരുന്ന ദലിത് - ആദിവാസി ലോകങ്ങളെ വരെ ബ്രാഹ്മണ്യത്തിന്റെ കാലടികള്‍ക്കു കീഴിലാക്കി, പുതിയ തദ്ദേശീയ - വിദേശ പുരുഷാധീശ കൂട്ടുകെട്ട്.

ആണധികാരത്തെ പാലൂട്ടി വളര്‍ത്താതെ അധിനിവേശം സാധ്യമല്ല. അതുപോലെ, അധികാരവുമായി കൈകോര്‍ക്കാതെ ആണ്‍കോയ്മയും അസാധ്യമാണ്. അഥവാ അധിനിവേശത്തിന്റെ അമരത്വം സ്ഥായിയാക്കുന്ന കവചകുണ്ഡലമാണ് ആണ്‍കോയ്മ. യൂറോപ്യന്‍ അധിനിവേശം തോക്കും തൊപ്പിയും ധരിച്ച്​ മീശ പിരിച്ചുവെച്ച്​ ഫോട്ടോയ്ക്കു പോസു ചെയ്യുന്ന ഒരു ശിക്കാരിയുടെ പൗരുഷധീരതയെ ഓര്‍മ്മിപ്പിക്കുന്നു. മറിച്ച്​, അയാള്‍ നാട്ടുപുരുഷന്മാരെ സഹായികളാക്കി നായാട്ടിനിറങ്ങുന്ന ആഫ്രോ - ഏഷ്യന്‍ - ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡങ്ങളാകട്ടെ ആമസോണ്‍ കാടു പോലെയും പശ്ചിമഘട്ടം പോലെയും ഇരുണ്ട പെണ്ണുങ്ങളാണ്. ആണ്‍കോയ്മയുടെ ആഗോളീകൃത രൂപമാണ് ലിബറല്‍ സാമ്രാജ്യത്വം. പ്രത്യുല്പാദനത്തിന്റെ രണ്ടുതരം ഭാവങ്ങളെ - പെണ്ണിനെയും പ്രകൃതിയെയും, അവരുടെ പ്രത്യുല്പാദന സ്വയാധികാരത്തെ നിഷ്‌ക്രിയമാക്കി, ആണ്‍ ഉല്പാദന വ്യവസ്ഥക്കുവേണ്ടി സവിശേഷ ശൈലിയില്‍ പുനഃസംഘടിപ്പിക്കുന്നതിലൂടെയാണ് ലിബറല്‍ സാമ്രാജ്യത്വം സ്ഥാപിതമാകുന്നത്.

കോളനിവല്‍ക്കരണം എന്നാല്‍ പ്രത്യുല്പാദന മൂല്യത്തെ യാതൊരു രീതിയിലും അംഗീകരിക്കാത്ത സാമ്പത്തിക മനസ്സിന്റെ ആണ്‍വാഴ്ചയത്രേ. പശ്ചിമഘട്ട മലനിരകളുടെ പ്രത്യുല്പാദന ധര്‍മ്മത്തെ തിരസ്‌ക്കരിച്ച്​ അവയെ കണ്ണന്‍ ദേവന്‍ ഹില്‍സ് - ആക്കി ‘ഉല്പാദനപര’മാക്കുന്ന പ്ലാന്റേഷനാണ് ലിബറല്‍ കൊളോണിയലിസത്തിന്റെ സാമ്പത്തികാടിത്തറ. ഇപ്പോള്‍ നവ ലിബറല്‍ സമയത്താകട്ടെ, അന്നത്തെ ചായത്തോട്ടങ്ങള്‍ റിസോര്‍ട്ടുകളായോ ക്വാറികളായോ ‘റീസൈക്കിള്‍‘ ചെയ്ത്​, അവശേഷിക്കുന്ന പ്രത്യുല്പാദനശേഷിയെ കൂടി ഊറ്റിയെടുക്കുന്നതു കാണാം. ഉല്പാദനം ആണത്തവും പ്രത്യുല്പാദനം പെണ്ണത്തവുമായി വേര്‍പെടുത്തി ലിംഗഭേദം ആരോപിച്ചും, പ്രത്യുല്പാദനത്തിനുമേല്‍ ഉല്പാദനത്തിന്റെ മേല്‍ക്കോയ്മ രാഷ്ട്രീയ- സാമ്പത്തിക ശാസ്ത്രം വഴി സിദ്ധാന്തമാക്കി ചമച്ചും സാമ്രാജ്യത്വം നീണാള്‍ വാഴുന്നു.

18-ാം നൂറ്റാണ്ടു മുതലുള്ള യൂറോപ്യന്‍ ആധുനിക നാഗരിക ആണ്‍ ഉല്പാദനവ്യവസ്ഥയുടെ വിഭവങ്ങള്‍ മുഴുവന്‍, അവിടെ സ്വയംഭൂവായി സംഭവിച്ചതല്ലെന്നും മറിച്ച്, മൂന്നാംലോകങ്ങളിലെ പ്രത്യുല്പാദന സംവിധാനങ്ങളെ തകര്‍ത്ത്​ ആര്‍ജ്ജിച്ചതാണെന്നും റോസ ലക്‌സംബര്‍ഗ്ഗ് പറയുന്നുണ്ട്. യൂറോ - അമേരിക്കന്‍ ലിബറല്‍ സമ്പദ്ഘടനയുടെ നിലനില്പും വളര്‍ച്ചയും അവിടങ്ങളിലെ കൂലിവേലക്കാരായ ആധുനിക ഫാക്ടറി തൊഴിലാളികളുടെ അധ്വാനശക്തിയെ ആശ്രയിച്ചല്ല എന്നും അതിലുപരി കോളനികള്‍, പ്രത്യേകിച്ച് സ്ത്രീകള്‍, നാമമാത്ര കൃഷിക്കാര്‍, പ്രകൃതി എന്നിവരുടെ കൂലിയില്ലാവേല (non-wage labour) യെ കീഴ്‌പ്പെടുത്തിയാണ് ലിബറല്‍ സാമ്രാജ്യത്വം വികസിക്കുന്നതെന്നും റോസ ലക്‌സംബര്‍ഗ് ചൂണ്ടിക്കാട്ടി. വികസിത രാഷ്ട്രങ്ങളുടെ അധികോല്പാദനത്തിന്റെയും അമിതോപഭോഗത്തിന്റെയും യഥാര്‍ത്ഥ വിഭവ സ്രോതസ്സ് പെണ്ണിന്റെയും പ്രകൃതിയുടെയും, ആണും പെണ്ണും ഒന്നിച്ചു പണിയെടുക്കുന്ന നിര്‍ധന കൃഷിസമൂഹങ്ങളുടെയും കൂലിയതീത വേലയത്രേ.

റോസ ലക്‌സംബര്‍ഗ്
റോസ ലക്‌സംബര്‍ഗ്

മൂന്നാംലോകത്തെ സ്വയം സാധ്യമായ ഉല്പാദന വ്യവസ്ഥയായിട്ടല്ല, പകരം യൂറോപ്യന്‍ ഉല്പാദന വ്യവസ്ഥയുടെ അഭിവൃദ്ധിക്കുവേണ്ട അസംസ്‌കൃത വിഭവങ്ങള്‍ നല്‍കുന്ന രണ്ടാം തരം പ്രത്യുല്പാദന വ്യവസ്ഥയായിട്ടാണ് കോളനി സാമ്രാജ്യത്വം ഉപയോഗിച്ചത്. കോളനികളില്‍ ആഭ്യന്തരമായി നിലനിന്ന പുരുഷാധിപത്യ പ്രവണതകളെ സര്‍വ്വവ്യാപിയാക്കിയും ബലിഷ്ഠമാക്കിയും മൂന്നാം ലോകത്തെ പ്രത്യുല്പാദന വ്യവസ്ഥയെ അവര്‍ വരുതിയിലാക്കി. യൂറോപ്യന്‍ ഉല്പാദനവ്യവസ്ഥ കൂലിവേലയില്‍ അധിഷ്ഠിതമായതിനാല്‍ അത്​ ഉത്തമവും മൂന്നാംലോക പ്രത്യുല്പാദന വ്യവസ്ഥ കൂലിയില്ലാത്ത (കൂലിയതീത ) പെണ്‍വേലയായതിനാല്‍ അത് അധമവും എന്നാണ് ലിബറല്‍ സാമ്പത്തിക ക്രമത്തിന്റെ വ്യാഖ്യാനം. അതിനാല്‍ അധിനിവേശത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായി കോളനി സാമ്രാജ്യത്വം വാഗ്ദാനം ചെയ്തതാകട്ടെ, കൂലിയില്ലാ വേലയില്‍ നിന്ന്​ കൂലിവേലയിലേക്ക്​ മൂന്നാംലോക സമ്പദ്ഘടനകളെ വിശിഷ്യാ, അതിലെ പെണ്‍വര്‍ഗ്ഗത്തെ ശാക്തീകരിക്കും എന്നാണ്. അതായത്​, പ്രത്യുല്പാദനത്തില്‍ നിന്ന്​ ഉല്പാദനത്തിലേക്ക്, അവികസനത്തില്‍ നിന്ന്​ വികസനത്തിലേക്ക്.

19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ഇംഗ്ലണ്ടില്‍ നിന്നെത്തിയ വിദേശവസ്ത്രങ്ങള്‍ ഇന്ത്യന്‍ തുണിവ്യവസായത്തെ തകര്‍ത്തപ്പോള്‍ അതുവരെ വീടുകളില്‍ ആണും പെണ്ണും ചേര്‍ന്നു ചെയ്തിരുന്ന നെയ്ത്തുപണികള്‍ സ്ത്രീകള്‍ക്കു നഷ്ടപ്പെട്ടു. അവര്‍ ഉല്പാദന പ്രവര്‍ത്തനത്തില്‍ നിന്ന്​ പുറത്താക്കപ്പെട്ടു. പുരുഷന്മാരാകട്ടെ നഗരങ്ങളിലെ ഫാക്ടറികളിലേക്കും മറ്റും പുതിയ കൂലിവേലക്കാരായി പോകുകയും ചെയ്തു. അപ്പോള്‍ വീട്ടുപണി ചെയ്യുന്ന പെണ്ണ് രണ്ടാംതരം കൂലിയില്ലാ വേലക്കാരിയായി ‘അണ്‍ പ്രൊഡക്ടീവ്’ ആയി. പുറത്തുപോയി പണി ചെയ്ത്​ കാശു കൊണ്ടുവന്ന ആണാകട്ടെ വര്‍ദ്ധിതാധികാരിയായി പ്രബലനാകുകയും ചെയ്തു. പിന്നീട് നെയ്ത്തുശാലകളില്‍ സ്ത്രീകളെ ജോലിക്കെടുത്തപ്പോള്‍ അവരെ ആണുങ്ങള്‍ക്കൊപ്പം തുല്യവേതനത്തിന്​ അര്‍ഹരാക്കിയുമില്ല. ബ്രിട്ടീഷ് നയങ്ങളുടെ സാമ്പത്തിക തിരിച്ചടികള്‍ ആണുങ്ങളെ ‘കുടുംബം പുലര്‍ത്തുന്ന’ പദവിക്കാരാക്കി ഉയര്‍ത്തിയ സമയത്ത്, സ്ത്രീകളുടെ പങ്കാളിത്തത്തെ കഴിവുകെട്ട തൊഴിലായി (unskilled work ) തരം താഴ്ത്തിയെന്ന് സമിതാ സെന്‍ ( Samita Sen) പറയുന്നു. നാട്ടിന്‍പുറങ്ങളില്‍ നിന്ന്​ കൂലിവേലക്കാരാക്കി പെണ്ണുങ്ങളെ സായിപ്പിന്റെ ചായത്തോട്ടങ്ങളില്‍ എത്തിച്ചപ്പോഴും പ്രത്യുല്പാദന ശരീരങ്ങള്‍ എന്ന ഒറ്റക്കാരണത്താല്‍ അവര്‍ ഉല്പാദനവ്യവസ്ഥയില്‍ അധഃകൃതരാക്കപ്പെട്ടു. ഇന്നും അതിന്​ യാതൊരു മാറ്റവും വരുത്താന്‍ കൂലിവേലയുടെ കോളനിത്വ പുരുഷാധിപത്യ വരേണ്യത ശിരസ്സിലേന്തുന്ന നാം അണുവിട തയ്യാറല്ല എന്നതുകൊണ്ടാണല്ലോ മൂന്നാറിലെ ‘പൊമ്പിളൈ ഒരുമൈ’ നാനാവിധമായി പോയത്.

ആഫ്രിക്കയിലും യൂറോപ്യന്‍ അധിനിവേശം പരമ്പരാഗത ആണ്‍- പെണ്‍ ബന്ധങ്ങളെ വൈരുദ്ധ്യത്തിലാക്കുന്നുണ്ട്. പെണ്ണുങ്ങള്‍ക്കും മുന്‍കൈയും പങ്കാളിത്തവും ശക്തമായിരുന്ന നാട്ടു ഭരണവ്യവസ്ഥകളെ ഒഴിവാക്കി, അധികാരമത്രയും ആണുങ്ങളില്‍ സമാഹരിക്കുന്ന ഗോത്രനേതൃത്വങ്ങളെ വാഴിച്ചാണ്​ കോളനിഭരണം അവിടങ്ങളില്‍ കാര്യക്ഷമമാക്കിയത്. കോളനി വ്യവസ്ഥയ്ക്കു മുമ്പ് ആഫ്രിക്കന്‍ സമൂഹങ്ങളില്‍ പെണ്ണുങ്ങള്‍ കൃഷിയിലും പ്രാദേശിക വ്യാപാരത്തിലും പങ്കാളികളായിരുന്നു. എന്നാല്‍ നൈജീരിയയില്‍ ബ്രിട്ടീഷുകാര്‍ ആണുങ്ങളെ മാത്രം ഭൂവുടമകളാക്കുന്ന പരിഷ്‌ക്കാരം കൊണ്ടു വന്നതോടെ സ്ത്രീകള്‍ ഉല്പാദന- വിപണന മേഖലയില്‍ നിന്ന്​ പുറത്താക്കപ്പെടുകയും അവരുടെ സാമ്പത്തിക സ്വാശ്രയത്വം ക്ഷയിക്കുകയും ചെയ്തു.

ഇന്ത്യയില്‍ സ്ത്രീകള്‍ ഉല്പാദന മേഖലകളില്‍ സജീവമായിരുന്ന ജാതികളില്‍ സ്ത്രീകള്‍ക്കു മേല്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമായിരുന്നില്ല. ലിംഗായത്ത്, കാപുകള്‍, ജാട്ടുകള്‍ എന്നിവര്‍ക്കിടയില്‍ വിവാഹമോചനവും, പുനര്‍ വിവാഹവും സാധാരണമായിരുന്നു. തെക്കേ ഇന്ത്യ, ബീഹാറിലെ വടക്കന്‍ പ്രദേശങ്ങള്‍, ഒറീസ, ചോട്ടാ നാഗ്പൂര്‍, ആസാം എന്നിവിടങ്ങളില്‍ എല്ലാ ഗോത്രങ്ങളിലും ജാതികളിലും (ബ്രാഹ്മണര്‍, കായസ്ഥര്‍, ബനിയാ, രജപുത്ര ഒഴികെ) പുനര്‍വിവാഹം അനുവദിച്ചിരുന്നു. ബ്രിട്ടണിലെ ലിബറല്‍ സ്ത്രീവാദക്കാര്‍ ഇന്ത്യയിലെ വിധവകളുടെ ദുര്‍ഗതിക്ക്​ അറുതി വരുത്താന്‍ പുനര്‍വിവാഹ നിയമത്തിനായി ഇംഗ്ലീഷ്​ ഭരണകൂടത്തോട് ആവശ്യപ്പെട്ടു, 1856- ല്‍ വിധവാ വിവാഹ നിയമം (Hindu Widows' Remarriage Act) കൊണ്ടുവന്നപ്പോള്‍ എല്ലാ വിധവകള്‍ക്കും, അവര്‍ പുനര്‍ വിവാഹത്തിലേര്‍പ്പെട്ടാല്‍ ആദ്യ ഭര്‍ത്താവിന്റെ കുടംബസ്വത്തിലുള്ള അവകാശം തന്നെ ഇല്ലാതാക്കുകയുണ്ടായി. പുനര്‍വിവാഹം പരമ്പരാഗതമായി സാധ്യമായിരുന്ന സ്ത്രീകളെ ഈ നിയമം നിര്‍ധനരാക്കി മാറ്റുമെന്നു കണ്ട്, അലഹബാദ് കോടതി അത്തരം ജാതികള്‍ക്ക് പുതിയ വിധവാവിവാഹ നിയമം ബാധകമാക്കേണ്ടതില്ല എന്നു വിധിക്കുന്നുണ്ട്. പക്ഷേ ബോംബേ, കല്‍ക്കട്ടാ, മദ്രാസ് ഹൈക്കോടതികള്‍, മുന്‍രീതികള്‍ മുഴുവന്‍ അസാധുവാക്കി എല്ലാ ജാതികളെയും ഈ നിയമത്തിനു കീഴില്‍ കൊണ്ടുവരികയും, പരമ്പരയാ സ്ത്രീകള്‍ക്കു ലഭ്യമായിരുന്ന സാമ്പത്തികാവകാശങ്ങള്‍ റദ്ദാക്കുകയും ചെയ്തു.

Photo: news.vrindavantoday.org
Photo: news.vrindavantoday.org

സമൂഹത്തില്‍ തീരെ ചെറിയ വിഭാഗമായ ചില ഉന്നത ജാതികള്‍ നേരിട്ട പ്രശ്‌നം പരിഹരിക്കുന്നതിനായി നിയമം സൃഷ്ടിച്ചതിലൂടെ, പുനര്‍വിവാഹം സാധ്യമായിരുന്ന ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ക്ക്​ നീതി ലഭ്യമാക്കിയിരുന്ന പാരമ്പര്യ നിയമങ്ങളെ കോളനി അധികാരികള്‍ മനപ്പൂര്‍വ്വമല്ലെങ്കില്‍ കൂടി ഇല്ലായ്മ ചെയ്തുവെന്നു ഇതേപ്പറ്റി വര്‍ഷ ചിറ്റ്‌നിസും ധന്യ സി. റൈറ്റും (Varsha Chitnis & Danaya C. Wright) നടത്തിയ പഠനം പറയുന്നു. കാരണം, ബ്രിട്ടീഷ് വനിതകളോ കോളനി അധികാരികളോ ഇന്ത്യന്‍ വൈവിധ്യങ്ങളെ മനസ്സിലാക്കാന്‍ മുതിര്‍ന്നില്ല. ഇന്നാട്ടിലെ സ്ത്രീസമൂഹങ്ങളുടെ അഭിപ്രായങ്ങളറിയാന്‍ ഇവരാരും മെനക്കെട്ടില്ല. സ്വയം ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും പ്രാപ്തിയുള്ളവരായി മൂന്നാംലോക പെണ്‍വര്‍ഗ്ഗത്തെ യജമാന സ്ത്രീവാദികളും കണക്കാക്കിയിരുന്നില്ല. പകരം ഇംപീരിയല്‍ പ്രത്യയശാസ്ത്രത്തിന്റെ അതേ ഭാഷയില്‍, ഇന്ത്യന്‍ ആ സ്ത്രീസമൂഹത്തെ പരിഷ്‌ക്കരിക്കേണ്ട വെളുത്ത വര്‍ഗ്ഗക്കാരുടെ അതേ ബാധ്യത (white Man's Burden) ഇംഗ്ലീഷ് വനിതകളും ഏറ്റെടുത്തുവെന്ന് വര്‍ഷയും ധന്യയും നിരീക്ഷിക്കുന്നു. തദ്ദേശീയ വരേണ്യവര്‍ഗ്ഗവും ഇന്ത്യന്‍ പുരുഷാധികാര ഘടനയുമാണ് വിധവാവിവാഹ നിയമത്തിന്റെ ആദ്യത്തെ ഗുണഭോക്താക്കളായി മാറിയതെന്നും അവര്‍ പറയുന്നു. ഈ നിയമത്തിലൂടെ കൂട്ടുകുടുംബ വ്യവസ്ഥയിലേക്ക്​ ഇംഗ്ലീഷ് നിയമങ്ങളെ അതേപടി പ്രവേശിപ്പിച്ചപ്പോള്‍ തന്നെ, ഹൈന്ദവവല്‍ക്കരണത്തിന് അത് സഹായകമാകുകയും എല്ലാ ജാതികളിലേക്കും ആണ്‍കോയ്മയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

കോളനി ഭരണകാലത്ത് എല്ലാ ജാതിമതത്തിലുമുള്ള പെണ്ണുങ്ങളെയും ഉത്തമ കുടുംബിനികളായി ആദര്‍ശവല്‍ക്കരിച്ച്​ പുരുഷാധികാരത്തിലേക്കു തെളിക്കുന്ന പ്രക്രിയ മൂന്നു തലങ്ങളില്‍ സംഭവിക്കുന്നതു കാണാം. ഒന്നാമത്തേത്, രാഷ്ട്രീയ ക്രമത്തില്‍ ഹിന്ദു കോഡ്, മുസ്​ലിം വ്യക്തിനിയമം എന്നിങ്ങനെ മതഗ്രന്ഥങ്ങളെ പ്രമാണമാക്കി ബ്രാഹ്മണ മൂല്യങ്ങളും പൗരോഹിത്യ ഔന്നത്യവും വ്യാപിപ്പിക്കുന്നതിലൂടെ സാധ്യമാകുന്ന ഏകശിലാ സ്ത്രീനിര്‍മിതിയായിരുന്നു. ഇതില്‍നിന്ന്​ ഊര്‍ജ്ജം സ്വീകരിച്ച്​ കരുത്താര്‍ത്തിച്ച കര്‍ക്കശ മതപ്രബോധനങ്ങളായിരുന്നു രണ്ടാമത്തെ ധാരയെങ്കില്‍, ഇവ രണ്ടിനെയും പൂരിപ്പിക്കുന്ന മിഷണറി സദാചാര പ്രചരണമായിരുന്നു മൂന്നാമത്തെ ആണ്‍പ്രത്യയശാസ്ത്രം. ഈ വിധം, എത്ര വിദ്യാഭ്യാസം സിദ്ധിച്ചാലും ഉന്നതോദ്യോഗം വഹിച്ചാലും, ജാതിമത വ്യവസ്ഥകള്‍ തെറ്റാതെ പാലിക്കുന്നതിനുള്ള ഗാര്‍ഹിക പരിശീലനക്കളരികളിലെ മാസ്റ്റര്‍ ട്രെയിനറായി പെണ്ണുങ്ങളെ നിയോഗിക്കാന്‍ ഭരണകൂട-പുരുഷാധികാര മൂല്യ ഘടനക്കു സാധിക്കുന്നു.

ഒരു വശത്ത് പുരാണങ്ങളിലൂടെ ശീലാവതിയും സാവിത്രിയും സീതയും ചാതുര്‍വര്‍ണ്യത്തിനു പുറത്തേക്ക്​, പുതുതായി വിദ്യാഭ്യാസമാര്‍ജ്ജിച്ച ജാതികളിലേയ്ക്ക്​ മാതൃകാ സ്ത്രീരത്നങ്ങളായി കുടിയേറിയെങ്കില്‍, അതോടൊപ്പം മറുവഴിക്ക്​, പെണ്‍ശരീരത്തിലെ കൈവിരലുകള്‍ പോലും പാപത്തിന്റെ കനിയായി കണ്ട് കൈയുറകള്‍ കൊണ്ട്​ പൊതിഞ്ഞ വിക്ടോറിയന്‍ സദാചാരവും അതിന്റെ മിഷണറി പ്രവര്‍ത്തനവും, ആണ്‍-പെണ്‍ പള്ളിക്കൂടങ്ങള്‍ വഴി പുരോഗമന നാട്യത്തില്‍ പ്രവേശിച്ച്​ പെണ്‍ അടക്കവും ഒതുക്കവും പ്രോത്സാഹിപ്പിക്കുന്നു. ചാതുര്‍വർണ്യ ജാതികളിലും ആണും പെണ്ണും ശ്രീകോവിലില്‍ ദേവതയ്ക്കു മുന്നില്‍ മാറു മറയ്ക്കാതെ ആദരവ് പ്രകടിപ്പിച്ചിരുന്ന ആചാരം, ആണുങ്ങള്‍ അതേപടി ഇന്നും പാലിക്കുന്നതും എന്നാല്‍, പെണ്ണുങ്ങള്‍ മേല്‍വസ്ത്രം അഴിക്കേണ്ടതില്ല എന്ന ഇളവ് അനുവദിക്കപ്പെട്ടതും, ശരീരത്തെ പറ്റിയുള്ള ആധുനിക ലിംഗവിവേചന കാഴ്ചപ്പാട് പുരോഗമന സംസ്‌ക്കാരമായി മാറിയതിന്റെ തെളിവാണ്.

Photo: Wikipedia
Photo: Wikipedia

കേരളത്തില്‍ നവ ലിബറലിസത്തിന്റെ തിരനോട്ടത്തിനു മുന്നോടിയായി, 1980- കളില്‍ പെണ്ണിലെ സര്‍ഗ്ഗാത്മകതയ്ക്ക്​ പ്രത്യുല്പാദന ഗുണങ്ങള്‍ക്കപ്പുറം മറ്റൊന്നും സാധ്യമല്ലെന്നുറപ്പിച്ച്​, ആള്‍ദൈവം അമ്മദൈവരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതു കാണാം. അതോടെ അമ്മ മൂല്യത്തിന്റെ ആത്മീയ വിപണിയിലെ രാഷ്ട്രാന്തര സാധ്യതകള്‍ കണ്ട് നമ്മള്‍ തന്നെ അന്തം വിട്ടുപോയി. പരമ്പരാഗത ബ്രാഹ്മണ - വിക്ടോറിയന്‍മൂല്യങ്ങള്‍ സ്ത്രീയിലെ അമ്മത്തത്തില്‍ നടത്തിയ കേരളീയ വിളവെടുപ്പിന്റെ അനന്തരഫലമാകണം ‘അമ്മ തൃശൂരില്‍’, ‘അമ്മ കോഴിക്കോട്’ എന്നിങ്ങനെ മക്കളെ ആലിംഗനം ചെയ്യാന്‍ ആള്‍ദൈവമെത്തുന്നതിന്റെ പോസ്റ്ററുകള്‍ 1990- കളില്‍ നഗരങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ കാരണം. അത്യാര്‍ത്തിയുടെ പുരുഷാധീശ തലവേദനകള്‍ക്കുള്ള വേദനാസംഹാരിയെന്ന നിലയില്‍ നവ ലിബറല്‍ക്കാലം ജീവനുള്ള പ്രസവിക്കാത്ത അമ്മ ദൈവങ്ങളെ ആവശ്യപ്പെടുന്നുണ്ടാകും. മറുവശത്ത് സ്ത്രീയില്‍ മറ്റെന്തിലും മേലെയാണ് പ്രത്യുല്പാദന ഭാവങ്ങള്‍ എന്ന അധ്യാരോപം സാക്ഷാത്കൃതമാകുകയും ചെയ്യുന്നു.

മൂന്നാംലോകത്തിന്റെ പ്രത്യുല്പാദന വ്യവസ്ഥയെ - കൂലിയതീത വേലയെ- വരുതിയിലാക്കിയാണ് കോളനി സാമ്രാജ്യത്വം വികസിച്ചതെങ്കില്‍ നവലിബറല്‍ക്കാലവും ലോകത്തുടനീളം പ്രത്യേകിച്ചും മൂന്നാംലോകത്ത് പെണ്ണിലെ പ്രത്യുല്പാദന ഭാവങ്ങളെ നവീന ശൈലിയില്‍ മുതലെടുത്താണ് ഭീമാകാരം പ്രാപിക്കുന്നത്. ആത്മീയ വ്യാപാരത്തിലെ അമ്മത്താരാധനക്കു സമാന്തരമായി, കേരളത്തിലെ ഭൗതിക വ്യാപാരത്തില്‍ 1990- കള്‍ മുതല്‍ ടെക്‌സ്‌റ്റൈല്‍, അണ്‍ എയ്ഡഡ് വിദ്യാലയം, പ്രൈവറ്റ് ആശുപത്രി എന്നീ സേവന മേഖലകളുടെ കുത്തനെയുള്ള വളര്‍ച്ചക്കായി, ഉത്തമ സ്ത്രീക്കുവേണ്ട ഗുണങ്ങളെ (ആതിഥ്യമര്യാദ, വിദ്യാഭ്യാസം, സഹാനുഭൂതി, ക്ഷമ, സഹനശക്തി, ത്യാഗശീലം, പൂമുഖ വാതിക്കല്‍ പൂത്തിങ്കള്‍ തുടങ്ങിയ മൂല്യങ്ങളെ ) അതിസമര്‍ത്ഥമായി വിനിയോഗിച്ചു വരുന്നു. ഇവരുടെ കൂലിയതീത വേലയല്ലാതെ മറ്റൊന്നുമല്ല കേരളത്തിലെ ഇത്തരം സ്വകാര്യ സേവന സംരംഭങ്ങളെ തടിച്ചു കൊഴുപ്പിക്കുന്നത്. ഈയിടെയാണല്ലോ തുണിക്കടകളിലെ പെണ്ണുങ്ങള്‍ക്ക്​ ഒന്ന്​ ഇരിക്കാനും മൂത്രമൊഴിക്കാനുമുള്ള പ്രാഥമിക അവകാശത്തിന്​ സമരം ചെയ്യാന്‍ പോലും സാധിച്ചത്.

ലൂയീസ് ഡാലിങ് വൊട്ടര്‍
ലൂയീസ് ഡാലിങ് വൊട്ടര്‍

ബ്രിട്ടണിലും നവ ലിബറല്‍ സാമ്പത്തിക ലോകത്ത് സ്‌ത്രൈണ പ്രത്യുല്പാദന ഭാവങ്ങളെ ഉപയോഗപ്പെടുത്തി സേവനമേഖല കുതിക്കുന്നതു കാണാം. അവിടെ, അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്‍ നിര്‍ദ്ദേശിക്കുന്ന മാന്യമായ തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്ത കുറഞ്ഞ കൂലിയില്‍ നേഴ്‌സറി സ്‌ക്കൂള്‍ അസിസ്റ്റന്റ്, വീട്ടുജോലി എന്നിങ്ങനെ പലവിധ സേവനങ്ങളിലാണ് പെണ്ണുങ്ങളേറെയും ഏര്‍പ്പെട്ടിരിക്കുന്നത്. നവ ലിബറല്‍ നയങ്ങളും തൊഴില്‍ മേഖലയിലെ കൂടിവരുന്ന ലിംഗവിവേചനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിന്റെ തെളിവുകള്‍ ബ്രിട്ടണില്‍ നിരവധിയാണെന്ന് ലൂയീസ് ഡാലിങ് വൊട്ടര്‍ (Louise Dalingwater) എഴുതുന്നു.

കുടുംബത്തില്‍ പെണ്ണ്​ ചെയ്യേണ്ടി വരുന്ന കൂലിയതീത വേലകളുടെ അനുബന്ധ ലോകമായിട്ടാണ്​, പ്രത്യേകിച്ച്​ മൂന്നാം ലോകരാജ്യങ്ങളില്‍, നവ ലിബറല്‍ തൊഴിലിടങ്ങള്‍ വളര്‍ത്തിയെടുത്തിരിക്കുന്നത്. അതായത് ലിബറല്‍ കോളനിവല്‍ക്കരണം പെണ്ണിലെ ‘വീട്ടമ്മത്ത’ത്തെ പുരുഷാധീശ ശീലങ്ങളെ ഉപയോഗപ്പെടുത്തി ഉറപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്‌തെങ്കില്‍, നവലിബറല്‍ ഉല്പാദന ലോകം വീട്ടമ്മയുടെ വിശ്രമസമയത്തെ പുതിയ തൊഴിലിടങ്ങളിലേക്കു ഉപയോഗപ്പെടുത്തി തൊഴിലിടത്തിലും വീട്ടമ്മവല്‍ക്കരണം (Housewifization) നടപ്പിലാക്കുന്നു. അങ്ങനെ അവര്‍ക്ക് സമയം പോകാന്‍ ഒരിടം അസംഘടിത മേഖലയില്‍ നല്‍കി, കൂലി കുറച്ചു പണിയെടുപ്പിച്ച്​, വികസനത്തിന്റെ ഭാഗമാക്കി അവരെ ‘ഉയര്‍ത്തു’ന്നു. ലിംഗാധിഷ്ഠിതമായ ഈ തൊഴില്‍ വിഭജനം ഗാര്‍ഹിക പുറംവേലികളെ പൊളിച്ചു കളഞ്ഞ്​​, ഇന്ന് അന്താരാഷ്ട്ര സാമൂഹ്യ ഘടനയായി മാറിയതിനെ ‘അന്തര്‍ദേശീയ വീട്ടമ്മവല്‍ക്കരണം' ( 'housewifization international') എന്നാണ് മെരിയ മൈസ് (Maria Mies) പേരിട്ടത്.

മെരിയ മൈസ്
മെരിയ മൈസ്

സാമ്രാജ്യ രാഷ്ട്രങ്ങളില്‍ (G-7 രാഷ്ട്രങ്ങള്‍) കൂലി കൂടുതലായതിനാല്‍, അവിടങ്ങളിലെ പല വേലകളും മൂന്നാംലോകത്തിലേക്കു കയറ്റുമതി ചെയ്ത്, അത്തരം വേലകളില്‍ (വസ്ത്രനിര്‍മ്മാണം, ഇലക്ട്രോണിക് അസംബ്ലി, കളിപ്പാട്ട വ്യവസായം) സ്ത്രീപങ്കാളിത്തം മുന്നിട്ടുനില്‍ക്കുമ്പോള്‍, അതിനെ ‘അടുക്കളയില്‍ നിന്ന്​ അരങ്ങത്തേക്ക് 'വരുന്ന മൂന്നാം ലോക സ്ത്രീവിമോചനമായി ഇംപീരിയല്‍ ഫെമിനിസം ഘോഷിക്കുന്നു. തൊഴിലിനെ വീട്ടമ്മവല്‍ക്കരിക്കുകയെന്നാല്‍, അലക്കിതേച്ച തുണിയുടുത്ത്​ വൃത്തിയായി ജോലിക്കെത്താനുള്ള കാശു കൊടുക്കല്‍ മാത്രമാണ്. പെണ്ണിന്റെ തൊഴില്‍ ആണിന്റേതു പോലെ മൂലധനം ഉല്പാദിപ്പിക്കുന്ന ഉല്പാദനപരമല്ലെന്ന വ്യാജബോധം നിലനിര്‍ത്തി അവരെ കോളനികളാക്കി മുരടിപ്പിക്കുന്നതു വഴി നവ ലിബറല്‍ പുരുഷ സാമ്രാജ്യങ്ങള്‍ വണ്ണം വെയ്ക്കുന്നു.

കോളനി യുഗത്തില്‍ ഭൂഗോളത്തിന്റെ വടക്കേ പാതിയില്‍ നിന്ന്​ തെക്കേ പാതിയിലേക്ക്​ സാമ്പത്തിക വിഭവങ്ങള്‍ സമാഹരിക്കുന്നതിനുള്ള യൂറോപ്യന്‍ കുടിയേറ്റമായിരുന്നു മുന്നിട്ടു നിന്നിരുന്നതെങ്കില്‍, നവ ലിബറല്‍ കാലത്ത് തൊഴില്‍രഹിത വികസനത്തിന്റെയും തുച്ഛവേതനത്തിന്റെയും തെക്കേപാതിയില്‍ നിന്ന്​ വടക്കോട്ട് ഉപജീവനം തേടിയുള്ള ഒഴുക്ക് അനുദിനം കൂടിവരുകയാണ്. വൃദ്ധപരിചരണം, വീട്ടുവേല, ലൈംഗികവൃത്തി എന്നീ മൂന്നു മേഖകളിലാണ് മൂന്നാംലോകത്തു നിന്ന്​ താഴെത്തട്ടിലുള്ള സ്ത്രീഗണങ്ങള്‍ കൂടുതലായും എത്തപ്പെടുന്നതെന്ന്​ ഷൂള്‍ ഫാല്‍കെ (Jules Falquet ) പറയുന്നു. 1990- കള്‍ മുതല്‍ ടൂറിസം ആഭ്യന്തര വരുമാനത്തിന്റെ പ്രധാനപ്പെട്ട വേദിയായി തെക്കന്‍ രാഷ്ട്രങ്ങളില്‍ പ്രോത്സാഹിപ്പിക്കപ്പെട്ടപ്പോഴും ഇവിടെയും വീട്ടമ്മപ്പണികളിലേക്കു ആനയിക്കപ്പെടുന്നതു പെണ്ണുങ്ങളാണെന്നു കാണാം.

Photo: IndBiz
Photo: IndBiz

എന്നാല്‍, വീട്ടമ്മജോലികളുടെ രണ്ടാംതരം സേവനമേഖലയില്‍ ദരിദ്രസമൂഹ സ്ത്രീകള്‍ അടിഞ്ഞു കൂടുന്നതിനു സമാന്തരമായി ‘ആണത്ത’ തൊഴിലുകള്‍ യുവാക്കള്‍ക്ക് പുതിയ സാഹസിക ലോകമായി വാതില്‍ തുറക്കുന്നതിനെപ്പറ്റി ഷൂള്‍ ഫാല്‍കെ എഴുതുന്നുണ്ട്. 1990- കള്‍ മുതല്‍ ഫൈനാന്‍സ് മൂലധനം ബ്ലെയ്ഡു കമ്പനികളെന്ന പേരില്‍ സജീവമായപ്പോള്‍, അവരുടെ സായുധ സംഘം എന്ന നിലയില്‍ കേരളത്തിലെ ബി.പി.എല്‍. കുടുംബങ്ങളില്‍ നിന്ന്​ ചെറുപ്പക്കാര്‍ക്കു ക്വട്ടേഷന്‍ സംഘത്തിലേക്ക്​ റിക്രൂട്ട്‌മെന്റ് വന്നത് അറിയുക. അന്ന് നഗരങ്ങളില്‍ മാത്രം കേട്ടു കേള്‍വിയുണ്ടായിരുന്ന ഗുണ്ടാപ്പണികള്‍ ഇപ്പോള്‍ ചെറുപട്ടണങ്ങളിലും തൊഴില്‍ മേഖലയാവുകയും, കക്ഷിരാഷ്ട്രീയമുള്‍പ്പെടെ മൂലധനച്ചെലവുള്ള എല്ലാ പോരാട്ടത്തിലും ആണത്തപ്പണികള്‍ക്കു ഡിമാന്റു കൂടുകയും ചെയ്തിരിക്കുന്നു. മയക്കുമരുന്ന്, കള്ളക്കടത്ത്, കുഴല്‍പ്പണം എന്നിങ്ങനെ പൗരുഷം മീശ പിരിക്കേണ്ടതും മടക്കിക്കുത്തേണ്ടതും മുഷ്ടിചുരുട്ടേണ്ടതുമായ തൊഴില്‍ വഴി ധനാഢ്യനായി ഉയരുന്ന -പണ്ട് പച്ചപ്പാവമായിരുന്ന ദരിദ്ര സവർണന്റെ - കത്തിവേഷത്തെ സിനിമയില്‍ കണ്ട്, ‘ഇവന്‍ താന്‍ ആണെ’ന്ന്​ ആബാലവൃദ്ധം ജനങ്ങളും കോള്‍മയിര്‍ കൊണ്ടതും ഇതേ കാലയളവിലാണല്ലോ.

വിഭവങ്ങള്‍ കരസ്ഥമാക്കുന്നതിന്​ രാജ്യങ്ങള്‍ക്കുള്ളിലും രാജ്യങ്ങള്‍ തമ്മിലുമുള്ള കടുത്ത മത്സരം മൂന്നാംലോകത്ത് ഭീകരവാദികള്‍, ഗറില്ലാ യുദ്ധക്കാർ, പടയാളികള്‍, സെക്യൂരിറ്റിക്കാര്‍, ഖനന മാഫിയ കാവല്‍ക്കാര്‍ എന്നിങ്ങനെ പലവിധ സായുധ ആണത്ത ജോലികളെ ഊട്ടി വളര്‍ത്തുന്നുണ്ട്. നവ ലിബറല്‍ ഭരണകൂടങ്ങളാകട്ടെ കൂടുതല്‍ കൂടുതല്‍ നിശിതായുധങ്ങള്‍ സമാഹരിച്ചും മാരകായുധങ്ങള്‍ നേരിട്ടും ഒളിഞ്ഞും വില്പന നടത്തിക്കൊണ്ടും തങ്ങളുടെ പുരുഷാധികാര ഘടന എന്നത്തെക്കാളും പ്രകടമാക്കുന്നുണ്ടിന്ന്. ഭരണാധികാരികളുടെ വിശേഷണങ്ങള്‍ പോലും ആണ്‍കരുത്തിന്റെ ചിഹ്നങ്ങളായ ‘52 ഇഞ്ച് നെഞ്ചും’ ‘ഇരട്ട ചങ്കു’മായി പ്രജകളെ സര്‍വ്വംസഹയായ പെണ്ണത്തത്തിലേക്ക്​ മാനസിക ലിംഗപരിവര്‍ത്തനം ചെയ്യുന്നതു നോക്കുക. മാത്രമല്ല, എവിടെയും പ്രജാസഞ്ചയം വഴിതെറ്റി പോകാതിരിക്കാന്‍ ഭരണകൂടത്തിന്റെ ആണ്‍ നിരീക്ഷണ വലയത്തിലായിരിക്കുന്നു ഇപ്പോള്‍.

ഇപ്രകാരം ഭരണകൂടവും, ഭരണാധികാരികളും അവരുടെ ആണ്‍പിറപ്പുകളും പൗരുഷമാര്‍ജ്ജിക്കുന്നതിനൊത്ത് സ്ത്രീ, പ്രകൃതി, ദലിത്-ആദിവാസികള്‍ എന്നീ പ്രത്യുല്പാദന ശക്തികള്‍ക്കെതിരെയുള്ള എല്ലാവിധ ബലാല്‍ക്കാരങ്ങളും പെരുകുന്നുണ്ടിന്ന്. ഇന്നും ലോകരാഷ്ട്രങ്ങളിലെ ലിംഗവിവേചനത്തിന്റെ കണക്കെടുത്താല്‍ മുന്‍ കോളനികളില്‍ സ്ത്രീകള്‍ യൂറോ-അമേരിക്കന്‍ നാടുകളിലേതിനേക്കാള്‍ കൂടുതല്‍ അക്രമങ്ങള്‍ക്കിരയാകുന്നതായി കാണാം. ലോകാരോഗ്യ സംഘടന, ലോകബാങ്ക്, യു.എന്‍ എന്നിവ പുറത്തുവിട്ട രേഖകളെ അടിസ്ഥാനമാക്കി ജനവീവ് മെനല്‍ ( Jenevieve Mannell) ഇതുസംബന്ധിച്ച്​ വിശകലനം നടത്തുന്നുണ്ട്​. മൂന്നാംലോക നാടുകളിലെ സ്ത്രീകള്‍ക്ക്​ ജീവിതപങ്കാളിയില്‍ നിന്ന്​ 50 മടങ്ങ് കൂടുതല്‍ അതിക്രമങ്ങള്‍ക്കുള്ള സാധ്യത ഇതര രാഷ്ട്രങ്ങളിലേതിനേക്കാള്‍ നിലനില്‍ക്കുന്നതായി മെനല്‍ പറയുന്നു, ‘പുരുഷാധിപത്യ സമൂഹങ്ങള്‍ കോളനിവാഴ്ചയുടെ ചരിത്രവുമായി സംഖ്യത്തിലാകുമ്പോള്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്കുള്ള സാധ്യത ഉയരുന്നുണ്ട്.’

നവ ലിബറലിസം തൊഴില്‍ കമ്പോളത്തിലേക്കു മൂന്നാംലോക വനിതയെ മോചിപ്പിച്ചപ്പോള്‍, ഫലത്തില്‍ വീടിന്റെ തുടര്‍ച്ചയെന്ന വിധം അവിടെയും മൂലധന ആണ്‍കോയ്മയുടെ കണ്ണരുട്ടലും ശകാരവും കൈയേറ്റവും കൂടി അനുഭവിക്കാതെ തരമില്ലെന്നായിരിക്കുന്നു. നടിയെ തട്ടിക്കൊണ്ടുപോയ കേസും അതിനെ തുടര്‍ന്നുള്ള കേസും കമ്മീഷന്‍ റിപ്പോര്‍ട്ടുമെല്ലാം ഓര്‍ക്കുന്നത് നന്ന്.

Photo: CSRBox
Photo: CSRBox

വീട്ടിലും പുറത്തും ലിംഗ സമത്വത്തിനും സ്വയംഭരണത്തിനും സ്ത്രീ സമൂഹം ഉയര്‍ത്തിയ അവകാശങ്ങളെയും സമരങ്ങളെയും നവലിബറല്‍ സ്ഥാപനങ്ങള്‍ സ്വയമേവ പുഞ്ചിരിയോടെ ഏറ്റെടുത്ത് രക്തഹാരങ്ങളായി കഴുത്തിലാണിഞ്ഞ്​ സ്ത്രീശാക്തീകരണത്തിന്റെ പദയാത്ര നടത്തുന്നുണ്ടിപ്പോള്‍. മൂന്നാംലോക സ്ത്രീകള്‍ക്കു വേണ്ടിയുള്ള സംരംഭക ലോണുകള്‍ ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ നന്നായി പ്രോത്സാഹിപ്പിക്കുന്നു. സ്ത്രീകളെ മാത്രം ലാക്കാക്കിയ മൈക്രോ ക്രെഡിറ്റ് ശാക്തീകരണങ്ങള്‍ സര്‍വ്വത്രയുണ്ട്. ധനകാര്യ മാനേജ്‌മെന്റില്‍ പെണ്ണ് ആണിനെ കടത്തിവെട്ടും എന്ന പുകഴ്ത്തലുകള്‍ സാധാരണമായിരിക്കുന്നു. ബഹുരാഷ്ട്ര കമ്പനിയായ യൂണിലിവര്‍ അവരുടെ ലൈഫ്‌ബോയ് സോപ്പും മറ്റും, പരസ്യങ്ങള്‍ കടന്നുചെല്ലാത്ത കുഗ്രാമങ്ങളില്‍ വീടുവീടാന്തരം പെണ്ണുങ്ങളിലെത്തിക്കാന്‍ 48,000 സ്ത്രീകളെ ആന്ധ്രാപ്രദേശില്‍ ഏര്‍പ്പാടാക്കി, അതിന് ‘ശക്തി അമ്മ പ്രോജക്​റ്റ്​’ എന്നു പേരിട്ടു. അതുവഴി പ്രാദേശിക സോപ്പു നിര്‍മ്മാണ കേന്ദ്രങ്ങള്‍ അവതാളത്തിലായി. അവരും ലൈഫ്‌ബോയ് ഏജന്റുമാരായി. ആരോഗ്യത്തിന് ലൈഫ്​ ബോയ്​ മതിയെന്നും നല്ല കുടിവെള്ളത്തിന് അതില്‍ പങ്കൊന്നുമില്ലെന്നും ഗ്രാമീണ വനിതകള്‍ പഠിക്കുന്നു. എതിരാളിയെ കടത്തിവെട്ടി മത്സരിച്ചു വില്‍ക്കുന്നതിലൂടെയാണ് ഉയര്‍ച്ചയെന്ന ലിബറല്‍ തത്വം സോപ്പുവില്പനയില്‍ പങ്കാളികളായവരെല്ലാം ഹൃദിസ്ഥമാക്കുന്നു. മറുവശത്താകട്ടെ സ്ത്രീ സംരംഭകരെ വളര്‍ത്തിക്കൊണ്ടുവരാനുളള സര്‍ക്കാര്‍യജ്ഞത്തിന്റെ ഭാഗമായി ചെറുകിട സോപ്പുകമ്പനി യൂണിറ്റുകള്‍ തുടങ്ങാന്‍ വനിതാ ലോണ്‍മേളയും നടത്തുന്നു. അങ്ങനെ ധനകേന്ദ്രിതമായ ഒരു തരം ‘മാര്‍ക്കറ്റ് ഫെമിനിസം’ കാലത്തിന്റെ മുഖമുദ്രകളില്‍ ഒന്നായിട്ടുണ്ട്.

മൂലധനം, ഭരണകൂടം, ആണ്‍കോയ്മ ഇവ തമ്മിലുള്ള ആജന്മ ബാന്ധവത്തെ ഒളിപ്പിച്ചു വെയ്ക്കുക എന്നതാണ് മാര്‍ക്കറ്റ് ഫെമിനിസത്തിന്റെ ദൗത്യം. മൂലധനവും ഭരണകൂടവും ചേര്‍ന്നാണ് ആണ്‍കോയ്മയെ ബലപ്പെടുത്തുന്നതെന്ന സത്യം മറച്ചുപിടിക്കുന്നതോടെ പെണ്‍വാദം അരാഷ്ട്രീയമാക്കപ്പെടുകയും വ്യക്തിനിഷ്ഠ തലത്തിലേക്കു ചുരുങ്ങി അസ്വാതന്ത്ര്യത്തെ ശാശ്വതമാക്കുകയും ചെയ്യുന്നു.

(തുടരും )

Comments