വിപണി നല്‍കുന്ന രതിലഹരി

ഇന്ത്യന്‍ കുടുംബങ്ങളുടെ കടബാധ്യത ജി.ഡി.പി.യുടെ 36% വരുമെന്ന് റിസര്‍വ്വ് ബാങ്ക് കണക്കാക്കുന്നു. ഗാര്‍ഹിക കടത്തില്‍ നഗരവാസികളേക്കാള്‍ ഇരട്ടി ബാധ്യത ഗ്രാമീണര്‍ക്കാണ്. അമേരിക്കയിലും മറ്റും വീട്, വാഹനം മുതലായ ആസ്തികള്‍ക്കാണ് കടം വാങ്ങുന്നതെങ്കില്‍ ഇവിടെ കടം പ്രധാനമായും ഉപഭോക്തൃ ഉല്പന്നങ്ങള്‍ക്കായി ചെലവിടുന്നു.

നവ ലിബറലിസം:
സർവാരാധനയുടെ പുറകിലെ ​​​​​​​
രാഷ്​ട്രീയം- 20

'ആത്മസാക്ഷാത്ക്കാരം അത്യുപഭോഗത്തിലൂടെ'- ഇതാണ് നവലിബറലിസ മൂലമന്ത്രം. ഉപഭോഗത്തിന്റെ അതിഗഹനമായ മനഃശ്ശാസ്ത്ര വിവക്ഷകളിലൂടെ മായാലോകത്തെന്നപോലെ ആനയിക്കപ്പെടുന്ന ആഗോള സമൂഹമായിരിക്കുന്നു നാം. ഒന്നിനെയും കുറ്റം പറയാനാവാത്ത വിധം ഉപഭോഗതൃഷ്ണയുടെ ആദിപാപത്താല്‍ ദംശിതരാക്കപ്പെട്ടിരിക്കുന്നു എല്ലാവരും ഇവിടെ.

നവ ലിബറലിസം ന്യൂയോര്‍ക്കിലോ ന്യൂദല്‍ഹിയിലോ ഡബ്ല്യു. ടി. ഒ. കരാറുകളിലോ ഒക്കെയായി നമുക്കു പുറത്തുനില്‍ക്കുന്നു എന്നതിനേക്കാള്‍ അതിനെ നമ്മുടെയുള്ളില്‍ കുടിയിരുത്തി നാം തന്നെയാക്കി മാറ്റിയിരിക്കുന്നു. 'വരൂ, ലുലുമാളില്‍ ഷോപ്പിംഗ് തീര്‍ത്ഥാടനത്തിനു പോകം' എന്നു വിളിച്ച്​, നമ്മുടെ ശരീരത്തോട് 'വേഗം ഡ്രസ്​ ചെയ്യാന്‍’ പറയുന്ന ആത്മസത്യമാണ് നവ ലിബറല്‍ കണ്‍സ്യൂമറിസം. 'ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിതാ’ണെന്ന്​, മാളിലെ എസ്‌കലേറ്റര്‍ നമ്മെയും കൊണ്ട് മുകളിലേക്ക് മന്ദം ഒഴുകുമ്പോള്‍ ഈ ആത്മസത്യം നാം അയവിറക്കും. ഈ ദീപപ്രഭകളും എ.സി തണുപ്പില്‍ പൊതിഞ്ഞ പലവിധ പുതുനറുമണങ്ങളും സാലഭഞ്ജികകളായി പരിചാരകരും നമ്മോടു രഹസ്യമായി പറയുന്നു, ഇതാണ് ആത്മസാക്ഷാത്ക്കാരം.

തിരുവനന്തപുരം ലുലു മാളില്‍ മിഡ്നൈറ്റ് സെയില്‍ പ്രഖ്യാപിച്ചപ്പോഴുളള തിരക്ക്
തിരുവനന്തപുരം ലുലു മാളില്‍ മിഡ്നൈറ്റ് സെയില്‍ പ്രഖ്യാപിച്ചപ്പോഴുളള തിരക്ക്

മറ്റൊന്നിനും നൽകാനാവാത്ത അനുഭൂതി സാന്ദ്രമായ കല തന്നെയായിട്ടുണ്ട് ക്രയവിക്രയം ഇപ്പോള്‍. വിപണിയെന്ന ഈ മള്‍ട്ടികളര്‍ 70 എം.എം സ്‌ക്രീനില്ലെങ്കില്‍ മനുഷ്യര്‍ക്ക്​ നായക പദവിയില്‍ സായൂജ്യമില്ല. ‘ഉപഭോക്താവ് രാജാവാണ്’ എന്ന ലിബറല്‍ സാമ്പത്തികശാസ്ത്ര പഴഞ്ചൊല്ല് അക്ഷരാര്‍ത്ഥത്തില്‍ ഇവിടെ പൂവണിയുന്നു. സൗഹൃദവും സിനിമയും ക്ഷേത്രദര്‍ശനവും മതചടങ്ങുകളുമൊന്നും നല്‍കാത്ത ആത്മാനുഭൂതി തരാന്‍, ഇരുവശവും സാധനങ്ങള്‍ അടുക്കിയടുക്കിവെച്ച വരികള്‍ക്കിടയിലൂടെ ചക്രക്കൊട്ടയുമായി നീങ്ങി, അതിലേക്കു പാക്കറ്റുകള്‍ എടുത്തിടുന്ന നിമിഷങ്ങള്‍ക്കേ കഴിയൂ.

പണമില്ലാത്തവനല്ല ഇന്നു പിണം, കാശില്ലെങ്കില്‍ കടം വാങ്ങിയെങ്കിലും സാധനങ്ങള്‍ വാങ്ങിക്കൂട്ടാത്തവര്‍ക്ക്​ തങ്ങള്‍ മരിച്ചതിനു തുല്യരായി അനുഭവപ്പെടുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന്​ എനിക്കും അപരര്‍ക്കും ബോധ്യപ്പെടാനുള്ള ഒരേയൊരു പോംവഴിയായി സദാ ഉപഭോഗമല്ലാതെ മറ്റൊന്നില്ല. അസ്തിത്വത്തിന്റെ അര്‍ത്ഥവും വ്യക്തിത്വത്തിന്റെ നിര്‍വ്വചനവും അതു തന്നെ. 'വീട്ടില്‍ സ്വർണം വെച്ചിട്ടെന്തിനു നാട്ടില്‍ തേടി നടപ്പൂ' എന്ന പരസ്യത്തില്‍, മാറിയ കാലത്തെ വ്യക്തിത്വത്തിന്റെ സത്യത്തെ നേര്‍ക്കുനേര്‍ കാണാം. ആരും അറിയാതെ കുടത്തിലാക്കി സ്വര്‍ണനാണയങ്ങള്‍ കുഴിച്ചിടുന്നതിലല്ല ആത്മാഭിമാനവും തലക്കനവും ഇരിക്കുന്നത്. സ്വര്‍ണം പലിശയായും സാധനസേവനങ്ങളായും പുനര്‍ജ്ജനി നൂണ്ടു വരുമ്പോള്‍ അവയെ വീണ്ടും വീണ്ടും കരസ്ഥമാക്കുന്നതിലൂടെ ഇഹത്തില്‍ തന്നെ അമരത്വം പ്രാപ്യമാകുന്നു.

നവ ലിബറലിസത്തിലെ സംഘര്‍ഷം ഉപഭോഗത്തിന്റെ വര്‍ത്തമാനവും ഉപഭോഗകാംക്ഷയുടെ ഭാവിയും തമ്മിലാണ്. മനുഷ്യരെ എങ്ങനെയും ഭോഗത്തിന്റെ ചുഴിയിലാക്കാം എന്ന ആത്മവിശ്വാസത്തിലാണതിന്റെ ചക്രം തിരിയുന്നത്. അതിനാല്‍ നാളിതുവരെയുള്ള എല്ലാ കണ്ടുപിടുത്തങ്ങളും, മാനവസമൂഹത്തിന്റെ എല്ലാവിധ കഴിവുകളും അന്തിമമായി പ്രയോഗിക്കുന്നത് മനുഷ്യരെ എങ്ങനെ ഉപഭോഗതൃഷ്ണാലുക്കളാക്കാം എന്നതിനാണ്. അതിനാല്‍ ഒരൊറ്റ മത്സരമേ ലോകത്ത് മനുഷ്യര്‍ക്കിടയില്‍ ഉള്ളൂ, അത് ഉപഭോഗത്തിനായുള്ള മത്സരമത്രേ. രാജഭരണം അവസാനിച്ചിരിക്കുന്നു, ഇനി മുതല്‍ ഭൂമിയില്‍ പിറന്നുവീഴുന്ന ആര്‍ക്കും രാജാവാകാം; ബ്രെഹ്റ്റ് എഴുതിയ പോലെ, 'ഒരാളും ഇനി കിരീടം ചൂടാതെ പോകരുത്.’ അതിനുള്ള മാര്‍ഗ്ഗം, പതിനെട്ട് അക്ഷൗഹിണിപ്പടയോ ഗീതോപദേശമോ ചക്രവ്യൂഹമോ അല്ലേയല്ല, രാജാവാകുന്നത് ഉപഭോഗത്താല്‍ മാര്‍ക്കറ്റിനെ കീഴടക്കുമ്പോഴത്രേ.

പണമില്ലാത്തവനല്ല ഇന്നു പിണം, കാശില്ലെങ്കില്‍ കടം വാങ്ങിയെങ്കിലും സാധനങ്ങള്‍ വാങ്ങിക്കൂട്ടാത്തവര്‍ക്ക്​ തങ്ങള്‍ മരിച്ചതിനു തുല്യരായി അനുഭവപ്പെടുന്നു.
പണമില്ലാത്തവനല്ല ഇന്നു പിണം, കാശില്ലെങ്കില്‍ കടം വാങ്ങിയെങ്കിലും സാധനങ്ങള്‍ വാങ്ങിക്കൂട്ടാത്തവര്‍ക്ക്​ തങ്ങള്‍ മരിച്ചതിനു തുല്യരായി അനുഭവപ്പെടുന്നു.

യാഥാര്‍ത്ഥ്യം ഉല്പാദനശൃംഖലയാണെന്നത് ആധുനിക സാമ്പത്തിക വ്യവസ്ഥയുടെ പ്രത്യയശാസ്ത്രപരമായ ഒരു വലിയ നുണയായിട്ടോ ഭാഗിക സത്യമായിട്ടോ മാറിയിരിക്കുന്നു. പരമമായ യാഥാര്‍ത്ഥ്യം ഉപഭോഗവ്യവസ്ഥയാണ്. കാരണം എല്ലാവരെയും ഉപഭോഗാര്‍ത്ഥികളാക്കുക, അതില്‍ നിന്ന്​ ഏറ്റവും മുന്തിയ ഏതാനും ഉപഭോഗികളെ സൃഷ്ടിക്കുക എന്നതാണ് ഉല്പാദനവ്യവസ്ഥയുടെ ലക്ഷ്യം. സൃഷ്ടിയുടെ ഇലയും പൂവും കായും എല്ലാം വെട്ടിയകറ്റിയ ഉപഭോഗത്തിന്റെ ഉണങ്ങിയ തടിയായിട്ടാണ് നമുക്ക് നിലനില്‍ക്കാന്‍ വിധി. ഉപഭോഗത്തിലൂടെ മാത്രമേ നമുക്ക് അധികാരവും അംഗീകാരവും പ്രകാശിതമാകുന്നുള്ളൂ ഈ പ്രത്യയശാസ്ത്രവലയത്തില്‍.

ഉല്പാദനം തികച്ചും ഭൗതികമായ സാമൂഹ്യപ്രകിയയാണെങ്കില്‍ ഉപഭോഗം ഏറ്റവും വലിയ വൈകാരിക സ്വകാര്യാനുഭവമാണ്. എന്നാലോ, അത്രമേല്‍ വ്യക്തിപരമാകുമ്പോഴും സാമൂഹ്യമായ വൈകാരികതയുടെ പുതപ്പുമാണത്. അതിനകത്ത് പകരംവീട്ടലിന്റെ ചരിത്രം തിളച്ചു മറിയുന്നുണ്ടാകും. ചെത്തുകാരന്റെ മകനായ കൊച്ചുവാവ, തന്റെ അച്ഛനെ തെങ്ങില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ച തമ്പുരാന്റെ തറവാട്, മദ്യക്കച്ചവടം വഴി കാശുണ്ടാക്കി സ്വന്തമാക്കുന്നതും, അവിടെ ചാരായം വാറ്റ് നടത്തുന്നതുമായ നാടകം - കാട്ടുകുതിര- എസ്.എല്‍. പുരം സദാനന്ദന്‍ എഴുതിയത് 1980- കളുടെ ഒടുവിലാണ്. അതിനകത്ത് ഫ്യൂഡല്‍ വിലക്കുകളോടുള്ള പ്രതികാരം, പുതിയ ലോകത്തിന്റെ നിര്‍മ്മാണം, വ്യക്തിത്വത്തിന്റെ പ്രകാശനം, പദവിയുടെ വിളംബരം, സാധ്യതയുടെ പ്രലോഭനം എല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അശ്വമേധത്തില്‍ നിന്ന്​ കാട്ടുകുതിരയിലേക്കുള്ള ദൂരം അതിലുണ്ട്. അശ്വമേധം ഉപഭോഗാധികാരത്തിന്റെ അജയ്യമായ രാജകീയ ഊരുചുറ്റലാണെങ്കില്‍ കാട്ടുകുതിര ബഹുജനങ്ങളില്‍ ഉത്തേജിപ്പിക്കപ്പെട്ട സ്വപ്നഭൂമികളിലേക്കുള്ള കടിഞ്ഞാണറ്റ ദിഗ്വിജയത്തിന്റെ കുതിപ്പാണ്.

കാട്ടുകുതിര നാടകത്തില്‍ നിന്ന്
കാട്ടുകുതിര നാടകത്തില്‍ നിന്ന്

ജനായത്തം വ്യക്തിപരമായ വൈകാരികാനുഭവമായി തീരുന്നത് പോളിംഗ് ബൂത്തില്‍ ബാലറ്റ് അമര്‍ത്തുമ്പോള്‍ എന്നതിനേക്കാള്‍ ഉപഭോഗത്തിന്റെ വാഗ്ദത്തഭൂമിയെ കീഴടക്കുമ്പോഴാകുന്നു. കാരണം ജനായത്തമെന്നാല്‍ ആര്‍ക്കും ഉപഭോഗത്തിന് യാതൊരു നിയന്ത്രണവുമില്ലാത്ത ലോകത്തിന്റെ വിളംബരമായിട്ടാണ് സമൂഹത്തിന്റെ പ്രത്യക്ഷബോധ്യം. അതുകൊണ്ട് ജനായത്തം ഏകാധിപത്യമോ മതാധിപത്യമോ ആയി രോഗശയ്യയിലാണെങ്കിലും, ഒരു വലിയ മാളോ ആറു വരി ഹൈവേ വികസനമോ കണ്ടാല്‍ നമ്മിലെ ഉപഭോക്താവ് ഉത്തേജിതനാവുകയും അവയുടെ ഭാവിസാധ്യതകളുമായി വ്യക്തിതലത്തില്‍ തന്നെ രമിക്കുകയും ചെയ്യും. എന്റെ അഭിമാനമാണ് ടൗണിലേക്കിറങ്ങുമ്പോള്‍ ഞാന്‍ കാണുന്ന എടുപ്പുകളെല്ലാം. എന്തും എന്റെ മുന്നില്‍ കൈയെത്തും ദൂരത്താക്കിത്തരുന്ന വികസനാത്ഭുതങ്ങളെ മനസാ വാഴ്ത്തിയതിനു ശേഷമേ രാത്രി ഉറങ്ങാന്‍ പോലും കിടക്കൂ. രാവിലെ ഉണരുന്നതാകട്ടെ, എന്തെന്തു പുതിയ ഉല്പന്നങ്ങളായിരിക്കും എനിക്കായി ലോകം പ്രത്യക്ഷപ്പെടുത്തിയതെന്നു കാണാനുള്ള കൗതുകത്തോടെയാകും.

അമേരിക്കയില്‍ 1970- കളില്‍, കോളേജ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്തെന്നെ ചോദ്യത്തിന്, അര്‍ത്ഥവത്തായ ജീവിതം എന്ന്​ 73% വിദ്യാര്‍ത്ഥികള്‍ ഉത്തരം പറഞ്ഞിരുന്നെങ്കില്‍, 1990- കളില്‍ ഇതേ ഉത്തരം കൊടുത്തവരുടെ എണ്ണം 44% ആയി കുറഞ്ഞു. മറിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കലാണ് ഉന്നതവിദ്യാഭ്യാസ ലക്ഷ്യം എന്ന്​ ഉത്തരം തന്നവര്‍ 44% ല്‍ നിന്ന്​ 75%- മായി ഉയരുകയും ചെയ്തു. മറ്റൊരു സര്‍വ്വേയില്‍ മൂന്നു മില്യന്‍ ഡോളര്‍ കൊടുക്കുമെങ്കില്‍ ആരെയും കൊല്ലാമെന്ന് 7% പേര്‍സമ്മതിച്ചു. അതേപോലെ, ഒരു മില്യന്‍ ഡോളര്‍ കിട്ടുമെങ്കില്‍ ഏകാന്തമായ ദ്വീപില്‍ ഒരു വര്‍ഷം കഴിയാന്‍ 65% ആളുകളും തയ്യാറായി.

ഒരു വലിയ മാളോ ആറു വരി ഹൈവേ വികസനമോ കണ്ടാല്‍ നമ്മിലെ ഉപഭോക്താവ് ഉത്തേജിതനാവുകയും അവയുടെ ഭാവിസാധ്യതകളുമായി വ്യക്തിതലത്തില്‍ തന്നെ രമിക്കുകയും ചെയ്യും.
ഒരു വലിയ മാളോ ആറു വരി ഹൈവേ വികസനമോ കണ്ടാല്‍ നമ്മിലെ ഉപഭോക്താവ് ഉത്തേജിതനാവുകയും അവയുടെ ഭാവിസാധ്യതകളുമായി വ്യക്തിതലത്തില്‍ തന്നെ രമിക്കുകയും ചെയ്യും.

ആഡംബരലോകം സര്‍വ്വമാന മതസ്ഥരെയും മതവിരുദ്ധരെയും ഐഹികലക്ഷ്യമായി പുല്‍കുന്ന തരളസ്വപ്നത്തില്‍ നിന്ന്​ രക്ഷപ്പെടുക ആര്‍ക്കും അത്ര എളുപ്പമല്ലതായിരിക്കുന്നു. കാരണം ലിബറല്‍ സമ്പദ്ഘടനയുടെ മജ്ജയും മാംസവുമാണ് ആഡംബര ജീവിതം. അഞ്ചു നൂറ്റാണ്ടു മുമ്പ് കൊളംബസും ഗാമയുമെല്ലാം കടല്‍ താണ്ടി പുതിയ തീരങ്ങളിലണഞ്ഞത് ഏഷ്യന്‍ ആഡംബര വിഭവങ്ങള്‍ യൂറോപ്പിലെ രാജാധികാര സമൂഹത്തിന് ആവശ്യാനുസരണം തരപ്പെടുത്തി കൊടുക്കുന്നതിനുവേണ്ടിയായിരുന്നു. അന്ന് സില്‍ക്ക്, ചൈനീസ് കളിമണ്‍ പാത്രങ്ങള്‍, പഞ്ചസാര, മഹാഗണി, തേയില, മസ്ലീന്‍ എന്നിവ 16-ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ കൊട്ടാരജീവിതത്തിന്റെ ഏറ്റവും വിലപിടിപ്പുള്ള വിഭവങ്ങളായി. രാജകീയ ആഡംബരങ്ങള്‍ക്കായുള്ള ഈ ആഗോള കപ്പലോട്ടമാണ് യൂറോപ്പ്​ കേന്ദ്രമാക്കി സമ്പന്ന വര്‍ത്തകസംഘത്തെയും അതിന്റെ പുത്തന്‍ ഉപഭോഗവര്‍ഗ്ഗത്തെയും സൃഷ്ടിച്ചത്.

കൊട്ടാരങ്ങള്‍ക്കുപുറത്ത് ആഡംബരോപഭോഗത്തിന്റെ ഇ നവീനസമൂഹം മാനവചരിത്രത്തിലെ ആദ്യത്തെ സംഭവമത്രേ. അന്നേവരെ മതസംഹിതകളാലും രാജശാസനങ്ങളാലും അധികാര ന്യൂനപക്ഷത്തിന്റെ മാത്രം സവിശേഷാവകാശമായി, സാമൂഹികമായി നിജപ്പെടുത്തിയിരുന്ന ആഡംബര ജീവിതത്തെ തങ്ങള്‍ക്കും കൂടി നേടിയെടുക്കാന്‍ 17, 18 നൂറ്റാണ്ടുകളില്‍ പ്രത്യയശാസ്ത്രപരമായ പോരാട്ടം തന്നെ ഈ പുതിയ സംരംഭകവര്‍ഗ്ഗം നടത്തുകയുണ്ടായി. ആഡംബരോപഭോഗത്തിന്റെ സാമൂഹികവല്‍ക്കരണത്തിനായുള്ള ഈ ഏറ്റുമുട്ടലും അതിന്റെ ചരിത്രപരമായ അപ്രതിരോധ്യ വിജയവുമാണ്, ഗോളാന്തര ടൂറിസം ബുക്കിംഗ് വരെ എത്തിനില്‍ക്കുന്ന ലിബറല്‍ ഉല്പാദന വ്യവസ്ഥയുടെ ഇന്നോളമുള്ള ചാലകശക്തി.

മനുഷ്യരെ എങ്ങനെയും ഭോഗത്തിന്റെ ചുഴിയിലാക്കാം എന്ന ആത്മവിശ്വാസത്തിലാണ് നവലിബറലിസത്തിന്റെ തിരിയുന്നത്.
മനുഷ്യരെ എങ്ങനെയും ഭോഗത്തിന്റെ ചുഴിയിലാക്കാം എന്ന ആത്മവിശ്വാസത്തിലാണ് നവലിബറലിസത്തിന്റെ തിരിയുന്നത്.

ആഡംബരാധിഷ്ഠിത ഉല്പാദനവ്യവസ്ഥ ആഗോളതലത്തില്‍ ഉന്നതങ്ങളിലെ അത്യുപഭോഗ ജീവികളെയും, അതിന്റെ ആകര്‍ഷണവലയങ്ങളില്‍ ഉപഗ്രഹങ്ങളായി കറങ്ങിക്കൊണ്ടിരിക്കുന്ന സ്വപ്നാടനക്കാരായ ജനകോടികളെയും നിര്‍മ്മിക്കുന്നു. പ്രിന്റിംഗ് പ്രസ് മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ വരെ എത്തിനില്‍ക്കുന്ന ബഹുജന മാധ്യമത്തിന്റെ പരമമായ ലക്ഷ്യം മറ്റൊന്നുമല്ല ആഡംബര വ്യവസ്ഥയെ സാധൂകരിക്കുന്ന പ്രത്യയശാസ്ത്ര സംഹിതയിലേക്കു ജനങ്ങളെയാകമാനം മാര്‍ഗ്ഗംകൂട്ടുക എന്നതാണ്. അത്യുപഭോഗത്തെ ആരാധിക്കുകയും അതില്‍ സ്ഥായിയായ അഭിനിവേശം സ്ഥാപിക്കുകയും ചെയ്യുന്ന സമൂഹനിര്‍മ്മിതി ബഹുജന മാധ്യമം ഇല്ലാതെ സാധ്യമല്ല. ഒരു വര്‍ഷത്തേക്ക്​ റോഡരുകിലെ ബോര്‍ഡുകളും ഫെയ്‌സ്ബുക്കില്‍ വരെയുള്ള എല്ലാവിധ മാധ്യമപ്പരസ്യങ്ങളും നിരോധിച്ചു നോക്കുക; അതോടെ ആസക്തിയുടെ ഈ അത്യുല്പാദന വ്യവസ്ഥയ്ക്ക് ഉദ്ധാരണം സാധ്യമല്ലാതാകും. നാളെ നിനക്കും വിലക്കുകളേതുമില്ലാതെ അത്യുപഭോഗത്തിന്റെ ലിബറല്‍സ്വര്‍ഗ്ഗം പ്രാപ്യമാകും എന്ന പ്രലോഭനം മാധ്യമങ്ങള്‍ വഴി നമ്മുടെ തിരുമുമ്പില്‍ കാഴ്ചവെയ്ക്കുമ്പോള്‍ ആരാണ് മോഹിതരാകാത്തത്?

ആഡംബരാസക്തി മാനുഷികമായ മഹത്വമായി ആദരണീയമാക്കുന്ന വ്യവസ്ഥയാണ് ലിബറലിസം. കാരണം ഈ അത്യാസക്തിയില്ലെങ്കില്‍ സാമ്പത്തിക വളര്‍ച്ചയും രാഷ്ട്രപുരോഗതിയുമില്ല; കലകളും ശാസ്ത്രങ്ങളും കണ്ടുപിടുത്തങ്ങളുമില്ല. കൂടുതല്‍ ഉപഭോഗിക്കുന്നയാള്‍ കൂടുതല്‍ തൊഴിലുകളും ഉല്പാദനവും വഴി രാഷ്ട്രത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിനാല്‍, അത്യുപഭോഗ കാംക്ഷിയായി അവിശ്രമം പരിശ്രമിക്കുന്നതാരോ അയാളാണ് രാഷ്ട്രത്തിന്റെ സാമ്പത്തിക വളര്‍ച്ചാ സിദ്ധാന്തത്തിലെ മാതൃകാബിംബം. അതുകൊണ്ടാണ് 'ഗ്രാന്റ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവല്‍' എന്ന പേരില്‍ സര്‍ക്കാര്‍ തന്നെ ഉപഭോഗോത്സവങ്ങള്‍ നടത്തി ആളുകളെ ആട്ടിത്തെളിച്ചു പച്ചപ്പാതിരയ്ക്കും നഗരനിരത്തുകളില്‍ അലയാന്‍ വിടുന്നത്. രാഷ്ട്രത്തലവന്‍ 10 ലക്ഷം രൂപയുടെ കോട്ടിടുന്നതില്‍ രാജ്യാഭിമാനികളായില്ലെങ്കില്‍ അതിനര്‍ത്ഥം നമ്മള്‍ ആഡംബരത്തിന്റെ സാമ്പത്തിക മനഃശാസ്ത്രം അറിയുന്നില്ല എന്നാണ്.

കേരള സര്‍ക്കാരിന്റെ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പോസ്റ്റര്‍
കേരള സര്‍ക്കാരിന്റെ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പോസ്റ്റര്‍

ആധുനിക ദേശരാഷ്ട്രം തന്നെ രൂപം കൊള്ളുന്നത് അത്യാഡംബരത്തിന്റെ ജനകീയകാലം വാഗ്ദത്ത ഭൂമിയായി സമൂഹത്തില്‍ സ്ഥാപിച്ചുകൊണ്ടാണ്. തങ്ങളുടെ അധികാരപരിധിയിലെ ഭൂപ്രദേശത്ത് അധിവസിക്കുന്ന പൗരസഞ്ചയത്തിന് ആഡംബര ജീവിതത്തിന്റെ സ്വപ്നം വിതരണം ചെയ്ത്, ആ ദേശരാഷ്ട്രത്തില്‍ ഒരു ന്യൂനപക്ഷത്തിന്റെ അത്യുപഭോഗത്തെ പുഷ്ഠിപ്പെടുത്തി, തങ്ങളുടെ രാജ്യം ഉപഭോഗത്തിന്റെ വന്‍ശക്തിയായി മാറിക്കൊണ്ടിരിക്കുന്നു എന്ന പ്രതീതി വരുത്തിയാണ് ദേശരാഷ്ട്രത്തിന്റെ നിലനില്പ്. ദേശരാഷ്ട്രങ്ങളുടെ ഈ പ്രത്യയശാസ്ത്ര മത്സരലോകത്ത് ഏതു രാഷ്ട്രമാണോ അത്യുപഭോഗത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് അവര്‍ സര്‍വ്വാദരണീയരും സര്‍വ്വാനുകരണീയരും സര്‍വ്വാധികാരികളുമായിത്തീരുന്നു. ഈ പ്രത്യയശാസ്ത്രപദ്ധതിയുടെ അഗ്രിമസാക്ഷാത്കാരമാണ് നവ ലിബറലിസം. കാരണം, എല്ലാ രാഷ്ട്രങ്ങളും ആഡംബര ന്യൂനപക്ഷങ്ങളെ നിര്‍മ്മിക്കാനും പരിലാളിക്കാനും രാപ്പകല്‍ കിണഞ്ഞു ശ്രമിക്കുന്നു ഇപ്പോള്‍.

ലോകത്തെ 90% സമ്പത്തും ഒന്നോ രണ്ടോ ശതമാനം ആളുകളുടെ അത്യുപഭോഗനിധിയിലേക്കു സമാഹരിക്കുന്ന സാമ്പത്തിക വൈദഗ്ദ്ധ്യം ഏറ്റവും സാങ്കേതിക മികവോടെ വിജയം കൊയ്തിരിക്കുന്നു നവ ലിബറലിസത്തില്‍. അത്യാര്‍ത്തിയുടെ ക്രയശേഷി ഉയരുന്നതിനു മുന്നോടിയായി തന്നെ, സ്വര്‍ഗരാജ്യത്തിലേക്കുള്ള ആഡംബര വകകളുടെ പീലിവിടര്‍ത്തല്‍ കൊണ്ട് ബഹുജന മാധ്യമങ്ങള്‍ നിറയുന്നു. സിനിമാതാരങ്ങള്‍ ഇറങ്ങിവരുന്ന കാറിന്റെ മോഹനവിശേഷങ്ങള്‍, അത്തരം എത്ര കാറുകള്‍ കേരളത്തിലുണ്ട് എന്നിങ്ങനെയുള്ള ആഡംബര ജീവിതത്തിന്റെ വീഡിയോ വാര്‍ത്തകള്‍ നല്‍കുന്ന നൈമിഷിക ദൃശ്യശ്രാവ്യാനുഭൂതി മറ്റെവിടെ നിന്നും കിട്ടുന്നതല്ല നമുക്കിപ്പോള്‍. അപ്പോള്‍ നാം അഭിമാനിക്കുന്നത്, ഇത്തരം മിന്നും താരങ്ങളുടെ നാട്ടില്‍ ഏറ്റവും ഏഴയായിട്ടാണെങ്കിലും ജീവിക്കാനും, ഇതൊക്കെ കാണാനും ഭാഗ്യം കൈവന്നതിലായിരിക്കും. ധൂര്‍ത്തിന്റെ ഏറ്റവും വലിയ പൂര്‍ണ്ണകായ പ്രതിമകള്‍ക്കു കീഴെ ആത്മാഭിമാനത്തോടെ നിന്നു സെല്‍ഫിയെടുക്കാന്‍ കഴിയുന്നത് ജീവിതത്തിലെ മഹാപുണ്യമായും നാം ആഗ്രഹിക്കുന്നു.

ആഡംബര കേന്ദ്രിത സമ്പദ്​വ്യവസ്ഥയുടെ ഒന്നാമത്തെ ലക്ഷണം, അത് മനുഷ്യരുടെ സര്‍ഗ്ഗാത്മക വിശ്രമവേളകളെ മൊത്തമായി അപഹരിച്ച്​ അവരെ 'എല്ലുമുറിയെ പണിതാല്‍ പല്ലുമുറിയെ തിന്നുന്ന’ വ്യാമോഹികളാക്കി വളര്‍ത്തുന്നു എന്നതാണ്. ഈ ഉല്പാദനക്രമത്തില്‍ യന്ത്രങ്ങള്‍ വരുമ്പോള്‍ വിശ്രമവേളകള്‍ കൂടുകയല്ല, വെട്ടിക്കുറയ്ക്കുകയാണ് സംഭവിക്കുന്നത്. വ്യവസായവല്‍ക്കരണത്തിന്റെ 19-ാം നൂറ്റാണ്ടില്‍, ദിവസം 14 മുതല്‍ 16 മണിക്കൂര്‍ വരെ പണിയെടുക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരായിരുന്നു.

1940- കള്‍ മുതല്‍ 1990- കള്‍ വരെയുള്ള കാലത്താണ് ഒരു പരിധിവരെയെങ്കിലും, ദിവസത്തില്‍ എട്ടു മണിക്കൂറായി ജോലി സമയം താഴേക്കുവന്നത്. എന്നാല്‍, അതിനുശേഷം ആഗോളതലത്തില്‍, പ്രത്യേകിച്ച്​, മൂന്നാംലോക രാജ്യങ്ങളില്‍ തൊഴില്‍സമയം പഴയ നിലയിലേക്കു പിന്മടങ്ങുന്നതു കാണാം. ചൈനയില്‍ പല ഐ.ടി. കമ്പനികളിലും 12 മണിക്കൂര്‍ ജോലിയും ഓവര്‍ ടൈമും സാധാരണമായിട്ടുണ്ട്. കമ്പനികളുടെ ആവശ്യപ്രകാരം കര്‍ണാടക സര്‍ക്കാര്‍ തൊഴില്‍ നിയമം തിരുത്തി, ജോലിസമയം 12 മണിക്കൂറാക്കി. സൂപ്പര്‍ മാര്‍ക്കറ്റുകളിലും കുറഞ്ഞത് 12 മണിക്കൂര്‍ പണിയെടുക്കണം.

ആഡംബരാദര്‍ശത്തിന്റെയും അത്യുപഭോഗത്തിന്റെയും ജനകീയാടിത്തറ കൂലിയതീത വേലകളില്‍ നിന്നും മാനുഷിക ബന്ധങ്ങളില്‍ നിന്നും സര്‍ഗ്ഗാത്മകാന്വേഷണങ്ങളില്‍നിന്നും മനുഷ്യരെ തടയുന്ന തൊഴില്‍ മേഖലയുടെ വിരസദിനങ്ങളില്‍ കണ്ടെത്താന്‍ കഴിയും. എത്രമാത്രം മനുഷ്യാത്മാവ്, സ്വച്ഛന്ദമായ വിനോദ വിശ്രമങ്ങളില്ലാതെ തൊഴില്‍ കമ്പോളത്തില്‍ ബന്ധിതനാണോ അത്രത്തോളം അവരുടെ ആത്മശോഷണത്തിന്റെ പരിഹാരമാര്‍ഗ്ഗം അത്യുപഭോഗമായി കലാശിക്കുന്നു. ഓണ്‍ലൈന്‍ വിപണന ഓഫറുകളിലും മാളുകളിലെ ഉത്സവത്തിരക്കിലും അലിഞ്ഞുചേരുന്നതിലൂടെ മാത്രമാണ് ഈ സമൂഹം സായൂജ്യമനുഭവിക്കുക. ആഡംബര വിസ്മയങ്ങളുടെ ലോകത്ത് ആഴ്ചയില്‍ ഒരിക്കലെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിക്കുമ്പോഴും ആവശ്യം ഒട്ടുമേയില്ലാത്തവ വാങ്ങിക്കൂട്ടുമ്പോഴും താനും വ്യക്തിത്വ മാര്‍ജ്ജിക്കുന്നതായി ഈ സമൂഹത്തില്‍ ഓരോരുത്തരും അനുഭവിക്കുന്നു.

ആഗോളതലത്തില്‍, പ്രത്യേകിച്ച്​, മൂന്നാംലോക രാജ്യങ്ങളില്‍ തൊഴില്‍സമയം പഴയ നിലയിലേക്കു പിന്മടങ്ങുന്നതു കാണാം.
ആഗോളതലത്തില്‍, പ്രത്യേകിച്ച്​, മൂന്നാംലോക രാജ്യങ്ങളില്‍ തൊഴില്‍സമയം പഴയ നിലയിലേക്കു പിന്മടങ്ങുന്നതു കാണാം.

തൊഴില്‍ സമയം ദീര്‍ഘിപ്പിച്ച്​ ദിവസങ്ങളെ അറുമുഷിപ്പനാക്കുന്ന അതിദ്രുത ഉല്പാദനത്തിന്റെ കാരണം, സാമൂഹ്യോല്പാദനത്തിന്റെ പരമലക്ഷ്യം അതിസമ്പന്ന ന്യൂനപക്ഷത്തിന്റെ അത്യാഡംബര ഉപഭോഗ മത്സരത്തിനായി ചിട്ടപ്പെടുത്തിയതിലാണുള്ളത്. ഈ ന്യൂനപക്ഷാഡംബര സ്വര്‍ഗ്ഗത്തിനുചുറ്റും അവിശ്രമം പണിയെടുക്കുന്ന ഉയര്‍ന്ന വരുമാനക്കാരായ മധ്യവര്‍ഗ്ഗങ്ങളെ ബഫര്‍ സോണായി നിലനിര്‍ത്തി അവരെയും അത്യുപഭോഗത്തില്‍ നിന്നു മാത്രം അനുഭൂതി നുണയുന്നവരായി തളച്ചിട്ടിരിക്കുന്നു. അതിന്റെ ദൃഷ്ടാന്തമെന്ന വിധം ഐ. ടി. കമ്പനികളിലോ ന്യൂ ജനറഷന്‍ ബാങ്കുകളിലോ തലപ്പത്ത് നിയമിതരാകാന്‍ ഭാഗ്യം സിദ്ധിച്ചവരുടെ വാര്‍ഷിക ശമ്പളം ബോക്‌സില്‍ വാര്‍ത്തയായി വരുന്നത് നവ ലിബറല്‍ മാധ്യമ പ്രത്യേകതയാണ്. വിശ്രമമേതുമില്ലാതെ സ്വകാര്യ പ്രാക്ടീസില്‍ നിന്നു പണം കൊയ്യുന്ന ഭിഷഗ്വരവര്‍ഗ്ഗത്തെ നോക്കുക, അവരാകും കേരളത്തിലെ ഏറ്റവും മുന്തിയ മധ്യവര്‍ഗ്ഗ അത്യുപഭോഗികള്‍.

അതായത് അതിസമ്പന്നര്‍, മധ്യവര്‍ഗ്ഗം, സാധാരണക്കാര്‍ ഇവര്‍ക്കിടയില്‍ ഉപഭോഗത്തിന്റെ വലിയ അകലങ്ങള്‍ സൃഷ്ടിക്കുന്ന വിധത്തില്‍ അവരുടെ വരുമാനങ്ങള്‍ തമ്മില്‍ ഭീമമായ അന്തരം വര്‍ദ്ധിപ്പിച്ചു കൊണ്ട് മാര്‍ക്കറ്റ് വർണവ്യവസ്ഥ സ്ഥായിത്വം നേടുന്നു. പഴയ വര്‍ണവ്യവസ്ഥ ജന്മനിശ്ചിതമാണെങ്കില്‍, മാര്‍ക്കറ്റ് ചാതുര്‍വര്‍ണ്യത്തില്‍ ഉപഭോഗം എന്ന കര്‍മ്മം ധര്‍മ്മമാക്കി ആര്‍ക്കും മുകളിലേക്കു കയറി ഐഹികമോക്ഷം നേടാം എന്ന മരീചികയുണ്ട്. ഉപയോഗിക്കുന്ന ബ്രാന്റുകളാണ് ഇവിടെ സാമൂഹ്യ ശ്രേണിയില്‍ എവിടം വരെ ഉയര്‍ന്നു എന്നതിന്റെ കുലചിഹ്നങ്ങള്‍.

യു .എന്‍. പുറത്തിറക്കിയ ലോക സാമൂഹ്യ റിപ്പോര്‍ട്ട് - 2020 പറയുന്നു, മാറിയ ആഗോള സമ്പദ്ഘടനയില്‍ അതിധനികരായ ഒരു ശതമാനം അവരുടെ വരുമാനം ഏറ്റവും ഉയരത്തിലെത്തിച്ചുകൊണ്ട് വിജയിച്ചിരിക്കുന്നു. 40% വരുന്ന താഴേത്തട്ടിലുള്ളവര്‍ക്കാകട്ടെ മൊത്തം വരുമാനത്തിന്റെ നാലിലൊന്നു പോലും കിട്ടുന്നില്ല. അമേരിക്കയെപ്പറ്റി ഇക്കണോമിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് നടത്തിയ പഠനത്തില്‍ 1979 - 2007 കാലത്ത് അവിടെ ജനങ്ങളില്‍ 0.1വും വരുന്ന അതിസമ്പന്നരുടെ (31,500 പേര്‍ ) വരുമാനത്തില്‍ വമ്പന്‍ വര്‍ദ്ധനവുണ്ടായി. 2009 - 2019 കാലത്ത് ഈ ഒന്നാംകിട ശതകോടിപതികളുടെ വരുമാനം 30% കണ്ട് ഉയര്‍ന്നു. എന്നാല്‍ താഴെയുള്ള 90% പേര്‍ക്കും വരുമാനം കൂടിയത് 8.7% മാത്രമാണ്. 2000 ല്‍ അമേരിക്കയില്‍ 298 ശതകോടിപതികള്‍ ഉണ്ടായിരുന്നെങ്കില്‍ 2020 ല്‍ ഇവരുടെ സംഖ്യ 614 ആയിട്ടുണ്ട്.

Share of income earned by the top 1 percent, 1990 and 2015 / Graph: UN World Social Report 2020
Share of income earned by the top 1 percent, 1990 and 2015 / Graph: UN World Social Report 2020

ഓക്‌സ്ഫാം റിപ്പോര്‍ട്ട് ആധാരമാക്കി പ്രൊഫ. ഹിമന്‍ഷു പറയുന്നു, 2017 ല്‍ ഇന്ത്യയിലുണ്ടായ സമ്പത്തിന്റെ 73% വും ഒരു ശതമാനം മാത്രം വരുന്ന ആത്യാഡംബരവര്‍ഗ്ഗം കൈക്കലാക്കി. എന്നാല്‍ ഇതേവര്‍ഷം ഇന്ത്യന്‍ ജനതയിലെ പകുതിയിലേറെ പേര്‍ക്കും അവരുടെ വരുമാനത്തില്‍ ഒരു ശതമാനമാണ് ഉയര്‍ച്ച ഉണ്ടായത്. 2000- ല്‍ ഇന്ത്യയിലെ ശതകോടീശ്വരരുടെ ആകെ എണ്ണം ഒമ്പത് ആയിരുന്നെങ്കില്‍ 2017- ല്‍ ഇത് 101 ആയി കൂടി. 2018 നും 2022 നും ഇടയിലാകട്ടെ പുതിയ ദശലക്ഷാധിപതികള്‍ 70 പേര്‍ വീതം ദിവസവും ഇവിടെ പിറന്നു. ഗ്രാമീണ ഇന്ത്യയിലെ ഒരു കൂലിപ്പണിക്കാരന്, ഇവിടുത്തെ ഒരു തുണിവ്യവസായ സ്ഥാപനത്തിലെ ഉയര്‍ന്ന മാനേജരുടെ വാര്‍ഷിക വരുമാനം നേടണമെങ്കില്‍ അയാള്‍ 941 വര്‍ഷം പണിയെടുക്കേണ്ടതുണ്ട്.

അതായത്, ഏറ്റവും താഴ്ന്ന വരുമാനത്തിലേക്ക് 90% ജനങ്ങളെയും ചവിട്ടിതാഴ്ത്തിക്കൊണ്ട് അത്യാഡംബര ജീവികളായ ഒരു ശതമാനത്തെയും അവര്‍ക്കു ചുറ്റും 9% വരുന്ന, പലതട്ടുകളില്‍ പെടുന്ന മധ്യവര്‍ഗ്ഗ ബഫര്‍ സോണിനെയും നിര്‍മ്മിക്കുന്ന ഉപഭോഗാര്‍ത്തിയുടെ നിര്‍മ്മാണശാലയാണ് നവ ലിബറലിസം. സഹസ്രകോടി ജനങ്ങളെ തട്ടി താഴെയിട്ട്, 'കഴിവും കരുത്തും 'ഒത്തിണങ്ങിയ ഏതൊരാള്‍ക്കും അന്തം കാണാത്ത മുകള്‍നിലകള്‍ ഓരോന്നു കയറാം എന്ന പ്രത്യാശയുടെ മൊത്തക്കച്ചവടത്തിലാണ് ഈ അംബരചുംബി കെട്ടിപ്പൊക്കിയിരിക്കുന്നത്. 'നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ ' എന്ന ആന്തരികാര്‍ത്ഥത്തോടെ എപ്പോഴും നമ്മുടെ വാതിലില്‍ മുട്ടി, അടുത്ത നിലയിലേക്കു ക്ഷണിക്കാന്‍ ആളുണ്ടാകും ഇവിടെ. 'ഞാന്‍ വരുന്നില്ല 'എന്നു നമ്മള്‍ എത്ര ശഠിച്ചാലും ഉപഭോഗാര്‍ത്തിയുടെ കടല്‍ക്കരയില്‍ നാം ചെന്നേ പറ്റൂ എന്നത് ആധാര്‍ എടുക്കണമെന്നതിനേക്കാള്‍ നിര്‍ബ്ബന്ധമാണ്.

മുകള്‍ത്തട്ടിലേയ്ക്കായി ആഡംബരോല്പാദനവും അത്യുപഭോഗവും അതിനായുള്ള ധനസമാഹരണവും കുമിഞ്ഞുകൂടുന്നതിനൊത്ത് താഴെത്തട്ടില്‍ നില്‍ക്കുന്നവര്‍ അടിയിലേക്കു ക്രമത്തില്‍ കഠിനമായി പാപ്പരാവുകയും, എന്നാല്‍, ഈ പാപ്പരത്തത്തിനു വിപരീതാനുപാതത്തില്‍ വശീകൃത ഉപഭോഗത്തിന്റെ സ്വപ്നസഞ്ചാരം മാറാരോഗം കണക്കെ അവരില്‍ പെരുകുകയും ചെയ്യുന്നു. അതിനാല്‍ ഉപഭോഗ കമ്പോളത്തെ ചലിപ്പിക്കാന്‍ ഒരേയൊരു മാര്‍ഗ്ഗം അടിത്തട്ടു മുതല്‍ മുകളിലേയ്ക്കു പല കോലത്തില്‍ വായ്പകള്‍ വെച്ചുനീട്ടലാണ്. നവ ലിബറല്‍ ഉപഭോഗ സമ്പദ്ഘടനയെ നിത്യം ഉത്തേജിതമാക്കി നിര്‍ത്തുന്നു സാമ്പത്തിക വായ്പകള്‍.

 ഗ്രാമീണ ഇന്ത്യയിലെ ഒരു കൂലിപ്പണിക്കാരന്, ഇവിടുത്തെ ഉയര്‍ന്ന മാനേജരുടെ വാര്‍ഷിക വരുമാനം നേടണമെങ്കില്‍ അയാള്‍ 941 വര്‍ഷം പണിയെടുക്കേണ്ടതുണ്ട്.
ഗ്രാമീണ ഇന്ത്യയിലെ ഒരു കൂലിപ്പണിക്കാരന്, ഇവിടുത്തെ ഉയര്‍ന്ന മാനേജരുടെ വാര്‍ഷിക വരുമാനം നേടണമെങ്കില്‍ അയാള്‍ 941 വര്‍ഷം പണിയെടുക്കേണ്ടതുണ്ട്.

1980- കളുടെ ആദ്യപകുതിയില്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ക്കു മുന്നില്‍ കടബാധ്യത ഉണ്ടാക്കിയതിന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി പഴി കേട്ടിരുന്നെങ്കില്‍, കാലം മാറിയപ്പോള്‍ ആഗോള വായ്പകള്‍ അനുവദിച്ചു കിട്ടുന്നത് ഭരണാധികാരിയുടെ വലിയ പിടിപ്പു തന്നെയായി അവതരിപ്പിക്കുന്നു. അജ്ഞാതമായ ഒരു നമ്പറില്‍ നിന്ന്​, ‘സാറിനൊരു ക്രെഡിറ്റ് കാര്‍ഡ് ഓഫറുണ്ട്’, ‘സാറിനൊരു പേഴ്‌സണ്‍ ലോണ്‍ തരാം’ എന്നിങ്ങനെ ബഹുമാനപൂര്‍വ്വം വിളിച്ച്​, തേടാത്ത വള്ളിയും കാലില്‍ ചുറ്റിച്ചാണ് ആര്‍ത്തിയുടെ ഗ്രാഫ് താഴേക്കു പോകാതെ ഈ സമ്പദ്​വ്യവസ്​ഥ പിടിച്ചു നിര്‍ത്തുന്നത്. ജനങ്ങളുടെ കടബാധ്യത കൂട്ടി, ആരെയും ആത്മാഭിമാനം കളഞ്ഞും വിപണിലഹരിയില്‍ മുക്കി ജി.ഡി.പി. ഉയര്‍ത്തുന്ന കാപട്യത്തില്‍ നവ ലിബറല്‍ സാമ്പത്തിക സംസ്‌ക്കാരം അഭിരമിക്കുന്നു. ബീവറേജസിന്റെ മുന്നില്‍ തൊഴിലാളിവര്‍ഗ്ഗം ക്യൂ നിന്ന് ആവോളം മോന്തിയില്ലെങ്കില്‍ മേല്‍ത്തട്ട് ആഡംബരത്വം വഴിയില്‍ കിടന്നുപോകുന്ന പ്രാദേശിക ധനകാര്യത്തോളം പറ്റിയ ഉദാഹരണം ഭോഗലഹരി രാഷ്ട്രഘടനയില്‍ വേറെയേതുണ്ട്?

ഇന്ത്യന്‍ കുടുംബങ്ങളുടെ കടബാധ്യത ജി.ഡി.പി.യുടെ 36% വരുമെന്ന് റിസര്‍വ്വ് ബാങ്ക് കണക്കാക്കുന്നു. ഗാര്‍ഹിക കടത്തില്‍ നഗരവാസികളേക്കാള്‍ ഇരട്ടി ബാധ്യത ഗ്രാമീണര്‍ക്കാണ്. അമേരിക്കയിലും മറ്റും വീട്, വാഹനം മുതലായ ആസ്തികള്‍ക്കാണ് കടം വാങ്ങുന്നതെങ്കില്‍ ഇവിടെ കടം പ്രധാനമായും ഉപഭോക്തൃ ഉല്പന്നങ്ങള്‍ക്കായി ചെലവിടുന്നു. 2022 ല്‍ ഇന്ത്യയിലെ മൊത്തം വ്യവസായ വായ്പയായ 35 ലക്ഷം കോടി രൂപയുടെ അടുത്തുവരെ നമ്മുടെ റീട്ടെയില്‍ ലോണ്‍ (34 ലക്ഷം കോടി രൂപ) എത്തിയിട്ടുണ്ട്.

Graph courtesy: India Today
Graph courtesy: India Today

ഗാര്‍ഹിക കടം വര്‍ദ്ധിപ്പിച്ച്​, ജനങ്ങളുടെ, പ്രധാനമായും മധ്യവര്‍ഗ്ഗത്തിന്റെ, ഉപഭോഗം കുതിച്ചുയര്‍ത്തുന്ന സമ്പദ് വ്യവസ്ഥയുടെ ഓമനപ്പേരാണ് ‘എമര്‍ജിംഗ് ഇക്കോണമി.’ അതനുസരിച്ച്, ജി.ഡി.പി.യുടെ 50 % ലേറെ വരുന്ന പണം കടംവാങ്ങി, വീട്ടുകാര്‍ സാധനസാമഗ്രികള്‍ വാങ്ങിക്കൂട്ടിയാലേ ഇന്ത്യയും ആ ഗണത്തില്‍ മുന്‍നിരയിലെത്തൂ. പലിശ ബിസിനസുകാരുടെ കണ്ണില്‍, നയാപൈസ കടം നല്‍കാന്‍ പോലും യോഗ്യതയില്ലാത്ത ജനസഹസ്രങ്ങള്‍ ഈ രാജ്യത്തുള്ളതിനാലാകാം ഇക്കാര്യത്തില്‍ ഇന്ത്യ പിന്നില്‍ തന്നെ നില്‍ക്കുന്നത്. അതായത് നവ ലിബറല്‍ കാലാവസ്ഥയില്‍ ഇവിടുത്തെ മധ്യവര്‍ഗ്ഗ ശ്രേണികളില്‍ കാണുന്ന ഉപഭോഗ പളപളപ്പിന്റെ രാസത്വരകമാണ് ചെറുടൗണുകളില്‍ പോലും ബ്രാഞ്ചുകള്‍ തുറന്നിരിക്കുന്ന ഫൈനാന്‍സ് ശൃംഖലകള്‍ മുതല്‍ ഓണ്‍ലൈന്‍ ആപ്പുകളില്‍ വരെ എത്തിനില്‍ക്കുന്ന വായ്പാഹസ്തങ്ങള്‍.

നവ ലിബറല്‍ സംസ്‌ക്കാരത്തില്‍ രണ്ടു വിഭാഗമേ ആദരവും അംഗീകാരവും അര്‍ഹിക്കുന്നുള്ളൂ, അത് കോടിപതികളും സെലിബ്രിറ്റികളും മാത്രം. ഇരുവരും മാതൃകാരത്നങ്ങളാകാന്‍ കാരണം അവര്‍ അത്യുപഭോഗത്തിന്റെ അവസാന വാക്കായതിനാലാണ്. അതുകൊണ്ടാണ് ഇക്കാലത്ത് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങളില്‍ പകുതിയോളം (269 ) പേരും അതിസമ്പന്നരില്‍ നിന്നായത്. സമ്പത്ത് അധികാരത്തിന്റെ പ്രത്യക്ഷ അംഗീകാരം എന്നതു കൂടാതെ സാമൂഹ്യ സാംസ്‌കാരിക ആരോഗ്യ കാര്യങ്ങളുടെയും ആധികാരിക ശബ്ദമായി വളര്‍ന്നിട്ടുണ്ട്. അതുകൊണ്ട് രോഗങ്ങള്‍, വാക്‌സിനുകള്‍ ഇവയെപ്പറ്റി മാത്രമല്ല യുവാല്‍ നോഹ ഹരാരിയുടെ പുസ്തകത്തെ പറ്റിയും വിലപ്പെട്ട അഭിപ്രായം ബില്‍ഗേറ്റ്‌സ് പറയട്ടെ എന്നായിരിക്കുന്നു.

ബില്‍ ഗേറ്റ്സ്
ബില്‍ ഗേറ്റ്സ്

പരസ്യങ്ങളില്‍ സെലിബ്രിറ്റികള്‍ ബ്രാന്റ് അംബാസഡര്‍മാരാകുന്നു എന്നതിനേക്കാള്‍ അവരുടെ പ്രത്യക്ഷപ്പെടലുകള്‍ ആഡംബര സമ്പദ് വ്യവസ്ഥ നല്‍കുന്ന മിഥ്യാഹ്ലാദ പ്രകടനത്തിനുള്ള പ്രചരണവേലയായി തീര്‍ന്നിട്ടുണ്ട്. കേരളത്തില്‍ സാമൂഹ്യമാധ്യമ ചാനലുകള്‍ നോക്കുക, താരസംഘടനയായ ‘അമ്മ’യുടെ വാര്‍ഷിക പൊതുയോഗവും, ഓരോരുത്തരുടെയും വരവും, അവിടുത്തെ രാജകീയ ഭക്ഷണവിശേഷങ്ങളും മറ്റും താരാരാധനയെ മുതലെടുക്കാന്‍ വേണ്ടി കാണിക്കുന്നതിനുപരി, ഉപരിവര്‍ഗ്ഗ ആഡംബരം ജീവിതാഹ്ലാദത്തിന്റെ അവസാനവാക്കാണെന്നു മോഹിക്കുന്ന ജനസമൂഹത്തിന്റെ ധാരണകളെ ഉറപ്പിക്കുക എന്നതാണ് ഈ കാഴ്ചയൊരുക്കലുകളുടെ ലക്ഷ്യം.

അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പായതും മാന്യവും സുരക്ഷിതവുമായ ജീവിത നിലവാരത്തില്‍ തൃപ്തമാകുന്നത് നവ ലിബറല്‍ സംസ്‌ക്കാരത്തിന് ഒട്ടും യോജിച്ചതല്ല. 'ചെറിയ സ്വപ്നങ്ങള്‍ കുറ്റകരമാണ്, വലിയ ലക്ഷ്യം തന്നെ വേണം ' എന്ന എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വചനം ഇക്കാലത്ത് വ്യക്തിത്വ വികസനം / മോട്ടിവേഷന്‍ ക്ലാസുകളില്‍ എപ്പോഴും ഉപയോഗിക്കുമ്പോള്‍, അതിന് ഒറ്റ അര്‍ത്ഥമേയുള്ളൂ, ആഡംബരത്തിന്റെ ലോകം വെട്ടിപ്പിടിക്കാന്‍ ഒരിമ്പെട്ടിറങ്ങൂ എന്നാണ്. കാരണം, വിവേകമല്ല അവിവേകമാണ് കയറുപൊട്ടിയ സാമ്പത്തിക വളര്‍ച്ചയുടെ സൃഷ്ടികര്‍ത്താവ്.

ബെര്‍ണാഡ് മാന്‍ഡെവില്‍
ബെര്‍ണാഡ് മാന്‍ഡെവില്‍

കോളനിവാഴ്ചയുടെ സമ്പല്‍സമൃദ്ധിയില്‍ യൂറോപ്പില്‍ പുത്തന്‍ അത്യുപഭോഗവര്‍ഗ്ഗം 17-ാം നൂറ്റാണ്ടിന്റെ രണ്ടാംപാദം മുതല്‍ ശക്തരായപ്പോള്‍ , ആഡംബരധൂര്‍ത്തിന്റെ സാമൂഹ്യപരിണതിയെപ്പറ്റി വലിയ വാദപ്രതിവാദങ്ങള്‍ അക്കാലത്ത് അവിടെ നടക്കുകയുണ്ടായി. തന്‍കാര്യം മാത്രമാണ് ഏറ്റവും പ്രധാനമെന്നും വ്യക്തികള്‍ക്ക് അവരുടെ ഇഷ്ടങ്ങള്‍ നിറവേറ്റപെടണമെന്നും, അതിന് സമൂഹം തടസ്സമാകരുതെന്നും പറഞ്ഞുകൊണ്ട്, വളര്‍ന്നു വരുന്ന സ്വാര്‍ത്ഥധൂര്‍ത്തിന്റെ സമ്പദ്​വ്യവസ്ഥക്കു വേണ്ടി ബെര്‍ണാഡ് മാന്‍ഡെവില്‍ (Bernard Mandeville) എന്ന ആഗ്ലോ- ഡച്ച് ഡോക്ടര്‍ ഒരു ആക്ഷേപഹാസ്യകാവ്യം (The Fable of the Bees) തന്നെ 1705-ൽ എഴുതി. വ്യക്തിപരമായ ഉയര്‍ച്ച ആഗ്രഹിക്കാതെ, പൊതുനന്മയെ കരുതി ജീവിച്ച തേനീച്ചക്കൂട്ടം നശിച്ചു പോകുന്നതാണ് ഇതിലെ ഇതിവൃത്തം.

വ്യക്തിപരമായ ദുരാര്‍ത്തിയാണ് എല്ലാ സാമൂഹ്യനേട്ടങ്ങള്‍ക്കും കാരണമെന്ന മാന്‍ഡെവില്‍ സിദ്ധാന്തം കോളനി വ്യവസ്ഥയോടൊപ്പം വളര്‍ന്നു ലോകമാകെ പടര്‍ന്നു, എല്ലാ മുക്കിലും മൂലയിലും നവലിബറല്‍ പ്രത്യയശാസ്ത്രമായി മാനവഹൃദയങ്ങളുടെ ഭാഗമാക്കി മാറ്റിയിരിക്കുന്നു ഇപ്പോള്‍.

(തുടരും)

Comments