വൈറസ് ബാധിച്ച കപ്പലിൽ കുടുങ്ങിക്കിടന്നുകൊണ്ട്
​നാം സ്വകാര്യ കാബിനുകൾ വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു

ആഗോള സമ്പത്തിന്റെ 50 ശതമാനത്തിനുമുകളിൽ കയ്യടക്കി വെച്ചിരിക്കുന്ന ഒരു ശതമാനം വരുന്ന അതിസമ്പന്ന വിഭാഗവുമായുള്ള കൂടുതൽ രൂക്ഷമായ സംഘർഷത്തിനായിരിക്കും പോസ്റ്റ് കോവിഡ് കാലം സാക്ഷ്യം വഹിക്കാൻ പോകുന്നത്- ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ ‘ദ ഗ്രേറ്റ് റിസെറ്റ്' എന്ന നയരേഖയുടെ വിശകലനം

കോവിഡ് മഹാമാരി ആരംഭിച്ച് ആറുമാസം പിന്നിട്ടപ്പോൾ ലോകം പൊതുവിൽ ചർച്ച ചെയ്തത് കോവിഡാനന്തര കാലത്തെക്കുറിച്ചായിരുന്നു. എല്ലാ ചർച്ചകളിലെയും പൊതുഘടകം പോസ്റ്റ് കോവിഡ് കാലം ഭൂതകാലത്തിൽ നിന്ന് എങ്ങിനെയൊക്കെ വ്യത്യസ്തമായിരിക്കും എന്നതായിരുന്നു. കോവിഡിനെ നേരിടാനുള്ള തന്ത്രങ്ങളിൽ വൻകിട വ്യാവസായിക രാജ്യങ്ങളടക്കം പരാജയപ്പെടുകയും, ആഗോളതലത്തിൽ തന്നെ സാമൂഹിക അസമത്വത്തിന്റെ ദുരന്തഫലങ്ങൾ മറനീക്കി പുറത്തുവരികയും ചെയ്തതോടെ നിലനിൽക്കുന്ന വ്യവസ്ഥയുടെ പൊളിച്ചുപണിയെ സംബന്ധിച്ച ചർച്ച വ്യാപകമാകാൻ തുടങ്ങി. ലോകമൊട്ടാകെ ദശലക്ഷക്കണക്കിന് ആളുകൾ കോവിഡ് മൂലം മരിക്കുകയും, കോവിഡിന്റെ വകഭേദങ്ങൾ ദ്രുതഗതിയിൽ വ്യാപകമാകുകയും ചെയ്തതോടെ വാക്‌സിൻ നിർമാണം യുദ്ധകാലാടിസ്ഥാനത്തിലാക്കുകയും അഞ്ചിലധികം വ്യത്യസ്ത വാക്‌സിനുകൾ വിപണിയിലിറക്കുകയും ചെയ്തു. അതേസമയം വാക്‌സിനേഷൻ പൂർത്തിയാക്കുന്നതിൽ രാജ്യങ്ങൾ തമ്മിൽ അതിഭീമമായ അന്തരം നിലനിൽക്കുകയും വൈറസിന്റെ പുതിയ വകഭേദങ്ങൾ വ്യാപകമാകുകയും ചെയ്യുന്നത്, ‘പോസ്റ്റ് പാൻഡമിക്' ലോകം എന്ന ധാരണകൾക്ക് തിരിച്ചടി നൽകുകയാണ്.

വ്യക്തി ജീവിതം, കുടുംബം, പൊതു ഇടങ്ങൾ, തൊഴിൽ സ്ഥാപനങ്ങൾ, സാമ്പത്തിക പ്രവർത്തനങ്ങൾ തുടങ്ങി മനുഷ്യന്റെ എല്ലാ വ്യവഹാര മണ്ഡലങ്ങളെയും പുനർനിർമ്മിക്കാനുള്ള ആലോചനകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

‘‘ഈ മഹാമാരി വളരെക്കാലം മനുഷ്യരോടൊപ്പം നിൽക്കുകയും മനുഷ്യശരീരത്തിൽ അധിവസിച്ച് കാലാനുസൃതമാകുകയും ചെയ്യുന്ന ഒരു പകർച്ചവ്യാധിയാകാൻ സാധ്യതയുണ്ട്'' (Bloomberg, Coronavirus Is Likely to Become a Seasonal Infection Like the Flu, Top Chinese Scientists Warn, Time, 28 April 2020,.) എന്ന് ചൈനീസ് ശാസ്ത്രജ്ഞരിൽ പ്രമുഖനായ ജിൻ ക്വി (Jin Qi) കഴിഞ്ഞ വർഷം നൽകിയ മുന്നറിയിപ്പിന് ഇന്ന് ശാസ്ത്രസമൂഹത്തിനിടയിൽ പൊതുസ്വീകാര്യത കൈവന്നിട്ടുണ്ട്. വൈറസുകളെ കീഴടക്കുക എന്നതിനേക്കാൾ വൈറസ് ബാധ ഒഴിവാക്കാൻ ഉചിതമായ ശീലങ്ങൾ പാലിക്കുക എന്നതായിരിക്കും ഇനിയങ്ങോട്ട് പ്രായോഗികം എന്ന ചിന്ത ലോകത്തെ ഭരിക്കാൻ തുടങ്ങിയിരിക്കുന്നു. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും കോവിഡ് അനുഗുണ ശീലങ്ങൾ (Covid Appropriate Behaviour) പാലിക്കാനാണ് ഇന്ന് ശാസ്ത്രലോകം ലോകത്തോട് ആവശ്യപ്പെടുന്നത്.
വ്യക്തി ജീവിതം, കുടുംബം, പൊതു ഇടങ്ങൾ, തൊഴിൽ സ്ഥാപനങ്ങൾ, സാമ്പത്തിക പ്രവർത്തനങ്ങൾ തുടങ്ങി മനുഷ്യന്റെ എല്ലാ വ്യവഹാര മണ്ഡലങ്ങളെയും അതിനനുസൃതമായ രീതിയിൽ പുനർനിർമ്മിക്കാനുള്ള ആലോചനകളാണ് പല തട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്.

കോവിഡ് ഒരു മഹാമാരിയാണെന്നതും അതിനെ സ്ഥല- കാലങ്ങളിലേക്ക് ചുരുക്കിക്കെട്ടാൻ സാധ്യമല്ലെന്നും ഉള്ള തിരിച്ചറിവ്, ഒറ്റതിരിഞ്ഞുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലശൂന്യതയെ സംബന്ധിച്ച് ചിന്തിക്കാൻ സാമ്പത്തിക-ആസൂത്രണ വിദഗ്ദ്ധരെ നിർബന്ധിക്കുന്നുണ്ട്. പ്രമുഖ അക്കാദമിക്ക് ബുദ്ധിജീവിയും നയതന്ത്രജ്ഞനുമായ മധുബനി കിഷോർ ഈ വിഷയത്തെ : ‘‘നാം 7.5 ബില്യൺ ആളുകൾ ഇപ്പോൾ വൈറസ് ബാധിച്ച ഒരു ക്രൂയിസ് കപ്പലിൽ കുടുങ്ങിക്കിടക്കുകയും, വൈറസ് സഞ്ചരിക്കുന്ന ഇടനാഴികളെയും വായു അറകളെയും അവഗണിച്ചുകൊണ്ട് തങ്ങളുടെ സ്വകാര്യ ക്യാബിനുകൾ മാത്രം തുടക്കുകയും വൃത്തിയാക്കുകയും ചെയ്യുന്നതിൽ അർത്ഥമുണ്ടോ? ഉത്തരം വ്യക്തമാണ്: ഇല്ല. എന്നിട്ടും, ഇതാണ് നാം ചെയ്യുന്നത്. നാം ഇപ്പോൾ ഒരേ ആഗോള കപ്പലിൽ ആയതുകൊണ്ട് അതിനെ മൊത്തമായും പരിപാലിക്കാൻ മാനവികത തയ്യാറാകേണ്ടതുണ്ട്''.

അസാധുവാകുന്ന ബ്രെട്ടൺവുഡ് സ്ഥാപനങ്ങൾ

മഹാമാരികൾ ലോകത്തിന്റെ സാമ്പത്തിക- സാമൂഹിക ജീവിത ക്രമങ്ങളെ പുനർനിർമിക്കാൻ നിർബന്ധിക്കുന്നുണ്ടെന്നത് ചരിത്രപരമായ വസ്തുതയാണ്. കോവിഡും അതിൽ നിന്ന് ഭിന്നമാകാൻ സാധ്യതയില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മഹാമാരികളുടെ ദീർഘകാല സാമ്പത്തിക പ്രത്യാഘാതങ്ങൾ (Òscar Jordà et al) എന്ന വിഷയത്തെക്കുറിച്ച് നടത്തിയ ഇക്കാര്യം വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. ‘‘(മഹാമാരികളുടെ) ബൃഹദ് സാമ്പത്തിക പ്രത്യാഘാതങ്ങൾ നിർണായകമായ തോതിൽ നാലു പതിറ്റാണ്ടു കാലത്തോളം നിലനിൽക്കു''മെന്നും ഇത് ""യഥാർത്ഥ വരുമാന നിരക്കിൽ ഗണ്യമായ കുറവുവരുത്തു''മെന്നും പഠനം വ്യക്തമാക്കുന്നു (Jordà, Òscar, Sanjay R. Singh and Alan M. Taylor, “Longer-Run Economic Consequences of Pandemics”, Federal Reserve Bank of San Francisco, Working Paper 2020-09, 2020).

ആഗോള ശാസ്ത്രസമൂഹം നിർദ്ദേശിക്കുന്ന കോവിഡ് അനുഗുണ ശീലങ്ങൾക്കനുസരിച്ച് സമൂഹത്തെ പുനഃസംഘടിപ്പിക്കുമ്പോൾ നിലനിൽക്കുന്ന സാമ്പത്തിക ക്രമങ്ങളും അവയെ മുന്നോട്ടു നയിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സ്ഥാപനങ്ങളും സംവിധാനങ്ങളും അപ്രസക്തമോ കാലഹരണപ്പെട്ടതോ ആയി മാറുന്നുണ്ട്. ആഗോള സാമ്പത്തിക നയരൂപീകരണത്തിനായി നിർമിക്കപ്പെട്ട ബ്രെട്ടൺവുഡ് ഇൻസ്റ്റിറ്റിയൂഷനുകൾ എന്നറിയപ്പെടുന്ന ലോകബാങ്ക്, ഐ.എം.എഫ്. തുടങ്ങിയ സ്ഥാപനങ്ങൾ മറ്റൊരു കാലത്ത്, മറ്റൊരു പ്രതിസന്ധിയെ മറികടക്കുന്നതിനും വേണ്ടി രൂപപ്പെടുത്തിയതായിരുന്നുവെന്നതും പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ അവയ്ക്ക് സാധ്യമല്ലെന്നും അല്ലെങ്കിൽ അതിനെ പുതിയ രീതിയിൽ നവീകരിക്കേണ്ടതുണ്ടെന്നും ഇന്ന് നയരൂപീകരണ വിദഗ്ധർ ചിന്തിക്കുന്നു.

ബ്രെട്ടൺ വുഡ്സ് കോൺഫറൻസ് (1944) / Photo: UN Photo

1944 ജൂലൈയിൽ ന്യൂ ഹാംഷെയറിലെ ബ്രെട്ടൻവുഡ്‌സിൽ ഒത്തുകൂടിയ ലോകനേതാക്കൾ, രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരമായ പ്രവർത്തനം നിയന്ത്രിക്കുന്നതിനുമായി ഒരു ആഗോള സ്ഥാപന സംവിധാനത്തിന്റെ രൂപകൽപ്പനയെക്കുറിച്ച് പൊതുസമ്മതിയിലെത്തിയതിൽ നിന്നാണ് ബ്രെട്ടൺവുഡ്‌സ് സ്ഥാപനങ്ങളുടെ പിറവി. അതിർത്തികൾ, വ്യാവസായിക ഉൽപാദനം, ചരക്കുകളുടെ വ്യാപാരം, ഉൽപാദന വസ്തുക്കൾ, അതിദീർഘ വിതരണ ശൃംഖലകൾ എന്നിവയുടെ ലോകത്തിനുവേണ്ടിയായിരുന്നു ആ സംവിധാനം. മഹാമാരി അനുഗുണ പെരുമാറ്റങ്ങളെ അടിസ്ഥാനമാക്കിയുള്ള, അസ്ഥിരത(instability)ടെയും അനിശ്ചിതത്വ (uncertainity)ത്തിന്റെയും മറ്റൊരു കാലഘട്ടത്തിൽ ഈ പഴഞ്ചൻ സംവിധാനങ്ങൾ പ്രവർത്തനരഹിതമാകുമെന്ന കാര്യത്തിൽ അതിന്റെ പ്രയോക്താക്കൾക്കുതന്നെ സന്ദേഹമേതുമില്ല.

കോവിഡിന് മുന്നെയുള്ള സാമ്പത്തിക സ്ഥിതിയിലേക്ക് ലോകം എത്തണമെങ്കിൽ ഇനിയും ഏറെക്കാലം കാത്തിരിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു.

പുതിയ കാലത്തിനനുസൃതമായ രീതിയിൽ ആഗോള സാമ്പത്തിക നയരൂപീകരണ സ്ഥാപനങ്ങളെ പൊളിച്ചുപണിയുന്നതിനെക്കുറിച്ചുള്ള ചർച്ച ഇന്ന് സജീവമായി നടക്കുന്നു. കനേഡിയൻ സാമ്പത്തിക ശാസ്ത്രജ്ഞനും മോണിറ്ററി ആൻഡ് ട്രേഡ് പോളിസി വിദഗ്ധനുമായ റോഹിംങ്ടൺ പി. മെഥോരയും ടെയ്‌ലർ ഓവനും ചേർന്ന് പ്രൊജക്ട് സിൻഡിക്കേറ്റിൽ എഴുതിയ ഇക്കാര്യം സൂചിപ്പിക്കുന്നതിങ്ങനെയാണ്: ‘‘ഒരു ദർശനം ആവിഷ്‌കരിക്കാനും ‘കളിയുടെ നിയമങ്ങൾ' സ്ഥാപിക്കാനും ഒരു പുതിയ യുഗത്തിനായി ഒരു അന്താരാഷ്ട്ര സ്ഥാപനം രൂപകൽപ്പന ചെയ്യാനും അന്താരാഷ്ട്ര സമൂഹം ഒരു കോൺക്ലേവ് നടത്തേണ്ടതുണ്ട്. 1944ൽ നിന്ന് വ്യത്യസ്തമായി, രണ്ടാം ലോക മഹായുദ്ധത്തിലെ വിജയികളും ദരിദ്ര പ്രദേശങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള വിരലിലെണ്ണാവുന്ന പ്രതിനിധികളും എല്ലാ സീറ്റും കൈവശപ്പെടുത്തിയപ്പോൾ, ഇന്ന് നമുക്ക് അത്തരം ചർച്ചകൾ ഒരു യഥാർത്ഥ ആഗോള ഫോറത്തിൽ നടത്താൻ കഴിയും. ആഗോള ജി.ഡി.പിയുടെ 90%വും, വ്യാപാരത്തിന്റെ 80%വും, ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ടും നിലനിൽക്കുന്ന ജി 20 രാഷ്ട്രങ്ങളുടെ പുതിയ കോൺക്ലേവ്''.

റോഹിംങ്ടൺ പി. മെഥോര, ടെയ്‌ലർ ഓവൻ

മേഖലാടിസ്ഥാനങ്ങളിലുള്ള സഹകരണങ്ങളെ സംബന്ധിച്ച പല തരത്തിലൂള്ള ആലോചനകളും സജീവമായി നിലനിൽക്കുന്നുവെന്നതാണ് ലഭിക്കുന്ന സൂചനകൾ. കേവലം രണ്ട് രാജ്യങ്ങളിലെ ഒരുപിടി സ്ഥാപനങ്ങൾ ആധിപത്യം പുലർത്തുന്ന സംവിധാനങ്ങൾ ആഗോള പൊതുനന്മ സംരക്ഷിക്കുന്നതിന് ഉതകുമെന്ന് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല. അതിന്റെ ഘടനാപരമായ ദൗർബല്യത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. ആഗോള സാഹചര്യങ്ങൾ പുതിയ വെല്ലുവിളികൾ ഉയർത്തുമ്പോൾ പുതിയ ആഗോള ഭരണ സ്ഥാപനങ്ങൾ സൃഷ്ടിക്കുക എന്നതാണ് മുന്നിലുള്ള ഏക പോംവഴി എന്ന പൊതുവായ നിഗമനത്തിലേക്ക് നയരൂപീകരണ വിദഗ്ദ്ധർ എത്തിപ്പെട്ടിരിക്കുന്നു.
യുഗപ്രതിസന്ധി (Epochal Crisis) എന്ന് വിശേഷിപ്പിക്കാവുന്ന ഈയൊരു ദുർഘടസന്ധി ആഗോള രാഷ്ട്രീയ ഗതിവിഗതികളെ പല രീതിയിൽ സ്വാധീനിച്ചേക്കാം എന്നത് ആഗോള മൂലധന താൽപര്യങ്ങളുടെ വക്താക്കളെ വലിയ തോതിൽ ചിന്താക്കുഴപ്പത്തിലാഴ്ത്തുന്നുണ്ട്. കോവിഡിനുമുമ്പേ ആരംഭിച്ച സാമ്പത്തിക കുഴമറിച്ചിലുകളുടെ ആഴം പുതുതായി ഉയർന്നുവന്ന പ്രതിസന്ധികൾ വർദ്ധിപ്പിച്ചിരിക്കുകയാണ്.

കോവിഡിന് മുന്നെയുള്ള സാമ്പത്തിക സ്ഥിതിയിലേക്ക് (ഭാവിയിലേക്കുള്ള മടക്കം Back to the Future എന്നാണ് ദ ഇക്കണോമിസ്റ്റ് ഇതിനെ വിശേഷിപ്പിക്കുന്നത്) ലോകം എത്തണമെങ്കിൽ ഇനിയും ഏറെക്കാലം കാത്തിരിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. ദ ഇക്കണോമിസ്റ്റ് പുറത്തുവിട്ട വേൾഡ് നോർമൽസി ഇൻഡക്‌സിൽ സാമ്പത്തിക പ്രവർത്തനങ്ങളിൽ പഴയ നിലയിലേക്കുള്ള ലോകത്തിന്റെ മുന്നോട്ടുപോക്കിൽ പാതി വഴി മാത്രമേ പിന്നിട്ടിട്ടുള്ളൂ എന്ന് സൂചിപ്പിക്കുന്നു (ചാർട്ട് 1 ).

ഇന്ത്യൻ സാഹചര്യത്തെ പ്രത്യേകമായി പരിഗണിക്കുകയാണെങ്കിൽ അത് 30 ശതമാനത്തിൽ താഴെ മാത്രമേ വരൂ. സാമ്പത്തിക തകർച്ച, തൊഴിലില്ലായ്മ, പട്ടിണി, ഭാവിയെ സംബന്ധിച്ച ഉത്കണ്ഠകൾ എന്നീ ഘടകങ്ങൾ ഒരുമിച്ച് ചേർന്ന് ഭരണകൂടങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ ശക്തമാകാനുള്ള സാധ്യത വളരെക്കൂടുതലാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 78ഓളം രാജ്യങ്ങളിലായി 230ലധികം ഗൗരവമായ പ്രക്ഷോഭങ്ങൾ അതത് രാജ്യങ്ങളിലെ ഗവൺമെന്റുകൾക്കെതിരായി നടന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ കർഷക പ്രക്ഷോഭങ്ങളടക്കം ഇപ്പോഴും സജീവമായി തുടരുന്ന 110ഓളം പ്രക്ഷോഭങ്ങളാണ് ലോകമെമ്പാടുമായി നടന്നുകൊണ്ടിരിക്കുന്നതെന്ന് സൂചിപ്പിക്കുന്നു. ഈ പ്രക്ഷോഭങ്ങളിൽ 25%വും കോവിഡുമായി ബന്ധപ്പെട്ടതാണെന്നതും കാർണഗീ എൻഡോവ്‌മെൻറ്​ ഫോർ ഇന്റർനാഷണൽ പീസ് പഠനങ്ങൾ വ്യക്തമാക്കുന്നു.

സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവും രാഷ്ട്രീയവും ആയ നിരവധി അപകട സാധ്യതകൾ ലോകത്തിന്റെ മുന്നിൽ വളരെ സക്രിയമായിത്തന്നെ നിലനിൽക്കുന്നുവെന്നും അവ തമ്മിലുള്ള പരസ്പര ബന്ധം അത്രതന്നെ ഗൗരവമേറിയതാണെന്നും ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ ‘ഗ്ലോബൽ റിസ്‌ക് റിപ്പോർട്ട് 2020' ചൂണ്ടിക്കാട്ടുന്നു (ചാർട്ട് 2). ഈ അപകട സാധ്യതകളിൽ സാമൂഹിക അസ്വസ്ഥതകൾ ഭരണകൂടങ്ങൾക്കും മൂലധന താൽപ്പര്യങ്ങൾക്കും എതിരായി വളർന്നുവരുന്നതിനെ എങ്ങനെ നേരിടാം എന്നത് ആഗോള നയരൂപീകരണത്തിലെ പ്രധാന പ്രമേയമായി ഉയർന്നുവരുന്നുണ്ട്. വളർന്നുവരുന്ന സാമൂഹിക അസ്വസ്ഥതകളിൽ (Social Unrest) ആഭ്യന്തര രാഷ്ട്രീയ വിഭജനം, മാധ്യമങ്ങളിന്മേലുള്ള വിശ്വാസനഷ്ടം, വരേണ്യ വിഭാഗങ്ങൾക്കെതിരായ വിദ്വേഷം, സാമൂഹിക അസമത്വങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളും കലാപങ്ങളും, സാമ്പത്തിക പ്രതിസന്ധികൾ മൂലം സംഭവിക്കുന്ന കുടിയേറ്റം തുടങ്ങിയ ‘അപകട സാധ്യത'കളെ മുൻകൂട്ടി കാണാനും നേരിടാനുമുള്ള നടപടികൾ വലിയ തോതിൽ അണിയറയിൽ തയ്യാറായി വരുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്.

ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ ‘ഗ്ലോബൽ റിസ്‌ക് റിപ്പോർട്ട് 2020'

‘‘വൈറസ് ബാധിച്ച ആഗോള കപ്പലിനെ മൊത്തമായി ശുചീകരിക്കാനും പരിപാലിക്കാനുമായി'' ആഗോള സാമ്പത്തിക സ്ഥാപനങ്ങൾ നയസമീപനരേഖകൾ തയ്യാറാക്കി വരികയാണ്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പിറവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പല പ്രതീക്ഷകളെയും -പ്രധാനമായും അവയുടെ വികേന്ദ്രീകൃത സ്വഭാവം- പൂർണമായും അപ്രസക്തമാക്കുന്ന വിധത്തിലുള്ള വെർച്വൽ കേന്ദ്രീകരണത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും പ്രയോഗങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് പുതിയ നയരേഖകളും പരിശോധിച്ചാൽ മനസ്സിലാകും. വൻ ഡാറ്റാ സെറ്റുകളും കമ്പ്യൂട്ടേഷണൽ ശേഷിയും ആവശ്യപ്പെടുന്ന പുതുകാല ഡിജിറ്റൽ വിപ്ലവത്തെക്കുറിച്ച് മെഥോരയും ഓവനും പറയുന്നതിങ്ങനെ: ‘‘പ്രധാനമായും കേന്ദ്രീകരണത്തിന്റെ അഭാവമാണ് ഇന്റർനെറ്റിനെ നിർവചിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ടത് ഡാറ്റയുടെ സാന്ദ്രതയും കമ്പ്യൂട്ടേഷണൽ ശേഷിയുമാണ്. പ്ലാറ്റ്‌ഫോം എക്കണോമി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സർവ്വേലിയൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നിവയെല്ലാം വലിയ തോതിലുള്ള ഡാറ്റ സെറ്റുകൾ ആവശ്യപ്പെടുന്നു, ഒപ്പം കേന്ദ്രീകൃത സ്വാധീനമുള്ള നോഡുകളും'' (Medhora & Owen, 2020). ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുകളിലെ വൻതോതിലുള്ള പരിവർത്തനം ഒരു തരത്തിൽ ഡിജിറ്റൽ ആയുധ മൽസരത്തിലേക്ക് ചെന്നെത്തുകയാണെന്ന് വിമർശം പൊതുവിൽ ഉയർന്ന് വന്നിട്ടുണ്ട്. ഹൈപ്പർ ഗ്ലോബലൈസേഷന്റെ പ്രകടനങ്ങളായി ഡിജിറ്റൽ ഏകോപനം ശക്തിപ്പെടാനുള്ള സാധ്യകളാണ് മുന്നിൽ തെളിഞ്ഞുകൊണ്ടിരിക്കുന്നത്.

‘മഹത്തായ പുനഃക്രമീകരണം'

ആഗോള ഭരണകൂടങ്ങളെ ഏറ്റവും സ്വാധീനം ചെലുത്തിപ്പോരുന്ന, ഗവൺമെന്റിതര സംഘടനയായ ലോക സാമ്പത്തിക ഫോറം (World Economic Forum- WEF) തയ്യാറാക്കിയ Covid19: The Great Reset (മഹത്തായ പുനഃക്രമീകരണം) എന്ന നയരേഖ കോവിഡാനന്തര ലോകക്രമത്തെ സംബന്ധിച്ചുള്ള രൂപരേഖയെന്ന നിലയിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. നാലാം വ്യാവസായിക വിപ്ലവത്തിന്റെ ആസൂത്രകൻ എന്ന നിലയിൽ അറിയപ്പെടുന്ന, ലോക സാമ്പത്തിക ഫോറത്തിന്റെ സ്ഥാപകൻ കൂടിയായ ക്ലോസ് ഷ്വാബ് ആണ് രൂപരേഖ തയ്യാറാക്കിയ രണ്ട് പേരിൽ പ്രധാനി.

ക്ലോസ് ഷ്വാബ് / Photo: Wikimedia Commons

പരസ്പരാശ്രിതത്വം (Interdependence), പ്രവേഗം (Velocity), സങ്കീർണത (Complexity) എന്നീ വർത്തമാന ലോകത്തിന്റെ മൂന്ന് സവിശേഷ സ്വഭാവങ്ങളെ വിലയിരുത്തിക്കൊണ്ടാണ് ഭാവിയെ സംബന്ധിച്ച ഈ നയരേഖ ആരംഭിക്കുന്നത്. ഈ മൂന്ന് സ്വഭാവ സവിശേഷതകളെയും അതിവേഗം മുന്നോട്ട് നയിച്ചുമാത്രമേ പുതിയ ലോകത്തെക്കുറിച്ച് സങ്കൽപിക്കാനാകൂ എന്ന് നയരേഖയുടെ വക്താക്കൾ പ്രവചിക്കുന്നു. ജീവിതഗതി എല്ലായ്‌പ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയും ഓരോ മനുഷ്യ ഇടപെടലുകളും ഉയർന്ന ആവൃത്തിയിലേക്ക് (high frequency) കുതിച്ചുകൊണ്ടിരിക്കുന്ന തരത്തിൽ ‘അടിയന്തര സ്ഥിതിയുടെ ഏകാധിപത്യം' (dictatorship of urgency) അതിന്റെ തീവ്രരൂപം സമീപഭാവിയിൽ തന്നെ പുറത്തെടുത്തേക്കാമെന്നും രേഖ വിലയിരുത്തുന്നു. നയങ്ങൾ, ഉത്പന്നങ്ങൾ, ആശയങ്ങൾ, പദ്ധതികൾ തുടങ്ങി എല്ലാ മണ്ഡലങ്ങളെയും അത് പ്രവചനാതീതമാക്കുകയാണ്.

‘‘വളരെയധികം പരസ്പരബന്ധിതവും അനിശ്ചിതത്വം നിറഞ്ഞതും, അവിശ്വസനീയമാംവിധം സങ്കീർണവും നിരീക്ഷകന്റെ സ്ഥാനത്തെ ആശ്രയിക്കുന്നതും'' ആയ ഒരു ‘ക്വാണ്ടം പൊളിറ്റിക്‌സി' (Quantum Politics) ലേക്ക് ലോകം വഴുതിമാറിക്കൊണ്ടിരിക്കുകയാണെന്ന് അർമേനിയൻ പ്രസിഡണ്ടും തിയററ്റിക്കൽ ഫിസിസിസ്റ്റുമായ അർമെൻ സർഗ്‌സിയനെ (Armen Sargsyan) ഉദ്ധരിച്ച് ഷ്വാബും മാർലെറെറ്റും വിശദീകരിക്കുന്നു. ‘‘അദൃശ്യനായ ശത്രുവുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ലോകത്തിന് സാമൂഹിക മനോഭാവത്തിൽ സമൂഹ പരിവർത്തനം അനിവാര്യമാണെന്നും പുതിയ നയങ്ങളും സാമൂഹിക കരാറുകളും രൂപപ്പെടുത്തേണ്ടതുണ്ടെന്നും തങ്ങളുടെ നയരേഖ ആകർഷകവും ആശയപരവുമായ മികച്ച മാർഗ്ഗനിർദ്ദേശങ്ങൾ വാഗ്ദ്ധാനം ചെയ്യുന്നതാണെന്നും'' ‘ദ ഗ്രേറ്റ് റിസെറ്റ്' പ്രഖ്യാപിക്കുന്നു.

കോവിഡാനന്തര ലോകക്രമത്തെ സംബന്ധിച്ച സ്ഥൂലവും സൂക്ഷ്മവും (Macro & Micro) ആയ ആശയചട്ടക്കൂടിൽ നിന്ന് പുനഃക്രമീകരിക്കാനാണ് ലോക സാമ്പത്തിക ഫോറത്തിന്റെ വക്താക്കൾ ശ്രമിക്കുന്നത്. സാമ്പത്തിക- സാമൂഹിക- ഭൗമരാഷ്ട്രീയ- പാരിസ്ഥിതിക- സാങ്കേതിക മേഖലകളിലും സവിശേഷമായ വ്യാവസായിക- ഉത്പാദന മേഖലകളിൽ സൂക്ഷ്മാംശത്തിലും പുനഃക്രമീകരണം സാധ്യമാക്കുന്ന തരത്തിലുള്ള മാർഗനിർദ്ദേശങ്ങൾ അവർ മുന്നോട്ടുവെക്കുന്നു. അതോടൊപ്പം, വൈയക്തികതലത്തിൽ സാധ്യമായ പ്രത്യാഘാതങ്ങളുടെ സ്വഭാവം സംബന്ധിച്ചുള്ള മുന്നറിയിപ്പും നൽകാൻ ശ്രമിക്കുന്നു.

നിർമിത ബുദ്ധിയെയും കമ്പ്യൂട്ടേഷണൽ ശേഷിയെയും നിയന്ത്രിക്കാൻ സാധിക്കുന്നവരിലേക്ക് കൂടുതൽ അധികാരം നിക്ഷിപ്തമാകുന്ന അവസ്ഥ സംജാതമാകുകയാണ്​

‘‘കൂടുതൽ ന്യായപൂർണവും സുസ്ഥിരവും ഉത്പതിഷ്ണുതയിൽ ഊന്നിയതുമായ ഭാവിക്കായി നമ്മുടെ സാമ്പത്തിക സാമൂഹിക വ്യവസ്ഥയുടെ അടിത്തറ സംയുക്തമായും അടിയന്തിരമായും കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത''യിൽ നിന്നുമാണ് ഇത്തരമൊരു നയരേഖ തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്ന് ലോക സാമ്പത്തിക ഫോറം ഇതു സംബന്ധിച്ച ഉച്ചകോടിയെക്കുറിച്ചുള്ള വിശദീകരണത്തിൽ . ‘സുസ്ഥിരത' (sustainable), ‘ന്യായയുക്തം' (fair), 'ഉത്പതിഷ്ണുത' (resilient), പങ്കാളിത്തം (participatory), ഉൾച്ചേർക്കൽ (inclusive), സ്ഥായിത്വം (sustainable) തുടങ്ങി ആധുനിക വികസന സംവാദങ്ങളിൽ പ്രധാനമായും ഉയർന്നുകേൾക്കുന്ന എല്ലാ ചേരുവകളെയും ആവശ്യമനുസരിച്ച് വിളക്കിച്ചേർക്കാൻ ‘പുനഃക്രമീകരണ' നയരേഖയുടെ വക്താക്കൾ ശ്രമിക്കുന്നുണ്ട്.

ഈ ചേരുവകളിൽ ഏറ്റവും പുതുതായി ഉൾച്ചേർക്കപ്പെട്ട ഒന്നായി ‘നെറ്റ് സീറോ' (net zero carbon emission) യും മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് മാത്രം. ആഗോള പുനഃക്രമീകരണത്തിനായി ലോക സാമ്പത്തിക ഫോറം മുന്നോട്ടുവെക്കുന്ന നയരേഖയുടെ പ്രായോഗിക രൂപത്തെക്കുറിച്ച് വ്യക്തമായ ബോദ്ധ്യം ഉണ്ടാകണമെങ്കിൽ അതോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച മറ്റൊരു ഡോക്യുമെന്റിൽ കൂടിയും കടന്നുപോകേണ്ടതുണ്ട്. ഭാവി സമൂഹ നിർമ്മിതിയിൽ സാങ്കേതിക പരിവർത്തനത്തിന്റെ ആവശ്യകതയെയും അതിന്റെ അനിവാര്യതയെയും വ്യക്തമാക്കുന്ന രേഖയാണത്. "ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ: പവറിംഗ് ദ ഗ്രേറ്റ് റിസെറ്റ്' എന്ന ഈ രേഖ, ലോകം കടന്നുപോകാനിരിക്കുന്ന ഡിജിറ്റൽ സാങ്കേതിക വിദ്യകളെ സംബന്ധിച്ച ബ്ലൂപ്രിന്റാണ്.

രാഷ്ട്രീയ ഭരണവ്യവസ്ഥകളെ അസാധുവാക്കി ഡിജിറ്റൽ ഒളിഗാർക്കുകളാൽ നിയന്ത്രിക്കപ്പെടുന്ന ‘ഡിജിറ്റൽ ബ്രെട്ടൺവുഡ്ഡു' കളുടെ രൂപീകരണത്തെ സംബന്ധിച്ച ബ്ലൂ പ്രിന്റാണ് ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ ‘ദ ഗ്രേറ്റ് റിസെറ്റ്' എന്ന രേഖ

പ്ലാറ്റ്‌ഫോം ഇക്കണോമി, നിർമിത ബുദ്ധി (Artificial Intelligence- AI), സർവൈലൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങി വൻതോതിലുള്ള ഡാറ്റകൾ ആവശ്യമുള്ളതും അങ്ങേയറ്റം കേന്ദ്രീകൃതമായ ഒരു അധികാര സ്വരൂപത്തെയാണ് അത് വിഭാവനം ചെയ്യുന്നതെന്ന് വ്യക്തം. ഓപ്പൺ നെറ്റ്‌വർക്കുകളെ സംബന്ധിച്ച ഇന്റർനെറ്റ് വിപുലീകരണ സാധ്യതകളെ മുഴുവൻ അപ്രസക്തമാക്കി കൂടുതൽ കേന്ദ്രീകൃതവും സങ്കീർണവുമായ ഒരു വ്യവസ്ഥയാണ് അതിന്റെ ആകെത്തുക. രാഷ്ട്രീയ ഭരണവ്യവസ്ഥകളെ അസാധുവാക്കി ഡിജിറ്റൽ ഒളിഗാർക്കുകളാൽ നിയന്ത്രിക്കപ്പെടുന്ന ‘ഡിജിറ്റൽ ബ്രെട്ടൺവുഡ്ഡു' കളുടെ രൂപീകരണത്തെ സംബന്ധിച്ച ബ്ലൂ പ്രിന്റാണിത്. ധനകാര്യ സേവനങ്ങൾ തൊട്ട് പൊതുജനാരോഗ്യം, ഗതാഗതം, കൃഷി, വിദ്യാഭ്യാസം, മാധ്യമങ്ങൾ വരെയുള്ള സമസ്ത സാമ്പത്തിക പ്രവർത്തനങ്ങളും പുതുതായി വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനുമേൽ കെട്ടിപ്പൊക്കിയതായിരിക്കും. നിർമിത ബുദ്ധിയെയും കമ്പ്യൂട്ടേഷണൽ ശേഷിയെയും നിയന്ത്രിക്കാൻ സാധിക്കുന്നവരിലേക്ക് കൂടുതൽ അധികാരം നിക്ഷിപ്തമാകുന്ന അവസ്ഥ ഇതുവഴി സംജാതമാകുന്നു. കോവിഡാനന്തര ലോകത്തിനായുള്ള മാർഗരേഖ അടിസ്ഥാനപരമായി 'വിജയിക്കുന്നവന് എല്ലാം സ്വന്ത'മാക്കാനുള്ള വഴികൾ കൂടുതൽ സുഗമമാക്കുകയാണ് ചെയ്യുന്നത്.

‘മഹത്തായ പുനഃക്രമീകരണം' സൗകര്യപൂർവ്വം അവഗണിക്കുന്നതെന്ത്?

‘മഹത്തായ പുനഃക്രമീകരണം' എന്ന് പേരിട്ട് നടപ്പാക്കിനിരിക്കുന്ന പുത്തൻ സാമ്പത്തിക നവീകരണ പരിപാടികൾ പുതിയ കാലത്തിന്റെ പ്രതിസന്ധികളെ കണ്ടില്ലെന്ന് നടിക്കുക മാത്രമല്ല, കോവിഡ് കാലം ലോകജനതയ്ക്ക് മുന്നിൽ ദൃശ്യവത്കരിച്ച സാമൂഹ്യാസമത്വത്തെ അഭിസംബോധന ചെയ്യാനുള്ള യാതൊരു ശ്രമങ്ങളും അതിലില്ല. 110 പേജ് വരുന്ന ഈ മാർഗരേഖയിൽ ‘സമത' (equity) എന്ന വാക്ക് അറിയാതെപോലും കടന്നുവരുന്നില്ലെന്ന് കാണാം. (മൂന്ന് സ്ഥലത്ത് ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത് ഷെയർ ഈക്വിറ്റിയുമായി ബന്ധപ്പെട്ട് മാത്രമാണ്).
സുസ്ഥിരതയെക്കുറിച്ചുള്ള വാചാടോപങ്ങൾ നയരേഖയിൽ ഏറെയുണ്ടെങ്കിലും സുസ്ഥിരത സാധ്യമാക്കുന്നതിനുള്ള ഒരു നടപടിയും അടിസ്ഥാനപരമായി മുന്നോട്ടുവെക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

സർക്കാർ നിയന്ത്രണങ്ങൾ കുറയുകയും പൊതുനിക്ഷേപങ്ങൾ നാമമാത്രമാകുകയും ചെയ്തതിന്റെ ദുരന്തഫലങ്ങൾ കോവിഡ് കാലം നമുക്ക് കൂടുതൽ തെളിമയോടെ കാട്ടിത്തന്നു

സ്ഥായിത്വത്തിലൂന്നിയ ഒരു സമൂഹ നിർമ്മിതിക്ക് ഏറ്റവും അടിസ്ഥാനപരമായി ഉന്നയിക്കേണ്ട ചോദ്യം. സുസ്ഥിരതാ സൂചികയെ (Sustainable Index-SI) സംബന്ധിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനം പുതുക്കൽ സാധ്യമായ ഊർജ്ജ (renewable energy) വിനിയോഗവും പദാർത്ഥ പാദമുദ്രകളെ (material footprint) സംബന്ധിച്ച ബോധ്യവുമായിരിക്കേണ്ടതുണ്ട്. കാർബൺ സമതുല്യത (carbon neutrality) യെക്കുറിച്ചുള്ള ചിന്തകൾ പ്രധാനമായും ചെന്നവസാനിക്കുന്നത് ബദൽ ഊർജ്ജസ്രോതസ്സുകളിലേക്കുള്ള അന്വേഷണങ്ങളിലേക്ക് മാത്രമാണെന്നത് പ്രശ്‌നപരിഹാര സാധ്യതകളെ ഇല്ലാതാക്കുകയാണ്.

സർക്കാർ നിയന്ത്രണങ്ങൾ കുറയുകയും പൊതുനിക്ഷേപങ്ങൾ നാമമാത്രമാകുകയും ചെയ്തതിന്റെ ദുരന്തഫലങ്ങൾ കോവിഡ് കാലം നമുക്ക് കൂടുതൽ തെളിമയോടെ കാട്ടിത്തന്നു. ഇന്ത്യയുടെ മാത്രം അവസ്ഥ പരിശോധിച്ചാൽ പൊതുനിക്ഷേപം കുറയുകയും സ്വകാര്യ നിക്ഷേപം വർദ്ധിക്കുകയും ചെയ്ത 90കൾ തൊട്ടിങ്ങോട്ടുള്ള കാലയളവിൽ ഇന്ത്യയിലെ സാമ്പത്തിക അസമത്വം വലിയ തോതിൽ വർദ്ധിച്ചതായി കാണാം. ആരോഗ്യ മേഖലയിലെ പശ്ചാത്തല സൗകര്യവികസനങ്ങളിലും പൊതുവിതരണ ശൃംഖലകളിലും ഗവൺമെന്റ് നിയന്ത്രണം എടുത്തുകളഞ്ഞതോടെ അടിത്തട്ടിലെ വിഭാഗങ്ങളുടെ ആരോഗ്യ-സാമ്പത്തിക സ്ഥിതിയിൽ വലിയ തിരിച്ചടി നേരിട്ടുകഴിഞ്ഞിരിക്കുന്നു.
ആഗോള വിപണിയെ ലക്ഷ്യമിട്ടുകൊണ്ടുള്ള പുനഃക്രമീകരണത്തിന് ലോക സാമ്പത്തിക ഫോറം കോപ്പുകൂട്ടുമ്പോഴും മനുഷ്യജീവന് ആഗോളതലത്തിൽ ഒരേ മൂല്യം നിശ്ചയിക്കുന്നതിനുള്ള വിമുഖത കാട്ടുന്നതായി കാണാം. അപകട സാധ്യത കുറയ്ക്കുന്നതി (risk minimization) നായുള്ള നയപരമായ നടപടി എന്ന നിലയിൽ ജീവഹാനിക്ക് ഉയർന്ന നഷ്ടപരിഹാരം നൽകുക എന്ന ഡിമാൻറ്​ അംഗീകരിക്കാൻ വിസമ്മതിക്കുന്ന സംഘടനയാണ് ലോക സാമ്പത്തിക ഫോറം എന്ന് ഓർക്കുക. ഒരു അമേരിക്കൻ/യൂറോപ്യൻ പൗരന്റെയും ഒരു ഏഷ്യൻ പൗരന്റെയും ജീവന് തുല്യ മൂല്യം നിശ്ചയിക്കാൻ മടിക്കുന്നതിനുപിന്നിൽ അപകട സാധ്യതകൾ ഏറിയ വ്യവസായ സംരംഭങ്ങൾ അവികസിത/വികസ്വര രാജ്യങ്ങളിലേക്ക് അവ കയറ്റുമതി ചെയ്യാൻ തടസ്സം സൃഷ്ടിക്കും എന്നതുമാത്രമാണ്.

ജനകീയാഭിലാഷങ്ങളിൽ ഒന്നുപോലും പ്രകടമാകാത്ത അധികാര-വിഭവ കേന്ദ്രീകരണത്തിലേക്ക് നയിക്കുന്ന ഒന്നായി മാത്രമേ ‘മഹത്തായ പുനഃക്രമീകരണ'ത്തെ കാണാൻ കഴിയൂ.

പാരിസ്ഥിതിക ഭീഷണികളെ കണക്കിലെടുക്കുന്നുവെന്ന നാട്യം പാരിസ്ഥിതിക നീതിയുടെ നിഷേധമായി പരിണമിക്കുന്നതിലേക്കും വിഭവ ദൗർലഭ്യത്തിനും പാരിസ്ഥിതിക തകർച്ചയ്ക്കും കാരണക്കാരായ വൻകിട വ്യവസായ രാഷ്ട്രങ്ങളെയും ബഹുരാഷ്ട്ര കോർപ്പറേഷനുകളെയും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിലേക്കും നയിക്കുന്നു. നാളിതുവരെയുള്ള വ്യാവസായിക വികസനത്തിന്റെ ഫലമായി പാരിസ്ഥിതിക അഭയാർത്ഥികളായി മാറ്റപ്പെട്ട കോടിക്കണക്കായ ജനങ്ങളുടെ കാര്യത്തിൽ ആരുടെ ഉത്തരവാദിത്തം എന്നത് സംബന്ധിച്ച് മഹത്തായ പുനഃക്രമീകരണത്തിൽ ഉത്തരങ്ങളില്ലെന്ന് കാണാം.
വികസിത രാഷ്ട്രങ്ങളുടെ സമ്പദ്‌വ്യവസ്ഥ നിലവിലുള്ളതിൽ നിന്ന് 50% എന്ന തോതിലെങ്കിലും ചുരുക്കിയെങ്കിൽ മാത്രമേ അസംസ്‌കൃത വിഭവങ്ങളുടെ സുസ്ഥിര ലഭ്യതയെക്കുറിച്ചുള്ള ചർച്ചകളെങ്കിലും നീതിപൂർവ്വമാകൂ. അസന്തുലിതമായ വിഭവ വിനിമയത്തെ (unequal resource exchange) അടിസ്ഥാനപ്പെടുത്തിയുള്ള വ്യാവസായിക വികസന മാതൃകകൾ കൂടിയാണ് വർത്തമാനകാല പ്രതിസന്ധികളുടെ അടിസ്ഥാനമെന്ന് തിരിച്ചറിയാതെ പ്രതിസന്ധികൾക്കുള്ള പരിഹാരം സാധ്യമാക്കാൻ കഴിയില്ല. പ്രകൃതി വിഭവങ്ങളുടെ കൈവശാവകാശം നിർവ്വചിക്കപ്പെടുകയും പൊതുഅധികാരം രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലോകത്തെമ്പാടുമായി നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ കാതൽ. ഇത്തരത്തിലുള്ള ജനകീയാഭിലാഷങ്ങളിൽ ഒന്നുപോലും പ്രകടമാകാത്ത അധികാര-വിഭവ കേന്ദ്രീകരണത്തിലേക്ക് നയിക്കുന്ന ഒന്നായി മാത്രമേ ‘മഹത്തായ പുനഃക്രമീകരണ'ത്തെ കാണാൻ കഴിയൂ.

രാഷ്ട്രീയ ഭരണകൂടങ്ങൾക്കുമേൽ അതിശക്തമായ സ്വാധീനമുള്ള ആഗോള അതിസമ്പന്ന വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഒന്നാണ് ലോക സാമ്പത്തിക ഫോറം എന്നതുകൊണ്ടുതന്നെ അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണം എന്നത് അതിന്റെ പ്രഖ്യാപിതനയമാണ്. ആഗോള സമ്പത്തിന്റെ 50 ശതമാനത്തിനുമുകളിൽ കയ്യടക്കി വെച്ചിരിക്കുന്ന ഒരു ശതമാനം വരുന്ന ഈ അതിസമ്പന്ന വിഭാഗവുമായുള്ള കൂടുതൽ രൂക്ഷമായ സംഘർഷത്തിനായിരിക്കും പോസ്റ്റ് കോവിഡ് കാലം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ▮


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments