കോർപറേറ്റ്​ മടിശ്ശീല നിറയ്​ക്കുന്ന കാവി രാഷ്​ട്രീയം

നരേന്ദ്ര മോദിയുടെ ചങ്ങാത്ത വലയത്തിലേക്ക് കടന്നുചെന്ന ഗൗതം അദാനിക്ക് പിന്നീടുള്ള നാളുകൾ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നതാണ് വസ്തുത. മുണ്ഡ്ര തുറമുഖം, അതിനോട് ചേർന്ന് നിൽക്കുന്ന പ്രത്യേക സാമ്പത്തിക മേഖല, സ്വകാര്യ വൈദ്യുതി ഉത്പാദന കേന്ദ്രം എന്നിങ്ങനെ ഓരോന്നായി അദാനിക്ക് പതിച്ചുനൽകപ്പെട്ടു. ഇക്കാലയളവിൽ ഗുജറാത്ത് വികസനത്തെയും മുൻനിർത്തി ദേശീയ രാഷ്ട്രീയത്തിലേക്കുള്ള മോദിയുടെ പ്രവേശനം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങളും സജീവമായി നടന്നു. ഇന്ത്യൻ സാമ്പത്തിക മേഖലയെ നീരാളിക്കൈകളാൽ വരിഞ്ഞുമുറിക്കിക്കഴിഞ്ഞ ചങ്ങാത്ത മുതലാളിത്തത്തിന്റെയും അതിനുമപ്പുറത്തേക്ക് നീളുന്ന ബിസിനസ് ഒളിഗാർക്കിയുടെയും പ്രവർത്തനങ്ങളെക്കുറിച്ചുള്ള ​അന്വേഷണത്തിന്റെ അവസാന ഭാഗം.

ഏഷ്യൻ പ്രതിസന്ധികളുടെ ചരിത്രപാഠം

രണനേതൃത്വങ്ങളുമായുള്ള സൗഹൃദങ്ങളിലൂടെയുള്ള ബിസിനസ്​ വിപുലീകരണം ഏതൊരു സമ്പദ്‌വ്യവസ്ഥയിലും സാമാന്യരീതിയിൽ കണ്ടുവരുന്ന ഒന്നാണെങ്കിലും ചങ്ങാത്ത മുതലാളിത്തം അതിന്റെ എല്ലാ മറകളും നീക്കി പുറത്തുവരുന്നത് തൊണ്ണൂറുകളുടെ അവസാനത്തിൽ സംഭവിച്ച "ഏഷ്യൻ പ്രതിസന്ധന്ധി'യെ തുടർന്നാണ്.

രാഷ്ട്രീയ ഭരണകൂടങ്ങളുമായി അടുത്തബന്ധം സൂക്ഷിക്കുന്ന സ്വകാര്യ ബിസിനസ് സംരംഭങ്ങൾക്കും വിശേഷാധികാരമുള്ള കൂട്ടാളികൾക്കും സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയതിലൂടെ പൊതുമേഖലാ ബാങ്കുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുകയും രാജ്യത്തിന്റെ സമ്പദ്ഘടനയെത്തന്നെ ഗുരുതരമായി ബാധിക്കുകയും ചെയ്ത ഏഷ്യൻ സാമ്പത്തിക പ്രതിസന്ധി ചങ്ങാത്ത മുതലാളിത്തത്തിന്റെ ശരിയായ രൂപം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. സാമ്പത്തിക വിദഗ്ദ്ധരുടെ മുന്നറിയിപ്പുകളെയെല്ലാം അവഗണിച്ചുകൊണ്ട് നരേന്ദ്രമോദി ഗവൺമെൻറ്​ രാജ്യത്തെ എങ്ങോട്ടാണ് നയിച്ചുകൊണ്ടുപോകുന്നതെന്നറിയാൻ 90 കളുടെ അവസാനത്തിൽ സംഭവിച്ച "ഏഷ്യൻ സാമ്പത്തിക പ്രതിസന്ധി'കളിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തുന്നത് നന്നായിരിക്കും.

ഏഷ്യൻ സമ്പദ് വ്യവസ്ഥയിൽ ഉദിച്ചുയരുന്ന സൂര്യന്മാർ എന്ന് വിശേഷിപ്പിക്കപ്പെട്ട ദക്ഷിണ കൊറിയ, തായ്‌ലാൻറ്​, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, മലേഷ്യ എന്നീ രാജ്യങ്ങളിൽ ഏതാണ്ട് ഒരേ കാലയളവിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങളിലൊന്ന് ചങ്ങാത്ത മുതലാളിത്തമാണെന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ട സംഗതിയാണ്. സാമ്പത്തിക മാതൃകകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന സത്താപരമായ പ്രതിസന്ധികളോടൊപ്പം തന്നെ ഒളിഗാർക്കുകൾക്ക്, സമാനമായ വ്യവസായ ഗ്രൂപ്പുകൾക്ക് അവിഹിതമായ സൗജന്യങ്ങളും സഹായങ്ങളും നൽകിയതിന്റെ ബാക്കിപത്രം കൂടിയായിരുന്നു ഏഷ്യൻ പ്രതിസന്ധി.

മൂലധന വിപണിയിലേക്കുള്ള സാമ്പത്തിക പ്രവാഹത്തിന്റെ സുവർണ്ണകാലമെന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട 90 കളുടെ ആദ്യഘട്ടം ഏഷ്യൻ രാജ്യങ്ങളുടേതായിരുന്നു. ദക്ഷിണ കൊറിയ തൊട്ട് മലേഷ്യവരെയുള്ള അഞ്ച് രാഷ്ട്രങ്ങളിലേക്കും വൻകിട മൂലധനം ഒഴുകിയെത്തുകയായിരുന്നു. വിവര സാങ്കേതികവിദ്യ, നെറ്റ്‌വർക്കിംഗ് സംവിധാനം എന്നിവ വിപണി മൂലധന പ്രവാഹത്തിന് കളമൊരുക്കി. ആഭ്യന്തര വിപണിയിലേക്കുള്ള മൂലധന പ്രവാഹം മേൽപ്പറഞ്ഞ രാജ്യങ്ങളിലെ വിദേശ കടത്തിൽ വലിയ വർദ്ധനവ് സൃഷ്ടിച്ചു. ആഭ്യന്തര മൊത്തോൽപ്പാദനത്തിലെയും വിദേശ കമ്മിയുടെയും അനുപാതത്തിൽ വിടവ് വർദ്ധിക്കുന്നതിനനുസരിച്ച് വിദേശ മൂലധന ഉടമകൾ തങ്ങളുടെ നിക്ഷേപം മേൽസൂചിപ്പിച്ച ഏഷ്യൻ രാജ്യങ്ങളിൽ നിന്നും പിൻവലിക്കാൻ ആരംഭിച്ചു. 1997 ആയപ്പോഴേക്കും ‘ഏഷ്യൻ കടുവ’കളുടെ സാമ്പത്തിക ആരോഗ്യം അപകടകരമാംവിധം ക്ഷയിക്കാൻ തുടങ്ങി. ഭരണകൂട ഇടപെടൽ മൂലം ധനകാര്യ സ്ഥാപനങ്ങൾ തിരിച്ചടവ് സാധ്യത പരിഗണിക്കാതെ വൻകിടകൾക്ക് കടങ്ങൾ അനുവദിക്കുകയും പിന്നീട് ആ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ അസ്ഥിരപ്പെടുത്താൻ ആരംഭിക്കുകയും ചെയ്തപ്പോൾ മൂലധന പുനർവിന്യാസത്തിലൂടെ സർക്കാരുകൾ അവയുടെ രക്ഷയ്‌ക്കെത്തുമെന്നുള്ള പൊതുബോധം രൂപപ്പെടാൻ ഇടയാക്കിയ കാലഘട്ടം കൂടിയായിരുന്നു ഇത്. ചങ്ങാത്തമുതലാളിത്തത്തിന്റെ തോളിൽ ചാരിനിന്നുകൊണ്ട് സർക്കാരുകൾ നടത്തുന്ന ബെയ്ൽ ഔട്ടുകൾ, കൃത്രിമമായ ക്രെഡിറ്റ് റിസ്‌ക് വിശകലനം എന്നിവ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധികളിലേക്കുള്ള പാത സുഗമമാക്കിയെന്ന് പല രീതിയിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

വർത്തമാന ഇന്ത്യയിൽ അദാനിയും അംബാനിയും അടങ്ങുന്ന വിരലിലെണ്ണാവുന്ന വ്യവസായ ഭീമന്മാരുടെ വളർച്ച പരിഗണിക്കുമ്പോൾ അതിന് സമാനമായ ചരിത്ര സംഭവങ്ങൾ ഏഷ്യൻ പ്രതിസന്ധികളിൽ നിന്ന് കണ്ടെടുക്കാനാകും. ദക്ഷിണ കൊറിയയിലെ "ചൈയ്ബൽ' (Chaebol) എന്നറിയപ്പെടുന്ന വ്യവസായ സമുച്ചയങ്ങൾ രാഷ്ട്രീയ ഭരണനേതൃത്വങ്ങളുമായി ചേർന്ന് നടത്തിയ അഴിമതികളുടെ തുടർച്ച മാത്രമാണ് ദക്ഷിണ കൊറിയൻ സാമ്പത്തിക പ്രതിസന്ധിയെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. സമാനമായ രീതിയിൽ ഫിലിപ്പെൻസിലും, ഇന്തോനേഷ്യയിലും വ്യവസായ ഗ്രൂപ്പുകൾ ഭരണകൂട സേവയിലൂടെ പൊതുസമ്പത്ത് കൊള്ളയടിച്ചതിന്റെ പരിണതഫലമെന്ന നിലയിൽ തന്നെയാണ് ഏഷ്യൻ പ്രതിസന്ധി ഉടലെടുത്തത്. ദക്ഷിണ കൊറിയൻ സ്ഥാപനങ്ങളായ സാംസംഗ്, ഹ്യൂൻഡായ്, എൽജി, ലോട്ടെ തുടങ്ങിയ വൻകിട കോർപ്പറേറ്റുകൾ നേടിയെടുത്ത നികുതി ഇളവുകൾ, ഭീമമായ ലോണുകൾ, കയറ്റുമതി-ഇറക്കുമതി കരാറുകൾ എന്നിവ ആദ്യകാല സാമ്പത്തിക വളർച്ചയ്ക്ക് കാരണമായെങ്കിലും രാജ്യത്തിന്റെ പൊതു സാമ്പത്തിക സ്ഥിതിയെ പ്രതിസന്ധിയിലേക്ക് നയിച്ചുവെന്ന് പിന്നീട് നടന്ന സംഭവ വികാസങ്ങൾ തെളിയിച്ചു.

കാവി ഇന്ത്യയും "ബൊളിഗാർക്കി'യുടെ വളർച്ചയും

അധികാര രാഷ്ട്രീയത്തിലേക്കുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടന്നുവരവിന് ഏഴ് പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പ് ആവശ്യമായി വന്നുവെങ്കിലും രാഷ്ട്രീയ മണ്ഡലങ്ങളിലും ബ്യൂറോക്രസിയിലും അക്കാദമിക തലങ്ങളിലും സേനകളിലും അവയുടെ സ്വാധീനം വളരെ നേരത്തെ തന്നെ പ്രകടമായിരുന്നു. നിയോലിബറൽ സാമ്പത്തിക പരിഷ്‌കരണങ്ങൾ ഉപരി മധ്യവർഗ്ഗ താൽപ്പര്യങ്ങളെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. അതോടൊപ്പം തന്നെ ഗ്രാമീണ മേഖലയിൽ തൊഴിലില്ലാപ്പടയെ സൃഷ്ടിക്കുന്നതിലും അത് മുഖ്യ പങ്കുവഹിച്ചുവെന്ന് പിൽക്കാലത്ത് നിരീക്ഷിക്കപ്പെട്ടു. ഉപരി മധ്യവർഗ്ഗത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ച മധ്യവർഗ്ഗ സ്വപ്നങ്ങൾക്ക് കൂടുതൽ പ്രതീക്ഷപകർന്നു. സാമ്പത്തിക മേഖലയിൽ കൂടുതൽ ഉദാരവത്കരണ രീതികൾ പിന്തുടരുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു.

ഈയൊരു രാഷ്ട്രീയ-സാമ്പത്തിക പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഭാരതീയ ജനതാ പാർട്ടി പതുക്കെ പതുക്കെ പാർലമെന്റിലെ രണ്ട് സീറ്റിൽ നിന്ന്​അസാധാരണ ഭൂരിപക്ഷത്തോടെ അധികാരത്തിന്റെ സർവമണ്ഡലങ്ങളിലും പിടിമുറുക്കിക്കഴിഞ്ഞിരുന്നു. അധികാര രാഷ്ട്രീയത്തിലേക്കുള്ള ഈ പടയോട്ടത്തിൽ മൂന്ന് ഘടകങ്ങൾ സുപ്രധാന പങ്കുവഹിച്ചതായി കാണാം; ഗുജറാത്ത്, നരേന്ദ്ര മോദി, ഗൗതം അദാനി.

ഒരു കോർപ്പറേറ്റ് എന്ന നിലയിലുള്ള ഗൗതം അദാനിയുടെ വളർച്ചയെ അതിന്റെ വേഗതയുടെയും വ്യാപ്തിയുടെയും അടിസ്ഥാനത്തിൽ മുൻകാല വ്യവസായ ഭീമന്മാരുമായി താരതമ്യപ്പെടുത്താം. ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങളെ ആശ്രയിക്കാൻ കഴിയാതെ അദ്ദേഹം സ്വന്തമായി സ്വകാര്യ റെയിൽവേകളും വൈദ്യുതി ലൈനുകളും നിർമിച്ചു. ആഭ്യന്തര കൽക്കരി എളുപ്പത്തിൽ ലഭിക്കാത്തതിനാൽ, അദ്ദേഹം ഇന്തോനേഷ്യയിലും ഓസ്ട്രേലിയയിലും ഖനികൾ വാങ്ങുകയും അവ തന്റെ സ്വന്തം തുറമുഖം വഴി രാജ്യത്തേക്ക് കൊണ്ടുവരികയും ചെയ്തു. തന്റെ കാർ ഫാക്ടറികളിലേക്കാവശ്യമായ റബ്ബറിന് വേണ്ടി ബ്രസീലിയൻ റബ്ബർ തോട്ടങ്ങൾ സ്വന്തമാക്കിയ ഹെന്റി ഫോർഡിന്റെ നടപടികളുമായി മാത്രമേ ഇതിനെ താരതമ്യം ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് ജിം യാർഡ്‌ലിയും വികാസ് ബജാജും നിരീക്ഷിക്കുന്നു.

ഇന്ത്യയിലെ അതിസമ്പന്നരുടെ വളർച്ച ഇതര രാജ്യങ്ങളിലെ ശതകോടീശ്വരന്മാരുടേതിനേക്കാൾ ദ്രുതഗതിയിലുള്ളതും വ്യാപക പ്രത്യാഘാതങ്ങളുളവാക്കുന്നതുമാണ്. രാജ്യത്തിന്റെ ആഭ്യന്തര മൊത്തോൽപ്പാദനവുമായി താരതമ്യപ്പെടുത്തുമ്പോൾ അതിസമ്പന്നർ കൈവശപ്പെടുത്തിയ ദേശീയ സമ്പത്തിന്റെ അനുപാതം ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയിലെ ഒരു ശതമാനം വരുന്ന അതിസമ്പന്നർ ദേശീയ സമ്പത്തിന്റെ 42 ശതമാനത്തിന് മുകളിൽ കയ്യടക്കിവെച്ചിരിക്കുകയാണെന്ന് ഓക്‌സ്ഫാം റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ഇന്ത്യയിലെ മറ്റേതൊരു വ്യവസായ ഗ്രൂപ്പിനെയും അപേക്ഷിച്ച് ഗൗതം അദാനിയുടെ വളർച്ച കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. 2000 ത്തിന്റെ ആരംഭത്തിൽ 70 ദശലക്ഷം ഡോളറിന്റെ ആസ്തി മാത്രം ഉണ്ടായിരുന്ന ഗൗതം അദാനി രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ 150 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ മൂന്നാമത്തെ സമ്പന്നനായി മാറുകയായിരുന്നു. മോദി ഭരണകാലത്ത് മാത്രമായി അദാനിയുടെ സമ്പത്തിൽ 15 മടങ്ങ് വർദ്ധനവ് സംഭവിച്ചതായി കാണാവുന്നതാണ്.

നരേന്ദ്ര മോദിയുടെ ചങ്ങാത്ത വലയത്തിലേക്ക് കടന്നുചെന്ന ഗൗതം അദാനിക്ക് പിന്നീടുള്ള നാളുകൾ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നതാണ് വസ്തുത. ഗുജറാത്തിന്റെ പൊതുസമ്പത്ത് ഒന്നൊന്നായി അദാനിക്കായി പകുത്തുനൽകിയ മോദി ഗുജറാത്തിന്റെ "വികാസ് പുരുഷ'നെന്ന നിലയിൽ വാഴ്ത്തപ്പെട്ടു. മുണ്ഡ്ര തുറമുഖം, അതിനോട് ചേർന്ന് നിൽക്കുന്ന പ്രത്യേക സാമ്പത്തിക മേഖല, സ്വകാര്യ വൈദ്യുതി ഉത്പാദന കേന്ദ്രം എന്നിങ്ങനെ ഓരോന്നായി അദാനിക്ക് പതിച്ചുനൽകപ്പെട്ടു. ഇക്കാലയളവിൽ ഗുജറാത്ത് വികസനത്തെയും മുൻനിർത്തി ദേശീയ രാഷ്ട്രീയത്തിലേക്കുള്ള മോദിയുടെ പ്രവേശനം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങളും സജീവമായി നടന്നു.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ആറ് മാസത്തിന് ശേഷം ബ്രിസ്‌ബേനിൽ നടന്ന ജി 20 ഉച്ചകോടിയിൽ ഗൗതം അദാനിയും പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു. ഓസ്ട്രേലിയയിലെ ഗൗതം അദാനിയുടെ കാർമൈക്ക്ൾ കൽക്കരി ഖനി സമുച്ചയത്തിന് സാമ്പത്തിക സഹായം നൽകുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി 1 ബില്യൺ ഡോളറിന്റെ വായ്പാ കരാർ പ്രഖ്യാപിക്കുന്നതടക്കം നിരവധി സഹായങ്ങൾ മോദി അദാനിക്കായി ചെയ്തുകൊടുത്തു. ഇന്ത്യൻ ബാങ്കുകളിലെ മൊത്തം കടത്തിൽ 13 ശതമാവും അദാനിയുടെ അംബാനിയും അടങ്ങുന്ന വിരലിലെണ്ണാവുന്ന ധനികരുടേതാണെന്ന് തിരിച്ചറിയുമ്പോൾ കാര്യങ്ങളുടെ കിടപ്പ് കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ സാധിക്കും.

പമേല ഫിലിപ്പോസ്

കാവി രാഷ്ട്രീയവും ബൊളിഗാർക്കിയും ചേർന്ന് പുതിയൊരു രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയ്ക്ക് രൂപം കൊടുത്തിരിക്കുകയാണ് ഇന്ത്യയിൽ. പ്രമുഖ പത്രപ്രവർത്തക പമേല ഫിലിപ്പോസ് ശരിയാംവിധം നിരീക്ഷിക്കുന്നതുപോലെ, അകംപൊള്ളയായ ജനാധിപത്യ സംവിധാനത്തിനകത്ത് "റൂപിയോക്രസി'(പണാധിപത്യം)യുടെ വാഴ്ച ശക്തിപ്പെടുകയാണ്. ഏറ്റവും ഒടുവിലായി, ഇക്കഴിഞ്ഞ ജനുവരി 7ന്, ഇന്ത്യ ടി.വിയിൽ ഗൗതം അദാനിയുമായുള്ള രജത് ശർമ്മയുടെ "ആപ് കീ അദാലത്ത്' പരിപാടി അക്കാര്യം ഒന്നുകൂടി ഉറപ്പിക്കുന്നു. നിലയ്ക്കാത്ത കയ്യടികളുടെയും ആർപ്പുവിളികളുടെയും പശ്ചാത്തലത്തിൽ പുത്തൻ ബൊളിഗാർക്കിയുടെ കിരീടധാരണമായിരുന്നു ആപ് കീ അദാലത്തിലൂടെ നടന്നത്. സമാനമായ രീതിയിൽ ഇത്തരമൊരു കിരീടധാരണം നാം കണ്ടത് ഒമ്പത് വർഷം മുമ്പായിരുന്നു. 2014 ൽ. രാജ്യം പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, മറ്റൊരു "ആപ് കീ അദാലത്ത്' പരിപാടിയിൽ നരേന്ദ്ര മോദിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അവരോധിക്കുന്ന കാഴ്ച!
കോർപ്പറേറ്റ് മടിശ്ശീലയുടെ കനത്തിൽ കാവി രാഷ്ട്രീയം ശക്തിപ്പെടുന്നതും ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ ബലത്തിൽ കോർപ്പറ്റേറ്റ് മടിശ്ശീല കൊഴുക്കുന്നതിന്റെയും നൈരന്തര്യമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

(അവസാനിച്ചു)

റഫറൻസ്​:
Ravi Nair, (2019); Flying Lies; Rafale: India's Biggest Defence Scandal, P Aranjoy, New Delhi.
James Crabtree, (2018); The Billionaire Raj: A journey through India's new gilded age, Tim Duggan Books.
Background note on NPA's in India, LARRDIS No. LARRDIS NO. AJNIFM/18/2022 August 2022, Parliamet Library & Reference, Research, Documentation & Information Servies, Lok Sabha Secretariat.
Robin Banerjee, (2021); Corporate Frauds: Business Crimes now bigger, broder Bolder, Sage Publications India Pvt. Ltd.
Meghnath Desai et al., (2016); Making Sense of Modi's India, Harper Collins Publishers India.
Ram Puniyani, (2005); (Ed.) Religion, Power & Politics, Expression of Politics in Contemporary Times, Sage Publications Pvt.Ltd.
Jim Yardley and Vikas Bajaj, (2011); 'Billionaires' Rise Aids India, and Vice Versa', New York Times.

(റെഡ് ഇങ്ക്​ പബ്ലിക്കേഷൻസ്, കോഴിക്കോട് പ്രസിദ്ധീകരിക്കാനിരിക്കുന്ന ‘അദാനി സാമ്രാജ്യം: ചങ്ങാത്ത മുതലാളിത്തത്തിനപ്പുറം' എന്ന പുസ്തകത്തിൽ നിന്ന്)


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments