ചരിത്രാതീതകാലം മുതൽ ലോകവ്യാപാരത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഏലം. ‘സുഗന്ധവ്യഞ്ജനങ്ങളുടെ റാണി’ എന്നറിയപ്പെടുന്ന ഏലത്തിൻ്റെ ജന്മദേശം ദക്ഷിണേന്ത്യയിലെ പശ്ചിമഘട്ട മലനിരകളാണ്. സിഞ്ചിബെറേസി കുടുംബത്തിൽപ്പെട്ട ഈ സസ്യത്തെക്കുറിച്ച് ബി.സി. 100-200 കാലഘട്ടത്തിൽ രചിക്കപ്പെട്ട ചരകസംഹിത, ബി.സി. 600-ൽ തയ്യാറാക്കിയ സുശ്രുത സംഹിത, 7-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട അഷ്ടാംഗഹൃദയം എന്നീ ആയുർവേദ ഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്. നാലാം നൂറ്റാണ്ടിൽ ഗ്രീക്കുകാരുമായുള്ള വ്യാപാരത്തിൽ ഏലം ഒരു പ്രധാന ഉൽപ്പന്നമായിരുന്നു. 1514-ൽ പോർച്ചുഗീസ് യാത്രികനായ പർബോസ മലബാർ തീരത്തിലെ ഏലം വ്യാപാരത്തെക്കുറിച്ച് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഏലം (Elettaria cardamomum Maton) ഉത്പാദനത്തിൽ ഒരുകാലത്ത് ആഗോളതലത്തിൽ ഇന്ത്യയ്ക്കുണ്ടായിരുന്ന ആധിപത്യം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഗ്വാട്ടിമാല, ശ്രീലങ്ക, തായ്‌ലാൻഡ്, ലാവോസ്, വിയറ്റ്നാം, കോസ്റ്ററിക്ക, എൽസാൽവഡോർ, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലെ ഏലം ഉത്പാദനത്തിലുണ്ടായ വർദ്ധനവാണ് ഈ മാറ്റത്തിന് കാരണം.
മുൻകാലങ്ങളിൽ ആഗോള ഏലം വിപണിയിൽ ഇന്ത്യയുടെ ഏകാധിപത്യം നിലനിന്നിരുന്നു. എന്നാൽ സമീപകാല വിപണി പ്രവണതകൾ സൂചിപ്പിക്കുന്നത് മറ്റ് ഏലം ഉത്പാദക രാജ്യങ്ങളുടെ വളർച്ച ഇന്ത്യയുടെ മേൽക്കോയ്മയ്ക്ക് ഭീഷണിയായി മാറിയിരിക്കുന്നു എന്നാണ്. ഈ മാറുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഏലം മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ചും അതിജീവന തന്ത്രങ്ങളെക്കുറിച്ചും ഗഹനമായ പഠനങ്ങൾ ആവശ്യമാണ്.

ഇന്ത്യയിലെ ഏലം ഉത്പാദനത്തിൽ പ്രധാന പങ്കു വഹിക്കുന്നത് കേരളം, കർണാടക, തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങളിലെ മലയോര മേഖലകൾ, പ്രത്യേകിച്ച് കേരളത്തിലെ ഇടുക്കി, വയനാട്, പത്തനംതിട്ട, പാലക്കാട് എന്നീ ജില്ലകൾ, ഏലം കൃഷിക്ക് അനുകൂലമായ ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ സാഹചര്യങ്ങൾ പ്രദാനം ചെയ്യുന്നതിനാൽ ഏലം കൃഷിയിൽ മുൻപന്തിയിലാണ്. ആഗോള ഉൽപ്പാദനനിരക്കിൽ നിലവിൽ ഗ്വാട്ടിമാല ആധിപത്യമുള്ളപ്പോൾ, ഇന്ത്യ രണ്ടാംസ്ഥാനത്താണ്. ഇന്ത്യയിൽ ഏലം ഉൽപ്പാദനത്തിൽ ഏറ്റവും ഉയർന്ന പങ്ക് രേഖപ്പെടുത്തിയിരിക്കുന്നത് ഇടുക്കി ജില്ലയിലാണ്.
അമേരിക്കൻ സർക്കാർ ഇന്ത്യൻ ഏലം ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് 50% വരെ ഉയർന്ന തീരുവ ചുമത്തിയത് കേരളത്തിലെ ഏലം കർഷകർക്കും വ്യാപാരികൾക്കും തിരിച്ചടിയാണ്. ഗ്വാട്ടിമാലയിൽ ഏലത്തിന്റെ ഉത്പാദനം കുറഞ്ഞതിനാൽ ഇന്ത്യൻ ഏലത്തിന് ആഗോളവിപണിയിൽ ആവശ്യകത വർദ്ധിച്ചിരുന്നെങ്കിലും, അമേരിക്കയുടെ പുതിയ തീരുമാനം ഇന്ത്യൻ ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിച്ച് മത്സരശേഷി കുറയ്ക്കും. ഉയർന്ന തീരുവ കാരണം, കുറഞ്ഞ നിരക്കിൽ ഉൽപ്പന്നങ്ങൾ നൽകുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഏലത്തിന് കൂടുതൽ ആവശ്യക്കാരുണ്ടാകാനും അതുവഴി ഇന്ത്യയുടെ വിപണി വിഹിതം കുറയാനും സാധ്യതയുണ്ട്. ഗ്വാട്ടിമാലയിലെ ഉത്പാദനക്കുറവ് നൽകിയ താത്കാലിക നേട്ടം ഇല്ലാതാക്കി, ഈ പുതിയ വെല്ലുവിളി ഇന്ത്യൻ ഏലം കയറ്റുമതി മേഖലയ്ക്ക് ദീർഘകാല പ്രത്യാഘാതം സൃഷ്ടിക്കും. ഈയൊരു സാഹചര്യത്തിൽ, ഇന്ത്യയുടെ ഏലം ഉൽപ്പാദനത്തിന്റെ ചരിത്രപരമായ ആധിപത്യം, ഗ്വാട്ടിമാലയുടെ ഉയർച്ച, ഇന്ത്യയിലെ നിലവിലെ സ്ഥിതിയും ഏലം കൃഷിയുടെ പ്രാധാന്യവും, വിലപ്രവചനത്തിലെ എൻസെംബിൾ മോഡലുകൾ ഉപയോഗിച്ച് ഏലം കർഷകരുടെ സാമ്പത്തിക ഉന്നമനത്തിനുള്ള സാധ്യതകൾ എന്നിവ പരിശോധിക്കാം.
ഗ്വാട്ടിമാലയിലെ ഉത്പാദനക്കുറവ് നൽകിയ താത്കാലിക നേട്ടം ഇല്ലാതാക്കി, ട്രംപിന്റെ പകരച്ചുങ്കം എന്ന പുതിയ വെല്ലുവിളി ഇന്ത്യൻ ഏലം കയറ്റുമതി മേഖലയ്ക്ക് ദീർഘകാല പ്രത്യാഘാതം സൃഷ്ടിക്കും.
ഇന്ത്യയുടെ ഏലം ഉൽപ്പാദനത്തിന്റെ
ചരിത്രപരമായ ആധിപത്യം
പ്രാചീന കാലം മുതൽ ഇന്ത്യ, 'ഏലത്തിന്റെ പാലാഴി' എന്നറിയപ്പെടുന്നത് സുഗന്ധവ്യഞ്ജനമായ ഏലത്തിന്റെ ഉത്പാദനത്തിലും വ്യാപാരത്തിലുമുള്ള ഇന്ത്യയുടെ അനിഷേധ്യമായ പങ്കിനെ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള ഏലം ലോകമെമ്പാടും ആവശ്യമായ ഒരു വ്യാപാര വസ്തുവായിരുന്നു, ഇത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലും സാംസ്കാരിക പൈതൃകത്തിലും ആഴത്തിൽ വേരുറപ്പിച്ചു.
വേദകാലം മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡം സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനത്തിലും വ്യാപാരത്തിലും ഒരു പ്രധാന കേന്ദ്രമായിരുന്നു. പ്രത്യേകിച്ചു പറഞ്ഞാൽ, ഏലം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ നിർണായകമായ പങ്ക് വഹിച്ചിരുന്നു. 1970-കളിൽ ആഗോള ഏലം വിപണിയുടെ 56% ഇന്ത്യയുടെ കൈവശമായിരുന്നു എന്നത് ഈ വസ്തുത സാക്ഷ്യപ്പെടുത്തുന്നു (Center for Agricultural Policy with Prosperity Initiative, 2011). മഗധ സാമ്രാജ്യകാലം മുതൽ തെക്കൻ ഇന്ത്യയിലെയും പശ്ചിമഘട്ടത്തിലെയും നനുത്ത മലനിരകളിലായിരുന്നു ഏലം കൃഷി പ്രധാനമായും നടന്നിരുന്നത് (Chaudhuri, 1985; Mathew, 1997).

ഏലം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല, ലോക വ്യാപാരത്തെയും ഗണ്യമായി സ്വാധീനിച്ചിരുന്നു. പുരാതന ഗ്രന്ഥങ്ങളിലും യാത്രാവിവരണങ്ങളിലും ഏലത്തിന് ആഗോള വിപണിയിൽ ലഭിച്ച ഉയർന്ന സ്ഥാനം തെളിയുന്നു (Malekandathil, 2010). ഏലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കപ്പെട്ടിരുന്നു, ഇത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഏലത്തിന്റെ ഉയർന്ന ആവശ്യകതയും അതിന്റെ അപൂർവ്വതയും കാരണം, ഇത് വിലപിടിപ്പുള്ള ഒരു വ്യാപാര വസ്തുവായി മാറി, കൂടാതെ ഇന്ത്യയുടെ ലോക വ്യാപാരരംഗത്തെ സ്ഥാനം ഉറപ്പിക്കുന്നതിലും സഹായിച്ചു (Mukund, 1999).
ഗ്വാട്ടിമാലയുടെ ഉയർച്ച
ഗ്വാട്ടിമാലയിലെ ഏലം കൃഷിയുടെ വളർച്ചയുടെ ചരിത്രം 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിക്കുന്നു. 1910-1914 കാലഘട്ടത്തിൽ ജർമ്മൻ കർഷകനായ ഓസ്കർ മജസ് ക്ലോഫർ ഇന്ത്യൻ ഏലത്തെ മദ്ധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലെ കർഷക സമൂഹത്തിന് പരിചയപ്പെടുത്തിയതോടെയാണ് ഈ കാർഷിക വിപ്ലവത്തിന് തുടക്കമിട്ടത്. തണലുള്ള, ഈർപ്പമുള്ള, തണുത്ത കാലാവസ്ഥയുള്ള പ്രദേശങ്ങൾ ഏലം കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയതോടെ, ഗ്വാട്ടിമാലയിലെ ആൾട്ടോ വെരാപാസ്, ഇസബാൽ, ബജാ വെരാപാസ്, പെറ്റെൻ തുടങ്ങിയ മേഖലകൾ ഈ കൃഷിക്ക് പ്രാധാന്യമർഹിച്ചു. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഗ്വാട്ടിമാലയിൽ ഏലം കൃഷി വ്യാപകമായി.
1911 ഓടെ, കോബാൻ മുനിസിപ്പാലിറ്റിയിൽ പ്രാദേശിക ഉൽപാദനം സ്ഥാപിതമായി, തുടർന്ന് ഗ്വാട്ടിമാലയുടെ ദക്ഷിണ തീരപ്രദേശങ്ങളിലേക്ക് വ്യാപിച്ചു.
2023-ൽ 54,000 ടൺ ആയിരുന്ന ഗ്വാട്ടിമാലയിലെ ഏലം ഉൽപ്പാദനം 2024-ൽ ഏകദേശം 30,000 ടണ്ണായി കുറഞ്ഞു. കീടബാധ നിയന്ത്രിക്കുന്നതിന് വ്യാപകമായി രാസകീടനാശിനികളെ ആശ്രയിച്ചത് ഉത്പന്ന ഗുണമേന്മയെയും കർഷകരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഉയർത്തുന്നു.
1975-ൽ ഗ്വാട്ടിമാലയിലെ ക്വെറ്റ്‌സാൽറ്റെനാംഗോ ഡിപ്പാർട്ട്‌മെന്റിൽ കാർഡമം മൊസൈക് വൈറസ് (CdMV) പ്രത്യക്ഷപ്പെട്ടത് രാജ്യത്തെ ഏലം കൃഷിക്ക് ഒരു വലിയ പ്രതിസന്ധി സൃഷ്ടിച്ചു. വൈറസ് വ്യാപകമായതിനെ തുടർന്ന് ഒരു ദശാബ്ദത്തിലേറെക്കാലം കാര്യമായ വിളനാശം സംഭവിച്ചു. ഇത് കർഷകരെ ഗ്വാട്ടിമാലയുടെ വടക്കൻ മേഖലയിലേക്ക് കൃഷി മാറ്റാൻ നിർബന്ധിതരാക്കി. ഈ പ്രതിസന്ധി ഗ്വാട്ടിമാലയിലെ ഏലത്തിന്റെ ജനിതക ഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുത്തി.
എന്നാൽ ഇന്ന് ഗ്വാട്ടിമാലയിലെ ഏലം ഉത്പാദനം പ്രധാനമായും അഞ്ച് ഡിപ്പാർട്ട്‌മെന്റുകളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. അൾട്ട വെരാപാസ് (Alta Verapaz), ബാജ വെരാപാസ് (Baja Verapaz), ഇസാബൽ (Izabal), ഹ്യൂഹ്യൂറ്റെനാംഗോ (Huehuetenango), ക്വിച്ചെ (Quiche) എന്നിവയാണ് ആ ഡിപ്പാർട്ട്‌മെന്റുകൾ. ഗ്വാട്ടിമാലയുടെ വടക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന അൾട്ട വെരാപാസും ബാജ വെരാപാസും ഏലം കൃഷിക്ക് അനുയോജ്യമായ സാഹചര്യങ്ങൾ പ്രദാനം ചെയ്യുന്നു. കരീബിയൻ തീരപ്രദേശത്തിനടുത്തുള്ള ഇസാബൽ ഡിപ്പാർട്ട്‌മെന്റ്, ഈർപ്പമുള്ള കാലാവസ്ഥ കാരണം ഏലത്തിന്റെ വളർച്ചയ്ക്ക് അനുകൂലമാണ്. പടിഞ്ഞാറൻ മലയോര മേഖലയിലുള്ള ഹ്യൂഹ്യൂറ്റെനാംഗോ, ഉയർന്ന ഗുണമേന്മയുള്ള ഏലത്തിന് പേരുകേട്ടതാണ്. ക്വിച്ചെ ഡിപ്പാർട്ട്‌മെന്റും പടിഞ്ഞാറൻ ഗ്വാട്ടിമാലയിൽ ഏലം കൃഷിക്ക് പ്രാധാന്യമർഹിക്കുന്നു. CdMV മൂലമുണ്ടായ പ്രതിസന്ധിയെ അതിജീവിച്ച് ഗ്വാട്ടിമാലൻ ഏലം വ്യവസായം ഈ പ്രദേശങ്ങളിലേക്ക് അതിന്റെ ഉത്പാദന കേന്ദ്രം മാറ്റിയത് ശ്രദ്ധേയമാണ്.
2024-ൽ ഗ്വാട്ടിമാലയിലെ ഏലം കൃഷി ഗൗരവമായ പ്രതിസന്ധി നേരിട്ടു. ഇലപ്പേനുകളുടെ (Thrips) ഉപദ്രവം മൂലം ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടായി. 2023-ൽ 54,000 ടൺ ആയിരുന്നത് 2024-ൽ ഏകദേശം 30,000 ടണ്ണായി കുറഞ്ഞു. വിശേഷിച്ച് ആൾട്ടോ വെരാപാസ് മേഖലയിൽ 25% വിളവ് കുറയുമെന്നാണ് കണക്കാക്കുന്നത്. ഈ കീടബാധയെ നിയന്ത്രിക്കുന്നതിന് കർഷകർ വ്യാപകമായി രാസകീടനാശിനികളെ ആശ്രയിച്ചത് ഉത്പന്നത്തിന്റെ ഗുണമേന്മയെയും കർഷകരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഉയർത്തുന്നു.

ഈ ഉത്പാദനക്കുറവ് ആഗോള വിപണിയിൽ ഇന്ത്യൻ ഏലത്തിന് ഒരു സാധ്യത തുറക്കുന്നു. ഗ്വാട്ടിമാലയിലെ ഉത്പാദന മാന്ദ്യം ഇന്ത്യൻ ഏലത്തിന്റെ വില വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഗ്വാട്ടിമാലയിലെ കർഷകർ നൂതന കൃഷിരീതികൾ അവലംബിച്ചും പരിസ്ഥിതി സൗഹൃദ മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിച്ചും ഈ വെല്ലുവിളികളെ അതിജീവിക്കാൻ ശ്രമിക്കുന്നു എന്നത് പ്രശംസനീയമാണ്.
ഗ്വാട്ടിമാലയുടെ സാമ്പത്തിക വ്യവസ്ഥയിൽ ഏലം കൃഷിക്ക് സുപ്രധാന സ്ഥാനമുണ്ട്. ഇത് അനേകം ആളുകൾക്ക് തൊഴിൽ നൽകുകയും രാജ്യത്തിന്റെ വിദേശനാണ്യ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗമായി വർത്തിക്കുകയും ചെയ്യുന്നു. ആഗോള വിപണിയിലെ മാറ്റങ്ങൾ ഗ്വാട്ടിമാലയിലെ ഏലം കൃഷിയെ നേരിട്ട് സ്വാധീനിക്കുന്നതിനാൽ, കർഷകർ ഈ വ്യതിയാനങ്ങളെ സമർത്ഥമായി നേരിടാൻ തങ്ങളുടെ കൃഷിരീതികളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താൻ നിർബന്ധിതരാകുന്നു.
ചുരുക്കത്തിൽ, ഗ്വാട്ടിമാലയിലെ ഏലം കൃഷി ഒരുപാട് ചരിത്രപരമായ പ്രാധാന്യവും വളർച്ചയും വെല്ലുവിളികളും നിറഞ്ഞ ഒരു മേഖലയാണ്. ആഗോള വിപണിയിലെ സമ്മർദ്ദങ്ങളോടും പാരിസ്ഥിതിക പ്രശ്നങ്ങളോടുമുള്ള പ്രതികരണശേഷി ഗ്വാട്ടിമാലയിലെ ഏലം കർഷകരുടെ പ്രത്യേകതയാണ്. സുസ്ഥിര കൃഷിരീതികൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഭാവിയിൽ ഈ മേഖല കൂടുതൽ അഭിവൃദ്ധി പ്രാപിക്കുമെന്നതിൽ സംശയമില്ല.
ഇന്ത്യയിലെ നിലവിലെ സ്ഥിതി,
ഏലം കൃഷിയുടെ പ്രാധാന്യം
ഇന്ത്യയിൽ ഏലം കൃഷി പ്രധാനമായും കേരളം, സിക്കിം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കേരളത്തിലെ ഇടുക്കി ജില്ലയാണ് ഏറ്റവും കൂടുതൽ ഏലം ഉത്പാദിപ്പിക്കുന്നത്.
ഏലം ഉൽപ്പാദനത്തിന്റെയും കയറ്റുമതിയുടെയും സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഏലം ഉൽപ്പാദക രാജ്യമാണെന്നത് മനസ്സിലാക്കാൻ സാധിക്കും. ഗ്വാട്ടിമാലയാണ് ഏറ്റവും വലിയ ഉൽപ്പാദക രാജ്യം. 1954- 1955 മുതൽ 2023- 2024 വരെയുള്ള കാലഘട്ടത്തിലെ ഇന്ത്യയിലെ ഏലത്തിന്റെ വിസ്തൃതി, ഉത്പാദനം, വിളവ് എന്നിവയുടെ കണക്കുകൾ ഏതാണ്ട് ഏഴ് പതിറ്റാണ്ടുകളിലെ ഏലം കൃഷിയുടെ വളർച്ച എടുത്തു കാണിക്കുന്നു. 1954-1955-ൽ 48,000 ഹെക്ടർ വിസ്തൃതിയും 2,000 മെട്രിക് ടൺ ഉത്പാദനവുമായി ആരംഭിച്ച ഇന്ത്യ, 2023-2024-ൽ 85,500 ഹെക്ടർ വിസ്തൃതിയും 34,400 മെട്രിക് ടൺ ഉത്പാദനവുമായി ഗണ്യമായ വളർച്ച കൈവരിച്ചു. ആദ്യ വർഷങ്ങളിൽ തുച്ഛമായ (ഹെക്ടറിന് 0 മെട്രിക് ടണ്ണിന് അടുത്ത്) വിളവ്, കൃഷി രീതികളിലെ പുരോഗതി, ഉയർന്ന വിളവ് നൽകുന്ന ഇനങ്ങൾ സ്വീകരിക്കൽ, മികച്ച കീട-രോഗ നിയന്ത്രണം എന്നിവ കാരണം ഹെക്ടറിന് 0.4 മെട്രിക് ടൺ ആയി സ്ഥിരമായി മെച്ചപ്പെട്ടു. ചില കാലഘട്ടങ്ങളിലെ വിസ്തൃതിയിലും വിളവിലുമുള്ള ഏറ്റക്കുറച്ചിലുകൾ കീടബാധ അല്ലെങ്കിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ പോലുള്ള വെല്ലുവിളികളെ പ്രതിഫലിപ്പിക്കുമ്പോൾ, ഉത്പാദനത്തിലെ സ്ഥിരമായ വർദ്ധനവ് ഏലം കൃഷി നിലനിർത്താനും മെച്ചപ്പെടുത്താനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളെ അടിവരയിടുന്നു. തന്ത്രപരമായ കാർഷിക മെച്ചപ്പെടുത്തലുകളിലൂടെ ആഗോള സുഗന്ധവ്യഞ്ജന വിപണിയിൽ രാജ്യത്തിന്റെ വളരുന്ന പങ്ക് ഈ കണക്കുകളിൽ നിന്നും പ്രകടമാക്കുന്നു.
കാർഷിക വിളകളുടെ വിലയിലുള്ള തുടർച്ചയായ ഏറ്റക്കുറച്ചിലുകൾ സാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. വിളകളുടെ വില എപ്പോൾ വേണമെങ്കിലും മാറാനുള്ള സാധ്യത സാമ്പത്തിക ആസൂത്രണത്തെ താറുമാറാക്കുന്നു.
2023- 2024 സാമ്പത്തിക സാമ്പത്തികവർഷത്തിൽ സംസ്ഥാന തലത്തിലുള്ള ഏലം കൃഷിയുടെ വിസ്തൃതി, ഉത്പാദനം, വിളവ് എന്നിവയുടെ കണക്കുകൾ പ്രകാരം കേരളം കൃഷിസ്ഥലത്തിന്റെ കാര്യത്തിലും (40.35 ആയിരം ഹെക്ടർ) ഉത്പാദനത്തിന്റെ കാര്യത്തിലും (22.87 ആയിരം മെട്രിക് ടൺ) ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നു. ഹെക്ടറിന് 0.57 മെട്രിക് ടൺ എന്ന മികച്ച വിളവും കേരളം രേഖപ്പെടുത്തിയിട്ടുണ്ട്. സിക്കിം ആണ് കൃഷിസ്ഥലത്തിൽ (22.15 ആയിരം ഹെക്ടർ) രണ്ടാം സ്ഥാനത്തും ഉത്പാദനത്തിൽ (5.63 ആയിരം മെട്രിക് ടൺ) തൊട്ടുപിന്നിലുമായി വരുന്നത്. എന്നാൽ കേരളവുമായി താരതമ്യം ചെയ്യുമ്പോൾ സിക്കിമിലെ വിളവ് (ഹെക്ടറിന് 0.25 മെട്രിക് ടൺ) ഗണ്യമായി കുറവാണ്. നാഗാലാൻഡ് താരതമ്യേന കുറഞ്ഞ കൃഷിസ്ഥലമാണെങ്കിലും (4.10 ആയിരം ഹെക്ടർ) ഹെക്ടറിന് 0.56 മെട്രിക് ടൺ എന്ന ഉയർന്ന വിളവ് രേഖപ്പെടുത്തി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്നു. അരുണാചൽ പ്രദേശ്, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ ദേശീയ ഉത്പാദനത്തിലേക്ക് താരതമ്യേന കുറഞ്ഞ സംഭാവനയാണ് നൽകുന്നത്. അതേസമയം, ഉത്തരാഖണ്ഡ് ഏറ്റവും കുറഞ്ഞ കൃഷിസ്ഥലത്ത് നിന്ന് പോലും ഏറ്റവും ഉയർന്ന വിളവ് (ഹെക്ടറിന് 0.74 മെട്രിക് ടൺ) നേടാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. മൊത്തത്തിൽ, ഇന്ത്യയിൽ 85.54 ആയിരം ഹെക്ടർ സ്ഥലത്ത് ഏലം കൃഷി ചെയ്യുകയും 34.40 ആയിരം മെട്രിക് ടൺ ഉത്പാദിപ്പിക്കുകയും ചെയ്തു. ദേശീയ ശരാശരി വിളവ് ഹെക്ടറിന് 0.40 മെട്രിക് ടൺ ആണ്. ഈ വിവരങ്ങൾ വിശകലനം ചെയ്യുമ്പോൾ, ഭാരതത്തിന്റെ ഏലം കൃഷി മേഖലയിൽ കേരളത്തിനുള്ള നിർണായകമായ പങ്ക് വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.
വില പ്രവചനത്തിലെ
എൻസെംബിൾ മോഡൽ
മെഷീൻ ലേണിംഗിൽ, ഒന്നിലധികം മോഡലുകളെ സംയോജിപ്പിച്ച് കൂടുതൽ കൃത്യമായ പ്രവചനങ്ങൾ നടത്തുന്നതിനുള്ള ഒരു സാങ്കേതികവിദ്യയാണ് എൻസെംബിൾ മോഡലുകൾ. ഒരു കൂട്ടം ആളുകൾക്ക് വ്യക്തികളേക്കാൾ മികച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നതുപോലെ, ഒരു കൂട്ടം മോഡലുകൾക്ക് കൂടുതൽ കൃത്യമായ ഫലങ്ങൾ നൽകാൻ കഴിയും. വിവിധ മോഡലുകളിൽ നിന്നുള്ള പ്രവചനങ്ങൾ സംയോജിപ്പിച്ച്, എൻസെംബിൾ ലേണിംഗ് കൃത്യത മെച്ചപ്പെടുത്താനും പ്രവചനങ്ങൾ കൂടുതൽ വിശ്വസനീയമാക്കാനും സഹായിക്കുന്നു.
കാർഷിക വിളകളുടെ വിലയിലുള്ള തുടർച്ചയായ ഏറ്റക്കുറച്ചിലുകൾ സാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. വിളകളുടെ വില എപ്പോൾ വേണമെങ്കിലും മാറാനുള്ള സാധ്യത സാമ്പത്തിക ആസൂത്രണത്തെ താറുമാറാക്കുന്നു. അതുകൊണ്ട് തന്നെ, വിളകളുടെ വില മുൻകൂട്ടി അറിയുന്നത് കർഷകർക്കും സാമ്പത്തിക ആസൂത്രകർക്കും ഒരുപോലെ പ്രധാനമാണ്.
പഠനത്തിന്റെ രീതി
ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം, എൻസംബിൾ മോഡൽ എന്ന ഒരു രീതി ഉപയോഗിച്ച് കേരളത്തിലെ ഏലത്തിന്റെ അടുത്ത ദിവസങ്ങളിലെ കമ്പോള വില പ്രവചിക്കുക എന്നതാണ്. ഇതിനായി 2014 മുതൽ 2024 വരെയുള്ള കേരള സ്പൈസസ് ബോർഡിന്റെ ട്രേഡ് ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്.
ഏലത്തിന്റെ വില പ്രവചനത്തിനായി ശാസ്ത്ര ശാഖയിലെ മെഷീൻ ലേണിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ മോഡലുകൾ സംയോജിപ്പിച്ച് ഒരു എൻസംബിൾ മോഡൽ രൂപീകരിച്ചു. സപ്പോർട്ട് വെക്റ്റർ മെഷീൻ (SVM), ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്ക് (ANN), കെ-നിയറെസ്റ്റ് നെയ്‌ബേഴ്‌സ് (KNN), റാൻഡം ഫോറസ്റ്റ് (RF), ഡിസിഷൻ ട്രീ (DT) തുടങ്ങിയ മോഡലുകൾ ഈ എൻസംബിളിൽ ഉൾപ്പെടുന്നു. കൂടാതെ, കാര്യമായ പ്രകടനം കാഴ്ചവെച്ച എക്സ്ജി ബൂസ്റ്റ് (XGBoost) എന്ന ഗ്രേഡിയന്റ് ബൂസ്റ്റിംഗ് മോഡലും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ഈ എൻസംബിൾ മോഡലിന്റെ പ്രധാന സവിശേഷത, പ്രതിദിന ശരാശരി വിലയുടെ അടിസ്ഥാനത്തിൽ ഭാവിയിലെ വിലകൾ കൃത്യമായി പ്രവചിക്കാൻ സാധിക്കുന്നു എന്നതാണ്. ഒന്നിലധികം മോഡലുകളുടെ പ്രവചനങ്ങൾ സംയോജിപ്പിച്ച് കൂടുതൽ കൃത്യത കൈവരിക്കാൻ ഈ സമീപനത്തിലൂടെ സാധിക്കുന്നു.

പഠനഫലവും നിഗമനവും
ഏലത്തിന്റെ വില പ്രവചനത്തിൽ എൻസംബിൾ മോഡൽ അതിന്റെ മൂല്യനിർണയ അളവുകളിൽ പ്രകടമായ മികവ് പുലർത്തി. ഈ മോഡൽ 13,202.08 എന്ന ഗണ്യമായി കുറഞ്ഞ മീൻ സ്ക്വയേർഡ് എറർ (MSE) കൈവരിച്ചു, ഇത് യഥാർത്ഥ വിലകളും പ്രവചിക്കപ്പെട്ട വിലകളും തമ്മിൽ വളരെ കുറഞ്ഞ വ്യതിയാനമേ ഉള്ളൂ എന്ന് സൂചിപ്പിക്കുന്നു. കൂടാതെ, 97.25% എന്ന കോഎഫിഷ്യന്റ് ഓഫ് ഡിറ്റർമിനേഷൻ (R²) മോഡൽ ലക്ഷ്യ വേരിയൻസിന്റെ 97.25% കൃത്യമായി വിശദീകരിക്കുന്നു എന്ന് വ്യക്തമാക്കുന്നു, ഇത് അതിന്റെ ഉയർന്ന പ്രവചന ശേഷിക്ക് അടിവരയിടുന്നു. 54.19 എന്ന മീൻ അബ്സൊല്യൂട്ട് എറർ (MAE) യഥാർത്ഥ വിലയും പ്രവചിക്കപ്പെട്ട വിലയും തമ്മിലുള്ള ശരാശരി വ്യത്യാസം കൃത്യമായി അളക്കുന്നു, ഇത് മോഡലിന്റെ സൂക്ഷ്മത എടുത്തു കാണിക്കുന്നു. യഥാർത്ഥ വിലകളും പ്രവചിക്കപ്പെട്ട വിലകളും തമ്മിലുള്ള ഗ്രാഫിക്കൽ താരതമ്യം ഈ രണ്ടു വിലകളും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നു. SVM, ANN, KNN, RF, DT, XGBoost തുടങ്ങിയ വിവിധ മോഡലുകളിൽ നിന്നുള്ള പ്രവചനങ്ങൾ സമന്വയിപ്പിച്ച് കൂടുതൽ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന എൻസംബിൾ സമീപനത്തിന്റെ കാര്യക്ഷമത ഈ ഫലങ്ങൾ വ്യക്തമാക്കുന്നു. ലളിതമായി പറഞ്ഞാൽ, വിവിധ മോഡലുകൾ ഒറ്റ മോഡലിനെക്കാൾ മികച്ച ഫലം തരുന്നു എന്ന് ഈ പഠനം സ്ഥാപിക്കുന്നു.
▮
References:
●Chandra, S. (2008). Trade and Trade Routes in Ancient India. Abhinav Publications.
●Chaudhuri, K. N. (1985). Trade and Civilisation in the Indian Ocean: An Economic History from the Rise of Islam to 1750. Cambridge University Press.
●Cherian, P. J. (Ed.). (2011). Perspectives on Kerala History. Kerala Council for Historical Research.
●Curtin, P. D. (1984). Cross-Cultural Trade in World History. Cambridge University Press.
●Damodaran, V. (2014). The East India Company and the Natural World. Palgrave Macmillan.
●Freeman, J. M. (1997). The Spice Route: A History. University of California Press.
●Goitein, S. D. (1967). A Mediterranean Society: The Jewish Communities of the Arab World as Portrayed in the Documents of the Cairo Geniza. University of California Press.
●Malekandathil, P. (2010). Maritime India: Trade, Religion and Polity in the Indian Ocean. Primus Books.
●Mathew, K. M. (1997). History of the Portuguese Navigation in India. Mittal Publications.
●Menon, A. S. (2007). A Survey of Kerala History. DC Books.
●Miller, J. I. (1969). The Spice Trade of the Roman Empire: 29 BC to AD 641. Clarendon Press.
●Mukund, K. (1999). The Trading World of the Tamil Merchant: Evolution of Merchant Capitalism in the Coromandel. Orient Blackswan.
●Panikkar, K. M. (1930). Malabar and the Portuguese. D.B. Taraporevala.
●Ray, H. P. (2003). The Archaeology of Seafaring in Ancient South Asia. Cambridge University Press.
●Singh, U. (2005). A History of Ancient and Early Medieval India: From the Stone Age to the 12th Century. Pearson Longman.
● Varghese, R. (2006). Kerala’s spices: Global interests and local politics. Centre for Development Studies.
●Warmington, E. H. (1928). The Commerce Between the Roman Empire and India. Cambridge University Press.
●ECONOMICS OF CARDAMOM PRODUCTION IN INDIA - A TREND ANALYSIS. (n.d.). In Shanlax International Journal of Arts, Science and Humanities.
● Center for Agricultural Policy with Prosperity Initiative. (2011). Market Survey #02. In USAID ACCESO Project. https://pdf.usaid.gov/pdf_docs/PA00KNZM.pdf
●Ravindran, P.N.; Madhusoodanan, K.J. Cardamom: The Genus Elettaria; CRC Press: Boca Raton, FL, USA, 2002.
●DePaz, J.F. Fortalecimiento de la Cadena Productiva de Cardamomo (Elettaria cardamomum L. Maton) con Énfasis en el Asocio de la Entomofauna, Especies Arvenses Y Fitopatógenos, en la Aldea Campur, San Pedro Carchá, Alta Verapaz. Ph.D. Thesis, Universidad de San Carlos de Guatemala, Guatemala City, Guatemala, 2009.
