2000 പോയ പോക്കും നോട്ട്​ നിരോധനം എന്ന തട്ടിപ്പും

2000 രൂപ നോട്ട് പിൻവലിക്കൽ കറൻസി ലഭ്യത കുറയ്ക്കും എന്നത്​ ഉറപ്പാണ്. കാരണം അത്രയും പണം ചെറിയ കറൻസികളായി ഇറക്കുകയോ, ഡിജിറ്റൽ ഇടപാടുകളെ വളർത്താൻ ഉപയോഗിക്കുകയോ ചെയ്​താൽ, സാധാരണക്കാർക്ക്​, പ്രത്യേകിച്ച് അസംഘടിത തൊഴിലാളികൾക്കും കച്ചവടക്കാർക്കും അത്​ ദുരിതമാണ് സമ്മാനിക്കുക. ക്യാഷിനെ ആശ്രയിക്കുന്ന മിക്ക മേഖലകളെയും അത് തളർത്തും.

2016 നവംബർ എട്ടിന്​ രാത്രിയാണ്​,​ പ്രധാനമന്ത്രി ‘ഭായിയോം ബഹനോം, മേരെ പ്യാർ ദേശി വാസി യോം’ എന്ന ആമുഖത്തോടെ ഏറെ ഞെട്ടിച്ച നോട്ട് നിരോധന വാർത്ത രാജ്യത്തെ അറിയിച്ചത്​. രണ്ട് അവസരങ്ങളിലാണ്​ ഇന്ത്യൻ പ്രധാനമന്ത്രി ജനങ്ങളുമായി സംവദിച്ചത്.  ഒന്ന് നോട്ട് നിരോധനത്തിന്റെ അവസരം.  മറ്റൊന്ന് കോവിഡ് കാലത്തെ ലോക്ക്​ഡൗൺ പ്രഖ്യാപനം. 

500, 1000 രൂപ പിൻവലിക്കുകയും 2000 രൂപ ഇറക്കുകയും ചെയ്ത ആ പ്രഖ്യാപനം 140 കോടി ജനങ്ങളെ പരിഭ്രാന്തരാക്കി. പിന്നെ കണ്ടത് എ ടി എം കൗണ്ടറുകളുടെ മുന്നിലുള്ള നീണ്ട നിരയും  പരിഭ്രാന്തരായ ജനതയുടെ നെട്ടോട്ടവുമായിരുന്നു.  സ്വന്തം പണം എടുക്കാൻ കാത്തുനിന്ന് കുഴഞ്ഞ് വീഴുകയും ലാത്തിയടിയേൽക്കുകയും ചെയ്ത ദുർഗതി. അപ്പോഴും രാഷ്ട്രത്തിന് അതുകൊണ്ടുണ്ടാകുന്ന ഗുണമായിരുന്നു ആർ ബി ഐയെ പോലും നിശ്ശബ്ദമാക്കി പ്രധാനമന്ത്രി പറഞ്ഞത്. 

ഇപ്പോഴിതാ, 2000 രൂപയും പിൻവലിച്ചിരിക്കുന്നു. ഇതിന്​ കാരണമായി​ ആർ ബി ഐ പറയുന്നത്​, ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക വികസനത്തിന് അത് ആക്കം കൂട്ടും എന്നാണ്​.  എന്നാൽ 2000 രൂപ ഇറക്കുമ്പോഴും കാരണമായി പറഞ്ഞത്​ കറൻസി വിതരണത്തിന്റെ ദൗർലഭ്യം  ഇല്ലാതാക്കി സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടും എന്നും വലിയ ഇടപാടുകൾ ഇതിലൂടെ എളുപ്പമാകും എന്നുതന്നെയായിരുന്നു.  ആയിരം രൂപയും 500 രൂപയും ഇല്ലാതാക്കിയപ്പോൾ പറഞ്ഞ വലിയ നോട്ടുകളുടെ കള്ളപ്പണ ഇടപാടിന്റെ സ്വാധീനത്തെ വിഴുങ്ങിയായിരുന്നു ഈ പ്രഖ്യാപനം. അത് ഒരു താൽക്കാലിക പ്രതിഭാസമായിരുന്നെന്നും ഇപ്പോൾ ഇഷ്ടം പോലെ കറൻസികൾ നാട്ടിൽ ഇടപാടിനുണ്ടെന്നുമുള്ള ധാരണയിലാണ് 2000 രൂപ പിൻവലിക്കാൻ തീരുമാനിച്ചിട്ടുള്ളത് എന്നാണ് പുതിയ ന്യായീകരണം.

2016-ൽ നോട്ട്​ നിരോധിച്ചപ്പോൾ പറഞ്ഞ ന്യായങ്ങളിൽ ചിലത് ഇപ്രകാരമായിരുന്നു:

  • കള്ളപ്പണം ഇല്ലാതാക്കുക: 

500, 1000 നോട്ടുകൾ നിരോധിക്കുമ്പോൾ കണക്കിൽ പെടാത്ത മുഴുവൻ പണവും പുറത്താകും. വരുമാനസ്രോതസ്സ് മുഴുവൻ വെളിപ്പെടുത്താൻ ഓരോരുത്തരും നിർബന്ധിതരാകും. അതിലൂടെ ഓരോ ഇടപാടുകളും പരിശോധിക്കാനും നികുതിവെട്ടിപ്പ്, കള്ളപ്പണം എന്നിവ തടയാനുമാകും.

  • ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക:

പണത്തിന്റെ നേരിട്ടുള്ള ഇടപാട് കുറയ്ക്കാനും ഡിജിറ്റലായി ഇടപാടുകൾ നടത്തി സാമ്പത്തിക സുതാര്യത നിലവിൽ വരുത്താനും കഴിയും.  സുതാര്യത, നികുതിവെട്ടിപ്പ് തടയൽ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ കടന്നുകയറ്റം, സാമ്പത്തിക മുന്നേറ്റം എന്നിവ എളുപ്പമാക്കാം.

  • ബാങ്കുകളുടെ കെട്ടുറപ്പ് ഭദ്രമാക്കാൻ:

ബാങ്കുകളിൽ ഇടപാടുകാർ എത്തുകയും പഴയ നോട്ടുകൾ ഏൽപ്പിക്കുകയും ചെയ്ത്​, നിശ്ചലമായ പണത്തെ ബാങ്കിലെത്തിക്കാനും ഇതിലൂടെ വലിയ വിഭവസമാഹരണം നടത്താനും കഴിയും. അതിലൂടെ ഉണ്ടാകുന്ന പണം അടിസ്ഥാന സൗകര്യങ്ങൾക്കും മറ്റും വായ്പയായി സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ നൽകാം. അങ്ങനെ ബാങ്കുകളുടെ നില ഭദ്രമാക്കാം.

ഇത്തരം വാഗ്ധോരണികൾ തിയറിയായും മോഹമായും പ്രഖ്യാപനവും ആയി മാറി എന്നല്ലാതെ കള്ളപ്പണം തടയാനോ ബാങ്കുകളുടെ കെട്ടുറപ്പ് ഭദ്രമാക്കാനോ സാമ്പത്തിക വളർച്ച സാധ്യമാക്കാനോ നികുതി വെട്ടിപ്പ് തടയാനോ കഴിഞ്ഞില്ലെന്നതാണ് സത്യം. സാധാരണക്കാർ​ സാമ്പത്തിക നഷ്ടവും തൊഴിൽ നഷ്ടവും പ്രശ്നങ്ങളും അനുഭവിച്ചു എന്നല്ലാതെ കള്ളപ്പണം, സ്വർണ്ണക്കടത്ത്, വിദേശ നാണ്യശേഖരം,  നികുതി വെട്ടിപ്പ് എന്നിവ നിയന്ത്രിക്കാനായില്ല. അതിസമ്പന്നർ സാധാരണക്കാരുടെ നിക്ഷേപത്തെ വായ്പയാക്കി മാറ്റി മുങ്ങുകയും ചെയ്തു. നീരവ് മോദി അടക്കമുള്ളവരുടെ കോടിക്കണക്കിന് വായ്പ തട്ടിപ്പും മുങ്ങലും തിരിച്ചടവില്ലാതെയുള്ള വായ്പാ തട്ടിപ്പുകളും ഇതിന് ഉദാഹരണമായി നിരത്താം. ഇടപാടുകളും അതിസമ്പന്നരുടെ ആസ്തിയും ലാഭവും പലവട്ടം വർദ്ധിച്ചു. 

യഥാർത്ഥത്തിൽ നോട്ട് നിരോധന പ്രഖ്യാപനം വിപരീത ഫലമാണുണ്ടാക്കിയത്.
ഒന്ന്: സാമ്പത്തിക അസ്ഥിരത. പൊടുന്നനെയുള്ള നോട്ടു നിരോധനം പണ ലഭ്യത കുറയ്ക്കുകയും, വ്യവസായ അസ്ഥിരത ഉണ്ടാക്കുകയും ചെയ്തു. ചെറുകിട സംരംഭകരുടെയും തൊഴിലാളികളുടെയും സംഘടിത മേഖലയെ മൊത്തമായും നേരിട്ട് ആശ്രയിക്കുന്ന പല മേഖലകളെയും കുത്തനെ തകർത്തു. ഇത് ജി ഡി പി വളർച്ചയെയും തൊഴിലവസരങ്ങളെയും വലിയതോതിൽ ബാധിച്ചു. 

രണ്ട്​: ബാങ്കുകളിലും സാമ്പത്തിക സ്ഥാപനങ്ങളിലുമുള്ള വിശ്വാസം നഷ്ടമായി.  എവിടെയാണ് സുരക്ഷിതമായി നിക്ഷേപിക്കാൻ കഴിയുക, എവിടെയാണ് ആവശ്യമുള്ളപ്പോൾ പണം തിരികെ ലഭിക്കാൻ കഴിയുക എന്നത് ഇന്ന് പ്രവചിക്കാൻ കഴിയാത്ത രീതിയിൽ മാറി പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാങ്കുകളിലെ നിക്ഷേപഅളവ് കുത്തനെ കുറയുകയും കിട്ടാക്കടങ്ങൾ വർധിക്കുകയും ചെയ്​തു.  കള്ളപ്പണം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല എന്നതാണ്​ മറ്റൊരു ദയനീയ സംഗതി. എത്ര കള്ളപ്പണം എന്നും നികുതി വെട്ടിപ്പ് എത്രയെന്നും ചിട്ടപ്പെടുത്താൻ കഴിഞ്ഞില്ല. അതോടെ അഴിമതി പൂർണമായി ഇല്ലാതാക്കാനും സാമ്പത്തിക സുതാര്യത ഉറപ്പാക്കാനും കഴിഞ്ഞില്ല. 

ഇതിനുപകരം, ഒന്നും ആലോചിക്കാതെ പൊടുന്നനെ ഇറക്കിയ 2000 രൂപ നോട്ട് വീണ്ടും കള്ളപ്പണ ഇടപാടുകളുടെ വേഗത വർധിപ്പിച്ചു. ഒരു നാടിന്റെ ജീവരക്തമായ 85 ശതമാനം ചെറിയ കറൻസികൾ പിൻവലിച്ച് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി അതിനുപകരം 2000 രൂപ പോലെയുള്ള വലിയ നോട്ടുകൾ ഇറക്കുമ്പോൾ അത് കാർഷിക, അസംഘടിത, റിട്ടയിൽ മേഖലകളുടെ നട്ടെല്ലൊടിക്കുകയാണ്​ ചെയ്​തത്​. കുത്തക വ്യവസായികൾ ഈ മേഖലകൾ കയ്യടക്കുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്​.  അതിനെ സാമ്പത്തിക വളർച്ച എന്ന് നിർവ്വചിക്കുകയും കൂടി ചെയ്യുന്ന ഒരു സാമ്പത്തിക പരിഷ്കാരത്തെ സാമ്പത്തിക ഫാഷിസം എന്നല്ലാതെ എന്താണ് വിളിക്കാൻ കഴിയുക. 

രണ്ടായിരം​ പോയ പോക്ക്​

ഇപ്പോൾ 2000 രൂപ പിൻവലിക്കാൻ ആർ ബി ഐ നിരത്തുന്ന ന്യായങ്ങൾ നോക്കാം.

ഒന്ന്: ഡിജിറ്റൽ സാമ്പത്തിക വളർച്ച ഊർജിതമാവും. നോട്ട് നിരോധനവും ജി എസ് ടി നിയമവും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഇപ്പോഴും വേണ്ട രീതിയിൽ ഇന്ത്യ മുഴുവൻ പ്രചരിക്കാത്തതും വർധിക്കാത്തതും വലിയ നോട്ടുള്ളതുകൊണ്ടാണ് എന്നതാണ്​ ഇതിന് ന്യായീകരണമായി പറയുന്നത്.

രണ്ട്​: കള്ളപ്പണം തടയൽ എന്ന പതിവ് പ്രഖ്യാപനം. വലിയ സംഖ്യയിലുള്ള നോട്ടുകൾ പണമിടപാട്​ നിയമപരമല്ലാത്ത രീതിയിൽ നടത്താൻ എളുപ്പമാക്കുമെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഏതായാലും ഒരാശ്വാസമുള്ളത്, 2016-ലെ നോട്ട് നിരോധനത്തിൽ നിന്ന്​ ഏറെ പാഠം പഠിച്ചതുകൊണ്ട് ഒറ്റ രാത്രി കൊണ്ട് ഈ നോട്ട് നിരോധനം വന്നില്ല എന്നതുമാത്രമാണ്. ഇത്തരം വസ്തുതകളൊക്കെ 2016- ലും ബാധകമായിരുന്നപ്പോൾ എന്തിനായിരുന്നു 2000-ന്റെ നോട്ടിറക്കിയത്,  എന്തിനാണ് ഇപ്പോൾ പിൻവലിച്ചത് എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഏതായാലും നോട്ട് നിരോധനം കറൻസിയിൽ നിന്ന്​ സ്വർണം, റിയൽ എസ്റ്റേറ്റുകളുടെ കൈമാറ്റം എന്നിവയിലേക്ക് കച്ചവടക്കാരെയും ദല്ലാളുമാരെയും മാറ്റി എന്നത് മാത്രമാണ്. ഇത്​ പരിഹരിക്കാനാണ് വീണ്ടും പുതിയ നിരോധനം എന്നാണ്​ വിശദീകരണം. 

2000 രൂപ നോട്ട് നിരോധനവും കറൻസി ലഭ്യത കുറയ്ക്കും എന്നത്​ ഉറപ്പാണ്. കാരണം നാട്ടിൽ അത്രയും പണം ചെറിയ കറൻസികളായി ഇറക്കുകയോ, ഡിജിറ്റൽ ഇടപാടുകളെ വളർത്താൻ ഉപ​യോഗിക്കുകയോ ചെയ്​താൽ സാധാരണക്കാർക്ക്​, പ്രത്യേകിച്ച് അസംഘടിത തൊഴിലാളികൾക്കും കച്ചവടക്കാർക്കും അത്​ ദുരിതമാണ് സമ്മാനിക്കുക. ക്യാഷിനെ ആശ്രയിക്കുന്ന മിക്ക മേഖലകളെയും അത് തളർത്തും. ഉൽപാദനത്തെയും വിതരണത്തെയും ദോഷകരമായി ബാധിക്കുമെന്നതും തള്ളിക്കളയാനാവില്ല.  ഇന്നും ഇന്ത്യ ആകമാനം എടുത്താൽ 70 ശതമാനം ഇടപാടുകളും സാധാരണക്കാർ ക്യാഷ് ഇടപാടുകളായാണ് നടത്തുന്നത്.  ഒരുഭാഗത്ത് കള്ളപ്പണം തടയൽ, നോട്ടടിക്കൽ കുറക്കൽ,  ഡിജിറ്റൽ ഇടപാടുകളുടെ പ്രോത്സാഹനം എന്നിവ ന്യായീകരണമായി പറയാമെങ്കിലും അടിക്കടി ഉണ്ടാവുന്ന ഇത്തരം തീരുമാനങ്ങൾ സാമ്പത്തിക അസ്ഥിരത, ബാങ്കുകളിലുള്ള വിശ്വാസം, പണത്തെ ആശ്രയിച്ചിള്ള ഉത്പാദന വിതരണം എന്നിവയെ പ്രതികൂലമായി ബാധിക്കും എന്നുറപ്പാണ്.

Photo : Rahul M. PARI

ഇങ്ങനെയുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യയുടെ ജി ഡി പി വളർച്ചയിലും തൊഴിലില്ലായ്മ ദൂരീകരിക്കുന്നതിലും ഉൽപാദന വളർച്ചയിലും പണപ്പെരുപ്പം ഇല്ലാതാക്കുന്നതിലും പുരോഗമനപരമായ എന്തെങ്കിലും മാറ്റമുണ്ടാക്കിയോ എന്നത് റിസർവ് ബാങ്കിന്റെ കണക്കുകൾ തന്നെ എടുത്ത് പരിശോധിക്കാവുന്നതാണ്​. 

ഇന്ത്യയുടെ ജി ഡി പി വളർച്ചയുടെ  കണക്ക്:

  • 2016 - 17: 8.2 %
    2017 -18 : 7.2 % 
    2018 -19 : 6.8 % 
    2019 - 20 :  4.0 %
    2020 - 21: - 7.3 % 

ഇന്ത്യയുടെ ഉത്പാദന വളർച്ച (ഐ ഐ പി: ഇൻഡക്സ് ഓഫ് ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ):

  • 2016 -17: 5 %
    2017 -18: 4.4 %
    2018 -19: 3.8 %
    2019- 20: - 0.8 %
    2020- 21: - 10.8 %

ഇന്ത്യയുടെ ശരാശരി പണപ്പെരുപ്പ സൂചിക (കൺസ്യൂമർ പ്രൈസ് ഇൻഡക്സ് അടിസ്ഥാനത്തിൽ:

  • 2016 -17: 4.5 %
    2017 -18: 3.6 % 
    2018 -19: 3.4 %
    2019 - 20: 4.8 % 
    2020 -21: 6.2 % 

ഇന്ത്യയുടെ വിദേശ നിക്ഷേപ നിരക്ക് (FDI):

  • 2016 - 17: 44.85 ബില്യൺ
    2017 - 18:  44.36  
    2018 -19: 44.37 ബില്യൺ 
    2019 - 20:  49.97 ബില്യൺ 
    2020 - 21: 81.72 ബില്യൺ 

തൊഴിലില്ലായ്മാനിരക്ക്: 

  • 2016 -17: 3.8%  
    2017 -18: 5 %
    2018 -19: 3.6%
    2019 - 20: 7.8%
    2020 - 21: 7.9% 

അതിനുശേഷം കൃത്യമായ ഒരു കണക്കും റിസർബാങ്കിൽ നിന്നോ ധനകാര്യ വകുപ്പിൽ നിന്നോ ക്രോഡീകരിച്ച് ലഭിക്കുന്നില്ല എന്നതാണ്​ വസ്തുത.  

മഹാമാരി ഒരു ഘടകമായിട്ടുണ്ടെങ്കിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് സ്ഥായിയായി ഉയർന്നുനിൽക്കുന്നില്ല എന്നാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്. 20 - 21നുശേഷം ചില വളർച്ചാ സൂചനകൾ കണ്ടുവരുന്നുണ്ട് എന്നതുമാത്രമാണ് പ്രതീക്ഷക്ക്​ വക നൽകുന്നത്. 

ഇന്ത്യൻ സാമ്പത്തിക വളർച്ച മെച്ചപ്പെടാൻ യഥാർത്ഥത്തിൽ വേണ്ടത് നോട്ട് നിയന്ത്രണമോ നോട്ട് നിരോധനമോ ഇറക്കലോ പിൻവലിക്കലോ അല്ല, മറിച്ച് ബൃഹത്തായതും ശാസ്ത്രീയവുമായ സാമ്പത്തിക ആസൂത്രണങ്ങളും നിയന്ത്രണങ്ങളുമാണ്. ഇപ്പോഴും അടിസ്ഥാന സൗകര്യ വികസനം ഇന്ത്യയിൽ ഭാഗികമായി പോലും ഇല്ല. ഗതാഗത സൗകര്യം, ഊർജ ഉൽപാദനം,  ഡിജിറ്റൽ കണക്ടിവിറ്റി എന്നിവയുടെ ത്വരിത ഗതിയിലുള്ള വർധന ഇന്ത്യൻ സാമ്പത്തിക വളർച്ച മെച്ചപ്പെടാൻ ഏറെ ആവശ്യമാണ്. മറ്റൊരു പ്രധാന സംഗതി, എളുപ്പത്തിലും  സുതാര്യവുമായ വ്യാപാരം നടത്താനുള്ള സാഹചര്യം ചെറുകിട- കുടിൽ വ്യവസായ സംരംഭകർക്കും ഇടത്തരം സംരംഭകർക്കും വ്യവസായികൾക്കും ഉണ്ടാവണം എന്നുള്ളതാണ്. എന്തൊക്കെ പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടും ഇവയും പൂർണമായി നടപ്പിലാകുന്നില്ല.  നിയന്ത്രണങ്ങൾ പരമാവധി ലഘൂകരിച്ചും ഉദ്യോഗസ്ഥ നിയന്ത്രണ ഏജൻസികളുടെ ഇടപെടൽ ഇല്ലാതാക്കിയുമുള്ള ബിസിനസ് നടത്തിപ്പ്, സുതാര്യമായ ബിസിനസ് പ്രോത്സാഹന നടപടികൾ, ഊർജിത സംരംഭ വികസന പദ്ധതികൾ,  നിക്ഷേപ സൗഹൃദ അന്തരീക്ഷം എന്നിവ സാമ്പത്തിക വളർച്ചയ്ക്ക് കൂട്ടും.

മറ്റൊരു പ്രധാന ഘടകം, കലാലയങ്ങളെയും വ്യവസായങ്ങളെയും സംയോജിപ്പിക്കുന്ന നൂതനവും തൊഴിലധിഷ്ഠിതവുമായ നൈപുണ്യ കേന്ദ്രീകൃത വിദ്യാഭ്യാസം നടപ്പിലാക്കുക എന്നതാണ്.    നൈപുണ്യ വികസനം ഊർജിതമാക്കുകയും ചെയ്യേണ്ടതുണ്ട്. നൈപുണി വികസനത്തിലൂടെ മാത്രമേ തൊഴിലവസരം വർദ്ധിപ്പിക്കാനും സാമ്പത്തിക വളർച്ച സാധ്യമാക്കാനും കഴിയുകയുള്ളൂ എന്ന തിരിച്ചറിവ് ഇന്നും നമുക്ക് കൈവന്നിട്ടില്ല. പരമ്പരാഗത യൂണിവേഴ്സിറ്റികളിൽ നിന്നു മാറി സാങ്കേതികതയും നൈപുണീകേന്ദീകൃതവുവുമായ പരിശീലന പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്.  ആധുനികത, സാങ്കേതികത, ഗുണമേന്മ എന്നിവയിൽ ഊന്നിനിന്നുകൊണ്ടുള്ള കാർഷിക ഗ്രാമീണ മേഖലയുടെ പുനരുദ്ധീകരണവും കാർഷിക ഉത്പാദന വളർച്ചയും സാധ്യമാകണം. ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ വർധിക്കേണ്ടതുണ്ട്. 

എന്നാൽ, സാമ്പത്തിക വളർച്ച മെച്ചപ്പെടുത്താനുള്ള അടിസ്ഥാന പ്രശ്നങ്ങളിലേക്ക്​ ശ്രദ്ധ കൊടുക്കാതെ സാമ്പത്തികക്കസർത്ത് നടത്തുകയും വിദേശ രാജ്യങ്ങളെയും സാങ്കേതികവിദ്യകളെയും മാത്രം നിലനിർത്തി കൂടുതൽ നികുതി  ഈടാക്കി സാമ്പത്തിക പരിഷ്കാരങ്ങൾ നടത്തുകയും ചെയ്യുമ്പോൾ അത് സുസ്ഥിരവും സ്ഥായിയുമായ സാമ്പത്തിക വളർച്ചയുണ്ടാക്കില്ല എന്നതുറപ്പാണ്​.  145 കോടിക്കുമുകളിൽ  ജനങ്ങളുള്ള  രാജ്യത്ത് സമ്പന്നരെ അതിസമ്പന്നരാക്കുക എന്നതിലപ്പുറം അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത, ഭൂരിഭാഗം വരുന്ന സാധാരണക്കാർക്ക്​ സാമ്പത്തിക സ്ഥിരത ഉണ്ടാക്കുക എന്നതായിരിക്കണം  സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനഘടകമായി നാം പരിഗണിക്കേണ്ടത്.   നോട്ടിറക്കുകയോ  പിൻവലിക്കുകയോ ചെയ്യുന്നതിനപ്പുറം എല്ലാവർക്കും ഉതകുന്ന സാമ്പത്തിക നയം ഉണ്ടാവുകയും അത് സുതാര്യവും സ്ഥായിയുമായി നിലനിർത്തുകയും ചെയ്യുക എന്നതാണ് പ്രധാനമായ കാര്യം.

Comments