പണ്ടോരയുടെ പെട്ടിയിലെ കള്ളപ്പണം; ചില ഇന്ത്യൻ തിരിച്ചടികൾ

പാൻഡോര പേപ്പേഴ്‌സ് പുറത്തുവിട്ട അനധികൃത നിക്ഷേപങ്ങളെ സംബന്ധിച്ച വിവരങ്ങൾ നമ്മുടെ സമ്പദ് വ്യവസ്ഥയിൽ വ്യത്യസ്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ളതാണ്. എന്നാൽ, സച്ചിൻ ടെൻഡുൽക്കറുടെ പേരിൽ തട്ടി ഇതൊരു കൗതുകം മാത്രമായി ഒടുങ്ങുകയാണ്​. കള്ളപ്പണത്തിന്റെ കാണാക്കയങ്ങളിലേക്ക് ഇറങ്ങിചെല്ലാൻ സാധിക്കാതെ കിതക്കുന്ന ഒന്നായി ഇന്ത്യൻ സമ്പദ്​വ്യവസ്ഥ ചുരുങ്ങുന്ന ചിത്രമാണ്, നോട്ടുനിരോധനത്തിന്റെ അഞ്ചാം വാർഷികത്തിലും കാണുന്നത്​

ന്ത്യയിലെ ശതകോടീശ്വരൻന്മാരുടെയും, കോർപറേറ്റ് മേധാവികളുടെയും വിദേശ രാജ്യങ്ങളിലുള്ള കള്ളപ്പണ നിക്ഷേപങ്ങൾ വ്യത്യസ്ത ഉറവിടങ്ങളിലൂടെ കാലാകാലങ്ങളിലായി പുറത്തു വരാറുണ്ട്. ആയതിനാൽ, സാമ്പത്തിക വിദഗ്ദ്ധർക്കോ, പൊതുജനങ്ങൾക്കോ ഈ സംഭവ വികാസങ്ങളിൽ പൊതുവെ പുതുമ തോന്നാറില്ല എന്നതാണ് വാസ്തവം. പക്ഷേ, പാൻഡോര പേപ്പേഴ്‌സ് പുറത്തു വിട്ട കള്ളപ്പണ നിക്ഷേപകരെ സംബന്ധിച്ച വിവരങ്ങളിൽ സച്ചിൻ ടെണ്ടുൽക്കറുടെ പേരുകൂടി ഉൾപ്പെട്ടത് മാധ്യമശ്രദ്ധ നേടുകയുണ്ടായി. അദ്ദേഹത്തിന്റെ പേര് ഈ പട്ടികയിൽ വന്നു പെട്ടത് ആരാധകരിൽ ഒന്നടങ്കം ഞെട്ടലുളവാക്കുകയും​ ചെയ്​തു.

സമ്പദ് വ്യവസ്ഥയിലെ കള്ളപ്പണ നിർമാർജ്ജന യജ്ഞവുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുകയാണെന്ന തോന്നലുളവാക്കുമ്പോഴും, പാൻഡോര പേപ്പേഴ്‌സ് പുറത്തുവിട്ട അനധികൃത നിക്ഷേപങ്ങളെ സംബന്ധിച്ച വിവരങ്ങൾ നമ്മുടെ സമ്പദ്​വ്യവസ്ഥയിൽ വ്യത്യസ്ത പ്രത്യാഘാതം സൃഷ്ടിക്കാൻ കെൽപ്പുള്ളതാണ്. കള്ളപ്പണം തടയുക എന്ന ‘സദുദ്ദേശ്യ’ത്തോടെ നടപ്പിലാക്കിയ നോട്ടുനിരോധനത്തിന്റെ അഞ്ചാം വാർഷികമാണ് 2021 നവംബർ 8. ഇന്ത്യയിൽ കള്ളപ്പണം ക്രമാതീതമായി കുമിഞ്ഞുകൂടുകയാണെന്ന പാൻഡോറ പേപ്പേഴ്‌സിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഈ മേഖലയിലെ ഗതിവിഗതികളെപ്പറ്റിയുള്ള വിലയിരുത്തൽ നടത്തുകയാണ്.

എന്താണ് പാൻഡോര പേപ്പേഴ്സിന്റെ ഉള്ളടക്കം?

"പാൻഡോര' എന്ന പദം ഗ്രീക്ക് പുരാവൃത്ത വിജ്ഞാനത്തിൽ കഥകളിൽ ഉപയോഗത്തിലിരുന്ന പ്രയോഗമാണ്. വിവാദങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള ഒരു നീക്കം എന്നാണ് ‘പാൻഡോര പെട്ടി തുറക്കുക’ എന്ന ആലങ്കാരിക പ്രയോഗത്തിന്റെ അർത്ഥം. പേര് സൂചിപ്പിക്കുന്നതുപോലെ, പാൻഡോര പേപ്പേഴ്‌സ് അതിലുൾപ്പെട്ട വ്യക്തികളെയും അവരുടെ കള്ളപ്പണ നിക്ഷേപങ്ങളെയും പറ്റിയുള്ള കണക്കുകൊണ്ട് ആവശ്യത്തിലധികം വിവാദം സൃഷ്ടിച്ചു കഴിഞ്ഞു.

ഇരുന്നൂറോളം രാജ്യങ്ങളിലെ പ്രമുഖർ നികുതി വെട്ടിപ്പിലൂടെയും മറ്റ് അസാന്മാർഗിക വഴികളിലൂടെയും സമ്പാദിച്ച സ്വത്ത് വിവരങ്ങളാണ് പാൻഡോര പേപ്പേഴ്‌സിന്റെ മുഖ്യ ഉള്ളടക്കം. വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന്​ 330 രാഷ്ട്രീയക്കാരും 130 ഫോബ്സ് ബില്യണേയ്‌ഴ്‌സും, പൗരപ്രമുഖൻമാരും, മയക്കുമരുന്ന് വ്യാപാരികളും, രാജകുടുംബാംഗങ്ങളും, മതമേലധ്യക്ഷൻമാരും ഉൾപ്പെട്ടതാണ് ഇപ്പോൾ പുറത്തു വന്ന കള്ളപ്പണ നിക്ഷേപകരുടെ പട്ടിക. പാൻഡോര പേപ്പേഴ്‌സ് എന്ന അന്താരാഷ്ട്ര പത്രപ്രവർത്തകരുടെ രഹസ്യാന്വേഷണ കൂട്ടായ്മയാണ് നികുതി വെട്ടിപ്പിലൂടെ നിക്ഷേപം നടത്തിയ വ്യക്തികളുടെ പട്ടിക തയ്യാറാക്കിയത്.

ലോകത്തെമ്പാടുമുള്ള നിക്ഷേപകർക്കായി 29,000 ത്തിലധികം സ്വകാര്യ ട്രസ്റ്റുകളോ, ഷെൽ കമ്പനികളേയോ (പേപ്പർ കമ്പനി) സംബന്ധിച്ച വിവരങ്ങളാണ് പാൻഡോര പേപ്പേഴ്​സിലുള്ളത്​. കള്ളപ്പണ നിക്ഷേപം മൂലം രാജ്യങ്ങൾക്ക് വർഷത്തിൽ 427 ബില്യൺ അമേരിക്കൻ ഡോളർ നഷ്ടപ്പെടുന്നുണ്ടെന്നും, ലോകത്തിലെ ഇപ്പോഴത്തെ ആകെ കള്ളപ്പണ നിക്ഷേപം 11.3 ട്രില്യൺ അമേരിക്കൻ ഡോളർ കവിയുമെന്നും പാൻഡോര പേപ്പേഴ്സ് ഓർമ്മപ്പെടുത്തുന്നു.

പൊതുവിൽ, സ്വകാര്യ ഓഫ്ഷോർ ട്രസ്റ്റുകളിൽ (സ്വന്തം രാജ്യത്ത് അല്ലാതെ മറ്റു രാജ്യങ്ങളിൽ) നിക്ഷേപിച്ചിട്ടുള്ള ആസ്തികളും അവയുടെ ഉടമസ്ഥാവകാശവും സംബന്ധിച്ച അനേകം രേഖകളിൽ ഒന്നു മാത്രമാണ് പാൻഡോര പേപ്പേഴ്​സ്​. ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ പണമോ, ഓഹരികളോ, വസ്തുക്കളോ ആവാം. നികുതി വെട്ടിച്ചോ, അല്ലാതെയോ നടത്തുന്ന ഇത്തരം നിക്ഷേപങ്ങൾ പലതും തലമുറകളായി കൈമാറ്റം ചെയ്യാവുന്നതാണ്​, അതേസമയം, അതീവ രഹസ്യമായി സൂക്ഷിച്ചു പോകാമെന്ന ഉറപ്പുള്ള ഇടങ്ങളിലാണ് ഇവ കരുതി വെയ്ക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ കള്ളപ്പണ നിഷേപങ്ങളുടെ വിവരങ്ങളാണ് പാൻഡോര പേപ്പേഴ്‌സ് പുറത്തു കൊണ്ടുവന്നിരിക്കുന്നത്. മുൻ വർഷങ്ങളിൽ ഓഫ് ഷോർ ലീക്‌സ് (2013), dd (2016), പാരഡൈസ് പേപ്പേഴ്‌സ് (2017) എന്നിവ കള്ളപ്പണ നിക്ഷേപ വിവരങ്ങൾ ചോർത്തി നൽകിയിരുന്നു. ഇതിൽ പനാമ പേപ്പേഴ്‌സിലൂടെ ഒരു ഓഫ് ഷോർ സർവീസ് പ്രൊവൈഡറിന്റെ (മൊസ്സ്ബാക്ക് ഫോൺസേക) ഡേറ്റയാണ് ചോർന്നതെങ്കിൽ പാരഡൈസ് പേപ്പേഴ്‌സിലും, പാൻഡോര പേപ്പേഴ്സിലും പല ഓഫ് ഷോർ സർവീസ് പ്രൊവൈഡർമാരുടെയും വിവരങ്ങൾ കൂടി ചോർന്നതായി സംശയിക്കുന്നു. ഇത് പുറത്തുവന്ന ഡേറ്റയുടെ ആധിക്യം ക്രമാതീതമായി വർധിക്കുന്നതിന് ഇടയാക്കി. ഇപ്പോൾ പുറത്തുവന്ന വിവര പ്രകാരം 380 വ്യക്തികൾ ഇന്ത്യൻ പൗരത്വമുള്ളവരാണ്.

സച്ചിൻ ടെണ്ടുൽക്കറുടെ പേരിൽ 8,56,702 അമേരിക്കൻ ഡോളറിന്റെയും, ഭാര്യ അഞ്ജലി ടെണ്ടുൽക്കറുടെ പേരിൽ 13,75,214 അമേരിക്കൻ ഡോളറിന്റെയും, ആനന്ദ് മേഹ്തയുടെ (അഞ്ജലി ടെണ്ടുൽക്കറുടെ പിതാവ്), പേരിൽ 4,53,082 അമേരിക്കൻ ഡോളറും മൂല്യമുള്ള ഓഹരികൾ ഉണ്ടെന്ന വെളിപ്പെടുത്തലാണ് പാൻഡോര പേപ്പേഴ്‌സിനെ ഇന്ത്യയിൽ ഇത്രയും ശ്രദ്ധേയമാക്കിയത്. ഇവരെ കൂടാതെ സതീഷ് ശർമ, പ്രമോദ് മിത്തൽ, അനിൽ അംബാനി, ജാക്കി ഷെറോഫ്, വിനോദ് അദാനി, നീരവ് മോദി, പൂർവി മോദി, കിരൺ മജു0ദാർ ഷാ, നീരാ റാഡിയ, അജയ് അജിത് പീറ്റർ കേക്കറെ, ഇക്ബാൽ മിർച്ചി, സമീർ ഥാപ്പർ, ബകുൽ നാഥ്, രാജീവ് സക്‌സേന എന്നീ പ്രമുഖരും പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു.

കള്ളപ്പണ വിവരം പുറത്തു കൊണ്ടുവരാൻ പാൻഡോര പേപ്പേഴ്‌സിനായി വ്യത്യസ്ത രാജ്യങ്ങളിൽ വിവിധ ഏജൻസികൾ ചുമതല നിർവഹിക്കുമ്പോൾ ഇന്ത്യയിലെ ചുമതല ഇന്ത്യൻ എക്​സ്​പ്രസ്​ഗ്രൂപ്പിനാണ്. പാൻഡോറ പേപ്പേഴ്‌സിലെ വിവരങ്ങൾ പുറത്തുവന്നപ്പോൾ തന്നെ കേന്ദ്ര സർക്കാർ സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ്, എൻഫോഴ്സ്​മെൻറ്​ ഡയറക്ടറേറ്റ്, റിസർവ്വ് ബാങ്ക്, ഫിനാൻഷ്യൽ ഇൻറലിജൻസ് യൂണിറ്റ് എന്നിവരെ ഉൾപ്പെടുത്തി ഒരു സംയുക്ത അന്വേഷണ സംഘം രൂപികരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. മുൻ വർഷങ്ങളെയും, മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രാഷ്ട്രീയ നേതാക്കളായ ഇന്ത്യക്കാർ ഈ പട്ടികയിൽ കുറവാണെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിൽ നിന്നുള്ള കള്ളപ്പണത്തിന്റെ ഇതുവരെ നിജപ്പെടുത്തിയ മൂല്യം ഏകദേശം 20,325 കോടി രൂപയാണ്. ഈ കണക്കുകൾ പൂർണമല്ലാത്തതിനാൽ നിക്ഷേപത്തിന്റെ ഉള്ളറകൾ വീണ്ടും തുറക്കുന്നത് അനധികൃത നിക്ഷേപത്തെ സംബന്ധിച്ച കൂടുതൽ വെളിപ്പെടുത്തലുകൾ വരും നാളുകളിൽ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.

കള്ളപ്പണ നിക്ഷേപ രീതികൾ

കള്ളപ്പണം എങ്ങനെ സുരക്ഷിതമായി നിക്ഷേപിക്കാം എന്ന സമസ്യയിൽ ഒരു വിഭാഗം ധനകാര്യസ്ഥാപനങ്ങളും ധനകാര്യ വിദഗ്ദ്ധരും വർഷങ്ങളായി ഗവേഷണം നടത്തി വരുകയാണ്. ഒരു രാജ്യത്തുനിന്നുള്ള കള്ളപ്പണം ആ രാജ്യത്തിൽ തന്നെയോ വിദേശത്തോ നിക്ഷേപിച്ച് വെളുപ്പിച്ചെടുക്കുന്നതിന് വ്യത്യസ്ത കുറുക്കു വഴികൾ ഇവർ തയ്യാറാക്കി നൽകാറുണ്ട്. വിദേശത്തേക്ക് പണം കടത്തുന്നവർ ഒന്നുകിൽ ട്രസ്റ്റുകളിലോ, റൗണ്ട് ട്രിപ്പിങ്ങോ അല്ലെങ്കിൽ ഷെൽ കമ്പനികളിലോ നിക്ഷേപിക്കുന്നതാണ് സാധാരണ രീതി. കള്ളപ്പണ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന വ്യക്തികൾ നിക്ഷേപങ്ങൾ സ്വന്തം നിലയ്ക്ക് നടത്താതെ അതിനു വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകുന്ന ഓഫ്‌ഷോർ സേവനദാതാക്കളുടെ സഹായം തേടാറാണ് പതിവ്. ഈ വ്യക്തികളുടെ വിവരങ്ങൾ സേവനദാതാക്കൾ അതീവ രഹസ്യമായി സൂക്ഷിക്കും. ഈ രൂപത്തിൽ കള്ളപ്പണ നിക്ഷേപത്തിനുതകുന്ന സുരക്ഷിതമായ രൂപരേഖ തയ്യാറാക്കുന്ന ഏജൻസികൾ വലിയ ബിസിനസ്​ സാധ്യതകളാണ് കള്ളപ്പണ നിക്ഷേപകർക്കായി തുറന്നിടുന്നത്.

ഇതിൽ ശ്രദ്ധേയമായതും, ലളിതവുമായ രീതിയാണ് ഹവാല നെറ്റ് വർക്കിലൂടെയുള്ള വിദേശ കള്ളപ്പണ നിക്ഷേപം. ഷെൽ കമ്പനികളുടെ രൂപീകരണവും അതിലൂടെയുള്ള കള്ളപ്പണ വെളുപ്പിക്കലുമാണ് മുഖ്യമായും ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഒരു രാജ്യത്തെ കള്ളപ്പണം ഹവാല ഏജന്റിനു കമ്മിഷൻ നൽകി നികുതികൾ കുറവുള്ള/ഇല്ലാത്ത ടാക്‌സ് ഹേവൻസുകളായുള്ള രാജ്യങ്ങളിലെ ഷെൽ കമ്പനികളിൽ നിക്ഷേപിക്കുന്നു. ഇങ്ങനെ നിക്ഷേപിക്കുന്ന തുക, യാതൊരു പ്രവർത്തനവും നടത്താതെ തന്നെ കമ്പനിയുടെ ലാഭമായി കാണിച്ച് നികുതിയിളവുകൾ നേടുകയും ആത്യന്തികമായി നിയമാനുസൃതമായ പണമായി തിരിച്ച് മാതൃ രാജ്യത്തേക്ക് കൊണ്ടുവരാനും സാധിക്കുന്നു. ഇങ്ങനെ കള്ളപ്പണ നിക്ഷേപങ്ങൾ നടത്തിയ ആപ്പിൾ, നൈക്ക് എന്നിങ്ങനെയുള്ള ആഗോള ഭീമൻമാരുടെ വിവരങ്ങൾ പാരഡൈസ് പേപ്പേഴ്‌സ് 2017-ൽ പുറത്തുവിടുകയുണ്ടായി. ഈ കമ്പനികൾ അവരുടെ മറ്റുരാജ്യങ്ങളിൽ നിന്നുള്ള വിറ്റുവരവ് നികുതികൾ കുറവുള്ള രാജ്യങ്ങളിലെ ഷെൽ കമ്പനികളിൽ നിന്നുള്ള ലാഭമായി കാണിക്കുന്നു. ഉദാഹരണമായി, നൈക്ക് കമ്പനി അവരുടെ മൊത്തം വിറ്റുവരവ് കോർപ്പറേറ്റ് നികുതിയില്ലാത്ത ബെർമുഡ എന്ന ദ്വീപസമൂഹത്തിലുള്ള രാജ്യത്തുനിന്നാണെന്നു കാണിക്കുക വഴി ലാഭം മുഴുവൻ നികുതി നൽകാതെ വെളിപ്പിച്ചെടുക്കുന്നു.

കള്ളപ്പണ നിക്ഷേപകർക്ക് എന്തു സംഭവിക്കുന്നു?

അതീവരഹസ്യമായി സൂക്ഷിക്കുന്നതിനാൽ കള്ളപ്പണ നിക്ഷേപങ്ങളെ സംബന്ധിച്ച വിവരങ്ങൾ സാധാരണഗതിയിൽ പുറത്തു വരാൻ സാധ്യത വിരളമാണ്. പക്ഷേ, കുറച്ചു വർഷങ്ങളായി എല്ലാ വർഷവും ഇത്തരം നിക്ഷേപങ്ങളുടെ വിവരങ്ങൾ പുറത്തു വരാറുണ്ട്. 2016-ൽ മൊസ്സ്ബാക്ക് ഫോൺസേക എന്ന ഓഫ് ഷോർ സേവനദാതാക്കളുടെ വിവരങ്ങൾ പുറത്തുവരികയും ജർമൻ പത്രങ്ങൾ അത് റിപ്പോർട്ട് ചെയ്തതോടെയാണ് ഇത്തരം സംഭവങ്ങളുടെ ചുരുളഴിയുന്നത്. പിന്നീടുള്ള അന്വേഷണത്തിൽ മൊസ്സ്ബാക്ക് ഫോൺസേക തന്നെ മൂന്നു ലക്ഷത്തോളം ഷെൽ കമ്പനികൾ രൂപികരിച്ച് കള്ളപ്പണനിക്ഷേപങ്ങൾ നടത്തിയതായി തെളിയുകയും കമ്പനിയുടെ പ്രൊമോട്ടേഴ്സിനെ അറസ്റ്റു ചെയ്യുകയും ചെയ്തു.

പനാമ പേപ്പേഴ്സിലൂടെ പുറത്തു വന്ന വിവരങ്ങൾ ലോകത്താകമാനം കള്ളപ്പണനിക്ഷേപകർക്കെതിരെ വലിയ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചു. ഇത് പല രാജ്യങ്ങളിലെ പ്രമുഖരെയും വിചാരണയ്ക്ക് വിധേയമാക്കുകയും ഇരുമ്പഴിക്കുള്ളിൽ ആക്കുകയും ചെയ്തു. പാൻഡോര പേപ്പേഴ്സിൽ പരാമർശിക്കപ്പെട്ട ഇക്വഡോർ പ്രസിഡൻറ്​ ഗ്വില്ലർ മോലസോയുടെ അനധികൃത സ്വത്തു സമ്പാദ്യത്തെ പറ്റിയുള്ള അന്വേഷണത്തിന്​ തുടക്കമിട്ടതാണ് ഇത്തരം നീക്കങ്ങൾക്കിടയിലുള്ള ഏറ്റവും പുതിയ വാർത്ത. ഇത്തരം സംഭവ വികാസങ്ങൾ കള്ളപ്പണ നിക്ഷേപകരെ അടിമുടി അസ്വസ്ഥരാക്കുകയും, കള്ളപ്പണ നിക്ഷേപങ്ങൾ കൂടുതൽ സുരക്ഷിത മാർഗങ്ങളിലേക്ക് ഒളിപ്പിക്കാനുമുള്ള തന്ത്രങ്ങളിൽ വ്യാപൃതരാക്കുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. എന്നിരുന്നാലും, ലോകത്തിലെ മിക്കവാറും രാജ്യങ്ങളിൽ നിലനിൽക്കുന്ന നിയമസംഹിതയിലെ പഴുതുകൾ കണ്ടെത്തി അനധികൃത നിക്ഷേപമുള്ളവർ രക്ഷപ്പെടുന്നതായാണ് ചരിത്രം ഓർമപ്പെടുത്തുന്നത്.

സച്ചിൻ ടെണ്ടുൽക്കറുടെ പേരിൽ 856702 അമേരിക്കൻ ഡോളറിന്റെയും, ഭാര്യ അഞ്ജലി ടെണ്ടുൽക്കറുടെ പേരിൽ 1375214 അമേരിക്കൻ ഡോളറിന്റെയും, ആനന്ദ് മേഹ്തയുടെ (അഞ്ജലി ടെണ്ടുൽക്കറുടെ പിതാവ്), പേരിൽ 453082 അമേരിക്കൻ ഡോളറും മൂല്യമുള്ള ഓഹരികൾ ഉണ്ടെന്നുള്ള വെളിപ്പെടുത്തലാണ് പാൻഡോര പേപ്പേഴ്‌സിനെ ഇന്ത്യയിൽ ഇത്രയും ശ്രദ്ധേയമാക്കിയത് / ഇന്ത്യൻ എക്സ്പ്രസിൽ വന്ന വാർത്ത

2016 ൽ പുറത്തുവന്ന പനാമ പേപ്പേഴ്സിന്റെ വെളിപ്പെടുത്തലുകൾ പ്രകാരം അമിതാബ് ബച്ചൻ, ഐശ്വര്യാ റായ് ബച്ചൻ, അജയ് ബിജിലി, ഡി.എൽ.എഫിന്റെ ചില പ്രൊമോട്ടേഴ്‌സ് എന്നിവരുടെ അനധികൃത നിക്ഷേപങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. പനാമാ പേപ്പേഴ്സിൽ ഉൾപ്പെട്ട ഇന്ത്യക്കാരുടെ നിക്ഷേപങ്ങളുടെ നിജസ്ഥിതി വിലയിരുത്താനായി കേന്ദ്രസർക്കാർ മൾട്ടി ഏജൻസി ഗ്രൂപ്പ് എന്ന ഒരു അന്വേഷണ സംഘം രൂപീകരിച്ചു. ഇന്ത്യൻ പൗരത്വമുള്ള 426 വ്യക്തികൾ 20,000 കോടി രൂപ കള്ളപ്പണമായി വിദേശത്ത് നിക്ഷേപിച്ചു എന്ന അനുമാനത്തിലെത്തിയെങ്കിലും 1000 കോടി രൂപയ്ക്കു മാത്രമേ എന്തെങ്കിലും തുമ്പുണ്ടാക്കാൻ സാധിച്ചിട്ടുള്ളൂ.

ചുരുക്കത്തിൽ, കള്ളപണത്തിന്റെ അഞ്ച് ശതമാനം തുക മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂവെന്നു മാത്രമല്ല അന്വേഷണം വളരെ വേഗം വിസ്മൃതിയിലാണ്ടു പോവുകയും ചെയ്തു എന്നതാണ് യാഥാർത്ഥ്യം. എന്നാൽ, കള്ളപ്പണ നിക്ഷേപകർക്കെതിരെ അടുത്തിടെ ഉണ്ടായ ചില നടപടികൾ കള്ളപ്പണ നിർമ്മാർജ്ജനത്തിലേക്കുള്ള ശുഭസൂചനയായി കരുതാം. ഉദാഹരണമായി, പനാമ പേപ്പേഴ്സ് പുറത്തുവിട്ട പട്ടികകളിൽ ഉൾപ്പെട്ട നാനൂറോളം വ്യക്തികൾക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്കിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കള്ളപ്പണ നിക്ഷേപമുള്ളവർക്കെതിരെ ഇങ്ങനെയുള്ള നീക്കം ഒരു പക്ഷേ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സംഭവമാകാം. അങ്ങനെ വിവരങ്ങൾ തെളിവുസഹിതം പുറത്തുവന്നാലും ബ്ലാക്ക് മണി (വെളിപ്പെടുത്താത്ത വരുമാനത്തേയും സ്വത്തിനെയും സംബന്ധിച്ച) ആക്ട് പ്രകാരം 120 ശതമാനം നികുതിയും, പിഴയുമടച്ച് കോടതി വ്യവഹാരങ്ങളിൽ നിന്ന് മുക്തിനേടാവുന്നതേയുള്ളു.

അനിൽ അംബാനിയുടെ വ്യത്യസ്ത കമ്പനികൾ കഴിഞ്ഞ വർഷത്തെ ബാങ്കുകളിലെ തിരിച്ചടവ് മുടക്കിയ സാഹചര്യത്തിൽ കോടതി ഇടപെടുകയും 716 മില്യൺ അമേരിക്കൻ ഡോളർ കെട്ടിവെക്കാൻ അദ്ദേഹത്തോട് അവശ്യപ്പെടുകയുമുണ്ടായി. എന്നാൽ തന്റെ അക്കൗണ്ടുകൾ കാലിയായതിനാൽ പാപ്പരാണെന്നും തനിക്ക് ഇന്ത്യയിലോ, വിദേശത്തോ യാതൊരു തരത്തിലുമുള്ള നിക്ഷേപങ്ങളില്ലെന്നും അനിൽ അംബാനി കോടതിയെ അറിയിക്കുകയും ചെയ്തു.

പാൻഡോര പേപ്പേഴ്‌സ് കണക്കുകൾ പ്രകാരം വ്യത്യസ്ത ദ്വീപുകളിൽ 18 കമ്പനികളിലായി അദ്ദേഹത്തിന് 1.3 ബില്യൺ അമേരിക്കൻ ഡോളർ നിക്ഷേപമുണ്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നത്. അതിനാൽ ഈ നിക്ഷേപങ്ങൾ അദ്ദേഹം മന:പ്പൂർവം കോടതിയിൽ മറച്ചുവെച്ച് നിയമനടപടികളിൽ നിന്ന് താല്കാലികമായി ഒഴിഞ്ഞുമാറാൻ സാധിച്ചു എന്ന അനുമാനത്തിലെത്താൻ ബുദ്ധിമുട്ടില്ല. 2020-ൽ കോക്‌സ് ആൻഡ് കിങ്സ് പ്രൊമോ ആയ അജയ് അജിത് പീറ്റർ കേക്കറെ യെസ് ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്യുകയുണ്ടായി. അനധികൃത നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തൽ പാൻഡോര പേപ്പേഴ്സിൽ വരുന്നതിനു മുമ്പുതന്നെ അദ്ദേഹം ജയിലിലായി എന്നതാണ് വാസ്തവം.

വിജയ് മല്യ, നീരവ് മോഡി എന്നിവർ സമാനമായ കള്ളപ്പണം വെളുപ്പിക്കൽ/ബാങ്കു വായ്​പ തിരിച്ചടവ് മുടങ്ങിയതുകൊണ്ടോ രാജ്യം വിടേണ്ടിവന്നവരാണ്. ഇവരൊന്നും പാൻഡോര പേപ്പേഴ്സിലോ, പനാമ പേപ്പേഴ്സിലോ കള്ളപ്പണ നിക്ഷേപമുണ്ടെന്ന പേരു വന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം രാജ്യം വിടേണ്ടി വന്നവരല്ല എന്നുസാരം. സ്വിസ്​ ഫെഡറൽ ടാക്‌സ് അഡ്മിനിസ്‌ട്രേഷൻ രണ്ടു തവണയായി (സെപ്റ്റംബർ 2009, ഒക്ടോബർ 2020) ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇൻഫർമേഷൻ പ്രകാരം സ്വിസ് ബാങ്കിൽ നിക്ഷേപമുള്ള ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ച വിവരങ്ങൾ കേന്ദ്രസർക്കാരിനു കൈമാറിയിരുന്നു. എന്നാൽ, ഈ വ്യക്തികൾക്കെതിരെ കേന്ദ്ര സർക്കാർ ഇതുവരെ യാതൊരു നിയമ നടപടിയും സ്വീകരിച്ചിട്ടില്ല. 2021 മെയ് വരെ കള്ളപ്പണമായി 20,078 കോടി രൂപ കണ്ടെത്തിയതായി ധനകാര്യ സഹമന്ത്രി ലോക്സ​ഭയിൽ അറിയിക്കുകയുണ്ടായി. പക്ഷേ ഇത്തരം കണ്ടെത്തലുകൾ വലിയ മഞ്ഞുമലയുടെ ചെറിയ ഭാഗമാകാനാണ് സാധ്യത. കൂടാതെ, ഇത് തിരിച്ചു സമ്പദ്​വ്യവസ്ഥയിലെത്തിക്കാനുള്ള നടപടികൾ ഇപ്പോഴും ശൈശവ ദശയിലാണെന്ന് വേണം അനുമാനിക്കാൻ. രാഷ്ട്രീയ നേതൃത്വങ്ങളുടെ അജ്ഞതയോ, പിടിപ്പുകേടോ ഇച്ഛാശക്തി ഇല്ലായ്മയോ ഇത്തരം പ്രവർത്തനങ്ങൾ മന്ദീഭവിക്കാൻ കാരണമാകാം.

നോട്ടു നിരോധനവും കള്ളപ്പണവും

ഇന്ത്യയിൽ സർക്കുലേഷനിൽ ഉണ്ടായിരുന്ന 17.97 കോടി രൂപയുടെ 86.4 ശതമാനമായ 15.41 ലക്ഷം കോടി രൂപയുടെ 500 രൂപയും ആയിരം രൂപയുമാണ് 2016 നവംബർ 8 ന് കേന്ദ്രസർക്കാർ പിൻവലിച്ചത്. നിരോധിച്ച 15.41 ലക്ഷം കോടി രൂപയിൽ തിരിച്ചെത്താത്തത് വെറും 10,720 കോടി രൂപ മാത്രമേയുള്ളു എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2018 ആഗസ്റ്റിൽ പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. അതായത്, നോട്ടു നിരോധനത്തിലൂടെ തിരിച്ചെത്താത്തത് സമ്പദ്​വ്യവസ്ഥയിൽ സർക്കുലേഷനിലുള്ള നോട്ടുകളുടെ നാമമാത്ര വിഹിതമായ 0.7 ശതമാനം മാത്രമാണ്.

ഇത് ഫലത്തിൽ കള്ളപ്പണം ഇല്ലാതാക്കുക എന്ന കേന്ദ്ര സർക്കാരിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ നോട്ടുനിരോധനം തകിടം മറിച്ചുവെന്ന് സാരം. ഇന്ത്യയിൽ പണത്തിന്റെ രൂപത്തിൽ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം ആകെ സർക്കുലേഷനിലുള്ള നോട്ടുകളുടെ വെറും അഞ്ചു ശതമാനം മാത്രമേയുള്ളുവെന്ന കണക്കുള്ളപ്പോഴാണ് നോട്ടുനിരോധനം നടപ്പിലായതെന്നും ശ്രദ്ധേയമാണ്. കൂടാതെ, രാജ്യത്ത് കള്ളപ്പണം ഏറ്റവും കൂടുതൽ നിക്ഷേപിക്കുന്നത് റിയൽ എസ്റ്റേറ്റ്, ഷെൽ കമ്പനികൾ, ബിനാമി ഇടപാടുകൾ, ബുള്ള്യൻ മാർക്കറ്റുകൾ, മറ്റു ആസ്തികൾ എന്നിവയിലാണ്. ഇത്തരം നിക്ഷേപങ്ങൾ കണ്ടെത്തുന്നതും, തിട്ടപ്പെടുത്തുന്നതും ക്രോഢീകരിക്കുന്നതും ക്ലേശകരമായ പ്രക്രിയയാണ്. ഈ തെളിവുകൾ നോട്ട് നിരോധനത്തിലൂടെ കള്ളപണം ഇല്ലതാക്കാമെന്ന വാദത്തിന്റെ മുനയൊടിയുക മാത്രമല്ല ഈ പദ്ധതിയുടെ തന്നെ സാംഗത്യത്തെപ്പോലും ചോദ്യം ചെയ്യാൻ പര്യാപ്തമായിരിക്കുകയാണ്.

നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങൾ സമ്പദ്​വ്യവസ്ഥയുടെ സമസ്ത മേഖലകളെയും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ദോഷമായി ബാധിച്ചു എന്ന് ആ കാലഘട്ടത്തിൽ നടന്ന വ്യത്യസ്ത സംഭവ വികാസങ്ങളിൽ നിന്ന് വ്യക്തമായതാണ്. ഇത് അക്ഷരാർത്ഥത്തിൽ ബാധിച്ചത് പാവപ്പെട്ടവരെയും, സാധാരണ ജനവിഭാഗത്തെയുമാണ്. ഇന്ത്യയിലെ മൊത്തം തൊഴിലാളികളിൽ 85 ശതമാനത്തോളം തൊഴിൽ നൽകുന്ന അസംഘടിത മേഖലയെ ദുർബലപ്പെടുത്തിയതായി സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ(സി.എം.ഐ.ഇ) പഠനം വെളിപ്പെടുത്തുകയുണ്ടായി. ഇത് മൂലം രാജ്യത്തെ വ്യവസായ മേഖലയിൽ മാത്രം ഉണ്ടായ തൊഴിൽ നഷ്ടം ഏകദേശം 15 ലക്ഷത്തിലധികമാണ്. 2009-ൽ അമേരിക്കയിൽ ഉടലെടുത്ത് ലോക രാജ്യങ്ങളെ ആകമാനം ത്രസിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിപോലും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചിരുന്നില്ല എന്നതാണ് പഠനങ്ങൾ നൽകുന്ന സൂചന. എന്നാൽ, 2016-ൽ രാജ്യത്ത് നടപ്പിലാക്കിയ നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വലിയ ആഘാതമേല്പിച്ചു. ഇതിനെ തുടർന്ന് 2017-ൽ കാര്യമായ മുന്നൊരുക്കമില്ലാതെ തുടങ്ങിയ ചരക്കു-സേവന നികുതി (ജി.എസ്.ടി) ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചു.

നോട്ടു നിരോധനം ഏറ്റവും കൂടുതൽ ബാധിച്ചത് പാവപ്പെട്ടവരെയും, സാധാരണ ജനവിഭാഗത്തെയുമാണ്. ഇന്ത്യയിലെ മൊത്തം തൊഴിലാളികളിൽ 85 ശതമാനത്തോളം തൊഴിൽ നൽകുന്ന അസംഘടിത മേഖലയെ ദുർബലപ്പെടുത്തിയതായി സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ(സി.എം.ഐ.ഇ) പഠനം വെളിപ്പെടുത്തുകയുണ്ടായി / Photo : Rahul M.

ഈ പ്രത്യാഘാതങ്ങളിൽ നിന്ന് കരകേറാൻ ശ്രമിക്കുന്നതിനിടയിലുണ്ടായ കോവിഡ് മഹാമാരി സൃഷ്ടിച്ച ലോക്ക് ഡൗണും, തൊഴിൽ നഷ്ടവും, സാമ്പത്തിക പ്രതിസന്ധിയും കാര്യങ്ങൾ കൂടുതൽ വഷളാക്കി. കോവിഡാനന്തര കാലഘട്ടത്തിൽപ്പോലും കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യതകളും, ഉയരുന്ന അന്താരാഷ്ട്ര എണ്ണവിലയും ഇറക്കുമതി ചെലവുകളും രാജ്യത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളിലേക്ക് തള്ളിവിടും എന്നത് സംശയാതീതമായ വസ്തുതയാണ്.

ഈ സംഭവ വികാസങ്ങൾ സാധാരണ പൗരൻമാരുടെ ജീവിതം അനുദിനം ദുരിതപൂർണമാക്കിയിരിക്കുകയാണ്. മറുവശത്ത് ശത കോടീശ്വരൻമാർ അനധികൃത സമ്പാദ്യങ്ങൾ നടത്തുകയും, വിദേശ രാജ്യങ്ങളിൽ വൻ കള്ളപ്പണ നിക്ഷേപങ്ങൾ നടത്തി സുഖ സുഷുബ്ധിയിൽ ജീവിതം മുന്നോട്ടു നയിക്കുകയും ചെയ്യുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, പാൻഡോര പേപ്പറുകളിലൂടെ വെളിപ്പെട്ടത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാകാം. അതായത്, നോട്ട് നിരോധനം സൃഷ്ടിച്ച അലയൊലികളിൽ നിന്ന് രാജ്യം മോചിതമാകാതെ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോഴും കള്ളപ്പണം എന്ന വിഷയം ഇന്ത്യയിൽ രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക- സാമ്പത്തിക രംഗത്ത് ചൂടേറിയ വാഗ്വാദങ്ങൾക്ക് കാരണമാകുന്നു. അതിലൊന്ന് മാത്രമാണ് പാൻഡോര പേപ്പേഴ്‌സിലൂടെ ഇപ്പോൾ പുറത്തുവന്ന വെളിപ്പെടുത്തലുകൾ.

കള്ളപ്പണവും സാമ്പത്തിക പ്രത്യാഘാതങ്ങളും ഒരു രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ഒന്നാകെ പ്രതിസന്ധിയിലാക്കാൻ കള്ളപ്പണത്തിനു കെൽപ്പുണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം. പ്രത്യേകിച്ചും, രാജ്യത്ത് കള്ളപ്പണത്തിന്റെ ആധിക്യമുണ്ട് എന്ന അഭിപ്രായം സാമ്പത്തിക വിദഗ്ദ്ധരുടെ ഇടയിൽ നിലനിൽക്കുമ്പോൾ. ചാക്രീയ പ്രവർത്തനങ്ങളിലൂടെ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഊർജ്ജമാകേണ്ട വിഭവങ്ങളാണ് കള്ളപ്പണമായി വിദേശ രാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയി നിക്ഷേപിക്കപ്പെടുന്നത് എന്നതാണ് വാസ്തവം. രാജ്യത്തിനു പുറത്തേക്കു പോകുന്ന ധനത്തിനു നികുതി കിട്ടാത്തത് സർക്കാരുകൾക്ക് വരുമാന നഷ്ടമുണ്ടാക്കുന്നതിലുപരിയായി ധനകമ്മി വർദ്ധിക്കുന്നതിനും, വികസന പ്രവർത്തനങ്ങൾക്കുള്ള ധനസ്വരൂപികരണത്തിനും പ്രതിബന്ധങ്ങൾ സൃഷ്ട്ടിക്കും. രാജ്യത്തെ പണം വിദേശത്തേക്ക് കടത്തുന്നത് നമ്മുടെ പുതിയ നിക്ഷേപ സാധ്യതകൾക്കും അതുവഴി അനവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതകൾക്ക് മങ്ങലേല്പിക്കുകയും ചെയ്യുന്നു. കള്ളപ്പണം വിദേശത്തേക്ക് മാറ്റപ്പെടുമ്പോൾ സൃഷ്ടിക്കപ്പെടേണ്ട വ്യത്യസ്ത ഗുണാങ്കങ്ങൾ അഥവാ മൾട്ടിപ്ലയേർസ് (തൊഴിൽ മൾട്ടിപ്ലയേർ, വരുമാന മൾട്ടിപ്ലയേർ) ഇല്ലാതാക്കുന്നത് സമ്പദ്വ്യവസ്ഥയുടെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കും. സർക്കാരുകളുടെ പല നയങ്ങളുടെയും (പ്രത്യേകിച്ച് പണ നയം) ഉദേശ്യ ലക്ഷ്യങ്ങളെപ്പോലും തകിടം മറിക്കാൻ കള്ളപ്പണ നിക്ഷേപങ്ങൾക്ക് പ്രാപ്തിയുണ്ടന്നുള്ളതാണ് യാഥാർത്ഥ്യം.

അനധികൃത സ്വത്തു സമ്പാദനം സമൂഹത്തിൽ വരുമാനത്തിന്റെയും, സ്വത്തിന്റെയും വിതരണത്തിൽ അസമത്വo സൃഷ്​ടിക്കുകയും, സാമൂഹിക ഘടനയെപ്പോലും ദോഷമായി ബാധിക്കുകയും ചെയ്‌തേക്കാം. ഇതിൽ നിന്ന് ഉടലെടുക്കുന്ന അസന്തുലിതാവസ്ഥ വർത്തമാനകാലത്ത് നിലനിൽക്കുന്ന സാമ്പത്തിക ഉച്ചനീച്ചത്വം കൂടുതൽ ഭീതിദമാക്കും. വേൾഡ് ഇനിക്വാളിറ്റി ഡാറ്റാ ബേയ്‌സ് പ്രകാരം 1990-ൽ ഇന്ത്യയിലെ ഒരു ശതമാനം ജനങ്ങൾ ദേശീയ വരുമാനത്തിന്റെ 11 ശതമാനം കൈകാര്യം ചെയ്യുന്ന സാഹചര്യത്തിൽ നിന്ന് 2019-ൽ എത്തുമ്പോൾ ഇത് 21 ശതമാനമായി ഉയർന്നതായി കണക്കാക്കിയിരിക്കുന്നു. അതായത്, 99 ശതമാനം ജനങ്ങളുടെ അധീനത്തിലുണ്ടായിരുന്ന 89 ശതമാനം ദേശീയ വരുമാനം കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തിനുള്ളിൽ ക്ഷയിച്ച് 79 ശതമാനത്തിലെത്തി. തദ്ഫലമായി ദേശീയ വരുമാനം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ബഹുഭൂരിപക്ഷം ജനങ്ങളും പിന്തള്ളപ്പെടുന്നതായിട്ട് കാണാൻ സാധിക്കും. ലൂക്കാസ് ചാൻസലും തോമസ് പിക്കറ്റിയും കൂടി സംയുക്തമായി 2017-ൽ പ്രസിദ്ധീകരിച്ച ‘ഇന്ത്യയിലെ വരുമാന അസമത്വം 1922 മുതൽ 2015 വരെ: ബ്രിട്ടീഷ് രാജ് മുതൽ ബില്യണയർ രാജ് വരെ' എന്ന ശ്രദ്ധേയമായ പഠനം ഭാരതത്തിലെ വളർന്നുവരുന്ന സാമ്പത്തിക അസമത്വത്തിന്റെ നേർക്കാഴ്ച്ചയാണ്.

രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയും, സാധാരണ ജനത അതിജീവനത്തിനായി കഷ്ടപ്പെടുമ്പോഴും, രാജ്യത്തെ ശതകോടീശ്വരൻമാരുടെ സ്വത്തിൽ കോവിഡ് കാലത്ത് പതിന്മടങ്ങ് വർദ്ധനയുണ്ടായി. അനുദിനം ഉയരുന്ന ഇന്ധന വിലയും അതിലൂടെ സംജാതമാകുന്ന പണപ്പെരുപ്പവും സാധാരണക്കാരുടെ ജീവിതം വരും നാളുകളിലും ക്ലേശകരമാക്കും. മാറുന്ന ലോകക്രമത്തിൽ കോവിഡാനന്തര കാലഘട്ടം സാമ്പത്തിക അസമത്വം വീണ്ടും വഷളാക്കാനുള്ള സാഹചര്യമാണ് സംജാതമായിരിക്കുന്നത് എന്ന് ഈ രംഗത്തെ വിദഗ്ധർ അടിവരയിടുന്നു. ഈ പ്രതിഭാസത്തിൽ രാജ്യത്തെ സമ്പത്ത് വിദേശത്തേക്ക് കടത്തിക്കൊണ്ടു പോയി വെളിപ്പിക്കുന്നവർക്ക് വ്യക്തമായ സ്വാധീനം ചെലുത്താൻ കഴിയുന്നു എന്ന നിഗമനത്തിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടില്ല. കള്ളപ്പണം സമ്പദ്വ്യവസ്ഥയിലുണ്ടാക്കുന്ന സാമൂഹിക-സാമ്പത്തിക ആഘാതങ്ങളെക്കാൾ ഉപരിയായി ഇത്തരം വിഭവങ്ങളുടെ ദുരുപയോഗം രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണി ഉയർത്താൻ ശേഷിയുള്ളതാണ്.

നിഗമനങ്ങൾ

സച്ചിന്റെ പേര് പട്ടികയിൽ ഉൾപ്പെട്ടപ്പോൾ തന്നെ മാസ്റ്റർ ബ്ലാസ്റ്റർ വാർത്ത നിരാകരിക്കുകയും 2016-ൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ പിൻവലിച്ചതായും തന്റെ എല്ലാ നിക്ഷേപങ്ങളും ആദായനികുതി വകുപ്പിനെ അറിയിച്ചതായുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ശ്രദ്ധയിൽ പ്പെടുകയുണ്ടായി. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പേര് കള്ളപ്പണ നിക്ഷേപകരുടെ പട്ടികയിൽ ഉൾപ്പെട്ടത് ആരാധകരിൽ സൃഷ്ട്ടിച്ച അസന്തുഷ്ടിയിൽ നിന്ന് അവർ പൂർണമായി മുക്തി നേടിയിട്ടില്ല എന്ന് വേണം കരുതാൻ.

2011-ൽ രണ്ടാം യൂ.പി.എ സർക്കാരിന്റെ കാലത്ത് ധനകാര്യ വകുപ്പ് മന്ത്രാലയം എൻ.ഐ.പി.എഫ്.പി, എൻ.സി.എ.ഇ.ആർ, എൻ.ഐ.എഫ്.എം എന്നീ മൂന്നു ഗവേഷണസ്ഥാപനങ്ങളെ രാജ്യത്തെ കള്ളപ്പണത്തിന്റെ വ്യാപ്തി നിർണയിക്കാൻ ചുമതലപ്പെടുത്തി. ഇതിൽ എൻ. ഐ. പി. എഫ്. പി യുടെ പഠനം 2009-10 കാലഘട്ടത്തിൽ രാജ്യത്തെ കള്ളപ്പണത്തിന്റെ അളവ് രാജ്യത്തെ ആഭ്യന്തര ഉല്പാദനത്തിന്റെ 72 ശതമാനമാണെന്ന നിഗമനത്തിലെത്തി. ഏകദേശം സമാനമായ കണ്ടെത്തലാണ് എൻ. സി.എ.ഇ.ആറു0 (2010-11-ൽ ആഭ്യന്തര ഉല്പാദനത്തിന്റെ 71 മുതൽ 79 ശതമാനം വരെ ആകാം) നടത്തിയത്. എൻ.ഐ.എഫ്.എം ന്റെ പഠന പ്രകാരം കള്ളപ്പണത്തിന്റെ തോത് ആഭ്യന്തര ഉല്പാദനത്തിന്റെ 10 ശതമാന0 മാത്രമാണ്. സ്ഥാപനങ്ങൾ വ്യത്യസ്ത രീതിശാസ്ത്രമാണ് കള്ളപ്പണം തിട്ടപ്പെടുത്തുന്നതിനായി സ്വീകരിച്ചതെങ്കിലും ഈ പഠനങ്ങളിൽ നിന്ന് ഇന്ത്യയിലെ കള്ളപ്പണത്തിന്റെ എല്ലാവർക്കും സ്വീകാര്യമായ മൂല്യനിർണയം നടത്തുക എന്നത് അസാധ്യമാണ്. ആദ്യത്തെ രണ്ട് പഠനങ്ങൾ മുഖവിലക്കെടുത്താൽപ്പോലും ആഭ്യന്തര ഉല്പാദനത്തിന്റെ നാലിൽ മൂന്നു ഭാഗവും കള്ളപ്പണമാണെന്നത് ആശങ്കാ ജനകമാണ്.

അതിലുപരിയായി, ഈ പഠനങ്ങളിലെ നിഗമനങ്ങളിൽ നിന്നും മറനീക്കി പുറത്തു വരുത്തുവരുന്നത് രാജ്യത്ത് നിലനിൽക്കുന്ന സമാന്തര സമ്പദ് വ്യവസ്ഥയുടെ പരിച്ഛേദം കൂടിയാണ്. കള്ളപ്പണത്തിന്റെ വ്യാപ്തിയെ സംബന്ധിച്ച് സാമ്പത്തിക ശാസ്ത്ര വിദഗ്ധർക്കിടയിൽ അഭിപ്രായ സമന്വയം ഇല്ലാത്തതും ഇതിന്റെ വ്യാപ്തിയെ സoബന്ധിച്ച വ്യക്തമായ കണക്കുകൾ ലഭ്യമാകാത്തതും ആണ് കള്ളപ്പണ നിർമാർജ്ജന യജ്ഞത്തിൽ സർക്കാരുകൾക്ക് പലപ്പോഴും തിരിച്ചടിയാകുന്നത്. സർക്കാരുകൾ അനധികൃത സമ്പാദ്യം തടയാൻ നിയമനിർമ്മാണവുമായി മുന്നോട്ടുപോകുന്ന സാഹചര്യം ഊർജ്ജിതമാക്കുമ്പോൾ കള്ളപ്പണലോബി അതിനെ തരണം ചെയ്യാൻ നിയമത്തിലെ പഴുതുകൾ കണ്ടെത്താനുള്ള ഗവേഷണങ്ങളിൽ വ്യാപൃതരായിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ.

പാൻഡോര പേപ്പേഴ്സിനു മുൻപ് (2020-ൽ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യൻ പൗരൻമാരുടെ സ്വിസ്സ് ബാങ്കിലുള്ള ഫണ്ടുകളുടെ മൂല്യം 20,700 കോടി കവിഞ്ഞതായി നിജപ്പെടുത്തിയിരിക്കുന്നു. ഇത് കഴിഞ്ഞ 13 വർഷത്തെ ഉയർന്ന നിരക്കാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ഫണ്ടുകളെല്ലാം കള്ളപ്പണം എന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ല എന്ന് സ്വിസ്​ ബാങ്ക് വാദിക്കുമ്പോഴും നിക്ഷേപങ്ങളുടെ വ്യക്തമായ തരം തിരിവ് പ്രദാനം ചെയ്യാത്തത് ഇത്തരം നിക്ഷേപങ്ങളുടെ കണ്ടെത്തൽ പ്രക്രിയയെ അതിസങ്കീർണമാക്കുന്നു.

പനാമ പേപ്പേഴ്സിൽ അനധികൃത സ്വത്തു സമ്പാദ്യത്തെ സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്ന ശേഷവും രാജ്യത്തു നിന്നുള്ള കള്ളപ്പണ ഒഴുക്കിൽ യാതൊരു കുറവും വന്ന തായി തെളിവുകൾ നിരത്താൻ സാധിക്കുകയില്ല. കള്ളപ്പണനിക്ഷേപങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നോട്ടുനിരോധനം ലക്ഷ്യപ്രാപ്തിയിൽ എത്തിയില്ല എന്ന് മുകളിൽ നടത്തിയ വിശകലനം അടിവരയിടുന്നു. കള്ളപ്പണനിയന്ത്രണത്തിനായി ഒരു പക്ഷെ ലോകത്തുതന്നെ ഏറ്റവുമധികം നയരൂപീകരണങ്ങൾ നടത്തിയ രാജ്യമാണ് നമ്മുടേത്. കള്ളപ്പണത്തിനു (വെളിപ്പെടുത്താത്ത വിദേശ വരുമാനവും, സ്വത്തും) നികുതി (2015), നോട്ടു നിരോധനം (2016), ബിനാമി കൈമാറ്റ നിരോധന (ഭേദഗതി) ആക്ട് (2016), കള്ളപ്പണ വെളിപ്പെടുത്തൽ പദ്ധതി (2017), ബിനാമി കൈമാറ്റ വിവരം നല്കുന്നവർക്കുള്ള സമ്മാന പദ്ധതി (2018) എന്നിവ ഇത്തരം എണ്ണമറ്റ പദ്ധതികളിൽ ചിലതുമാത്രമാണ്.

അനധികൃത സമ്പാദ്യം ഒളിപ്പിക്കുന്നതിന്​ കള്ളപ്പണക്കാർ നൂതന മാർഗ്ഗങ്ങൾ കണ്ടെത്തുമ്പോൾ അതിനു തടയിടാൻ സർക്കാരുകൾ മറ്റു രാജ്യങ്ങളുമായി ചേർന്ന് ബൃഹത്തായ പദ്ധതികൾ ആവിഷ്‌കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. കള്ളപ്പണ നിക്ഷേപം കണ്ടുപിടിക്കുന്നതും, നികുതിചോർച്ച തടയുന്നതും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും, വികസനത്തിനും ഊർജ്ജമായി മാറും എന്നത് അസന്ദിഗ്ദ്ധമായ വസ്തുതയാണ്. നോട്ടുനിരോധനം കള്ളപ്പണത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെ സാധൂകരിക്കാതെ പോയി. പാൻഡോര പേപ്പേഴ്‌സിന്റെ വെളിപ്പെടുത്തൽ പോലും കള്ളപ്പണത്തിന്റെ കാണാക്കയങ്ങളിലേക്ക് ഇറങ്ങിചെല്ലാൻ സാധിക്കാതെ കിതക്കുന്ന സമ്പദ്​വ്യവസ്ഥയായി ചുരുങ്ങുന്ന ചിത്രമാണ് നൽകുന്നത്. ഈ ചിത്രം നല്കുന്ന വ്യഥയാണ് നോട്ട്നിരോധനത്തിന്റെ ബാക്കിപത്രം. നോട്ട് നിരോധനത്തിന്റെ അഞ്ചാം വർഷത്തിലെങ്കിലും ഇതിന് അറുതി വരുത്താനുള്ള ശക്തമായ നിയമ നിർമ്മാണം കൊണ്ടു വന്നാൽ മാത്രമേ കള്ളപ്പണത്തിനെതിരായ സന്ധിയില്ലാ സമരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാനാകൂ.

Comments