വി. ഡി. സതീശൻ നയിക്കുന്ന യു ഡി എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് വിസ്മയപ്പെടുത്തുകയോ അമ്പരപ്പുളവാക്കുകയോ ചെയ്യുന്നില്ല. ധവളപത്രം പോലെത്തന്നെ. സാങ്കേതികമായി ഘടനാപരമായ പൊളിച്ചെഴുത്തുകളുണ്ടെന്ന് പറയാനും കഴിയില്ല.
ജനുവരിയിൽ അന്നത്തെ ധനമന്ത്രി കെ. എൻ. ബാലഗോപാൽ നടപ്പുവർഷത്തേക്കുതന്നെ അവതരിപ്പിച്ച ബജറ്റിൽ വരുമാനത്തിന്റെ വലിപ്പം യഥാർത്ഥ സാധ്യതക്കപ്പുറം ഉയർത്തിക്കാണിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ പടിവാതുക്കൽ നിൽക്കുന്നതിന്റെ സ്വഭാവികമായ പരിമിതി അക്കാര്യത്തിൽ മുൻ സർക്കാരിനുണ്ടായിരുന്നു. വരുമാനസാധ്യതയെ യഥാർഥ്യബോധത്തോടെ കണ്ട് ഇപ്പോൾ ബഡ്ജറ്റ് പുതുക്കിയിരിക്കുന്നു. അതിനാനുപാതികമായ കുറവുകൾ വിവിധ മേഖലകൾക്കുള്ള വകയിരുത്തലുകളിൽ കാണാം.
അടിസ്ഥാനപരമായി കഴിഞ്ഞ സർക്കാരിന്റെ പ്രവർത്തനപരിപാടികളുടെ തുടർച്ചയാണെങ്കിലും, കെട്ടിലും മട്ടിലും പരിചരണത്തിലുമുള്ള വ്യത്യാസം കൊണ്ട് വേറിട്ടതെന്ന് തോന്നിയേക്കാവുന്ന സ്വപ്‌നപദ്ധതികളുമുണ്ട്. എന്നാൽ, രാഷ്ട്രീയ ഉള്ളടക്കത്തിലെ ചില സൂചനകൾ ഗൗരവമേറിയതാണ്. സാമ്പത്തിക ശാസ്ത്രജ്ഞൻ ആരോൺ ലെവൻസ്റ്റൺ പറഞ്ഞപോലെ, ‘സ്ഥിതിവിവരക്കണക്കുകൾ ബിക്കിനി പോലെയാണ്. അത് അനാവരണം ചെയ്യുന്നത് ശ്രദ്ധേയം. എന്നാൽ, മറച്ചുവെക്കുന്നതാകട്ടെ നിർണ്ണായകവുമാണ്.’
സംസ്ഥാനത്തിന്റെ വരവ്, ചെലവ്, കടം, മൂലധനനിക്ഷേപം തുടങ്ങിയ സുപ്രധാന ധനകാര്യസൂചകങ്ങളുടെ നില കാലങ്ങളായുള്ള പൊതുപ്രവണതയിൽത്തന്നെയാണ്.
റവന്യു ചെലവ് 1.69 ലക്ഷം കോടി, റവന്യു ചെലവ് 2.05 ലക്ഷം കോടി, റവന്യു കമ്മി 35355.3 കോടി, പൊതുകടം 52364.13 കോടി എന്നിങ്ങനെയാണ് നില.
2026-27 ലെ ബാലഗോപാലിന്റെ ബജറ്റുമായി നോക്കുമ്പോൾ, വലിപ്പം 2.4 ലക്ഷം കോടിയിൽനിന്ന് 2.27 ലക്ഷം കോടിയായി കുറഞ്ഞിരിക്കുന്നു. വിവിധ പദ്ധതികൾക്കായുള്ള വകയിരുത്തലുകളും ആനുപാതികമായി കുറഞ്ഞിട്ടുണ്ട്. ആദ്യ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തിയിരുന്ന സ്ത്രീസുരക്ഷ പദ്ധതിപോലുള്ള പലതും ഒഴിവാക്കുകയും തെരഞ്ഞെടുപ്പുകാല വാഗ്ദാനമായിരുന്ന ഇന്ദിരാ ഗാരന്റിയുടെ ഭാഗമായ കെ എസ് ആർ ടി സിയിലെ സ്ത്രീകളുടെ സൗജന്യയാത്ര (600 കോടി), സ്കീം തൊഴിലാളികളുടെ വേതന- അലവൻസ് വർദ്ധനവ് (162 കോടി) പോലുള്ള ചില പദ്ധതികൾ കൊണ്ടുവരികയും ചെയ്തിരിക്കുന്നു.
കേന്ദ്രവിഹിതമായി ലഭിച്ചിരുന്ന GST കോമ്പൻസേഷനും റവന്യു കമ്മി ഗ്രാന്റും ചിലയിനം ഗ്രാന്റുകളും നിഷേധിക്കപ്പെട്ടിരിക്കുന്നു. അർഹതപ്പെട്ടതെങ്കിലും, യഥാർത്ഥത്തിൽ ഇപ്പോൾ ലഭ്യമല്ലാത്തതും ആദ്യ ബജറ്റിൽ കേന്ദ്രവിഹിതമായി കാണിച്ചിരുന്നതുമായ ഈ ഇനങ്ങളിൽപെടുന്ന ആകെത്തുകയായ 20,500 കോടി പുതുക്കിയ ബജറ്റിന്റെ റവന്യുവരുമാനത്തിൽ ഒഴിവാക്കിയിട്ടുണ്ട്. സ്വാഭാവികമായി, ആകെ ചെലവിലും വിവിധ പദ്ധതികളിലെ വകയിരുത്തലുകളിലും അത്രത്തോളം കുറവ് വരും.

പുതുക്കിയ ബഡ്ജറ്റിൽ തനതുവരുമാനത്തിൽ അധികമായി 6000 കോടി പ്രതീക്ഷിക്കുന്നുമുണ്ട്. അല്ലെങ്കിൽ, ബജറ്റിന്റെ വലിപ്പം വീണ്ടും കുറയുമായിരുന്നു. രണ്ട് ബജറ്റുകൾ തമ്മിലുള്ള ഈ വ്യത്യാസത്തിന് ആത്യന്തികമായി എൽ.ഡി.എഫിനെയോ യു.ഡി.എഫിനെയോ പഴിചാരാനാകില്ല. ധനകാര്യഫെഡറലിസത്തെ നിരന്തരം ദുർബലമാക്കി അത്തരമൊരവസ്ഥയിലേക്ക് സംസ്ഥാനത്തെ എത്തിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രാഷ്ട്രീയഭേദമന്യേ ഒന്നിക്കുകയാണ് വേണ്ടത്.
കടം വർദ്ധിപ്പിച്ച്
പ്രതിസന്ധി പരിഹരിക്കാൻ
കഴിയുമോ?
നിർബന്ധിത റവന്യു ചെലവുകൾ കഴിഞ്ഞ് മിച്ചംപിടിച്ചു വേണം മൂലധനിക്ഷേപം നടത്താൻ. കൂടുതൽ കടംവാങ്ങി ഇതിനെ മറികടക്കാൻ കഴിയുമോ? കേരളം ‘കടക്കെണിയിലായി’ എന്ന് പറയുന്നവരും ‘കുഴപ്പമില്ല, ഭദ്രമാണ്’ എന്ന് പറയുന്നവരും വാദങ്ങൾക്കായി മിക്കവാറും ആശ്രയിക്കുന്നത്, കടബാധ്യത- GSDP അനുപാതത്തെയും ധനകമ്മി-GSDP അനുപാതത്തെയുമാണ്.
ചെലവ് ചുരുക്കാനും ധനക്കമ്മി ജി ഡി പിയുടെ നിശ്ചിത ശതമാനമാക്കി നിർത്താനും ആഗോളീയമായിത്തന്നെ ധനമൂലധനം സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കും. അതിന്റെ ഭാഗമായിട്ടു കൂടിയാണ് ബജറ്റ് കമ്മി ജി ഡി പിയുടെ 3 ശതമാനപരിധിയിൽ നിൽക്കണമെന്ന് നിഷ്‌കർഷിക്കുന്നത്. അങ്ങനെ പറയുന്നതിന് പ്രത്യേകിച്ച് ശാസ്ത്രീയ പിൻബലമൊന്നുമില്ല. എന്നാൽ, കടത്തിന്റെ കാര്യത്തിൽ അച്ചടക്കം വേണ്ടതില്ലെന്ന് കരുതിയാൽ, അതും അപകടകരമാണ്. വാസ്തവത്തിൽ ധനാരോഗ്യത്തിന്റെ കാര്യത്തിൽ ഈ രണ്ട് അനുപാതങ്ങളെക്കാൾ കടത്തിന്റെയും കമ്മിയുടെയും ഘടനയും ഗുണതയുമാണ് നിർണ്ണായകം.
ശമ്പളം, പെൻഷൻ, കടത്തിന്റെ പലിശയടവ് എന്നിവ ഉൾപ്പെടുന്ന നിർബന്ധിത ചെലവുകൾക്ക് (Committed Expenditure) റവന്യുവരുമാനത്തിന്റെ മുക്കാൽ പങ്കും വേണ്ടിവരുന്നു. ദേശീയ ശരാശരി 46.1 മാത്രം. അവശേഷിക്കുന്ന റവന്യുവരുമാനം -കഷ്ടിച്ച് നാലിലൊന്ന് മാത്രം- കൊണ്ടുവേണം കേരളത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ, സബ്‌സിഡി, ക്ഷേമമേഖലകളിൽ ചെലവഴിക്കാൻ. തീർച്ചയായും തികയാതെ വരും. റവന്യു ചെലവെല്ലാം കഴിഞ്ഞ് വരുമാനത്തിൽനിന്ന് മിച്ചംപിടിച്ച് മൂലധനനിക്ഷേപത്തിന് മുടക്കാൻ കഴിയുന്നതാണ് ശരിയായ രീതി. പക്ഷെ, റവന്യുചെലവിനങ്ങൾക്കുവേണ്ടിപോലും കടം വാങ്ങേണ്ടിവരുന്നു. കടം വാങ്ങുന്ന പണത്തിൽനിന്ന് ഈ കുറവുനികത്തിയതിനുശേഷം ബാക്കിവരുന്നതിൽനിന്നുവേണം മൂലധനചെലവ് നടത്താൻ. ഇത് മൂലധനനിക്ഷേപത്തെ ശോഷിപ്പിക്കുന്നു.
കടംവാങ്ങിയ പണം കൂടി ചെലവാക്കിയശേഷമുള്ള സംസ്ഥാനത്തിന്റെ ആകെ ചെലവെടുത്താൽ, അതിന്റെ ഏതാണ്ട് 90 ശതമാനവും റവന്യുചെലവുകൾതന്നെയായിരിക്കും. ഇക്കാര്യത്തിൽ ദേശീയ ശരാശരി 2025-26 ൽ 82 ശതമാനമാണ്. അതുകൊണ്ട് കേരളത്തിന്റെ ധനകമ്മിപരിധിയായി കൽപ്പിക്കുന്ന 3 ശതമാനത്തിന്റെ സമീപത്തുവന്നാലും, അതിൽ ആശ്വസിക്കാൻ വകയില്ലെന്നുവരുന്നു.
ഈ പ്രശ്നം സാമ്പത്തിക വളർച്ചയെയും മൂലധനചെലവിനെയും ഉത്പാദനമേഖലയെയും പ്രതികൂലമായി ബാധിക്കുന്നു. സ്വാഭാവികമായും ഭാവിയിലെ നികുതിപിരിവടക്കമുള്ള വരുമാനസാധ്യതയെയും ബാധിക്കും. അതാകട്ടെ, തുടർന്നുവരുന്ന കാലത്തെ മൂലധനനിക്ഷേപത്തിന്റെ വലിപ്പം കുറക്കുകയും ചെയ്യുന്നു. കേരളത്തിന്റെ ഈ അടിസ്ഥാന ധനകാര്യപ്രശ്‌നം ഏതാനും വർഷങ്ങൾക്കൊണ്ട് ഉണ്ടായതുമല്ല.

സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ 16.1 ശതമാനമാണ് 2015-16 ൽ പലിശയടവിലേക്ക് എടുത്തിരുന്നതെങ്കിൽ, അത് വർദ്ധിച്ച് 2026-27 ൽ 20.26 ശതമാനത്തിൽ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കാലഘട്ടത്തിൽ ദേശീയ ശരാശരിയിലെ വർദ്ധന 0.5 ശതമാനം മാത്രമാണ്. കേരളത്തിന്റെ വായ്പാഭാരം വർഷംതോറും വർദ്ധിക്കുന്നതിന്റെ ലക്ഷണമാണിത്. വാർഷിക വായ്പാതിരിച്ചടവും പലിശബാധ്യതയും ചേരുന്ന തുക വാർഷിക വായ്പയെത്തന്നെ അധികരിക്കുന്ന വർഷങ്ങളുമുണ്ട്. എടുക്കുന്ന വായ്പ വികസനകാര്യങ്ങൾക്ക് ഫലത്തിൽ പ്രയോജനപ്പെടാത്ത സ്ഥിതി. ഈ അവസ്ഥയിൽ ധനപരമായ പ്രതിസന്ധിയെ കൂടുതൽ വായ്പയെടുത്തുമാത്രം മറികടക്കാമെന്ന് തീരുമാനിക്കാനും കഴിയില്ല.
കടം നിശ്ചിതപരിധിക്കപ്പുറം വാങ്ങാൻ ആഗ്രഹിച്ചാലും, കഴിയാത്ത സ്ഥിതിയായിട്ടുണ്ട്.
വായ്പാപരിധിയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ കൂടുതൽ കർശനമാകുന്നുണ്ട്. ധന ഉത്തരവാദിത്വ ബജറ്റ് മാനേജ്‌മെന്റ് (FRBM) നിയമം നിഷ്കർഷിക്കുന്ന വായ്പാപരിധി മറികടന്ന്, ബജറ്റിനുപുറത്ത് വിപണിയിൽനിന്ന് അധിക ധനസമാഹരണത്തിനായി പ്രവർത്തിച്ചുവരുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്‌ബി) സ്വതന്ത്രപദവിയെ 2024-25 ലെ CAG ഓഡിറ്റ് റിപ്പോർട്ട് ചോദ്യം ചെയ്തിരിക്കുന്നു. വായ്പാപരിധിക്കു മുകളിൽ കിഫ്‌ബി വഴിയുള്ള അധിക ധനസമാഹരണസാധ്യത അങ്ങനെ അടയുകയാണ്.
മാത്രമല്ല, കിഫ്‌ബി വായ്പക്ക് അമിത പലിശയാണ്, അവകാശപ്പെടുന്നതുപോലെ വായ്പ വാങ്ങുന്നതിൽ പ്രൊഫഷണലിസം ഇല്ല, പദ്ധതികൾ അനുവദിക്കുന്നതിൽ പ്രാദേശിക അസന്തുലിതാവസ്ഥ, വികസനമേഖലകളുടെ മുൻഗണനാക്രമങ്ങളിലെ അപാകം, അധികരിച്ച വായ്പാവാങ്ങൽ ചെലവും ഭരണനിർവ്വഹണ ചെലവും, കണക്കുകളിലെ സുതാര്യതക്കുറവ്, സമാന്തരസർക്കാർ പോലുള്ള പ്രവർത്തനം തുടങ്ങിയ വിമർശനങ്ങൾ ധവളപത്രം ചർച്ച ചെയ്യുന്നുമുണ്ട്.
എന്നാൽ, സ്ഥാപനപരമായി കിഫ്‌ബി ആർജിച്ച ശേഷികളും മറ്റും മികച്ചതാണെന്നും അവ ഉപയോഗപ്പെടുത്തണമെന്നും ബന്ധപ്പെട്ട സർക്കാർവകുപ്പുകളുടെ ഭാഗമായി മാറണമെന്നും നിർദ്ദേശിക്കുന്നു. ഇത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ ഒരു സമിതിയെ ചുമതലപ്പെടുത്തുകയാണല്ലോ.
ചെലവ് ചുരുക്കൽ
പരിഹാരമാകുമോ?
ധനപ്രതിസന്ധിക്കു പരിഹാരമായി ചെലവു ചുരുക്കലിനെ എത്രത്തോളം ആശ്രയിക്കാൻ കഴിയും? മൂലധനചെലവ് ശുഷ്കമായിപ്പോകുന്നതാണ് നാം നേരിടുന്ന പ്രധാന പ്രശ്നം. ഇനി ഒരു രൂപപോലും ആ ഇനത്തിൽ കുറക്കാൻ കഴിയില്ല. കേരളത്തിന്റെ മൂലധനചെലവ് വളരുന്നില്ലെന്ന് മാത്രമല്ല, തളരുകയും ചെയ്യുന്നുണ്ട്. 2015-16 ൽ മൂലധനചെലവ്- GSDP അനുപാതം 1.48 ആയിരുന്നെങ്കിൽ, 2025-26ൽ 1.34 ലേക്കും ഇപ്പോൾ 1.3 ലേക്കും എത്തിയിരിക്കുന്നു. ധവളപത്രത്തിലെ വിശകലനപ്രകാരം, ഈ സൂചകത്തിന്റെ കാര്യത്തിൽ സാമ്പത്തികനിലയിൽ സമാനസ്വഭാവമുള്ള എട്ടു സാംസ്ഥാനങ്ങളുടെ ശരാശരി, പ്രധാന 10 സംസ്ഥാനങ്ങളുടെ ശരാശരി, ദേശീയ ശരാശരി എന്നിവ യഥാക്രമം 2.04, 3.09, 3.20 എന്നിങ്ങനെയാണ്.

പിന്നെ ചെലവിൽ കുറക്കാൻ അവശേഷിക്കുന്നത് റവന്യു ചെലവുകളാണ്. വരുമാനത്തിന്റെ മുക്കാൽപങ്കും ചെലവഴിക്കുന്ന ശമ്പളം, വേതനം, പെൻഷൻ, കടത്തിന്റെ പലിശ എന്നീ ഇനങ്ങൾ അടങ്ങുന്ന നിർബന്ധിത ചെലവുകളാണ് റവന്യുചെലവിന്റെ പ്രധാന ഭാഗം. മുണ്ട് മുറുക്കിയുടുക്കണമെന്ന തരത്തിലുള്ള നടപടികൾ സ്വാഗതാർഹമല്ലെന്ന് ധവളപത്രംതന്നെ സൂചിപ്പിക്കുന്നുണ്ട്. പെൻഷൻപ്രായം, ശമ്പളപരിഷ്കരണ കാലയളവ് എന്നിവയിലെ മാറ്റം മാത്രമാണ് അത് മുന്നോട്ടുവെച്ചത്. സർക്കാരിന്റെ ഭരണചെലവും ധൂർത്തും ഒഴിവാക്കുന്നത് ശതമാനക്കണക്കിൽ വലിയ മാറ്റമുണ്ടാക്കില്ലെങ്കിലും, നല്ല സന്ദേശം പൊതുവിൽ നൽകാൻ സഹായിക്കും. എന്നാൽ, ആകെ ചെലവിൽ ശമ്പളത്തിന്റെയും വേതനത്തിന്റെയും പങ്ക് വർഷംതോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന പൊതുധാരണ നിലനിൽക്കില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
2015-16 ൽ ആകെ റവന്യു വരുമാനത്തിൽ ശമ്പളത്തിന്റെയും വേതനത്തിന്റെയും പങ്ക് 34.5 ശതമാനമായിരുന്നു. 2025-26 ൽ ഇത് 30.1 ശതമാനമായി കുറഞ്ഞു. ഈ കാലയളവിൽ ദേശീയ ശരാശരി 16.4 ൽ നിന്ന് 22.5 ശതമാനമായി ഉയരുകയായിരുന്നു. അതേകാലയളവിൽ കേരളത്തിന്റെ ആകെ റവന്യു ചെലവിൽ ശമ്പളത്തിന്റെയും വേതനത്തിന്റെയും പങ്ക് 30.3 ൽ നിന്ന് 25.6 ശതമാനമായി കുറഞ്ഞപ്പോൾ, ഈ ഇനത്തിലെ ദേശീയ ശരാശരി 16.4 ൽ നിന്ന് 21.9 ശതമാനമായി ഉയരുകയായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
ഇക്കാര്യത്തിൽ പൊതുവിൽ മറ്റ് സംസ്ഥാനങ്ങളും കേരളവും വിപരീതദിശയിലാണെന്ന് പറയാം. എന്നാൽ, ഈ കാലയളവിൽ കേരളത്തിന്റെ പെൻഷൻ ബാധ്യത വർദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ 18.9 ശതമാനമാണ് പെൻഷൻ ചെലവിലേക്ക് വേണ്ടിയിരുന്നതെങ്കിൽ, അത് 21.5 ശതമാനമായി ഉയർന്നിട്ടുണ്ട്. ഭാവിയിൽ അതും കുറഞ്ഞേക്കും.
കേരളം സാമൂഹ്യസേവനമേഖലയിൽ കൂടുതൽ ചെലവ് ചെയ്യുന്നതായി പൊതുവിൽ കരുതുന്നുണ്ടെങ്കിൽ, ചില വ്യതിയാനങ്ങൾ അവിടെയും ദൃശ്യമാകുന്നുണ്ട്. ധനപരമായ സമ്മർദ്ദം പദ്ധതിചെലവിനെയും (Plan Expenditure) അതിലെ വിവിധ ഇനങ്ങളുടെ മുൻഗണനകളെയും ബാധിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ജലവിതരണം, എസ് സി/ എസ് ടി- ന്യൂനപക്ഷക്ഷേമം തുടങ്ങിയ സാമൂഹ്യസേവനമേഖലകളിലെ ചെലവ് പ്രകടമായി ഇടിഞ്ഞിരിക്കുന്നു. 2017-18 ൽ പദ്ധതിചെലവിന്റെ 53.8 ശതമാനം സാമൂഹ്യസേവനത്തിനായിരുന്നുവെങ്കിൽ, അത് ക്രമമായി കുറഞ്ഞ്, 2025-26 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 30.7 ശതമാനത്തിൽ എത്തിയിരിക്കുന്നു. ഇതുസംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുമുണ്ട്.

വരുമാനം ഇത് പോരാ
ബജറ്റ് പരിധിയിൽനിന്ന് ധനപ്രതിസന്ധി പരിഹരിക്കാൻ അവശേഷിക്കുന്നത് വരുമാനവർദ്ധനയാണ്. ധനപരമായ ഫെഡറൽ തത്വങ്ങളെയും കീഴ്‌വഴക്കങ്ങളെയും തള്ളിക്കളഞ്ഞ്, കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടികൾ സംസ്ഥാനത്തിന്റെ വരുമാനത്തെ എത്രത്തോളം ബാധിക്കുന്നുവെന്ന് ധവളപത്രവും വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. ബജറ്റ്പ്രസംഗം അതു വിട്ടുകളഞ്ഞിട്ടുമുണ്ട്. GST കോമ്പൻസേഷൻ നിലച്ചതും റവന്യു കമ്മി ഗ്രാന്റ് 2026-27 മുതൽ നിഷേധിക്കുന്നതും സ്ഥിതി കൂടുതൽ മോശമാക്കും. മറ്റ് സംസ്ഥാനങ്ങളുമായി ചേർന്ന് പ്രശ്നത്തെ നേരിടണമെന്ന് സൂചിപ്പിക്കുന്നുമുണ്ട്. നിലവിൽ സംസ്ഥാനത്തിന്റെ തനതുവരുമാനം വർദ്ധിപ്പിക്കുകയാണ് കൂടുതൽ കരണീയമായിട്ടുള്ളത്.
2015-16 മുതൽ 2025-26 കാലത്ത് തനതുവരുമാനഗതിയിൽ രാജ്യത്തെ പൊതുപ്രവണതക്ക് വിപരീതദിശയിലായിരുന്നു സംസ്ഥാനം. കേരളത്തിന്റെ തനതുവരുമാന- GSDP അനുപാതം കുറഞ്ഞപ്പോൾ, സമാന സംസ്ഥാനങ്ങളുടെയും പ്രധാന സംസ്ഥാനങ്ങളുടെയും ശരാശരികളും ദേശീയ ശരാശരിയും വർദ്ധിക്കുകയായിരുന്നു. തനത് നികുതിപിരിവിലും ഇതേ പ്രവണത കാണാം. സംസ്ഥാനത്തിന്റെ തനത് വരുമാന അടിത്തറ കാലാനുസൃതമായി വളരുന്നില്ലെന്ന് വ്യക്തം.
വർദ്ധിച്ച റവന്യു കമ്മിയുടെയും വർദ്ധിക്കുന്ന വായ്പാബാധ്യതയുടെയും പ്രധാനപ്പെട്ട ഒരു കാരണവും മറ്റൊന്നാവില്ല. ഇതുസംബന്ധിച്ച് വിദഗ്ധർ പങ്കുവെക്കുന്ന നിർദ്ദേശങ്ങളെ വേണ്ടത്ര ഗൗരവത്തിൽ അധികാരികൾ എടുത്തു കാണുന്നില്ല. നികുതിപിരിവ് കാര്യക്ഷമമാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാലിക്കപ്പെടുമെന്ന് പ്രത്യാശിക്കാം.
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ പതിനായിരക്കണക്കിന് കോടിരൂപ നിക്ഷേപമായിട്ടുണ്ട്. അവയെ കേരളത്തിന്റെ സാമ്പത്തികവളർച്ചക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന പൊതുവായ ആലോചനകൾ നടക്കേണ്ടതാണ്. അതുപോലെ, പഞ്ചായത്തുകൾ സ്വന്തം നിലയിൽ ധനസമാഹാരണം നടത്തുന്നതിനെക്കുറിച്ച് ധവളപത്രം പറഞ്ഞെങ്കിലും, ബഡ്ജറ്റിൽ പരാമർശമില്ല.
സ്വപ്നപദ്ധതികൾ
ധനപ്രതിസന്ധിയുടെ പരിഹാരത്തിനും വികസനമെന്നേറ്റത്തിനുമായി മുന്നോട്ട് വെക്കുന്ന സ്വപ്നപദ്ധതികൾ മിക്കവാറും ആശ്രയിക്കുന്നത് കടൽ - കടൽതീരമേഖലയുടെ സാമ്പത്തിക സാധ്യതകളെയാണ്. അതുൾപ്പെടെയുള്ള പദ്ധതികളിൽ സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ഭൂമി ലഭ്യമാക്കുന്ന പ്രക്രിയ ഉദാരമാക്കുന്നതുൾപ്പെടെയുള്ള ചില നടപടികളും വിഭാവനം ചെയ്യുന്നുണ്ട്.
സ്വകാര്യനിക്ഷേപം കേരളത്തിൽ വിലക്കപ്പെട്ട കാര്യമല്ല. കാലാകാലങ്ങളിലെ സർക്കാരുകൾ അതിനായി പല നിലകളിൽ ശ്രമിച്ചുവരുന്നുണ്ടെങ്കിലും ഫലം അത്ര തൃപ്തികരമല്ല. ഈ വർഷത്തേക്കാൾ, അഞ്ചു വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ ഒരു സൂചന മാത്രമാണിത്. ഒട്ടേറെ കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്.
കടലിലിറങ്ങി നീലസമ്പദ് വ്യവസ്ഥയുടെ മുത്തുമണികൾ വാരി കരപറ്റാം എന്ന വിചാരം അഭിന്ദനാർഹമാണ്. റെയർ എർത്ത് മൂലകങ്ങളുടെ ഖനനവും സംസ്കരണവും മൂല്യവർധനയുമെല്ലാം ഏറെ വരുമാനദായകവും ലാഭകരവുമായ ബിസിനസ്സാണ്. രാഷ്ട്രീയപാർട്ടികൾക്കും മാധ്യമങ്ങൾക്കുമെല്ലാം കയ്യയഞ്ഞു സംഭാവന ചെയ്യാൻ ആ മേഖലയിലെ സി എം ആർ എൽ (CMRL) പോലുള്ള കമ്പനികൾക്ക് കഴിയുന്നതിന്റെ കാരണവും മറ്റൊന്നല്ല. തന്ത്രപ്രധാനമായ ഈ മേഖല സ്വകാര്യകമ്പനികൾ നൽകുന്നത് ഒട്ടും ഭൂഷണമല്ല.
-1fe9.jpg)
ബാലഗോപാലിന്റെ ബഡ്ജറ്റിൽ, കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളുടെ കൂട്ടായ്മയിൽ ഖനനവും സംസ്കരണവും നടത്തുന്ന രീതിയിലാണ് മിനറൽ കോറിഡോർ വിഭാവന ചെയ്തത്. ഏറെ സ്വാഗതാർഹമാണിത്. നീല സമ്പദ് വ്യവസ്ഥ ഇരുതലമൂർച്ചയുള്ള വാളാണ്. പദ്ധതികളുടെ പാരിസ്ഥിതിക മാനങ്ങളും തീരജനതയുടെ തൊഴിലിലും ജീവിതത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ‘മുൻകൂറായി’ പഠിക്കാതെ മുന്നോട്ടുപോകുന്നത് അപകടകരമാണ്. മനുഷ്യന്റെ അറിവ് ഏറ്റവും പരിമിതമായിട്ടുള്ള ആവാസവ്യവസ്ഥ കടലാണ്. മത്സ്യതൊഴിലാളികളുടെ മണ്ണെണ്ണ- സബ്‌സിഡി 75 രൂപയായി വർദ്ധിപ്പിച്ച നടപടിയെ അഭിനന്ദിക്കുമ്പോൾത്തന്നെ, ഈ ഉൽക്കണ്ഠയും പങ്കുവെക്കട്ടെ.
സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കാൻ എടുക്കുന്ന നടപടികളിലും വീണ്ടുവിചാരം ഉണ്ടാകണം. നിബന്ധനകൾ സുപ്രധാനമാണ്. 2006-11 കാലത്ത് സ്മാർട്സിറ്റിയുമായി നടത്തിയ ചർച്ചകളിൽ സർക്കാർ കാത്തുസക്ഷിച്ച ജാഗ്രത പോലുള്ള അനുഭവങ്ങൾ പോലെ തന്നെ, സംസ്ഥാനതാൽപ്പര്യം ബലികഴിക്കുന്ന അവസരങ്ങളുമുണ്ട്. ‘ഈസ് ഓഫ് ഡ്യൂയിങ് ബിസിനസ്സ്’ പോലുള്ള പ്രയോഗങ്ങളൊക്കെ പരിധിയില്ലാതെ നിഷ്കളങ്കമായി ആഘോഷിക്കുന്ന ട്രേഡ് യൂണിയൻ നേതാക്കൾ വരെയുണ്ട്.
കേരളത്തിന്റെ ഭൂപ്രശ്നത്തെ കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകളിൽ രണ്ടാം ഭൂപരിഷ്കരണത്തിന്റെ ആവശ്യകത കടന്നുവരാറുണ്ട്. ഇന്ന് സ്വകാര്യ സംരംഭങ്ങൾക്കായി ഭൂമിതരം മാറ്റുക, തോട്ടം മുറിച്ചുകൊടുക്കുക, സർക്കാർഭൂമി കൈമാറുക, തണ്ണീർത്തടം നികത്തുക പോലുള്ള നടപടികൾക്ക് പകരമായി ‘രണ്ടാം ഭൂപരിഷ്കരണം’ എന്ന സങ്കൽപ്പത്തെ എടുത്തുപയോഗിക്കുന്ന തരത്തിലേക്ക് കേരളം മാറിയിരിക്കുന്നു. സ്വകാര്യനിക്ഷേപവഴികളിൽ തെന്നിവീഴുന്ന ഇടങ്ങൾ വർദ്ധിച്ചിരിക്കുന്നു.
2026 ജനുവരിയിൽ കെ.എൻ. ബാലഗോപാൽ കഴിഞ്ഞ സർക്കാരിന്റെ ബജറ്റ് അവതരിപ്പിച്ചപ്പോൾ, അന്ന് പ്രതിപക്ഷനേതാവായിരുന്ന വി. ഡി. സതീശൻ, ബജറ്റ് ഒരു രാഷ്ട്രീയരേഖയല്ലെന്ന് പറയുകയുണ്ടായി. സത്യത്തിൽ ബജറ്റിന്റെ ഓരോ വരിയിലും രാഷ്ട്രീയം നിലീനമായിരിക്കുന്നു. യുഗപരിവർത്തനത്തിനും മാറ്റത്തിനുമായി ഭരണാധികാരികൾ ആഹ്വാനം ചെയ്യുന്നത് സ്വാഗതാർഹമാണ്. അതിനായുള്ള പദ്ധതികൾ എല്ലാ തലങ്ങളിലും വിപുലമായ ചർച്ചകൾക്ക് വിധേയമാക്കണം, ആവശ്യമായ പുനപരിശോധനകൾ ഉണ്ടാകണം. അല്ലാത്തതെല്ലാം യാന്ത്രികവും ജനാധിപത്യവിരുദ്ധവുമായിരിക്കും, ഫലപ്രദമാകില്ല. സമൂഹത്തിനും നടപ്പിലാക്കുന്നവർക്കും ഗുണം ചെയ്യില്ല. ഭരണകാലത്തുടനീളം അത്തരമൊരു ജൈവബന്ധം നിലനിർത്താൻ കഴിയണമെന്ന് താൽപ്പര്യപ്പെടുന്നു.
