ഇന്ത്യയിൽ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ക്രമാതീതമായി കുറഞ്ഞുവെന്നും രാജ്യത്തിന്റെ സമ്പദ് മേഖല ദ്രുതഗതിയിൽ വൻതോതിൽ പുരോഗതി കൈവരിച്ച്, സമ്പദ് സമീകൃത രാഷ്ട്രമായി മാറുകയാണെന്നുമാണ്, ഈ വർഷം ഏപ്രിലിൽ പുറത്തിറങ്ങിയ ലോക ബാങ്കിൻ്റെ Poverty and Equity Brief for India എന്ന റിപ്പോർട്ട് ഉദ്ധരിച്ച് ഈയിടെ കേന്ദ്രസർക്കാർ പത്രക്കുറിപ്പിറക്കിയത്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രസ്തുത റിപ്പോർട്ട് സമകാലിക ഇന്ത്യൻ യാഥാർത്ഥ്യവുമായി തെല്ലും പൊരുത്തപ്പെടുന്നില്ല എന്നതാണ് വാസ്തവം. ഇതേത്തുടർന്ന് സാമ്പത്തിക മേഖലയിൽ നിരവധി ചർച്ചകളും സംവാദങ്ങളുമാണ് ഉയർന്നുവന്നത്.
സാമ്പത്തിക അസമത്വങ്ങളെ നിരൂപിക്കുകയെന്ന ലക്ഷ്യത്തോടെ, ഇറ്റാലിയൻ സ്റ്റാറ്റിസ്റ്റിഷ്യനായ കൊറഡൊ ജിനി വികസിപ്പിച്ചെടുത്തതാണ് ജിനി സൂചിക. ലോക ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിലെ പ്രസ്തുത സൂചിക പ്രകാരം, ഉപഭോഗത്തിൻ്റെ കാര്യത്തിൽ നില മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ, വരുമാന അസമത്വത്തിൽ ഇന്ത്യയുടെ സൂചിക 61 ആണ്. ഇതനുസരിച്ച് 216 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം നിലവിൽ 176. 2009- ൽ 115 ആയിരുന്നിടത്ത് നിന്നാണിത്.
അരിയും പലവ്യഞ്ജനവുമൊക്കെ വാങ്ങുന്നതിൽ സാധാരണക്കാർക്കും പണക്കാർക്കുമിടയിലുള്ള ഏറ്റക്കുറച്ചിൽ വലുതായിരിക്കില്ല. എന്നാൽ, ഉപഭോഗം കഴിഞ്ഞ് മിച്ചം വെയ്ക്കാൻ സാധാരണക്കാർക്ക് കാര്യമായൊന്നുമില്ല എന്നതാണ് യഥാർത്ഥ്യം. അതേസമയം, തങ്ങളുടെ സമ്പാദ്യത്തിൽ നല്ലൊരു ഭാഗവും നിക്ഷേപമാക്കി മാറ്റാൻ പണക്കാർക്ക് കഴിയുന്നു. ഇതുകൊണ്ടാണ് വരുമാന അസമത്വം വർദ്ധിക്കുന്നതെന്ന് പ്രാഥമികമായി മനസിലാക്കാം.

ജിനി ഗുണകപ്രകാരം (0 മുതൽ 1 വരെ വരുന്ന അസമത്വത്തിന്റെ അളവായ ഒരു സൂചിക, അതിൽ 1 രൂക്ഷമായ അസമത്വത്തെ സൂചിപ്പിക്കുന്നു), ഉപഭോഗ അസമത്വത്തിന്റെ (consumption inequality) അളവ് 2011-12 കാലയളവിലെ 0.288 ൽ നിന്ന് 2022-23 ൽ 0.255 ലേക്ക് കുറഞ്ഞു എന്നതാണ് സർക്കാർ വാദത്തിന്റെ കാതൽ. എന്നാൽ, സാമ്പത്തിക വിദഗ്ധർ സൂചിപ്പിക്കുന്നതുപോലെ, കേവലം ഉപഭോഗ അസമത്വത്തിന്റെ കുറവ് ഒന്നുകൊണ്ടുമാത്രം, ഇന്ത്യൻ സാമ്പത്തിക മേഖലയുടെ യഥാർത്ഥ ചിത്രത്തെ ഗ്രഹിച്ചടുക്കാനാവില്ല.
നേരായ സാമ്പത്തിക നീതിയും വളർച്ചയും സാധ്യമാകുന്നത്, വ്യക്തികളുടെ ഉപഭോഗം കൊണ്ട് മാത്രമല്ല; മറിച്ച്, അവരുടെ വരുമാനവും ആസ്തിയും എത്രമാത്രം സമുചിതവും സന്തുലിതവുമായി വിതരണം ചെയ്യപ്പെടുന്നു എന്നതിനെ കൂടി ആശ്രയിച്ചാണ്.
കാരണം, ഒന്നാമതായി, പ്രസ്തുത റിപ്പോർട്ട് ഉപഭോഗ അസമത്വത്തിന്റെ തോതിനെ മാത്രം സൂചിപ്പിക്കുന്നതാണ്. അതിരൂക്ഷമായ സാമ്പത്തിക അസമത്വവും വരുമാനങ്ങളിലെ അസന്തുലിതത്വവും നിലനിൽക്കുമ്പോൾ തന്നെ, ഏതൊരു സമ്പദ്ഘടനയിലും ഉപഭോഗ അസമത്വം കുറഞ്ഞുവെന്നിരിക്കാം, അത് സ്വാഭാവികതയാണ്. ‘ഉപഭോഗം' എന്നത് ക്ഷേമത്തെ നിർണയിക്കാനുള്ള മൗലിക സൂചികയാണെങ്കിൽ കൂടി, സാമ്പത്തിക ശക്തിയുടെ കേന്ദ്രീകരണത്തെ (wealth concentration) കാണിക്കാൻ അത് ഒട്ടും പര്യാപ്തമല്ല.
പ്രമുഖ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കെറ്റിയുടെയും World Inequality Lab- ന്റെയും പഠനങ്ങൾ സൂചിപ്പിക്കുന്നതു പ്രകാരം, ഇന്ത്യൻ ദേശീയ സമ്പത്തിന്റെയും വരുമാനത്തിന്റെയും ഗണ്യമായ പങ്ക് കൈയാളുന്നത് കേവലം 1% പൗരരാണ്. നേരായ സാമ്പത്തിക നീതിയും സമാവിഷ്‌ടമായ വളർച്ചയും സാധ്യമാകുന്നത്, വ്യക്തികളുടെ ഉപഭോഗം കൊണ്ട് മാത്രമല്ല. മറിച്ച്, അവരുടെ വരുമാനവും ആസ്തിയും എത്രമാത്രം സമുചിതവും സന്തുലിതവുമായി വിതരണം ചെയ്യപ്പെടുന്നു എന്നതിനെ കൂടി ആശ്രയിച്ചാണ്.

ഒരു നിർധനകുടുംബം, മിച്ചം കരുതാനുള്ള സമ്പത്തിന്റെ അളവ് തുലോം വിരളമായിരിക്കെ തന്നെ, ജീവിതാവശ്യങ്ങൾക്കു വേണ്ടിയുള്ള വലിയ ചെലവുകൾ നിത്യേന വഹിക്കുന്നവരാണ്. ഉദാഹരണത്തിന്, ഉസ്സ പട്നായിക് നിജപ്പെടുത്തിയത് പോലെ, ഒരിടത്ത് ദരിദ്രൻ്റെയും സമ്പന്നൻ്റെയും – ഇരുവരുടേയും വരുമാനം ആയിരം രൂപ വീതമാണെന്ന് കരുതിയാലും, ആപേക്ഷികമായി വർധിച്ച ജീവിതച്ചെലവുകളുള്ള ദരിദ്രന് 900 രൂപയോളം ആകെ ചെലവ് വരുന്നു. അതേസമയം, ധനികരുടെ സമ്പത്തിൽ മിച്ചം കരുതാനുള്ള അളവ് (600 രൂപ ചെലവ് വരികയാണെങ്കിൽ പോലും 400 മിച്ചം കാണാൻ സാധിക്കും) വളരെ കൂടുതലുമാണ്. ഇങ്ങനെ, രണ്ടു കൂട്ടർക്കുമിടയിലെ സാമ്പത്തിക അന്തരം നിർബാധം നിലനിന്നു പോരുന്നുവെന്നതാണ് ഇന്ത്യൻ യാഥാർത്ഥ്യം.
രാജ്യത്തെ ധനിക സമ്പത്തിന്റെ സിംഹഭാഗവും സർവേ ഫലങ്ങളിൽ പ്രതിഫലിക്കാതിരിക്കുന്നത്, യഥാർത്ഥമായ സമ്പദ്കേന്ദ്രീകരണത്തിന്റെ തോത് മനസ്സിലാക്കുന്നതിനെ തടയുകയാണ്.
രണ്ടാമതായി, പ്രസ്തുത റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് ഗാർഹിക ഉപഭോഗ ചെലവ് സർവേയുടെ (Household Consumption Expenditure Survey, HCES) 2011-12 ലെയും 2022-23 ലെയും വിവരണങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ്. ഈ രണ്ടു വർഷങ്ങളിലെയും റിപ്പോർട്ടുകൾ തമ്മിലാണെങ്കിൽ, രീതിശാസ്ത്രപരമായ അനേകം വ്യത്യാസങ്ങളുണ്ടുതാനും. അതുകൊണ്ടുതന്നെ, പലയിടത്തും പരസ്പര വൈരുദ്ധ്യങ്ങൾ ഉടലെടുക്കുന്നു. ഉപഭോഗത്തിന്റെ നിർവചനം, സമയപരിധി നിശ്ചയം, സാമ്പിൾ അളവ്, ചരക്കു വർഗ്ഗീകരണം എന്നിവയിലെയെല്ലാം മാറ്റങ്ങൾ തുലന സാധ്യതയെ നിരാകരിക്കുന്നതാണ്. 2022-23 വർഷത്തെ റിപ്പോർട്ട് പ്രഖ്യാപന വേളയിൽ തന്നെ, ഇത് പരക്കെ തുലനം ചെയ്യപ്പെടാവുന്ന ഒന്നല്ലെന്ന് ഉന്നയിക്കപ്പെട്ടതാണ്.

രാജ്യത്തെ ധനിക സമ്പത്തിന്റെ സിംഹഭാഗവും ഇത്തരം സർവേ ഫലങ്ങളിൽ പ്രതിഫലിക്കാതിരിക്കുന്നത്, യഥാർത്ഥമായ സമ്പദ്കേന്ദ്രീകരണത്തിന്റെ (wealth concentration) തോത് മനസ്സിലാക്കുന്നതിനെ തടയുകയാണ്. സാമ്പത്തിക അസമത്വത്തിന്റെ രൂക്ഷത അളന്നെടുക്കൻ ഏറെ പ്രയാസകരമായ രാജ്യമാണ് ഇന്ത്യയെങ്കിലും, നികുതി രേഖകൾ, ദേശീയതലത്തിലെ കണക്കെടുപ്പുകൾ, പ്രസിദ്ധീകരിക്കപ്പെട്ട അതിസമ്പന്നരുടെ വിവരണങ്ങൾ എന്നിവയെല്ലാം തോമസ് ടിക്കറ്റിയുടെ നേതൃത്വത്തിൽ വേൾഡ് ഇനിക്വാളിറ്റി ലാബ്(WIB) ഗവേഷകർ വിശകലന വിധേയമാക്കിയിട്ടുണ്ട്. ഇവയിൽ എല്ലാം തന്നെ വരുമാന അസമത്വത്തിന്റെയും സമ്പദ് അസമത്വത്തിന്റെയും തോത് അതിരൂക്ഷമാണ്, (2000 ൽ 0.47 ആയിരുന്നത് 2023 ൽ 0.61 ആയി വർധിക്കുകയും സാമ്പത്തിക അസമത്വം 0.7എന്നതിൽ നിന്ന് 0.75 ലേക്ക് വളരുകയും ചെയ്തു). ഇതുകൊണ്ടെല്ലാം, ദരിദ്രർക്കും ധനികർക്കുമിടയിൽ വർധിച്ചു കൊണ്ടിരിക്കുന്ന അന്തരം, വികസ്വര സമ്പദ് വ്യവസ്ഥയായ ഇന്ത്യൻ സാമ്പത്തിക മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കാണ് ഇടവരുത്തുക.
ക്രമപ്രവൃദ്ധമായ നികുതിയീടാക്കൽ (progressive taxation), സമ്പത്തിൻ്റെ പുനർവിതരണം, ആരോഗ്യ-വിദ്യാഭ്യാസ- ഗ്രാമ വികസനങ്ങളിലെ പൊതുനിക്ഷേപം എന്നിങ്ങനെയുള്ള ദീർഘകാല ലക്ഷ്യങ്ങളിലൂടെ മാത്രമേ, ഈ അപകടാവസ്ഥയിൽ നിന്നും മോചിപ്പിച്ച്, രാജ്യത്തെ ഒരു സമീകൃത എക്കോണമിയായി പരിവപ്പെടുത്താനും ക്ഷേമ രാഷ്ട്രമായി സംവിധാനിക്കാനും കഴിയൂ.
