ഗ്രൂപ്പ് ഓഫ് ട്വന്റി (ജി- 20), 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേർന്ന സാമ്പത്തിക സഖ്യമാണ്. അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, ബ്രിട്ടൺ, അമേരിക്ക എന്നിവയാണ് ഈ അംഗ രാജ്യങ്ങൾ. ആഗോള ജി ഡി പിയുടെ 85%, ആഗോള വ്യാപാരത്തിന്റെ 75%, ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗം എന്നിവ ജി-20 യിൽ കേന്ദ്രീകരിക്കുന്നു. നിലവിലെ ലോകക്രമത്തിൽ ജി-20 ഒരു പ്രധാന സാമ്പത്തിക കൂട്ടായ്മയാണ്. ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളാണ് ഇതിന്റെ ചാലകശക്തി.
രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക കൂട്ടായ്മക്ക് നീണ്ട കാലത്തെ ചരിത്രമില്ല. കൊളോണിയൽ അധികാരത്തിന്റെ തകർച്ചയോടെയാണ് ഇത്തരം കൂട്ടായ്മകൾ രൂപപ്പെട്ടു തുടങ്ങിയത്. സാമ്പത്തിക താല്പര്യത്തേക്കാൾ, രാഷ്ട്രങ്ങളെ അന്താരാഷ്ട്രരംഗത്ത് അടയാളപ്പെടുത്തുക എന്ന ആവശ്യത്തിന് ഇത്തരം കൂട്ടായ്മകൾ ഒരു കാലത്ത് വലിയ പ്രാധാന്യം നൽകി. നെഹ്റു മുന്നോട്ട് വച്ച ചേരിചേരാ നയത്തിന്റെ ലക്ഷ്യം, അടിസ്ഥാനപരമായി ശീതയുദ്ധകാലത്ത്വികസിത രാജ്യങ്ങളുടെ സ്വതന്ത്ര സാമ്പത്തിക നയം രൂപീകരിക്കുക എന്നതായിരുന്നു. അതോടൊപ്പം, രണ്ടാം ലോകമഹായുദ്ധം അവികസിത രാജ്യങ്ങളിലുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയെ കൂടി അത് പരിഗണിച്ചു. സ്വതന്ത്ര സാമ്പത്തിക നേട്ടത്തിനായി ശ്രമിയ്ക്കുക എന്നതും ചേരിചേരാനയത്തിന്റെ നയമായി.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നീ മേഖലകളിലെ 120 രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ചേരിചേരാ കൂട്ടായ്മ എൺപതുകളിൽ ലോകത്തെ പ്രധാന ശക്തി കൂടിയായരുന്നു. എന്നാൽ 1990-നുശേഷമുള്ള ലോകസാമ്പത്തിക ക്രമം ചേരിചേരാരാഷ്ട്ര കൂട്ടായ്മയുടെ പ്രാധാന്യം കുറച്ചു. സാമ്പത്തിക നയരൂപീകരണത്തിൽ രാഷ്ട്രീയാധികാരത്തിന്റെ പ്രാധാന്യം കുറഞ്ഞതും അതോടൊപ്പം വൻകിട അന്താരാഷ്ട്ര കമ്പനികൾ നയരൂപീകാരണത്തിൽ ഇടപെട്ടു തുടങ്ങിയതും ചേരിചേരാനയത്തിന്റെ പ്രാധാന്യം കുറച്ചു. പകരം സാമ്പത്തിക താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ ആഗോള സഖ്യങ്ങളുണ്ടായി തുടങ്ങി. മേഖലകൾ തിരിച്ചുള്ള കൂട്ടായ്മകൾക്കാണ് ഇപ്പോൾ പ്രാധാന്യം. സാർക് രാജ്യങ്ങളുടെ കൂട്ടായ്മ, ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മ എന്നിവയൊക്കെ 1990-കൾക്കുശേഷമുള്ള സവിശേഷതകളാണ്. സംഘടിത വിലപേശൽശേഷി വർധിപ്പിക്കുക എന്നതും വിഭവങ്ങളുടെ സ്വതന്ത്ര വ്യാപാരവുമാണ് ഇത്തരം കൂട്ടായ്മകൾ സൃഷ്ടിച്ചെടുക്കുന്നത്.
ഇത്തരം സാമ്പത്തിക സഖ്യങ്ങൾ വിപണികളെ ഏകീകരിക്കുമെന്നും രാജ്യങ്ങൾ തമ്മിലുള്ള നിക്ഷേപം വർധിപ്പിക്കുമെന്നാണ് ലോകബാങ്ക് അഭിപ്രായപ്പെടുന്നത്. ഏഷ്യൻ വികസന ബാങ്കിന്റെ 2013-ലെ ഒരു പഠനത്തിൽ സൂചിപ്പിച്ചത്, പ്രാദേശിക സാമ്പത്തിക ഏകീകരണം രാജ്യങ്ങൾ തമ്മിലുള്ള വരുമാന വിടവ് കുറക്കുമെങ്കിലും രാജ്യങ്ങൾക്കുള്ളിൽ അസമത്വം വർധിപ്പിക്കും എന്നാണ്. ഏഷ്യൻ വികസന ബാങ്ക് പോലെയുള്ള ഒരു സ്ഥാപനം ഇത്തരത്തിൽ അഭിപ്രായപ്പെടുമ്പോൾ അതിലൊരു വൈരുധ്യമുണ്ട്. കാരണം, ഇത്തരം സ്വാതന്ത്ര കരാറുകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ലോകബാങ്ക് എക്കാലവും സ്വീകരിക്കുന്നത്.
ഇത്തരം മേഖലാസഹകരണങ്ങളെ മറികടന്നാണ് ലോക വ്യപാര കരാർ (WTO) ആഗോള വ്യാപാരബന്ധത്തെ പുനരർനിർണയിച്ചത്. ചൈന കച്ചവടത്തിൽ മുൻനിരയിലെത്തിയത് ഈ ആഗോളകരാറിന്റെ പിൻബലത്തിൽ കൂടിയാണ്. എന്നാൽ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരക്കമ്മി, ലോകകരാറിനെ മറികടന്നുകൊണ്ടുള്ള വ്യക്തിഗത കരാറുകളിൽ ഏർപ്പെടാൻ രാജ്യങ്ങളെ പ്രേരിപ്പിക്കാറുണ്ട്. ഇന്ത്യ- അമേരിക്ക വ്യാപാരകരാർ ഇതിനുദാഹരണമാണ്. ചൈന- അമേരിക്ക കരാറും ചൈന- ഇറാൻ കരാറും WTO കരാറിനെ മറികടക്കുന്നതാണ്. മാത്രമല്ല, ഓരോ രാജ്യത്തെയും പ്രത്യേക ഉല്പാദന രീതിയെയും, അവസരങ്ങളെയും മുൻനിർത്തിയാണ് ഇത്തരം കൂട്ടായ്മകൾ ഉണ്ടാകുന്നതും.
ജി-20 യുടെ പ്രാധാന്യം ഇവിടെയാണ്. ഏഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങളിലെ സാമ്പത്തിക സഹകരണം പോലെയല്ല ജി-20 രാജ്യങ്ങളുടെ സഹകരണം. ഒന്നാമതായി, ലോകത്തെ ഏറ്റവും വലിയ വിപണി കേന്ദ്രീകരിച്ചിരിക്കുന്നത് ഈ രാജ്യങ്ങളിലാണ്. അതോടൊപ്പം, മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ മൂന്നിൽ രണ്ടും കേന്ദ്രീകരിച്ചിരിക്കുന്നത് ജി-20 രാജ്യങ്ങളിലാണ്. അതായത്, ലോകത്തെ വൻകിട കോർപ്പറേറ്റ് സ്ഥാപങ്ങളുടെ നിക്ഷേപം കേന്ദ്രീകരിച്ചിരിക്കുന്നത് ജി-20 രാജ്യങ്ങളിലാണ്. അതുകൊണ്ടുതന്നെ നിലവിലെ അന്താരാഷ്ട്ര സഹചാര്യത്തിൽ ലോകത്തിന്റെ മൂലധനം സംരക്ഷിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന കൂട്ടായ്മയാണ് ജി-20. അതുകൊണ്ടുതന്നെ ഈ സഖ്യത്തിന് നിലവിലെ സ്വകാര്യവൽക്കരണ കാലത്ത് വലിയ പ്രാധാന്യമുണ്ട്. എന്നാൽ ഈ രാജ്യങ്ങളിൽ തന്നെ സാമ്പത്തിക അസമത്വമുണ്ട്. ഇന്ത്യ തന്നെയാണ് ഇതിനുദാഹരണം.
ജി- 20 എന്നാൽ ഏഷ്യൻ വികസന ബാങ്ക് സൂചിപ്പിച്ചപോലെ ഇത്തരം അസമത്വങ്ങൾ പരിഹരിക്കാനുള്ള വേദിയല്ല. ഒരു രാജ്യത്തെ ആഭ്യന്തര വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയല്ല ഇത്തരം കൂട്ടായ്മകൾ. പകരം നിലവിലെ ആഗോള മുതലാളിത്ത വികസത്തനത്തിൽ അവരുടേതായ പ്രാധാന്യം ഉറപ്പിക്കുക എന്നതാണ് ജി-20 യുടെ പ്രധാന ലക്ഷ്യം.
ഇന്തോനേഷ്യയിൽ നിന്നാണ് അടുത്ത ഒരു വർഷം ഇന്ത്യ ജി- 20 കൂട്ടായ്മയുടെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കുന്നത്. ഇന്ത്യയിൽ നിന്ന് ബ്രസീൽ ഈ പദവി ഏറ്റുവാങ്ങും. മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യ ‘വസുധൈവ കുടുംബകം’ എന്ന ആശയം അടിസ്ഥാനമാക്കിയാണ് അടുത്ത ഒരുവർഷത്തെ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, അതിവേഗ സാമ്പത്തിക വളർച്ച എന്നിങ്ങനെ വിവിധ പദ്ധതികൾ കേന്ദ്രസർക്കാർ അടുത്ത ഒരു വർഷം ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാൽ ഈ പദ്ധതികൾക്ക് വേണ്ട മൂലധന നിക്ഷേപം എവിടെനിന്നാണ് എന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.
വിദേശ മൂലധനവും പരിസ്ഥിതി സംരക്ഷിച്ചുള്ള വികസനവും ഒത്തുപോകുന്ന ഒന്നല്ല. മാത്രമല്ല, ജി-20 യുമായി ബന്ധപ്പെട്ട് 50 സമ്മേളങ്ങൾ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിനുവേണ്ടി നഗരങ്ങളിലെ ചേരിപ്രദേശങ്ങൾ മറച്ചുവയ്ക്കുന്നതും അതോടൊപ്പം അവരുടെ തൊഴിൽ- വരുമാന ഉപാധികൾ ഇല്ലാതാക്കുന്നതുമായ സർക്കാർ സമീപനം ജി-20 യുടെ ലക്ഷ്യത്തോട് ചേർന്ന് നിൽക്കുന്നതാണ് എന്നതും വിസ്മരിക്കപ്പെടണ്ട ഒന്നല്ല.
ഇന്ത്യയിലേക്ക് എത്ര വിദേശ നിക്ഷേപം എത്തി എന്നും ജി- 20 രാജ്യങ്ങളിലേ വിപണിയിൽ എത്രത്തോളം പങ്കാളിത്തം ഇന്ത്യൻ സ്വകാര്യ കമ്പനികൾക്ക് കിട്ടി എന്നതും അടിസ്ഥാനമാക്കിയാണ് അടുത്ത ഒരു വർഷത്തെ നേട്ടം വിലയിരുത്തേണ്ടത്. ഇന്ത്യൻ പാർലമെന്റിൽ പോലും സാമ്പത്തിക നയങ്ങൾ ചർച്ച ചെയ്യപ്പെടാത്ത ഒരു സാഹചര്യത്തിൽ ജി- 20 എന്നത് രാജ്യത്തെ സാധാരണ മനുഷ്യരുടെ ജീവിതത്തെ ഒരു തരത്തിലും ബാധിക്കുന്ന ഒന്നല്ല. എന്നാൽ, ഇന്ത്യൻ സ്വകാര്യ- കോർപ്പറേറ്റ് മേഖല അടുത്ത ഒരു വർഷം നയപരമായ നിരവധി മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അതിൽ പ്രധാനം, അവശേഷിക്കുന്ന നിയന്ത്രണങ്ങൾ ഇല്ലാതാക്കുക എന്നതതാണ്. അദാനിക്കുണ്ടായ നഷ്ടം ജി- 20 യുടെ മാറ്റ് കുറക്കുന്ന ഒന്നാണ്. കാരണം ഇത്തരം വൻകിട കമ്പനികളാണ് ജി- 20 യുടെ സാമ്പത്തിക നയത്തിന്റെ ഗുണഭോക്താക്കൾ. അതുകൊണ്ട് അവരുടെ തകർച്ച അടുത്ത ഒരു വർഷത്തെ ജി- 20 യുടെ പ്രധാന ചർച്ചവിഷയമായിരിക്കും.