രാജ്യത്തെ കർഷകർ അതീവ പ്രതിസന്ധയിലാണ്. കർഷക വിരുദ്ധമായ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ അവർ തെരുവിലാണ്. കേരളത്തിലെ കർഷകരുടെ അവസ്ഥയും അതുതന്നെ. കേന്ദ്രസർക്കാർ നൽകുന്ന മിനിമം താങ്ങുവിലയോടൊപ്പം എല്ലാ സംസ്ഥാന സർക്കാറുകളും നൽകിപോരുന്ന ഇൻസെന്റീവ് വെട്ടിക്കുറച്ച് കേരളത്തിലെ കർഷകരെ പ്രതിസന്ധിയിലാക്കുകയാണ് സംസ്ഥാന സർക്കാർ. ഈ നടപടിക്കെതിരെ ദീർഘകാലമായി കുട്ടനാട്ടിലെ കർഷകർ സമരത്തിലാണ്.
സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന ലോകത്തിലെ തന്നെ രണ്ടേ രണ്ട് സ്ഥലങ്ങളിലൊന്നാണ് കുട്ടനാട്. ഒരു കാലത്ത് കേരളത്തിന്റെ നെല്ലറയായിരുന്ന കാർഷിക ഭൂമി. എന്നാൽ സംസ്ഥാന സർക്കാർ തുടർന്നുപോരുന്ന കർഷക വിരുദ്ധ നയങ്ങളിലൂടെ ഇവിടുത്തെ കർഷകരും ഈ മണ്ണും പ്രതിസന്ധിയിലാണ്. കാലാവസ്ഥാ വ്യഥിയാനങ്ങളും തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ എന്നിവ കൃത്യമായി പരിപാലിക്കാത്തതിന്റെ പ്രതിസന്ധകളും ഈ കാർഷിക ഭൂമിയെ തകർച്ചയിലേക്കാണ് നയിക്കുന്നത്.