കേന്ദ്രത്തിൽനിന്ന് ആനുകൂല്യങ്ങൾ വാങ്ങിയെടുക്കുന്ന കാര്യത്തിൽ മറ്റു സംസ്ഥാനങ്ങൾ കാണിക്കുന്ന ഒത്തൊരുമ കേരളത്തിൽ കാണുന്നില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ കുറ്റപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളിൽ ഭരണപക്ഷവും പ്രതിപക്ഷവും മാധ്യമങ്ങളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുമെങ്കിൽ കേരളത്തിന്റെ കഥ നേർവിപരീതമാണ് എന്ന് കെ.എൻ. ബാലഗോപാൽ കുറ്റപ്പെടുത്തി.
''കേന്ദ്ര അവഗണനയുടെ വാർത്ത പുറത്തുവരുമ്പോൾ ആഘോഷിക്കുന്നവർ നമ്മുടെ കൂട്ടത്തിലുണ്ട്. പ്രകൃതിദുരന്തകാലത്തുപോലും അതുണ്ടായി. പക്ഷെ, സമീപകാലത്ത് ചെറിയ മാറ്റമുണ്ടായിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ കണക്കുകൾ നിരത്തി കിട്ടാവുന്ന എല്ലാ വേദികളിലും അവഗണനയുടെ സത്യം ഞങ്ങൾ ആവർത്തിച്ച് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണ്. വലിയ അവഗണനയുണ്ട് എന്ന കാര്യം ഇപ്പോൾ വിദഗ്ധന്മാരും മാധ്യമങ്ങളും പൊതുവേ സമ്മതിക്കുന്നുണ്ട്''- ധനമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളുടെ നികുതിവരുമാനവും വായ്പാപരിധിയും കേന്ദ്രം വെട്ടിക്കുറക്കുകയും ഒപ്പം കൂടുതൽ ചെലവുത്തരവാദിത്തങ്ങൾ കെട്ടിയേൽപ്പിക്കുകയും ചെയ്യുന്നുവെന്ന് ബജറ്റ് പ്രസംഗത്തിൽ പറയുന്നു.
കേന്ദ്രത്തിന്റെ നികുതിവരുമാനത്തിൽനിന്ന് സംസ്ഥാനങ്ങൾക്ക് വീതം വെക്കേണ്ട തുകയുടെ അനുപാതം വെട്ടിക്കുറയ്ക്കുന്നു. വീതം വെക്കേണ്ടാത്ത സെസ്സും സർച്ചാർജും മറ്റും ഉയർത്തുന്നു. വീതം വെക്കേണ്ട കോർപറേറ്റ് നികുതിയിലും മറ്റും വലിയ ഇളവ് നൽകുന്നു. സംസ്ഥാനത്തിന്റെ തനത് നികുതിവരുമാനത്തിൽ മുഖ്യ സ്രോതസ്സായ ജി.എസ്.ടിയുടെ നിരക്കുകൾ പോലും കേന്ദ്രം ഏകപക്ഷീയമായി വെട്ടിക്കുറക്കുകയും സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട കോമ്പൻസേഷൻ നിഷേധിക്കുകയും ചെയ്യുന്നതായി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

പത്താം ധനകമീഷന്റെ കാലത്ത് 3.88 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം 15-ാം കമീഷനിലെത്തിയപ്പോൾ 1.92 ശതമാനമായി കുറഞ്ഞു. കേന്ദ്ര ധനകാര്യകമീഷൻ ശിപാർശയിൽ പ്രാദേശിക സർക്കാറുകൾക്ക് നൽകുന്ന ഗ്രാന്റിലും കേരളത്തിന്റെ ഓഹരി ഗണ്യമായി കുറഞ്ഞു. 12-ാം കമീഷന്റെ കാലത്ത് 4.52 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം 15-ാം കമീഷനായപ്പോൾ 2.68 ശതമാനമായി ഇടിഞ്ഞു.
നികുതിവിഹിതം കുറച്ചതിന്റെ ക്ഷീണം പരിഹരിക്കാനാണ് റവന്യു കമ്മി അനുവദിച്ചത്. ജി.എസ്.ടി വരുമാനത്തിൽ ഇടിവുണ്ടായത് പരിഹരിക്കാനാണ് ജി.എസ്.ടി കോമ്പൻസേഷൻ ഗ്രാന്റ് അനുവദിച്ചത്. ഈ രണ്ട് ഗ്രാന്റുകളും ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നിർത്തിയെന്ന് മന്ത്രി പറഞ്ഞു.
ഇതുകൂടാതെയാണ് സർക്കാറിന്റെ വായ്പാ പരിധിയിൽ വലിയ വെട്ടിക്കുറവുണ്ടായത്. കോവിഡിന്റെ കാലത്ത് അനുവദിച്ച അധിക വായ്പാപരിധി ഇല്ലാതായി. കിഫ്ബിയെ പൂർണമായും റദ്ദു ചെയ്യുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. കിഫ്ബി മുമ്പ് എടുത്ത വായ്പയും സർക്കാറിന്റെ വായ്പാപരിധിയിൽനിന്ന് കുറച്ചു. ക്ഷേമപെൻഷനുകൾ കുടിശ്ശികയാകാതിരിക്കാൻ കൊണ്ടുവന്ന പെൻഷൻ കമ്പനിയുടെ വായ്പകളും തിരിച്ചടവ് പരിഗണിക്കാതെ സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽനിന്ന് കുറവ് ചെയ്തതായി മന്ത്രി ചൂണ്ടിക്കാട്ടി. ട്രഷറി അക്കൗണ്ടിലെ നിക്ഷേപങ്ങൾ പോലും സർക്കാറിന്റെ വായ്പയായി പരിഗണിച്ച് വായ്പാ പരിധിയിൽനിന്ന് വെട്ടിക്കുറയ്ക്കുന്ന അനുഭവമുണ്ടായി.
ആസൂത്രണ കമീഷൻ ഇല്ലാതായപ്പോൾ സംസ്ഥാനത്തിന് ലഭിച്ചിരുന്ന പ്ലാൻ ഗ്രാന്റ് ഇല്ലാതായി. കേന്ദ്രവിഷ്‌കൃത പദ്ധതികളിലെ കേന്ദ്രവിഹിതം വെട്ടിക്കുറച്ചു. കേന്ദ്ര വിഹിതത്തിൽനിന്ന് കേരളത്തിന് കിട്ടാനുള്ള കുടിശ്ശികകൾ തൊടുന്യായം പറഞ്ഞ് നിഷേധിക്കുന്നു. ചുരുക്കത്തിൽ ഇന്ത്യയിൽ വോട്ടു ചോരി മാത്രമല്ല, നോട്ടു ചോരിയും നടക്കുകയാണ് എന്ന് കെ.എൻ. ബാലഗോപാൽ കുറ്റപ്പെടുത്തി.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനമാസങ്ങളിൽ കേന്ദ്രം കേരളത്തിന് നൽകിയ തിരിച്ചടി എല്ലാവരും കണ്ടതാണ്. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ കേന്ദ്രം തന്നെ അംഗീകരിച്ചുതന്ന കടപരിധിയിൽനിന്ന് 5944 കോടി രൂപ വെട്ടിക്കുറച്ചു. സാമ്പത്തിക വർഷം അവസാനിക്കുന്ന മാസങ്ങളിൽ സംസ്ഥാനത്തിന്റെ ചെലവുകൾ ഏറ്റവും ഉയർന്നുനിൽക്കുമെന്ന് കേന്ദ്രത്തിന് നന്നായി അറിയാം. അതുകൊണ്ടാണ് അവസാന മാസങ്ങളിൽ ഇങ്ങനെയൊരു പ്രഹരം സംസ്ഥാനത്തിന് നൽകിയതെന്ന് ബാലഗോപാൽ പറഞ്ഞു.
ഈ വർഷം മാത്രം സംസ്ഥാനത്തിന് അർഹതപ്പെട്ട വരുമാനത്തിൽനിന്ന് അപ്രതീക്ഷിതമായി കേന്ദ്രം വെട്ടിക്കുറച്ചത് 17,000 കോടി രൂപയാണ്. ഇതിനുപുറമേയാണ് 2025-26 സാമ്പത്തിക വർഷത്തിൽ കേന്ദ്രം കൊണ്ടുവന്ന ജി.എസ്.ടി നിരക്ക് പരിഷ്‌കരണം. 8000 കോടി രൂപ വരെ വാർഷിക നഷ്ടം ഇതുമൂലമുണ്ടാകും. എന്നാൽ സാധാരണക്കാർക്ക് ഈ നികുതി കുറവിന്റെ ഗുണം ലഭിക്കുന്നുമില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
