വമ്പൻ ആനുകൂല്യങ്ങളും വാഗ്ദാനങ്ങളും കോരിച്ചൊരിഞ്ഞുകൊണ്ട് രണ്ടാം പിണറായി വിജയൻ സർക്കാരിൻെറ അവസാന ബജറ്റ്. സർക്കാരിൻെറ കാലാവധി കഴിയാൻ മാസങ്ങൾ മാത്രം ബാക്കിയിരിക്കെ ജനകീയപദ്ധതികൾക്കും അടിസ്ഥാന വികസനത്തിനും കൂടുതൽ ഊന്നൽ നൽകിയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചിരിക്കുന്ന ബജറ്റ്. അടിസ്ഥാന ജനവിഭാഗങ്ങളെയും തൊഴിലാളികളെയും ഉന്നംവെച്ചുകൊണ്ടാണ് ബജറ്റിൽ ആദ്യത്തെ പ്രഖ്യാപനങ്ങളുണ്ടായത്. ആശാവർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ കൂട്ടുന്നതായി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആശാവർക്കർമാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷം വലിയ സമരത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. സമരത്തെ എല്ലാ അർത്ഥത്തിലും അവഗണിച്ച സർക്കാർ പക്ഷേ, ഒടുവിൽ ബജറ്റിൽ ഇപ്പോൾ ഓണറേറിയം വർധിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. സാക്ഷരതാ പ്രേരകുമാരുടെയും പ്രീപ്രൈമറി അധ്യാപകരുടെയും അങ്കണവാടി വർക്കർമാരുടെയും വേതനം 1000 രൂപ വീതം വർധിപ്പിച്ചിട്ടുണ്ട്. അങ്കണവാടി ഹെൽപ്പർമാർക്ക് 500 രൂപയും കൂട്ടി. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം കൂട്ടും, ഇത് ഏപ്രിൽ മുതലാണ് പ്രാബല്യത്തിൽ വരിക.
കേരളത്തിലെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി സംസ്ഥാന മന്ത്രിസഭ നേരത്തെ അംഗീകരിച്ച റാപിഡ് റെയിൽ പദ്ധതിക്ക് (RRTS) ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേന്ദ്രവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കാൻ പോവുന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ബന്ധിപ്പിക്കുന്നതാവും റാപിഡ് റെയിൽ പദ്ധതി. നാല് ഘട്ടങ്ങളിലായി പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയുടെ പ്രാരംഭ ചെലവിലേക്കാണ് ഇപ്പോൾ തുക വകയിരുത്തിയിരിക്കുന്നത്.

റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യചികിത്സ നൽകുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. ഇതിനായി സർക്കാർ ആശുപത്രികളെയും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യആശുപത്രികളെയും സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. ഒന്ന് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസിന് 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഹരിതകർമ സേനയ്ക്ക് ഗ്രൂപ്പ് ഇൻഷുറൻസ് നടപ്പിലാക്കും. ഓട്ടോ ടാക്സി തൊഴിലാളികൾക്ക് പുതിയ ഇൻഷുറൻസ് പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ ജനപ്രതിനിധികൾക്കും ഗിഗ് തൊഴിലാളികൾക്കും ക്ഷേമനിധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ ഓട്ടോറിക്ഷകൾക്കു പകരം ഇ- ഓട്ടോറിക്ഷ വാങ്ങാൻ 40,000 രൂപ സർക്കാർ സബ്സിഡി നൽകും.
ഫെബ്രുവരി ഒന്നു മുതൽ കൂടുതൽ ആനുകൂല്യങ്ങളോടെ മെഡി സെപ് 2.0 പദ്ധതി നടപ്പിലാക്കും. കാരുണ്യപദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ്. വയോജനങ്ങൾക്ക് റിട്ടയർമെന്റ് ഹോമുകൾ തുടങ്ങിയ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കാൻസർ- കുഷ്ഠരോഗബാധിതരുടെ പെൻഷൻ 1000 രൂപയായി വർധിപ്പിക്കുകയും ചെയ്തു. കാർഷിക മേഖല തകർച്ചയെ മറികടന്നുവെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടയിൽ പറഞ്ഞു. നെൽകൃഷി വികസനത്തിന് 150 കോടിയും കേരപദ്ധതിക്ക് 100 കോടിയും വിള ഇൻഷുറൻസ് പദ്ധതിക്ക് 33 കോടിയും കേരള കാർഷിക സർവകലാശാലയ്ക്ക് 78 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
നിലവിൽ പ്ലസ്-ടു വരെയുള്ള സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ തലത്തിലേക്കും വ്യാപിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി ബിരുദതലം വരെ സൗജന്യവിദ്യാഭ്യാസത്തിൻെറ പ്രയോജനം ലഭിക്കും. പൊതുവിദ്യാഭ്യാസത്തിന് 1128 കോടിയും ഉച്ചഭക്ഷണ പദ്ധതിയ്ക്ക് അധികമായി 266.66 കോടിയും വകയിരുത്തിയിട്ടുണ്ട്. ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവൻസ് 1000 രൂപ കൂട്ടുകയും ചെയ്തു. ഒ.ബി.സി വിദ്യാഭ്യാസ സ്കോളർഷിപ്പിന് 130.78 കോടി, ന്യൂനപക്ഷ വിദ്യാർത്ഥികളുടെ വിദേശ പഠന സ്കോളർഷിപ്പിന് നാല് കോടി, ഗവേഷണത്തിന് ചീഫ് മിനിസ്റ്റേഴ്സ് സ്കോളർഷിപ്പിന് 11 കോടി രൂപയും വകയിരുത്തി.
വിഴിഞ്ഞം തുറമുഖ വികസനത്തിന് 1000 കോടി രൂപ വകയിരുത്തിയപ്പോൾ കട്ടപ്പന മുതൽ തേനി വരെ തുരങ്ക പാത. സാധ്യതാപഠനത്തിന് 10 കോടിയും വകയിരുത്തി. തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി. റോഡ് 24 മീറ്റർ വീതിയിൽ നാലു വരിയായി പുനർനിർമിക്കും. എം.സി റോഡ് വികസനത്തിന് 5917 കോടി രൂപയും വകയിരുത്തി.

തോപ്പിൽ ഭാസി, പി.ജെ. ആന്റണി, കെ.ടി. മുഹമ്മദ് എന്നിവരെ ആദരിക്കാൻ സ്ഥിരം നാടക തിയേറ്ററുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ സംവിധായകർക്ക് ഫീച്ചർ സിനിമ ഒരുക്കാൻ ഏഴു കോടി രൂപ വകയിരുത്തി. യുവജനക്ലബുകൾക്ക് 10,000 രൂപ സഹായം നൽകും. കലാ സാംസ്കാരിക ബജറ്റ് വിഹിതം ഇത്തവണ 30 ശതമാനം ഉയർത്തിയിട്ടുണ്ട്. പരിവർത്തിത ക്രൈസ്തവരുടെ സുസ്ഥിര വികസനത്തിന് പുതിയ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 10 കോടി രൂപ വകയിരുത്തി. സർക്കാർ ജീവനക്കാർക്ക് ഇനി മുതൽ അഷ്വേഡ് പെൻഷൻ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക ഉറപ്പാക്കും. ശമ്പള പരിഷ്‌കരണത്തിന് കമീഷനെ നിയമിക്കുന്നതായും റിപ്പോർട്ട് മൂന്നു മാസത്തിനകം പുറത്ത് വരുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
