കേന്ദ്രത്തിൽ നിന്നുള്ള ധനവിഹിതം കുറയുന്നു എന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ കുറച്ച് കാലമായി ഗൗരവത്തോടെ ഉന്നയിക്കുന്ന വിഷയമാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് മാത്രം സഹായങ്ങൾ വാരിക്കോരി നൽകിയും മറ്റ് സംസ്ഥാനങ്ങൾക്ക് ധനവിഹിതം നൽകാതെയും പിടിച്ചുവെച്ചുമുള്ള കേന്ദ്ര സർക്കാരിൻെറ നടപടിയെ കേരളവും മറ്റ് ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും നിരന്തരം ചോദ്യം ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങൾ നൽകുന്ന നികുതി വിഹിതമാണ് കേന്ദ്രത്തിന്റെ ഏറ്റവും വലിയ വരുമാന മാർഗം എന്നിരിക്കെ ആ വിഹിതം സംസ്ഥാനങ്ങൾക്ക് കൃത്യമായി നൽകാതെ വെട്ടിക്കുറക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.
16ാം ധനകാര്യ കമ്മീഷന് മുന്നിൽ തങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും കൃത്യമായി ഉന്നയിക്കാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുകയാണ്. കൂട്ടായ വിലപേശലിലൂടെ കൂടുതൽ നികുതിവിഹിതം ആവശ്യപ്പെടാൻ അഞ്ച് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും സാമ്പത്തിക ആസൂത്രണ വിദഗ്ദരും പങ്കെടുക്കുന്ന ധനകാര്യ കോൺക്ലേവിനാണ് കേരളം നേതൃത്വം നൽകിയിരിക്കുന്നത്. 16ാം ധനകാര്യ കമ്മീഷനിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഒന്നിച്ച് മുന്നോട്ട് പോകാനുമാണ് കേരളം, തമിഴ്നാട്, കർണാടക, പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾ നേരിടുന്ന വികസന ധനകാര്യ പ്രശ്നങ്ങൾ ഡോ. എ. അരവിന്ദ് പനഗാര്യ അധ്യക്ഷനായ ധനകാര്യ കമ്മീഷന് മുമ്പാകെ അവതരിപ്പിക്കുന്നതിന് ആവശ്യമായ ആശയരൂപീകരണമാണ് ഈ കോൺക്ലേവിൽ പ്രധാനമായും ചർച്ചയായത്. സംസ്ഥാനങ്ങളുടെ നികുതി വിഹിതം വർധിപ്പിക്കണമെന്നും നികുതി വിഹിതം 50 ശതമാനമായി ഉയർത്തണമെന്നുമാണ് കോൺക്ലേവിൽ പങ്കെടുത്ത അഞ്ച് സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാർ ആവശ്യപ്പെട്ടത്.
ഓരോ അഞ്ച് വർഷവും പിരിച്ചെടുക്കുന്ന നികുതി വിഹിതത്തിൽ നിന്ന് ഓരോ സംസ്ഥാനങ്ങൾക്കും എത്ര ശതമാനം കൊടുക്കണമെന്ന് തീരുമാനിക്കുന്നത് അതാത് ധനകാര്യ കമ്മീഷനുകളാണ്. ഓരോ ധനകാര്യ കമ്മീഷന്റെയും പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനങ്ങളിൽ കമ്മീഷൻ സന്ദർശിക്കും. കർണാടകയിലും തെലങ്കാനയിലും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ധനകാര്യ കമ്മീഷൻ ഇതിനോടകം സന്ദർശനം പൂർത്തിയാക്കിയിട്ടുണ്ട്. ആ സന്ദർശനങ്ങളുടെ അടിസ്ഥാനത്തിലും സംസ്ഥാനങ്ങൾ നൽകുന്ന മെമ്മോറാണ്ടവും ഇന്ത്യയിലെ ആകെയുള്ള ധനകാര്യസ്ഥിതിയും പരിശോധിച്ച് ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്ക് നൽകേണ്ട ധനവിഹിതം നിശ്ചയിക്കേണ്ടത് ധനകാര്യ കമ്മീഷനാണ്. പുതിയ ധനകാര്യ കമ്മീഷന്റെ സംസ്ഥാനങ്ങളിലേക്കുള്ള സന്ദർശനം നടന്നു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കോൺക്ലേവ് നടന്നത്.
സംസ്ഥാനങ്ങളുടെ നികുതി വിഹിതം വർധിപ്പിക്കണമെന്നും നികുതി വിഹിതം 50 ശതമാനമായി ഉയർത്തണമെന്നുമാണ് കോൺക്ലേവിൽ പങ്കെടുത്ത അഞ്ച് സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാർ ആവശ്യപ്പെട്ടത്.
10ാം ധനകാര്യ കമ്മീഷന്റെ സമയത്ത് കേരളത്തിന് 3.8 ശതമാനത്തിന് അടുത്തായിരുന്നു നികുതി വിഹിതം ലഭിച്ചിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ 15ാം ധനകാര്യ കമ്മീഷന്റെ സമയത്ത് അത് നേരെ പകുതിയായി കുറഞ്ഞ് 1.92% ആയതായി സംസ്ഥാന ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതുപ്രകാരം കഴിഞ്ഞ വർഷം സംസ്ഥാനത്തിന് ലഭിച്ചത് 24000 കോടി രൂപയാണ്. 10ാം ധനകാര്യ കമ്മീഷന്റെ കണക്കുകൾ പരിഗണിച്ച്, 48000 കോടി രൂപ ലഭിക്കേണ്ടിടത്താണ് കേരളത്തിന്റെ നികുതി വിഹിതം 24000 കോടി രൂപയായി കുറഞ്ഞതെന്നും ധനകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കമ്മീഷന്റെ പ്രവർത്തനങ്ങൾ ആരംഭിച്ച ഘട്ടത്തിൽ ബി.ജെ.പി വിരുദ്ധ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും സാമ്പത്തിക വിദഗ്ദരും ഒന്നിച്ചിരുന്ന് കൂട്ടായ നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നത് ഇങ്ങനെ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട നികുതി വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നടപടി ചോദ്യം ചെയ്യാൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട ധനവിഹിതത്തിന്റെ ന്യായവും സന്തുലിതവുമായ വിതരണത്തിന് കേന്ദ്ര സർക്കാർ തയാറാകണമെന്നും സംസ്ഥാനങ്ങളുടെ നികുതി വിഹിതം കേന്ദ്രം വർധിപ്പിക്കണമെന്നുമാണ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
“സെസും സർചാർജും നിരന്തരം കൂട്ടുന്ന പ്രവണതയാണ് കേന്ദ്രത്തിൻേറത്. അതേസമയം നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട വിഹിതം ചുരുങ്ങി വരികയാണ്. കേന്ദ്രം പിരിച്ചെടുക്കുന്ന നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് കൂടുതൽ വിഹിതം നൽകണമെന്നാണ് നീതി ആയോഗ് ശുപാർശ ചെയ്യുന്നത്. ഈ സമയത്താണ് കേന്ദ്രത്തിന് മാത്രം വരുമാനം ലഭിക്കുന്ന സർചാർജുകളിലും സെസുകളിലും വർധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്ത 41 ശതമാനത്തിൽ നിന്ന് സംസ്ഥാനങ്ങളുടെ വിഹിതം ഇനിയും വർധിപ്പിക്കേണ്ടതുണ്ട്. കേരളവും മറ്റ് പല സംസ്ഥാനങ്ങളും നേരത്തെയും ഈ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ വിഹിതം നൽകണമെന്ന ആവശ്യം ആർക്കും നിരാകരിക്കാനാവുന്നതല്ല. നികുതി വിഹിതത്തിൽ നീതിപൂർവ്വമായ വീതം വെപ്പിന് സഹായകമാകുന്ന തരത്തിലുള്ള മാർഗരേഖ തയ്യാറാക്കാനാണ് ഈ കോൺക്ലേവിലൂടെ ശ്രമിക്കുന്നത്. സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്ന നികുതി വിഹിതത്തിലെ അസന്തുലിതാവസ്ഥയും കടുത്ത വിവേചനവും പരിഹരിക്കാൻ 16-ാം ധനകാര്യ കമ്മീഷന് മുമ്പാകെ ഒരുമിച്ച് നിന്ന് കൂട്ടായ ആവശ്യം മുന്നോട്ട് വെക്കാൻ കോൺക്ലേവ് സംസ്ഥാനങ്ങളെ സഹായിക്കും.” - പിണറായി വിജയൻ പറഞ്ഞു.