നവ ലിബറലിസം:
സർവാരാധനയുടെ പുറകിലെ
രാഷ്ട്രീയം- 17
അട്ടിയട്ടിയായി കൂടുകളില്‍ നിറയെ ബ്രോയ്‌ലര്‍ കോഴികളെയും കൊണ്ട് വണ്ടി വരുന്നതും, അവ ചിക്കന്‍ സ്റ്റാളുകളില്‍ ഇറക്കുന്നതും നാം കാണാന്‍ തുടങ്ങുന്നത് 1990- കള്‍ മുതലാണ്. വാഹനത്തില്‍ കോഴികള്‍ക്കിടയില്‍ തന്നെ അവയെ ഇറക്കി കൊടുക്കാനുളള പണിക്കാരും കാണും. ഇന്ന് ചിക്കന്‍ ഏറെ പേരുടെയും ഇഷ്ടഭക്ഷണമാണെങ്കിലും ദുര്‍ഗ്ഗന്ധമുള്ള വണ്ടിയും കോഴികള്‍ക്കൊപ്പം ഇരിക്കുന്ന പണിക്കാരും നമ്മുടെ കാഴ്ചക്ക് ഒട്ടും സുഖം തരുന്നില്ല.
ലോകത്തെവിടെയും ഏറ്റവും മലിനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ് കോഴിഫാം തൊഴിലാളികള്‍. എന്നാല്‍ മറുവശത്ത് ഏറ്റവും പ്രിയപ്പെട്ട പലതരം വിഭവങ്ങളായി, ചില ബ്രാന്റുകളായി പോലും ലോകത്തിന്റെ രുചിയെ കീഴടക്കിയിരിക്കുന്നു, എല്ലു പോലും മൃദുവായ ബ്രോയ്‌ലര്‍ ഇറച്ചി. അതിനേക്കാളുപരി ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വരെ ഏവര്‍ക്കും, അത്രയും കുറഞ്ഞ ചെലവില്‍ പ്രോട്ടീന്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്, വ്യാവസായിക കോഴിവളര്‍ത്തല്‍.
വ്യാവസായിക കോഴിവളര്‍ത്തല്‍ വ്യാപകമായതോടെ കുറഞ്ഞ ചെലവില്‍ സ്വാദിഷ്ഠമായ ഇറച്ചി സുലഭമായി കിട്ടുമെന്നായപ്പോള്‍ ലോകത്തിന്റെ മാംസോപയോഗം എന്നെത്തെക്കാളും കുതിച്ചുയര്‍ന്നിട്ടുണ്ട്. 1960 കള്‍ക്കുശേഷം കോഴിയിറച്ചിയുടെ വില്പന ആറുമടങ്ങ് കൂടി.
ആഴ്ചയില്‍ ഒരിക്കലെങ്കിലും ചിക്കന്‍ വാങ്ങിക്കുക എന്നത് കുടുംബങ്ങളില്‍ സ്‌നേഹത്തിന്റെയും അല്ലലില്ലായ്മയുടെയും ഭക്ഷ്യശീലങ്ങളില്‍ പതിവായിരിക്കുന്നു. ഭക്ഷണത്തെ ഇപ്രകാരം വ്യാവസായികാടിസ്ഥാനത്തില്‍ ചെലവു കുറഞ്ഞതും രുചികരവും വൈവിധ്യസമ്പന്നവുമായ വിഭവമാക്കി ഏവര്‍ക്കും പ്രാപ്യമാക്കുന്നതില്‍ നവ ലിബറല്‍ സമ്പദ്ഘടന അത്രയേറെ ജയം നേടിയിരിക്കുന്നു. ഒരുപക്ഷേ, നവ ലിബറല്‍ വ്യവസ്ഥയുടെ അപ്രതിരോധ്യമായ അതിജീവന ക്ഷമതയുടെ രഹസ്യങ്ങളിലൊന്ന്, അത് ചെലവ് കുറഞ്ഞതും ആകര്‍ഷകവുമായ ഒരു നിര്‍മ്മിത ഭക്ഷ്യപരിസ്ഥിതിയില്‍ ജനസമൂഹത്തെയാകെ വിലയിപ്പിക്കുന്നു എന്നതാണ്. കാരണം കുറഞ്ഞ വിലയില്‍ സ്വാദുള്ള ആഹാരം കിട്ടുന്നിടത്തോളം മനുഷ്യന്റെ അമര്‍ഷങ്ങള്‍ ഏറിയ പങ്കും അതില്‍ അലിഞ്ഞുകൊള്ളും.
ലിബറല്‍ സമ്പദ്വ്യവസ്ഥയുടെ ഉത്ഭവവും വളര്‍ച്ചയും വ്യാപനവും അതിജീവനവും പ്രധാനമായും ഭക്ഷ്യലോകത്ത് വരുത്തിയ പ്രായോഗിക വിപ്ലവങ്ങളുമായി ബന്ധപ്പെട്ടതാണെന്നുകൂടി കാണാം. യൂറോപ്പില്‍ സമ്പന്നരുടെ മാത്രം അത്യപൂര്‍വ്വ ആഢംബര വിഭവമായിരുന്ന പഞ്ചസാര ഉല്പാദിപ്പിക്കുന്നതിന് 15-ാം നൂറ്റാണ്ടു മുതല്‍ അമേരിക്കകളിലും സമീപ കരീബിയന്‍ ദ്വീപുകളിലും കോളനികളില്‍ കരിമ്പിന്‍ തോട്ടങ്ങള്‍ സ്ഥാപിച്ചതിലൂടെയാണ് ലിബറല്‍ സാമ്പത്തിക ലോകം ജനിക്കുന്നത്. 19-ാം നൂറ്റാണ്ടോടെ, കോളനി വ്യവസ്ഥ ഉയരങ്ങള്‍ താണ്ടുന്നതിനൊപ്പം കരിമ്പുകൃഷിയും പഞ്ചസാര ഉല്പാദനവും വ്യാവസായികമായി മുന്നേറി, പഞ്ചസാരയെ സമൂഹത്തിന്റെ താഴെത്തട്ടിലേക്കു വ്യാപിപ്പിക്കുകയും, അത് അന്നത്തെ യൂറോപ്യന്‍ ഫാക്ടറിത്തൊഴിലാളിവര്‍ഗ്ഗത്തിന്റെ പ്രിയ ഊര്‍ജ്ജസ്രോതസ്സായി ജനകീയമാവുകയും ചെയ്തു. യൂറോപ്യന്‍ തുറമുഖനഗരങ്ങളുടെ വളര്‍ച്ച നേരിട്ടു തന്നെ പഞ്ചസാര വ്യവസായവുമായി ബന്ധപ്പെരിക്കുന്നു. അമേരിക്കകളിലെ കന്യാവനങ്ങളും ആഫ്രിക്കന്‍ അടിമകളുടെ ചോരയും യൂറോപ്യന്‍ പലിശക്കച്ചവടക്കാരുടെ കാശും കരിമ്പില്‍ സമാഹരിക്കപ്പെട്ടപ്പോള്‍ പഞ്ചാസാര എന്ന വെളുത്ത വശ്യമധുരം ജനകീയവും ജനപ്രിയവുമാകുകയും അത് യൂറോപ്പിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി വ്യവസായ വിപ്ലവത്തിന്റെ മൂലധന അടിത്തറയാവുകയും ചെയ്തു.
തിരഞ്ഞെടുത്ത ധാന്യങ്ങളുടെ ഏകവിളകൃഷിയിലൂടെ 1960- കള്‍ മുതല്‍ ലോകമാസകലം, പ്രത്യേകിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍, ഗോതമ്പിലും ചോളത്തിലും അന്നജത്തിന്റെ അമിതോല്പാദനം സാധ്യമായി.
യൂറോപ്പില്‍ മാത്രമല്ല, കഴിഞ്ഞ നൂറ്റാണ്ടില്‍ ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളിലെ പരമ്പരാഗത നാട്ടുമധുരങ്ങളായ ശര്‍ക്കര, ചക്കര എന്നിവയെ തള്ളിമാറ്റിയ പഞ്ചസാര ഇവിടെയും റേഷന്‍ വിതരണ ഷോപ്പുകളിലൂടെ സബ്‌സിഡി നിരക്കിലെത്തി അടിത്തട്ടു ജനതയുടെയും ഊര്‍ജ്ജദായകമായ ആവശ്യഭക്ഷ്യ വസ്തുവായി മാറി (1955- ല്‍ കേന്ദ്രസര്‍ക്കാര്‍ പഞ്ചസാരയെ അവശ്യ ഭക്ഷ്യവസ്തുക്കളില്‍ ഉള്‍പ്പെടുത്തി). അങ്ങനെ ഏറ്റവും കുറഞ്ഞ ചെലവില്‍ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതും ഏതു ജീവിത കയ്പിനിടയിലും ആശ്വാസമായി അത് ചായയോടും പാലിനോടും, മറ്റനേകം ഇനങ്ങളോടും കൂട്ടുചേരുകയും നമ്മുടെ നിത്യാഹ്ലാദമാകുകയും ചെയ്തിരിക്കുന്നു.
ലിബറല്‍ സമ്പദ്ഘടന ഭക്ഷ്യരംഗത്ത് വരുത്തിയ മറ്റൊരു ചുവടുവെയ്പ് ധാന്യത്തിന്റെ അമിതോല്പാദനവും സംസ്‌ക്കരണവും വഴി കുറഞ്ഞ വിലയില്‍ ധാന്യപ്പൊടിയുടെ -ശുദ്ധ അന്നജത്തിന്റെ- (Refined Carbohydrate) ലഭ്യത സൃഷ്ടിക്കലാണ്. അതായത് തിരഞ്ഞെടുത്ത ധാന്യങ്ങളുടെ ഏകവിളകൃഷിയിലൂടെ 1960- കള്‍ മുതല്‍ ലോകമാസകലം, പ്രത്യേകിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍, ഗോതമ്പിലും ചോളത്തിലും അന്നജത്തിന്റെ അമിതോല്പാദനം സാധ്യമായി. മാത്രമല്ല, വ്യാവസായിക ധാന്യസംസ്‌ക്കരണത്താല്‍ ഗോതമ്പിലെ ഇതരഘടകങ്ങള്‍ പരമാവധി ഒഴിവാക്കി ശുദ്ധ അന്നജരൂപത്തില്‍ മൈദ (അമേരിക്കന്‍ മാവ്) ഏറ്റവും കുറഞ്ഞ നിരക്കില്‍ ജനസാമാന്യത്തില്‍ എത്തിക്കാനുമായി. ഇപ്രകാരം പഞ്ചസാരയുടെ പിന്നാലെ ചെലവു കുറഞ്ഞ അതിശീഘ്ര ഊര്‍ജ്ജദായനിയായി ധാന്യപ്പൊടി വന്നു.
ബ്രോയ്‌ലര്‍ കോഴിവ്യവസായം ലോകത്ത് വ്യാപകമായപ്പോള്‍ മാംസ്യത്തിന്റെ ചെലവു കുറഞ്ഞതും ജനപ്രിയവുമായ ഇറച്ചിയും എവിടെയും സുലഭമായി.
ഇപ്പോള്‍ നവ ലിബറല്‍ ഭക്ഷ്യവ്യവസ്ഥയാകട്ടെ, കാര്‍ബോ ഹൈഡ്രേറ്റിന്റെ ക്ഷിപ്രോര്‍ജ്ജ ഉറവിടങ്ങളായ പഞ്ചസാരയ്ക്കും മൈദയ്ക്കും തുടര്‍ച്ചയെന്ന വിധം അവയേക്കാള്‍ ചെലവു കുറത്തതും കൂടുതല്‍ വീര്യമുള്ളതുമായ മറ്റൊരു ഭക്ഷ്യവിഭവത്തെ - കോണ്‍സിറപ്പിനെ ( High- fructose corn syrup ) ചോളത്തില്‍ നിന്ന് സൃഷ്ടിച്ച് മധുരത്തിന്റെ തീവ്ര വിപ്ലവ വേദിയൊരുക്കിയിരിക്കുന്നു. കോണ്‍ സിറപ്പിന്റെ വരവ് കോള പോലുള്ള പാനീയങ്ങളെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് എവിടെയും ആര്‍ക്കും കിട്ടുന്ന ഊര്‍ജ്ജവും മധുരച്ചവര്‍പ്പുരുചിയുമായി ആഗോള ജനകീയ പാനിയമാക്കി. (1990- കള്‍ മുതല്‍ എല്ലാ വീടുകളിലുമെത്തിയ കളര്‍ ടി.വിയും ക്രിക്കറ്റ് മാച്ചുകളും ലോകകപ്പുകളും ഒത്തുചേര്‍ന്നപ്പോള്‍ ഏതു മുക്കിലും മൂലയിലും കോളയോ പെപ്‌സിയോ നമ്മുടെ ദാഹശമനിയായ് തുങ്ങിക്കിടന്നു).
അതോടൊപ്പം, ബ്രോയ്‌ലര്‍ കോഴിവ്യവസായം ലോകത്ത് വ്യാപകമായപ്പോള്‍ മാംസ്യത്തിന്റെ ചെലവു കുറഞ്ഞതും ജനപ്രിയവുമായ ഇറച്ചിയും എവിടെയും സുലഭമായി. ഏറ്റവും അവസാനമായി, ഇതേകാലത്ത് കൊഴുപ്പിന്റെ - എണ്ണയുടെ- ലഭ്യതയിലും വ്യാവസായിക ഭക്ഷ്യോല്പാദനം വമ്പന്‍ കുതിപ്പു നടത്തിയപ്പോള്‍ മറ്റെല്ലാ പ്രാദേശിക എണ്ണകളെയും പിന്നിലാക്കി, സാധാരണക്കാരുടെ എണ്ണയായി പാമോയിലും ലോകം കീഴടക്കിയിരിക്കുന്നു. (1991 - 1992 ലെ 'പാമോയില്‍ കേസ് ' ഓര്‍ക്കുക. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പാമോയിലിന്റെ വില ടണ്ണിന് 392.25 ഡോളറായിരുന്ന അക്കാലത്ത് ടണ്ണിന് 405 ഡോളര്‍ എന്ന നിരക്കില്‍ 15,000 ടണ്‍ പാമോയില്‍ കേരളത്തില്‍ ഇറക്കുമതി ചെയ്തു).
അതായത്, പോഷകശാസ്ത്ര പ്രകാരം അവശ്യങ്ങളായ അന്നജം, മാംസ്യം, കൊഴുപ്പ് എന്നീ സ്ഥൂലപോഷകങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയിലും, മുമ്പെങ്ങും അനുഭവിക്കാന്‍ കഴിയാത്ത നവീനമായ രുചികളോടെയും ഭക്ഷ്യവിഭവങ്ങളായി ജനസമൂഹത്തിനു ലഭ്യമാക്കുന്നതില്‍ നവ ലിബറല്‍ വ്യാവസായിക ഭക്ഷ്യോല്പാദന -സംസ്‌ക്കരണ - വിതരണ ശൃംഖല എന്നത്തെക്കാളും അതിശയിപ്പിക്കുന്ന വിജയം കൈവരിച്ചിരിക്കുന്നു. കാരണം, വില കുറഞ്ഞതും അതേസമയം രുചിമുകുളങ്ങളെ ഉത്സവനൃത്തം ചെയ്യിക്കുന്നതുമായ ഭക്ഷ്യവിഭവങ്ങള്‍ അടിമുടി ഊര്‍ജ്ജ സ്രോതസ്സുകളായി - അന്നജം, പ്രോട്ടീന്‍, കൊഴുപ്പ് എന്നീ സ്ഥൂല പോഷണ ത്രിമൂര്‍ത്തികളായി അവതരിക്കുന്നില്ലെങ്കില്‍ ലിബറല്‍ രാഷ്ട്രീയ - സാമ്പത്തിക ലോകത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരും.
മനുഷ്യര്‍ക്ക് പണിയെടുക്കണമെങ്കില്‍ അതിനുള്ള കലോറി ഊര്‍ജ്ജം കിട്ടാന്‍ ഭക്ഷണം കൂടാതെ പറ്റില്ലല്ലോ. അപ്പോള്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ കലോറി തരുന്നതും എന്നാല്‍ കൊതിപ്പിക്കുന്നതുമായ ഭക്ഷ്യവിഭവങ്ങള്‍ കണ്ടുപിടിക്കേണ്ടത് ലിബറല്‍ സാമ്പത്തിക വ്യവസ്ഥയുടെ സുഗമമായ മുന്നേറ്റത്തിന് അനിവാര്യമാണ്. അതിനാല്‍, കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളായി ലിബറല്‍ വ്യവസ്ഥയുടെ വളര്‍ച്ചക്ക് താങ്ങും തണലുമായി നില്‍ക്കുന്നത് ഭക്ഷ്യോപയോഗത്തില്‍ വന്നുചേര്‍ന്ന നവീനമായ വിഭവങ്ങളുടെ ജനകീയ രുചിക്കൂട്ടുകളാകുന്നു. മറ്റൊരു വിധത്തില്‍ കണ്ടാല്‍, സമൂഹത്തില്‍ ഉപരിവര്‍ഗ്ഗത്തിനു മാത്രം പ്രാപ്യമായിരുന്ന അപൂര്‍വ്വ സ്വാദുകളെ സാര്‍വത്രികമാക്കിയും, അവയുടെ പോപ്പുലര്‍ വെര്‍ഷന്‍ ചീപ്പായി വിപണിയിലിറക്കി അതില്‍ ലോകത്തെ രാജകീയമായി ആനന്ദിപ്പിച്ചും വിപണി സമ്പദ്വ്യവസ്ഥ അജയ്യത കൈവരിക്കുന്നു. ‘ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടീ...’ എന്നുള്ളില്‍ തട്ടി പാടുന്നത് ഏതെങ്കിലും പ്രകൃതിദൃശ്യമോ ബന്ധങ്ങളിലെ ഊഷ്മളതയോ നുണഞ്ഞിട്ടാകണമെന്നില്ല, പകരം മെക്‌ഡൊണള്‍ഡ്‌സിന്റെ അനന്യമായ ഫുഡ് ടെക്‌നോളജിയില്‍ പൊതിഞ്ഞ രുചിപ്പെരുമയുമായി, ഓഡര്‍ കൊടുത്ത വിഭവം അഞ്ചു മിനിറ്റിനകം നമ്മുടെ വാതിലില്‍ മുട്ടുമ്പോഴായിരിക്കും.
ലിബറല്‍ സമ്പദ്ഘടനയെ പറ്റിയുള്ള കാൾ മാര്‍ക്‌സിന്റെ നിശിത വിമര്‍ശനങ്ങളില്‍ ഏറ്റവും കാതലായി നില്‍ക്കുന്നത് ഈ നവീന വ്യവസ്ഥ, മനുഷ്യന്റെ മാത്രം സവിശേഷതയായ അധ്വാനത്തെ, വിപണിയിലെത്തുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കുമൊപ്പം വെറും ചരക്കാക്കി അധഃപതിപ്പിക്കുന്നു (commodification of Labour) എന്നുള്ളതാണ്. മനുഷ്യാധ്വാനം അതിന്റെ ചരിത്രപരമായ നൈസര്‍ഗ്ഗികതയില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതോ ആവശ്യാധിഷ്ഠിതമോ അല്ല, അത് ബോധപൂര്‍വ്വം സ്വതന്ത്രമായും സര്‍ഗ്ഗാത്മകമായും അതുല്യമായും ആവിഷ്‌കരിക്കപ്പെടുന്നുവെന്ന് മാര്‍ക്‌സ് കാണുന്നു. എന്നാല്‍ ലിബറല്‍ സമ്പദ്വ്യവസ്ഥയില് അത് ആവശ്യാധിഷ്ഠിതവും അടിച്ചേല്‍പ്പിക്കപ്പെട്ടതും വ്യക്തിത്വം അസ്തമിച്ചതും അറുമുഷിപ്പനുമാണ്. അങ്ങനെ ഈ കൂലിയടിമവ്യവസ്ഥയില്‍ അധ്വാനം വയറ്റുപ്പിഴപ്പിന്, കമ്പോളത്തില്‍ വില്‍ക്കാനുള്ള ഒരു ചരക്കു മാത്രമായി ചുരുങ്ങുമ്പോള്‍, മനുഷ്യര്‍ ഇതര ജന്തുക്കളെ പോലെ തീറ്റയും കുടിയും സന്താനോല്പാദനവും മാത്രം കൈമുതലുള്ള ജീവിയായി തരംതാഴ്ത്തപ്പെടുന്നു. മനുഷ്യാധ്വാനത്തില്‍ നിന്ന് അതിന്റെ അസ്തിത്വമായ സര്‍ഗ്ഗാത്മകതയെ വിപണിയില്‍ കൂലിക്കുവേണ്ടിയുള്ള വില്പനച്ചരക്കാക്കി ചോര്‍ത്തിക്കളഞ്ഞാല്‍ അതാണ് അന്യവല്‍ക്കരണം; ഉല്പന്നത്തില്‍ നിന്നും ഉല്പാദന പ്രക്രിയയില്‍ നിന്നും തന്നില്‍ നിന്നും സമൂഹത്തില്‍ നിന്നുമുള്ള സമ്പൂര്‍ണ അന്യവല്‍ക്കരണം.
ലിബറല്‍ സമ്പദ്ഘടനയില്‍ മനുഷ്യര്‍ കൂലിക്ക് അധ്വാനം വില്‍ക്കുന്ന ജീവികളായി യന്ത്രസമാനം വസ്തുവല്‍ക്കരിക്കപ്പെടുമ്പോള്‍, മനുഷ്യരാകുന്ന യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജത്തെപ്പറ്റിയുളള ഗവേഷണങ്ങള്‍ പോഷകശാസ്ത്രമെന്ന പേരില്‍ പുരോഗമിക്കുകയും ഭക്ഷണത്തില്‍ നിന്നുള്ള ഊര്‍ജ്ജത്തിന്റെ കലോറി സിദ്ധാന്തം ആവിഷ്‌ക്കരിക്കപ്പെടുകയും ചെയ്തു. അവിടെ അന്നജവും മാംസ്യവും കൊഴുപ്പുമായി ഭക്ഷണം പ്രത്യേകം പ്രത്യേകം വേര്‍തിരിക്കപ്പെട്ടു, അതിലൊക്കെ ഓരോന്നില്‍ നിന്നും ദഹനപ്രക്രിയയില്‍ എത്രയെത്ര കലോറി ഊര്‍ജ്ജമെന്നത് അപ്പോള്‍ അതിപ്രധാനവുമായി. അത് ഓരോ ഭക്ഷണപാക്കറ്റിലും പ്രിന്റുചെയ്തിരിക്കണം എന്നത് നിര്‍ബ്ബന്ധമാണ്.
ഇതഃപര്യന്തമുള്ള എല്ലാ ഭക്ഷ്യ വ്യാവസായിക വിപ്ലവത്തിന്റെയും പ്രഥമ പ്രചോദനം കൂലിയടിമകള്‍ക്കു പണിയെടുക്കുന്നതിനായി ഏറ്റവും കുറഞ്ഞ ചെലവില്‍ ഊര്‍ജ്ജം ഭക്ഷണരൂപത്തില്‍ ഉല്പാദിപ്പിക്കുക എന്നതത്രേ.
ഉപജീവനത്തിനായി അധ്വാനം വില്‍ക്കുന്ന മനുഷ്യശരീരയന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട കലോറി, ഏറ്റവും ചീപ്പായി തരാന്‍ പറ്റിയ ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടുപിടിക്കുക എന്നത് ലിബറല്‍ സമ്പദ്വ്യവസ്ഥയുടെ ഒന്നാമത്തെ ആവശ്യമായിരിക്കുന്നു. കാരണം കൂലിയെന്നത് ഇവിടെ മനുഷ്യയന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഭക്ഷണത്തിന്റെ -ഊര്‍ജ്ജത്തിന്റെ വിലയത്രേ. അതിനാല്‍ ഭക്ഷണച്ചെലവ് കൂടുകയെന്നാല്‍ കൂലി കൂടുക എന്നാണര്‍ത്ഥം. കൂലി കുറച്ചു നിര്‍ത്തണമെങ്കില്‍ വില കുറഞ്ഞ ഭക്ഷണോര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്താതെ നിവൃത്തിയില്ല. കാര്‍ഷികമേഖലയില്‍ ഉല്പാദനത്തില്‍ തുടങ്ങി, സംസ്‌ക്കരണം വഴി വിതരണത്തിലെത്തുന്ന, ഇതഃപര്യന്തമുള്ള എല്ലാ ഭക്ഷ്യ വ്യാവസായിക വിപ്ലവത്തിന്റെയും പ്രഥമ പ്രചോദനം കൂലിയടിമകള്‍ക്കു പണിയെടുക്കുന്നതിനായി ഏറ്റവും കുറഞ്ഞ ചെലവില്‍ ഊര്‍ജ്ജം ഭക്ഷണരൂപത്തില്‍ ഉല്പാദിപ്പിക്കുക എന്നതത്രേ.
വ്യവസായ വിപ്ലവത്തില്‍ തൊഴിലാളികള്‍ക്ക് പണിയെടുക്കുന്നതിനുള്ള വില കുറഞ്ഞ ഊര്‍ജ്ജ വിഭവമെന്ന നിലയില്‍ 19-ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍പഞ്ചസാര പ്രാമുഖ്യം നേടുകയുണ്ടായി. അക്കാലത്ത് ജാം, കാന്‍ഡി, ചായ, കാപ്പി, ചോക്ലേറ്റ്, ബേക്കറിയുല്പന്നങ്ങള്‍ എന്നിവ സാധാരണക്കാരിലേക്കെത്തുകയും അവരുടെ ഊര്‍ജ്ജാവശ്യത്തിന്റെ 20% വും പഞ്ചസാര നിറവേറുകയും ചെയ്തു. (യൂറോപ്പില്‍ 1700- ല്‍ പഞ്ചസാരയുടെ ആളോഹരി വാര്‍ഷിക ഉപയോഗം നാലു പൗണ്ട് ആയിരുന്നത് 1800- ല്‍ 18 പൗണ്ടായി കൂടി. 1850- ല്‍ ഇത് 36 പൗണ്ടായി ഉയരുകയും 20-ാം നൂറ്റാണ്ടില്‍ 100 പൗണ്ടില്‍ എത്തുകയും ചെയ്തു.) 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ ധാന്യോൽപ്പാദനത്തില്‍ വന്ന കുതിപ്പ്, പഞ്ചസാരയോടൊപ്പം ശുദ്ധീകരിച്ച ധാന്യത്തെയും ധാന്യപ്പൊടിയെയും മൂന്നാംലോക രാജ്യങ്ങളില്‍ പ്രചാരത്തിലാക്കി. അക്കാലത്ത് പാവങ്ങള്‍ക്കായി അമേരിക്കയില്‍ നിന്ന് ‘ഫുഡ് എയ്ഡ്’ പദ്ധതിയായി ചോളപ്പൊടിയും മറ്റും നമ്മുടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും കുറുക്കിക്കൊടുത്തിരുന്നത് ഉദാഹരണം. ഇന്ന് നവ ലിബറല്‍ ഭക്ഷ്യ ആവാസ വ്യവസ്ഥയിലാകട്ടെ പഞ്ചസാര, ധാന്യപ്പൊടി എന്നീ ചെലവു കുറഞ്ഞ ഗ്ലൂക്കോസ് തന്മാത്രകളെയും മറികടന്ന്, കോഴിയിറച്ചിയും പാമോയിലും കൂടി സാര്‍വ്വത്രികമാകുകയും അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയുടെ ഭക്ഷ്യസമൃദ്ധി ആഗോളതലത്തില്‍, മാജിക്ക് കൊണ്ട് പ്രത്യക്ഷപ്പെടുത്തിയ തീന്‍മേശ കണക്കെ സംഭവിക്കുകയും ചെയ്തിരിക്കുന്നു.
അധ്വാനം കൂലിക്കുവേണ്ടി വില്‍ക്കേണ്ട അസ്വതന്ത്ര വ്യവസ്ഥയില്‍ മനുഷ്യന്‍ ഇതര പണിമൃഗങ്ങള്‍ക്കു തുല്യമാണ്. സ്വതന്ത്രമായ അധ്വാനം സാധ്യമാകുമ്പോഴേ ഈ അപമാനവീകരണത്തില്‍ നിന്നു മനുഷ്യനു രക്ഷയുള്ളൂ.
ഇപ്രകാരം മനുഷ്യര്‍ക്ക് അധ്വാനം വില്‍ക്കുന്നതിന് അനിവാര്യമായ ഇന്ധനം സുലഭമായി എന്നതു കൂടാതെ, അധ്വാനം വില്പനച്ചരക്കായതോടെ വന്നുചേര്‍ന്ന അന്യവല്‍ക്കരണ ശൂന്യതയെ കൃത്രിമമായി നികത്തുന്നതിനുള്ള ഉപാധികളില്‍ പ്രധാനപ്പെട്ട ഒന്ന് ഭക്ഷണമായി തീരുകയും ചെയ്തു. അതായത് ശുദ്ധീകരിച്ച അന്നജരൂപങ്ങളായ പഞ്ചസാര, മൈദ എന്നിവയും വ്യാവസായിക കോഴിയിറച്ചിയും ശുദ്ധീകരിച്ച കൊഴുപ്പായ പാമോയിലും കൊണ്ട് തീര്‍ക്കുന്ന നവംനവങ്ങളായ രുചിമേളത്തിന്റെ കുടമാറ്റങ്ങള്‍ അധ്വാനത്തിന്റെ അന്യവല്‍ക്കരണം സൃഷ്ടിക്കുന്ന ശൂന്യത നിറയ്ക്കുന്നതിനുള്ള വൈവിധ്യത്തിന്റെ പൂരങ്ങളാണ്. അന്യവല്‍ക്കരണത്താല്‍ വന്നുചേര്‍ന്ന ആത്മാവിന്റെ അറുത്തുമാറ്റപ്പെടല്‍ അറിയാതിരിക്കാന്‍ ആഗോള ഭക്ഷണ വൈവിധ്യത്തിലൂടെയുള്ള നാവിന്റെ പര്യവേഷണ സഞ്ചാരം ഉതകുന്നു. ഫുഡ് ടെക്‌നോളജിയെന്നത് മനുഷ്യരുടെ രുചിമുകുളങ്ങളെപ്പറ്റിയുള്ള ആഴത്തിലുള്ള പഠനവും അതിനൊത്ത് രാസച്ചേരുവകളാല്‍ ഷഡ് രസങ്ങള്‍ വിവിധ അനുപാതത്തില്‍ മിശ്രണം ചെയ്തു തീര്‍ക്കുന്ന വശീകൃത വിസ്മയങ്ങളുമത്രേ.
അധ്വാനം കൂലിക്കുവേണ്ടി വില്‍ക്കേണ്ട അസ്വതന്ത്ര വ്യവസ്ഥയില്‍ മനുഷ്യന്‍ ഇതര പണിമൃഗങ്ങള്‍ക്കു തുല്യമാണ്. സ്വതന്ത്രമായ അധ്വാനം (free labour) സാധ്യമാകുമ്പോഴേ ഈ അപമാനവീകരണത്തില്‍ നിന്നു മനുഷ്യനു രക്ഷയുള്ളൂ. അതിനാല്‍ ലിബറല്‍ വ്യവസ്ഥയില്‍ മനുഷ്യഭക്ഷണം കാലിത്തീറ്റയും കോഴിത്തീറ്റയും പോലെ മനുഷ്യത്തീറ്റയായി ന്യൂനീകരിക്കപ്പെടുന്നു. പണിയെടുക്കാനുള്ള ഊര്‍ജ്ജവും അന്യവല്‍ക്കരണത്താല്‍ വന്നു ചേര്‍ന്ന ശൂന്യത മറക്കാനുള്ള രുചിവൈവിധ്യ നിര്‍മ്മാണവുമാണ് മനുഷ്യത്തീറ്റ ഉല്പാദനത്തിന്റെ പരമലക്ഷ്യം. അവിടെ ഭക്ഷണത്തിന്റെ മൂല്യം പ്രാഥമികമായും അളക്കപ്പെടുന്നത് അതിലെ കലോറി ഊര്‍ജ്ജത്തിന്റെ തോതനുസരിച്ചാണ്. പണിയെടുക്കുന്ന മൃഗമോ യന്ത്രമോ ആയി വെട്ടിച്ചുരുക്കപ്പെടുന്ന മനുഷ്യര്‍ക്ക്, രാവിലെ മൈദ പാമോയിലില്‍ കുഴച്ചുണ്ടാക്കിയ അഞ്ചോ ആറോ പൊറോട്ട കൊടുത്താല്‍ മതിയാകും, എട്ടുമണി മുതല്‍ 4 മണിവരെ മുകളില്‍ നിന്നുകൊണ്ട് വാര്‍ക്കപ്പണി ചെയ്യാന്‍.
'ചെലവു കുറഞ്ഞ ഭക്ഷണമെന്ന ഒന്നില്ല. ഭക്ഷണത്തിന്റെ യഥാര്‍ത്ഥ വില മറ്റെവിടെയോ കൊടുക്കുന്നുണ്ട്. അതു പണമായി നേരില്‍ കൊടുക്കുന്നില്ലെങ്കില്‍ പൊതുഖജനാവില്‍ നിന്ന് പരിസ്ഥിതിക്കും കാര്‍ഷിക സബ്‌സിഡിക്കും ചികിത്സക്കും വേണ്ടിയും നിങ്ങളില്‍ നിന്ന് ഇടാക്കുന്നുണ്ട്’.
അധ്വാനത്തില്‍ നിന്ന് സ്വാതന്ത്ര്യവും സര്‍ഗ്ഗാത്മകതയും തനിമയും അടര്‍ത്തിമാറ്റി അതിനെ കൂലിവേലയെന്ന ചരക്കാക്കി മാറ്റുന്നതുപോലെ, ഭക്ഷണത്തിന്റെ ചരക്കുവല്‍ക്കരണം അഥവാ മനുഷ്യത്തീറ്റവല്‍ക്കരണം ഭക്ഷണത്തിലെ ഇതര നൈസര്‍ഗ്ഗിക മൂല്യങ്ങളെയും - പോഷകങ്ങളെയും അരിച്ചുമാറ്റി അതിലെ ഊര്‍ജ്ജസ്വരൂപത്തെ മാത്രം പുറത്തെടുക്കുന്നു. അപ്പോള്‍ അത് നാട്ടുമധുരങ്ങളായ ശര്‍ക്കരക്കും ചക്കരക്കും ധാന്യവൈവിധ്യങ്ങള്‍ക്കും പകരം പകരം ആഗോള മാധുര്യമായ പഞ്ചാസരയോ കോണ്‍ സിറപ്പോ തവിടു മാറ്റി വെളുപ്പിച്ചെടുത്ത ധാന്യപ്പൊടിയോ ആയ ചെലവുകുറഞ്ഞ ഊര്‍ജ്ജ സംഭരണികളായി മാറുന്നു. ആന്തരികമായി ഈ പോഷകശൂന്യതയെ മറികടക്കുന്നത് പ്രാദേശിക ഭക്ഷ്യ പോഷക രുചികളുടെ സ്ഥാനത്ത് ലോകത്തെല്ലാമുള്ള ഭക്ഷ്യവിഭവങ്ങള്‍ എവിടെയും ലഭ്യമാക്കിയും പുതിയ പുതിയ മിശ്രണങ്ങള്‍ വിപണിയിലെത്തിച്ചുമാണ്.
അധ്വാനത്തിന്റെ ചരക്കുവല്‍ക്കരണത്തിന് അനുബന്ധമായി സംഭവിക്കുന്ന ഭക്ഷണത്തിന്റെ ചരക്കുവല്‍ക്കരണം അഥവാ ചെലവ് കുറഞ്ഞതും പോഷകദരിദ്രവും ആയ രുചിവിഭവങ്ങളുടെ വ്യാവസായികോല്പാദനം ആരോഗ്യം, കൃഷി, പരിസ്ഥിതി രംഗങ്ങളില്‍ വലിയ തിരിച്ചടികളായി പ്രത്യക്ഷപ്പെടുകയും അത് സാമൂഹ്യമായി വമ്പന്‍ നഷ്ടങ്ങള്‍ക്കു ഇട വരുത്തുകയും ചെയ്യുന്നു. 'ചെലവു കുറഞ്ഞ ഭക്ഷണം ഒരു മിഥ്യ'യാണെന്ന് മൈക്കള്‍ പോളന്‍ ( Michael Pollan) പറയാന്‍ കാരണമിതാണ്. 'ചെലവു കുറഞ്ഞ ഭക്ഷണമെന്ന ഒന്നില്ല. ഭക്ഷണത്തിന്റെ യഥാര്‍ത്ഥ വില മറ്റെവിടെയോ കൊടുക്കുന്നുണ്ട്. അതു പണമായി നേരില്‍ കൊടുക്കുന്നില്ലെങ്കില്‍ പൊതുഖജനാവില്‍ നിന്ന് പരിസ്ഥിതിക്കും കാര്‍ഷിക സബ്‌സിഡിക്കും ചികിത്സക്കും വേണ്ടിയും നിങ്ങളില്‍ നിന്ന് ഇടാക്കുന്നു'ണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
ഭക്ഷണത്തിന് അമേരിക്കക്കാര്‍ ഒരു വര്‍ഷം ചെലവാക്കുന്നത് 1.1 ട്രില്യന്‍ ഡോളറാണ്. ഭക്ഷണം മൂലം വന്നു ചേരുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സാച്ചെലവ്, കാര്‍ഷിക ഏകവിള അമിതോല്പാദനത്താല്‍ കാലാവസ്ഥാമാറ്റം ഉള്‍പ്പെടെ പരിസ്ഥിതിക്കു വരുത്തിയ നഷ്ടങ്ങള്‍, കര്‍ഷകര്‍ക്കുണ്ടായ ചേതങ്ങള്‍ എന്നിവയൊക്കെ ഇതിനൊപ്പം ചേര്‍ത്താല്‍ ഈ ഭക്ഷണത്തിന്റെ യഥാര്‍ത്ഥവില 3.2 ട്രില്യന്‍ ഡോളറാണെന്ന് 2019- ല്‍ റോക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍ നടത്തിയ പഠനം കാണിക്കുന്നു.
തായ്‌ലന്റിലെ ഫാമുകളില്‍ ദിവസം 19 മണിക്കൂര്‍ പണിയെടുക്കുന്നവരാണ് മ്യാന്‍മര്‍, കംബോഡിയ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ അടിമകള്‍.
ഇന്ത്യയിലെ പരമ്പരാഗത ഭക്ഷ്യയെണ്ണകളായ കടുകെണ്ണ, കടലയെണ്ണ, എള്ളെണ്ണ, വെളിച്ചെണ്ണ എന്നീ വൈവിധ്യങ്ങളുടെ ഉല്പാദനവും ഉപഭോഗവും സ്വയംപര്യാപ്തതയും 1990- കള്‍ മുതല്‍ തകര്‍ച്ചയിലാവുകയും അവയേക്കാള്‍ വില കുറഞ്ഞ പാമോയില്‍ ഇന്ന് അഖിലേന്ത്യാ ജനകീയ ഓയിലായി മാറുകയും ചെയ്തിരിക്കുന്നു. 2001 മുതല്‍ പാമോയില്‍ ഉപയോഗം 3 മില്യന്‍ ടണ്ണില്‍ നിന്ന് 10 മില്യന്‍ ടണ്‍ ആയി (230 % വളര്‍ച്ച) ഉയര്‍ന്നു. നമ്മുടെ എണ്ണ ഉപയോഗത്തിന്റെ 60% വും നിര്‍വ്വഹിക്കുന്നത് ഇപ്പോള്‍ പാമോയില്‍ ഇറക്കുമതി വഴിയാണ്. ഇന്ത്യയില്‍ പാമോയില്‍ ഇറക്കുമതിയും വിപണിയും മുഖ്യമായും അദാനി കോര്‍പ്പറേഷന്റെ കൈകളിലാണ്. കേരളത്തില്‍ നാളികേരത്തിന്റെ വില ഇടിച്ചുനിര്‍ത്തുന്നതിനും വെളിച്ചെണ്ണ മായം കലര്‍ത്തി വില കുറച്ചു വില്‍ക്കുന്നതിനും പ്രധാന കാരണമാണ് പാമോയിൽ ആധിപത്യം. ഇവിടെ ഈ അധീശത്വം നിലനിര്‍ത്തുന്നതിനാകട്ടെ മലേഷ്യയിലും ഇന്തോനേഷ്യയിലും മറ്റും ഹെക്ടര്‍ കണക്കിനു ഹരിതവനങ്ങളെ വെട്ടിവെളുപ്പിച്ച്, വലിയ പാരിസ്ഥിതിക ദുരന്തങ്ങള്‍ വരുത്തി പനയെണ്ണയുടെ ഏകവിളത്തോട്ടങ്ങളാക്കി മാറ്റി, കാര്‍ഗില്‍ പോലെയുള്ള ഭക്ഷ്യക്കമ്പനിഭീമന്മാര്‍ ഈ ആഗോള ഭക്ഷ്യവ്യവസ്ഥയുടെ എതിരില്ലാത്ത അധിപതികളായി വാഴുകയും ചെയ്യുന്നു.
ചെലവ് കുറഞ്ഞ മാംസ്യലഭ്യത ബ്രോയ്‌ലര്‍ ചിക്കനിലൂടെ ഉറപ്പാക്കുമ്പോള്‍ ലോകമാസകലം ഇത്തരം ഫാക്ടറി ഫാമുകളില്‍ ഏറ്റവും അനാരോഗ്യകരമായ ചുറ്റുപാടുകളില്‍, കൂലിയടിമത്തത്തിനും അപ്പുറം പിന്നിലേക്കു ചരിത്രം പോയി, തനി അടിമകളായി തന്നെ ലക്ഷക്കണക്കിനു മനുഷ്യര്‍, അതും മൂന്നാംലോക രാജ്യങ്ങളില്‍ നിന്ന് മനുഷ്യക്കടത്തു വഴി എത്തപ്പെട്ടവരും ന്യൂനപക്ഷങ്ങളില്‍പ്പെട്ടവരും എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട് ഏറ്റവും കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്നുണ്ട്. 2016 - 2017 വര്‍ഷത്തില്‍ ഇത്തരം പുതിയ അടിമത്തത്തിന്റെ 2255 കേസുകള്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
തായ്‌ലന്റിലെ ഫാമുകളില്‍ ദിവസം 19 മണിക്കൂര്‍ പണിയെടുക്കുന്നവരാണ് മ്യാന്‍മര്‍, കംബോഡിയ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ അടിമകള്‍.
കൂടാതെ ഫാക്ടറി ഫാമുകളില്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ (ലോകത്ത് ഉല്പാദിപ്പിക്കുന്ന ആന്റിബയോട്ടിക്കുകളില്‍ 75% ഫാമുകളില്‍ ഉപയോഗിക്കുന്നു) ആരോഗ്യരംഗത്ത് വിപല്‍ക്കരമായ പ്രതിസന്ധിയായി, ഇത്തരം മരുന്നകള്‍ക്കു കീഴ്‌പ്പെടുത്താനാവാത്ത ബാക്ടീരിയകള്‍ക്ക് (Super Bugs ) ജന്മം നല്‍കിയിരിക്കുന്നു ഇപ്പോള്‍.
ഇങ്ങ് കേരളത്തിലും ഈയിടെ പല ആതുരാലയങ്ങളിലും മരുന്നുകളെ വെല്ലുന്ന അണുക്കളുടെ സാന്നിധ്യം കണ്ടെത്തുകയുണ്ടായി. ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ (Global public health cost of AMR (antimicrobial resistance) പറയുന്നു; ‘ഫാമുകളില്‍ ഉപയോഗിക്കുന്ന 84 % ആന്റിബയോട്ടിക്കും മൃഗങ്ങളില്‍ രോഗചികിത്സക്കല്ല പകരം, രോഗം വരാതിരിക്കാനും ഫുഡ് സപ്ലിമെന്റായി തൂക്കം കൂട്ടി ലാഭം വര്‍ദ്ധിപ്പിക്കാനുമാണ് പ്രയോഗിക്കുന്നത്.’ ഫാക്ടറി ഫാമുകള്‍ സൃഷ്ടിക്കുന്ന പുതിയ മാരക അണുക്കള്‍ കാരണം ഒരു വര്‍ഷം 10 ലക്ഷം മരണങ്ങള്‍ ലോകത്ത് നടക്കുന്നുവെന്നും ഈ നില തുടര്‍ന്നാല്‍ 2050 ല്‍ എണ്ണം ഇരട്ടിയിലേറെ കടക്കുമെന്നും കണക്കാക്കുന്നു. ഇന്നത്തെ നാലിലൊന്നു ആരോഗ്യക്കുഴപ്പങ്ങളും വരുന്നത് സൂപ്പര്‍ ബഗ്ഗുകള്‍ വഴിയത്രേ.
സമ്പന്നരാഷ്ട്രങ്ങളില്‍ വ്യാവസായിക ഭക്ഷണോല്പാദനം ഫാസ്റ്റ് ഫുഡ് രൂപത്തില്‍ സാര്‍വ്വത്രികമായതിനാല്‍, കോളയും ബര്‍ഗറുമെല്ലാം ഏറ്റവും ചീപ്പായി വിപണിയിലെത്തിക്കാനും അവയെല്ലാം സാധാരണക്കാരുടെ ശീലമാക്കി മാറ്റാനും സാധിച്ചിട്ടുണ്ട്.
അന്നജം, പ്രോട്ടീന്‍, എണ്ണ എന്നിവയുടെ ഉറവിടങ്ങളായ കാര്‍ഷികവസ്തുക്കള്‍ വ്യാവസായികമായി അത്യുല്പാദനം നടത്തി അവ കുറഞ്ഞ വിലയ്ക്ക് സുലഭമായി മാര്‍ക്കറ്റില്‍ ലഭ്യമാക്കുന്ന സാമ്പത്തിക തന്ത്രത്തിന്റെ ആദ്യത്തെ രക്തസാക്ഷികള്‍ മൂന്നാംലോക രാജ്യങ്ങളിലെ ചെറു കര്‍ഷകസമൂഹമാണ്. ഒപ്പം, നവ ലിബറല്‍ അന്താരാഷ്ട്രക്കരാറുകളാല്‍ കര്‍ഷക രക്ഷാനയങ്ങള്‍ ഒന്നൊന്നായി സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തതോടെ, തങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് മുടക്കുമുതല്‍ പോലും കിട്ടാതെ ആത്മഹത്യ മാത്രം അഭയമായിരിക്കുന്നു, കൃഷിക്കാര്‍ക്കിവിടെ.
വില്‍ക്കാന്‍ മാര്‍ക്കറ്റില്‍ കൊണ്ടുവന്ന തക്കാളി, അവിടെ വലിച്ചെറിഞ്ഞു ജീവിതം അവസാനിപ്പിക്കുന്ന നിലയിലേക്കാണ് അത്യുല്പാദനത്തിന്റെ കാര്‍ഷിക വിപ്ലവം കൃഷിക്കാരെ എത്തിച്ചിരിക്കുന്നത്. 'രാജ്യത്തിനു വേണ്ടി വില കുറഞ്ഞ ഭക്ഷണം ഉല്പാദിപ്പിക്കുന്ന ഭാരം സഹിക്കുന്നതാണ് കൃഷിക്കാരുടെ ദുരിത കാരണ'മെന്ന് ദേവിന്ദര്‍ ശര്‍മ്മ പറയുന്നു. എന്നാല്‍ ഭക്ഷണക്കമ്പനികള്‍ക്കു കുറഞ്ഞവിലയ്ക്കു വിഭവങ്ങള്‍ ലഭ്യമാക്കുന്നതിനായി പൊതുമുതലില്‍ നിന്ന് 28.5 ബില്യന്‍ ഡോളര്‍ സമ്പന്ന കര്‍ഷകര്‍ക്കു സബ്സിഡി നല്‍കി (2021 ലെ കണക്ക്) അമേരിക്ക വില കുറഞ്ഞ വിഭവങ്ങള്‍ കമ്പനികള്‍ക്കു നേടിക്കൊടുക്കുന്നു.
സമ്പന്നരാഷ്ട്രങ്ങളില്‍ വ്യാവസായിക ഭക്ഷണോല്പാദനം ഫാസ്റ്റ് ഫുഡ് രൂപത്തില്‍ സാര്‍വ്വത്രികമായതിനാല്‍, കോളയും ബര്‍ഗറുമെല്ലാം ഏറ്റവും ചീപ്പായി വിപണിയിലെത്തിക്കാനും അവയെല്ലാം സാധാരണക്കാരുടെ ശീലമാക്കി മാറ്റാനും സാധിച്ചിട്ടുണ്ട്. അതായത്, അധ്വാനിക്കുന്ന സമൂഹത്തിനായി മനുഷ്യത്തീറ്റയുടെ വ്യവസായം അവിടങ്ങളില്‍ വന്‍വിജയം നേടിയിരിക്കുന്നു. എന്നാല്‍ ഇന്ത്യ മാതിരിയുള്ള രാജ്യങ്ങളിലാകട്ടെ മെക്‌ഡൊണള്‍ഡ്സ് തുടങ്ങിയ ജംഗ് ഫുഡ് ശൃംഖലകള്‍ വ്യാപകമായി പിടിമുറുക്കുന്നതിന് ഇനിയും സമയമുണ്ടെന്നതിനാല്‍, കാര്‍ഷികോല്പന്നങ്ങളില്‍ നിന്ന് കൃഷിക്കാര്‍ക്കു കിട്ടുന്ന തുച്ഛവില ഉപഭോക്തൃവിപണയില്‍ പലപ്പോഴും വലിയ വിലക്കുറവു കാണിക്കുന്നില്ല. പകരം ഇവിടെ ഇടത്തട്ടുകാരാണ് തുച്ഛവിലയുടെ നേട്ടം അപഹരിക്കുന്നവര്‍. ഇന്ത്യ, ബ്രസില്‍ , ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ മൂന്നാംലോക രാഷ്ട്രങ്ങള്‍ അതിദ്രുതം ആഗോള ഭക്ഷണ വ്യവസായികള്‍ക്ക് അടിയറവു പറയുന്ന ഭാവിയില്‍, സ്വദേശി /വിദേശി ഭക്ഷണക്കമ്പനിക്കാര്‍ മാര്‍ക്കറ്റിലിറങ്ങി കാര്‍ഷിക വിഭവങ്ങള്‍ കരസ്ഥമാക്കുന്നതോടെ, ഇന്ത്യന്‍ ജനതയും സമ്പൂര്‍ണ്ണ മനുഷ്യത്തീറ്റയുടെ ഉപഭോക്താക്കളാകുന്നതാണ്. അതിനു മുന്നോടിയായി ജംഗ് ഫുഡിന്റെ അസംസ്‌കൃത വിഭവങ്ങളില്‍, പാമോയിലില്‍ അദാനിയെന്ന പോലെ കോര്‍പ്പറേറ്റുകള്‍ മേധാവിത്വം ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
നവ ലിബറല്‍ ഭക്ഷ്യവ്യവസ്ഥ എങ്ങും പാരമ്യത്തിലെത്തുന്നതിന്റെ തോതനുസരിച്ച് അവിടങ്ങളില്‍ പ്രമേഹത്തില്‍ തുടങ്ങി വൃക്കരോഗത്തിലും ക്യാന്‍സറിലും മറ്റും എത്തുന്ന ഭക്ഷ്യ നയ രോഗങ്ങളും (Food Policy Diseases ) വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇതിനു ഭരണകൂട നാമം 'ജീവിതശൈലീ രോഗങ്ങള്‍ ' എന്നാണ്. രോഗമെന്നത് വ്യക്തികളുടെ ജീവിതശൈലീ തെരഞ്ഞെടുപ്പു കൊണ്ടു സംഭവിച്ചു പോകുന്ന അപരാധം എന്നു വരുത്തി തീര്‍ത്ത്, തികച്ചും വ്യക്തിതലത്തില്‍ പരിഹരിക്കാവുന്ന ഒന്നായി നവ ലിബറല്‍രോഗങ്ങളെ അവതരിപ്പിക്കുകയാണ് ഇങ്ങനെ പേരിട്ടിരിക്കുന്നതിന്റെ ഉദ്ദേശ്യം. രാഷ്ട്രത്തിന്റെ ഭക്ഷ്യനയവും രോഗങ്ങളും തമ്മിലുള്ള ദൃഢരാഷ്ട്രീയ ബന്ധം ഇപ്രകാരം മായ്ച്ചു കളയപ്പെട്ടിരിക്കുന്നു. മതത്തിലെന്നപോല, പ്രശ്‌നപരിഹാരത്തെ വ്യക്തിതലത്തില്‍ സങ്കോചിപ്പിച്ചു , ഇരകളില്‍ പാപബോധം ജനിപ്പിക്കുകയും അവരെ അപകര്‍ഷതയുള്ളവരാക്കി നിര്‍വീര്യമാക്കുകയും ചെയ്യുന്നു നവ ലിബറല്‍ രോഗപരിഹാരം. അങ്ങനെ പൊണ്ണത്തടി സമ്പന്നരുടെ ചിഹ്നം എന്നതിനേക്കാള്‍ ഇന്ന് ദരിദ്രരുടെ അഭിമാനമാണ് എന്ന നിലയ്ക്കുള്ള വിരോധാഭാസം വന്നുചേര്‍ന്നിരിക്കുന്നു. അമേരിക്കയില്‍ കുറഞ്ഞ വരുമാനക്കാരായ ആഫ്രിക്കന്‍ വംശജരിലും മറ്റുമാണ് കൂടുതലായി പൊണ്ണത്തടി പടര്‍ന്നു പിടിച്ചിരിക്കുന്നത്. ‘ഏറ്റവും പ്രധാന പോഷക പ്രശ്‌നം പൊണ്ണത്തടിയാണ്. ഇതിനു കാരണം വില കുറഞ്ഞ ഭക്ഷണമത്രേ. ഭക്ഷണക്കമ്പനികള്‍ തമ്മില്‍ മത്സരിച്ചു സര്‍വ്വതന്ത്രങ്ങളും പയറ്റി, നമ്മുടെ ആരോഗ്യത്തെ മാനിക്കാതെ നമ്മെ അമിതമായി തീറ്റിക്കുകയാണെ’ന്ന് മരിയോണ്‍ നെസെല്‍ (Marion Nestle) ആരോപിക്കുന്നു. അതി കലോറിയുടെ വിഭവങ്ങള്‍ ആവോളം തിന്നാന്‍ പ്രലോഭിപ്പിക്കുന്ന അതിശയകരമായ രുചിക്കൂട്ടുകളില്‍ നാവിനെ ബന്ധിച്ചിട്ടിരിക്കുകയാണ് അമിതോല്പാദനത്തിന്റെ ഈ ഭക്ഷ്യഘടന.
അമിതോല്പാദനത്തിന്റെയും അത്യുഭോഗത്തിന്റെയും ആഗോള ഭക്ഷ്യ നയ രോഗങ്ങളുടെയും മറുവശത്ത് ഇന്നും ഭക്ഷണസഹായത്തിനായി കാത്തിരിക്കുന്ന 100 കോടി വിശക്കുന്ന മനുഷ്യരും ശിശുമരണങ്ങളും പകര്‍ച്ചരോഗങ്ങളും ആഫ്രിക്കന്‍ പ്രദേശങ്ങളിലും മറ്റും ഉണ്ടെന്നുള്ളത് സമൃദ്ധിയുടെ ചിത്രത്തിന്റെ ഇരുണ്ട മറുവശമാണ്. കാരണം, ലോകത്ത് ഉല്പാദിപ്പിക്കുന്ന ധാന്യത്തിന്റെ നല്ലൊരു പങ്കും ഫാക്ടറി ഫാമുകളില്‍ തീറ്റയായി മാറ്റപ്പെടുന്നു. നവ ലിബറല്‍ വായ്പാ നിബന്ധനകളില്‍ പ്രധാനമായ ഒന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റിനാവശ്യമായ വിഭവങ്ങള്‍ - കാലിത്തീറ്റക്കു വേണ്ട ചോളം, സോയാബീന്‍സ് എന്നിവ കൃഷി ചെയ്യണം എന്നതാണ്. അങ്ങനെ ചീപ് ആയ മാംസ്യം എത്രയും സുലഭമായി, നൂറുകണക്കിനു സ്വാദുകളായി, പൊരിക്കുകയും ചുട്ടെടുക്കുകയും ആവി പറക്കുകയും ചെയ്യുമ്പോള്‍, കാലിത്തീറ്റ കയറ്റുമതിക്കായി ഏക്കറു കണക്കിന് ചോളം കൃഷിചെയ്യുന്ന നാടുകളില്‍ ജനങ്ങള്‍ക്കു പട്ടിണിയാണ് സമ്മാനം.
ഫാക്ടറി ഫാമുകളില്‍ തൂക്കം കൂടാന്‍ രാപ്പകല്‍ തീറ്റയെടുക്കാന്‍ വിധിക്കപ്പെട്ട കോഴികളെ പോലെ, അമിത കലോറി കെട്ടിക്കിടക്കുന്ന ശരീരങ്ങളായിരിക്കുന്നു ഏതു നേരവും മനുഷ്യത്തീറ്റയെടുക്കാന്‍ വിധേയരായ മനുഷ്യര്‍. ഉടമയുടെ ലക്ഷ്യം വേഗത്തില്‍ കനം വെയ്ക്കുന്ന മൃദുമാംസത്തിന്റെ ഉല്പാദനമാണെങ്കില്‍, ആകാവുന്ന കാലം പരമാവധി ഊര്‍ജ്ജം ഉപഭോഗിച്ചു രാപ്പകല്‍ ഭേദമെന്യേ പണിയെടുക്കുന്ന ശരീരങ്ങളെ ഹ്രസ്വകാലത്തേക്കു പ്രാപ്തമാക്കി, (ജോലി ഐ.ടി. ഫേമിലോ കോഴി ഫാമിലോ എവിടെയായാലും) ശിഷ്ടകാലം മെഡിക്കല്‍ കെയറിനാല്‍ മാത്രം നിലനിന്നുപോകുന്ന ആകുലജീവിതങ്ങളെ നിര്‍മ്മിക്കലാണ് നവ ലിബറല്‍ സംഘാടനത്തിന്റെ ലക്ഷ്യം. സ്വന്തം ഭക്ഷണത്തില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും തന്റെ സ്വത്വത്തില്‍ നിന്നും കോഴി അന്യവല്‍ക്കരിക്കപ്പെട്ട പോലെ, കൂലിവ്യവസ്ഥയുടെ വില കുറഞ്ഞതും എന്നാല്‍ പുറമേയ്ക്കു ആസ്വാദ്യവുമായ വളര്‍ത്തു ശരീരങ്ങളായിരിക്കുന്നു നമ്മളിന്ന്. തീറ്റയില്‍ നിക്ഷേപിച്ച ഒടുക്കത്തെ സ്വാദിന്റെ കാന്തവലയത്തില്‍ നിന്നും കൂട്ടിലെ ഭാരങ്ങള്‍ക്കു മോചനം ഒട്ടും എളുപ്പമല്ലല്ലോ.
(തുടരും)