തിങ്ക് ടാങ്കുകളുടെ ഇന്റർനാഷണൽ ചിലന്തിവല

നവ ലിബറലിസം: സർവാരാധനയുടെ പുറകിലെ ​രാഷ്​ട്രീയം- 10

​ലോകത്തിന്റെ തന്നെ തലച്ചോറായി പ്രവർത്തിക്കുന്ന - ഭരണകൂടങ്ങൾ, അക്കാദമിക് സമൂഹം, മാധ്യമങ്ങൾ, പൗരജനങ്ങൾ എന്നിവയിലേയ്ക്കു നുഴഞ്ഞുകയറുന്ന ചിന്താ സംഭരണികളുടെ സ്ഥാപകനാക്കുന്നതിലൂടെ, ഇന്നു ലോകഗതിയെ നിശ്ചയിക്കുന്ന നവലിബറലിസത്തിന്റെ പുതിയൊരു അറിവധികാര നിർമ്മാണ വിതരണ മേൽക്കോയ്മക്കു കൂടി മാർഗ്ഗദർശനം ചെയ്യുകയായിരുന്നു ഫ്രെഡറിക് ഹയക്.

രിക്കൽ ആന്റണി ഫിഷർ (Antony Fisher ) എന്നു പേരായ ബ്രിട്ടീഷ് ബിസിനസുകാരൻ ‘റീഡേഴ്‌സ് ഡൈജസ്റ്റ്' മാഗസിനിൽ ‘അടിമത്തത്തിലേക്കുള്ള വഴി' (The Road to Serfdom) എന്ന ലേഖനം വായിക്കാനിടയായി. ആ ലേഖനം തന്നെ ഏറെ ആകർഷിച്ചതിനാൽ, അതിന്റെ എഴുത്തുകാരനെ അയാൾ നേരിൽ ചെന്നു കണ്ടു. ആസ്ട്രിയൻ സാമ്പത്തിക ശാസ്ത്രജ്ഞനും ലണ്ടൻ സ്‌ക്കൂൾ ഓഫ് ഇക്കണോമിക്‌സിലെ അധ്യാപകനും നവ ലിബറലിസത്തിന്റെ സൈദ്ധാന്തികാചാര്യൻ എന്ന് ഇന്നറിയപ്പെടുന്ന ആളുമായ ഫ്രെഡറിക് ഹയക് ആയിരുന്നു ആ എഴുത്തുകാരൻ. 1945 ൽ നടന്ന ഈ കൂടിക്കാഴ്ച ലോകഗതിയെ തന്നെ മാറ്റിമറിക്കുന്ന പുതിയ അറിവ് - അധികാര ( Knowledge- power) സ്ഥാപനങ്ങൾക്കു തന്നെ ജന്മം നൽകി എന്നു പറയാം.

അവർ തമ്മിലുണ്ടായ മുഖാമുഖത്തിൽ, ഹയകിന്റെ പുസ്തകത്തിൽ എഴുതിയ ശുദ്ധ ലിബറൽ ആശയങ്ങൾ സാക്ഷാത്ക്കരിക്കാനായി, താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നു എന്ന്​ ആന്റണി ഫിഷർ പറഞ്ഞപ്പോൾ, ‘നിങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങരുത്, അതിനു പകരം നിങ്ങൾ ആശയങ്ങളുടെ ലോകം ശ്രദ്ധിക്കുക' എന്ന്​ ഹയക് അയാളെ ഉപദേശിച്ചു. ഇതു കേട്ട് ഒന്നും മനസ്സിലാകാതെ നിന്ന ആന്റണി ഫിഷറിനോട് ഹയക് പറഞ്ഞു: ‘സമൂഹത്തിന്റെ ഗതി മാറുന്നത് അതിന്റെ ആശയങ്ങൾ മാറുമ്പോൾ മാത്രമാണ്. അതിന് ആദ്യം ബുദ്ധിജീവികൾ, അദ്ധ്യാപകർ, എഴുത്തുകാർ എന്നിവരെ നിങ്ങളുടെ ആശയങ്ങൾ യുക്തിയുക്തം പഠിപ്പിക്കണം. അപ്പോൾ അവരെ സമൂഹവും രാഷ്ട്രീയക്കാരും പിൻപറ്റിക്കൊള്ളും. '

ഫ്രെഡറിക് ഹയക്

ലോകഗതിയെ മാറ്റുന്നതിനുള്ള പുതിയൊരു ബൗദ്ധിക ഉത്തോലകത്തെ - സ്ഥാപനത്തെ പറ്റിയാണ് അന്ന് ആന്റണി ഫിഷറിനോട് ഫ്രെഡറിക് ഹയക് സംസാരിച്ചത്. രാഷ്ട്രീയ പാർട്ടികൾ, ഭരണകൂട സ്ഥാപനങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ എന്നിവയിൽ നിന്നൊക്കെ വ്യത്യസ്തമായി പൗരസമൂഹത്തിൽ ലയിച്ചു ചേർന്ന്​, അദൃശ്യമെന്ന പോലെ സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കുന്ന ഈ പുതിയ വൈജ്ഞാനിക കേന്ദ്രങ്ങൾ അറിയപ്പെടുന്നത് സർക്കാർ നയങ്ങളിൽ ഗവേഷണവും - വക്കാലത്തും നടത്തുന്ന സ്ഥാപനങ്ങൾ (Public Policy Research and Advocacy Institutions) അഥവാ ബൗദ്ധിക സംഭരണികൾ (Think Tanks) എന്ന ഓമനപ്പേരിലത്രേ.

അമേരിക്കയിൽ ലിബറൽ ആശയ പ്രചാരണത്തിന്​ ബിസിനസുകാരനായ വില്യം വോക്കർ സ്വന്തം പേരിൽ സ്ഥാപിച്ച സന്നദ്ധ സംഘടനയായ ‘വില്യം വോക്കർ ഫണ്ടാ'ണ് എഫ്. ഇ. ഇക്കുവേണ്ട ധനസഹായം നടത്തിയിരുന്നത്.

എതിരാളികളുടെ കണ്ണുവെട്ടിക്കാൻ പച്ചിലകൾ കൊണ്ടു മൂടിയ സൈനിക വ്യൂഹമെന്നതുപോലെ, പൗരസമൂഹത്തിൽ ലീനമായി നിന്ന്​ ഭരണ സിരാകേന്ദ്രങ്ങളെ പാട്ടിലാക്കി, മുകൾത്തട്ടിൽ നിന്ന്​ സമൂഹത്തിലാകെ ആശയ അട്ടിമറി നടത്തുന്ന ബൗദ്ധിക സംഭരണികൾ സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു ഫ്രെഡറിക് ഹയക് ആന്റണി ഫിഷറെ കാണുന്ന അവസരത്തിൽ. ‘അടിമത്തത്തിലേക്കുള്ള വഴി' ഇറങ്ങിയ വർഷം തന്നെ, 1944 ൽ അമേരിക്കൻ പത്രപ്രവർത്തകൻ ഹെന്റ ഹാസ്ലിറ്റ് (Henry Stuart Hazlitt) ഈ പുസ്തകം വായിച്ച്​ ഹയകിന്റെ അനുയായിയായി മാറിയിരുന്നു. ഹയകിന്റെ മാത്രമല്ല അദ്ദേഹത്തിന്റെ ഗുരുനാഥൻ ആസ്ട്രിയൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ലുഡ്വിഗ് മീസസി (Ludwig von Mises ) ന്റെയും കടുത്ത ആരാധകനായിരുന്നു ഹെന്റി ഹാസ്ലിറ്റ്. അക്കാലത്ത് ലിബറലിസത്തിലേക്കു ജനക്ഷേമ വിട്ടുവീഴ്ചകൾ കൂട്ടിച്ചേർക്കുന്ന കെയ്‌നീഷ്യൻ ധനതത്ത്വശാസ്ത്രത്തിൽ അസംതൃപ്തനായ ഹാസ്ലിറ്റ്, സോഷ്യലിസ്റ്റു കലർപ്പ് ലവലേശമില്ലാത്ത നവ ലിബറലിസത്തിന്റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്ന ‘അടിമത്തത്തിലേക്കുള്ള വഴി 'യെപ്പറ്റി ഒരു അവലോകനം ന്യൂയോർക്ക് ടൈംസിൽ എഴുതി, ഈ കൃതി അമേരിക്കക്കാർക്കു പരിചയപ്പെടുത്തിയിരുന്നു. പിന്നീടതിന്റെ സംഗ്രഹം റീഡേഴ്‌സ് ഡൈജസ്റ്റിൽ വരുത്താനും ഹാസ്ലിറ്റ് ആണ് മുൻകൈയെടുത്തത്.

ഹെന്റ ഹാസ്ലിറ്റ്, ലുഡ്വിഗ് മീസസ്

ഹാസ്ലിറ്റിനെ കൂടാതെ ബിസിനസുകാരനും ധനകാര്യ എഴുത്തുകാരനുമായ ലെനഡ് ഇ. റീഡ് (Leonard E. Read​ ), അമേരിക്കൻ കമ്പനികളായ ജനറൽ മോട്ടോഴ്‌സ്, ഡ്യുപോണ്ട് എന്നിവയുടെ ഡയറക്ടറായിരുന്ന ഡോണൽസൺ ബ്രൗൺ (Donaldosn Brown ), യെയ്ൽ യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനായ ഫ്രെഡ് ആർ. ഫെയർചൈൽഡ് ( Fred R. Fairchild), കൊളംബിയ സർവകലാശാലയിലെ ലിയോ വോൾമാൻ (Leo Wolman), പരസ്യകലയിലും പൊതുജന സർവ്വേയിലും വിദഗ്ദ്ധ ഗവേഷകനെന്നു പേരെടുത്ത ക്ലോഡ് റോബിൻസൺ (Claude Robinosn) എന്നിങ്ങനെ ഹയക് പദ്ധതിയിട്ടതുപോലെ, വിവിധ സാമൂഹ്യമേഖലകളിലെ പ്രായോഗികമതികളുടെ ഒത്തൊരുമയിൽ, നവലിബറൽ ആശയാധിപത്യത്തിനായി ആദ്യത്തെ തിങ്ക് ടാങ്ക് - ‘ഫൗണ്ടേഷൻ ഫോർ ഇക്കണോമിക് എജുക്കേഷൻ' (എഫ്. ഇ. ഇ.) 1946 ൽ രൂപം കൊണ്ടു. സാമൂഹ്യ സുരക്ഷ, മിനിമം കൂലി എന്നിങ്ങനെ ജനക്ഷേമ പദ്ധതികളിൽ ഊന്നിയ ലിബറൽ വിട്ടുവീഴ്ചകളില്ലാതാക്കി സ്വതന്ത്ര വിപണിയുടെ രാഷ്ട്രീയ- സമ്പദ് വ്യവസ്ഥ കൊണ്ടുവരിക എന്നതായിരുന്നു എഫ്. ഇ. ഇയുടെ ലക്ഷ്യം. ഫ്രെഡറിക് ഹയക് ഈ സ്ഥാപനത്തെ പ്രശംസിച്ചു പറഞ്ഞത്; ‘ബുദ്ധിപരമായി സംഭവിച്ച തെറ്റിൽ നിന്ന്​ലോക നാഗരിതയെ രക്ഷിക്കുന്നതിന്​'എഫ്. ഇ. ഇ. ഉദയം ചെയ്തു എന്നാണ്.

വ്യവസായികൾ, പത്രക്കാർ, രാഷ്ട്രീയക്കാർ, ശാസ്ത്രജ്ഞർ, ഇവരെ ഒരു കുടക്കീഴിൽ കൊണ്ടുവരിക, തുടർന്ന് സ്ഥാപനങ്ങളും മാധ്യമങ്ങളും സൃഷ്ടിക്കുക. ഇങ്ങനെ മൃദു അധികാരം സാധ്യമാക്കുന്ന അറിവ് നിർമാണ - വിതരണത്തിന്റെ പുത്തൻശൈലി സ്വീകരിക്കുന്നു ബൗദ്ധിക സംഭരണികൾ.

അമേരിക്കയിൽ ലിബറൽ ആശയ പ്രചാരണത്തിന്​ ബിസിനസുകാരനായ വില്യം വോക്കർ ( William Volker ) സ്വന്തം പേരിൽ സ്ഥാപിച്ച സന്നദ്ധ സംഘടനയായ
‘വില്യം വോക്കർ ഫണ്ടാ'ണ് എഫ്. ഇ. ഇക്കുവേണ്ട ധനസഹായം നടത്തിയിരുന്നത്. മീസസ്, ഹയക്, മിൽട്ടൺ ഫ്രീഡ്മാൻ, ജെയിംസ് ബുക്കാനൻ എന്നിങ്ങനെ നവ ലിബറൽ ചിന്തകരുടെ പ്രഭാഷണ പരിപാടികൾ സ്‌പോൺസർ ചെയ്യുക, നവ ലിബറൽ സാമ്പത്തിക തത്ത്വങ്ങളടങ്ങിയ പാഠപുസ്തകങ്ങൾ, മാസികകൾ, ഗ്രന്ഥങ്ങൾ എന്നിവ തയ്യാറാക്കുക, അമേരിക്കയിലെ വിദ്യാഭ്യാസ നയരൂപീകരണത്തെ സ്വാധീനിക്കുക എന്നിങ്ങനെ പോകുന്നു എഫ്. ഇ. ഇ.യുടെ പ്രവർത്തനങ്ങൾ. ഇന്ന് അവിടെ സർക്കാർ നയങ്ങളെ നിശ്ചയിക്കുന്ന ബൗദ്ധിക സംഭരണികളുടെ മുൻനിരയിൽ എഫ്. ഇ. ഇ ഉണ്ട്.

ഫൗണ്ടേഷൻ ഫോർ ഇക്കണോമിക് എജുക്കേഷൻ ലോഗോ

എഫ്. ഇ. ഇ അമേരിക്കയിൽ രൂപം കൊണ്ട തൊട്ടടുത്ത വർഷം, ഇവർക്കു പണം കൊടുത്ത അതേ വില്യം വോക്കറിന്റെ സഹായത്തോടെ ആഗോള നവ ലിബറൽ ആശയപ്പോരാട്ടത്തിന്റെ ‘മാസ്റ്റർ ബ്രെയി'നായി നിൽക്കുന്ന ‘മോൺട് പെലെറിൻ' സൊസൈറ്റി ( Mont Pelerin Society) ഫ്രെഡറിക് ഹയകിന്റെ നേതൃത്വത്തിൽ സ്വിറ്റ്‌സർലന്റിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. വലിയ സിദ്ധാന്തങ്ങൾ ചരിത്രം സൃഷ്ടിക്കുമെന്നു ഹയക് കരുതിയില്ല. എന്നാൽ നിരവധി സ്ഥാപനങ്ങളും അവ കൊണ്ടുള്ള നെറ്റ് വർക്കും വഴി ലോകത്തെ വരുതിയിലാക്കാം. കാരണം സമകാലിക സമൂഹത്തിൽ ബുദ്ധിജീവികൾക്കുള്ള സ്വാധീനം സ്ഥാപനങ്ങളെ ഉപയോഗിച്ചു ശക്തിപ്പെടുത്താമെന്നു ഹയക് മനസ്സിലാക്കി. ഇത്തരം സ്ഥാപനങ്ങൾ മാധ്യമങ്ങളിലേക്കും യൂണിവേഴ്‌സിറ്റികളിലേക്കും ഭരണകേന്ദ്രങ്ങളിലേക്കും ബുദ്ധിജീവികളെ നൽകും. പൊതുക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ നവ ലിബറൽ ആശയങ്ങൾ കൊണ്ട് ബുദ്ധിജീവികൾ വഴി കീഴടക്കുക എന്ന പുതിയ മൃദു അധികാര (Soft Power) ഒളിപ്പോരാണ് മോൺട് പെലെറിൻ സൊസൈറ്റി ഏറ്റെടുത്തത്. വ്യവസായികൾ, പത്രക്കാർ, രാഷ്ട്രീയക്കാർ, ശാസ്ത്രജ്ഞർ, ഇവരെ ഒരു കുടക്കീഴിൽ കൊണ്ടുവരിക, തുടർന്ന് സ്ഥാപനങ്ങളും മാധ്യമങ്ങളും സൃഷ്ടിക്കുക. ഇങ്ങനെ മൃദു അധികാരം സാധ്യമാക്കുന്ന അറിവ് നിർമ്മാണ - വിതരണത്തിന്റെ പുത്തൻശൈലി സ്വീകരിക്കുന്നു ബൗദ്ധിക സംഭരണികൾ.

വെസ്റ്റ് ജർമ്മൻ ചാൻസലറായിരുന്ന ലുഡ്വിഗ് എഹാഡ് (Ludwig Wilhelm Erhard), ഇറ്റലിയുടെ പ്രസിഡന്റായിരുന്ന ലൂയിജി എനൗദി ( Luigi Numa Lorenzo Einaudi), അമേരിക്കൻ ഫെഡറൽ റിസർവ്വ് ബാങ്ക് ചെയർമാൻ ആർതർ ബേൺസ് (Arthur Frank Burns), ഇതിന്റെ സെക്രട്ടറി ജോർജ്ജ് ഷൂൾസ് (George Pratt Shultz), ചെക് റിപ്പബ്ലിക് പ്രസിഡന്റായിരുന്ന വാസ്ലവ് ക്ലൗഷ് (Václav Klaus ), ശ്രീലങ്കൻ പ്രസിഡൻറ്​ റനിൽ വിക്രംസിങ്കെ (Ranil Sriyan Wickremesinghe ), ബ്രിട്ടീഷ് ഉപപ്രധാനമന്ത്രിയായിരുന്ന ജെഫ്രി ഹാവ് (Geoffrey Howe), ഇറ്റാലിയൻ വിദേശകാര്യ മന്ത്രിയായിരുന്ന അന്റോണിയോ മാർട്ടിനോ (Antonio Martino), ചിലിയൻ ധനകാര്യ മന്ത്രിയായിരുന്ന കാർലോസ് കാസിരസ് (Carlos Cáceres), ന്യൂസിലാൻറ്​ ധനകാര്യ മന്ത്രിയായിരുന്ന റൂത്ത് റിച്ചഡ്‌സൻ (Ruth Margaret Richardosn) എന്നിങ്ങനെ പല രാഷ്ട്ര ഭരണസാരഥികളും മോൺട് പെലെറിൻ സൊസൈറ്റിയിലെ അംഗങ്ങളായിരുന്നു. അമേരിക്കയിൽ നവ ലിബറൽ ചുവടുമാറ്റം ആരംഭിച്ച റെയ്ഗൻ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ 76 സാമ്പത്തികോ പദേഷ്ടാക്കളിൽ 22 പേരും മോൺട് പെലെറിൻ സൊസൈറ്റിയിൽ നിന്ന്​ വന്നവരത്രേ.

സാമ്പത്തികശാസ്ത്രത്തിനു നോബൽ സമ്മാനം തീരുമാനിക്കുന്ന കമ്മറ്റിയംഗങ്ങളിൽ നല്ലൊരു പങ്കും മോൺട്ട് പെലെറിൻ സൊസൈറ്റിയിൽ ഉൾപ്പെട്ടവരാണ്.

രാഷ്ട്രീയക്കാരെ കൂടാതെ പുലിസ്റ്റർ സമ്മാന ജേതാവായ പത്രപ്രവർത്തകൻ വാൾട്ടർ ലിപ്മാൻ, റീഡേഴ്‌സ് ഡൈജസ്റ്റിലെ മാക്‌സ് ഈസ്റ്റ്മാൻ, ലൈഫ് മാസിക എഡിറ്ററായിരുന്ന ജോൺ ചേമ്പർലെയ്ൻ, ന്യൂയോർക് ടൈംസിന്റെ സാമ്പത്തിക ലേഖകൻ ഹെന്റി ഹസ്ലിറ്റ്, പുലിസ്റ്റർ പ്രൈസ് കിട്ടിയ വാഷിംഗ്ടൺ പോസ്റ്റ് എഡിറ്റർ ഫെലിക്‌സ് മോർലി എന്നിങ്ങനെ മാധ്യമ പ്രവർത്തകർ പലരും മോൺട്ട് പെലെറിൻ സൊസൈറ്റിയിൽ അംഗങ്ങളായിരുന്നു. സാമ്പത്തികശാസ്ത്രത്തിനു നോബൽ സമ്മാനം തീരുമാനിക്കുന്ന കമ്മറ്റിയംഗങ്ങളിൽ നല്ലൊരു പങ്കും മോൺട്ട് പെലെറിൻ സൊസൈറ്റിയിൽ ഉൾപ്പെട്ടവരാണ്. സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം കിട്ടിയ ഫ്രെഡറിക് ഹയക്, ഫ്രീഡ്മാൻ, ബുക്കാനൻ തുടങ്ങി എട്ടു പേർ സൊസൈറ്റി അംഗങ്ങൾ തന്നെ. (1969ൽ സ്വീഡിഷ് സെൻട്രൽ ബാങ്ക് ഈ അവാർഡ് സാമ്പത്തിക ശാസ്ത്രത്തിന് ഏർപ്പെടുത്തുന്നതിനും അത് നോബൽ പ്രൈസിനൊപ്പം കൂട്ടിച്ചേർത്തതിനും പിന്നിൽ നവലിബറൽ തിങ്ക് ടാങ്ക് സ്വാധീനം കാണാം. ആൽഫ്രഡ് നോബലിന്റെ ചെറുമകനായ ലുഡ്വിഗ് നോബൽ (Ludwig Nobel ) തന്നെ ഇതിനെ എതിർത്തിട്ടുണ്ട്. നോബൽ സമ്മാന ജേതാവും സ്വീഡിഷ് സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്ന ഗുണർ മീഡാൾ (Gunnar Myrdal), ഈ അവാർഡ് നിർത്തലാക്കണമെന്നും, അവാർഡ് ഏർപ്പാടാക്കിയത് ഹയകിന്റെയും കൂട്ടാളികളുടെയും പ്രതിലോമ രാഷ്ട്രീയ -ധനകാര്യ ചിന്തകൾക്കു ലോകസമ്മതി നേടി കൊടുക്കാനാണെന്നും വിമർശിച്ചിട്ടുണ്ട്).

1974-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബേൽ പ്രൈസ് ഫ്രെഡറിക് ഹയക്(ഇടത്) സ്വീകരിക്കുന്നു.

രാഷ്ട്രീയക്കാർ, ബുദ്ധിജീവികൾ, മാധ്യമ പ്രവർത്തകർ, എഴുത്തുകാർ, അധ്യാപകർ എന്നിങ്ങനെ സമൂഹത്തിന്റെ ചിന്തകളെ നയിക്കുന്ന ഉന്നത വിഭാഗത്തെ സമാഹരിക്കുന്നതിനായി ബൗദ്ധിക സംരംഭങ്ങൾ അമേരിക്കയിലും യൂറോപ്പിലുമായി ഹയക്കും സംഘവും തുടങ്ങുന്ന നാളുകളിലാണ്, തേടിയ വള്ളി കാലിൽ ചുറ്റിയെന്ന വിധം അദ്ദേഹത്തിന്റെ പുസ്തകം വായിച്ചു ആവേശഭരിതനായ ബ്രിട്ടീഷ് വ്യവസായി ആന്റണി ഫിഷർ ഹയകിനെ നേരിൽ കാണാൻ ലണ്ടൻ സ്‌ക്കൂൾ ഓഫ് ഇക്കണോമിക്‌സിൽ എത്തുന്നതും, ‘നിങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ട, പകരം രാഷ്ട്രീയക്കാരെയും സകലമാന മനുഷ്യരെയും പാട്ടിലാക്കുന്ന തിങ്ക് ടാങ്കുകൾ സ്ഥാപിക്കൂ' എന്നുപദേശിക്കുന്നതും. തുടർന്ന്, ഒരു മാതൃകാ ബൗദ്ധിക സംഭരണി എങ്ങനെയാകണം എന്നു നേരിൽ കണ്ടു മനസ്സിലാക്കാൻ ആന്റണി ഫിഷർ അമേരിക്കയിലെത്തി എഫ്. ഇ. ഇ. യുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുന്നു. ബ്രിട്ടനിൽ തിരിച്ചെത്തിയ ഫിഷർ മൂന്നു വർഷത്തിനകം 1955 ൽ ‘ഇൻസ്‌റിസ്റ്റ്യൂട്ട് ഫോർ ഇക്കണോമിക് അഫയേഴ്‌സ് ' (ഇ. ഐ. എ.) എന്ന പേരിൽ ഒരു തിങ്ക് ടാങ്ക് സ്ഥാപിച്ചു. ‘വിദ്യാഭ്യാസ മേഖലയിൽ ഗവേഷണം നടത്തുന്ന സ്ഥാപനം' എന്നാണ് ഇവർ സ്വയം വിശേഷിപ്പിച്ചത്. ജനങ്ങളെ ബോധവൽക്കരിക്കുന്നതിനാൽ രാഷ്ട്രീയമായ ഒരു ചായ്വും തങ്ങൾക്കില്ല എന്ന പ്രതീതി ജനിപ്പിക്കുന്ന വിധം തന്ത്രപരമായി വേണം പ്രവർത്തിക്കേണ്ടതെന്ന് ഇവർ തുടക്കത്തിലേ തന്നെ തീരുമാനിച്ചിരുന്നു. പിന്നീട്,1980 കളിൽ നവലിബറൽ രാഷ്ട്രീയത്തിലേക്കു പിന്മടങ്ങുന്നതിനു മാർഗ്ഗരറ്റ് താച്ചർ ഗവൺമെന്റിന്റെ ബുദ്ധികേന്ദ്രമായി അണിയറയിൽ പ്രവർത്തിക്കുക വഴി, ബ്രിട്ടീഷ് ചരിത്രത്തിൽ സർക്കാർ നയരൂപീകരണത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ തിങ്ക് ടാങ്ക് ആയി ഇ.ഐ.എ. ഇന്ന് അറിയപ്പെടുന്നു.

ചികിത്സാ സ്വകാര്യവൽക്കരണം, ജങ്ക് ഫുഡിനെ പ്രേത്സാഹിപ്പിക്കൽ, തൊഴിലാളി സംഘടനകളെ ചെറുക്കൽ, നികുതിയിളവുകൾ നേടൽ എന്നിവക്കുവേണ്ടി ഇ.ഐ.എ. നിലകൊള്ളുന്നതിന് തെളിവുണ്ട്. കാലാവസ്ഥാ മാറ്റം കള്ളക്കഥയാണെന്നു പ്രചരിപ്പിക്കുന്ന ഇവരുടെ പ്രസിദ്ധീകരണങ്ങളെപ്പറ്റി ഗാർഡിയൻ പത്രം എഴുതിയിരുന്നു. ബി.ബി.സിയും മറ്റും ഇവരെ എപ്പോഴും വിദഗ്ദ്ധന്മാരായി ക്ഷണിക്കുന്നതിനെപ്പറ്റി ആക്ഷേപങ്ങൾ ഉയരുന്നു. തങ്ങളുടെ സാമ്പത്തിക ഉറവിടം ഇ.ഐ.എ. പുറത്തുവിടാറില്ല. വൻകിട പുകയില കമ്പനികൾ ഈ സ്ഥാപനത്തിന്​ ധനസഹായം ചെയ്യുന്നതായി സമ്മതിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ പുകയില വിരുദ്ധ പ്രവർത്തനങ്ങളെ വിമർശിച്ചു ഇവരുടെ ഒരംഗം ലഘുലേഖ എഴുതിയതായി കണ്ടെത്തിയിരുന്നു. മദ്യം, ജങ്ക് ഫുഡ്, പഞ്ചസാര, പെട്രോളിയം എന്നിവയുടെ വ്യവസായികൾ ഇവരുടെ സാമ്പത്തിക ഉറവിടങ്ങളാണ്. പരിസ്ഥിതി - സുരക്ഷാനിയന്ത്രണങ്ങൾ ലഘൂകരിക്കാൻ മന്ത്രിതല സമ്മർദ്ദം നടത്താൻ ഇ.ഐ.എ. ബ്രിട്ടീഷ് പെട്രോളിയം കമ്പനിയിൽ നിന്നും കാശു വാങ്ങിയിരുന്നു. അമേരിക്കൻ ടൊബാക്കോ കമ്പനി ഇവരുടെ സ്ഥിരം ധനസഹായിയാണ്.

സ്വതന്ത്രവും കക്ഷി രാഷ്ട്രീയത്തിന് അതീതവുമായി ഗവേഷണ- വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നുവെന്നു അവകാശപ്പെടുന്നുണ്ടെങ്കിലും, ഇന്ന് സമാനമായ 80 ഓളം തിങ്ക് ടാങ്കുകളുമായി ചേർന്ന് സ്വതന്ത്ര മാർക്കറ്റിനു വേണ്ടിയുള്ള സ്വാധീന ശൃംഖലയിൽ ഒന്നാമതത്രേ ഫ്രെയ്‌സർ ഇൻസ്റ്റിറ്റ്യൂട്ട്.

വ്യവസായികളും യൂണിവേഴ്‌സിറ്റികളുമായി ചേർന്നു നവലിബറൽ പുസ്തകങ്ങളുടെ പ്രസിദ്ധീകരണം, ‘ജേണൽ ഓഫ് ഇക്കണോമിക് അഫയേഴ്‌സ് 'എന്ന മാസിക, ലോകമാകെ 25 ലേറെ ഭാഷകളിൽ വില്പന നടത്തുന്ന രചനകൾ, നിരവധി ഗവേഷണ പ്രബന്ധങ്ങൾ എന്നിങ്ങനെ വിപുലമാണ് ഇവരുടെ ആശയപ്രചാരണ രംഗം. യു.കെ.യിലെ സർവ്വകലാശാലകളിലും വിദ്യാലയങ്ങളിലും ഇവരുടെ പുസ്തകങ്ങൾ നിർബ്ബന്ധമായും വായിച്ചിരിക്കേണ്ടവയുടെ ലിസ്റ്റിൽ പെടുത്തിയിരിക്കുന്നു. കച്ചവട മൂല്യങ്ങൾ, സാമ്പത്തിക വികസനം, വിദ്യാഭ്യാസം, പെൻഷൻ, നിയമം, നികുതി, ഗതാഗതം എന്നീ രംഗങ്ങളിലെ ഗവേഷണവും ഇ.ഐ. എ. ഏറ്റെടുത്തിരിക്കുന്നു.

ചികിത്സാ സ്വകാര്യവൽക്കരണം, ജങ്ക് ഫുഡിനെ പ്രേത്സാഹിപ്പിക്കൽ, തൊഴിലാളി സംഘടനകളെ ചെറുക്കൽ, നികുതിയിളവുകൾ നേടൽ എന്നിവക്കുവേണ്ടി ഇ.ഐ.എ. നിലകൊള്ളുന്നതിന് തെളിവുണ്ട്.

പിന്നീട് ,1974 ൽ സമാനമായ ഒരു സ്ഥാപനം ഫ്രെയ്‌സർ ഇൻസ്റ്റിറ്റ്യൂട്ട് (Fraser Institute) എന്ന പേരിൽ കാനഡയിൽ ആരംഭിച്ചപ്പോൾ അതിനെ പച്ചപിടിപ്പിക്കുന്നതിനായി ആന്റണി ഫിഷർ അതിന്റെ ആക്ടിംഗ് ഡയറക്ടറായി നിയമിതനായി. സ്വതന്ത്രവും കക്ഷി രാഷ്ട്രീയത്തിന് അതീതവുമായി ഗവേഷണ- വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നുവെന്നു അവകാശപ്പെടുന്നുണ്ടെങ്കിലും, ഇന്ന് സമാനമായ 80 ഓളം തിങ്ക് ടാങ്കുകളുമായി ചേർന്ന് സ്വതന്ത്ര മാർക്കറ്റിനു വേണ്ടിയുള്ള സ്വാധീന ശൃംഖലയിൽ ഒന്നാമതത്രേ ഫ്രെയ്‌സർ ഇൻസ്റ്റിറ്റ്യൂട്ട്. അമേരിക്കൻ ബഹുരാഷ്ട്രക്കമ്പനികളായ കോച് ഇൻഡസ്ടീസ് (Koch Industries), എക്‌സോൺ മോബിൽ (ExxonMobil Corporation), കനേഡിയൻ ബിസിനസുകാരനായ പീറ്റർ മങ്ക് ( Peter Mank), പ്രമുഖ എണ്ണക്കമ്പനികൾ, മരുന്നു നിർമാതാക്കൾ എന്നിവരാണ് ഫ്രെയ്‌സറിന്റെ മുഖ്യ സ്‌പോൺസർമാർ.

നവലിബറൽ ആശയ പ്രചാരണ വേലയ്ക്കായി 4000 പേർക്ക് 2020 ൽ അറ്റ്‌ലസ് ഫൗണ്ടേഷൻ പരിശീലനം നൽകി. ആഗോള തിങ്ക് ടാങ്കുകളായി പ്രവർത്തിക്കുന്ന 900 ആളുകളെയും പുറത്തിറക്കി.

തുടർന്ന് 1978 ൽ , മെൻഹാട്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി റിസർച്ച് (Manhattan Institute for Policy Research), 1979 ൽ പസഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് പോളിസി (Pacific Research Institute for Public Policy) എന്നിവയും ആന്റണി ഫിഷറിന്റെ മുൻകൈയിൽ സ്ഥാപിതമാകുന്നുണ്ട്. ഇങ്ങനെ അമേരിക്ക, ബ്രിട്ടൺ, കാനഡ എന്നിവിടങ്ങളിൽ, ഭരണനയങ്ങളെയും സമൂഹ ആശയഗതികളെയും സ്വാധീനിക്കുന്ന ബൗദ്ധിക സംഭരണികൾ 1950-70 കളിൽ സ്ഥാപിച്ചു മുന്നേറിയശേഷം,1980 ആയപ്പോൾ ഈ സ്ഥാപനങ്ങളെയാകെ തമ്മിൽ ബന്ധിപ്പിച്ച്​, ആശയങ്ങളും അനുഭവപാഠങ്ങളും കൈമാറുന്ന ഒരു ഗ്ലോബൽ നെറ്റ് വർക്കിലേയ്ക്കു നവലിബറലുകൾ തിരിഞ്ഞു. മാത്രമല്ല പാശ്ചാത്യ ലോകത്തിനു പുറത്ത് ഇതര വൻകരകളിലേയ്ക്കു കൂടി കോശവിഭജനം നടത്തി പുതിയ പുതിയ ബൗദ്ധിക കേന്ദ്രങ്ങളെ പ്രസവിക്കുന്നതിനു യൂറോ - അമേരിക്കൻ കോർപ്പറേറ്റ് ധനം പിന്തുണയും നൽകി. അങ്ങനെയാണ് 1981 ൽ ലോക ഭൂപടത്തിലേയ്ക്കു നവലിബറൽ രാഷ്ട്രീയ പദ്ധതിയുടെ വലവിരിച്ച്​ ‘അറ്റ്‌ലസ് നെറ്റ് വർ'ക്കിന് (Atlas Economic Research Foundatin) അമേരിക്ക ആസ്ഥാനമാക്കി ആന്റണി ഫിഷർ ജന്മം നൽകിയത്. സ്വതന്ത്ര വിപണിയുടെ പ്രോത്സാഹനത്തിന് പരിശീലനം, നെറ്റ് വർക്കിംഗ്, ഫണ്ടിംഗ് എന്നിവ 500 ഓളം സംഘടനകൾക്കു നൽകുന്നതും, 100 ലേറെ രാജ്യങ്ങളിൽ വേരോടിയതുമായ ബ്രഹത്തായ സ്ഥാപന പരമ്പരയാണ് അറ്റ്‌ലസ് ഫൗണ്ടേഷൻ.

നവലിബറൽ ആശയ പ്രചാരണ വേലയ്ക്കായി 4000 പേർക്ക് 2020 ൽ അറ്റ്‌ലസ് ഫൗണ്ടേഷൻ പരിശീലനം നൽകി. ആഗോള തിങ്ക് ടാങ്കുകളായി പ്രവർത്തിക്കുന്ന 900 ആളുകളെയും പുറത്തിറക്കി. അറ്റ്‌ലസ് ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടികളിൽ ഏർപ്പെട്ടു മുഖം മിനുക്കുമ്പോൾ തന്നെ കാലാവസ്ഥാ മാറ്റത്തെ നിഷേധിക്കുന്നു, പുകയില വ്യവസായത്തെ സംരക്ഷിച്ചു നിർത്തുന്നു. ക്യൂബയിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധരെ സഹായിക്കുക, കോസ്റ്ററിക്കയിൽ പെൻഷൻ നിയമങ്ങൾ പൊളിച്ചെഴുതാൻ വേണ്ടി രാഷ്ട്രീയക്കാർക്ക് പണം കൊടുക്കുക എന്നിങ്ങനെ പോകുന്നു അറ്റ്‌ലസിന്റെ നവലിബറൽ ഇടപെടലുകൾ. ഇവരുടെ ധനസ്രോതസ്സാകട്ടെ ബഹുരാഷ്ട്രകമ്പനികളാണ്.

ലോകഗതിയെ നയിക്കുന്ന ആശയമേൽക്കോയ്മ സാധ്യമാക്കിയ തിങ്ക് ടാങ്കുകളുടെ സൂത്രധാരനായതിനാൽ നവ ലിബറൽ ആരാധകവൃന്ദം ഫ്രെഡറിക് ഹയകിനെ ‘ബൗദ്ധിക സംരംഭകൻ ' എന്നു ബഹുമാനിക്കുന്നു.

ആന്റണി ഫിഷർ എന്ന ബ്രിട്ടീഷ് ധനികനെ ഇന്ന് ലോകം അറിയുന്നത് ഏറ്റവുമധികം ബൗദ്ധിക സംഭരണികൾ സ്ഥാപിച്ചയാൾ എന്ന നിലയ്ക്കാണ്. വെറുമൊരു ഇംഗ്ലീഷ് പാർലമെന്റേറിയനോ മന്ത്രിയോ ആയി വിരമിക്കുമായിരുന്ന ഫിഷറിനെ, ലോകത്തിന്റെ തന്നെ തലച്ചോറായി പ്രവർത്തിക്കുന്ന - ഭരണകൂടങ്ങൾ, അക്കാദമിക് സമൂഹം, മാധ്യമങ്ങൾ, പൗരജനങ്ങൾ എന്നിവയിലേയ്ക്കു നുഴഞ്ഞുകയറുന്ന ചിന്താ സംഭരണികളുടെ സ്ഥാപകനാക്കുന്നതിലൂടെ, ഇന്നു ലോകഗതിയെ നിശ്ചയിക്കുന്ന നവലിബറലിസത്തിന്റെ പുതിയൊരു അറിവധികാര നിർമ്മാണ വിതരണ മേൽക്കോയ്മക്കു കൂടി മാർഗ്ഗദർശനം ചെയ്യുകയായിരുന്നു ഫ്രെഡറിക് ഹയക്. ഇങ്ങനെ ലോകഗതിയെ നയിക്കുന്ന ആശയമേൽക്കോയ്മ സാധ്യമാക്കിയ തിങ്ക് ടാങ്കുകളുടെ സൂത്രധാരനായതിനാൽ നവ ലിബറൽ ആരാധകവൃന്ദം ഫ്രെഡറിക് ഹയകിനെ ‘ബൗദ്ധിക സംരംഭകൻ ' (Intellectual entrepreneur ) എന്നു ബഹുമാനിക്കുന്നു.

ആന്റണി ഫിഷർ

തന്റെ സഹപ്രവർത്തകരോടായി ഒരിക്കൽ ഹയക് പറഞ്ഞു: ‘നമുക്ക് ഇല്ലാതെ പോയത് ഒരു ലിബറൽ ഉട്ടോപ്യയാണ്. '
ലിബറലിസം കാഴ്ചവെയ്ക്കുന്ന സുഖസ്വാതന്ത്ര്യങ്ങളുടെ സ്വർഗഭൂമിയിൽ ലോകത്തെ വിശ്വസിപ്പിക്കാൻ കഴിയുക എന്നതാണ് ഒന്നാമത്തെ കാര്യം. അത്തരം ഉട്ടോപ്യയിൽ ജനങ്ങളെ സന്നിവേശിപ്പിക്കാൻ വേണ്ടത് ‘റാഡിക്കൽ ലിബറൽ പ്രവത്തനങ്ങ'ളാണെന്നും അത്തരം പ്രവർത്തനത്തിന്റെ കളിയരങ്ങുകളാണ് പരസ്പരം വല കോർത്തുനിൽക്കുന്ന ബൗദ്ധിക സംഭരണികൾ എന്നും ഹയക് വിഭാവനം ചെയ്തു.

ഇവർക്കു മാർഗ്ഗദർശനം നൽകാൻ ഹയക് സ്ഥാപിച്ച മോൺട് പെലെറിൻ സൊസൈറ്റിയിൽ ഇതേവരെ1025 പേരാണ് അംഗങ്ങൾ - ഇതിൽ 437 (39.4 %) പേർ അമേരിക്കയിൽ നിന്നുള്ളവരത്രേ. 1951 മുതൽ എല്ലാ രാജ്യങ്ങളിൽ നിന്നും ഇതിലേക്ക് അംഗത്വം വന്നു ചേർന്നു. 1986 - 1991 കാലത്ത് ഇന്ത്യൻ പ്രതിനിധികളുടെ അംഗത്വം കൂടുന്നതു കാണാം. നയസ്വാധീനക്കാർ, വ്യവസായികൾ, മാധ്യമ രംഗം, അന്താരാഷ്ട്ര സംഘടനാ അംഗങ്ങൾ, യൂണിവേഴ്‌സിറ്റി അധ്യാപകർ (പ്രത്യകിച്ച് സാമ്പത്തിക ശാസ്ത്രത്തിൽ നിന്നുള്ളവർ ), ഗവൺമെൻറ്​ ജോലിക്കാർ ( പ്രത്യേകിച്ചു ധനം കൈകാര്യം ചെയ്യുന്നവർ), സർക്കാർ ബാങ്ക്/ World Bank/IMF പ്രതിനിധികൾ എന്നിങ്ങനെ ഉന്നത വൈജ്ഞാനിക വർഗ്ഗമാണിവർ. ഏതു പാർട്ടി അധികാരത്തിലായാലും പ്രശ്‌നമല്ല, ഏതു രാജ്യമായാലും കുഴപ്പമില്ല, അവിടങ്ങളിൽ നിയോ ലിബറൽ നയം കൊണ്ടുവരുന്നതിലാണ് ഇവരുടെ വൈദഗ്ദ്ധ്യം. ▮

(തുടരും)


അശോകകുമാർ വി.

അധ്യാപകൻ. സാഹിത്യം, പരിസ്​ഥിതി, കൃഷി, ആരോഗ്യം എന്നീ വിഷയങ്ങളിൽ എഴുതുന്നു.

Comments