കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കടബാധ്യത ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ മൂലം തകർന്നുപോയത് ഇന്ത്യയിലെ രണ്ട് ഡസനോളം കോർപ്പറേറ്റ് ഗ്രൂപ്പുകളാണ്. 15 വർഷം മുമ്പ് ഇന്ത്യയിലെ അതിസമ്പന്നരിൽ മൂന്നാം സ്ഥാനത്തായിരുന്ന അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള എ.ഡി.എ.ജി (അനിൽ ധിരുഭായി അംബായി ഗ്രൂപ്പ്)യും ഇതിൽ ഉൾപ്പെടും. യു.എസിലെ അത്ര പ്രശസ്‌തമല്ലത്ത ഒരു ഇൻവെസ്റ്റ്‌മെൻറ് റിസർച്ച് സ്ഥാപനത്തിന്റെ റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ വിപണിമൂല്യത്തിന്റെ 50 ശതമാനം നഷ്‌ടമായ അദാനി ഗ്രൂപ്പും നീങ്ങുന്നതും ആ വഴിയ്‌ക്കാണോ?
ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഗൗതം അദാനി നേരിടുന്ന വെല്ലുവിളി ഒന്നര പതിറ്റാണ്ട് മുമ്പ് സമ്പന്നരിൽ നമ്പർ വൺ ആകുന്നതിനായി സഹോദരൻ കൂടിയായ മുകേഷ് അംബാനിയുമായി മത്സരിച്ച അനിൽ അംബാനി നേരിട്ട സ്ഥിതിവിശേഷവുമായി സമാനമാണ്. കഴിഞ്ഞ ജനുവരി 27ന് 20,000 കോടി രൂപ ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കാൻ ആരംഭിച്ച അദാനി എന്റർപ്രൈസസിന്റെ ഫോളോ ഓൺ പബ്ലിക് ഓഫറി (എഫ്.പി.ഒ) ന് തൊട്ടുമുമ്പായി അദാനി ഗ്രൂപ്പ് ഓഹരികളിൽ തുടങ്ങിയ കനത്ത ഇടിവ്, 2008 ജനുവരിയിൽ വിപണിയുടെ ശ്രദ്ധാകേന്ദ്രമായി മാറിയ റിലയൻസ് പവറിന്റെ ഐ.പിക്കുശേഷം അനിൽ ധിരുഭായി അംബാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ആരംഭിച്ച കൂട്ടതകർച്ചയെയാണ് ഓർമിപ്പിക്കുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി അദാനി ഗ്രൂപ്പിന്റെ ഓഹരികൾ നടത്തിയ വേറിട്ട പ്രകടനത്തിന് സമാനമായി 2007ൽ അനിൽ ധീരുഭായി അംബാനി ഗ്രൂപ്പിന്റെ ഓഹരികളാണ് വിപണിയുടെ ഹോട്ട് സ്റ്റോക്കുകളായിരുന്നത്. പല മടങ്ങ് നേട്ടം നൽകിയ എ.ഡി.എ.ജി ഓഹരികൾ വാങ്ങാൻ നിക്ഷേപകർ മത്സരിക്കുന്ന കാഴ്‌ചയാണ് 2007ലെ ബുൾ മാർക്കറ്റിൽ കണ്ടത്. അന്ന് അതിസമ്പന്നരിൽ ഒന്നാമതെത്തുക എന്ന ലക്ഷ്യത്തോടെ ടെലികോം മുതൽ പവർ വരെയുള്ള അടിസ്ഥാന സൗകര്യ വികസന രംഗത്തെ എല്ലാ മേഖലകളിലും കൈവെച്ച അനിൽ അംബാനി വിപണിയുടെ ശ്രദ്ധാകേന്ദ്രമായിരുന്നു.
2008 ജനുവരിയിൽ നടത്തിയ റിലയൻസ് പവറിന്റെ ഐ.പി.ഒ അതുവരെ രാജ്യം കണ്ടതിൽ ഏറ്റവും വലിയ പബ്ലിക് ഇഷ്യുവായിരുന്നു. ഒട്ടേറെ നിക്ഷേപകർ ആദ്യമായി ഓഹരി നിക്ഷേപം നടത്തിയതു തന്നെ മറ്റ് എ.ഡി.എ.ജി ഓഹരികൾ പോലെ വലിയ നേട്ടം നൽകുമെന്ന പ്രതീക്ഷയിൽ റിലയൻസ് പവറിന്റെ ഐ.പി.ഒ വഴിയായിരുന്നു. എന്നാൽ ലിസ്റ്റിംഗ് ദിവസം തന്നെ തകർച്ച നേരിട്ട റിലയൻസ് പവർ എ.ഡി.എ.ജി ഓഹരികളുടെ പതനത്തിനു തന്നെ തുടക്കം കുറിക്കുകയാണ് ചെയ്‌തത്.
അമിതമായ കടബാധ്യത കൈകാര്യം ചെയ്യാനാകാതെ അനിൽ അംബാനി ഓരോന്നായി കമ്പനികൾ വിറ്റൊഴിയുന്നതാണ് പിന്നീട് കണ്ടത്. കടക്കെണിയിൽ നിന്ന് മുക്തി നേടാൻ റോഡ് മുതൽ റേഡിയോ സ്റ്റേഷൻ വരെയുള്ള ആസ്‌തികളുടെയും ടെലികോം മുതൽ ഇൻഷുറൻസ് വരെയുമുള്ള ബിസിനസുകളുടെയും വിൽപ്പന നടത്തേണ്ടി വന്നു. മികച്ച ലാഭക്ഷമതയോടെ പ്രവർത്തിച്ചിരുന്ന റിലയൻസ് കാപ്പിറ്റലിന് കീഴിലുള്ള സുസ്ഥിരമായ ബിസിനസ് പോലും കടബാധ്യത തീർക്കാൻ വിറ്റൊഴിഞ്ഞു.
വളരെ ഉയർന്ന മൂലധന നിക്ഷേപം ആവശ്യമായ അടിസ്ഥാന സൗകര്യ മേഖലയിൽ ബിസിനസ് വിപുലീകരിക്കുന്നതിനായി കടബാധ്യതയുടെ കനത്ത ഭാരം തലയിൽ വെക്കുകയാണ് ഗൗതം അദാനിയും ചെയ്‌തത്. ഒന്നര പതിറ്റാണ്ട് മുമ്പ് അനിൽ അംബാനി ചെയ്‌തത് അൽപ്പം വ്യത്യസ്‌തമായ രീതിയിൽ ഗൗതം അദാനി ചെയ്‌തു. തുറമുഖം മുതൽ മീഡിയ വരെയുള്ള മേഖലകളിലേക്ക് അദാനി ഗ്രൂപ്പ് പടർന്നുപിടിച്ചത് കടമെടുത്ത വലിയ തുക കൈമുതലാക്കിയാണ്. അനിൽ അംബാനി കടത്തിന്റെ തിരിച്ചടവ് മുടക്കിയത് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെ പ്രതികൂലമായി ബാധിച്ചു. ഇന്ന് ഗൗതം അദാനിയുടെ വായ്‌പാ ബാധ്യതയുടെ 40 ശതമാനം ഇന്ത്യൻ ബാങ്കുകളിൽ നിന്നാണെടുത്തിരിക്കുന്നത്.
ഗൗതം അദാനിയുടെ വിധി അനിൽ അംബാനിയുടേത് പോലെയാകില്ല എന്ന് വാദിക്കുന്നവരുണ്ട്. ലോകത്തിലെ അതിസമ്പന്നരിൽ രണ്ടാം സ്ഥാനത്തു വരെയെത്തിയെന്ന അപൂർവനേട്ടം ആദ്യമായി ഒരു ഇന്ത്യക്കാരൻ കൈവരിച്ചതിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എല്ലാ അനുഗ്രഹാശിസുകളുമുണ്ടെന്നതാണ് അതിന് കാരണമായി പറയുന്നത്. മോദി തനിക്ക് തൽപ്പരരായ ബിസിനസ് ലീഡർമാരോട് കാണിക്കുന്ന പ്രത്യേക ആഭിമുഖ്യം മറ്റു പല കോർപ്പറേറ്റ് ഗ്രൂപ്പുകളുടെയും തകർച്ചക്ക് ഒരു കാരണമായി എന്നത് കൗതുകരമായ മറ്റൊരു വസ്‌തുതയാണ്.
കിങ്‌ഫിഷർ, വീഡിയോകോൺ, ജയപ്രകാശ് അസോസിയേറ്റ്‌സ്, ഭുഷൻ സ്റ്റീൽ, ജെറ്റ് എയർവേസ്, ഐ.എൽ & എഫ്.എസ്, കോഫീ ഡേ, സഹാറ, യൂണിടെക്, ജി.എം.ആർ, ജി.വി.കെ, ഐ.വി.ആർ.സി.എൽ, യൂണിടെക്, ഗീതാജ്ഞലി ജെംസ്, കോക്‌സ് & കിങ്‌സ്, തോമസ് കുക്ക്, സിംപ്ലക്‌സ് ഇൻഫ്ര, സിൻടെക്‌സ്, ക്രോംപ്‌റ്റൻ ഗ്രീവ്‌സ്, യെസ് ബാങ്ക്, ഫോർട്ടിസ് ഹെൽത്ത്‌കെയർ, എച്ച്.ഡി.ഐ.എൽ, ഡി.എച്ച്.എഫ്.എൽ തുടങ്ങിയ കോർപ്പറേറ്റ് ഗ്രൂപ്പുകളാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കടുത്ത പ്രതിസസന്ധിയിലകപ്പെട്ടത്. ഈ ഗ്രൂപ്പുകളുടെ പതനത്തിനൊപ്പം വിജയ് മല്യ, സുഭാഷ് ചന്ദ്ര, റാണാ സിംഗ്, സിംഗ് സഹോദരങ്ങൾ, നരേഷ് ഗോയൽ, സുബ്രതോ റോയ് തുടങ്ങിയ കോർപ്പറേറ്റ് കുലപതികളുടെ പ്രതിച്ഛായയാണ് വീണുടഞ്ഞത്. ആത്മഹത്യയിലേക്കും പലായനങ്ങളിലേക്കും പൊലീസ് കസ്റ്റഡിയിലേക്കും ജയിൽവാസത്തിലേക്കും ഈ വൻകിട സംരംഭകർ നയിക്കപ്പെടുകയും ഇന്ത്യക്കാർക്ക് പരിചിതമായ ഒട്ടേറെ ബ്രാന്റുകൾ ഈ പതനത്തിന്റെ ഫലമായി ഇല്ലാതാകുകയും ചെയ്‌തു.
ഈ ഗ്രൂപ്പുകളുടെ തകർച്ചയിൽ ഓരോന്നിനും അതിന്റേതായ കാരണങ്ങളുണ്ടെങ്കിലും പൊതുവായ ചില ഘടകങ്ങൾ കൂടി നിലനിൽക്കുന്നുണ്ട്. സവിശേഷമായ രാഷ്‌ട്രീയ സാഹചര്യം അതിനൊരു കാരണം തന്നെയാണ്. 2014ഓടെ രാഷ്‌ട്രീയ അന്തരീക്ഷത്തിലുണ്ടായ മാറ്റം പല കമ്പനികളെയും സംബന്ധിച്ച് ഉപജാപങ്ങൾ അസാധ്യമാക്കി. മോദി സർക്കാരുമായി അടുത്ത ബന്ധം പുലർത്തുന്ന കമ്പനികൾക്ക് മാത്രം ആനുകൂല്യങ്ങൾ ലഭിക്കുന്ന സവിശേഷ സാഹചര്യത്തിൽ നേരത്തെ മുൻ സർക്കാരുകളുമായും അതിലെ സഖ്യകക്ഷികളുമായുള്ള അതിരുവിട്ട രാഷ്‌ട്രീയ ബന്ധങ്ങളിലൂടെ തങ്ങൾക്കുവേണ്ട നയങ്ങളും നടപടികളും ലൈസൻസുകളും നേടിയെടുത്തിരുന്ന മറ്റൊരു കൂട്ടം കമ്പനികൾക്ക് അത് തുടർന്നും ലഭിക്കാതെ പോന്നതോടെ ബിസിനസിൽ കടുത്ത തിരിച്ചടി നേരിടേണ്ടി വന്നു.
സഖ്യസർക്കാരുകൾ നിലനിന്നിരുന്ന സമയത്ത് കോർപ്പറേറ്റുകൾക്ക് തങ്ങളുടെ ലോബീയിങ് വിജയകരമായി നിർവഹിക്കാൻ അധികാരത്തിൽ കൂട്ടാളിയായ ഏതെങ്കിലും പ്രാദേശിക കക്ഷിയുമായി മാത്രമുള്ള ചങ്ങാത്തം മതിയായിരുന്നു. രാഷ്‌ട്രീയനേതൃത്വങ്ങളുമായി മേശക്കടിയിലൂടെയും പിൻവാതിലിലൂടെയുമുള്ള ഇടപാടുകളിലൂടെ സദാ കൂട്ടുകെട്ടിലായിരുന്നതിനാൽ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഈ ശക്തികൾക്ക് തങ്ങളുടെ മേധാവിത്തം നിലനിർത്തുക എളുപ്പവുമായിരുന്നു. എന്നാൽ, 2014 മുതൽ സുസ്ഥിര സർക്കാർ അധികാരത്തിലേറിയതോടെ പഴയ രാഷ്‌ട്രീയ ബന്ധങ്ങളൊന്നും ഇത്തരം കമ്പനികളെ തുണച്ചില്ല. മോദിയുമായി ബന്ധമുള്ള ക്രോണികൾക്കു മാത്രം സർക്കാരിന്റെ അനുഗ്രഹാശിസുകൾ ലഭിക്കുന്ന സ്ഥിതിയിലേക്ക് ഇന്ത്യയിലെ ക്രോണി കാപ്പിറ്റലിസം കേന്ദ്രീകരിക്കപ്പെട്ടതോടെ പുതിയ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിൽ വിജയിക്കാനാകാതെ പോയ കോർപ്പറ്റേറ്റ് ലീഡർമാർ തീർത്തും നിസ്സഹായരായി.
അതേസമയം, സർക്കാരുമായി അടുത്ത ബന്ധമുള്ള കോർപ്പറേറ്റ് ഗ്രൂപ്പുകൾ പോലും അത്യന്തം നാടകീയമായി തകരുന്നതും നാം കണ്ടു. അനിൽ ധീരുഭായി അംബാനി ഗ്രൂപ്പ് തന്നെ പ്രധാന ഉദാഹരണം. മോദി സർക്കാർ നേരിട്ട ഏറ്റവും വലിയ അഴിമതി ആരോപണം റഫേൽ വിമാന ഇടപാടുകളെ ചൊല്ലിയായിരുന്നു. ഈ ഇടപാടുമായി ബന്ധപ്പെട്ട ഒരു പ്രധാന ആരോപണം വിമാന നിർമാണ രംഗത്ത് മുൻ പരിചയമില്ലാത്ത അനിൽ അംബാനിയുടെ കമ്പനിക്ക് കരാർ നൽകിയതിന്റെ പേരിലാണ്. അതേസമയം സർക്കാരിനെ പ്രതികൂട്ടിലാക്കാൻ കാരണമായ ആ കരാറൊന്നും അനിൽ ധീരുഭായി അംബാനി ഗ്രൂപ്പിനെ തകർച്ചയിൽ നിന്ന് കരകയറ്റാനുതകുന്നതായില്ല. അമിത കടബാധ്യതയുടെ ഭാരം മൂലമുള്ള പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാരുമായുള്ള ചങ്ങാത്തം മാത്രം പോരായിരുന്നു. മുങ്ങിത്താഴാൻ പോകുന്നവന് കച്ചിതുരുമ്പ് പോലുമായില്ല ആ കരാർ.
2014 മുതൽ ഇന്ത്യയിലെ ചങ്ങാത്ത മുതലാളിത്തം പുതിയ രൂപവും ഭാവവും ആർജിച്ചതിന്റെ ഫലമാണ് ഗൗതം അദാനിക്ക് ഒരു ഘട്ടത്തിൽ ലഭിച്ച ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ രണ്ടാം സ്ഥാനം. എന്നാൽ ഇത് ഇന്ത്യയിലെ ഓഹരി വിപണി സംവിധാനത്തിന്റെ പഴുതുപയോഗിച്ച് കൃത്രിമമായി സൃഷ്‌ടിച്ചെടുത്ത മൂല്യപ്പെരുക്കത്തിന്റെ അടിസ്ഥാനത്തിലുള്ള താൽക്കാലിക നേട്ടം മാത്രമായിരുന്നു. ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തു വരെയെത്തിയ ഒരു ബിസിനസ് തലവന്റെ ഗ്രൂപ്പിന്റെ വിപണിമൂല്യം ഓഹരി വിപണിയിലെ കരടികളുടെ ഗാഢാലിംഗനത്തെ തുടർന്ന് ദിവസങ്ങൾക്കുള്ളിൽ അമ്പത് ശതമാനം ഇടിയുക എന്നത് അപൂർവ സംഭവമാണ്. ഇന്ത്യയിലെ ക്രോണി കാപ്പിറ്റലിസത്തിന്റെ വികൃതമുഖവും ഓഹരി വിപണി സമ്പ്രദായത്തിന്റെ പഴുതുകളും ഒന്നുപോലെ ഇതുവഴി ലോകത്തിന് മുന്നിൽ മറചീന്തി പുറത്തു വന്നു.
ഓഹരിവിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതം (പി ഇ റേഷ്യോ) ആണ് ഓഹരികളുടെ മൂല്യം അളക്കുന്നതിന് ലോകത്ത് ഏറ്റവും വ്യാപകമായി സ്വീകരിക്കപ്പെടുന്ന മാനദണ്‌ഡം. ഈ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ അദാനി ഗ്രൂപ്പിലെ പല ഓഹരികളും അമിത മൂല്യത്തിന്റെ പരകോടിയിലായിരുന്നു വ്യാപാരം ചെയ്‌തിരുന്നത് എന്നു കാണാം. കമ്പനി കൈവരിക്കാനിരിക്കുന്ന പ്രതി ഓഹരി വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പി ഇ റേഷ്യോ കണക്കാക്കി ഓഹരിയുടെ മൂല്യം വിലയിരുത്തുന്നത് വ്യാപകമായ ഒരു രീതിയാണ്. സാധാരണ നിലയിൽ രണ്ടോ മൂന്നോ വർഷത്തിനുശേഷം വരെ കൈവരിക്കാനിരിക്കുന്ന പ്രതി ഓഹരി വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഫോർവേർഡഡ് ഏർണിംഗ്‌സ് കണക്കാക്കാറുണ്ട്. എന്നാൽ അദാനി ഗ്രൂപ്പിലെ പല ഓഹരികളും ഇരുപതും മുപ്പതും വർഷത്തിനപ്പുറം കൈവരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രതി ഓഹരി വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള മൂല്യത്തിലാണ് വ്യാപാരം ചെയ്‌തിരുന്നത്. നാലക്ക പി ഇയിൽ വ്യാപാരം ചെയ്യുന്ന ഓഹരികൾ ആഗോള വിപണിയുടെ ചരിത്രത്തിൽ തന്നെ അപൂർവമാണ്. വിലയിലുണ്ടായ കുതിപ്പിൽ അദാനി ഗ്രൂപ്പിലെ ചില ഓഹരികൾ ഈ ‘അപൂർവനേട്ടം' സ്വന്തമാക്കുകയും ചെയ്‌തു.
ഒരു തരത്തിലും നീതികരിക്കാനാകാത്ത മൂല്യത്തിൽ വ്യാപാരം ചെയ്‌തിരുന്നതു കൊണ്ടാണ് യു.എസിലെ ഒരു ഇൻവെസ്റ്റ്‌മെൻറ് റിസർച്ച് സ്ഥാപനത്തിന്റെ റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പ് ഓഹരികൾ കരടികളുടെ ഗാഢാലിംഗനത്തിൽ അമർന്നത്. ഗൗതം അദാനിക്കൊപ്പം അതിസമ്പന്നരുടെ മുൻനിരയിലുള്ള വ്യക്തികളുടെ കമ്പനികളിൽ ഇത്തരമൊരു ബെയർ അറ്റാക്ക് ചിന്തനീയം പോലുമല്ല എന്നതാണ് കൗതുകകരം.
ഓഹരി വിപണിയിൽ ചെറിയ തോതിലുള്ള കരകയറ്റം നടത്തിയെങ്കിലും അദാനി ഗ്രൂപ്പ് കമ്പനികൾക്ക് പൂർണ തോതിലുള്ള ഒരു അതിജീവനം സാധ്യമാകുമോ? ക്രെഡിറ്റ് റിസ്‌ക് ഒരു പരിധിക്ക് അപ്പുറമായാൽ ഒരു ബിസിനസ് ഗ്രൂപ്പിനും സർക്കാരിന്റെ പിന്തുണ കൊണ്ടുമാത്രം അതിജീവിക്കാനാകില്ല. യഥാർത്ഥത്തിൽ ബോണ്ട് വിപണിയിലെ അനുരണനങ്ങളാണ് അദാനി ഗ്രൂപ്പിന്റെ ഭാവിയുടെ സൂചനകൾ നൽകുന്നത്. അദാനി ഗ്രൂപ്പ് ബോണ്ടുകൾ കൂപ്പൺ വിലയിൽ നിന്ന് 40 ശതമാനം വരെ ഇടിഞ്ഞപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് ഈ കോർപ്പറേറ്റ് സാമ്രാജ്യത്തിന്റെ വായ്‌പാ തിരിച്ചടവ് ശേഷി തന്നെയാണ്. ബോണ്ടുകൾ ഡിഫോൾട്ട് ആയി പോകുമെയന്ന ഭീതിയാണ് ഇത്ര കനത്ത വിൽപ്പന ബോണ്ട് വിപണിയിൽ ഉണ്ടായതിന് കാരണം.
അദാനി ഗ്രൂപ്പിന്റെ ഏകദേശം രണ്ട് ലക്ഷം കോടി രൂപ വരുന്ന വായ്‌പയുടെ 60 ശതമാനവും വിദേശ ബാങ്കുകളിൽ നിന്നാണെടുത്തിരിക്കുന്നത്. 20,000 കോടി രൂപ സമാഹരിക്കുന്നതിനായി നടത്തിയ ഫോളോ ഓൺ പബ്ലിക് ഓഫർ (എഫ്.പി.ഒ) ഉപേക്ഷിക്കാൻ നിർബന്ധിതമായ അദാനി ഗ്രൂപ്പിന് ബോണ്ട് വിപണിയിലെ തിരിച്ചടി മൂലം പുതിയ കടം കിട്ടുക ഒട്ടും എളുപ്പമല്ല. അദാനി പോർട്‌സ് & സ്‌പെഷ്യൽ ഇകണോമിക് സോൺ, എസി, അംബുജാ സിമൻറ്സ് എന്നിവയൊഴികെയെയുള്ള എല്ലാ അദാനി ഗ്രൂപ്പ് കമ്പനികളും ബിസിനസ് പാകപ്പെടുത്തുന്ന ഘട്ടത്തിലാണ്. വൻതുക മൂലധന നിക്ഷേപമായി എത്തിയാൽ മാത്രമേ ഈ കമ്പനികളുടെ പല പദ്ധതികളും പൂർത്തികരിക്കാനാകൂ. ഇതിന് കടമല്ലാതെ മറ്റ് ആശ്രയമില്ല.
മൂല്യപെരുപ്പം സൃഷ്‌ടിച്ച് ഉണ്ടാക്കിയെടുത്ത അമിതവിലയുടെ അടിസ്ഥാനത്തിൽ പണയപ്പെടുത്തിയ ഓഹരികളാണ് വായ്‌പയുടെ ഒരു സ്രോതസ്. വിലതകർച്ചയെ തുടർന്ന് കൂടുതൽ ഓഹരികൾ പണയപ്പെടുത്തേണ്ടി വന്ന അദാനി ഗ്രൂപ്പിന് ഇത്തരത്തിലുള്ള കൂടുതൽ വായ്‌പകളും ബുദ്ധിമുട്ടാകും.
ഇതുവരെ റേറ്റിംഗ് ഏജൻസികൾ അദാനി ഗ്രൂപ്പിന്റെ കടപ്പത്രങ്ങളെ ഡൗൺ ഗ്രേഡ് ചെയ്‌തിട്ടില്ല എന്നതാണ് അവർക്ക് ഇപ്പോൾ ആശ്വാസമായിരിക്കുന്നത്. എന്നാൽ ബോണ്ട് വിപണിയിലെ കനത്ത ചാഞ്ചാട്ടം കണക്കിലെടുക്കുമ്പോൾ ഡൗൺഗ്രേഡിംഗിനുള്ള സാധ്യത ശക്തമായി നിലനിൽക്കുന്നു. എ.ഡി.എ.ജി ഉൾപ്പെടെയുള്ള ഗ്രൂപ്പുകളുടെ തകർച്ച പൂർത്തിയായയത് ഡൗൺഗ്രേഡിംഗ് കൂടി സംഭവിച്ചപ്പോഴാണ് എന്നത് ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്.