ഹിൻഡൻബെർഗ് റിപ്പോർട്ട്, അദാനിക്കെതിരെയുള്ള ഗൂഢാലോചനയോ?

ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്തുവന്നതോടെ, അവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ "വിദേശ സ്ഥാപനം ഇന്ത്യൻ കമ്പനിയെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടത്തുന്നതെ'ന്ന മറു ആരോപണമാണ് അദാനി ഗ്രൂപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. നട്ടെല്ലില്ലാത്ത ഇന്ത്യൻ മാധ്യമങ്ങൾ "ആസൂത്രിത ഗൂഢാലോചനയോ?' എന്ന് വായ്ത്താരിയിടുന്നുണ്ട്. മറ്റ് ചിലർ "ഞെട്ടൽ' രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അവരുടെ ഞെട്ടൽ കണ്ടാൽ അദാനി ഗ്രൂപ്പിനെതിരായി ഉയരുന്ന ആദ്യത്തെ ആരോപണമാണിതെന്ന് തോന്നും.

അങ്ങനെ തെറ്റിദ്ധരിക്കാൻ സാധ്യതയുള്ളവർക്കായി ഒരൊറ്റ സംഭവം മാത്രം ഓർമപ്പെടുത്താം.

2010 -11 കാലയളവിൽ കർണാടകയിലെ അകോളയിലെ ബെലകേരി പോർട്ട് വഴി ദശലക്ഷക്കണക്കിന് ടൺ ഇരുമ്പയിര് ചൈനയിലേക്ക് കടത്തുന്നതായി ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ അത് റിപ്പോർട്ട് ചെയ്യുകയുണ്ടായി. 2 ബില്യൺ ഡോളറിന്റെ ഇരുമ്പയിര് ഇത്തരത്തിൽ അനധികൃതമായി കയറ്റുമതി ചെയ്യപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പെർമിറ്റില്ലാതെ ഇരുമ്പയിര് കടത്തിയവരിൽ അദാനിയുടെ കമ്പനിയുമുണ്ടെന്ന് അക്കാലത്തെ ലോകായുക്ത ചെയർമാനായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേ തന്റെ റിപ്പോർട്ടിൽ എഴുതി. ""അനധികൃത കയറ്റുമതിക്കായി അദാനി എന്റർപ്രൈസസ് കൈക്കൂലി നൽകിയിട്ടുണ്ട്. ബെലേക്കേരി തുറമുഖത്തിന് അനുവദിച്ച കരാർ റദ്ദാക്കുകയും കമ്പനിക്കെതിരെ നടപടിയെടുക്കുകയും, കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുകയും ഗവൺമെന്റിന്റെ ഭാവി കരാറുകൾ, ഗ്രാന്റുകൾ അല്ലെങ്കിൽ പാട്ടം മുതലായവയിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുകയും വേണം.'' (Karnataka Lokayukya, 2011). ലോകായുക്ത റിപ്പോർട്ട് പബ്ലിക് ഡൊമൈനിൽ ലഭ്യമാണ്).

അദാനിക്കെതിരായി ഇത്രയും കർശനമായ അഭിപ്രായം രേഖപ്പെടുത്തുകയും നടപടികൾ നിർദ്ദേശിക്കുകയും ചെയ്ത ലോകായുക്തയുടെ അവസ്ഥ പിന്നീടെന്തായിയെന്ന് നമുക്കെല്ലാവർക്കുമറിയാം. ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേയുടെ റിപ്പോർട്ടിൽ ഒരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല. തൊട്ടടുത്ത വർഷം തന്നെ (2011) രാജസ്ഥാൻ സർക്കാരുമായുള്ള സംയുക്ത സംരംഭത്തിൽ പങ്കാളിയാകാൻ ഗൗതം അദാനിയുടെ കീഴിലുള്ള അദാനി പവറിന് അവസരം ലഭിക്കുകയും ചെയ്തു.

ഇന്ത്യയിലെ ഒരൊറ്റ മാധ്യമ ഏജൻസിയും ഇതേക്കുറിച്ച് ഒരന്വേഷണവും നടത്തുകയുണ്ടായില്ല.

അദാനി സാമ്രാജ്യത്തിന്റെ നിഗൂഢ ബിസിനസ് വഴികളെക്കുറിച്ച്, മോദിയുമായുള്ള സൗഹൃദമുപയോഗിച്ച് നേടിയെടുത്ത സൗജന്യങ്ങളെക്കുറിച്ച് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ ഇക്കണോമിക്​ ആൻറ്​ പൊളിറ്റിക്കൽ വീക്കിലി എഡിറ്ററായിരുന്ന പരഞ്ജോയ് ഗുഹ ഠാകുർതയ്ക്ക് തൽസ്ഥാനം രാജിവെക്കേണ്ടിവരികയും കോടിക്കണക്കിന് രൂപയുടെ മാനനഷ്ടക്കേസ്​അഭിമുഖീകരിക്കേണ്ടി വരികയും ചെയ്തു. (ഈ കേസുകളിൽ കൃത്യമായി കോടതികളിൽ ഹാജരാകാതെ കേസ് നീട്ടിക്കൊണ്ടുപോകാനാണ് അദാനി നിയമ വിദഗ്ദ്ധരുടെ ശ്രമം).

വൻകിട കോർപറേറ്റ് കമ്പനികളുടെ കള്ളക്കളികളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നവർക്കെതിരെ കോടിക്കണക്കിന് രൂപയുടെ മാനനഷ്ടം ഫയൽ ചെയ്ത് ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുന്നതിനെതിരെ അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ നിയമങ്ങളുണ്ട്.

ഇന്ത്യയിലും 2014ൽ "Whistle blower protection act' പാർലമെൻറ്​
പാസാക്കിയെങ്കിലും അവ നടപ്പിലാക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. എന്തുകൊണ്ട് ഈ നിയമം നടപ്പിലാക്കുന്നില്ല എന്ന് ഇന്ത്യയിലെ ഒരൊറ്റ പ്രതിപക്ഷ പാർട്ടിയും മാധ്യമങ്ങളും ഇതുവരെയായി ചോദിച്ചിട്ടുമില്ല.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments