രണ്ടര പതിറ്റാണ്ടുകൊണ്ട് ലോക ടൂറിസം രംഗത്ത് കേരളത്തിന്റെ മുഖമുദ്രയായി മാറിയ വഞ്ചിവീടുകൾക്ക് ഇത് ദുരന്തകാലമാണ്. ആയിരത്തിനാനൂറിൽ ഏറെ വള്ളങ്ങളും അയ്യായിരത്തിലേറെ തൊഴിലാളികളും രണ്ടായിരത്തി അഞ്ഞൂറ് കോടിയുടെ നിക്ഷേപവുമൊക്കെയായി വളർന്ന ഈ തദ്ദേശീയ വ്യവസായം ഇന്ന് പിടിച്ചു നിൽക്കാൻ പാടുപെടുകയാണ്. നിപ്പയും ഓഖിയും പ്രളയവും അതിജീവിച്ച വഞ്ചിവീട് വ്യവസായം വീണ്ടെടുക്കാനാവാത്തവണ്ണം വേമ്പനാട്ടു കായലിൽ ആണ്ടുപോയത് കൊവിഡ് ലോക് ഡൗണിലാണ്.