യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്ന മുറി സാമ്പത്തിക വിദഗ്ദ്ധന്റെ പകരച്ചുങ്കം എന്ന കുറിപ്പടി കഴിച്ച് സാമ്പത്തിക അരാജകാവസ്ഥയെ കാത്തിരിക്കയാണ് വിപണി ഇപ്പോൾ. ട്രംപ്- ചൈന വ്യാപാര പോരാട്ടം ആഗോള സാമ്പത്തിക ഭൗതികശാസ്ത്രത്തിൽ (Global Economic Geopolitics) വൻ തരംഗമാകുകയുമാണ്.
ആഗോളവിപണിയിലെ തകർച്ചക്കു പിന്നാലെ, പകരച്ചുങ്കത്തിന് 90 ദിവസത്തെ ഇടവേള പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ ട്രംപ്. അതുവരെ 10 ശതമാനം മാത്രമായിരിക്കും തീരുവ. എന്നാൽ, ചൈനയുമായുള്ള കൊമ്പുകോർക്കൽ തുടരാനാണ് തീരുമാനമെന്ന് വ്യക്തമാക്കി ആ രാജ്യത്തുനിന്നുള്ള ഇറക്കുമതിക്ക് തീരുവ 125 ശതമാനമാക്കി. ട്രംപിന്റെ ആദ്യ പ്രഖ്യാപനത്തോടെ ഒരു വശത്ത് അമേരിക്കയും മറുവശത്ത് മറ്റെല്ലാ രാജ്യങ്ങളും എന്ന അവസ്ഥ വന്നിരുന്നു. ഇത് വ്യാപാര യുദ്ധത്തിനും മാന്ദ്യത്തിനും വരെ കാരണമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ സ്വഭാവം മാറ്റി യു.എസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം എന്ന നിലയിലേക്കാണ് പുതിയ തീരുമാനം വന്നത്.
75- ലധികം രാജ്യങ്ങൾ വിഷയത്തിൽ ചർച്ച വേണമെന്ന അഭ്യർഥനയുമായി അമേരിക്കയെ സമീപിച്ചതിനാലാണ് 90 ദിവസത്തേക്ക് തീരുമാനം മരവിപ്പിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ചൈന ലോകവിപണിയോട് ‘ബഹുമാനക്കുറവ്’ കാണിച്ചതിനാൽ അവരുടെ ഉൽപന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കുകയാണെന്നും ട്രംപ് പറഞ്ഞു.

പകരച്ചുങ്ക കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് ലോകമാകെയുള്ള വിപണികൾ നിലതെറ്റി നിൽക്കുകയാണ്. ആഗോള വാണിജ്യ യുദ്ധത്തിലേക്കുവരെ ഈ സാഹചര്യം വികസിക്കുകയാണ്. പകരച്ചുങ്കപ്രഖ്യാപനത്തിനു പിന്നാലെ ലോകത്തെ പല ഓഹരിവിപണികളിലുമുണ്ടായ ഇടിവ് വരാനിരിക്കുന്ന വിപത്തിന്റെ സൂചനയാണ്.
ട്രംപിന്റെ ‘പ്രതികാരചുങ്കം’ ഇന്ത്യക്ക് കടുത്ത ആഘാതമായിരിക്കും ഉണ്ടാക്കുക. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 26 ശതമാനം ഇറക്കുമതി തീരുവയാണ് ചുമത്തിയിരിക്കുന്നത്. 20 ശതമാനം ചുങ്കമാണ് ഇന്ത്യ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായി 26 ശതമാനമാക്കി. വ്യവസ്ഥാപിത സ്ഥാപനങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റിൽ പറത്തി വൻശക്തി രാഷ്ട്രങ്ങൾ പരസ്പരം പോരിനിറങ്ങിയപ്പോഴാണ് ആഗോള മാധ്യമങ്ങൾ അതിനെ ‘വ്യാപാരയുദ്ധം’ എന്ന് പറഞ്ഞത്. ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കാനുള്ള തയാറെടുപ്പിലാണ് എന്ന മോദി ഭരണകൂടത്തിന്റെ അവകാശവാദത്തിനുള്ള ട്രംപിന്റെ കനത്ത പ്രഹരംകൂടിയായി ഈ നടപടിയെ കാണാം.
2023- 24 സാമ്പത്തിക വർഷം സമുദ്രോത്പന്ന കയറ്റുമതിയിലൂടെ ഇന്ത്യ നേടിയ 738 കോടി അമേരിക്കൻ ഡോളറിൽ 488 കോടി ഡോളർ ചെമ്മീനിൽ നിന്നു മാത്രമാണ്. ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയുടെ 34.53 ശതമാനം വാങ്ങുന്നത് അമേരിക്കയാണ്.
ലോകവ്യാപാര സംഘടന
ശരശയ്യയിൽ
രാഷ്ട്രങ്ങൾ തമ്മിലെ വ്യാപാരങ്ങളും അതുവഴിയുള്ള സാമ്പത്തിക ഇടപാടുകളും പരമാവധി സ്വതന്ത്രവും സുതാര്യവുമാക്കാൻ ഉദ്ദേശിച്ച് പടച്ചുവിട്ട ലോകവ്യാപാര സംഘടന ശരശയ്യയിലാണ്.
രണ്ടാം ലോകയുദ്ധാന്ത്യത്തിൽ രൂപംകൊടുത്ത ബ്രെട്ടൺ വുഡ്‌സ് സംവിധാനത്തിന്റെ പ്രധാന ഘടകമായിരുന്നു ബഹുരാഷ്ട്ര ധാരണകളും തീരുമാനങ്ങളും. അതിൽ വിഭാവനം ചെയ്ത ലോക വ്യാപാരസംഘടന ഔപചാരികമായി നിലവിൽ വരാൻ അരനൂറ്റാണ്ടെടുത്തെന്നത് വേറേ കാര്യം. ലോക വാണിജ്യം എല്ലാ രാജ്യങ്ങളും ചേർന്ന് സമവായത്തിലൂടെ രൂപപ്പെടുത്തുന്ന ചട്ടങ്ങളും വ്യവസ്ഥകളും വഴി വേണം നിയന്ത്രിക്കാനെന്നതായിരുന്നു അതിന്റെ കാതൽ. അതിനെ തള്ളിപ്പറയുകയാണിപ്പോൾ ട്രംപ് ചെയ്യുന്നത്. ഇനി ലോക വ്യാപാരസംഘടന കടലാസു സംഘടനമാത്രം. ലോകത്തിലെ ഉത്‌പന്നങ്ങളിൽ 15 ശതമാനം വാങ്ങുന്ന അമേരിക്ക പറയുന്നത് മറ്റുള്ളവരെല്ലാം സ്വീകരിക്കണമെന്ന് ട്രംപ് കല്പിക്കുന്നു.

അമേരിക്കൻ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയിലെ റോസ് ഗാർഡനിൽ വെച്ച് 185 രാജ്യങ്ങൾക്കെതിരായാണ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അന്യോന്യ നികുതി (റെസിപ്രോക്കൽ ടാക്സ്) പ്രഖ്യാപിച്ചത്. പത്തു ശതമാനം (അഫ്ഗാനിസ്ഥാൻ) മുതൽ അൻപത് ശതമാനം (ലെസോതൊ) വരെയാണ് പകരത്തിനു പകരം എന്നു വിശേഷിപ്പിച്ച അന്യോന്യ നികുതി. ‘ഏപ്രിൽ രണ്ട് അമേരിക്കയുടെ വിമോചന ദിനം’ എന്ന് വിശേഷിപ്പിച്ചായിരുന്നു ഈ പ്രഖ്യാപനം.
അമേരിക്കയുടെ വാണിജ്യനേട്ടത്തിന് അപകടകാരിയായ 15 ‘ചീത്ത രാജ്യങ്ങൾ’ (ഡേട്ടി ഫിഫ്റ്റീൻ) ഉണ്ടെന്നാണ് രാജ്യങ്ങളുടെ പേരെടുത്തു പറയാതെ അമേരിക്കൻ ഭരണകൂടം പറഞ്ഞത്. അമേരിക്കയുമായി കയറ്റിറക്കുമതി വ്യാപാരത്തിൽ ഏർപ്പെടുന്ന രാജ്യങ്ങളിൽ കച്ചവടമൂല്യത്തിലും, പ്രകടമായ നികുതി വ്യത്യാസം വരുത്തിയതുമായ രാജ്യങ്ങളുടെ പട്ടികയിൽ പതിനൊന്നാമത് ഇന്ത്യയാണെന്നതിനാൽ എന്തെങ്കിലും പ്രത്യേക ആനുകൂല്യം നമുക്കു ലഭിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതല്ല.
എന്തുകൊണ്ട് തൊഴിലുകൾ ചൈനയിലേക്കും ദക്ഷിണ കൊറിയയിലേക്കും വിയറ്റ്‌നാമിലേക്കും ബംഗ്ലാദേശിലേക്കും പോയി എന്നതിന് ട്രംപ് തന്നെ ഉത്തരവും കണ്ടെത്തിയിരിക്കുന്നു. മുഖ്യകാരണം കുറഞ്ഞ വേതനം തന്നെ.
താനൊരു വലിയ ഡീലറാണെന്ന് പറയുന്നതിൽ അഭിമാനിക്കുന്ന ഒരു റിയൽ എസ്റ്റേറ്റ് മുതലാളി ലോകം മുഴുവൻ ഡീലുകൾക്ക് അവസരമുണ്ടാക്കുന്നു. ഒരു രാജ്യത്തിനും തങ്ങളുടെ ആവശ്യത്തിനനുസരിച്ച നയമുണ്ടാക്കാനോ നികുതി നിശ്ചയിക്കാനോ പറ്റില്ല. നഷ്ടപ്പെട്ട ഫാക്ടറിത്തൊഴിലുകൾ തിരിച്ചുകൊണ്ടുവരുമെന്നാണ് ട്രംപ് പറയുന്നത്. എന്തുകൊണ്ട് തൊഴിലുകൾ ചൈനയിലേക്കും ദക്ഷിണ കൊറിയയിലേക്കും വിയറ്റ്‌നാമിലേക്കും ബംഗ്ലാദേശിലേക്കും പോയി എന്നതിന് ട്രംപ് തന്നെ ഉത്തരവും കണ്ടെത്തിയിരിക്കുന്നു. മുഖ്യകാരണം കുറഞ്ഞ വേതനം തന്നെ. അമേരിക്കയിൽ ഫാക്ടറിത്തൊഴിലാളിയുടെ ശരാശരി വേതനം 1,02,629 ഡോളർ വരും. ചൈനയിൽ ഇതിന്റെ നാലിലൊന്നുമതി, കൊറിയയിൽ 40 ശതമാനം മാത്രം. ജർമനിയിൽപ്പോലും 75 ശതമാനമേ വരൂ. അപ്പോൾ എത്ര കമ്പനികൾ യു.എസിലേക്ക് വരും എന്ന് ചിന്തിക്കാവുന്നതേയുള്ളൂ.
അമേരിക്കയിൽ ഫാക്ടറിത്തൊഴിലാളിയുടെ ശരാശരി വേതനം 1,02,629 ഡോളർ വരും. ചൈനയിൽ ഇതിന്റെ നാലിലൊന്നുമതി, കൊറിയയിൽ 40 ശതമാനം മാത്രം. ജർമനിയിൽപ്പോലും 75 ശതമാനമേ വരൂ. അപ്പോൾ എത്ര കമ്പനികൾ യു.എസിലേക്ക് വരും എന്ന് ചിന്തിക്കാവുന്നതേയുള്ളൂ.
പകരച്ചുങ്കത്തിന്റെ
പ്രത്യാഘാതങ്ങൾ
ഇന്ത്യയടക്കം പല രാജ്യങ്ങളുമായും യു.എസിനുള്ള വാണിജ്യക്കമ്മി കുറയ്ക്കാനോ നികത്താനോ ഉള്ള ശ്രമമെന്നനിലയിലാണ് പകരച്ചുങ്കമെന്ന ആശയം ട്രംപ് ആദ്യമേ അവതരിപ്പിച്ചത്. ഇതുവഴി ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കാമെന്നും കുടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാമെന്നും അദ്ദേഹം കരുതുന്നു. മറ്റൊരു രാജ്യത്തുനിന്നുള്ള ഇറക്കുമതി ആ രാജ്യത്തേക്കുള്ള കയറ്റുമതിയെക്കാൾ കൂടുതലായിരിക്കുന്നതിനെയാണു വാണിജ്യക്കമ്മിയെന്നു പറയുന്നത്. മറ്റു രാജ്യങ്ങളിൽനിന്ന് യു.എസിലെത്തുന്ന ഉത്പന്നങ്ങൾക്ക് ഇറക്കുമതിച്ചുങ്കം വളരെ കുറവും ആ രാജ്യങ്ങളിൽ യു.എസ് ഉത്പന്നങ്ങൾക്കുമേൽ ചുമത്തുന്ന ചുങ്കം കൂടുതലുമാണെന്നതാണ് വാണിജ്യക്കമ്മിയുടെ കാരണമായി ട്രംപ് മനസ്സിലാക്കുന്നത്. ഓരോ രാജ്യവും യുഎസ് ഉത്പന്നങ്ങൾക്കുമേൽ ചുമത്തുന്ന തീരുവ-തീരുവേതര ബാധ്യതകൾ കണക്കാക്കി അതിന്റെ പകുതി, ആ രാജ്യത്തിന്റെ ഇറക്കുമതിക്കുമേൽ പകരച്ചുങ്കമായി ചുമത്തുന്ന രീതിയാണ് ട്രംപ് ഭരണകൂടം ആവിഷ്കരിച്ചിരിക്കുന്നത്. ഇതനുസരിച്ച്, യുഎസ് ഉത്പന്നങ്ങൾക്കുമേൽ ഇന്ത്യ ഏർപ്പെടുത്തുന്ന തീരുവ- തീരുവേതര ബാധ്യതകൾ 52 ശതമാനമെന്നു കണക്കാക്കി. ഇപ്പോൾ 26 ശതമാനമാണ് ഇന്ത്യയ്ക്ക് പകരച്ചുങ്കമായി നിശ്ചയിച്ചത്. ചൈനയ്ക്ക് 34 ശതമാനമാണ്; പക്ഷേ, നേരത്തേ ചുമത്തിയ 20 ശതമാനമടക്കം ഇത് 53 ശതമാനമായി ഉയരും. യൂറോപ്യൻ യൂണിയന് 20 ശതമാനമാണ്. ഇന്ധനം, ഔഷധം, സെമി കണ്ടക്ടർ, സ്വർണം, ചില ധാതുക്കൾ എന്നിവയെ പകരച്ചുങ്കത്തിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

ചൈനയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ട്രംപ് 54 ശതമാനത്തോളം ഇറക്കുമതി തീരുവ ചുമത്തിയതോടെ ചൈനയുടെ ഉൽപന്നങ്ങൾ യു.എസിൽ ഇറക്കുമതി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ഇനി ഇറക്കുമതി ചെയ്താൽ തന്നെ പൊള്ളുന്ന വിലയ്‌ക്ക് വിൽക്കേണ്ടിവരുന്നതിനാൽ ആരും വാങ്ങാനും പോകുന്നില്ല. എന്നാൽ ട്രംപിന്റെ ഈ ശിക്ഷയ്‌ക്ക് ബദലായി അമേരിക്കയിൽ നിന്ന് ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ മേൽ 34 ശതമാനം നികുതി ചുമത്തിയിരിക്കുകയാണ്. ഏപ്രിൽ 10 മുതൽ പുതിയ തീരുവ നിലവിൽ വരുന്നതോടെ അമേരിക്കയുടെ ഉൽപന്നങ്ങൾക്ക് ചൈനയിൽ വില കൂടും. ഇതോടെ ഇലോൺ മസ്കിന്റെ ടെസ് ല എന്ന ഇലക്ട്രിക് കാർ ചൈനയിൽ വിറ്റഴിക്കാൻ കഴിയാത്ത സ്ഥിതിയാകും. ടെസ്ല കാറുകളുടെ വില അത്രയ്‌ക്ക് ഉയരുമെന്നർത്ഥം. ഇങ്ങനെ ചൈനയുടെ ഉൽപന്നങ്ങൾ യു.എസിലേക്കും യു.എസിലെ ഉൽപന്നങ്ങൾ ചൈനയിലേക്കും പോകാതിരിക്കുന്ന സ്ഥിതിവിശേഷം വൈകാതെ മറ്റു രാജ്യങ്ങളിലും ചരക്കുനീക്കത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇത് ഒരു വലിയ ആഗോളമാന്ദ്യത്തിന് വഴിവെയ്‌ക്കുമെന്നുമാണ് വിലയിരുത്തൽ.
ചരിത്രബോധം കമ്മി, ധനശാസ്ത്ര വൈദഗ്ധ്യവും കമ്മി- അമേരിക്കയെ വീണ്ടും മഹത്താക്കാൻ (MAGA- Make America Great Again) തുനിയുന്ന ട്രംപ് ഇന്നലെവരെ ചെയ്ത കാര്യങ്ങൾ അതാണ് കാണിക്കുന്നത്.
ചൈനയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ട്രംപ് 54 ശതമാനത്തോളം ഇറക്കുമതി തീരുവ ചുമത്തിയതോടെ ചൈനയുടെ ഉൽപന്നങ്ങൾ യു.എസിൽ ഇറക്കുമതി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.
1930-ൽ ആഗോള സാമ്പത്തിക മാന്ദ്യം തുടങ്ങുന്നതിന് തൊട്ടുമുൻപ് അമേരിക്ക ഒരു നിയമം ഉണ്ടാക്കി- സ്‌മൂട്ട് ഹോലി (Smoot Hawley). അമേരിക്കയിലേക്കുള്ള ഇറക്കുമതികൾക്ക് 20 ശതമാനം അധികചുങ്കം ചുമത്തുന്നതായിരുന്നു അത്. അക്കാലത്തെ പ്രമുഖ ധനശാസ്ത്രജ്ഞരും ബാങ്കർമാരും ഇത് അപകടകരമാണെന്ന് പറഞ്ഞിട്ടും പ്രസിഡന്റ് ഹെർബർട്ട് ഹൂവർ ബിൽ നിയമമാക്കി. ഒരു ദശകത്തോളം നീണ്ട വലിയ മാന്ദ്യത്തിന്റെ ദുരന്തത്തിലേക്ക് അമേരിക്കയും ലോകവും വീണു. 1971-ൽ അന്നത്തെ യു.എസ് പ്രസിഡന്റ് റിച്ചാഡ് നിക്‌സൺ എല്ലാ ഇറക്കുമതിക്കും 10 ശതമാനം ചുങ്കം ചുമത്തി. ക്രൂഡ് ഓയിൽ വില അഞ്ചിരട്ടിയാക്കിയ പെട്രോളിയം ഷോക്കിന് പിന്നാലെയായിരുന്നു ഇത്. ഒരുവർഷത്തിനുശേഷം വീണ്ടും പെട്രോളിയം വില കൂടി. വളർച്ച തീരേ കുറഞ്ഞും വിലക്കയറ്റം കുതിച്ചുയർന്നും നീങ്ങുന്ന സ്റ്റാഗ്ഫ്ലേഷൻ എന്ന ദുരവസ്ഥയിലേക്ക് അമേരിക്ക ചെന്നുപെട്ടു.
കുറഞ്ഞ വിലക്ക് അമേരിക്കയിൽ സുലഭമായി ലഭിക്കുന്ന കോഴിക്കാൽ വർഷങ്ങൾക്കു മുമ്പ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. ഇത് ആഭ്യന്തര ഇറച്ചിക്കോഴി വിപണിയെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയപ്പോഴാണ് ഇന്ത്യാ സർക്കാർ 100 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തി കോഴിക്കലിന്റെ വരവ് നിയന്ത്രിച്ചത്.

അമേരിക്കയുടെ സമ്മർദ്ദം മൂലം ഇന്ത്യ, അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചാൽ വില കുറഞ്ഞ ഉത്പന്നങ്ങളുടെ ഇറക്കുമതി വർദ്ധിക്കാനിടവരും. ഇത് ആഭ്യന്തര വിപണിയെ പ്രതികൂലമായി ബാധിക്കും. 2024 ഏപ്രിൽ മുതൽ നവംബർ വരെ 1946.42 ദശലക്ഷം ഡോളറിന്റെ ഉത്പന്നങ്ങൾ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇതേ കാലയളവിൽ 9981.26 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഉത്പന്നങ്ങൾ അമേരിക്കയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. തീരുവ ഉയർത്തി ഉത്പന്ന കയറ്റുമതി കുറയ്ക്കാനുള്ള അമേരിക്കയുടെ തന്ത്രങ്ങൾ, കാർഷിക, വ്യവസായ മേഖലകളെ ബാധിക്കാനിടയുണ്ട്. കൃഷി എന്നത് അഗ്രി ബിസിനസിലേക്കു മാറുമ്പോൾ കാർഷിക, ഫിഷറീസ് ഉത്പന്നങ്ങളുടെ കയറ്റുമതിയിലുണ്ടാകുന്ന കുറവ് രാജ്യത്തെ കയറ്റുമതി വരുമാനത്തെ പ്രതികൂലമായി ബാധിക്കും. അശാസ്ത്രീയ ഇറക്കുമതി തീരുവ ഉയർത്താനുള്ള തീരുമാനം ആഗോള വ്യാപാരത്തെ ബാധിക്കും. ഇത് ലോകവ്യാപാര കരാറിന്റെ നിബന്ധനകൾക്ക് വിരുദ്ധമായ തീരുമാനങ്ങളാണ്. അടുത്തകാലത്ത് നടന്ന ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസ് പഠനങ്ങൾ സൂചിപ്പിക്കുന്നത് തീരുവയിലൂടെ സൃഷ്ടിക്കുന്ന അശാസ്ത്രീയ നയങ്ങൾ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ്.
ഇന്ത്യയുടെ
‘ധാർമിക’ പ്രതിസന്ധി
സാമ്പത്തിക ശാസ്‌ത്രത്തിൽ നികുതിയും ചുങ്കവുമൊക്കെ പുട്ടിന് പീര എന്ന രീതിയിൽ മാത്രമേ ചേർക്കാൻ പാടുള്ളൂ എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. വരുമാനം കൂട്ടാൻ വേണ്ടി പല സർക്കാരുകളും പല ന്യായങ്ങളുടെ പേരിൽ ഈ നിയമങ്ങൾ തെറ്റിക്കാറുണ്ട്. വർഷങ്ങൾക്കു മുമ്പ് സമ്പന്നർക്ക് തൊണ്ണൂറു ശതമാനം വരെ ആദായനികുതി നിലനിന്നിരുന്ന രാജ്യമാണ് ഇന്ത്യ. അതായത്, രണ്ടു രൂപ ലാഭമുണ്ടാക്കിയാൽ നികുതിയായി ഏതാണ്ട് അതിന്റെ പകുതി സർക്കാരിനു നൽകണം. ഇത് വെറും അസംബന്ധമാണെന്ന് വർഷം തോറും നടത്തുന്ന ബഡ്‌ജറ്റ് പ്രസംഗത്തിലും മറ്റും നാനി പൽക്കിവാലയെപ്പോലുള്ളവർ വിമർശിച്ചെങ്കിലും സോഷ്യലിസത്തിന്റെ ഗർവിൽ കഴിഞ്ഞിരുന്ന സർക്കാർ അനങ്ങിയിരുന്നില്ല. എന്നാൽ അക്കാലങ്ങളിലാണ് ഏറ്റവും കൂടുതൽ നികുതി വെട്ടിപ്പ് നടന്നിരുന്നത്. ന്യായമായ നികുതി നിശ്ചയിച്ചാൽ ആളുകൾ അത് പാലിക്കാൻ തയാറാകും. അന്യായമായത് നിശ്ചയിച്ചാൽ അത് എങ്ങനെയെങ്കിലും വെട്ടിക്കാനാവും ഒരു വലിയ ശതമാനം പേർ ശ്രമിക്കുക. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിന്നീട് ഇന്ത്യയിൽ ആദായനികുതിയുടെ പരിധി കുറച്ചപ്പോഴാണ് ആദായനികുതിയിലൂടെ ലഭിക്കുന്ന വരുമാനം സർക്കാരിന് കൂടിയത്. ഇപ്പോഴത് അതിസമ്പന്നർക്ക് പരമാവധി മുപ്പത് ശതമാനമാണ്. അതായത് ഒരു രൂപ ലാഭമുണ്ടാക്കിയാൽ 30 പൈസ സർക്കാരിന് നൽകിയാൽ മതി. ഒരു വസ്തുവിന്റെ യഥാർത്ഥ വിലയുടെ ഒരു നിശ്ചിത ശതമാനത്തിനപ്പുറം നികുതിയായി ചുമത്തുന്നത് ന്യായീകരിക്കാനാവുന്നതല്ല. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാർഷികോത്‌പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ശരാശരി തീരുവ 37.7 ശതമാനമാണ്. ചില കാർഷികോത്‌പന്നങ്ങൾക്ക് 100 ശതമാനം തീരുവയും ഏർപ്പെടുത്തിയിട്ടുണ്ട്. അതു ന്യായമല്ലെങ്കിലും, അത് കുറയ്ക്കാൻ തുനിഞ്ഞാൽ ഇന്ത്യയിലെ കർഷകർ പ്രക്ഷോഭത്തിനിറങ്ങും. അതിനാൽ രാഷ്ട്രീയമായ കാരണങ്ങളാൽ ഇന്ത്യയ്ക്ക് അത് കുറയ്ക്കാനാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി വിശദീകരിച്ചിരുന്നതായി വാർത്തകൾ വന്നിരുന്നു. അങ്ങനെ വരുമ്പോൾ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്‌പന്നങ്ങൾക്കുള്ള ചുങ്കം അമേരിക്ക ഉയർത്തുമ്പോൾ അതിനെ ചോദ്യം ചെയ്യാനുള്ള ധാർമ്മിക അവകാശം ഇന്ത്യയ്ക്കില്ല എന്നതാണ് യാഥാർത്ഥ്യം.

അതേസമയം അമേരിക്ക ചുങ്കം ഉയർത്തുമ്പോൾ ആ പേരു പറഞ്ഞ് ഇന്ത്യയ്ക്ക് അമേരിക്കയുടെ കാർഷിക ഇറക്കുമതിയുടെ ചുങ്കം കുറയ്ക്കാൻ നടപടി എടുക്കേണ്ടിവരും. അതാണ് ഇനി ഭാവിയിൽ നടക്കാൻ പോകുന്നത്. അമേരിക്കയുമായി വാണിജ്യത്തിലേർപ്പെട്ടിരിക്കുന്ന എല്ലാ രാജ്യങ്ങളെയും ഇത്തരമൊരു സമ്മർദ്ദത്തിലാക്കാൻ പോന്നതാണ് ട്രംപിന്റെ പകരച്ചുങ്കം നടപടി. ഇത് എത്രമാത്രം വിജയിക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്. ഇന്ത്യൻ കാർഷികോത്‌പന്നങ്ങൾക്ക് യു.എസിൽ 5.3 ശതമാനമാണ് ശരാശരി തീരുവ. ഇതൊക്കെ കരാർ പ്രകാരമുള്ളതാണെങ്കിലും ഒരു രാജ്യം ഭരിക്കുന്ന സർക്കാരിന് ഇക്കാര്യങ്ങളിൽ മാറ്റം വരുത്താം. അതാണ് ട്രംപ് ഇപ്പോൾ ചെയ്യുന്നത്.
രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ പോലും ശിഥിലമാക്കാൻ അമേരിക്കയുടെ ഈ താരിഫ് യുദ്ധം ഇടയാക്കും. യു.എസ് നടപടിയുടെ ആഘാതം രാഷ്ട്രീയമായും സാമ്പത്തികമായും തടയാനുള്ള നീക്കങ്ങളാണ് ഇന്ത്യ അടിയന്തരമായി നടത്തേണ്ടത്.
രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ പോലും ശിഥിലമാക്കാൻ അമേരിക്കയുടെ ഈ താരിഫ് യുദ്ധം ഇടയാക്കും. ചുങ്കവും താരിഫുമൊക്കെ ഒരു വസ്തുവിന്റെ അല്ലെങ്കിൽ ഉത്‌പന്നത്തിന്റെ യഥാർത്ഥ വിലയുടെ നിശ്ചിത ശതമാനത്തിൽ കൂടാൻ പാടില്ലെന്നുള്ള തത്വമാണ് പൊതുവെ ലോകരാജ്യങ്ങൾ അംഗീകരിക്കേണ്ടത്. അല്ലെങ്കിൽ ചുമത്താവുന്ന താരിഫിന്റെ പരമാവധി ഇത്ര ശതമാനമെന്ന് ലോക വ്യാപാര സംഘടനകളും മറ്റും നിശ്ചയിക്കണം. അങ്ങനെ വരുന്നതിന്റെ ഗുണം ഏതു രാജ്യത്തുമുള്ള ഉപഭോക്താക്കൾക്കാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ അതൊന്നും ഉടനെ സംഭവിക്കാനും ഇടയില്ല. യു.എസ് നടപടിയുടെ ആഘാതം രാഷ്ട്രീയമായും സാമ്പത്തികമായും തടയാനുള്ള നീക്കങ്ങളാണ് ഇന്ത്യ അടിയന്തരമായി നടത്തേണ്ടത്. പ്രതികാര ചുങ്കത്തിന് അതേ നാണയത്തിൽത്തന്നെ തിരിച്ചടിക്ക് മറ്റു രാജ്യങ്ങൾ നീങ്ങുന്നത് ഗുരുതര പ്രത്യാഘാതമാണ് ആഗോള സാമ്പത്തിക രംഗത്തുളവാക്കുക. ഈ നീക്കത്തിൽനിന്ന് അമേരിക്ക പിന്മാറുന്നില്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ചൈനയും കാനഡയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും വ്യക്തമാക്കി. ആഗോള വ്യാപാരം വലിയതോതിൽ മന്ദീഭവിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. ഇന്ത്യ ഉൾപ്പെടെ വിദേശവിപണികളെ കാര്യമായി ആശ്രയിക്കുന്ന വികസ്വര രാജ്യങ്ങൾക്കാണ് ഇത് കനത്ത ആഘാതമേൽപ്പിക്കുക.

പ്രതിസന്ധി മറികടക്കുന്നതിന് രാജ്യങ്ങൾ തമ്മിൽ ഉഭയകക്ഷി വ്യാപാര കരാറുകളിലേക്കും ഏതാനും രാജ്യങ്ങൾ ചേർന്നുള്ള ചുങ്ക കൂട്ടായ്മകളിലേക്കും (കസ്റ്റംസ് യൂണിയൻ) വഴിതുറക്കും. അത്യന്തം സങ്കീർണമായ വ്യാപാര ക്രമത്തിലേക്കാണ് ഇത് ലോകത്തെ നയിക്കുക. രാജ്യാന്തര വ്യാപാരത്തിന് ഒരു ക്രമം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നിലവിൽ വന്ന ലോക വ്യാപാര സംഘടനയുടെ ഉദകക്രിയയാണ് ഇപ്പോൾ നടക്കുന്നത്. ഗാട്ട് കരാറിനും ഉറുഗ്വേ റൗണ്ടിനും ദോഹ ഉച്ചകോടിക്കും ഒടുവിൽ WTO നിലവിൽവന്ന മാരക്കേഷ് ഉച്ചകോടിക്കും വേണ്ടി ഒഴുക്കിയ വിയർപ്പും സമയവും പാഴായിരിക്കുന്നു. ലോക വ്യാപാര സംഘടനയുടെ കണക്കുപ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തുന്ന ശരാശരി ചുങ്കം 3.3 ശതമാനവും ഇന്ത്യ തിരികെ ഏർപ്പെടുത്തിയിരിക്കുന്നത് 17 ശതമാനവുമാണ്. ഇന്ത്യ കാർഷികോൽപ്പന്നങ്ങൾക്കുമേൽ ചുമത്തുന്ന ശരാശരി ചുങ്കം 39 ശതമാനവും അമേരിക്കയുടേത് 5 ശതമാനവുമാണ്. ഈ നിരക്ക് തുല്യമാക്കുന്നതിനോ, നിലവിലുള്ളതിൽ വർധന വരുത്തുന്നതിനോ ഉള്ള ട്രംപിന്റെ ശ്രമം ഇന്ത്യക്ക് വലിയ തിരിച്ചടിയാകും. ഒരു രാജ്യത്തിനുമേൽ തീരുവ ഏകപക്ഷീയമായി ചുമത്തുമ്പോൾ ആ രാജ്യത്തിന്റെ വികസിതാവസ്ഥയോ, വ്യാപാരക്കമ്മിയുടെ സ്ഥിതിയോ, അധികച്ചുങ്കം ഏർപ്പെടുത്തൽ എങ്ങനെ സ്വാധീനിക്കുമെന്നോ ഒക്കെയുള്ള കാര്യങ്ങൾ ട്രംപ് ഭരണകൂടം കണക്കിലെടുക്കുന്നേയില്ല. ഇത് പൊതുവിൽ ഒരു രാജ്യത്തിന്റെ അമേരിക്കയിലേക്കുള്ള കയറ്റുമതിയെ ബാധിക്കും. തിരിച്ച് ആഭ്യന്തരരംഗത്തെ വരുമാന മാർഗങ്ങളും നിക്ഷേപവും തൊഴിലിനെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പകരത്തിനുപകരം എന്ന മട്ടിൽ യു.എസുമായൊരു വാണിജ്യയുദ്ധത്തിനു പോകാതിരിക്കുന്നതാകും ഇന്ത്യക്കു ഗുണകരമെന്നും വാദങ്ങളുണ്ട്. ഇന്ത്യ വിവേകപൂർവമായ സമവായത്തിന്റെ പാത സ്വീകരിക്കുന്നതുതന്നെയാകും നല്ലത്. പുതിയ നീക്കങ്ങൾ യു.എസ് വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കുമെന്നൊരു വിലയിരുത്തലുണ്ട്.
പകരത്തിനുപകരം എന്ന മട്ടിൽ യു.എസുമായൊരു വാണിജ്യയുദ്ധത്തിനു പോകാതിരിക്കുന്നതാകും ഇന്ത്യക്കു ഗുണകരമെന്നും വാദങ്ങളുണ്ട്.
പകരച്ചുങ്കം കണക്കാക്കാൻ ട്രംപ് ഭരണകൂടം വിചിത്രവും യുക്തിരഹിതവുമായ ഒരു സമവാക്യമാണ് ഉപയോഗിച്ചത് - ഒരു രാജ്യത്തിനു മേൽ അമേരിക്ക ചുമത്തുന്ന 'ഡിസ്‌കൗണ്ട് റെസിപ്രോക്കൽ താരിഫ്’ ആ രാജ്യം അമേരിക്കയ്ക്കുമേൽ ചുമത്തുന്ന താരിഫിന്റെ പകുതിയായിരിക്കും. അതേസമയം, ഒരു രാജ്യം 'അമേരിക്കയ്ക്കുമേൽ ചുമത്തുന്ന തീരുവ’ കണക്കാക്കുന്നത് അമേരിക്കയും ആ രാജ്യവുമായുള്ള വ്യാപാരക്കമ്മിയെ അവരുടെ അമേരിക്കയിലേക്കുള്ള കയറ്റുമതി കൊണ്ട് ഹരിച്ച് 100 കൊണ്ട് ഗുണിച്ചാണ്.
ഉദാഹരണത്തിന്, ഇന്ത്യയുമായുള്ള അമേരിക്കയുടെ വ്യാപാരക്കമ്മി 46 ബില്യൺ ഡോളറും, അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 87 ബില്യൺ ഡോളറുമാണ്: 46 നെ 87 കൊണ്ട് ഹരിച്ച് 100 കൊണ്ട് ഗുണിച്ചാൽ ലഭിക്കുക 52 ആണ്. 52-ന്റെ പകുതിയായ ഈ 26 ശതമാനമാണ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ 26 ശതമാനം ഡിസ്‌കൗണ്ട് റെസിപ്രോക്കൽ താരിഫ്.
ചെമ്മീൻ വിലയിടിവും
ചില (കേരള) പ്രതിസന്ധികളും
‘ചെമ്മീൻ ചാടിയാൽ മുട്ടോളം; പിന്നേം ചാടിയാൽ ചട്ട്യോളം...’- കേട്ടുപഴകിയ ചൊല്ലാണ്. പക്ഷേ ചെമ്മീൻ ഇന്ന് വറചട്ടിയിൽ നിന്ന് എരിതീയിലേക്കാണ്. 2018 മേയ് മുതൽ ഇന്ത്യയിൽ നിന്നുള്ള കടൽ ചെമ്മീൻ ഇറക്കുമതി നിരോധിച്ചു കൊണ്ട് ഇന്ത്യയുടെ ചെമ്മീൻ കയറ്റുമതിയുടെ നടുവൊടിച്ച അമേരിക്ക, 2025 ഏപ്രിൽ രണ്ടിന് പ്രഹരിച്ചത് മസ്തകത്തിലാണ്. 2023- 24 സാമ്പത്തിക വർഷം സമുദ്രോത്പന്ന കയറ്റുമതിയിലൂടെ ഇന്ത്യ നേടിയ 738 കോടി അമേരിക്കൻ ഡോളറിൽ 488 കോടി ഡോളർ ചെമ്മീനിൽ നിന്നു മാത്രമാണ്. ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയുടെ 34.53 ശതമാനം വാങ്ങുന്നത് അമേരിക്കയാണെന്നും അതിൽ 91.9 ശതമാനം ചെമ്മീനാണെന്നുമാണ് ഇന്ത്യൻ വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക്. അമേരിക്കയിലേക്കുള്ള ചെമ്മീൻ കയറ്റുമതിയിൽ ഇന്ത്യയുമായി മത്സരിക്കുന്ന ചൈന (54- ഇപ്പോൾ ചുമത്തിയ 34- ഉം നേരത്തെ ചുമത്തിയ 20- ഉം ഉൾപ്പെടെ), വിയറ്റ്നാം (46 ), ബംഗ്ലാദേശ് (37), തായ്‌ലാൻഡ് (36) ഇന്തോനേഷ്യ (34) തുടങ്ങിയ രാജ്യങ്ങൾക്കു ചുമത്തിയ അന്യോന്യ നികുതി ഇന്ത്യയെക്കാൾ (26) കൂടുതലാണ് എന്നതിനാൽ ഇത് നേട്ടമുണ്ടാക്കും എന്ന് വാദിക്കുന്നവരുണ്ട്.

എന്നാൽ ഭൂമിശാസ്ത്രപരമായി അമേരിക്കയോട് അടുത്തുകിടക്കുന്ന ഇക്വഡോറിന് 10 ശതമാനം മാത്രമേ അന്യോന്യ നികുതിയുള്ളൂ എന്നത് ഈ വാദത്തിന്റെ മുനയൊടിക്കുന്നു. കടൽ ചെമ്മീൻ കയറ്റുമതി നിരോധനമായാലും, അന്യോന്യ നികുതിയായാലും ചെമ്മീൻ ഉൾപ്പെടെയുള്ള സമുദ്ര വിഭവങ്ങൾക്ക് വില കുറയുന്നത് മത്സ്യത്തൊഴിലാളികളുടെയും മത്സ്യ കർഷകരുടെയും ജീവിതം ദുസ്സഹമാക്കും. അന്യോന്യ നികുതി മൂലം വളർത്തു ചെമ്മീനിനുണ്ടാവുന്ന വിലയിടിവ് കടൽ ചെമ്മീനിന്റെ വിലയിടിക്കാനും കാരണമാകും. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള കാർഷികോല്പന്നങ്ങളുടെ കയറ്റുമതിയിൽ ബസ്മതി അരിയും പോത്തിറച്ചിയും കഴിഞ്ഞാൽ മൂന്നാം സ്ഥാനമാണ് ചെമ്മീനിന്. കടൽ ചെമ്മീൻ നിരോധിച്ചിട്ടും വളർത്തു ചെമ്മീനിലൂടെയാണ് ഇന്ത്യയിലെ സമുദ്രോല്പന്ന കയറ്റുമതിക്കാർ പിടിച്ചുനിന്നത്. ചെമ്മീൻ തീറ്റ ഉത്പാദിപ്പിക്കുന്ന കമ്പനിയുടെയും സമുദ്രോല്പന്ന കയറ്റുമതി ചെയ്യുന്ന കമ്പനിയുടെയും ഓഹരിമൂല്യം യഥാക്രമം പതിനെട്ടും ഒമ്പതും ശതമാനം ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് അന്യോന്യ നികുതി ഈ രംഗത്ത് സൃഷ്ടിക്കാൻ പോകുന്ന തളർച്ചയുടെ ചൂണ്ടുപലകയാണ്.
ചെമ്മീൻ തീറ്റ ഉത്പാദിപ്പിക്കുന്ന കമ്പനിയുടെയും സമുദ്രോല്പന്ന കയറ്റുമതി ചെയ്യുന്ന കമ്പനിയുടെയും ഓഹരിമൂല്യം യഥാക്രമം പതിനെട്ടും ഒമ്പതും ശതമാനം ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് അന്യോന്യ നികുതി ഈ രംഗത്ത് സൃഷ്ടിക്കാൻ പോകുന്ന തളർച്ചയുടെ ചൂണ്ടുപലകയാണ്.
കൂടുതൽ കടൽ ചെമ്മീനിനെ പിടിക്കുന്ന കേരളത്തിലെ മത്സ്യബന്ധന മേഖലയ്ക്ക് ഇത് കനത്ത പ്രഹരമാവും. എക്വഡോറിൽനിന്നുള്ള ഇറക്കുമതിക്ക് 13.78 ശതമാനം തീരുവയേ ട്രംപ് ചുമത്തിയിട്ടുള്ളൂ. ചെമ്മീനിന്റെ വലിയ ഉത്പാദകരായ അവർക്ക് അമേരിക്കയിൽ വലിയസാധ്യതയാണു വരുന്നത്. അതോടെ ഇന്ത്യയുൾപ്പെടെയുള്ള മറ്റു രാജ്യങ്ങൾ പിൻതള്ളപ്പെടുമെന്നാണ് മത്സ്യമേഖലയിലുള്ളവരുടെ ആശങ്ക. കടലാമകൾ വലയിൽ കുടുങ്ങാതിരിക്കാനുള്ള ടെഡ് (ടർട്ടിൽ എക്സ്‌ക്ലൂഡർ ഡിവൈസ്) പിടിപ്പിക്കാത്തതിനാൽ ഇപ്പോൾത്തന്നെ ഇന്ത്യൻ സമുദ്രങ്ങളിൽനിന്നുള്ള ചെമ്മീൻ അമേരിക്ക എടുക്കുന്നില്ല. അക്വാകൾച്ചർ വഴി ഉത്പാദിപ്പിക്കുന്ന ചെമ്മീനാണ് മുഖ്യമായും കയറ്റിയക്കുന്നത്.
വിവിധ സമുദ്രോത്പന്നങ്ങളുമായി രണ്ടായിരത്തോളം കപ്പലുകൾ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള യാത്രയിലാണ്. ട്രംപ് തീരുമാനം പ്രഖ്യാപിക്കുന്നതിനു മുൻപ് പുറപ്പെട്ടതിനാൽ അവയ്ക്ക് 10 ശതമാനം ചുങ്കമേ വരൂ. എന്നാൽ,തുടർന്ന് ചരക്കയക്കുന്നത് തത്കാലം നിർത്തിവെക്കാൻ നിർദേശിച്ചിരിക്കുകയാണ് അവിടത്തെ കച്ചവടക്കാർ. ഇതാണ് മത്സ്യമേഖലയ്ക്ക്‌വൻ തിരിച്ചടിയാകുന്നത്.

രാജ്യത്തുനിന്നുള്ള സമുദ്രോത്പന്നക്കയറ്റുമതി വരുമാനത്തിന്റെ സിംഹഭാഗവും ചെമ്മീനിൽ നിന്നാണ്. കണവ, കൂന്തൾ എന്നിവയാണ് മറ്റു പ്രധാന കയറ്റുമതിയിനങ്ങൾ. ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ 35 ശതമാനത്തിലധികവും യുഎസാണ് വാങ്ങുന്നതെന്നതിനാൽ വല്ലാത്ത പ്രതിസന്ധിയാണു നാം നേരിടുന്നത്. ഇതു മറികടക്കുന്നതു സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി സമുദ്രോത്പന്നക്കയറ്റുമതിക്കാരുടെ പ്രതിനിധികൾ ചർച്ച തുടങ്ങിയിട്ടുണ്ട്.
മുന്നിലുള്ളത് മൂന്നു മാർഗങ്ങളാണ്:
- ഇന്ത്യ- യു.എസ് ഉഭയകക്ഷി ചർച്ചയിലൂടെ തീരുവ കുറപ്പിക്കുക.
- മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിപ്പിക്കുന്നതിനുള്ള സാധ്യത ആരായുക.
- ഇന്ത്യയിലെ ആഭ്യന്തരവിപണി മെച്ചപ്പെടുത്തുക.
പകരച്ചുങ്കവും മറ്റുതീരുവകളുമായി യു.എസിൽ വില ഉയരും. ഇന്ത്യയിൽനിന്നുള്ള ചെമ്മീൻ കിലോയ്ക്ക് ആറ്- ഏഴ് ഡോളറിനാണ് അവിടെ കിട്ടുന്നത്. തീരുവ കൂടുമ്പോൾ ഇത് എട്ട്- ഒൻപത് ഡോളർ കടക്കും. ആളുകൾ വാങ്ങൽ കുറയ്ക്കുകയോ മറ്റു മീനുകളിലേക്കു മാറുകയോ ചെയ്യാം. എന്നാൽ, ചെമ്മീൻവിഭവങ്ങൾ അമേരിക്കക്കാർക്ക് വലിയ പ്രിയമായതിനാൽ തീരുവ കുറവുള്ള മറ്റു രാജ്യങ്ങളിൽനിന്നെത്തുന്ന ചെമ്മീൻ അവർ വാങ്ങിത്തുടങ്ങും. എക്വഡോറാണ് ഈ സാധ്യത പ്രധാനമായും ഉപയോഗപ്പെടുത്തുക.
അമേരിക്കയും
പ്രതിസന്ധിയിലാണ്
ട്രംപ് താരിഫുകളുടെ അനിവാര്യമായ അനന്തരഫലം അമേരിക്കയിൽ പണപ്പെരുപ്പത്തിലെ കുതിച്ചുചാട്ടമാണ്. ഇറക്കുമതിയുടെ ചെലവ് ഉയരുന്നതിനാൽ വിലക്കയറ്റം രൂക്ഷമാകും. വില ഉയരുമ്പോൾ ഡിമാൻഡ് കുറയും, ഇത് ഉത്പാദനത്തെയും വളർച്ചയെയും പ്രതികൂലമായി ബാധിക്കും. ഇതോടെ അമേരിക്ക ധനകാര്യ തളർച്ചയും ഉയർന്ന തൊഴിലില്ലായ്‌മയും രൂക്ഷമായ വിലക്കയറ്റവും ഒത്തുചേരുന്ന സാമ്പത്തിക സ്തംഭനാവസ്ഥയിലേക്ക് (Stagflation) നീങ്ങും. ഉയർന്ന പണപ്പെരുപ്പം അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിനെ പ്രതിസന്ധിയിലാക്കും, പലിശ കുറയ്ക്കാനും സാമ്പത്തിക ഉത്തേജനം നൽകാനുമുള്ള സാദ്ധ്യതകൾ കുറയും. ഈ വർഷാവസാനത്തോടെ അമേരിക്കയിൽ മാന്ദ്യത്തിനുള്ള സാധ്യത 35 ശതമാനം ആയിരിക്കുമെന്ന് Goldman Sachs പ്രവചിച്ചിട്ടുണ്ട്.
ഉയർന്ന പണപ്പെരുപ്പം അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിനെ പ്രതിസന്ധിയിലാക്കും, പലിശ കുറയ്ക്കാനും സാമ്പത്തിക ഉത്തേജനം നൽകാനുമുള്ള സാദ്ധ്യതകൾ കുറയും.
ട്രംപ് അധികാരമേൽക്കുമ്പോൾ ഡൗ ജോൺസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിലവാരമായ 45079- ൽ എത്തിയിരുന്നു. ഇപ്പോൾ അത് ഏകദേശം 38300- ന്റെ അടുത്തെത്തി. ഇന്ത്യൻ ഓഹരി വിപണിയിലെ ടോട്ടൽ മാർക്കറ്റ് ക്യാപ് ഏകദേശം 4.7 ട്രില്യൺ ഡോളർ ആണ്. ‘മാർക്കറ്റ് ക്യാപ്’ (Market capitalization) എന്നാൽ ഇന്ത്യയിലെ ലിസ്റ്റ് ചെയ്‌ത സകല ഓഹരികളുടെയും മുഴുവൻ ഓഹരിയും വാങ്ങാനാവശ്യമായ തുക എന്ന് മനസിലാക്കുക. രണ്ടു ദിവസത്തെ പൊട്ടലിലൂടെ വാൾസ്ട്രീറ്റിലെ നഷ്ടം ഏകദേശം 3 ട്രില്യൺ ഡോളർ ആണ്. അതായത് ഇന്ത്യൻ ഓഹരികളുടെ മൂല്യത്തിന്റെ മുന്നിൽ രണ്ട് തുക ഒലിച്ചുപോയി. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ 100 കോടീശ്വരന്മാരുടെ മാത്രം നഷ്ടം 800 ബില്യൺ ഡോളറാണ്. ഇന്ത്യയുടെ ഫോറെക്സ് റിസർവിനേക്കാൾ വലിയ തുക.
മറ്റൊരു രീതിയിൽ പറഞ്ഞാൽ കേരളത്തിന്റെ വാർഷിക GSDP- യുടെ ഏകദേശം 8 മടങ്ങ്. അതായത് മലയാളികളുടെ 8 വർഷത്തെ അധ്വാനത്തിന്റെ ആകെത്തുകക്ക് തുല്യമായ തുക. 2019- ലെ കോവിഡ് വൈറസിനുപോലും ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും നാശനഷ്ടം ഉണ്ടാക്കാനായിട്ടില്ല എന്നത് ഓർക്കണം. അതു മാത്രമല്ല, കോവിഡിന് വാക്‌സിൻ ചുരുങ്ങിയ മാസങ്ങൾ കൊണ്ട് കണ്ടുപിടിച്ചു, ഫേസ് മാസ്‌ക് പോലെയുള്ള പ്രതിരോധമുണ്ടായിരുന്നു. ട്രംപ് ഇഫക്റ്റ് വീട്ടിലിരിക്കുന്നവർക്കും കിട്ടും. കാരണമറിയാൻ മുട്ട ഓംലെറ്റ് ഉണ്ടാക്കുന്ന കാര്യം ആലോചിച്ചാൽ മതി. ഡൗ താഴേക്ക് പോകുമ്പോൾ മുട്ട വില മേലോട്ടാണ്. അതിരൂക്ഷമായ വിലക്കയറ്റത്തിന്റെ നാളുകളാണ് അമേരിക്കക്കാരെ കാത്തിരിക്കുന്നത്. സകല ഉത്പന്നങ്ങൾക്കും ഏറ്റവും കുറഞ്ഞത് 25 % ആണല്ലോ import duty.

ആഗോള വ്യാപാര യുദ്ധവും അതേതുടർന്നുണ്ടാകുന്ന മാന്ദ്യത്തിന്റെ ഭീതിയിലും ലോകം ഉഴലുകയാണ്. ഓരോ പ്രതിസന്ധിയും അവസരങ്ങൾ തുറന്നുതരുന്നതാണ്. തുണിത്തര കയറ്റുമതി പോലുള്ള മേഖലകളിൽ ഇന്ത്യയ്ക്ക് അവസരങ്ങളുണ്ട്. കാരണം, ഇത്തരം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ചൈന, വിയറ്റ്‌നാം, ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങൾക്കുമേൽ ഉയർന്ന തീരുവയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കൂടാതെ, അമേരിക്കയുമായി ഉഭയകക്ഷി വ്യാപാര കരാർ (ബി.ടി.എ) ഒപ്പുവയ്ക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
ട്രംപ് സ്വയം കുഴിച്ച കുഴിയിൽ വീണ ജാള്യത മറയ്ക്കാൻ ചൈനയ്ക്കുമേലെ കേട്ടുകേൾവിയില്ലാത്ത 125 % ഇറക്കുമതി ചുങ്കം ഏർപ്പെടുത്തി. ചൈനയും അതേ നാണയത്തിൽ തിരിച്ചടിച്ച് അമേരിക്കയുടെ ഉല്പന്നങ്ങൾക്ക് മേലെ 125 % ഉടനെ ഏർപ്പെടുത്തി. തുടർന്ന് ചൈനീസ് പ്രീമിയർ ആയ ഷീ ഒരു ഡയലോഗ് കൂടി അടിച്ചു, ഇനി മുന്നോട്ട് അമേരിക്ക എന്ത് ചെയ്താലും ഞങ്ങൾ മൈൻഡ് ചെയ്യില്ല. അമേരിക്കയുടെ ട്രെഷറി ബിൽസിൽ ഏതാണ്ട് 800 ബില്യൺ ഡോളർ ആണ് ചൈന ഹോൾഡ് ചെയ്യുന്നത്. ചൈന അതെടുത്ത് വീശിയാൽ ‘ഫെഡ്’ (Federal Reserve System) അത് വാങ്ങേണ്ടി വരും. അതായത് അമേരിക്കയുടെ ട്രെഷറി ബില്ലിന്റെ പത്ത് ശതമാനത്തോളം തുകയാണ് ചൈനയ്ക്ക് കൊടുക്കേണ്ടി വരിക. അത് ഓർത്തിട്ട് ഫെഡ് ചെയർമാൻ പോലും വിറച്ചിരിക്കുകയാണ്.
ഇതെല്ലാം കൊണ്ടാണെന്നുതോന്നുന്നു, സ്വന്തം സമ്പാദ്യം 800 ബില്യൺ ഡോളറിൽ നിന്ന് 300 ലേക്ക് താഴ്ന്ന് വടികൊടുത്ത് അടി വാങ്ങിയ എലോൺ മസ്‌ക് ഇതൊന്നും തന്റെ ഐഡിയ ആയിരുന്നില്ല, മറ്റുള്ള ഉപദേശികളാണ് ഇതൊക്കെ ഉണ്ടാക്കിയത് എന്ന ലൈനിലാണ്. ട്രംപിന്റെ ഇപ്പോഴത്തെ അവസ്ഥയെ ‘വിനാശകാലേ വിപരീത ബുദ്ധി’ എന്ന ചൊല്ലിൽ കുറഞ്ഞ ഒന്നുകൊണ്ടും വിശേഷിപ്പിക്കാനാകില്ല.