കേരളം എങ്ങനെ പിടിച്ചുനിന്നു?
ധനമന്ത്രി വെളിപ്പെടുത്തുന്നു,
ആ 'പരമ രഹസ്യം'

ഇടതുപക്ഷ സർക്കാറിനെ ധനപരമായി ഒതുക്കാനുള്ള ശ്രമം കേന്ദ്രം നടത്തുമെന്ന് തുടക്കത്തിലേ കണക്കുകൂട്ടിയിരുന്നതായി ധന മന്ത്രി കെ.എൻ. ബാലഗോപാൽ. അതുകൊണ്ട് സർക്കാറിന്റെ ചെലവുകൾ ക്രമീകരിച്ചും തനതുവരുമാനം വർധിപ്പിച്ചും പ്രതിരോധ കോട്ട കെട്ടുകയായിരുന്നുവെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

News Desk

കേന്ദ്ര സർക്കാറിന്റെ അവഗണന ഈ സർക്കാറിന്റെ കാലത്ത് പാരമ്യത്തിലെത്തിയെന്നും അതേതുടർന്ന് സംസ്ഥാന ഖജനാവിൽ 'പൂച്ച പെറ്റു കിടക്കും', 'ട്രഷറി അടച്ചിടും', 'ശമ്പളം മുടങ്ങും' തുടങ്ങിയ പരിഹാസ പ്രവചനങ്ങളുണ്ടായെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വികസന- ക്ഷേമ ചെലവുകൾ വെട്ടിക്കുറച്ചും അമിതമായി കടം വാങ്ങിയുമാണ് കേരളം പിടിച്ചുനിന്നത് എന്ന ആരോപണം വന്നത് ഈ സാഹചര്യത്തിലായിരുന്നു. എന്നാൽ, കേന്ദ്ര സർക്കാറുമായും മറ്റു സംസ്ഥാന സർക്കാറുകളുമായും താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിന്റെ കടം ദുർവഹമല്ല എന്ന് ധനകാര്യമന്ത്രി പറയുന്നു. എങ്കിലും കേരളം എങ്ങനെ പിടിച്ചുനിന്നു എന്നത് ഒരു പരമരഹസ്യമാണ് എന്നാണ് ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞത്.

ഇടതുപക്ഷ സർക്കാറിനെ ധനപരമായി ഒതുക്കാനുള്ള ശ്രമം കേന്ദ്രം നടത്തുമെന്ന് തുടക്കത്തിലേ കണക്കുകൂട്ടിയിരുന്നതായി മന്ത്രി പറഞ്ഞു. അതുകൊണ്ട് സർക്കാറിന്റെ ചെലവുകൾ ക്രമീകരിച്ചും തനതു വരുമാനം വർധിപ്പിച്ചും പ്രതിരോധ കോട്ട കെട്ടുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

തനത് നികുതിവരുമാനം കൂടി

കഴിഞ്ഞ അഞ്ച് വർഷത്തിൽ ഏകദേശം 1,27,747 കോടി രൂപയുടെ അധിക വരുമാനമാണ് തനത് നികുതിവരുമാനത്തിന്റെ കാര്യത്തിൽ സൃഷ്ടിക്കാനായതെന്ന് മന്ത്രി പറഞ്ഞു. ഇത് മൊത്തം തനതുനികുതി വരുമാനത്തിന്റെ കണക്കല്ല, തനത് നികുതിവരുമാനത്തിൽ 1,27,747 കോടി രൂപ അധികമായി പിരിച്ചെടുക്കാനായി. 2025-26 ധനവർഷത്തെ കണക്കുകൾ അന്തിമമാക്കുമ്പോൾ ഇത് ഇനിയും ഉയരുമെന്നും മന്ത്രി പറഞ്ഞു.

മുൻ സർക്കാറിന്റെ കാലത്തെ ശരാശരി പ്രതിവർഷ തനത് നികുതി വരുമാനം 47,453 കോടി രൂപയായിരുന്നു. ഈ സർക്കാറിൻേറത് 73,002 കോടി രൂപയാണ്.

നികുതിയേതര വരുമാനത്തിലും വളർച്ച

സംസ്ഥാന സർക്കാറിന്റെ തനത് നികുതിയേതര വരുമാനത്തിലും അഭിമാനകരമായ വളർച്ചയുണ്ടായെന്ന് കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടി. നികുതിയേതര വരുമാനമായി 24,898 കോടി രൂപ അധികമായി പിരിച്ചെടുത്തു. നികുതിയേതര വരുമാനത്തിന്റെ കഴിഞ്ഞ സർക്കാറിന്റെ കാലത്തെ വാർഷിക ശരാശരി 10,455 കോടി രൂപയായിരുന്നു. ഈ സർക്കാറിന്റെ കാലത്ത് അത് 15,435 കോടിയായി ഉയർന്നു.

തനത് നികുതി വരുമാനത്തിലും നികുതിയേതര വരുമാനത്തിലുമായി 1.52,645 കോടിയിലേറെ സംസ്ഥാനത്തിന് അധികമായി പിരിച്ചെടുക്കാനായതായി ധനമന്ത്രി ചൂണ്ടിക്കാട്ടി. ഇതാണ്, കടുത്ത കേന്ദ്ര അവഗണനയ്ക്കിടയിലും കേരളത്തിന് പിടിച്ചുനിൽക്കാനായതെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാറുമായും മറ്റു സംസ്ഥാന സർക്കാറുകളുമായും താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിന്റെ കടം ദുർവഹമല്ല എന്ന് ധനകാര്യമന്ത്രി പറയുന്നു.
കേന്ദ്ര സർക്കാറുമായും മറ്റു സംസ്ഥാന സർക്കാറുകളുമായും താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിന്റെ കടം ദുർവഹമല്ല എന്ന് ധനകാര്യമന്ത്രി പറയുന്നു.

അവഗണനക്കിടിയിൽ എങ്ങനെ പിടിച്ചുനിന്നു എന്നല്ല, കടുത്ത അവഗണന ഉണ്ടായിരുന്നില്ലെങ്കിൽ കേരളം എത്രത്തോളം ഉയരുമായിരുന്നു എന്നാണ് ചോദിക്കേണ്ടിയിരുന്നതെന്ന് മന്ത്രി പറഞ്ഞു.

സർക്കാറിന്റെ നികുതി- നികുതിയേതര വരുമാനം ഇനിയും വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നും അതിന് കേന്ദ്ര പിന്തുണ കൂടി വേണമെന്നും ബാലഗോപാൽ പറഞ്ഞു. ജി.എസ്.ടി വരുമാനം വർധിക്കണമെങ്കിൽ സംസ്ഥാനത്തെ നികുതിഭരണം മെച്ചപ്പെട്ടാൽ മാത്രം പോരാ. ഐ.ജി.എസ്.ടി വരുമാനം വർധിക്കാൻ അതുമായി ബന്ധപ്പെട്ട് ഇപ്പോഴും നിലനിൽക്കുന്ന ഭരണപരവും സാങ്കേതികവുമായ പോരായ്മകൾ പരിഹരിക്കണം. ഒപ്പം കേന്ദ്രത്തിന്റെയും മറ്റു സംസ്ഥാനങ്ങളുടെയും നികുതിഭരണം കൂടുതൽ മെച്ചപ്പെടുകയും വേണം- ധനമന്ത്രി പറഞ്ഞു.

കടം താങ്ങാനാവുന്നത്

മുൻ സർക്കാറിന്റെ തുടക്കത്തിൽ കടം 1,57,370 കോടി രൂപയായിരുന്നു. ഈ സർക്കാർ അധികാരത്തിലെത്തിയപ്പോഴേക്കും അത് 2,96,901 കോടി രൂപയായി. 2024-25ൽ കടം 4,35,314 കോടി രൂപയായി. 2025ങ26ൽ ഈ ബജറ്റിൽ റിപ്പോർട്ട് ചെയ്യുന്ന കടം 4,88,910 കോടി രൂപയാണ്. കടം ഇരട്ടിച്ചിരുന്നുവെങ്കിൽ കുറഞ്ഞത് 5,93,802 കോടി രൂപയിൽ എത്തണമായിരുന്നുവെന്ന് ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലാണ് എന്ന് ഏതു മാനദണ്ഡം വച്ചും നോക്കിയാലറിയാമെന്ന് മന്ത്രി പറയുന്നു.

കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ശരാശരി പ്രതിവർഷ ചെലവ് 1,17,191 കോടി രൂപയായിരുന്നു. 2011-16 ലെ ഉമ്മൻചാണ്ടി സർക്കാറിന്റെ പ്രതിവർഷ ചെലവ് 68,028 കോടി രൂപയായിരുന്നു. ഈ സർക്കാറിന്റെ അഞ്ചു വർഷത്തെ ശരാശരി പ്രതിവർഷ ചെലവാകട്ടെ, 1,69,547 കോടി രൂപയാണ്. 2024-25ൽ വാർഷിക ചെലവ് 1,73,808 കോടി രൂപയും. ഈ ബജറ്റിൽ അവതരിപ്പിക്കുന്ന കണക്കനുസരിച്ച് 2025-26ലെ ചെലവ് 1,92,456 കോടി രൂപയായിരിക്കും.

സർക്കാറിന്റെ വികസന- ക്ഷേമ ചെലവുകളുടെ കാര്യത്തിൽ ഒരു വെട്ടിക്കുറവും വരുത്തിയിട്ടില്ല എന്ന് ധനമന്ത്രി പറഞ്ഞു. മറിച്ച്, വികസന ചെലവുകൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് വളരുകയാണ് ചെയ്തത് എന്നും മന്ത്രി വ്യക്തമാക്കി.

Comments