അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഏപ്രിൽ രണ്ടിന് നടത്തിയ പകരം തീരുവ പ്രഖ്യാപനം ലോകരാജ്യങ്ങളെയാകെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുകയാണ്. കോവിഡ് കാലത്തിന് ശേഷം ലോകം ഇന്നോളം കാണാത്ത സാമ്പത്തിക തകർച്ചയിലൂടെയാണ് കടന്നു പോവുന്നത്. ലോകത്തെ ഏറ്റവും ശക്തരായ രണ്ട് സാമ്പത്തികശക്തികളായ അമേരിക്കയും ചൈനയും തമ്മിൽ വ്യാപാരയുദ്ധം തുടങ്ങിയതോടെ ആഗോള സാമ്പത്തിക പ്രതിസന്ധി കൂടുതൽ ഗുരുതരമാവുകയാണ്. ചൈനീസ് ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് അമേരിക്ക നിലവിൽ 54 ശതമാനമാണ് തീരുവ ഈടാക്കുന്നത്. ഇതിനെതിരെ ചൈന അമേരിക്കൻ ഉത്പന്നങ്ങൾക്ക് 34 ശതമാനം അധികം കയറ്റുമതി തീരുവ തിരിച്ച് പ്രഖ്യാപിച്ചു. ഇനി വീണ്ടും അമേരിക്കയുടെ ഊഴമാണ്. ചൈനീസ് ഉത്പന്നങ്ങളുടെ തീരുവ 100 ശതമാനം വരെ വർധിപ്പിച്ചേക്കാമെന്ന് പോലും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇരുരാജ്യങ്ങളും നേർക്കുനേർ തുറന്ന വ്യാപാരയുദ്ധം തന്നെയാണ് നിലവിൽ നടക്കുന്നത്. ഈ വ്യാപാരയുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെയും വിപണിയെയും എങ്ങനെയാണ് ബാധിക്കാൻ പോവുന്നത്?
ആഗോള സമ്പദ് വ്യവസ്ഥയിൽ ഇരുരാജ്യങ്ങളുടെയും സംഭാവന എന്താണെന്ന് പരിശോധിച്ചാലേ ഇതിൻെറ യഥാർത്ഥ വ്യാപ്തി എന്തെന്ന് വ്യക്തമാവുകയുള്ളൂ. കഴിഞ്ഞ വർഷത്തെ മാത്രം കണക്കെടുത്താൽ ഇരുരാജ്യങ്ങളും തമ്മിൽ 585 ബില്യൺ ഡോളറിൻെറ വ്യാപാരം നടന്നിട്ടുണ്ട്. ചൈനയിൽ നിന്ന് അമേരിക്കയിലേക്കാണ് കൂടുതൽ കയറ്റുമതി നടക്കുന്നത്. ഏകദേശം 440 ബില്യൺ ഡോളറിൻെറ കയറ്റുമതി ചൈനയിൽ നിന്ന് അമേരിക്കയിലേക്ക് നടക്കുമ്പോൾ തിരിച്ച് 145 ബില്യൺ ഡോളറിൻെറ കയറ്റുമതിയാണ് നടന്നത്. അതായത് അമേരിക്കയെ സംബന്ധിച്ചിടത്തോളം ഏകദേശം 295 ബില്യൺ ഡോളറിൻെറ കമ്മി വ്യാപാരമാണ് ചൈനയുമായി നടക്കുന്നത്. അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ 1 ശതമാനം മാത്രമാണ് ഇത് വരുന്നത്. ട്രംപ് ആദ്യം അമേരിക്കൻ പ്രസിഡൻറായ കാലത്ത് തന്നെ ചൈനീസ് ഉത്പന്നങ്ങൾക്ക് മുകളിൽ കയറ്റുമതി തീരുവ ചുമത്തിയിരുന്നു. ചൈനയ്ക്ക് അമേരിക്കൻ വിപണിയിലുള്ള സ്വാധീനം പരമാവധി കുറയ്ക്കുക എന്നതായിരുന്നു ട്രംപിൻെറ ലക്ഷ്യം. മുൻ പ്രസിഡൻറ് ജോ ബൈഡനും ചൈനയോട് ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്.

അമേരിക്കയിലേക്ക് നേരിട്ടുള്ള കയറ്റുമതി കുറഞ്ഞതോടെ ചൈന അതിന് മറ്റൊരു രീതിയിൽ പരിഹാരം കണ്ടിരുന്നു. കംബോഡിയ, വിയറ്റ്നാം, തായ്ലൻറ്, മലേഷ്യ എന്നീ അയൽരാജ്യങ്ങളിലൂടെ ചൈനീസ് ഉത്പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുക എന്നതായിരുന്നു ആ തന്ത്രം. എന്നാൽ അതിനും തടയിടുകയാണ് ഇപ്പോൾ അമേരിക്ക ചെയ്തിരിക്കുന്നത്. കംബോഡിയ, വിയറ്റ്നാം തുടങ്ങീ ചൈനീസ് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് 40 ശതമാനത്തിന് മുകളിൽ പകരം തീരുവ ചുമത്തിയിട്ടുണ്ട്. ചൈനയെ ലക്ഷ്യമിട്ട് കൊണ്ടാണ് ഈ തീരുമാനവും ഉണ്ടായത്.
കയറ്റുമതി കണക്കുകൾ
2024-ലെ കണക്കുകൾ പരിശോധിച്ചാൽ അമേരിക്കയിൽ നിന്ന് ചൈനയിലേക്ക് ഏറ്റവും കൂുതൽ കയറ്റുമതി നടന്നത് സോയാബീനാണ്. ചൈനയിലെ പന്നികൾക്ക് വേണ്ടിയാണ് സോയാബീൻ ധാരാളമായി അമേരിക്കയിൽ നിന്ന് കയറ്റുമതി ചെയ്യുന്നത്. അമേരിക്കയിൽ നിന്ന് ചൈനയിലേക്കുള്ള മൊത്തം കയറ്റുമതിയുടെ 9 ശതമാനമാണ് ഇത് വരുന്നത്. പെട്രോളിയം, ഫാർമസ്യൂട്ടിക്കൽസ് ഉത്പന്നങ്ങളും അമേരിക്കയിൽ നിന്ന് ചൈനയിലേക്ക് ധാരാളമായി കയറ്റുമതി ചെയ്യുന്നുണ്ട്. ചൈനയിൽ നിന്ന് അമേരിക്കയിലേക്ക് ഇലക്ട്രോണിക് ഉത്പന്നങ്ങളും കളിപ്പാട്ടങ്ങളുമെല്ലാം ധാരാളമായി കയറ്റുമതി ചെയ്യുന്നുണ്ട്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങളിൽ അമേരിക്കൻ സ്മാർട്ഫോൺ നിർമ്മാതാക്കളായ ആപ്പിളിൻെറ ചൈനയിൽ നിർമ്മിക്കുന്ന ഫോണുകളാണ് ഏറ്റവും പ്രധാനം. അതിനാൽ, ചൈനയ്ക്ക് മേൽ അമേരിക്ക തീരുവ വർധിപ്പിച്ചതോടെ ആപ്പിളിൻെറ ഓഹരികൾ 20 ശതമാനത്തോളം ഇടിയുകയും ചെയ്തു. ചൈനയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന വസ്തുക്കളുടെയും തിരിച്ചുമുള്ള വസ്തുക്കളുടെ വിലയിൽ ഗണ്യമായ വർധനവുണ്ടാകുമെന്ന് ഉറപ്പാണ്. ഇരുരാജ്യങ്ങളിലെയും ജനങ്ങളെ ഇത് കാര്യമായി ബാധിക്കും. ഈ തീരുവയുദ്ധം അമേരിക്കയിലെയും ചൈനയിലെയും ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തികബാധ്യത വരുത്തി വെക്കുമെന്നതിൻെറ സൂചനകൾ ഇപ്പോൾ തന്നെ വന്നുകഴിഞ്ഞു.

ചെമ്പ്, ലിഥിയം തുടങ്ങീ അപൂർവലോഹങ്ങൾ വരെ വ്യാവസായിക ആവശ്യത്തിനായി ശുദ്ധീകരിക്കുന്നതിൽ ചൈനയ്ക്ക് നിർണായക പങ്കുണ്ട്. ഇത്തരം ഉത്പന്നങ്ങൾ അമേരിക്കയിൽ എത്തുന്നതിന് തടയിടാൻ ചൈന പരമാവധി ശ്രമിക്കും. ജർമേനിയം, ഗാലിയം തുടങ്ങിയ ലോഹങ്ങളുടെ കാര്യത്തിൽ ചൈന ഇത് നേരത്തെ തന്നെ ചെയ്തിട്ടുമുണ്ട്. റഡാറിലും മറ്റ് സൈനിക ആവശ്യങ്ങൾക്കുമൊക്കെയായി ഇവ ഉപയോഗപ്പെടുത്താറുണ്ട്. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിർമ്മാണത്തിന് അത്യന്താപേക്ഷിതമായ മൈക്രോചിപ്പുകളും മറ്റും ചൈനയിൽ എത്തുന്നതിൽ ഉപരോധം ഏർപ്പെടുത്തിയാവും അമേരിക്ക ഇതിനെ തിരിച്ച് നേരിടുക. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻെറയും മറ്റും കാര്യത്തിൽ മൈക്രോചിപ്പുകൾ നിർണായകമാണ്. അതിനാൽ അവ എത്താതിരുന്നാൽ അത് ചൈനീസ് വിപണിയെ പ്രതികൂലമായി തന്നെ ബാധിക്കും. ഇത് കൂടാതെ കംബോഡിയ, മെക്സിക്കോ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളോട് ചൈനയുമായുള്ള വ്യാപാരം അവസാനിപ്പിക്കാൻ സമ്മർദ്ദം ചെലുത്താനും അമേരിക്ക പദ്ധതിയിടുന്നുണ്ട്.
ലോകരാജ്യങ്ങളെ എങ്ങനെ ബാധിക്കും?
ആഗോളവിപണിയിലെ പകുതിയോളം വ്യാപാരവും അമേരിക്കയെയും ചൈനയെയും ആശ്രയിച്ചിരിക്കുകയാണ്. 2024-ലെ കണക്കുകൾ പ്രകാരം ലോക സമ്പദ് വ്യവസ്ഥയുടെ 43 ശതമാനവും നിയന്ത്രിക്കുന്നത് ഈ രണ്ട് രാജ്യങ്ങളാണെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ (IMF) കണക്കുകൾ പറയുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ട് വ്യാപാരയുദ്ധം നടന്നാൽ സ്വാഭാവികമായും അത് ആഗോള സമ്പദ് വ്യവസ്ഥയെയാകെ പ്രതികൂലമായി ബാധിക്കും. ലോകരാജ്യങ്ങളെയാകെ ബാധിക്കുന്ന തരത്തിലുള്ള സാമ്പത്തികമാന്ദ്യത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ലോകത്തെ മിക്ക രാജ്യങ്ങളുടെയും സാമ്പത്തികവളർച്ചയെ ഇത് പ്രതികൂലമായി ബാധിക്കും. ആഗോളനിക്ഷേപവും തിരിച്ചടി നേരിടും. ഇത് കൂടാതെ മറ്റ് ചില വിഷയങ്ങൾ കൂടിയുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ വസ്തുക്കൾ നിർമ്മിക്കുന്ന രാജ്യമാണ് ചൈന. ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ, ആ രാജ്യത്തെ മനുഷ്യർക്ക് ആവശ്യമുള്ളതിനേക്കാൾ ഇരട്ടിയിലധികം വസ്തുക്കളാണ് നിർമ്മിക്കുന്നത്. മറ്റ് രാജ്യങ്ങളിലേക്കുള്ള ചൈനയുടെ കയറ്റുമതി അത്രയധികമാണ്. പ്രാദേശികമായി ഉത്പാദനച്ചെലവ് കുറഞ്ഞതിനാലും സർക്കാരിൻെറ ഭാഗത്ത് നിന്ന് വലിയ തോതിലുള്ള പിന്തുണയും ഉള്ളതിനാലാണ് ഇത് സാധിക്കുന്നത്. ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ ഡിമാൻഡ് കുറഞ്ഞാൽ അവർ മറ്റ് രാജ്യങ്ങളുടെ വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. ഉത്പാദനവും കുറച്ചേക്കും. ഇതെല്ലാം ആഗോളതലത്തിൽ തന്നെ രൂക്ഷമായ തൊഴിലില്ലായ്മയിലേക്കും, തൊഴിലാളികളുടെ ശമ്പളം കുറയുന്നതിലേക്കുമെല്ലാം നയിച്ചേക്കാനുള്ള സാധ്യതയുമുണ്ട്.