ആദായനികുതി പരിധി കുത്തനെ ഉയർത്തി മധ്യവർഗത്തെ പുൽകുന്ന പ്രഖ്യാപനങ്ങളുമായി മൂന്നാം നരേന്ദ്ര മോദി സർക്കാരിൻെറ കേന്ദ്ര ബജറ്റ്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ആദായനികുതി പരിധി 12 ലക്ഷം രൂപയായാണ് ഉയർത്തിയിരിക്കുന്നത്. 10 ലക്ഷം പ്രതീക്ഷിച്ചിരുന്നിടത്താണ് 12 ലക്ഷത്തിലേക്ക് ഉയർത്തിയത്. ഉയർന്ന വരുമാനമുള്ളവർക്ക് ഗുണകരമാവുന്നതാണ് ഈ തീരുമാനം. ഡൽഹി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ആദായനികുതി പരിധി കുത്തനെ ഉയർത്തിയതെന്ന് പ്രതിപക്ഷമടക്കം വിമർശനം ഉയർത്തി തുടങ്ങിയിട്ടുണ്ട്. മൂന്നാം മോദി സർക്കാരിൻെറ ഇടക്കാല ബജറ്റുമായി ബന്ധപ്പെട്ട അതേ വിമർശനങ്ങൾ തന്നെ ഇപ്പോഴും തുടരുകയാണ്. അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ആശ്വാസകരമായ പദ്ധതികളില്ലാത്ത കർഷകരെയും തൊഴിലാളികളെയും പരിഗണിക്കാത്ത ദലിത് പിന്നാക്ക വിഭാഗങ്ങളെ തിരിഞ്ഞുനോക്കാത്ത ബജറ്റെന്ന വിമർശനമാണ് വീണ്ടും ഉയരുന്നത്. ഇന്ത്യയിൽ ആദായനികുതി അടയ്ക്കുന്ന എത്ര ശതമാനം മനുഷ്യരുണ്ട് എന്നതാണ് ചോദ്യം. ഔദ്യോഗിക കണക്കുകൾ പ്രകാരം 7.28 കോടി പേരാണ് ഐടിആർ ഫയൽ ചെയ്തത്. അതായത് മൊത്തം ജനസംഖ്യയുടെ 10 ശതമാനം പേർ പോലും ആദായനികുതി അടയ്ക്കുന്നില്ല. അവർക്കുള്ള ആശ്വാസമാണ് കൊട്ടിഘോഷിക്കപ്പെടുന്നത്.
എൻ.ഡി.എ സർക്കാരിൻെറ പ്രധാന സഖ്യകക്ഷിയായ ബീഹാറിന് ഇത്തവണയും ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങളുണ്ട്. ഇന്ത്യയുടെ ഫുഡ് ഹബ്ബാക്കി ബീഹാറിനെ പ്രഖ്യാപിക്കുമെന്നതാണ് അതിൽ പ്രധാനപ്പെട്ടത്. സംസ്ഥാനത്ത് ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ കൊണ്ടുവരുമെന്നും പാട്ന വിമാനത്താവളത്തിൻെറ സൌകര്യം മെച്ചപ്പെടുത്തുമെന്നും സംസ്ഥാനത്തെ ഐഐടികളുടെ സൌകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും നിർമല സീതാരാമൻ പ്രഖ്യാപിക്കുന്നു. ബീഹാറിൽ സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. ഈ വർഷം നവംബറിലാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോവുന്നത്. അത് കൂടി മുന്നിൽ കണ്ടാണ് ഈ മുന്തിയ പരിഗണനയെന്നാണ് വിലയിരുത്തൽ. നേരത്തെ ഇടക്കാല ബജറ്റിലും ബീഹാറിനും ആന്ധ്രയ്ക്കും വലിയ സഹായങ്ങൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.
പൊതുമേഖലയെ തിരിഞ്ഞുനോക്കാതെ സ്വകാര്യമേഖലയ്ക്ക് ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. ആണവനിയമത്തിൽ ഭേദഗതി വരുത്തി, ആ മേഖലയിൽ സ്വകാര്യപങ്കാളിത്തം സ്വാഗതം ചെയ്യുമെന്നും ബജറ്റിലുണ്ട്. ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപത്തിൻെറ തോത് വർധിപ്പിക്കുന്നതാണ് മറ്റൊരു സുപ്രധാന തീരുമാനം. 74 ശതമാനം വിദേശനിക്ഷേപമെന്ന പരിധി 100 ശതമാനമാക്കി ഉയർത്തി. ഇതോടെ വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ ഈ മേഖലയിൽ സമ്പൂർണ നിക്ഷേപത്തിനുള്ള സാധ്യത തെളിയും. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേഖലയുടെ വികസനത്തിനായി വിദ്യാഭ്യാമ മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകി 500 കോടി രൂപയുടെ പദ്ധതികളും നിർമല സീതാരാമൻ പ്രഖ്യാപിച്ചിട്ടുണ്ട്.
ബീഹാറിന് ബജറ്റിൽ ലോട്ടറി അടിച്ചപ്പോൾ ആന്ധ്രയ്ക്ക് എന്തുകൊണ്ട് ഇക്കുറി കാര്യമായി ഒന്നും നൽകിയില്ലെന്ന് കോൺഗ്രസ് കേന്ദ്ര സർക്കാർ ബജറ്റിനെ പരിഹസിച്ചു. ടിഡിപിയും ജെഡിയുവും എൻഡിഎ സർക്കാരിൻെറ പ്രധാന സഖ്യകക്ഷികളാണ്. ഇത്തവണ ജെഡിയുവിനെയാണ് ബജറ്റ് കൂടുതൽ പരിഗണിച്ചത്. “രാജ്യത്തിൻെറ അടിസ്ഥാന പ്രശ്നങ്ങളെയൊന്നും ബജറ്റ് അഡ്രസ് ചെയ്യുന്നില്ല. ആദായനികുതി അടയ്ക്കുന്നവർക്ക് മാത്രമാണ് അൽപം ആശ്വാസമുള്ളത്. അത് രാജ്യത്തിൻെറ യഥാർഥ വരുമാനത്തിൽ എന്ത് പ്രതിഫലനമാണ് ഉണ്ടാക്കാൻ പോവുന്നത്,” കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.