കണക്കിൽ കുതിപ്പ്,
ആളോഹരി ദാരിദ്ര്യം;
ഒരു വിചിത്ര ഇന്ത്യ

ഇന്ത്യ, വികസിത രാജ്യമായ ജപ്പാനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സാമ്പത്തിക ശക്തിയായിയെന്ന വിവരം IMF ജൂൺ ആദ്യവാരത്തിൽ പുറത്തുവിട്ടു. എന്നാൽ, ആഭ്യന്തര വരുമാനത്തിന്റെ ഉയർച്ച സാധാരണ ജനങ്ങളുടെ ദൈനം ദിന ജീവിതത്തെ സ്പർശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോൾ, ഈ ‘വളർച്ചാനിരക്കി’ന്റെ പൊള്ളത്തരം വ്യക്തമാകും- ഡോ. റിച്ചാർഡ് സ്കറിയ എഴുതുന്നു.

‘‘Accumulation of wealth at one pole is at the same time accumulation of misery, agony of toil slavery, ignorance, brutality, mental degradation, at the opposite pole’’.
- Karl Marx, ‘Das Kapital’ (1867)

കാൾ മാർക്സ് 1867-ൽ മൂലധനത്തിന്റെ ഒന്നാം വാല്യത്തിൽ കുറിച്ചിട്ട വരികളുടെ നേർ സാക്ഷ്യങ്ങളായി ഇന്ത്യൻ സമൂഹം പരിവർത്തനപ്പെട്ടു കഴിഞ്ഞിരിക്കുന്നുവോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സാമ്പത്തിക ശക്തിയായി മുന്നേറിയ രാഷ്ട്രം തന്നെ ലോകത്തിലെ ഏറ്റവും അധികം വരുന്ന ദരിദ്ര ജനങ്ങളെ വഹിക്കുന്നു എന്നത് തന്നെയാണ് വർത്തമാനകാല ഇന്ത്യയുടെ വികസന ഗതിയുടെ വൈരുദ്ധ്യം. UNDP-യെ പോലുള്ള അന്തർദ്ദേശീയ സംഘടനകളും, OPHI ഉൾപ്പെടെയുള്ള ഗവേഷണ സ്ഥാപനങ്ങളും 2024–2025 സാമ്പത്തിക വർഷങ്ങളിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ, ഇന്ത്യയുടെ സാമ്പത്തിക വികസനത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ വിവരങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

2025 ജൂൺ ആദ്യവാരത്തിൽ ഇന്ത്യ, വികസിത രാജ്യമായ ജപ്പാനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സാമ്പത്തിക ശക്തിയായിയെന്ന വിവരം IMF (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്) പുറത്തുവിട്ടു. 25 വർഷങ്ങൾക്കു മുൻപ് 468.4 ബില്ല്യൺ ഡോളർ മാത്രമായിരുന്ന ഇന്ത്യയുടെ മൊത്ത ആളോഹരി വരുമാനം (4187.03$ ബില്യൺ) ഏകദേശം പത്ത് ഇരട്ടി വളർച്ച രേഖപ്പെടുത്തിയെന്നത് വസ്തുതയാണ്.

എന്നാൽ, ഇന്ത്യയുടെ ആഭ്യന്തര വരുമാനത്തിന്റെ ഉയർച്ച എത്രത്തോളം സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതങ്ങളെ സ്പർശിക്കുന്ന തലത്തിൽ പരിവർത്തനപ്പെട്ടു എന്ന് വിലയിരുത്തുമ്പോഴാണ് രാഷ്ട്രത്തിന്റെ സാമ്പത്തിക കുതിപ്പ് ജനങ്ങളുടെ കിതപ്പിനുള്ള ശമനമാകുന്നുണ്ടോ എന്ന് വിലയിരുത്താനാകൂ. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം, ജപ്പാനെക്കാൾ ഉയർന്നത് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധരെ സംബന്ധിച്ച് അഭിമാന നിമിഷമാണെങ്കിലും, ഇന്ത്യയുടെ (2878.5$) ആളോഹരി വരുമാനം ജപ്പാനേക്കാൾ പന്ത്രണ്ടു ഇരട്ടിയോളം താഴെയാണ് (33955 $) എന്ന യാഥാർഥ്യം വിസ്മരിക്കപ്പെടരുത്. ആളോഹരി വരുമാനത്തിലുള്ള ഈ അന്തരം, രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ജനങ്ങളുടെ ജീവിത നിലവാരത്തിനുതകുന്ന തരത്തിലേക്ക് പരിണമിക്കുന്നില്ല എന്നതാണ് ചൂണ്ടിക്കാണിക്കുന്നത്.

അതോടൊപ്പം ഇന്ത്യയിലെ ജനങ്ങളുടെ ആളോഹരി വരുമാനം താഴ്ന്ന മദ്ധ്യവർഗ്ഗ വരുമാനവിഭാഗത്തിൽ (Lower middle income group) ഉൾപ്പെട്ടുകൊണ്ട് ലോക രാഷ്ട്രങ്ങളുടെ പട്ടികയിൽ വളരെ പിന്നിലായി, 144–ാം സ്ഥാനത്താണ്. ലോക രാഷ്ട്രങ്ങൾക്കിടയിൽ, സാമ്പത്തിക ശക്തിയിൽ പത്താമത്തെ സ്ഥാനത്ത് കിടക്കുന്ന വികസ്വര രാഷ്ട്രം മാത്രമായ ബ്രസീൽ പോലും ഇന്ത്യയുടെ ആളോഹരി വരുമാനത്തേക്കാൾ ഏകദേശം എട്ട് ഇരട്ടിയുടെ വർദ്ധനവ് രേഖപ്പെടുത്തി (23241 $) ആഗോള റാങ്കിൽ 82-ാം സ്ഥാനത്ത് എത്തി നിൽക്കുന്നു. ഇത് ഇന്ത്യൻ സാമ്പത്തിക വളർച്ചയിലെ അസമത്വവും, മൂലധന കേന്ദ്രീകരണ സ്വഭാവവും വ്യക്തമാക്കുന്നതാണ്.

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം, ജപ്പാനെക്കാൾ ഉയർന്നത് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധരെ സംബന്ധിച്ച് അഭിമാന നിമിഷമാണെങ്കിലും, ഇന്ത്യയുടെ ആളോഹരി വരുമാനം ജപ്പാനേക്കാൾ പന്ത്രണ്ടു ഇരട്ടിയോളം താഴെയാണ് എന്ന യാഥാർഥ്യം വിസ്മരിക്കപ്പെടരുത്.

ഇന്ത്യയുടെ ആഭ്യന്തര വരുമാനത്തിലേക്ക് (GDP) സേവനമേഖല 54.72%, വ്യവസായ മേഖല 27.68%, കാർഷിക രംഗം 17.66% വീതം സംഭാവന നൽകിവരുന്നതായി കണക്കുകളിൽ നിന്ന് വ്യക്തമാണ്. പകുതിയിലധികം വരുമാനവും സേവന മേഖലയിൽ നിന്നാണ് ലഭ്യമാകുന്നതെങ്കിലും, 31.5% ജനങ്ങൾ മാത്രമാണ് സേവനമേഖലയെ ആശ്രയിക്കുന്നത്. അതായത് ഏറ്റവും കുറവ് വരുമാനവും, വളർച്ചയും രേഖപ്പെടുത്തുന്നതായ കാർഷിക മേഖലയെയാണ് 43.5% വരുന്ന ഭാരതീയരും ഉപജീവനത്തിന് അവലംബിക്കുന്നത്. ഈ വരുമാന അനുപാതം തൊഴിൽ മേഖലകളിൽ പ്രതിഫലിക്കുന്നില്ല എന്നുള്ളതും, അതോടൊപ്പം മാസശമ്പളം വാങ്ങുന്ന തൊഴിലാളികൾ (23.9%) മാത്രമേ ഇന്ത്യയിലുള്ളൂ എന്നതും തൊഴിൽരംഗത്തെ അസ്ഥിരതയേയും ചൂഷണത്തിനെയും കാണിച്ചുതരുന്നു. വൻ സാമ്പത്തിക ശക്തികളായ അമേരിക്ക, ചൈന ഉൾപ്പെടെയുള്ളവർ, എന്തിനേറെ ബ്രസീലിൽ പോലും, രാജ്യത്തിന്റെ ആഭ്യന്തര വരുമാനത്തിനനുസൃതമായിട്ടുള്ള തൊഴിൽ അനുപാതവും, ഭൂരിപക്ഷവും തൊഴിലാളികൾ മാസശമ്പളം വാങ്ങുന്നവരാണ്.

വിവിധ മേഖലകളിലെ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ശതമാനം; വിവിധ രാജ്യങ്ങളും കേരളവും തമ്മിലുള്ള താരതമ്യം.
വിവിധ മേഖലകളിലെ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ശതമാനം; വിവിധ രാജ്യങ്ങളും കേരളവും തമ്മിലുള്ള താരതമ്യം.

UNDP 2025 മെയ് 6-ന്, ‘തെരഞ്ഞെടുക്കപ്പെടേണ്ട ഒരു കാര്യം- നിർമ്മിത ബുദ്ധിയുടെ യുഗത്തിലെ ജനങ്ങളും സാധ്യതകളും’ (A matter of choice-People and possibilities in the age of AI) എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലോകരാഷ്ട്രങ്ങളുടെ മാനവിക വികസന സൂചികയിൽ (HDI) ഇന്ത്യ 130-ാം സ്ഥാനത്താണ്. 2023-ൽ ലോകരാജ്യങ്ങൾ ആരോഗ്യം, വിദ്യാഭ്യാസം, ആളോഹരി വരുമാനം തുടങ്ങിയ മേഖലയിൽ കൈവരിച്ച നേട്ടങ്ങളെ മുൻനിർത്തിക്കൊണ്ടുള്ള ശാസ്ത്രീയ വിശകലനമാണ് ഈ വൃത്താന്തരേഖയുടെ ഉള്ളടക്കം.

സാമ്പത്തിക അസമത്വം ഇന്ത്യയിൽ വർദ്ധിക്കുന്നതായും, ഈ പ്രതിസന്ധി ദുർബലരായ ജനതയുടെ 30.7% വരെയുള്ള സാമ്പത്തിക വളർച്ച നേടാനുള്ള സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നതായും 2023-ലെ UNDP റിപ്പോർട്ടിൽ വ്യക്തമാക്കുന്നു

1990-നു ശേഷം, അതായത് കഴിഞ്ഞ 35 വർഷ ചരിത്രത്തിൽ ലോകം കണ്ട ഏറ്റവും കുറഞ്ഞ മാനവിക വികസന വളർച്ചാ (HDI) നിരക്കിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് UNDP-യുടെ പ്രധാന വിലയിരുത്തൽ. 2008-നു സമാനമായ ലോക സാമ്പത്തിക മാന്ദ്യത്തിന്റെ സൂചന ലോകരാജ്യങ്ങളിൽ നിഴലിക്കുന്നുണ്ട് എന്ന് സാരം. ഇന്ത്യ, 2022-നെ മുൻനിർത്തിക്കൊണ്ടുള്ള HDI-യുമായി താരതമ്യം ചെയുമ്പോൾ, മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി, 133-ൽ നിന്ന് 130 ആയി ഉയർന്നു എന്നത് ആശ്വാസകരമാണ്. എന്നിരുന്നാലും അയൽ രാജ്യങ്ങളായ ചൈന (78), ശ്രീലങ്ക (89), ഭൂട്ടാൻ (125), എന്നിങ്ങനെയുള്ള രാഷ്ട്രങ്ങൾ പട്ടികയിൽ വളരെ ഉയർന്ന സ്ഥാനം കൈവരിക്കുമ്പോൾ അഫ്ഗാനിസ്ഥാൻ (181), പാകിസ്താൻ (168), മ്യാന്മാർ (150) എന്നിവർ മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്.

UNDP-യുടെ പുതിയ വിവരങ്ങൾ പ്രകാരം ഇന്ത്യക്കാരുടെ ആയുർദൈർഘ്യം 2022-ൽ 71.20 വർഷം ആയിരുന്നത് 72 വർഷമായി ഉയർന്ന് ലോക ശരാശരിയുടെ ഒപ്പം (73 വർഷം) നിൽക്കുന്നു എന്നത് ആരോഗ്യ മേഖലയെ സംബന്ധിച്ച് ആശ്വാസം നൽകുന്നതാണ്. എന്നാൽ വിദ്യാഭ്യാസ സൂചികയിൽ ലോക ശരാശരിയോട് (8.7 വർഷം) തുലനം ചെയ്യാവുന്ന രീതിയിലുള്ള ഗുണപരമായ വളർച്ചാനിരക്ക് ഇതുവരെയും നേടാനായിട്ടില്ല. 25 വയസ്സ് വരെയുള്ള ഓരോ ഇന്ത്യക്കാരും ശരാശരി 6.7 വർഷമേ വിദ്യാലയങ്ങളിൽ പഠിക്കുന്നുള്ളൂ എന്നത് ആശങ്ക ഉളവാക്കുന്നതാണ്.

. തൊഴിൽ മേഖലയിലെ വനിതാ പങ്കാളിത്തം 41.7% ആയി ചുരുങ്ങുന്നതും. മൂലധന നിക്ഷേപങ്ങളിൽ സ്ത്രീസാന്നിധ്യം കുറയുന്നതും, ഇന്ത്യയെ സാമ്പത്തിക അസമത്വ രാഷ്ട്രമായി തുടരുന്നതിന്റെ ഗതിവേഗം കൂട്ടാനുള്ള കാരണമാകുന്നു.
. തൊഴിൽ മേഖലയിലെ വനിതാ പങ്കാളിത്തം 41.7% ആയി ചുരുങ്ങുന്നതും. മൂലധന നിക്ഷേപങ്ങളിൽ സ്ത്രീസാന്നിധ്യം കുറയുന്നതും, ഇന്ത്യയെ സാമ്പത്തിക അസമത്വ രാഷ്ട്രമായി തുടരുന്നതിന്റെ ഗതിവേഗം കൂട്ടാനുള്ള കാരണമാകുന്നു.

ഭാരതീയരുടെ ആളോഹരി വരുമാനം (Per Capita Income) 35 വർഷത്തെ ആളോഹരി വരുമാനവുമായി തട്ടിച്ചു നോക്കുമ്പോൾ 367 $ എന്ന കുറഞ്ഞ ആളോഹരി വരുമാനത്തിൽ നിന്ന് 2880$ ആയി വർദ്ധിച്ചു എന്നത് സാമ്പത്തികമായി രാജ്യം മെച്ചപ്പെടുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്. എങ്കിലും, സാമ്പത്തിക അസമത്വം ഇന്ത്യയിൽ വർദ്ധിക്കുന്നതായും, ഈ പ്രതിസന്ധി ദുർബലരായ ജനതയുടെ 30.7% വരെയുള്ള സാമ്പത്തിക വളർച്ച നേടാനുള്ള സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നതായും 2023-ലെ UNDP റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തൊഴിൽ മേഖലയിലെ വനിതാ പങ്കാളിത്തം 41.7% ആയി ചുരുങ്ങുന്നതും. മൂലധന നിക്ഷേപങ്ങളിൽ സ്ത്രീസാന്നിധ്യം കുറയുന്നതും, ഇന്ത്യയെ സാമ്പത്തിക അസമത്വ രാഷ്ട്രമായി തുടരുന്നതിന്റെ ഗതിവേഗം കൂട്ടാനുള്ള കാരണമാകുന്നു.

ആഗോള പട്ടിണി സൂചികയിൽ, നാലാമത്തെ വലിയ സാമ്പത്തിക ശക്തി എന്നറിയപ്പെടുന്ന ഇന്ത്യയിലെ ജനങ്ങൾ ആപത്കരം എന്ന (serious) വിഭാഗത്തിലാണ് അകപ്പെട്ടിരിക്കുന്നതെത്.

2024-ൽ കൺസേൺ ഓഫ് വേൾഡും, welthungerlife-ഉം സംയുക്തമായി തയ്യാറാക്കിയ ആഗോള പട്ടിണി സൂചികയിൽ, ഇന്ത്യ (105/127) 105-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നതായി കാണാം. സാമ്പത്തിക ശക്തികളുടെ പട്ടികയിലേക്ക് ചുവടുവെച്ചു മുന്നേറുന്ന കണക്കുണ്ടെങ്കിലും, ഭൂരിപക്ഷം ഇന്ത്യൻ ജനതക്ക് ലഭ്യമല്ലാത്തതും, പ്രത്യേകിച്ച് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവിതം രോഗാതുരതയിലേക്ക് തള്ളിവിട്ടതുമായ കണക്കുകളാണ് യഥാർത്ഥത്തിൽ പട്ടിണി സൂചിക പുറത്തുവിട്ടത്. കൃത്യമായ ഭക്ഷണവും, പരിചരണവും ലഭിക്കാതെ 15 കോടിയോളം വരുന്ന ഇന്ത്യയിലെ കുരുന്നു ജീവിതങ്ങളാണ് വഴിമുട്ടി നിൽക്കുന്നത്. ഒരു പക്ഷേ പാക്കിസ്ഥാൻ (109/127) ഒഴികെയുള്ള എല്ലാ അയൽ രാജ്യങ്ങളും, ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയെക്കാൾ മെച്ചപ്പെട്ട അവസ്ഥയിലാണ്. നാലാമത്തെ വലിയ സാമ്പത്തിക ശക്തി എന്നറിയപ്പെടുന്ന ഇന്ത്യയിലെ ജനങ്ങൾ ആപത്കരം എന്ന (serious) വിഭാഗത്തിലാണ് അകപ്പെട്ടിരിക്കുന്നതെന്നും ആഗോള പട്ടിണി സൂചിക വ്യക്തമാക്കിത്തരുന്നുണ്ട്.

ആഗോള പട്ടിണി സൂചിക 2024-25
ആഗോള പട്ടിണി സൂചിക 2024-25
Source: 2024 Multidimensional Poverty Index (MPI)
Source: 2024 Multidimensional Poverty Index (MPI)

UNDP, OPHI -യുടെ ലോകദാരിദ്ര സൂചികയിലെ (2024) കണക്കു പ്രകാരം ലോകജനസഖ്യയിലെ 101 കോടി ജനങ്ങൾ (18%) ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ അകപ്പെട്ടതായി കാണാം. ലോകത്തിൽ ഏറ്റവുമധികം ദരിദ്രർ അധിവസിക്കുന്ന രാജ്യം (23.4 കോടി) ഇന്ത്യയാണെന്നതും, ലോകത്തെ അഞ്ച് ദരിദ്രരിൽ ഒരാൾ ഭാരതീയനാണെന്നുള്ള വെളിപ്പെടുത്തലുകളും വികസന രീതിശാസ്ത്രങ്ങളുടെ പാളിച്ച തുറന്നു കാണിക്കുന്നു. ലോകത്തെ ആദ്യ പത്തിലുള്ള സാമ്പത്തിക ശക്തികളുടെ ദാരിദ്ര്യ സൂചികൾ ഇന്ത്യയെക്കാൾ വളരെ മെച്ചപ്പെട്ടതും, ഒരു ശതമാനത്തിൽ താഴെ മാത്രം ദരിദ്രർ അധിവസിക്കുന്ന രാഷ്ട്രങ്ങളാണ്.

നിതി ആയോഗും ഇന്ത്യൻ എക്കണോമിക് സർവ്വേയും 2024-25 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം വികസിത രാഷ്ട്രങ്ങളോട് തുലനം ചെയ്യാവുന്ന വികസന അനുഭവങ്ങൾ മലയാളികൾക്ക് ലഭ്യമാകുന്നതായി കാണാം.

അന്തർദേശീയ ഏജൻസികളുടെ പഠനങ്ങൾ ഇന്ത്യയുടെ സാമ്പത്തിക വികസന പരിപ്രേക്ഷ്യങ്ങളുടെയും, പ്രയോഗങ്ങളുടെയും, പൊള്ളത്തരങ്ങളെ മറനീക്കി കാണിക്കുന്നതായിരുന്നു. ഇന്ത്യയുടെ Gini Coefficient (2024) 0.410 എന്ന ഉയർന്ന തോത് രേഖപ്പെടുത്തിയതിലൂടെ ഇന്ത്യൻ സമൂഹം നേരിടുന്ന സാമ്പത്തിക അസമത്വങ്ങളുടെ ആഴം വ്യക്തമാക്കുന്നു.

ഇന്ത്യയിലെ 1% മാത്രം വരുന്ന സാമ്പത്തിക ശക്തികൾ രാജ്യത്തിന്റെ 40% വിഭവങ്ങളിന്മേൽ സ്വാധീനമുള്ളവരാണ്. 10% മൂലധന ശക്തികൾ 72% സാമ്പത്തിക സ്രോതസ്സുകൾ കൈവശം വെക്കുമ്പോൾ, താഴെ തട്ടിലുള്ള 50% സാധാരണ ജനങ്ങൾക്ക് 3% വിഭവങ്ങളിന്മേലുള്ള അധികാരമേ ഉള്ളൂ എന്നത് അസമത്വങ്ങളുടെ ഞെട്ടിപ്പിക്കുന്ന കണക്കാണ്.

ഇന്ത്യൻ സാമ്പത്തിക രംഗം പിന്തുടരുന്നതായ പ്രത്യേയശാസ്ത്രത്തെ പ്രശ്നവത്കരിക്കുകയും വികസനം ആരിലൂടെയാവണം, ആർക്കു വേണ്ടിയാവണം, എന്നീ ചോദ്യങ്ങളെ അഭിമുഖീകരിക്കുകയും ചെയ്താൽ മാത്രമേ ജനപക്ഷ- ജനഹിത വികസന മാതൃകകൾ ഇന്ത്യയുടെ മണ്ണിൽ സൃഷ്ടിക്കപ്പെടുകയുള്ളൂ. പൊതുമുതൽ വിറ്റഴിച്ചും, ന്യൂനപക്ഷ ശതകോടീശ്വരന്മാരുടെ വികസന സാധ്യതകൾക്കായിട്ടുള്ള സ്വകാര്യവത്കരണ നയങ്ങളെ തഴുകുന്നതുമാണ് യൂണിയൻ സർക്കാരുകളുടെ സാമ്പത്തിക പദ്ധതികൾ.

വർത്തമാന ഇന്ത്യയിലെ ജനസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതപൂർണ്ണമായ സാഹചര്യങ്ങൾ ഭരണഘടന ജനങ്ങൾക്ക് നൽകിയ മാന്യമായ ജീവിതം സൃഷ്ടിക്കുന്നതിനുള്ള ഉറപ്പുകളുടെ നിഷേധം കൂടിയാണ്. Photo: Muhammed Althaf
വർത്തമാന ഇന്ത്യയിലെ ജനസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതപൂർണ്ണമായ സാഹചര്യങ്ങൾ ഭരണഘടന ജനങ്ങൾക്ക് നൽകിയ മാന്യമായ ജീവിതം സൃഷ്ടിക്കുന്നതിനുള്ള ഉറപ്പുകളുടെ നിഷേധം കൂടിയാണ്. Photo: Muhammed Althaf

വർത്തമാന ഇന്ത്യയിലെ ജനസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതപൂർണ്ണമായ സാഹചര്യങ്ങൾ ഇന്ത്യൻ ഭരണഘടന ജനങ്ങൾക്ക് നൽകിയ മാന്യമായ ജീവിതം സൃഷ്ടിക്കുന്നതിനുള്ള ഉറപ്പുകളുടെ നിഷേധം കൂടിയാണ്. ഭരണഘടനയിലെ ഭാഗം 4-ൽ (Part IV) ആലേഖനം ചെയ്തിട്ടുള്ള നിർദ്ദേശക തത്വങ്ങൾ എന്നറിയപ്പെടുന്ന 38 മുതൽ 42 വരെയുള്ള ഭാഗം നോക്കുക:

Article 38: [(1)] The State shall strive to promote the welfare of the people by securing and protecting as effectively as it may a social order in which justice, social, economic and political, shall inform all the institutions of the national life. Article 38: [(2) The State shall, in particular, strive to minimize the inequalities in income, and Endeavour to eliminate inequalities in status, facilities and opportunities, not only amongst individuals but also amongst groups of people residing in different areas or engaged in different vocations.]
Article 39: The State shall, in particular, direct its policy towards securing— (a) That the citizens, men and women equally, have the right to an adequate means of livelihood; (b) That the ownership and control of the material resources of the community are so distributed as best to sub serve the common good; (c) that the operation of the economic system does not result in the concentration of wealth and means of production to the common detriment; (d) that there is equal pay for equal work for both men and women.).

ഓരോ ഭാരതീയനും അന്തസ്സും അഭിമാനവുമുള്ള ജീവിതം സാധ്യമാക്കുന്നതിനുള്ള സാഹചര്യങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം നൽകേണ്ടത് എന്ന് ഉറപ്പാക്കാനുള്ള മാർഗനിർദേശങ്ങളാണിവ.

ഒരു പക്ഷേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് കേരളം, രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷയുടെ സ്ഫുരണങ്ങൾ നൽകുന്നതായി കാണാം. നിതി ആയോഗും ഇന്ത്യൻ എക്കണോമിക് സർവ്വേയും 2024-25 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം വികസിത രാഷ്ട്രങ്ങളോട് തുലനം ചെയ്യാവുന്ന വികസന അനുഭവങ്ങൾ മലയാളികൾക്ക് ലഭ്യമാകുന്നതായി കാണാം. ഉയർന്ന മാനവ വികസന സൂചിക (HDI - 0.758), ഏറ്റവും കുറഞ്ഞ പട്ടിണിയും ദാരിദ്ര്യവുമുള്ള മനുഷ്യർ അധിവസിക്കുന്ന സമൂഹം, ആരോഗ്യ– വിദ്യാഭ്യാസ മേഖലകളിൽ ആഗോള ശരാശരിയേക്കാൾ മെച്ചപ്പെട്ട പ്രകടനം തുടങ്ങി സർവ്വ മേഖലകളിലും സുസ്ഥിര വികസനത്തിന്റെ അലയടികൾ കാണാൻ കഴിയും. അതായത് ആഗോള ശരാശരിയായ 0.730 എന്ന തോതിനെക്കാളും ഇന്ത്യയുടെ 0.680 എന്ന തോതിനെക്കാളും വളരെ ഉയർന്ന മാനവിക വികസന രാജ്യങ്ങളുടെ പട്ടികയോട് ചേർന്നുനിൽക്കുന്നു എന്നു കൂടി മനസ്സിലാക്കാം.

കേരളത്തിലെ ജനതക്ക് സാമൂഹ്യനീതിയിലും സമത്വഭാവനയിലും ഊന്നിയ വികസനം സാധ്യമെങ്കിൽ (ഒരു പരിധിവരെ) എന്തുകൊണ്ട് ഇതര സംസ്ഥാനങ്ങൾക്ക് സാധ്യമാവുന്നില്ല എന്നതിന്റെ കാര്യകാരണങ്ങളെ സങ്കുചിത രാഷ്ട്രീയ ചിന്തകൾക്കപ്പുറം ചർച്ചചെയ്യേണ്ടതാണ്.

വിദ്യാഭ്യാസ സൂചികയിൽ കേരളം ലോക ശരാശരിയേക്കാളും (8.7 വർഷം) ഇന്ത്യൻ ശരാശരിയേക്കാളും (6.7 വർഷം) 11.33 വർഷം വരെ ഓരോ മലയാളിയും വിദ്യാഭ്യാസ പ്രക്രിയയിൽ ഉൾപ്പെടുന്നു എന്നാണ് കണക്ക്. കേരളത്തിന്റെ ആരോഗ്യമേഖല, അതായത് ആയുർദൈർഘ്യത്തെ മുൻനിർത്തിക്കൊണ്ടുള്ള വിലയിരുത്തലിൽ, മലയാളികളുടെ ശരാശരി ആയുർദൈർഘ്യം 78.26 വർഷം ആണ്. മലയാളിയുടെ ആളോഹരി വരുമാനവും (4400$) ഇന്ത്യൻ ശരാശരിയേക്കാളും മെച്ചപ്പെട്ട അവസ്ഥയിലാണ്. കൂടാതെ കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ആഭ്യന്തര വരുമാനത്തിലേക്ക് വലിയ സംഭാവന നല്കുന്നു. സേവന മേഖലകളിൽ (62%) നിന്നാണ് കൂടുതൽ തൊഴിൽ സൃഷ്ടിക്കപ്പെടുന്നതും. ഇത് ഉയർന്ന വേതന നിരക്ക് ലഭ്യമാകുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം, ഏറ്റവും ഉയർന്ന കൂലി നിരക്കുള്ള സംസ്ഥാനമായി കേരളം നിലകൊള്ളുന്നു. അസമത്വ നിരക്കും ദേശീയ ശരാശരിയേക്കാളും (0.410) താഴ്ന്ന, 0.280–നും 0.290-നും (Gini Coefficient) ഇടയിലാണെന്നത് കേരളീയർക്ക് ആശ്വാസകരമായ കണക്കാണ്.

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ സമൂഹങ്ങളെ എത്തിപ്പിടിക്കുന്നതിനുള്ള മാതൃകകൾ ആയിക്കൂടി മനസ്സിലാക്കാവുന്നതാണ്. കേരളത്തിലെ ജനതക്ക് സാമൂഹ്യനീതിയിലും സമത്വഭാവനയിലും ഊന്നിയ വികസനം സാധ്യമെങ്കിൽ (ഒരു പരിധിവരെ) എന്തുകൊണ്ട് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്ക് സാധ്യമാവുന്നില്ല എന്നതിന്റെ കാര്യകാരണങ്ങളെ സങ്കുചിത രാഷ്ട്രീയ ചിന്തകൾക്കപ്പുറം ചർച്ചചെയ്യേണ്ടതാണ്.

Source: UNDP Reports 2024-25
Source: UNDP Reports 2024-25

2027- ൽ ‘വികസിത ഭാരതം’ സ്വപ്നം കാണുന്ന യൂണിയൻ സർക്കാർ, ഇന്ത്യൻ ജനത നേരിടുന്ന ഉപജീവന പ്രശ്നങ്ങളുടെ യാഥാർഥ്യങ്ങൾ ഉൾക്കൊള്ളാതെയും നിലവിലെ വികസന രീതികളെ അപനിർമ്മിക്കാതെയും ‘വികസിത രാജ്യം’ എന്ന സ്വപ്നം പൂവണിയുകയില്ല. ഇനിയും രാജ്യം ജയിക്കുമ്പോൾ അവിടുത്തെ ജനങ്ങൾ തോൽപ്പിക്കപ്പെടുന്ന സാഹചര്യം ആവർത്തിക്കപ്പെടാതിരിക്കട്ടെ. രാഷ്ട്ര പിതാവായ മഹാത്മാഗാന്ധി, ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിനു ചൊല്ലിക്കൊടുത്ത മാന്ത്രിക വചനം "Wipe out the tears of the common man" എന്നതുതന്നെയാവട്ടെ ഭരണാധികാരികളുടെ മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ.

Comments