മനുഷ്യർ രാജ്യങ്ങളുടെയും ദേശങ്ങളുടെയും അതിരുകൾ വരയ്ക്കുന്നതിനും മുൻപേ, പ്രകൃതിയിൽ ഉണ്ടായിരുന്ന കറൻസിയാണ് സ്വർണം. യുദ്ധങ്ങളും സാമ്പത്തിക പ്രതിസന്ധികളും ലോകത്തെ ഉലയ്ക്കുമ്പോഴും ഭൂപടങ്ങളുടെ അതിരുകൾക്കപ്പുറം മനുഷ്യർ ഇന്നും സ്വർണ്ണത്തിന് പിന്നാലെ പായുകയാണ്. ഇന്ന് ആഗോള സ്വർണ്ണവിപണി ഉറ്റുനോക്കുന്നത് ഏഷ്യയിലെ രണ്ട് വന്മതിലുകളായ ഇന്ത്യയിലേക്കും ചൈനയിലേക്കുമാണ്. കൗതുകകരമെന്നു പറയട്ടെ, ഒരേസമയം സ്വർണ്ണത്തോട് ഈ രണ്ടു രാജ്യങ്ങളും കാണിക്കുന്ന സമീപനം തികച്ചും വിപരീതമാണ്. ഒരു വശത്ത് ഇന്ത്യ സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക് നീങ്ങുമ്പോൾ, മറുവശത്ത് ചൈന ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ്ണ വേട്ടയിലാണ്.
നിയന്ത്രണങ്ങളുമായി ഇന്ത്യ: പ്രധാനമന്ത്രിയുടെ ആഹ്വാനവും സാമ്പത്തിക കാരണങ്ങളും
ഹൈദരാബാദിലെ (സെക്കന്ദരാബാദ്) പരേഡ് ഗ്രൗണ്ടിൽ നടന്ന പൊതുറാലിയിലും, തൊട്ടടുത്ത ദിവസം ഗുജറാത്തിലെ വഡോദരയിൽ സംസാരിക്കവേയും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് സവിശേഷമായ ഒരു ആഹ്വാനം നടത്തുകയുണ്ടായി. പശ്ചിമേഷ്യയിൽ (Middle East) രൂപപ്പെട്ടിരിക്കുന്ന കടുത്ത യുദ്ധപ്രതിസന്ധിയും ആഗോള വിപണിയിലെ തകർച്ചയും മുൻനിർത്തി, വരാനിരിക്കുന്ന ഒരു വർഷത്തേക്ക് അത്യാവശ്യമല്ലാത്ത സ്വർണ്ണാഭരണ വാങ്ങലുകൾ പൂർണ്ണമായും മാറ്റിവെക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന.
"നമുക്ക് ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് നിർത്താം, സ്വർണ്ണ ഇറക്കുമതി കുറഞ്ഞാൽ വിദേശനാണ്യ ശേഖരം വർദ്ധിക്കും," - എന്ന് അദ്ദേഹം ജനങ്ങളോട് വ്യക്തമാക്കി.
ഇതിനുപുറമെ, ഇന്ധന ഇറക്കുമതിച്ചെലവ് കുറയ്ക്കാൻ പെട്രോൾ, ഡീസൽ ഉപയോഗം പരമാവധി കുറയ്ക്കാനും, പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനും, 'വർക്ക് ഫ്രം ഹോം' രീതികൾ പ്രോത്സാഹിപ്പിക്കാനും വിദേശയാത്രകൾ ഒഴിവാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ജനങ്ങളുടെ പരമ്പരാഗതമായ സ്വർണ്ണശീലത്തിൽ ഇടപെട്ട് ഇത്തരമൊരു നിർദ്ദേശം നൽകുന്നത് ചരിത്രത്തിൽ തന്നെ അപൂർവ്വമാണ്.

ഇന്ത്യൻ കുടുംബങ്ങളാണ് ഇന്ന് ലോകത്തിൽ ചൈനയ്ക്ക് തൊട്ടുതാഴെ ഏറ്റവും കൂടുതൽ സ്വർണ്ണം വാങ്ങിക്കൂട്ടുന്നത്. എന്നാൽ ഇന്ത്യക്കാരും ചൈനക്കാരും സ്വർണ്ണം വാങ്ങുന്ന രീതികൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇന്ത്യയിൽ സ്വർണ്ണം കേവലം ഒരു നിക്ഷേപമല്ല, മറിച്ച് അത് സംസ്കാരത്തിന്റെ ഭാഗമാണ്. വിവാഹങ്ങൾ, അക്ഷയതൃതീയ, ധൻതേരാസ് പോലുള്ള വിശേഷ ദിവസങ്ങൾ, മറ്റ് കുടുംബ ചടങ്ങുകൾ എന്നിവയിലെല്ലാം സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നതും സമ്മാനിക്കുന്നതും അനിവാര്യമായ ആചാരമായി ഇന്ത്യൻ ജനത കാണുന്നു.
എന്നാൽ ഈ കടുത്ത സ്വർണ്ണപ്രേമം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയൊരു ബാധ്യതയായി മാറുന്നുണ്ടെന്നാണ് ധനകാര്യ സ്ഥാപനങ്ങളും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയുടെ ഇറക്കുമതിച്ചെലവിൽ ക്രൂഡ് ഓയിലിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് സ്വർണ്ണം. പശ്ചിമേഷ്യയിലെ യുദ്ധപ്രതിസന്ധികൾ കാരണം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുമ്പോൾ, സ്വർണ്ണത്തിന് വേണ്ടിയും വലിയ തോതിൽ ഡോളർ പുറത്തേക്ക് ഒഴുകുന്നത് ഇന്ത്യൻ രൂപയുടെ മൂല്യത്തെ കനത്ത തകർച്ചയിലേക്ക് തള്ളിവിട്ടു. കറന്റ് അക്കൗണ്ട് കമ്മി (Current Account Deficit) ഉയരുന്നതും വിദേശനാണ്യ ശേഖരത്തിൽ (Forex Reserves) ഉണ്ടാകുന്ന ഇടിവും തടയാൻ വേണ്ടിയാണ് സ്വർണ്ണ ഉപഭോഗം കുറയ്ക്കാൻ ജനങ്ങളോട് പ്രധാനമന്ത്രിക്ക് ആവശ്യപ്പെടേണ്ടി വന്നത്.
ഇരട്ടി നിക്ഷേപവുമായി ചൈന: 'ഗോൾഡ് ബീൻസ്' മോഹവുമായി പുതിയ തലമുറ
ഇന്ത്യയിൽ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചയാണ് ചൈനയിലുള്ളത്. ചൈനക്കാർ വിവാഹങ്ങൾക്കോ മറ്റ് ചടങ്ങുകൾക്കോ ഇന്ത്യക്കാരെപ്പോലെ വലിയ തോതിൽ സ്വർണ്ണാഭരണങ്ങൾ അണിയുന്നവരല്ല. അവരുടെ വിവാഹങ്ങളിൽ വളരെ ലളിതമായ Design നുകൾക്കാണ് മുൻഗണന. എന്നാൽ ഇന്ന് ചൈനയിലെ യുവതലമുറ (Gen Z) സ്വർണ്ണത്തെ പുതിയ രീതിയിലാണ് നെഞ്ചിലേറ്റുന്നത്.
സുരക്ഷിതമായ സമ്പാദ്യ ശീലമായി ചൈനീസ് യുവാക്കൾ സ്വർണ്ണത്തെ കണക്കാക്കുന്നു. 'ഗോൾഡ് ബീൻസ്' (Gold Beans) എന്നറിയപ്പെടുന്ന, കേവലം 1 ഗ്രാം മാത്രം തൂക്കമുള്ള ചെറിയ സ്വർണ്ണത്തരികൾ വാങ്ങി ചെറിയ കുപ്പികളിൽ ശേഖരിക്കുന്നത് ഇവർക്കിടയിൽ ഒരു ട്രെൻഡായി മാറിയിരിക്കുന്നു. ചൈനയിലെ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ Xiaohongshu (RedNote), Douyin എന്നിവയിൽ ഈ സ്വർണ്ണക്കുപ്പികൾ കുലുക്കി കാണിക്കുന്നതും, ഈ 1 ഗ്രാം സ്വർണ്ണം ഉരുക്കി സ്വന്തമായി ആഭരണങ്ങൾ ഉണ്ടാക്കുന്നതും കോടിക്കണക്കിന് ആളുകളാണ് കാണുന്നത്. ഇത് ചൈനീസ് യുവാക്കളുടെ ഒരു സ്റ്റാറ്റസ് സിംബലായും അഭിമാനത്തിന്റെ സൂചനയായും മാറിയിരിക്കുന്നു.

കേന്ദ്ര ബാങ്കുകളുടെ സ്വർണ്ണവേട്ടയും ഡോളർ രാഷ്ട്രീയവും
ഇതിനെല്ലാമപ്പുറം വലിയൊരു സാമ്പത്തിക-ഭൂരാഷ്ട്രീയം (Geopolitics) സ്വർണ്ണ വിപണിയിൽ നടക്കുന്നുണ്ട്. റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ച സമയത്ത്, അമേരിക്കയും ജി7 (G7) രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേർന്ന് റഷ്യൻ സെൻട്രൽ ബാങ്കിന്റെ ഏകദേശം 300 ഡോളർ ബില്യണിലധികം (ഏകദേശം 260 ബില്യൺ യൂറോ) വരുന്ന വിദേശനാണ്യ ആസ്തികൾ ഒറ്റരാത്രികൊണ്ട് മരവിപ്പിച്ചു. ഭാവിയിൽ ഏതൊരു സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി ഘട്ടത്തിലും അമേരിക്ക തങ്ങളുടെ 'ഡോളറിനെ' ഒരു ആയുധമായി (Dollar Weaponization) ഉപയോഗിക്കുമെന്ന വലിയൊരു മുന്നറിയിപ്പാണ് ഇത് ലോകത്തിന് നൽകിയത്. പ്രത്യേകിച്ച് ചൈന, ഇന്ത്യ, മറ്റ് കിഴക്കൻ രാജ്യങ്ങൾ എന്നിവർക്ക് ഇത് സ്വന്തം കരുതൽ ശേഖരം സുരക്ഷിതമാക്കാനുള്ള പാഠമായി.
ഇതിന്റെ ഭാഗമായി ചൈനീസ് ഗവൺമെന്റ് തങ്ങളുടെ കേന്ദ്ര ബാങ്കായ People's Bank of China (PBOC) വഴി വിപണിയിൽ വലിയ രീതിയിൽ ഇടപെടാതെ, വില പെട്ടെന്ന് കൂടാതിരിക്കാൻ വളരെ തന്ത്രപൂർവ്വം പ്രതിമാസം കൃത്യമായ അളവിൽ സ്വർണ്ണം വാങ്ങി കൂട്ടുകയാണ്. ഔദ്യോഗിക കണക്ക് ചൈനയുടെ ഔദ്യോഗിക രേഖകൾ പ്രകാരം അവരുടെ കേന്ദ്ര ബാങ്കിന്റെ സ്വർണ്ണ ശേഖരം ഏകദേശം 2,322 ടൺ ആണ്.
രഹസ്യ സ്വർണ്ണ ശേഖരണം (Secret Gold Purchasing)
ചൈന തങ്ങളുടെ ഔദ്യോഗിക കണക്കുകളിൽ കാണിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി സ്വർണ്ണം വിപണിയിൽ നിന്ന് രഹസ്യമായി വാങ്ങിക്കൂട്ടുന്നുണ്ടെന്ന് പാശ്ചാത്യ സാമ്പത്തിക വിദഗ്ദ്ധർ ആരോപിക്കുന്നു. ലണ്ടൻ പോലുള്ള അന്താരാഷ്ട്ര വിപണികളിൽ നിന്നുള്ള സ്വർണ്ണ ഇറക്കുമതി വിവരങ്ങളും, ചൈനയുടെ ആഭ്യന്തര ഉൽപ്പാദനവും വിലയിരുത്തിക്കൊണ്ട് ഫ്രഞ്ച് ബാങ്കായ സൊസൈറ്റി ജനറൽ (Société Générale) ഉൾപ്പെടെയുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ വ്യക്തമാക്കുന്നത്, ചൈനയുടെ യഥാർത്ഥ സ്വർണ്ണ ശേഖരം 5,000 ടണ്ണിലധികം വരുമെന്നാണ്അ മേരിക്കയ്ക്ക് തൊട്ടുപിന്നിൽ ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണമുള്ള രണ്ടാമത്തെ ശക്തിയായി ചൈന ഇതിനകം മാറിക്കഴിഞ്ഞു.

വിപണിയിലെ തന്ത്രപരമായ നീക്കം
പരസ്യമായി ഒറ്റയടിക്ക് വലിയ തോതിൽ സ്വർണ്ണം വാങ്ങിയാൽ അന്താരാഷ്ട്ര വിപണിയിൽ വില വീണ്ടും കുതിച്ചുയരും. ഇത് ഒഴിവാക്കാൻ വളരെ തന്ത്രപരമായി, വലിയ ചലനങ്ങൾ ഉണ്ടാക്കാതെ ചെറിയ അളവുകളിൽ (പ്രതിമാസം ശരാശരി 33 ടൺ വീതം) വിപണിയെ ദോഷകരമായി ബാധിക്കാത്ത രീതിയിലാണ് ചൈന ഈ സ്വർണ്ണവേട്ട നടത്തുന്നത്. ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (RBI) ഈ പാത പിന്തുടർന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി തങ്ങളുടെ സ്വർണ്ണ ശേഖരം വൻതോതിൽ വർദ്ധിപ്പിക്കുകയും, വിദേശ ബാങ്കുകളിൽ (Bank of England) സൂക്ഷിച്ചിരുന്ന സ്വർണ്ണം സുരക്ഷിതമായി ഇന്ത്യയിലെ സ്വന്തം വോൾട്ടുകളിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഇന്ത്യയുടെ ഔദ്യോഗിക സ്വർണ്ണ ശേഖരം ഏകദേശം 880 ടൺ ആണ്.
ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക കരുത്തിന്റെ വ്യത്യാസവും നയപരമായ പരിമിതികളും
ചൈനയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും നേരിടുന്ന സാമ്പത്തിക ശേഷിയിലെ വലിയ വ്യത്യാസം ഇവിടെ പ്രകടമാണ്:
GDP-യിലെ വമ്പിച്ച വ്യത്യാസം: ചൈനയുടെ സാമ്പത്തിക ശേഷി (GDP ഏകദേശം $18 Trillion) ഇന്ത്യയേക്കാൾ (GDP ഏകദേശം $3.9 Trillion) അഞ്ച് മടങ്ങോളം വലുതാണ്. ഈ ഭീമമായ സാമ്പത്തികശേഷി കാരണം വിപണിയിലെ വൻ ചലനങ്ങളെയും ഇറക്കുമതി സമ്മർദ്ദങ്ങളെയും എളുപ്പം പ്രതിരോധിക്കാൻ ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്ക് സാധിക്കുന്നു.
ബാങ്കിംഗ് മേഖലയിലെ ഗവൺമെന്റ് അധികാരം (Bank Capacity): ചൈനയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും (ഉദാഹരണത്തിന് ICBC, China Construction Bank) 100% ഗവൺമെന്റ് ഉടമസ്ഥതയിലും പൂർണ്ണമായ കമ്മ്യൂണിസ്റ്റ് പാർട്ടി നിയന്ത്രണത്തിലുമാണ്. ഗവൺമെന്റിന്റെ തന്ത്രപരമായ ആവശ്യങ്ങൾക്കായി വിപണിയിലേക്ക് എത്ര പണം ഇറക്കണമെന്നും എത്ര സ്വർണ്ണം വാങ്ങണമെന്നും അവിടുത്തെ കേന്ദ്ര ഭരണകൂടത്തിന് വിപണി സമ്മർദ്ദങ്ങളെ ഭയപ്പെടാതെ ഒറ്റയടിക്ക് തീരുമാനിക്കാം. എന്നാൽ ഇന്ത്യയിൽ സ്വകാര്യ പങ്കാളിത്തവും ആഗോള ഓഹരി വിപണി സമ്മർദ്ദങ്ങളും ഉള്ളതിനാൽ ചൈനയെപ്പോലെ അത്ര വേഗത്തിലും ഏകപക്ഷീയമായും വലിയ തുകകൾ വിന്യസിക്കാൻ റിസർവ് ബാങ്കും മറ്റ് ഇന്ത്യൻ ബാങ്കുകൾക്കും പരിമിതികളുണ്ട്.
ഇവിടെയാണ് ഇന്ത്യയുടെ നിലവിലെ സാമ്പത്തിക നയങ്ങളിലെ പരിമിതികൾ ചർച്ചയാകുന്നത്. ആഗോളതലത്തിൽ ചൈന തങ്ങളുടെ ഉൽപ്പാദന-ബാങ്കിംഗ് കരുത്ത് ഉപയോഗിച്ച് സാമ്പത്തിക പ്രതിരോധം തീർക്കുമ്പോൾ, ഇന്ത്യയിലെ എൻ.ഡി.എ ഗവൺമെന്റിന്റെ നയങ്ങൾ പലപ്പോഴും ആഭ്യന്തര വിപണിയിലെ പ്രതിസന്ധികൾക്ക് താൽക്കാലിക പരിഹാരങ്ങൾ കണ്ടെത്താൻ മാത്രമാണ് ശ്രമിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിടുമ്പോഴും, ഇറക്കുമതി കുറയ്ക്കാനുള്ള ദീർഘകാല വ്യാവസായിക നയങ്ങൾക്ക് (Long-term structural reforms) രൂപം നൽകുന്നതിന് പകരം, ജനങ്ങളുടെ പരമ്പരാഗതമായ സ്വർണ്ണ ഉപഭോഗ ശീലങ്ങളെയും ആഭ്യന്തര വിപണിയെയും നിയന്ത്രിക്കാൻ പ്രധാനമന്ത്രി തന്നെ നേരിട്ട് രംഗത്തിറങ്ങേണ്ടി വരുന്നത് നയതന്ത്രപരമായ ഒരു ബലഹീനതയായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തരമായി ഉൽപ്പാദനം വർദ്ധിപ്പിച്ച് ഡോളറിന്മേലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിലെ ദീർഘവീക്ഷണമില്ലായ്മയാണ് ഇത്തരം താൽക്കാലിക ആഹ്വാനങ്ങളിലേക്ക് ഗവൺമെന്റിനെ നയിക്കുന്നത്.

സാമ്പത്തിക ശാസ്ത്രത്തിന്റെ വലിയ കണക്കുകൾക്കപ്പുറം, ശരാശരി മനുഷ്യരുടെ ഭാവിയെപ്പോലും നിർണ്ണയിക്കാൻ പോന്ന ഒന്നായി സ്വർണ്ണ വിപണി ഇന്ന് മാറിക്കഴിഞ്ഞു. ചൈനയിലെ യുവതലമുറ 'ഗോൾഡ് ബീൻസിലേക്ക്' തിരിയുമ്പോൾ, ഇന്ത്യയിൽ പ്രധാനമന്ത്രിയുടെ ആഹ്വാനം ഉൾക്കൊണ്ട് സ്വർണ്ണപ്രേമം മാറ്റിവെക്കാൻ ഇവിടുത്തെ ജനങ്ങൾ തയ്യാറാകുമോ?
അതോ വരാനിരിക്കുന്ന വിവാഹ സീസണുകളിൽ ഇന്ത്യൻ വിപണി പതിവുപോലെ മഞ്ഞക്കടലായി മാറുമോ?
എന്നാൽ, കേവലം ജനങ്ങളോടുള്ള വൈകാരികമായ 'അഭ്യർത്ഥനകൾ' കൊണ്ട് മാത്രം പരിഹരിക്കാവുന്നതല്ല ഇന്ത്യ നേരിടുന്ന ഈ സാമ്പത്തിക പ്രതിസന്ധി. ആഗോള ഭൂരാഷ്ട്രീയം (Geopolitics) കൃത്യമായി മനസ്സിലാക്കി ചൈന തങ്ങളുടെ കേന്ദ്രബാങ്കിനെയും പൊതുമേഖലാ സ്ഥാപനങ്ങളെയും ഒരുമിച്ച് നിർത്തി ഒരൊറ്റ എൻജിൻ പോലെ തന്ത്രപരമായി പ്രവർത്തിക്കുമ്പോഴാണ്, ഇന്ത്യയിൽ 'ഇരട്ട എൻജിൻ' വികസനം പ്രസംഗിക്കുന്ന ഒരു ഭരണകൂടം പരാജയപ്പെടുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേ കക്ഷി ഭരിച്ചാൽ രാജ്യം കുതിക്കുമെന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്കപ്പുറം, രൂപയുടെ മൂല്യം ഇടിയുമ്പോഴും രാജ്യത്തിന്റെ സാമ്പത്തിക എൻജിനുകൾ ഒരേ ദിശയിലല്ല ചലിക്കുന്നത് എന്നതിന്റെ തെളിവാണ് ഇത്തരം താൽക്കാലിക നിയന്ത്രണങ്ങൾ. ആഭ്യന്തര ഉൽപ്പാദനവും വ്യാവസായിക അടിത്തറയും ശക്തമാക്കാതെ, വിദേശനാണ്യ ശേഖരം ചോരുന്നത് തടയാൻ ജനങ്ങളുടെ സംസ്കാരത്തിന് മേൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ശക്തമായ ഒരു സമ്പദ്‌വ്യവസ്ഥയ്ക്ക് ചേർന്ന നയമല്ല. സാമ്പത്തിക തകർച്ചയുടെ ഭാരം ജനങ്ങളുടെ ചുമലിലേക്ക് വെച്ചുകൊടുക്കുന്ന ഈ നയങ്ങൾ തിരുത്തപ്പെടാത്ത കാലത്തോളം, ആഗോള വിപണിയിൽ ഇന്ത്യയുടെ സാമ്പത്തിക എൻജിനുകൾ കിതച്ചുകൊണ്ടേയിരിക്കും.
