അഭിജിത്ത് സെൻ

സാമ്പത്തികശാസ്​ത്രത്തിന്റെദാരിദ്ര്യപക്ഷം

നവലിബറൽ സാമ്പത്തിക നയങ്ങളുടെ വക്താവായ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് അഭിജിത് സെൻ ആസൂത്രണ കമീഷൻ അംഗമായിരുന്നത് എങ്കിലും സാർവത്രിക റേഷനിംഗ്, കർഷകർക്ക് ന്യായവില മുതലായ വിഷയങ്ങളിൽ നവലിബറൽ നയങ്ങളോട് വിയോജിക്കാൻ മടിച്ചിരുന്നില്ല.

ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഉറ്റ സുഹൃത്തായിരുന്നു 2022 സെപ്റ്റംബർ 29 ന്​ മരിച്ച വിശ്രുത സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ. അഭിജിത് സെൻ. അധ്യാപകനെന്ന നിലയിലും സാമ്പത്തിക നയരൂപകർത്താവ് എന്ന നിലയിലും അദ്ദേഹത്തിന്റെ സംഭാവനകൾ നിർണായകമായി. ഡൽഹി ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ എക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിംഗിൽ (സി.ഇ.എസ്.പി.) 1985 മുതൽ, 2015ൽ വിരമിക്കുന്നതുവരെ അധ്യാപകനായിരുന്നു അദ്ദേഹം.

കൃഷ്ണ ഭരദ്വാജ്, പ്രഭാത് പട്നായിക്, ഉട്സ പട്‌നായിക്, അമിത് ഭാദുരി, ദീപക് നയ്യാർ, സി.പി. ചന്ദ്രശേഖർ, ജയതി ഘോഷ് തുടങ്ങിയവരുൾപ്പെടെയുള്ള താരനിരയോടൊപ്പം സി. ഇ. എസ്. പിയെ രാജ്യത്തെ ഏറ്റവും മികച്ച സാമ്പത്തികശാസ്ത്ര ഡിപ്പാർട്ടുമെന്റുകളിൽ ഒന്നാക്കി വളർത്തുന്നതിൽ അഭിജിത് സെൻ പ്രധാന പങ്കു വഹിച്ചു. പൊതുവിൽ വലതുപക്ഷസ്വഭാവമുള്ള മുഖ്യധാരാ (Mainstream / Orthodox) സാമ്പത്തികശാസ്ത്രത്തിൽനിന്ന്​ വ്യത്യസ്തമായി ഹെറ്ററോഡോക്​സ്​ (Heterodox) സാമ്പത്തികശാസ്ത്രത്തിന് പ്രാമുഖ്യം നൽകുന്ന ലോകത്തെ സാമ്പത്തികശാസ്ത്ര ഡിപ്പാർട്ടുമെന്റുകളിൽ പ്രമുഖ സ്ഥാനമാണ് സി.ഇ.എസ്.പി. ഇക്കാലത്താർജിച്ചത്.

കാർഷിക സാമ്പത്തികശാസ്ത്രമായിരുന്നു അഭിജിത് സെന്നിന് ഏറ്റവും വൈദഗ്ധ്യമുണ്ടായിരുന്ന മേഖല. ‘The agrarian constraint to economic development: The case of India' എന്നതായിരുന്നു യു.കെയിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ അദ്ദേഹം സമർപ്പിച്ച പിഎച്ച്.ഡി പ്രബന്ധത്തിന്റെ വിഷയം. യു.കെ.യിലെ സസെക്സ്, ഓക്​സ്​ഫോഡ്​, കേംബ്രിഡ്ജ്, എസ്സെക്സ് സർവകലാശാലകളിൽ പഠിപ്പിച്ചശേഷമാണ് അദ്ദേഹം ജെ.എൻ.യു.വിൽ അധ്യാപകനായി ചേർന്നത്.

നോട്ടുനിരോധനത്തിനെതിരെ 2016 നവംബർ 12 ന് ജെ.എൻ.യു സ്റ്റുഡന്റ്‌സ് യൂണിയൻ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുന്ന അഭിജിത്ത് സെൻ. / Photo: Samim Asgor Ali

2004 മുതൽ 2014 വരെ അദ്ദേഹം ആസൂത്രണ കമീഷൻ അംഗമായിരുന്നു. അതിനുമുമ്പ്, 1997 മുതൽ 2000 വരെ, കൃഷിച്ചെലവുകളെയും കാർഷികവിളകളുടെ വിലയെയും സംബന്ധിച്ച കമീഷൻ ഫോർ അഗ്രിക്കൾച്ചർ കോസ്​റ്റ്​സ്​ ആൻറ്​ പ്രൈസസിന്റെ ചെയർപേഴ്സനായിരുന്നു. 1999-2001 കാലത്ത്, ഗ്രാമീണ വായ്പകളെ സംബന്ധിച്ച വിദഗ്ധ സമിതിയായ എക്​സ്​പെർട്ട്​ കമ്മിറ്റി ഓൺ റൂറൽ ക്രെഡിറ്റിന്റെ തലവനായി പ്രവർത്തിച്ചു.

ആസൂത്രണ കമീഷൻ അംഗമായിരിക്കെ, ഇന്ത്യയിൽ സാർവത്രിക പൊതുവിതരണ സമ്പ്രദായം (സാർവത്രിക റേഷനിംഗ്) നടപ്പാക്കണമെന്ന് ശക്തമായി വാദിച്ചയാളായിരുന്നു അഭിജിത് സെൻ. സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യസാധനങ്ങളും ദാരിദ്ര്യരേഖക്കുതാഴെയുള്ളവർക്കു മാത്രമായി പരിമിതപ്പെടുത്തരുത് എന്നും അങ്ങനെ പരിമിതപ്പെടുത്തുന്നതു വഴി ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത നിരവധി ദരിദ്രർക്ക് ഭക്ഷ്യസുരക്ഷ അന്യമാകുമെന്നും അതിനാൽ സബ്സിഡി നിരക്കിലുള്ള അവശ്യസാധനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്ന സാർവത്രിക പൊതുവിതരണ സമ്പ്രദായമാണ് ഇന്ത്യയിൽ വേണ്ടതെന്നുമുള്ള ഇടതുനിലപാടിനൊപ്പമായിരുന്നു അഭിജിത് സെൻ നിലകൊണ്ടത്. പരിമിതപ്പെടുത്തിയ പൊതുവിതരണ സമ്പ്രദായം വില നിയന്ത്രിക്കുന്നതിൽ വിജയിച്ചില്ലെന്നും കാര്യക്ഷമതയില്ലായ്മയും ‘ചോർച്ച'യും വർദ്ധിക്കാനാണ് ഇടയാക്കിയതെന്നും അദ്ദേഹം തെളിവുകളുടെ അടിസ്ഥാനത്തിൽ സമർത്ഥിച്ചു.

പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ ചെലവുകളും ഉൾപ്പെടുത്തി വേണം കൃഷിച്ചെലവ്​ കണക്കാക്കാൻ എന്നും അതിന്റെയടിസ്ഥാനത്തിൽ വേണം കാർഷികവിളകളുടെ താങ്ങുവില നിർണയിക്കാനെന്നും പ്രൊഫ. അഭിജിത് സെൻ തലവനായിരുന്ന റിപ്പോർട്ട് ശുപാർശ ചെയ്തു.

കർഷകർക്ക് വിളകൾക്ക് ന്യായവില ലഭ്യമാക്കണമെന്ന് അദ്ദേഹം ശക്തമായി വാദിച്ചു. 2000-02 കാലത്ത് അദ്ദേഹം തലവനായിരുന്ന ഹൈ ലെവൽ കമ്മിറ്റി ഓൺ ലോംഗ്​ ടേം ഗ്രെയിൻ പോളിസി (ദീർഘകാല ധാന്യനയത്തെ സംബന്ധിച്ച ഉന്നതതല സമിതി) 2002 ജൂലൈയിൽ സമർപ്പിച്ച റിപ്പോർട്ട് ചരിത്രപ്രാധാന്യമുള്ളതാണ്. പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ ചെലവുകളും ഉൾപ്പെടുത്തി വേണം കൃഷിച്ചെലവ്​ കണക്കാക്കാൻ എന്നും അതിന്റെയടിസ്ഥാനത്തിൽ വേണം കാർഷികവിളകളുടെ താങ്ങുവില നിർണയിക്കാനെന്നും ഈ റിപ്പോർട്ട് ശുപാർശ ചെയ്തു. ഇതേ ശുപാർശ പിന്നീട് എം.എസ്. സ്വാമിനാഥൻ നേതൃത്വം കൊടുത്ത കർഷകർക്കായുള്ള ദേശീയ കമീഷന്റെ ശുപാർശകളുടെ ഭാഗമാവുകയും അഖിലേന്ത്യ കിസാൻ സഭ ഉൾപ്പെടെയുള്ള കർഷക പ്രസ്ഥാനങ്ങൾ ശക്തമായി ഉന്നയിക്കുന്ന ആവശ്യങ്ങളിൽ പ്രമുഖ സ്ഥാനം നേടുകയും ചെയ്തു.

2009 ൽ ആസൂത്രണ കമ്മീഷൻ അംഗമായി ചുമതലയേൽക്കുന്ന പ്രൊഫ. അഭിജിത് സെന്നിന് സത്യവാചകം ചൊല്ലികൊടുക്കുന്ന അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. / Photo : Wikimedia Commons

നവലിബറൽ സാമ്പത്തിക നയങ്ങളുടെ വക്താവായ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് അഭിജിത് സെൻ ആസൂത്രണ കമീഷൻ അംഗമായിരുന്നത് എങ്കിലും സാർവത്രിക റേഷനിംഗ്, കർഷകർക്ക് ന്യായവില മുതലായ വിഷയങ്ങളിൽ സർക്കാരിന്​ നേതൃത്വം കൊടുക്കുന്നവരുടെ നവലിബറൽ നയങ്ങളോട് വിയോജിക്കാൻ മടിച്ചിരുന്നില്ല.

വിവിധ മേഖലകളെ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളെപ്പറ്റി അഗാധ പരിജ്ഞാനമുണ്ടായിരുന്നു അഭിജിത് സെന്നിന്. ഇന്ത്യയിലെ ദാരിദ്ര്യത്തെ സംബന്ധിച്ച കണക്കുകൾ 2000-കളിൽ വലിയ വിവാദത്തിന് വിഷയമായി. നവലിബറൽ കാലത്ത് ഇന്ത്യയിൽ ദാരിദ്ര്യം കുത്തനെ ഇടിഞ്ഞു എന്ന അവകാശവാദത്തിന്റെ പൊള്ളത്തരം സാമ്പത്തികശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. ഈ സംവാദത്തിൽ പ്രാധാന്യമർഹിക്കുന്ന രണ്ട് ലേഖനങ്ങൾ അഭിജിത് സെൻ തന്റെ വിദ്യാർത്ഥി ഹിമാൻഷുവിനൊപ്പം ചേർന്ന് എഴുതുകയുണ്ടായി. 1993-94 നും 1999-2000 നും ഇടയിൽ ഇന്ത്യയിൽ ദാരിദ്ര്യം വലിയ തോതിൽ കുറഞ്ഞു എന്നായിരുന്നു ഔദ്യോഗിക കണക്കുകൾ അവകാശപ്പെട്ടത്. എന്നാൽ ദരിദ്രരുടെ കണക്ക് നിർണയിക്കുന്നതിനുപയോഗിച്ച രീതിശാസ്ത്രത്തിലുള്ള മാറ്റങ്ങളാണ് ഇത്തരമൊരു കുറവുണ്ടായി എന്ന മിഥ്യാധാരണയ്ക്ക് ഇടയാക്കിയതെന്നും ദരിദ്രരുടെ എണ്ണം ഇക്കാലയളവിൽ കൂടുകയാണുണ്ടായതെന്നും അഭിജിത് സെന്നും ഹിമാൻഷുവും വാദിച്ചു.

സ്ഥിതിവിവരക്കണക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കണമെന്നും കാണുന്ന കണക്കുകളെല്ലാം കണ്ണുമടച്ച് വിശ്വസിക്കരുതെന്നുമുള്ള പാഠങ്ങൾ വെളിവാക്കുന്നതായിരുന്നു ഈ ലേഖനങ്ങൾ. തങ്ങൾക്ക് സൗകര്യമെന്നു തോന്നുന്ന കണക്കുകൾ അവയുടെ ആധികാരികത പരിശോധിക്കാതെ ഉപയോഗിക്കുന്ന രീതി പലരും സ്വീകരിക്കാറുണ്ട്. ഈ പ്രവണതയ്ക്കെതിരെയുള്ള ശക്തമായ താക്കീതായിരുന്നു മേൽപ്പറഞ്ഞ സംവാദത്തിലും മറ്റു പല സന്ദർഭങ്ങളിലുമുള്ള അഭിജിത് സെന്നിന്റെ ഇടപെടലുകൾ.

നവലിബറൽ കാലത്ത് ഇന്ത്യയിൽ ദാരിദ്ര്യം കുത്തനെ ഇടിഞ്ഞു എന്ന അവകാശവാദത്തെ പൊളിച്ചുകൊണ്ട് പ്രാധാന്യമർഹിക്കുന്ന രണ്ട് ലേഖനങ്ങൾ അഭിജിത് സെൻ തന്റെ വിദ്യാർത്ഥി ഹിമാൻഷുവിനൊപ്പം ചേർന്ന് എഴുതുകയുണ്ടായി.

ആസൂത്രണ കമീഷൻ പിരിച്ചുവിട്ട് സാമ്പത്തിക ആസൂത്രണം ഏറെക്കുറെ ഇല്ലാതാക്കിയ ബി.ജെ.പി സർക്കാരിന്റെ നടപടിയെ അഭിജിത് സെൻ നിശിതമായി വിമർശിച്ചു. നോട്ടുനിരോധനവും ചരക്കുസേവനനികുതിയും ചെറുകിടക്കാരെ ദോഷകരമായി ബാധിച്ചകാര്യം തുറന്നുകാട്ടി.

ഇന്ത്യയിലെ കാർഷിക പ്രതിസന്ധിക്ക് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഇന്ത്യ ലോകവ്യാപാര സംഘടനയിൽ അംഗമായതോടെ ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങൾ ഇന്ത്യൻ വിപണിയെയും ബാധിക്കുന്നതാണ് എന്നദ്ദേഹം ചൂണ്ടിക്കാട്ടി. കാർഷിക വിളകൾക്ക് അന്താരാഷ്ട്ര വിപണിയിൽ വിലയിടിയുമ്പോൾ ഇന്ത്യയിലും വിലയിടിയാൻ ഇത് ഇടയാക്കുന്നു. ഇത്തരം ചാഞ്ചാട്ടങ്ങളിലും നിന്നും കർഷകരെ സംരക്ഷിക്കേണ്ടതുണ്ട് എന്നദ്ദേഹം വാദിച്ചു. കാർഷിക പ്രതിസന്ധിയെ മറികടക്കാനും കാർഷിക പ്രശ്നം പരിഹരിക്കാനും ശക്തമായ സർക്കാർ ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം സമർത്ഥിച്ചു.

പല സംസ്ഥാനങ്ങളിലും നിലവിലുള്ള നിയന്ത്രിത കാർഷിക വിപണികൾ ഇല്ലാതാക്കി കാർഷിക വ്യാപാരത്തിന്റെ മേലുള്ള നിയന്ത്രണം കയ്യടക്കാൻ കാലങ്ങളായി വൻകിടക്കാർ ശ്രമിക്കുന്നതായി അഭിജിത് സെൻ നിരീക്ഷിച്ചിരുന്നു. ഇത്തരം ശ്രമങ്ങളുടെ ഫലമായിട്ടാണ് ഒടുവിൽ ബി.ജെ.പി സർക്കാർ 2020 സെപ്റ്റംബറിൽ മൂന്ന് കർഷകനിയമങ്ങൾ പാസ്സാക്കിയത്. കർഷകപ്രസ്ഥാനങ്ങൾ സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭം നടത്തി ഈ നിയമങ്ങൾ പിൻവലിപ്പിച്ചത് ചരിത്രം.

സാമ്പത്തിക ശാസ്ത്രജ്ഞരുടെ കുടുംബമാണ് അഭിജിത് സെന്നിന്റേത്. അദ്ദേഹത്തിന്റെ സഹോദരൻ പ്രൊണാബ് സെൻ, ഭാര്യ ജയതി ഘോഷ് എന്നിവർ പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞരാണ്. പിതാവ് സമർ സെന്നും ഭാര്യാപിതാവ് അരുൺ ഘോഷും പേരുകേട്ട സാമ്പത്തികശാസ്ത്രജ്ഞരായിരുന്നു.

അഭിജിത് സെൻ പ്രൊഫസറായിരുന്ന സി.ഇ.എസ്.പി.യിൽ വിദ്യാർത്ഥിയായിരുന്നു ഈ ലേഖകൻ. പക്ഷേ ആസൂത്രണ കമീഷനിൽ ജോലിത്തിരക്ക് കൂടുതലുണ്ടായിരുന്ന അക്കാലത്ത് ജെ.എൻ.യു.വിൽ നിന്ന്​ ലീവിലായിരുന്നു എന്നതിനാൽ ഞങ്ങളുടെ ബാച്ചിന് അദ്ദേഹം ക്ലാസെടുത്തിരുന്നില്ല. ദാരിദ്ര്യനിർണയത്തെപ്പറ്റിയുള്ള സെൻ-ഹിമാൻഷു ലേഖനം വായിച്ചാണ് അദ്ദേഹത്തെപ്പറ്റി അറിഞ്ഞുതുടങ്ങിയത്. പിന്നീട് ‘തത്കാൽ' റൂട്ടിൽ പാസ്പോർട്ടെടുക്കാൻ ശുപാർശക്കത്തിനുവേണ്ടി അദ്ദേഹത്തെ നേരിട്ടു സമീപിക്കാനിടയായി. അദ്ദേഹത്തിന്റെ ഊഷ്മളമായ പെരുമാറ്റവും ആസൂത്രണ കമീഷനിലെ അദ്ദേഹത്തിന്റെ ഓഫിസിന്റെ കാര്യക്ഷമതയും കണ്ടറിഞ്ഞ സന്ദർഭങ്ങൾ.

വിഷയങ്ങളെ തെളിവുകളുടെയടിസ്ഥാനത്തിൽ, യുക്തിപരമായി വിശകലനം ചെയ്യണം എന്ന് സ്വന്തം മാതൃക വഴി പഠിപ്പിച്ചയാളായിരുന്നു അഭിജിത് സെൻ.

നോട്ടുനിരോധനവും ചരക്കുസേവനനികുതിയും ചെറുകിടക്കാരെ ദോഷകരമായി ബാധിച്ചകാര്യം അഭിജിത്ത് സെൻ തുറന്നുകാട്ടി. / Photo : Wikimedia Commons

പിന്നീട് ഒട്ടനവധി തവണ അദ്ദേഹത്തിന്റെ പ്രഭാഷണപരിപാടികളിൽ സംബന്ധിച്ചു. കുറെയധികം രസകരമായ കഥകളും അദ്ദേഹത്തെപ്പറ്റിയുണ്ട്. പരിസരം മറന്ന് ചിന്തയിൽ മുഴുകി ക്ലാസിൽ വരാൻ മറന്നുപോയ സന്ദർഭങ്ങളെപ്പറ്റി ജൂനിയർ ബാച്ചിലുള്ളവർ പറഞ്ഞുകേട്ടിട്ടുണ്ട്. (പിന്നീട് വന്ന് എക്‌സ്ട്രാ ക്ലാസെടുക്കും.) ചിന്താനിമഗ്‌നനായി ക്ലാസിൽനിന്ന് ഇടയ്ക്കുവച്ച് ഇറങ്ങിപ്പോവുകയും പിന്നീട് വന്ന് ഉജ്ജ്വലമായി ക്ലാസെടുക്കുകയും ചെയ്ത സന്ദർഭങ്ങളുമുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. അഭിജിത് സെന്നിനുകീഴിൽ എം.ഫിലും പിഎച്ച്.ഡി.യും ചെയ്ത വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ കരുതലും മൂർച്ചയേറിയ നിരീക്ഷണങ്ങളുടെ വെളിച്ചവും അനുഭവിച്ച കഥകൾ പങ്കുവയ്ക്കുന്നു. കേട്ടതിൽ ഏറ്റവും രസകരമായ കഥ, ജെ.എൻ.യു. ടീച്ചേഴ്സ് അസോസിയേഷന്റെ അനുശോചനക്കുറിപ്പിൽ പറയുന്ന ഒന്നാണ്. നീണ്ട് ഇടതൂർന്ന താടിയുള്ള അഭിജിത് സെന്നിനോട് ഒരിക്കൽ കാമ്പസിൽ വച്ച് രണ്ട് കൊച്ചുകുട്ടികൾ ചോദിച്ചു, ‘അപ്പൂപ്പാ, അപ്പൂപ്പന് എന്തായിത്ര നീണ്ട താടി?' അദ്ദേഹം പറഞ്ഞു, ‘ഇത് ശരിക്കും ഒരു കിളിക്കൂടാണ്. നിങ്ങൾ സൂക്ഷിച്ചുനോക്കിയാൽ ഒന്നുരണ്ട് കിളികൾ പറന്നുപോകുന്നത് കാണാൻ കഴിഞ്ഞേക്കും!'

ഗഹനമായ ഒരുപാടു ചിന്തകൾ കൂടുകൂട്ടിയിരുന്ന അദ്ദേഹത്തിന്റെ തലച്ചോറിന്റെ പ്രവർത്തനം നിലച്ചു. സാമ്പത്തികശാസ്ത്രത്തിനും ഇന്ത്യൻ ജനതയ്ക്കും മുതൽക്കൂട്ടാകുമായിരുന്ന ധാരാളം നിരീക്ഷണങ്ങൾ അദ്ദേഹത്തിന്റേതായി വരാനുണ്ടായിരുന്നു എന്നുറപ്പാണ്. വിഷയങ്ങളെ തെളിവുകളുടെ അടിസ്ഥാനത്തിൽ, യുക്തിപരമായി വിശകലനം ചെയ്യണം എന്ന് സ്വന്തം മാതൃക വഴി പഠിപ്പിച്ചയാളായിരുന്നു അഭിജിത് സെൻ. തന്റെ ലേഖനങ്ങളോടും പ്രഭാഷണങ്ങളോടുമൊപ്പം ഈ മാതൃകയും വരും തലമുറകൾക്കായി ബാക്കിവച്ചാണ് അദ്ദേഹം വിട പറയുന്നത്. ​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments