വയനാട്ടിലെ മുണ്ടക്കൈയിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഉരുൾപൊട്ടിയ അതേ ദിവസം തന്നെയാണ് വിലങ്ങാടിനടുത്തുള്ള മലയങ്ങാടും ഉരുൾപൊട്ടുന്നത്. അതിസാധാരണക്കാരായ ജനങ്ങൾ മാത്രം താമസിക്കുന്ന മലയങ്ങാട്ടിലെ ജനങ്ങളുടെ ജീവിതമാണ് ഉരുൾ തകർത്തെറിഞ്ഞത്. വിലങ്ങാടിൽ നിന്ന് കുറച്ചകലെ മാത്രമുള്ള മലയങ്ങാട് ഉരുൾപൊട്ടലുണ്ടായത് വളരെ വൈകിയായിരുന്നു പുറംലോകമറിഞ്ഞത്. വിലങ്ങാടിലേക്കെത്താനുള്ള ഏക പാലം തകർന്നതോടെ ഇവിടുത്തുകാർ പുറത്തേക്ക് കടക്കാനാകാതെ ഒറ്റപ്പെട്ടു. ജീവനെടുത്തില്ലെങ്കിലും ജീവിതസാഹചര്യങ്ങൾ ഇല്ലാതായതിന്റെ നടുക്കത്തിലാണ് ഇവർ. കൂലിപ്പണി ചെയ്തും വളർത്തുമൃഗങ്ങളെ നോക്കിയും മറ്റും ജീവിക്കുന്നവരാണ് ഇവിടുത്തുകാർ. വലിയ ദുരന്തങ്ങൾക്കിടയിൽ മുങ്ങിപ്പോയെങ്കിലും മലയങ്ങാടിലെ ജനങ്ങളും സർക്കാറിന്റെ കനിവിനായുള്ള കാത്തിരിപ്പിലാണ്.