''കോവിഡ്കാല തകർച്ചയെ മറികടന്ന ഏക സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേതാണ്!!''. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്രജ്ഞൻ ജേസൺ ഫർമാൻ 2025 നവമ്പർ 21-ന് എക്‌സിൽ ഒരു ചാർട്ടിനോടൊപ്പം പങ്കുവെച്ച വാചകമാണിത്. ഇന്ത്യൻ മാധ്യമങ്ങൾ ഇത് വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. കോവിഡ് കാലത്തിന് മുമ്പുള്ള ജിഡിപി പ്രവണതയെ മറികടക്കുന്ന ലോകത്തിലെ ഏക പ്രധാന സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ ചിത്രീകരിച്ചുകൊണ്ടുള്ള ചാർട്ട് ആയിരുന്നു ഫർമാൻ എക്‌സിൽ പങ്കുവെച്ചത്. ആഗോളതലത്തിൽ ഉണ്ടായ 'തകർച്ചകൾ'ക്കിടയിലും ഇന്ത്യൻ സമ്പദ്ഘടന ഘടനാപരമായ പ്രതിരോധശേഷി പ്രദർശിപ്പിച്ചു എന്നാണ് ഫർമാൻ കുറിച്ചിട്ടത്. ഫർമാന്റെ ചാർട്ടിൽ 2025-ലെ മൂന്നാം പാദത്തോടെ ഇന്ത്യയുടെ വളർച്ചാ പ്രകടനം +5% ആയി സൂചിപ്പിക്കുന്നുവെന്നതാണ് പ്രശംസയ്ക്ക് ആധാരം.
ആഗോള സാമ്പത്തിക മാധ്യമങ്ങൾ പൊതുവിൽ അവഗണിച്ച ഈ കുറിപ്പ് ഇന്നലെയാണ് ഗോദി മീഡിയകൾ വ്യാപകമായി ആഘോഷിച്ചത്. സംഘപരിവാർ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഫർമാൻ പ്രശംസകളാൽ നിറഞ്ഞിരിക്കുകയാണ്. ആഗോള പട്ടിണി സൂചികയിൽ 102-ാം സ്ഥാനത്തുള്ള ഇന്ത്യയെ സാമ്പത്തിക കുതിപ്പ് നടത്തുന്ന രാജ്യമായി ചിത്രീകരിക്കുന്നതിന് പിന്നിലെ വൈരുദ്ധ്യമെന്താണെന്നും എന്തുകൊണ്ടാണ് ഫർമാന്റെ ചിത്രീകരണം വ്യാജമാകുന്നതെന്നും ഗൗരവമായി പരിശോധിക്കുന്നത് നന്നായിരിക്കും.

എന്താണ് ഫർമാൻ ചെയ്തതെന്ന് ലളിതമായി നമുക്കൊന്ന് പരിശോധിക്കാം:
2018-2019 മുതൽ ആരംഭിക്കുന്ന ഗ്രാഫിൽ ഫർമാൻ ലളിതമായ ഒരു നേർരേഖ (ലോംഗ് ലീനിയർ) വരച്ചു. തുടർന്ന്, ഇന്ത്യയുടെ മൊത്തം ജിഡിപി ആ രേഖയുമായി താരതമ്യം ചെയ്യുമ്പോൾ എത്ര വലുതാണെന്ന് പരിശോധിച്ചു. അതിലൂടെ അദ്ദേഹം കണ്ടെത്തിയ ഉത്തരം, 2025 അവസാനത്തോടെ, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ആ നേർരേഖ പ്രവചിച്ചതിനേക്കാൾ ഏകദേശം 5% വലുതായിരിക്കും എന്നാണ്. അദ്ദേഹത്തിന്റെ നിഗമനം, ''ഇന്ത്യ മുൻകാല പ്രവണതയെ മറികടന്ന് 5% അധികവളർച്ച നേടിയിരിക്കുന്നു, കൊള്ളാം!'' എന്നായിരുന്നു. ഫർമാന്റെ ഗ്രാഫിന്റെ കഥ ഏറ്റവും ലളിതമായി ഇങ്ങനെ വിവരിക്കാം.
ഇനി ഫർമാന്റെ വളർച്ചാ ഗ്രാഫ് മറച്ചുവെക്കുന്ന കാര്യങ്ങളെ കുറച്ചൂകൂടി അടുത്തുനിന്ന് മനസ്സിലാക്കാൻ ശ്രമിക്കാം. ആദ്യമായി, ഗ്രാഫും ആഖ്യാനവും മൊത്തം യഥാർത്ഥ ജിഡിപിയെ (real GDP) ചുറ്റിപ്പറ്റിയുള്ള ഒന്നാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. മറ്റൊന്ന്, ഇന്ത്യൻ ഡാറ്റകളുടെ ഗുണനിലവാരത്തെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെ അത് കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു.
സംയോജിത ജിഡിപിയെ (Aggregated GDP) അമിതമായി ആശ്രയിക്കുന്നു എന്നതാണ് ഫർമാൻ ചാർട്ടിന്റെ സുപ്രധാന പ്രശ്‌നം. ആഭ്യന്തര മൊത്തോൽപ്പാദനത്തെ (ജിഡിപി) സമഗ്ര വിജയ സൂചകമായി കണക്കാക്കുന്നുവെന്നതിന് പുറമേ, ഇന്ത്യയുടെ സാമ്പത്തിക വളർച്ച അസമമാണെന്നതടക്കമുള്ള ആന്തരിക അസന്തുലിതാവസ്ഥയെ അത് മറച്ചുവെക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഇന്ത്യയിൽ സേവനങ്ങളുടെയും വ്യവസായങ്ങളുടെയും വളർച്ച (ICRA പ്രകാരം 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വ്യാവസായിക വളർച്ച 7.8% ആണ്) കുതിച്ചുയരുന്നുവെന്ന് സൂചിപ്പിക്കുന്ന അവസരത്തിൽ തന്നെ കൃഷി (45% തൊഴിൽശക്തി ഈ മേഖലയിലാണ്), ഗ്രാമീണ ഉപഭോഗം എന്നിവ വളരെ പിന്നിലാണെന്ന യാഥാർത്ഥ്യത്തെ അത് പ്രദർശിപ്പിക്കുന്നതേയില്ല. മൺസൂണിനെ ആശ്രയിച്ചുള്ള ഉൽപ്പാദനം, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ തുടങ്ങിയ ദൗർബല്യങ്ങളെയും അത് മറയ്ക്കുന്നു.
പ്രതിശീർഷ ജിഡിപി (2025-ൽ ~$2,900) താഴ്ന്ന നിലയിൽ തുടരുന്നുവെന്ന് മാത്രമല്ല, കോവിഡിന് ശേഷം അസമത്വം (ഗിനി ഗുണകം ~0.36) വർദ്ധിച്ചതായും കാണാം. ഇന്ത്യയിലെ പുത്തൻ പ്രതിഭാസമായ 'തൊഴിലില്ലായ്മ വളർച്ച' എന്ന യാഥാർത്ഥ്യത്തെ മറച്ചുവെക്കുന്നതോടൊപ്പം പുതിയ ജോലികളിൽ 70% അനൗപചാരികവും കുറഞ്ഞ ഉൽപ്പാദനക്ഷമതയുള്ളതുമാണെന്ന വസ്തുതയെ അവഗണിക്കുകയും ചെയ്യുന്നു.
കൗശിക് ബസുവിനെപ്പോലുള്ള (മുൻ ലോകബാങ്ക് ചീഫ് ഇക്കണോമിസ്റ്റ്) സാമ്പത്തിക വിദഗ്ധർ വളർന്നുവരുന്ന സമ്പദ് വ്യവസ്ഥകളെ ജിഡിപി കേന്ദ്രീകൃത വീക്ഷണങ്ങളിലൂടെ നോക്കിക്കാണുന്നതിനെ വളരെമുന്നേ തന്നെ വിമർശന വിധേയമാക്കിയിട്ടുണ്ട്. അവ മാനവിക വികസന സൂചകങ്ങളെ കുറച്ചുകാണുന്നുവെന്നാണ് ഇതിനുള്ള കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ അമേരിക്കൻ സമ്പദ് വ്യവസ്ഥയുമായി സമാന്തരപ്പെടുത്തുമ്പോൾ ഫർമാൻ തന്നെ മുൻകാലത്ത് നടത്തിയ ചില പ്രസ്താവനകളെ മറുന്നുപോകുന്നുവെന്നതാണ് ഗ്രാഫിന്റെ മറ്റൊരു പോരായ്മ.
അമേരിക്കയുടെ ജിഡിപി വളർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണമായി വർത്തിച്ചത് വൻകിട ഡാറ്റാ സെന്ററുകളും ആർട്ടിഫിഷ്യൽ ഇന്റലിജെൻസുമാണെന്ന് ഫർമാൻ തന്നെ സമ്മതിക്കുന്നുണ്ട്. 2025-ന്റെ തുടക്കത്തിൽ അമേരിക്കൻ സാമ്പത്തിക വളർച്ചയുടെ 92%വും ഈ AI ഡാറ്റാ സെന്ററുകൾ മൂലമാണെന്ന് അദ്ദേഹം പറയുന്നു. അതായത്; AI ഡാറ്റാ സെന്ററുകളെ മാറ്റിനിർത്തിയാൽ യുഎസ് സമ്പദ് വ്യവസ്ഥ കഷ്ടിച്ച് വളർന്നുവെന്ന് മാത്രമേ പറയാൻ സാധിക്കുകയുള്ളൂ എന്ന്. അമേരിക്കയ്ക്കുള്ള ഒരു മുന്നറിയിപ്പായിട്ടാണ് ഫർമാൻ ഇത് ചൂണ്ടിക്കാണിച്ചത്. അദ്ദേഹം പറയുന്നു: ''നമ്മുടെ വളർച്ച കടലാസിൽ നന്നായി കാണപ്പെടുന്നു, പക്ഷേ അത് ഒരു ചെറിയ കോണിൽ (AI) വ്യാജമായി കേന്ദ്രീകരിച്ചിരിക്കുന്നു.''

ഇവിടെ മനസ്സിലാക്കേണ്ട സംഗതി, ഇന്ത്യയുടെ സമീപകാല ജി.ഡി.പി കുതിപ്പുകളിലെ വലിയൊരു ഭാഗം ചെറിയ കോണുകളിൽ (വലിയ ഫാക്ടറികൾ, ടെക് സേവനങ്ങൾ, സമ്പന്ന നഗരവാസികൾ, സർക്കാർ ചെലവുകൾ മുതലായവ) നിന്നാണ് വരുന്നത് എന്ന കാര്യം ഫർമാൻ അവഗണിക്കുന്നുവെന്നതാണ്. ഇന്ത്യൻ സാഹചര്യത്തിൽ അത്തരമൊരു മുന്നറിയിപ്പ് നൽകാൻ ഫർമാൻ തയ്യാറാകുന്നില്ലെന്നതാണ് വിരോധാഭാസം.
രാജ്യത്തെ ഡാറ്റാന്ധകാരത്തിലേക്ക് തള്ളിയിട്ട ഏക സർക്കാർ മോദിയുടേതാണ്. ദശവാർഷിക സെൻസസ് അടക്കമുള്ള സുപ്രധാന കണക്കെടുപ്പുകൾ ഒന്നുംതന്നെ കാലാനുസൃതമായി നടത്താൻ തയ്യാറാകുന്നില്ലെന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഫർമാൻ ഉപയോഗിച്ചിരിക്കുന്ന ഡാറ്റയുടെ വിശ്വാസ്യത സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇന്ത്യൻ ജിഡിപി കണക്കുകൾ, 2015 അടിസ്ഥാന വർഷമായി അപ്ഡേറ്റ് ചെയ്തതും ഇടയ്ക്കിടെ പരിഷ്‌ക്കരിച്ചതും, രീതിശാസ്ത്രപരമായ മാറ്റങ്ങളിൽ പക്ഷപാതപരമാണെന്ന ആരോപണങ്ങൾ നേരിടുന്നവയുമാണ്. ഈ വിഷയങ്ങളെ ഫർമാൻ അഭിസംബോധന ചെയ്യുന്നില്ല. മറിച്ച്, ''ചൈന ചെയ്യുന്നതിനേക്കാൾ കൂടുതലായി ഇന്ത്യ ഡാറ്റ തെറ്റായി റിപ്പോർട്ട് ചെയ്യുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ?'' എന്നൊരു ചോദ്യം ഉയർത്തുക മാത്രമാണ് ചെയ്യുന്നത്.
ഫർമാൻ നടത്തുന്ന സാമ്പത്തിക വിശകലനത്തിൽ അവഗണിക്കപ്പെടുന്ന മറ്റ് രണ്ട് ഘടകങ്ങൾ ജി.ഡി.പി ഇതര സൂചകങ്ങളും സുസ്ഥിരത സംബന്ധിച്ച അപകടസാധ്യതകളും ആണ്. അദ്ദേഹത്തിന്റെ വിശകലനത്തിൽ പണപ്പെരുപ്പം (2025 ഒക്ടോബറിൽ ഇന്ത്യയുടെ സിപിഐ 5.5% ആയിരുന്നു. ഇത് റിസർവ്വ് ബാങ്ക് മുന്നോട്ടുവെച്ച 4% എന്ന ലക്ഷ്യത്തേക്കാൾ കൂടുതലാണ്), തൊഴിലില്ലായ്മ (ഘടനാപരമായ നിരക്ക് -78%, യുവജനങ്ങളിൽ 16%), ബാഹ്യ സമ്മർദ്ദങ്ങൾ (ഉദാ. എണ്ണ ഇറക്കുമതി മൂലമുള്ള രൂപയുടെ മൂല്യത്തകർച്ച) എന്നിവയെ മാറ്റിനിർത്തുന്നു. ''ആഭ്യന്തര ആവശ്യം, നിക്ഷേപം, നയ പരിഷ്‌കാരങ്ങൾ'' എന്നിവയാണ് വിജയത്തിന് കാരണമെന്ന് ഫർമാൻ പറയുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധികൾ (ജിഡിപിയുടെ 5.1% കമ്മി) അല്ലെങ്കിൽ കാർഷിക നേട്ടങ്ങളെ പ്രതികൂലമായി ബാധിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ എന്നിവ പരിഗണിക്കുന്നതേയില്ലെന്ന് കാണാവുന്നതാണ്.
നവലിബറൽ പരിഷ്‌കരണവാദിയെന്ന നിലയിൽ, ഫർമാൻ വിപണി സൗഹൃദ പരിഷ്‌കാരങ്ങൾക്ക് (ഉദാ. ജിഎസ്ടി, ഇൻസോൾവെൻസി കോഡ്) ഊന്നൽ നൽകുന്നു. എന്നാൽ ഭരണകൂട ഇടപെടലിന്റെ പങ്കിനെ കുറച്ചുകാണുന്നു (ഉദാ. 7% വ്യാവസായിക വളർച്ചയ്ക്ക് ഇന്ധനം നൽകുന്ന പിഎൽഐ പദ്ധതികൾ). ആഗോളവൽക്കരണ അനുകൂല വിവരണങ്ങളുമായി പൊരുത്തപ്പെടുന്ന 'വിജയഗാഥകൾ' പെരുപ്പിച്ച് കാണിക്കുക എന്നതാണ് ഫർമാന്റെ ഉദ്ദേശം എന്ന് വ്യക്തമാണ്.
2025-ലെ ആഗോള പട്ടിണി സൂചികയിൽ 123 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 102 ആണെന്ന യാഥാർത്ഥ്യത്തെ വിസ്മരിച്ചുകൊണ്ടാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കോവിഡ് കാല പ്രതിസന്ധിയെ മറികടന്ന് ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയായി മാറിയെന്ന് ഫർമാൻ ആവേശം കൊള്ളുന്നത്. രാജ്യത്തെ വർധിച്ചുവരുന്ന തൊഴിലില്ലായ്മയെയോ, സാമ്പത്തിക അസമത്വത്തെയോ, ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഞെരുക്കങ്ങളെയോ ഫർമാൻ പരിഗണിക്കുന്നതേയില്ല.

തനിക്ക് ആവശ്യമുള്ളവ മാത്രം തെരഞ്ഞെടുത്ത് കാര്യങ്ങൾ വിശദീകരിക്കുന്ന ഫർമാന്റെ കൗശലത്തെ സാമ്പത്തിക മേഖലയിലെ വിദഗ്ധർ ഇതിന് മുന്നെതന്നെ ചോദ്യം ചെയ്തിട്ടുണ്ട്. 'ദ അമേരിക്കൻ പ്രോസ്‌പെക്ട്' എന്ന അമേരിക്കൻ മാഗസിൻ 2025 ഫെബ്രുവരി 18-ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കുറിപ്പ് തന്നെ 'ജേസൺ ഫർമന്റെ ബുദ്ധിപരമായ സത്യസന്ധതയില്ലായ്മ' (The Intellectual Dishonesty of Jason Furman, The American Prospect) എന്നതാണ്.
ഫർമാന്റെ തന്നെ വാക്കുകൾ ഉപയോഗപ്പെടുത്തിയാൽ ''കടലാസിൽ നമ്മുടെ വളർച്ച നന്നായി ചിത്രീകരിച്ചിരിക്കുന്നു'' ബുദ്ധിപരമായ സത്യസന്ധതയില്ലായ്മയുടെ വർണ്ണക്കടലാസിൽ.
