ഇന്ത്യയുടെ പൊതുധനകാര്യം, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെയും സാമ്പത്തിക ഫെഡറലിസത്തിന്റെ (fiscal federalism) ഭാവിയെയും നേരിട്ട് ബാധിക്കുന്ന നിർണ്ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 16-ാം ധനകാര്യ കമ്മീഷൻ ശുപാർശകളും പുതിയ സാമ്പത്തികവർഷത്തെ കേന്ദ്രബജറ്റും ഇപ്പോൾ ഒരേ സാമ്പത്തികവ്യവഹാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇവയെല്ലാം വ്യക്തമാക്കുന്നത് ദേശീയ ധനനയതന്ത്രങ്ങളും സംസ്ഥാനങ്ങളുടെ വികസന ആവശ്യങ്ങളും തമ്മിൽ വർദ്ധിച്ചുവരുന്ന അന്തരമാണ്.
കേവലം വരുമാനത്തെയോ ചെലവിനെയോ കുറിച്ചുള്ളതല്ല ഈ തർക്കം. ഒരു ഫെഡറൽ സംവിധാനത്തിൽ സാമ്പത്തികനയങ്ങൾ ആവിഷ്ക്കരിക്കുന്നതും നിയന്ത്രിക്കുന്നതും ആരാണെന്നും, അതിനുള്ളിൽ സംസ്ഥാനങ്ങൾക്ക് എത്രത്തോളം സ്വയംഭരണാധികാരം വിനിയോഗിക്കാൻ കഴിയുമെന്നതുമാണ് ഇതിലെ കാതലായ പ്രശ്നം. ധനകാര്യകമ്മീഷൻ സംസ്ഥാനങ്ങളെ അക്കാര്യത്തിൽ പുറന്തള്ളിയിരിക്കയാണ്.
തുടർച്ച ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു സുസ്ഥിരസംവിധാനമായാണ് 16-ാം ധനകാര്യ കമ്മീഷൻ സ്വയം അവതരിപ്പിക്കുന്നത്. നികുതിവിഹിതത്തിന്റെ കേന്ദ്രപൂളിൽ (divisible pool) സംസ്ഥാനങ്ങളുടെ വിഹിതം 41 ശതമാനമായി നിലനിർത്തുകയും നിലവിലുള്ള വിതരണ മാനദണ്ഡങ്ങൾ തുടരുകയും ചെയ്യുന്നു. ഇത് പുറമെക്ക് ഫെഡറൽ സംവിധാനത്തിലെ സ്ഥിരതയെ സൂചിപ്പിച്ചേക്കാം. എന്നാൽ സാമ്പത്തിക സാഹചര്യം അപ്പാടെ മാറിയിരിക്കുന്നു. സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതില്ലാത്ത സെസ്സുകളെയും സർചാർജുകളെയും കേന്ദ്രസർക്കാർ കൂടുതലായി ആശ്രയിക്കുന്നതിനാൽ, യഥാർത്ഥത്തിൽ പങ്കുവെക്കേണ്ട നികുതിവിഹിതം കുറയുകയാണ് ചെയ്തിരിക്കുന്നത്. വിഹിതം മാറ്റമില്ലാതെ തുടരുമ്പോഴും, സംസ്ഥാനങ്ങളിലേക്ക് എത്തുന്ന യഥാർത്ഥ തുക കുറഞ്ഞേക്കാം. ഫെഡറലിസത്തിന്റെ ഭരണഘടനാപരമായ ബാധ്യത നിലനിൽക്കുമ്പോൾ തന്നെ, സാമ്പത്തികഅധികാരം കൃത്യമായും കേന്ദ്രത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
പല സംസ്ഥാനങ്ങളെയും ആശങ്കയിലാക്കുന്ന രീതിയിൽ വിതരണ മാനദണ്ഡങ്ങളിലും (distribution formula) കമ്മീഷൻ മാറ്റം വരുത്തിയിട്ടുണ്ട്. വരുമാനവിടവിനുള്ള (income distance) മുൻഗണന കുറച്ചും, ദേശീയ ഉൽപ്പാദനത്തിലേക്കുള്ള (national output) സംഭാവനയുമായി ബന്ധപ്പെട്ട സൂചികകൾ ഉൾപ്പെടുത്തിയതും വ്യവസായ വളർച്ച കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് ഗുണകരമാകുന്നു. അതേസമയം, പൊതു ചെലവുകളെയും സാമൂഹിക നിക്ഷേപങ്ങളെയും ആശ്രയിച്ച് വളരുന്ന സംസ്ഥാനങ്ങൾക്ക് ഇത് വലിയ സമ്മർദ്ദമുണ്ടാക്കുന്നു. കേരളം ഈ പ്രതിസന്ധിയുടെ വ്യക്തമായ ഉദാഹരണമാണ്. സംസ്ഥാനത്തിന് ലഭിക്കേണ്ട വിഹിതത്തിൽ (horizontal share) നേരിയ വർദ്ധനവുണ്ടായെങ്കിലും അത് വലിയ ആശ്വാസം നൽകുന്നില്ല. കാരണം, കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ മുൻപ് താങ്ങിനിർത്തിയിരുന്ന റവന്യു കമ്മി ഗ്രാന്റുകളും മറ്റ് പ്രത്യേക ധനസഹായങ്ങളും ഇതോടൊപ്പം നിർത്തലാക്കപ്പെടുകയാണ്. സാങ്കേതികമായ മാറ്റങ്ങളായി തോന്നുന്ന ഇവ യഥാർത്ഥത്തിൽ സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക പിന്തുണ കുറയ്ക്കുന്നതിനാണ് വഴിവെക്കുന്നത്.

ധനപരമായ അച്ചടക്കത്തിന് കമ്മീഷൻ നൽകുന്ന മുൻഗണന ഈ മാറ്റത്തെ കൂടുതൽ തീവ്രമാക്കുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തങ്ങളുടെ കടവും ധനക്കമ്മിയും കർശനമായ പരിധിക്കുള്ളിൽ നിർത്തണമെന്നും, ബജറ്റിന് പുറത്തുള്ള വായ്പകൾ (off-budget borrowing) കൃത്യമായി കണക്കിൽപ്പെടുത്തണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു. സബ്‌സിഡികൾ യുക്തിസഹമാക്കാനും, നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ പുനഃപരിശോധിക്കാനും, വൈദ്യുതി പോലുള്ള മേഖലകളിൽ ഉൽപ്പാദനച്ചെലവിന് അനുസൃതമായ വില ഈടാക്കാനും സംസ്ഥാനങ്ങൾക്ക് മേൽ സമ്മർദ്ദമുണ്ട്. സാധാരണ ഗതിയിലുള്ള സാമ്പത്തിക പരിഷ്കരണങ്ങളായാണ് ഇവ അവതരിപ്പിക്കപ്പെടുന്നത്. എങ്കിലും, സാമൂഹിക മേഖലയിലെ ചെലവുകളെ 'സാമ്പത്തിക ബാധ്യതയായും' (fiscal risk) ക്ഷേമപദ്ധതികളെ 'ബാധ്യതകളായും' മുദ്രകുത്താനാണ് ഇത് ഇടയാക്കുന്നത്. ഉത്തരവാദിത്തങ്ങൾ പങ്കിടുന്ന ഒന്നിൽ നിന്ന്, ദേശീയതലത്തിൽ നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങൾക്കനുസരിച്ച് സാമ്പത്തിക അച്ചടക്കം അളക്കുന്ന ഒരു സംവിധാനമായി ഫെഡറലിസം മാറിക്കൊണ്ടിരിക്കുന്നു.
ഈ സമീപനം 2026–27 ലെ കേന്ദ്ര ബജറ്റുമായി പൂർണ്ണമായും ഒത്തുപോകുന്നതാണ്. 'ഫിസ്കൽ കൺസോളിഡേഷന്' (fiscal consolidation) അഥവാ ധനക്കമ്മി കുറയ്ക്കുന്നതിനാണ് ബജറ്റിൽ മുൻഗണന നൽകിയിരിക്കുന്നത്. പൊതുചെലവുകൾ നിയന്ത്രിച്ചുകൊണ്ടാണ് ധനക്കമ്മി കുറയ്ക്കുക എന്ന ലക്ഷ്യം കൈവരിച്ചിരിക്കുന്നത്. കൃഷി, തൊഴിൽ പദ്ധതികൾ, ഗ്രാമീണ വികസനം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയ്ക്കുള്ള ചെലവുകൾ തുച്ഛമാണ്. വളരെ കുറഞ്ഞ തോതിൽ മാത്രമേ ഈ മേഖലകളിൽ വർദ്ധിച്ചിട്ടുള്ളൂ. ഇതിനു വിപരീതമായി, മൂലധനച്ചെലവിനും അടിസ്ഥാന സൗകര്യവികസനത്തിനുമാണ് മുഖ്യപരിഗണന. പൊതു ധനകാര്യം ഇപ്പോൾ സാധാരണക്കാരുടെ ഉപഭോഗശേഷി വർദ്ധിപ്പിക്കാനോ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോശ്രമിക്കുന്നില്ല. നിക്ഷേപങ്ങളെ ആകർഷിക്കാനും കോർപ്പറേറ്റ് വളർച്ചയെ സഹായിക്കാനുമാണ് ഇതിനെ കൂടുതലായി ഉപയോഗിക്കുന്നത്.
നികുതിഘടനയും ഈ ദിശയെ ശരിവെക്കുന്നു. കോർപ്പറേറ്റ് നികുതികളേക്കാൾ വലിയൊരു വിഹിതം ഇപ്പോൾ വ്യക്തിഗത ആദായനികുതിയിൽ നിന്നാണ് ലഭിക്കുന്നത്; അതോടൊപ്പം പരോക്ഷ നികുതികൾ (indirect taxes) വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു. കോർപ്പറേറ്റ് മൂലധനത്തിന് ഇളവുകൾ നൽകുന്നതിനിടയിൽ, സാമ്പത്തിക ക്രമീകരണത്തിന്റെ ഭാരം സാധാരണ കുടുംബങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നു. വിതരണാടിസ്ഥാനത്തിൽ നോക്കിയാൽ, പൊതു ധനകാര്യം പുനർവിതരണത്തേക്കാൾ സമ്പത്ത് കുമിഞ്ഞുകൂടുന്നതിനെയാണ് പിന്തുണയ്ക്കുന്നത്. ക്ഷേമപദ്ധതികൾക്കും പ്രാദേശിക വികസനത്തിനുമായി കേന്ദ്ര വിഹിതത്തെ വളരെയധികം ആശ്രയിക്കുന്ന പല സംസ്ഥാനങ്ങൾക്കും ഇത് പ്രാദേശിക അസമത്വം വർദ്ധിപ്പിക്കാൻ കാരണമാകുന്നു.
കേന്ദ്ര ബജറ്റിന്റെ രൂപകൽപ്പന ഫെഡറൽ ബന്ധങ്ങളെയും പുനർനിർണ്ണയിക്കുന്നുണ്ട്. രൂപവും ചട്ടക്കൂടും മാറിയ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലുള്ള കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് ഇപ്പോഴും സംസ്ഥാനങ്ങളുടെ വലിയ തോതിലുള്ള സാമ്പത്തിക പങ്കാളിത്തം ആവശ്യമാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക ശേഷി വർദ്ധിപ്പിക്കാതെ തന്നെ ചെലവഴിക്കാനുള്ള ഉത്തരവാദിത്തങ്ങൾ താഴേക്ക് കൈമാറുകയാണ് ചെയ്യുന്നത്. വായ്പാ പരിധികളും ധനക്കമ്മി ലക്ഷ്യങ്ങളും സംസ്ഥാനങ്ങളുടെ നയപരമായ സാധ്യതകളെ വീണ്ടും പരിമിതപ്പെടുത്തുന്നു. മറ്റെവിടെയോ രൂപകൽപ്പന ചെയ്ത പദ്ധതികൾ നടപ്പിലാക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ ബാധ്യതകൾ സംസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നു. 'സഹകരണ ഫെഡറലിസം' എന്ന വാചകക്കസർത്ത് തുടരുന്നുണ്ടെങ്കിലും, പ്രായോഗികമായി സാമ്പത്തിക അധികാരം കേന്ദ്രത്തിൽ കേന്ദ്രീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

നിലവിലുള്ള ഈ സാമ്പത്തിക നിയന്ത്രണങ്ങൾക്കിടയിൽ നിന്നുവേണം പുതിയ കേരള ബജറ്റിനെ വിലയിരുത്താൻ. ഇടതുപക്ഷമുന്നണി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാലും ഇല്ലെങ്കിലും വിപുലമായ സാമൂഹിക ലക്ഷ്യങ്ങളുള്ള ഒരു ബജറ്റാണിത്. കേരളത്തിന്റെ പാരമ്പര്യമായ പുനർവിതരണ രീതികളെയും (redistribution) മാനവിക വികസനത്തെയും ശരിവെക്കുന്നതാണ് ഇതിലെ ക്ഷേമപദ്ധതികൾ. വിദ്യാഭ്യാസം, വയോജനക്ഷേമം, സാമൂഹിക സുരക്ഷ എന്നിവയിലുള്ള നിക്ഷേപങ്ങളിലൂടെ കേരളത്തിന്റെ വികസന മാതൃകയെ സംരക്ഷിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. സൗജന്യ ബിരുദ വിദ്യാഭ്യാസവും വയോജനങ്ങൾക്കായി പ്രത്യേക ബജറ്റും പ്രഖ്യാപിച്ചതിലൂടെ, സാമൂഹിക മേഖലയിലെ ചെലവുകളെ വെറുമൊരു ബാധ്യതയായല്ല, മറിച്ച് ഫലപ്രദമായ നിക്ഷേപമായാണ് സംസ്ഥാനം കാണുന്നതെന്ന് വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് ഘട്ടമാകുമ്പോൾ പ്രതിപക്ഷകക്ഷികൾ ഇതിനെ പുച്ഛിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നത് സ്വാഭാവികം. എന്നാൽ അവരും, തിരഞ്ഞെടുക്കപ്പെട്ടാൽ നേരിടാൻ പോകുന്ന പ്രശ്നങ്ങളാണിതെല്ലാം.
കേരളത്തിന്റെ വികസനകാഴ്ചപ്പാട് അനിശ്ചിതമായ ഒരു സാമ്പത്തിക അടിത്തറയിലാണ് നിലകൊള്ളുന്നത് എന്ന് തീർച്ചയായും വാദിക്കാം. സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനത്തിലുള്ള വളർച്ച പരിമിതമാണ്. വായ്പാ പരിധികൾ കർശനവുമാണ്. കൂടാതെ, കേന്ദ്ര വിഹിതത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്ന പ്രതീക്ഷകളും ഇല്ലാതായി. അതിനാൽ, നിലവിലെ പ്രവണതകളേക്കാൾ അനുകൂലമായ വിഹിതം ധനകാര്യകമ്മീഷനിൽ നിന്നും കേന്ദ്രത്തിൽ നിന്നും ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാനം നിലനിൽക്കുന്നത്, ഇനി ആര് അധികാരത്തിൽ വന്നാലും. ആ അർത്ഥത്തിൽ, ഇത് വികസനമുൻഗണനകളുടെ പ്രഖ്യാപനം മാത്രമല്ല, ഫെഡറൽസംവിധാനത്തിനുള്ളിൽ കൂടുതൽ സാമ്പത്തികസ്വാതന്ത്ര്യത്തിനായുള്ള ഒരു അവകാശമുന്നയിക്കൽ കൂടിയാണ്.
ഫെഡറൽ സംവിധാനം നേരിടുന്ന പ്രതിസന്ധി കേരളം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കൃത്യമായി അടയാളപ്പെടുത്തുന്നു. ഉയർന്ന സാമൂഹിക ചെലവുകൾ, വികേന്ദ്രീകൃത ഭരണം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ശക്തമായ പൊതുഇടപെടലുകൾ എന്നിവയിലാണ് കേരളത്തിന്റെ വികസന പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചരിത്രപരമായി ഈ നിക്ഷേപങ്ങൾ ശ്രദ്ധേയമായ സാമൂഹിക നേട്ടങ്ങൾ ഉണ്ടാക്കിയെങ്കിലും, പുനർവിതരണം സാധ്യമാക്കുന്ന വായ്പകളും വിഹിതങ്ങളും അനുവദിക്കുന്ന ഒരു സാമ്പത്തിക അന്തരീക്ഷത്തെയാണ് അവ ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ രൂപപ്പെട്ടുവരുന്ന ഫെഡറൽ ചട്ടക്കൂട് ഈ മാതൃകയെ സമ്മർദ്ദത്തിലാക്കുന്നു. സാമ്പത്തിക അച്ചടക്കം, കാര്യക്ഷമത, കമ്പോളാധിഷ്ഠിത പരിഷ്കാരങ്ങൾ എന്നിവയ്ക്ക് നൽകുന്ന അമിത പ്രാധാന്യം, സാമൂഹിക നിക്ഷേപങ്ങളിൽ നിന്ന് മാറി സാമ്പത്തിക ഏകീകരണത്തിലേക്ക് നീങ്ങാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കുന്നു. പൊതുസേവനങ്ങൾ കോർപ്പറേറ്റ് സ്വഭാവമുള്ള വിതരണ രീതികളിലേക്ക് മാറാനും, സാർവത്രിക പദ്ധതികൾക്ക് (universal programmes) പകരം നിശ്ചിത ഗുണഭോക്താക്കളെ മാത്രം ലക്ഷ്യം വെക്കുന്ന കൈമാറ്റങ്ങളിലേക്ക് (targeted transfers) ചുരുങ്ങാനും ഇത് പ്രേരിപ്പിക്കുന്നു.
ഇതിന്റെ പ്രത്യാഘാതങ്ങൾ കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല. അടിസ്ഥാനസൗകര്യ വിപുലീകരണം, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, ധനക്കമ്മി കുറയ്ക്കൽ എന്നിവയ്ക്ക് മുൻഗണന നൽകുന്നതും പുനർവിതരണത്തിനായുള്ള ചെലവുകളെ പരിമിതപ്പെടുത്തുന്നതുമായ ഒരു ധനനയത്തിലേക്കാണ് ധനകാര്യ കമ്മീഷനിൽ നിന്നും കേന്ദ്ര ബജറ്റിൽ നിന്നുമുള്ള പ്രഖ്യാപനങ്ങൾ വിരൽ ചൂണ്ടുന്നത്. ഈ സമീപനം ഹ്രസ്വകാലത്തേക്ക് ചില മാറ്റങ്ങൾ കാണിച്ചേക്കാം. പക്ഷെ വരുമാനം പരിമിതമായ തൊഴിലാളികളുടെയും കർഷകരുടെയും അസംഘടിതമേഖലയിലുള്ളവരുടെയും വാങ്ങൽ ശേഷിയെ ഇത് ദുർബലപ്പെടുത്താൻ ഇടയാക്കും. സാധാരണക്കാരുടെ ഉപഭോഗം കുറയുമ്പോൾ, നിക്ഷേപം മാത്രം മുൻനിർത്തിയുള്ള വളർച്ചയ്ക്ക് ദീർഘകാലം നിലനിൽക്കാൻ കഴിയില്ല. അപ്പോൾ പൊതു ധനകാര്യം എന്നത് ജനകീയ വികസനത്തിന്റെ ചാലകശക്തി എന്നതിൽ നിന്ന് മാറി സാമ്പത്തികസ്ഥിരതയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സംവിധാനമായി മാറും.

ഈ സമ്മർദ്ദങ്ങൾ കേരളം പോലുള്ള സംസ്ഥാനങ്ങളെ പ്രയാസകരമായ ഒരു അവസ്ഥയിലാക്കുന്നു. ക്ഷേമപദ്ധതികൾ സംരക്ഷിക്കുക എന്നതിലാണ് കേരളത്തിന്റെ രാഷ്ട്രീയ പ്രസക്തി നിലകൊള്ളുന്നത്; പക്ഷെ അതിന്റെ സാമ്പത്തിക സാഹചര്യം പ്രധാനമായും നിർണ്ണയിക്കപ്പെടുന്നത് ദേശീയതലത്തിൽ എടുക്കുന്ന തീരുമാനങ്ങളാലാണ്. സാമ്പത്തിക സ്രോതസ്സുകൾ പരിമിതമായിരിക്കുമ്പോൾ, ജനങ്ങളുടെ പ്രതീക്ഷകളും ദീർഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക ഭദ്രതയും തമ്മിൽ പൊരുത്തം നിലനിർത്തുക എന്നത് വലിയൊരു വെല്ലുവിളിയായിരിക്കും. ഇതൊരു ഘടനാപരമായ പ്രശ്‍നം തന്നെയാണ്. നിലവിലെ സാമ്പത്തിക ഫെഡറലിസത്തിന്റെ രൂപകൽപ്പന സംസ്ഥാനങ്ങൾക്ക് നൽകാൻ കഴിയുന്ന വാഗ്ദാനങ്ങളെപ്പോലും പരിമിതപ്പെടുത്തുന്നു.
ദേശീയതലത്തിൽ നിശ്ചയിക്കപ്പെട്ട സാമ്പത്തിക മാനദണ്ഡങ്ങൾ നടപ്പിലാക്കുന്ന വെറും ഏജൻസികളായി സംസ്ഥാനങ്ങളെ കാണുന്ന ഒരു സംവിധാനം ഏകീകൃതമായ അച്ചടക്കം ഉറപ്പാക്കുമോ? ഫെഡറലിസം സംരക്ഷിക്കേണ്ട വൈവിധ്യങ്ങളെ തീർച്ചയായും അത് ദുർബലപ്പെടുത്താൻ ഇടയാക്കും. ജനസംഖ്യാപരമായ സമ്മർദ്ദങ്ങളിലും സാമ്പത്തിക ഘടനയിലും സാമൂഹിക മുൻഗണനകളിലും ഓരോ പ്രദേശവും വ്യത്യസ്തമാണ്. കേരളത്തിലെ വർദ്ധിച്ചുവരുന്ന വയോജന ജനസംഖ്യ സംരക്ഷണ സംവിധാനങ്ങൾക്കായി കൂടുതൽ നിക്ഷേപം ആവശ്യപ്പെടുമ്പോൾ, മറ്റ് സംസ്ഥാനങ്ങൾ നേരിടുന്നത് തികച്ചും വ്യത്യസ്തമായ വെല്ലുവിളികളാണ്. കർക്കശമായ ഒരു സാമ്പത്തിക മാതൃകയ്ക്ക് ഇത്തരം വ്യത്യസ്തകളെ ഉൾക്കൊള്ളാൻ കഴിയില്ല.
പൊതുധനകാര്യം ആത്യന്തികമായി സാമ്പത്തികസ്ഥിരതയും തുല്യതയും, സ്വയംഭരണാധികാരവും ഉത്തരവാദിത്തവും ഒരുപോലെ ഉറപ്പാക്കുന്ന ഒന്നായിരിക്കണം. നിലവിലെ സാഹചര്യം പുനർവിതരണത്തെയും പ്രാദേശിക മുൻകൈകളെയും അവഗണിച്ച് നിയന്ത്രണത്തിലേക്കും ഏകീകൃത ചട്ടക്കൂടിലേക്കുമാണ് നീങ്ങുന്നത്. ഈ പ്രവണത തുടരുകയാണെങ്കിൽ, സാമ്പത്തിക ഫെഡറലിസത്തെക്കുറിച്ചുള്ള ചർച്ചകൾ വെറും കണക്കുകൾക്കും അനുപാതങ്ങൾക്കും അപ്പുറം പ്രാതിനിധ്യം, നീതി, സാമ്പത്തിക അധികാരവിതരണം തുടങ്ങിയ ഗൗരവമുള്ള രാഷ്ട്രീയചോദ്യങ്ങളിലേക്ക് കടക്കേണ്ടിവരും.

