കെ-റെയിലും ദലിത് മൂലധനവും

''ലക്ഷ്യം, എൽ.ഡി.എഫിന് പകരം യു.ഡി.എഫ്. അല്ലെങ്കിൽ ബി.ജെ.പി. എന്നതിനപ്പുറം അവകാശസമരങ്ങൾ ഭരണഘടനാമൂല്യങ്ങൾക്കനുസൃതവും, ജനാധിപത്യപരവുമാണെങ്കിൽ പിണറായി വിജയനുമായുള്ള സംവാദം സാധ്യമാണ്''- കെ. കെ. കൊച്ച് പറയുന്നു.

Truecopy Webzine

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള താർക്കിക ബൈനറികളെ മറികടന്ന്, ഒരു സംവാദഭൂമിക ഒരുക്കുന്നതിനുള്ള പ്രായോഗികവും അടിസ്ഥാനപരവുമായ ഒരു ചിന്ത മുന്നോട്ടുവെക്കുകയാണ് ട്രൂ കോപ്പി വെബ്‌സീനിലൂടെ കെ. കെ. കൊച്ച്. കെ റെയിൽ വിരുദ്ധ സമരത്തിന്റെ രാഷ്ട്രീയം, വർത്തമാന കാല വികസന രാഷ്ട്രീയത്തിന്റെ പ്രശ്‌നങ്ങൾ, ധനമൂലധന വിനിയോഗം, സി.പി.എമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാടുകൾ, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇടപെടലുകളിലുള്ള പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കൊച്ച് സംസാരിക്കുന്നു.

‘‘ഗതാഗത സൗകര്യങ്ങളും വാഹനപ്പെരുപ്പവും കൊണ്ട് ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും സമ്പന്നമാണ് കേരളം. എങ്കിലും, സർക്കാർ മാത്രമല്ല പ്രതിപക്ഷവും ബഹുജന സംഘടനകളും വ്യക്തികളും വികസനത്തിന്റെ മുഖ്യചാലകശക്തിയായി കണക്കാക്കുന്നത് റെയിൽ ഗതാഗതമാണ്. ഈ സാമൂഹ്യാവശ്യം മുൻനിർത്തി, കെ റെയിൽ പദ്ധതിയെ ഒരു വികസന പദ്ധതിയെന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരമൊരു പദ്ധതി മുന്നോട്ടുവക്കുമ്പോൾ തീർച്ചയായും ജനസംഖ്യയിലെ ബഹുഭൂരിപക്ഷമായ കുടിയൊഴിപ്പിക്കൽ ബാധകമല്ലാത്തവരുടെ പ്രശ്നങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ആദ്യമായും ചൂണ്ടിക്കാട്ടാനുള്ളത്, ഈ വിശാല ജനവിഭാഗങ്ങൾ നിയമാധിഷ്ഠിതരാഷ്ട്രത്തിന്റെ ഭാഗമാണെന്നാണ്. ഇതിന്നർഥം, വികസന പ്രവർത്തനങ്ങളിൽ മറുചോദ്യമില്ലാതെ പങ്കെടുക്കണമെന്നല്ല; മറിച്ച് വികസന പ്രവർത്തനങ്ങളിലെ പ്രാതിനിധ്യം മുന്നോട്ടുവെക്കണമെന്നാണ്. കെ റെയിൽ പദ്ധതി വ്യാവസായിക മൂലധനോത്പന്നമെന്ന നിലയിൽ; ആസൂത്രണം, ശാസ്ത്ര- സാങ്കേതിക ജ്ഞാനം, വിദേശിയും സ്വദേശിയുമായ മൂലധനം, വിദഗ്ധ- അവിദഗ്ധ തൊഴിലുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ്. മുൻചൊന്ന ഘടകങ്ങളിലെ ജനാധിപത്യപരമായ പ്രാതിനിധ്യമാണുറപ്പാക്കേണ്ടത്. ഇതേ ആവശ്യം ഒരു സാമുദായിക പ്രശ്നം എന്നതിലുപരി രാഷ്ട്രീയമായി മുന്നോട്ടുവയ്ക്കുന്നതിനാലാണ് കുടിയൊഴിപ്പിക്കൽ ബാധകമല്ലാത്തവരോടൊപ്പം ദലിതർ അണിനിരക്കുന്നത്.''- അദ്ദേഹം പറയുന്നു.

‘‘കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രശ്നങ്ങളെ വൈകാരിക തലത്തിൽ സമീപിക്കുന്നത് വസ്തുതകളെ ശരിയായ രീതിയിൽ മനസ്സിലാക്കാത്തതുകൊണ്ടാണ്. ഇപ്രകാരമുള്ള അതിവൈകാരികത, പ്രദേശങ്ങളെയും ബന്ധുമിത്രാദികളെയും വേർപിരിയാൻ കഴിയില്ലെന്ന അനുമാനമാണ്. ഇതെത്രമാത്രം ശരിയാണ്? വർഷങ്ങൾക്കുമുമ്പ് മുതൽ കേരളീയർ, വിദൂരദേശങ്ങളിൽ തൊഴിൽസേനയായി എത്തിച്ചേർന്നിട്ടുണ്ട്. പിന്നീട്, അന്യസംസ്ഥാനങ്ങളിൽ തൊഴിലെടുക്കുക മാത്രമല്ല, പാർക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് കുടിയിറക്കിനെയും, അതുവഴിയുള്ള പുനരധിവാസത്തെയും വൈകാരികമായി കാണരുതെന്ന് വാദിക്കുന്നത്.''

‘‘ഇപ്പോൾ തന്നെ ഇന്ത്യൻ റെയിൽവേയ്ക്ക് പങ്കാളിത്തമുള്ള പദ്ധതിയ്ക്കെതിരായ സമരത്തിൽ നിന്ന് ബി.ജെ.പി. ഒരു കാൽ പിന്നോട്ടുവച്ചിരിക്കുകയാണല്ലോ. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ, കോൺഗ്രസിന് തിരിച്ചടിയേൽക്കുകയാണെങ്കിൽ ആ പ്രസ്ഥാനം സംസ്ഥാനത്തും ദുർബലപ്പെടുമെന്നുറപ്പാണ്. മാത്രമല്ല, സ്വത്തുടമസ്ഥരുടെ സാമുദായിക സമ്മർദം മൂലം വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐ.യും സമരത്തിൽനിന്ന് പിന്തിരിയാനാണ് സാധ്യത. ചുരുക്കത്തിൽ, സംഘടന ശക്തിപ്പെടുത്താനുതകുന്ന സമരമെന്ന നിലയിൽ എസ്.യു.സി.ഐ.യും നക്സലൈറ്റുകളോടൊപ്പം സമരസമിതിയും പരിസ്ഥിതിവാദികളും മാത്രമായിരിക്കും സമരരംഗത്ത് അവശേഷിക്കുന്നതെന്നാണ് കരുതേണ്ടത്.''

‘‘കേരളത്തിലെ പരിസ്ഥിതിവാദത്തിന്റെ മുഖമുദ്ര അരാഷ്ട്രീയവാദമാണ്. തൻമൂലം, പരിസ്ഥിതി പ്രസ്ഥാനങ്ങൾ മെച്ചപ്പെട്ട ജീവിതം നയിക്കുന്ന മധ്യവർഗത്തിന്റെ കൾട്ട് സംഘടനകളായാണ് നിലനിൽക്കുന്നത്. അതുകൊണ്ടാണ് പരിസ്ഥിതിവാദത്തെ മതമൗലികവാദമായി കണക്കാക്കുന്നത്.''

‘‘പിണറായി വിജയൻ ഒരു രാഷ്ട്രീയ പ്രതിനിധാനമാണ്. ഉള്ളടക്കം, സവർണ- സമ്പന്ന വിധേയത്വം തന്നെയാണ്. അതേസമയം, അദ്ദേഹം ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും മാനിക്കാൻ ബാധ്യസ്ഥനാണ്. ഇക്കാര്യം കഴിയുന്നില്ലെങ്കിൽ പ്രക്ഷോഭങ്ങളിലൂടെയോ തെരഞ്ഞെടുപ്പുകളിലൂടെയോ അദ്ദേഹത്തെയോ പാർട്ടിയെയോ പരാജയപ്പെടുത്താൻ കഴിയും. ഏകാധിപത്യം സ്ഥാപനവത്കരിക്കപ്പെടുന്നത്, വ്യവസ്ഥാപിത ഭരണഘടനയെ തിരുത്തി, ഭരണനിർവഹണം നിർമിക്കുന്ന നിയമങ്ങളിലൂടെയാണ്. ജർമനിയും ഇറ്റലിയും കാഴ്ച വച്ച ഈ മാതൃക, ഇന്ത്യയ്ക്കഭിമുഖീകരിക്കേണ്ടിവന്നത് അടിയന്തിരാവസ്ഥക്കാലത്താണ്. ഇപ്രകാരമൊരു സാഹചര്യം നിലവിലില്ലാത്തതിനാലും സംസ്ഥാന ഗവൺമെന്റിന്റെ അധികാരം പരിമിതമായതിനാലും, ഭരണഘടനാവിധേയമല്ലാത്ത നിയമങ്ങളിലൂടെ ഏകാധിപതിയാകാൻ പിണറായി വിജയന് കഴിയില്ല. ലക്ഷ്യം, എൽ.ഡി.എഫിന് പകരം യു.ഡി.എഫ്. അല്ലെങ്കിൽ ബി.ജെ.പി. എന്നതിനപ്പുറം അവകാശസമരങ്ങൾ ഭരണഘടനാമൂല്യങ്ങൾക്കനുസൃതവും, ജനാധിപത്യപരവുമാണെങ്കിൽ പിണറായി വിജയനുമായുള്ള സംവാദം സാധ്യമാണ്.''

‘‘ശാസ്ത്ര- സാങ്കേതിക സ്ഥാപനങ്ങളെയും ഗവേഷണങ്ങളെയും അറിവുകളെയും ആശ്രയിക്കാതെ സാമാന്യാനുഭവങ്ങളെയാണ് പരിഷത്ത് ആശ്രയിച്ചത്. തന്മൂലം, കുടിയൊഴിപ്പിക്കപ്പെടുന്ന വിവിധ ശ്രേണിയിലുൾപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങൾ, പാത കടന്നുപോകുന്ന പ്രദേശങ്ങളുടെ സ്വഭാവം, കുന്നുകൾ, ജലാശയങ്ങൾ, സസ്യജാലങ്ങൾ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുന്ന നിർമാണരീതി തുടങ്ങിയവ നിർദേശിക്കാൻ കഴിഞ്ഞില്ല. ഇതിന്റെ ഫലമായി യുക്തിചിന്തയെയും ശാസ്ത്രാവബോധത്തെയും എതിർക്കുന്ന, മതാത്മകതയെ പ്രമാണമാക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കും ഉപകരിക്കുന്ന പിടിവള്ളിയാണ് പരിഷത്ത് നൽകിയത്. ഈയർഥത്തിൽ പരിഷത്തിന്റെ ശാസ്ത്ര-സാഹിത്യചിന്ത ഇന്നത്തെ യുക്തിവാദം പോലെ വരട്ടുവാദമാണ്''


കെ റെയിലും ദലിത് മൂലധനവും
കെ. കെ. കൊച്ച് / കെ. കണ്ണൻ


ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 64ൽ വായിക്കാം

Comments