2020 ഗ്രാമീണ ഇന്ത്യയെ സംബന്ധിച്ച് അസാധാരണ വർഷമായിരുന്നു. ഇന്ത്യയിലെ ഭരണാധികാരികളോ, ആസൂത്രണ വിദഗ്ധരോ ഒരിക്കൽപ്പോലും ചിന്തിച്ചിരിക്കാനിടയില്ലാത്ത ഒരു പ്രതിഭാസത്തിനായിരുന്നു ഈ വർഷം സാക്ഷ്യം വഹിച്ചത്. കോവിഡ് മഹാമാരിയും തുടർന്നുണ്ടായ രാജ്യവ്യാപകമായ ലോക്ഡൗണും ഉയർത്തിവിട്ട പരിഭ്രാന്തിയിൽ ഇന്ത്യയിലെ നഗരങ്ങളിൽ നിന്ന് ഗ്രാമീണ മേഖലയിലേക്കുള്ള "തിരിച്ചുനടത്തം' (Reverse Migration) അഭൂതപൂർവമായ ഒന്നായിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് ഏതാണ്ട് 1.4 കോടി തൊഴിലാളികളാണ് തൊഴിൽ നഷ്ടപ്പെട്ട് ഗ്രാമീണ മേഖലയിലേക്ക് തിരികെ നടന്നത്. അനൗദ്യോഗിക കണക്കുകൾ ഇതിലും എത്രയോ ഇരട്ടിയാകാനുള്ള സാധ്യതയുണ്ട്.
മറ്റൊരു സുപ്രധാന സംഭവ പരമ്പരകൾക്കും 2020 തുടക്കം കുറിക്കുകയുണ്ടായി. അത് കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമ ഭേദഗതികളോടുള്ള ഗ്രാമീണ ഇന്ത്യയുടെ ചെറുത്തുനിൽപ്പാണ്. ഗ്രാമീണ ഇന്ത്യയുടെ പ്രതിഷേധം 50 ദിവസത്തിലേറെയായി രാജ്യത്തിന്റെ തലസ്ഥാന നഗരിയുടെ ഉറക്കം കെടുത്തുകയാണ്. കാർഷിക നിയമത്തോടുള്ള പ്രതിഷേധമായി ആരംഭിച്ച കർഷക പ്രക്ഷോഭം, കേവലം കാർഷിക മേഖലയിലെ നിയമ ഭേദഗതികളോടുള്ള പ്രതിഷേധം മാത്രമായി വിലയിരുത്തപ്പെടുന്നത് തെറ്റായിരിക്കും. ഗ്രാമീണ മേഖലയിൽ പൊതുവിൽ നിലനിൽക്കുന്ന അസ്വസ്ഥതകളോടുള്ള പ്രതികരണമായിത്തന്നെ അവ പ്രതിഫലിപ്പിക്കപ്പെടുന്നുവെന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഒരുവേള, ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പരാജയപ്പെടുന്ന ഒരു ഇടം കൂടിയാണത്. ഗ്രാമീണ മേഖലയിലേക്കുള്ള നഗര തൊഴിലാളികളുടെ പിൻനടത്തവും, കർഷക പ്രക്ഷോഭത്തെയും മുൻനിർത്തി ഗ്രാമീണ ഇന്ത്യയുടെ വർത്തമാനാവസ്ഥയെ വിശകലനം ചെയ്യാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതുപ്രവണതകളെക്കൂടി അത് പ്രതിനിധാനം ചെയ്യുന്നുണ്ട് എന്നത് ഒരുവേള ഭാവി ഇന്ത്യയെ സംബന്ധിച്ച പ്രതീക്ഷകൾക്കും അത് കാരണമായി മാറുന്നുണ്ട്.
"ഗ്രാമീണ ഇന്ത്യ' എന്നത്, പ്രസംഗങ്ങളിലെയും പ്രബന്ധങ്ങളിലെയും ആലങ്കാരിക ഭാഷ എന്നതിനപ്പുറം കൃത്യമായ ഒരു നിർവ്വചനം ഭൂമിശാസ്ത്രപരമോ, വികസന-ആസൂത്രണപരമോ ആയി നിലനിൽക്കുന്നില്ല എന്നത് വലിയൊരു യാഥാർത്ഥ്യമാണ്. 2011ലെ സെൻസസ് റിപ്പോർട്ടിലെ "ചില കാഴ്ചപ്പാടുകളും നിർവ്വചനങ്ങളും' (Some Concepts and Definitions-Census of India-2011) എന്ന ഭാഗത്ത് "ഗ്രാമീണ' മേഖലയെ നിർവ്വചിച്ചിരിക്കുന്നത് നോക്കുക: ""ഗ്രാമീണം: നഗരങ്ങളല്ലാത്ത മറ്റെല്ലാ പ്രദേശങ്ങളും ഗ്രാമീണ മേഖലയാണ്''. റവന്യൂ വില്ലേജുകളെ അടിസ്ഥാനമാക്കിയുള്ള വികസന ആസൂത്രണ പ്രവർത്തനങ്ങൾ കാലാകാലങ്ങളായി നടത്തിവരുന്നു എന്നതിനപ്പുറം, ഗ്രാമങ്ങളെ ശരിയായ രീതിയിൽ നിർവ്വചിക്കുകയോ അവയുടെ സവിശേഷതകളെയും സാധ്യതകളെയും ഉൾക്കൊണ്ടുകൊണ്ടുള്ള കാഴ്ചപ്പാടുകൾ രൂപീകരിക്കാനുള്ള യാതൊരു ശ്രമങ്ങളോ നടന്നുവരുന്നില്ല എന്നത് പ്രധാന വിഷയമായി മാറുന്നുണ്ട്. സെൻസസ് റിപ്പോർട്ടിലെ നിർവ്വചനമനുസരിച്ച് ഇന്ത്യയിലെ ഗ്രാമീണ ജനസംഖ്യ 83.3 കോടിയോളം വരും. അതിൽ ഏതാണ്ട് 12 കോടി കർഷകരും അത്രതന്നെ കർഷക തൊഴിലാളികളും കാർഷിക മേഖലയെ അടിസ്ഥാനമാക്കി ജീവിച്ചുവരുന്നു.
90കളുടെ തുടക്കം തൊട്ട് ആരംഭിച്ച നിയോ ലിബറൽ സാമ്പത്തിക പരിഷ്‌കരണ പരിപാടികൾ, നഗരങ്ങളുടെ വിഭവ സ്രോതസ്സ് എന്ന നിലയിലുള്ള ഗ്രാമീണ മേഖലയുടെ പദവിയെ ഏതാണ്ട് പൂർണമാക്കി എന്ന് കാണാവുന്നതാണ്. നഗരവൽക്കരണത്തിന്റെ തോത് വർധിക്കുന്നതനുസരിച്ച്, ഗ്രാമീണ മേഖലയുടെ അധ്വാനശേഷിയും വിഭവ ശേഷിയും പൂർണമായും നഗരവികസനത്തിനായി വിനിയോഗിക്കുന്ന അവസ്ഥയിലേക്ക് വഴി മാറി. 1990കളുടെ ആരംഭത്തിൽ ഇന്ത്യയുടെ നഗര ജനസംഖ്യ മൊത്തം ജനസംഖ്യയുടെ നാലിലൊന്ന് മാത്രമായിരുന്നുവെങ്കിൽ 2016 ആയപ്പോഴേക്കും അത് മൂന്നിലൊന്നായി ഉയർന്നു. നഗരകേന്ദ്രീകൃത വികസനം നഗരങ്ങളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കുമുള്ള ഗ്രാമീണ മേഖലയിൽ നിന്നുള്ള കുടിയേറ്റം ഈ കാലയളവിൽ ശക്തമാക്കുകയുണ്ടായി. ഗ്രാമീണ മേഖലയുടെ സാമ്പത്തിക നിശ്ചലാവസ്ഥയും നഗരങ്ങൾ സമ്മാനിക്കാൻ പോകുന്ന സാമ്പത്തിക സുരക്ഷിതത്വത്തെ സംബന്ധിച്ച വ്യാമോഹവും ഈ കുടിയേറ്റത്തെ സ്വാഭാവികമായി കാണാൻ ജനങ്ങളെ പ്രേരിപ്പിക്കുകയുണ്ടായി.
പുത്തൻ സാമ്പത്തിക പരിഷ്‌കരണത്തെത്തുടർന്നുണ്ടായ നഗരവത്കരണത്തിലും, വിവര സാങ്കേതിക വിദ്യാ മേഖലയിലും അതുവഴി പൊതുവിൽ സേവന മേഖലകളിലും ഉണ്ടായ വളർച്ച ആദ്യഘട്ടത്തിൽ രാജ്യത്തിന്റെ പൊതുവായ സാമ്പത്തിക വളർച്ചയിലും ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും വളർച്ച പ്രകടമാക്കി എന്നത് വസ്തുതയാണ്. ഇത് നഗരങ്ങളിലേക്കുള്ള കുടിയേറ്റത്തെ ത്വരിത ഗതിയിലാക്കുന്നതിന് സഹായിക്കുകയും ചെയ്തു. എന്നാൽ ചെറിയൊരു കാലയളവുകൊണ്ടുതന്നെ ഇന്ത്യൻ ജനസംഖ്യയിലെ സാമ്പത്തിക അസമത്വം കൂടുതൽ ദൃശ്യവൽക്കരിക്കപ്പെടാൻ തുടങ്ങിയിരുന്നു.
ലുക്കാസ് ചാൻസലും തോമസ് പിക്കെറ്റിയും 2017ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇന്ത്യയുടെ ജിനി ഗുണകം (Gini Coefficient) 0.50 ആണെന്ന് കണ്ടെത്തുകയുണ്ടായി. ഇന്ത്യയിൽ വ്യക്തിഗത വരുമാന നികുതി ആദ്യമായി നടപ്പിലാക്കപ്പെട്ട 1922 മുതൽ 2015 വരെയുള്ള കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് ചാൻസലും പിക്കെറ്റിയും ഈ നിഗമനത്തിലെത്തിയത്. ഈ കാലയളവിലെ ഏറ്റവും ഉയർന്ന ജിനി ഗുണകവും ഇതുതന്നെയായിരുന്നു. (Indian Income Inequality, 1922-2015, From British Raj to Billionaire Raj, Lucas Chancel, Thomas Piketty 2017). അതി സമ്പന്നരായ ചെറു ന്യൂനപക്ഷം രാജ്യസമ്പത്തിന്റെ വലിയൊരു ശതമാനം കയ്യടക്കുന്ന കാഴ്ച ചാൻസലും പിക്കെറ്റിയും തങ്ങളുടെ റിപ്പോർട്ടിലൂടെ വരച്ചുകാട്ടി.
രാജ്യത്തിലെ ദാരിദ്ര്യത്തിന്റെ തോത് മറച്ചുവെക്കുന്നതിനായി ദാരിദ്ര്യ രേഖയുടെ മാനദണ്ഡം മാറ്റിമറിച്ചുകൊണ്ട്, ഇന്ത്യയുടെ സമ്പദ്ഘടനയുടെ സ്വപ്നസദൃശമായ വളർച്ച പ്രഖ്യാപിക്കുകയായിരുന്നു കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ ചെയ്തത്.
ഇന്ത്യയിലെ സാമ്പത്തിക അസമത്വം ഉയർന്ന നിരക്കിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് അമർത്യാസെന്നും ഴാങ് ഡ്രീസും പുതുസഹസ്രാബ്ദത്തിന്റെ ആദ്യത്തിൽ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വരെ സാമ്പത്തികാസമത്വം ഒരു പരിധിവരെ താഴ്ന്ന തട്ടിലായിരുന്നുവെന്ന് (ജിനി ഗുണകം 0.30) കണക്കുകൾ നിരത്തി അവർ വിശദീകരിച്ചു (Sen & Dreze, 2000). പുത്തൻ സാമ്പത്തിക നയ പരിഷ്‌കരണങ്ങൾ സമ്പത്തിന്റെ അസന്തുലിതമായ വിതരണത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് എന്ന വിമർശനത്തെ കൂടുതൽ ബലപ്പെടുത്തുന്നതായിരുന്നു മേൽസൂചിപ്പിച്ച രണ്ട് കൂട്ടരുടെയും കണ്ടെത്തലുകൾ. 1990കൾക്ക് മുമ്പ് ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നത് രണ്ടോ മൂന്നോ വ്യാവസായിക കുടുംബങ്ങളായിരുന്നെങ്കിൽ, 2019 ആയപ്പോഴേക്കും അവരുടെ സംഖ്യ 134 ആയി ഉയരുകയായിരുന്നു (Forbes Billionaire List 2019). ഈ കാലയളവിൽ അവരുടെ സമ്പത്തിന്റെ തോതിലുണ്ടായ വർധനവും അത്രതന്നെ ഭീമമായിരുന്നു.
നഗരവത്കരണത്തിന്റെ തോതിലും, ശതകോടീശ്വരന്മാരുടെ എണ്ണത്തിലും ഉണ്ടായ അതിഭീമമായ കുതിച്ചുചാട്ടം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയായും ഗ്രാമീണ മേഖലയുടെ ഭൗതിക പുരോഗതിയിൽ സംഭവിച്ച മാറ്റം "അരിച്ചിറങ്ങൽ സിദ്ധാന്ത'ത്തിന്റെ പ്രായോഗിക രൂപമായും വ്യാപകമായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥ നിലനിന്നിരുന്നു. ഗ്രാമീണ മേഖലയിലെ അധ്വാന ശക്തിയുടെയും വിഭവങ്ങളുടെയും അസന്തുലിത പ്രവാഹത്തെ കണക്കിലെ മായാജാലങ്ങൾ കൊണ്ട് മറച്ചുവെക്കാനും ഇരകളാക്കപ്പെട്ടുകൊണ്ടിരിക്കുന്നവരാൽത്തന്നെ അതിന് വായ്ത്താരികൾ പാടിക്കാനും പുത്തൻ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ വക്താക്കൾക്ക് സാധിച്ചുവെന്നത് യാഥാർത്ഥ്യമായിരുന്നു.
രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ നവലിബറൽ പരിഷ്‌കരണങ്ങളിലൂടെ പൂർണമായും മാറ്റിമറിക്കുന്നതുള്ള എല്ലാ നടപടികളും സ്വീകരിച്ചിരുന്നത് കോൺഗ്രസ് ആയിരുന്നു. രാജ്യത്തിലെ ദാരിദ്ര്യത്തിന്റെ തോത് മറച്ചുവെക്കുന്നതിനായി ദാരിദ്ര്യ രേഖയുടെ മാനദണ്ഡം മാറ്റിമറിച്ചുകൊണ്ട്, ഇന്ത്യയുടെ സമ്പദ്ഘടനയുടെ സ്വപ്ന സദൃശമായ വളർച്ച പ്രഖ്യാപിക്കുകയായിരുന്നു കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ ചെയ്തത്. ദാരിദ്ര്യത്തെ സംബന്ധിച്ച മാനദണ്ഡം പുതുക്കി നിശ്ചയിച്ചാണ് അവർ അത് സാധിച്ചെടുത്തത്. ആസൂത്രണ കമ്മീഷൻ 2011ൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഇന്ത്യയിൽ പ്രതിദിനം 32 രൂപ വരുമാനമുള്ള എല്ലാവരും ദാരിദ്ര്യ രേഖയ്ക്ക് മുകളിലാണെന്ന് വ്യക്തമാക്കുകയുണ്ടായി. (2004-05ലെ ടെണ്ടുൽക്കർ കമ്മിറ്റി നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് നഗരങ്ങളിൽ 32രൂപയും ഗ്രാമീണ മേഖലയിൽ 26 രൂപയും വരുമാനമുള്ളവർ ദാരിദ്ര്യ രേഖയ്ക്ക് മുകളിലാണ്).
പുത്തൻ സാമ്പത്തിക പരിഷ്‌കരണങ്ങളോടൊപ്പം, ഇന്ത്യയിൽ ശക്തമായിക്കൊണ്ടിരുന്ന തീവ്ര വലതു രാഷ്ട്രീയം പുതുസഹസ്രാബ്ദത്തിലെ രണ്ടാം ദശാബ്ദത്തിന്റെ പാതിയിൽത്തന്നെ ഇന്ത്യയുടെ ഭരണസാരഥ്യം സമ്പൂർണമായി കയ്യടക്കുന്നതിലേക്ക് എത്തിച്ചേരുകയുണ്ടായി. വർധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങളെയും അതേത്തുടർന്നുള്ള സാമൂഹികാസ്വസ്ഥതകളെയും വർഗീയ വിഭജനത്തിന്റെയും വംശീയ വിവേചനത്തിന്റെയും ചാലുകളിലേക്ക് വഴിതിരിച്ചുവിടാൻ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന് സാധിച്ചു. ഇന്ത്യയിൽ അതിവേഗം വളർച്ച നേടിയ അതിസമ്പന്ന വിഭാഗത്തിന്റെ എല്ലാ പിന്തുണയും ഈയൊരു രാഷ്ട്രീയ മാറ്റത്തിന് പിന്നിലുണ്ടായിരുന്നുവെന്നത് യാഥാർത്ഥ്യമാണ്.
നരസിംഹ റാവുവും മൻമോഹൻസിങ്ങും നടപ്പിലാക്കിയ ഉദാര-സ്വകാര്യവത്കരണ നയങ്ങളെ കൂടുതൽ വീര്യത്തോടെ നടപ്പിലാക്കുക എന്ന ദൗത്യം മാത്രമായിരുന്നു സാമ്പത്തിക മേഖലയിൽ സംഘപരിവാർ സർക്കാരിന് ചെയ്യാനുണ്ടായിരുന്നത്. കൂട്ടത്തിൽ തങ്ങളുടെ വംശീയ-വർഗീയ അജണ്ടകൾ നടപ്പിലാക്കുക എന്ന ദീർഘകാല പദ്ധതി നടപ്പിൽ വരുത്തുക എന്നതും അവരെ സംബന്ധിച്ചിടത്തോളം അത്രതന്നെ പ്രാധാന്യമുള്ളതായിരുന്നു. പുത്തൻ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലമായി ഉരുത്തിരിഞ്ഞുവരുന്ന സാമൂഹികാസ്വസ്ഥതകളെയും സംഘർഷങ്ങളെയും ദിശമാറ്റിവിടുന്നതോടൊപ്പം തങ്ങളുടെ "ഹിന്ദുത്വ രാഷ്ട്ര' സങ്കല്പത്തിലേക്ക് കൂടുതൽ അടുക്കാനുള്ള മാർഗമായി ഇതിനെ വിനിയോഗിക്കുവാനും സംഘപരിവാർ രാഷ്ട്രീയത്തിന് കഴിഞ്ഞു.
ജനപ്രിയ മുദ്രാവാക്യങ്ങളിലൂടെ ഒരു ഭാഗത്ത് ജനങ്ങളെ ആകർഷിച്ചു നിർത്തുന്നതിനിടയിൽ തന്നെ അതി കർശനമായ സാമ്പത്തിക പരിഷ്‌കരണങ്ങൾ അതിവേഗതയോടെ നടപ്പിലാക്കാനും കേന്ദ്ര സർക്കാരിന് സാധിച്ചു. ഇന്ത്യയിലെ "സ്വയം പ്രഖ്യാപിത മധ്യവർഗത്തെ' ഇക്കാര്യത്തിൽ എപ്പോഴും കൂടെ നിർത്താൻ സംഘപരിവാർ സർക്കാരിന് സാധിച്ചുവെന്നതും വസ്തുതയാണ്.
ഇന്ത്യയുടെ "വികസന നായക'നെന്ന നിലയിൽ വൻപ്രചാരണത്തോടെ ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലെത്തിയ നരേന്ദ്ര മോദി, ആറ് വർഷക്കാലയളവിൽ നടപ്പിലാക്കിയ പരിഷ്‌കരണങ്ങൾ ഒരുവേള രാജ്യത്ത് പുത്തൻ സാമ്പത്തിക പരിഷ്‌കരണങ്ങൾ നടപ്പിലാക്കിയ മൻമോഹൻ സിങ്ങിനെപ്പോലും അന്ധാളിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. "സ്വദേശി', "നൈപുണ്യ ഇന്ത്യ' "ഡിജിറ്റൽ ഇന്ത്യ', "മേക് ഇൻ ഇന്ത്യ' ,"ആത്മനിർഭര ഭാരതം' തുടങ്ങിയ ഡസൻ കണക്കായ മുദ്രാവാക്യങ്ങളിലൂടെ ജനക്കൂട്ടത്തിന്റെ കയ്യടി വാങ്ങിക്കാനും ആവർത്തിച്ചുള്ള തെരഞ്ഞെടുപ്പ് വിജയങ്ങൾ നേടിയെടുക്കാനും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് സാധിച്ചു.
ജനപ്രിയ മുദ്രാവാക്യങ്ങളിലൂടെ ഒരു ഭാഗത്ത് ജനങ്ങളെ ആകർഷിച്ചു നിർത്തുന്നതിനിടയിൽ തന്നെ അതികർശനമായ സാമ്പത്തിക പരിഷ്‌കരണങ്ങൾ അതിവേഗതയോടെ നടപ്പിലാക്കാനും ഈ കാലയളവിൽ കേന്ദ്ര സർക്കാരിന് സാധിച്ചു. ഇന്ത്യയിലെ "സ്വയം പ്രഖ്യാപിത മധ്യവർഗത്തെ' ഇക്കാര്യത്തിൽ എപ്പോഴും കൂടെ നിർത്താൻ സംഘപരിവാർ സർക്കാരിന് സാധിച്ചുവെന്നതും വസ്തുതയാണ്. വരാനിരിക്കുന്ന സാമ്പത്തിക പരിഷ്‌കരണ നടപടികളിൽ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാനുള്ള ഈ വിഭാഗങ്ങളുടെ അഭിലാഷ ചിന്തകളെ ഉത്തേജിപ്പിച്ചു നിർത്തുന്നതിൽ മോദി സർക്കാർ അക്ഷരാർത്ഥത്തിൽ വിജയിക്കുന്നുവെന്നുവേണം കരുതാൻ. ഈ കാലയളവിൽ ഇന്ത്യയിലെ വലിയൊരു ശതമാനം ജനങ്ങളും തങ്ങളെ "മധ്യവർഗ'-ങ്ങളായി അടയാളപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്ന് അടുത്തകാലത്ത് നടന്ന സർവ്വേ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അതേസമയം പ്യൂ റിസർച്ച് സെന്റർ, ഇന്ത്യയുടെ വരുമാന വിഭാഗങ്ങളെ സംബന്ധിച്ച് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത് ജനസംഖ്യയിൽ കേവലം 2% ജനങ്ങൾ മാത്രമാണ് യഥാർത്ഥ മധ്യവർഗ പട്ടികയിൽ ഉൾപ്പെടുകയുള്ളൂ എന്നാണ്! (Pew Research Institute, 2015. ). ദാരിദ്ര്യത്തിന്റെ തോതിനെ മാറ്റിമറിക്കുന്നതിൽ ആഗോളതലത്തിൽ തന്നെ പൊതുവായ മുന്നേറ്റം സാധ്യമായ വർഷങ്ങളായിരുന്നു ഇവയെങ്കിലും ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ വരുമാനത്തിൽ വലിയ വർധനവ് സൃഷ്ടിക്കാൻ സാധിച്ചില്ല എന്നത് അത്രതന്നെ വസ്തുതയാണ്. മധ്യവർഗ വിഭാഗങ്ങളിലേക്ക് കടന്നുകയറാനുള്ള ജനങ്ങളുടെ ആഗ്രഹ ചിന്തകളെ പരിപോഷിപ്പിച്ച് നിർത്താനും സമീപ ഭാവിയിൽത്തന്നെ അത് സാധ്യമാണെന്ന പൊതുബോധത്തെ സജീവമായി നിലനിർത്താനും സാധിച്ചുവെന്നത് കർശനമായ സാമ്പത്തിക പരിഷ്‌കരണ നടപടികൾക്ക് ലഭിച്ച പൊതുസ്വീകാര്യതയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.
സൈനിക മേഖലയിലടക്കം 75% സ്വകാര്യ നിക്ഷേപം സാധ്യമാക്കുന്നതും പൊതുമേഖലകൾ ഓരോന്നായി വിറ്റഴിക്കുന്നതും യാതൊരു പ്രതിഷേധങ്ങളെയും നേരിടാതെ നടപ്പിലാക്കാൻ മോദി ഗവൺമെന്റിന് സാധിച്ചു. ചരക്ക്-സേവന നികുതി പരിഷ്‌കരണങ്ങളിലൂടെ അനൗദ്യോഗിക സാമ്പത്തിക മേഖലയെ ഔദ്യോഗിക തലത്തിലേക്ക് കൂട്ടിക്കെട്ടിയപ്പോൾത്തന്നെ, ലക്ഷ്യമെന്തെന്ന് ഇനിയും തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത നോട്ട് നിരോധനം പോലുള്ള കടുത്ത നടപടികളിലേക്ക് കടക്കാനും മോദി സർക്കാർ തയ്യാറായി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, പൗരത്വ നിയമ ഭേദഗതി, പാരിസ്ഥിതികാഘാത നിർണയം, കാർഷിക മേഖലയിൽ പരിഷ്‌കരണം, തൊഴിൽ നിയമങ്ങളിൽ ഭേദഗതി, ഇലക്ട്രിസിറ്റി നിയമ ഭേദഗതി തുടങ്ങി ഡസൻകണക്കിന് നിയമ ഭേദഗതികളും പരിഷ്‌കരണങ്ങളുമാണ് ചെറിയൊരു കാലയളവിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടപ്പിലാക്കിയത്.
അനൗദ്യോഗിക സമ്പദ് വ്യവസ്ഥയെ ഔദ്യോഗിക മേഖലയിലേക്ക് കൂട്ടിക്കെട്ടാനുള്ള നടപടിയുടെ ഭാഗമായി ആരംഭിച്ച ചരക്ക്- സേവന നികുതി നിയമവും, നോട്ട് നിരോധനവും ഇന്ത്യയുടെ തകർന്നുകൊണ്ടിരിക്കുന്ന ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏൽപ്പിച്ചത് ആഴത്തിലുള്ള മുറിവായിരുന്നു. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് അനൗദ്യോഗിക സമ്പദ്‌വ്യവസ്ഥ ഗ്രാമീണ ജീവിതത്തിന്റെ അടിത്തറയാണെന്നതും സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം ആഴത്തിലുള്ളതാണെന്നും ഉള്ള യാഥാർത്ഥ്യത്തെ തിരിച്ചറിയാതെയാണ് ഈ രണ്ട് പരിഷ്‌കരണങ്ങളും കേന്ദ്ര സർക്കാർ നടപ്പിലാക്കിയതെന്ന് വ്യക്തമാണ്. കാരണം, അവ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാമൂഹികാഘാതങ്ങൾ അവരുടെ കണക്കുകൂട്ടലുകളേക്കാൾ കൂടുതൽ ദ്രുതഗതിയിലുള്ളതും ശക്തമായതുമാണെന്ന് സമൂഹത്തിൽ പടർന്നുകൊണ്ടിരിക്കുന്ന അസ്വസ്ഥതകളിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്നുണ്ട്.
"കള്ളപ്പണം' (Black Money), "ഇരുണ്ട സമ്പദ്‌വ്യവസ്ഥ' (Black Economy) എന്നിവ സംബന്ധിച്ച തെറ്റിദ്ധരിക്കപ്പെട്ട ബോധ്യങ്ങളെ കൂട്ടുപിടിച്ചുകൊണ്ടാണ് നോട്ട് നിരോധനം പോലുള്ള കടുത്ത നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത്. തൊഴിൽ മേഖലയിലും വരുമാനത്തിലും ആഴത്തിലുള്ള പ്രത്യാഘാതം സൃഷ്ടിച്ചിട്ടുപോലും നരേന്ദ്ര മോദിയുടെ ഈ സർജിക്കൽ സ്‌ട്രൈക്കിന് കയ്യടിക്കാൻ ജനങ്ങൾ തയ്യാറാകുന്നതും ഈയൊരു തെറ്റിദ്ധാരണയിൽ നിന്നാണ്. ബ്ലാക് ഇക്കണോമി എന്നത് സ്ഥലപരമായ ഭിന്നതകളുള്ള ഒന്നാണെന്ന് ഈ വിഷയത്തിൽ ആഴത്തിൽ പഠനം നടത്തിയിട്ടുള്ള പ്രൊഫ. അരുൺ കുമാർ അഭിപ്രായപ്പെടുന്നുണ്ട്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ സംബന്ധിച്ച് ബ്ലാക് ഇക്കണോമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന അനൗദ്യോഗിക സമ്പദ്‌വ്യവസ്ഥ, ഇന്ത്യൻ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി വർത്തിക്കുന്നവയാണ്. ഇന്ത്യയിലെ തൊഴിൽ മേഖലയിലെ 93% ആളുകൾ ജോലി ചെയ്യുന്നതും മൊത്തം ഉത്പാദനത്തിന്റെ 45% സംഭാവന ചെയ്യുന്നതും ഈ അനൗദ്യോഗിക മേഖലയാണെന്നും പ്രൊഫ. അരുൺ കുമാർ സൂചിപ്പിക്കുന്നു (The Black Economy in India, Arun Kumar, Penguin Books, 2017). ഇന്ത്യയുടെ ഈ അനൗദ്യോഗിക മേഖലയുടെ പ്രവർത്തനങ്ങളെ പൂർണമായും മനസ്സിലാക്കാതെയുള്ള പരിഷ്‌കരണ നടപടികൾ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ സമ്പൂർണ തകർച്ചയിലേക്ക് നയിച്ചുവെന്നതിന്റെ തെളിവുകൾ തുടർന്നിങ്ങോട്ടുള്ള സാമ്പത്തിക വളർച്ചയിലെ കുത്തനെയുള്ള ഇടിവിലൂടെയും തൊഴിലില്ലായ്മയുടെ കുതിപ്പിലൂടെയും ദൃശ്യമായിക്കൊണ്ടിരിക്കുകയാണ്.
ഉത്പാദന മേഖലയിൽ പൊതുവിൽ നിലനിന്നിരുന്ന മാന്ദ്യം കൂടുതൽ ശക്തമാക്കുന്ന നടപടിയായിരുന്നു നോട്ട് നിരോധനം. ഇത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയായി പ്രവർത്തിക്കുന്ന ചെറുകിട-മധ്യനിര-അണുകിട വ്യവസായ സ്ഥാപനങ്ങളെ (Micro Small Medium Enterprises-MSME) സമ്പൂർണ നാശത്തിലേക്ക് നയിച്ചു. ചെറുകിട- ഇടത്തരം വ്യവസായങ്ങളുടെ നിലനിൽപ് വായ്പ സംവിധാനത്തെ അടിസ്ഥാനമാക്കിയാണെന്നതും, നോട്ട് നിരോധനം ഇന്ത്യയുടെ വായ്പ വളർച്ച (Credit Growth)യെ പ്രതികൂലമായി ബാധിച്ചുവെന്നതും വസ്തുതയായിരിക്കെ അത് കോടിക്കണക്കായ സാധാരണക്കാരെ തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും കൊണ്ടുചെന്നെത്തിച്ചു. 11 കോടിയോളം പേർ തൊഴിലെടുക്കുന്ന ഈ മേഖലയുടെ തകർച്ച സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിലും അത് പൊതുജനങ്ങളെ അറിയിക്കുന്നതിലും സർക്കാർ കാണിക്കുന്ന അലംഭാവം ഗർഹണീയമാണ്. ഇന്ത്യയിലെ ചെറുകിട വ്യവസായങ്ങളിൽ അടച്ചുപൂട്ടപ്പെട്ടവയുടെ കണക്കുകൾ സംബന്ധിച്ച യാതൊരുവിവരവും ലഭ്യമല്ലെന്നായിരുന്നു 2020 സെപ്തംബർ 19ന് ബന്ധപ്പെട്ട വകുപ്പ് മന്ത്രി പ്രതാപ് ചന്ദ്ര സാരംഗി ലോക്‌സഭയിൽ അറിയിച്ചത്. 2014-15 തൊട്ട് 2019- 20 വരെയുള്ള കാലയളവിലെ ഇതുസംബന്ധിച്ച യാതൊരു സ്ഥിതിവിവരക്കണക്കുകളും ലഭ്യമല്ലെന്നായിരുന്നു സാരംഗി ലോകസഭയിൽ പറഞ്ഞത്!
നോട്ട് നിരോധനം, ചരക്ക് -സേവന നികുതി, ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി പ്രതിസന്ധികൾ ഗ്രാമീണ മേഖലയിലെ വായ്പകളിന്മേൽ സൃഷ്ടിച്ച തടസ്സങ്ങൾ എന്നിവ ഉത്പാദന-സേവന മേഖലകളുടെ സമ്പൂർണ്ണ നാശത്തിലേക്ക് നയിച്ചു. ഇന്ത്യയുടെ വ്യാവസായിക ഉത്പാദന വളർച്ചാ നിരക്ക് സർവ്വകാല റെക്കോർഡുകളും ഭേദിച്ച് താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. അമേരിക്കൻ സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രതിഫലിച്ചുകൊണ്ടിരുന്ന കാലഘട്ടം കൂടിയായിരുന്നു ഇത്. ഇന്ത്യൻ സാമ്പത്തിക വളർച്ചാ നിരക്ക് ഔദ്യോഗിക കണക്കനുസരിച്ച് 5.2% ആയി പ്രഖ്യാപിക്കപ്പെട്ടെങ്കിലും യഥാർത്ഥത്തിൽ അത് 3.7% മാത്രമായിരുന്നു. ഈ രീതിയിൽ ഇന്ത്യൻ സമ്പദ്ഘടന വലിയൊരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരുന്ന അവസരത്തിലായിരുന്നു കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിക്കൊണ്ട് കടന്നുവരുന്നത്.
സ്വതന്ത്ര ഇന്ത്യ അപൂർവ്വമായി മാത്രം സാക്ഷ്യം വഹിച്ച കർഷക പ്രക്ഷോഭത്തെ കൂടാതെ, മുഖ്യധാരാ മാധ്യമങ്ങൾ പൂർണ്ണമായും തമസ്‌കരിച്ചുകൊണ്ടിരിക്കുന്ന നൂറുകണക്കിന് ജനകീയ പ്രക്ഷോഭങ്ങളും ഈ അസ്വസ്ഥതകളുടെ ബഹിർസ്ഫുരണങ്ങളാണ്.
കാർഷിക മേഖലയിലെ പ്രതിസന്ധികൾ, ഗ്രാമീണ വ്യവസായങ്ങളുടെ തകർച്ച എന്നിവ വലിയൊരു നിരാശയിലേക്ക് ജനങ്ങളെ വലിച്ചിഴക്കുന്ന അവസ്ഥയിൽ കോവിഡ് മഹാമാരിയെ ഒരവസരമായി പരിഗണിക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. പ്രധാനമന്ത്രിയുടെ "ആത്മനിർഭരതാ' പ്രഘോഷണങ്ങൾക്കിടയിൽ സാധ്യമായ എല്ലാ ജനവിരുദ്ധ നയങ്ങളും അടിച്ചേൽപ്പിക്കുകയായിരുന്നു സർക്കാർ ചെയ്തത്. നിനച്ചിരിക്കാതെ ലോക്ഡൗണിലേക്ക് രാജ്യത്തെ തള്ളിവിട്ടപ്പോൾത്തന്നെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധി പ്രകടമായിരുന്നു. കോടിക്കണക്കായ അടിസ്ഥാന തൊഴിലാളി വിഭാഗങ്ങൾ ഒരാഴ്ചക്കാലം പോലും പിടിച്ചുനിൽക്കാനാകാതെ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് പിൻനടത്തം നടക്കുന്നതാണ് കാണാൻ കഴിഞ്ഞത്. കഴിഞ്ഞ ഒന്ന്-രണ്ട് ദശാബ്ദക്കാലങ്ങളായി ഇന്ത്യയിലെ ക്ഷേമമേഖലകളെ കൈയ്യൊഴിഞ്ഞുകൊണ്ടുള്ള സാമ്പത്തിക പരിഷ്‌കരണങ്ങൾ ജനങ്ങളെ എത്രമാത്രം അരക്ഷിതാവസ്ഥയിലേക്കാണ് തള്ളിവിട്ടതെന്ന് തെളിയിക്കുന്നതായിരുന്നു ആ നാളുകൾ. ലോകത്തിലെ ഒരു രാജ്യവും നടപ്പിലാക്കാത്ത രീതിയിലുള്ള സമ്പൂർണ്ണ ലോക്ഡൗണിലേക്കായിരുന്നു മാസങ്ങളോളം രാജ്യത്തെ തള്ളിവിട്ടത്. ഈയൊരു ലോക്ഡൗൺ കാലയളവിൽ രണ്ട് കാര്യങ്ങൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഒന്ന്, രാജ്യത്തെ സാമ്പത്തിക മേഖലയെ, പ്രത്യേകിച്ചും കാർഷിക മേഖലയെ, സമ്പൂർണ്ണമായ അഴിച്ചുപണിയലിനുള്ള പ്രവർത്തനങ്ങൾ. അതിനുള്ള അവസരമായി കേന്ദ്രഗവൺമെന്റ് ലോക്ഡൗൺ കാലയളവിനെ ഉപയോഗപ്പെടുത്തി എന്നതാണ് വാസ്തവം.
ഗ്രാമീണ മേഖലയിൽ വളർന്നുകൊണ്ടിരുന്ന അസംതൃപ്തികളും അസ്വസ്ഥതകളും പ്രക്ഷോഭങ്ങളിലൂടെ പ്രകടമായിക്കൊണ്ടിരുന്നുവെന്നതായിരുന്നുവെന്നാണ് രണ്ടാമത്തെ കാര്യം. സ്വതന്ത്ര ഇന്ത്യ അപൂർവ്വമായി മാത്രം സാക്ഷ്യം വഹിച്ച കർഷക പ്രക്ഷോഭത്തെ കൂടാതെ, മുഖ്യധാരാ മാധ്യമങ്ങൾ പൂർണ്ണമായും തമസ്‌കരിച്ചുകൊണ്ടിരിക്കുന്ന നൂറുകണക്കിന് ജനകീയ പ്രക്ഷോഭങ്ങളും ഈ അസ്വസ്ഥതകളുടെ ബഹിർസ്ഫുരണങ്ങളാണ്. മൊള്ളം നാഷണൽ പാർക്ക് സംരക്ഷിക്കണമെന്നും മോർമുഗോ തുറമുഖത്ത് കൽക്കരി ഹബ് നിർമ്മിക്കരുതെന്നും ആവശ്യപ്പെട്ട് ഗോവയിൽ പ്രക്ഷോഭം നടക്കുമ്പോൾ, അതേ കാലയളവിൽ ബുന്ദേൽഖണ്ഡിലെ കെൻ നദി സംരക്ഷിക്കുവാനായി ആയിരക്കണക്കിന് ഗ്രാമീണ സ്ത്രീകൾ ജലസത്യാഗ്രഹത്തിന് ഒരുങ്ങുന്നു. മഹാരാഷ്ട്രയിലെ പാൽഘറിൽ ആദിവാസി ഗ്രാമീണർ തങ്ങളുടെ കൃഷി ഭൂമി സംരക്ഷിക്കുവാനായി ഏതറ്റം വരെ പോകുമെന്ന് പ്രഖ്യാപിക്കുന്നു. ഇത്തരത്തിൽ മുഖ്യധാരാ മാധ്യമങ്ങളാൽ തമസ്‌കരിക്കപ്പെടുന്ന നൂറുകണക്കായ പ്രക്ഷോഭങ്ങൾ ഒരേ ശബ്ദത്തിൽ വിളിച്ചുപറയുന്നത്, "മതിയേ മതി' എന്നാണ്. ഡിജിറ്റൽ ഇന്ത്യയെ സംബന്ധിച്ച വാചാടോപങ്ങൾ ദൃശ്യപ്പകിട്ടുകളുടെ അകമ്പടിയോടെ മാധ്യമങ്ങളിൽ നിറഞ്ഞുകവിയുമ്പോൾ അത്രയൊന്നും ദൃശ്യവത്കരിക്കപ്പെടാത്ത ഗ്രാമീണ ഇന്ത്യ തങ്ങളുടെ അനിശ്ചിതത്വം നിറഞ്ഞ ഭാവിയെ പ്രതി പ്രക്ഷോഭത്തിന്റെ പാതയിലേക്ക് നടന്നുനീങ്ങിക്കൊണ്ടിരിക്കുകയാണ്. ഗ്രാമീണ ഇന്ത്യയിലെ അസ്വസ്ഥതകളും അതൃപ്തികളും പ്രക്ഷോഭ രൂപത്തിലേക്ക് പരിണമിക്കുന്നതിനെക്കുറിച്ച് അടുത്ത ഭാഗത്തിൽ തുടരും. ▮