ഒരു കോവിഡുകാല ബജറ്റ്​: 2022 കേരള ബജറ്റ്​ പൂർണരൂപം

ആരോഗ്യ രക്ഷയ്ക്കുളള തന്ത്രം തന്നെയാണ് ഈ ബജറ്റിൽ നമ്മുടെ വികസന തന്ത്രമായി മാറുന്നത്. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുക, തൊഴിലും വരുമാനവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുക എന്നതാണ് നമ്മുടെ നയം. കോവിഡിനെ കീഴടക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയാൽ, സാമ്പത്തിക മുന്നേറ്റത്തിന് നമുക്ക് കൂടുതൽ അവസരം ലഭിക്കും.

Think

ആമുഖം

2021-22 വർഷത്തെ പുതുക്കിയ ബജറ്റ് ഈ സഭയിൽ അവതരിപ്പിക്കുകയാണ്. ഒന്നാം പിണറായി സർക്കാരിനു വേണ്ടി എന്റെ മുൻഗാമി ഡോ.ടി.എം.തോമസ് ഐസക്ക് 2021-22 ലേക്കുളള ബജറ്റ് നേരത്തെ അവതരിപ്പിച്ചിരുന്നു. വളരെ സമഗ്രമായ നിർദ്ദേശങ്ങളാണ് പ്രസ്തുത ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നത്. വിശദമായ വാർഷിക നിർദ്ദേശങ്ങളോടൊപ്പം കേരളത്തിന്റെ ദീർഘകാല വികസന പരിപ്രേക്ഷ്യവും പ്രസ്തുത ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നു. കോവിഡാനന്തര ലോകത്തിന്റെ പ്രത്യേകതകൾ ക്കനുസരിച്ച് കേരളത്തിന്റെ സമ്പദ്ഘടനയെ മാറ്റിയെടു ക്കുന്നതിനുളള നിർദ്ദേശങ്ങൾ കേരളം ആഴത്തിൽ ചർച്ച ചെയ്യുകയും സ്വാഗതം ചെയ്യുകയും ചെയ്തിട്ടുളളതാണ്. ആ ബജറ്റിലെ നിർദ്ദേശങ്ങൾ എല്ലാം നടപ്പിലാക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ ബജറ്റ് തയ്യാറാക്കുമ്പോൾ മുൻകൂട്ടി കാണാൻ കഴിയാതിരുന്ന ചില സംഭവവികാസങ്ങൾ ആണ് പുതുക്കിയ ബജറ്റ് അവതരിപ്പിക്കാൻ കാരണമാകുന്നത്. അതിൽ ഏറ്റവും പ്രധാനം കോവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ പെട്ടെന്നുളള വ്യാപനവും മൂന്നാം തരംഗത്തിന്റെ വരവിനെക്കുറിച്ചുളള ആശങ്കകളുമാണ്.

ഈ ആരോഗ്യ അടിയന്തരാവസ്ഥ നമ്മുടെ വികസന തന്ത്രത്തിൽ ചില പ്രധാന മാറ്റങ്ങൾ ആവശ്യപ്പെടുന്നു. മഹാമാരിയെ ചെറുത്ത് തോൽപ്പിക്കുക എന്നത് വികസനത്തിന്റെ മുന്നുപാധിയായി മാറിയിരിക്കുന്നു. മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ ആഘാതം പരമാവധി കുറയ്ക്കുകയും മൂന്നാം തരംഗം പൂർണ്ണമായി ഒഴിവാക്കുകയും ചെയ്തുകൊണ്ട് മാത്രമേ സമ്പദ് ഘടനയുടെ വീണ്ടെടുപ്പ് സാധ്യമാകൂ. ‘എല്ലാത്തിനും മുൻപേ ആരോഗ്യം’ അഥവാ ‘ഒന്നാമത് ആരോഗ്യം’ എന്ന ഉറച്ച നിലപാട് സ്വീകരിക്കാൻ നാം നിർബന്ധിതരായിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ ആരോഗ്യ രക്ഷയ്ക്കുളള തന്ത്രം തന്നെയാണ് ഈ ബജറ്റിൽ നമ്മുടെ വികസന തന്ത്രമായി മാറുന്നത്. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുക, തൊഴിലും വരുമാനവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുക എന്നതാണ് നമ്മുടെ നയം. കോവിഡിനെ കീഴടക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയാൽ, സാമ്പത്തിക മുന്നേറ്റത്തിന് നമുക്ക് കൂടുതൽ അവസരം ലഭിക്കും. ബജറ്റിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയ സാഹചര്യങ്ങളിലേക്ക് പിന്നീട് വരാം. അതിന് മുൻപ് പിണറായി സർക്കാരിന്റെ ഭരണത്തുടർച്ചയെകുറിച്ച് ചുരുക്കം ചില കാര്യങ്ങൾ സൂചിപ്പിക്കേണ്ടതുണ്ട്.

ജനവിധി

കേരളത്തിന്റെ ജനാധിപത്യവൽക്കരണ പ്രക്രിയയുടെ അനുസ്യൂത പുരോഗതിയിൽ നമുക്കെല്ലാം വലിയ അഭിമാനമുണ്ട്. സാമൂഹ്യ ജീവിതത്തിൽ എല്ലാ മേഖല കളിലും ജനാധിപത്യവൽക്കരണം പുരോഗമിക്കുന്നുണ്ട്. പൗരൻമാരുടെ ജീവിത പുരോഗതിയെ തടസ്സ പ്പെടുത്തിയിരുന്ന എണ്ണമറ്റ അസ്വാതന്ത്ര്യങ്ങളെ തട്ടിമാറ്റി ക്കൊണ്ടാണ് നാം ആധുനിക കേരളത്തിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. മാർഗ്ഗതടസ്സം സൃഷ്ടിക്കുന്നവർ ഇന്നും സജീവമാണെന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷേ തടസ്സങ്ങളെ എടുത്തു മാറ്റി മുന്നേറാനുളള കരുത്താണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്. കേരള ഭരണത്തിൽ ജനാധിപത്യവൽക്കരണത്തിന്റെ കാര്യത്തിൽ അഭിമാനകരമായ വളർച്ചയാണ് സംഭവിക്കുന്നത്. അതിന്റെ ഏറ്റവും തിളക്കമാർന്ന തെളിവാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കേരള ജനത നൽകിയ തുടർഭരണം. ഇത് കേവലമൊരു മുന്നണിയുടെ വിജയം മാത്രമല്ല. കേരള ജനതയുടെ വിജയം കൂടിയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചരിത്ര വിജയം നൽകിയ കേരള ജനതയെ ഞാൻ അഭിവാദ്യം ചെയ്യുന്നു.

കേരളത്തിലെ ജനാധിപത്യ ഭരണത്തിന്റെ തുടക്കം

ബാലാരിഷ്ടതകളുടേതായിരുന്നു. പല കാരണങ്ങൾ കൊണ്ടും സർക്കാരുകൾക്ക് കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയത്തിലും ഭരണത്തിലും തുടർച്ചയായി ഉണ്ടായ അനിശ്ചിതത്വം ജനാധിപത്യ ഭരണത്തെക്കുറിച്ച് ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ പിന്നീട് ജനങ്ങൾ തിര‍ഞ്ഞെടുക്കുന്ന സർക്കാരുകൾ കാലാവധി പൂർത്തിയാക്കി ഭരണം നടത്തുന്ന സ്ഥിതി വന്നു.

നിയമസഭാംഗങ്ങളെ കൂട്ടത്തോടെ വില പറഞ്ഞ് വാങ്ങുകയും അവരെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പാർപ്പിക്കുകയും ചെയ്യുന്ന സംസ്കാരം കേരളത്തിലേക്ക് കടന്നു വരാൻ നാം അനുവദിച്ചിട്ടില്ല. രാഷ്ട്രീയ കുതിരക്കച്ചവ‌ടം എന്ന നാണക്കേടിൽ നിന്നും കേരളത്തെ രക്ഷിക്കുന്നതിന് ഇടതുപക്ഷം വഹിച്ച പങ്ക് കൂടുതൽ അംഗീകരിക്കപ്പെടേണ്ടതാണ്. കാലാവധി പൂർത്തിയാക്കുന്ന തിനപ്പുറം ഇപ്പോൾ ഭരണത്തുടർച്ചയിലേക്ക് വളരാൻ നമുക്ക് കഴിഞ്ഞിരിക്കുന്നു. അടിയന്തിരാവസ്ഥയുടെ നിഴലിൽ 1977ൽ സംഭവിച്ചതൊഴിച്ചാൽ 2021 ലെ തിരഞ്ഞെടുപ്പിൽ കേരള ജനത പുതിയ ചരിത്രമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രതിപക്ഷത്തിന് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ടോ മാധ്യമങ്ങളെ അധികാരം ഉപയോഗിച്ച് നിശബ്ദമാക്കികൊണ്ടോ അല്ല ഭരണത്തുടർച്ച ഉണ്ടായത്. ഇത്രമാത്രം ദയയില്ലാത്ത ആക്രമണത്തിന് വിധേയമായ ഒരു സർക്കാർ അടുത്ത കാലത്ത് കേരളത്തിൽ ഉണ്ടായിട്ടില്ല. കേന്ദ്ര അന്വേഷണ എജൻസികളുടെ കടന്നാക്രമണം കൂടിയായപ്പോൾ എല്ലാവരും ചേ‍ർന്നുളള ​കലാശക്കൊട്ടായി അതുമാറി. ഏതാണ്ട് ഒരു വർഷം നീണ്ട ആക്രമണമാണ് ഒന്നാം പിണറായി സർക്കാരിന് നേരിടേണ്ടിവന്നത്. പ്രതിപക്ഷ ആരോപണങ്ങൾ ജനങ്ങളി ലേക്ക് എത്താത്തതല്ല അവരുടെ പരാജയകാരണം. എത്തിയ വാർത്തകൾ ഒരോ വ്യക്തിയും ഒരോ കുടുംബവും സസൂക്ഷം ചർച്ച ചെയ്തു. ഉചിതമായ തിരുമാനം എടുക്കുകയും ചെയ്തു.

പ്രദേശിക തിരഞ്ഞെടുപ്പുകളിലാണ് ജനവിധിയുടെ ആദ്യ ഗഡു വന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ അന്തിമ വിധിയും വന്നു. പിണറായി വിജയൻ ഭരണത്തുടർച്ച നേടുന്ന കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായി. വിജയാഘോഷത്തിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യം ഇവിടെ ഓർമിക്കുന്നത് നന്നാകും. ആരോപണങ്ങളുടെയും പ്രചാരണങ്ങളുടെയും അടിസ്ഥാനത്തിലല്ല ജനങ്ങൾ തീരുമാനമെടുക്കുന്നത്. സ്വന്തം ജീവിതാനുഭവങ്ങളു‌ടെ വെളിച്ചത്തിലാണ്. സത്യാനന്തരകാലത്തെ കൺകെട്ട് വിദ്യകൾ അതിജിവിക്കാൻ ജീവിതാനുഭങ്ങൾക്ക് കഴിയും എന്ന യാഥാർത്ഥ്യം എല്ലാവരും ഉൾക്കൊളളണം. കുപ്രചരണങ്ങൾ ഈ സർക്കാരിനെ തളർത്തില്ല. എന്നാൽ ക്രിയാത്മകമായ വിമർശനങ്ങൾ കലവറയില്ലാതെ ഉൾക്കൊള്ളും.
തുടർഭരണത്തിനുളള ജനവിധി ജനാധിപത്യത്തിന്റെ വിജയമാണ് എന്ന് പറയാൻ മറ്റൊരുകാരണം കൂടിയുണ്ട്. ദീർഘകാല ജനാധിപത്യ ചരിത്രമുളള രാജ്യങ്ങളിൽ പോലും ഒരു ഭരണ വ്യവസ്ഥ എന്ന നിലയിൽ ജനാധിപത്യം വലിയ ഭീഷണി നേരിടുകയാണ്. യൂറോപ്പ്, അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ ജനാധിപത്യ രാജ്യങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. ജനങ്ങൾക്ക് ഭരണത്തിലുളള വിശ്വാസവും താൽപര്യവും കുറയുകയാണ്. നവഉദാര വൽക്കരണ പരിഷ്ക്കാരങ്ങളാണ് ഈ അകൽച്ച വർദ്ധിപ്പിച്ചത്. ജനാധിപത്യ സർക്കാരുകൾ 99 ശതമാനത്തിന്റെ താൽപര്യം അവഗണിച്ച് ഏറ്റവും ധനികരായ ഒരു ശതമാനത്തിന്റെ താൽപര്യം സംരക്ഷിക്കുന്നു എന്ന ആക്ഷേപം വ്യാപകമാണ്. കോവിഡ്-19 മഹാമാരിയുടെ വരവും പൊതുജനാരോഗ്യ സംവിധാനത്തിന്റെ തകർച്ചയും പാശ്ചാത്യരാജ്യങ്ങളിലെ ജനാധിപത്യ സർക്കാരുകളുടെ വിശ്വാസ്യത വീണ്ടും തകർത്തു. ഇവിടെയാണ് കേരളത്തിലെ ജനാധിപത്യ പരീക്ഷണങ്ങൾ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

ഒരാളെയും ഒഴിവാക്കാത്ത, എല്ലാവരെയും ഉൾക്കൊളളാൻ ശ്രമിക്കുന്ന ഭരണം ഉറപ്പാക്കാനാണ് കേരള മാതൃകയിൽ നാം ശ്രമിക്കുന്നത്. സമീപകാലത്ത് കേരളത്തിൽ ഉണ്ടായ ദുരന്തങ്ങളെ നാം നേരിട്ട രീതിയിലൂടെ ഇത് കൂടുതൽ വ്യക്തമായി. കേരളം ഒറ്റക്കെട്ടായി എല്ലാ വിഭജനങ്ങൾക്കും അതീതമായി ഉണരുകയാണുണ്ടായത്. കേരള ജനതയുടെ ഈ ഒത്തൊരുമയ്ക്ക് ഫലപ്രദമായ നേതൃത്വം കൊടുക്കുവാനായി എന്നതാണ് ഒന്നാം പിണറായി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം. അതിന്റെ അംഗീകാരം കൂടിയാണ് തുടർ ഭരണത്തിനുളള ജനവിധി. സംസ്ഥാനങ്ങളുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ സംബന്ധിച്ച് നീതി ആയോഗ് ഇന്നലെ പുറപ്പെടുവിച്ച റിപ്പോർട്ടിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുള്ളത് എന്നത് കേരള മാതൃകയുടെ വിജയത്തെ വീണ്ടും അടിവരയിടുന്നു.

നിങ്ങൾക്കറിയാവുന്നതുപോലെ, ഈ വർഷം ജനുവരിയിൽ എന്റെ മുൻഗാമി ഡോ.തോമസ് ഐസക്ക് വളരെ വിപുലവും ദീർഘവീക്ഷണത്തോടെയുമുള്ള ബജറ്റാണ് സർക്കാ രിനുവേണ്ടി അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പിലേക്ക് നീങ്ങേണ്ട തിനാൽ ആദ്യ നാലു മാസത്തേക്ക് വോട്ട് ഓൺ അക്കൗണ്ട് പാസ്സാക്കിയാൽ മതിയായിരുന്നെങ്കിലും വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ നടപ്പാക്കേണ്ട മുഴുവൻ കാര്യങ്ങളുടെയും നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു പൂർണ്ണ ബജറ്റാണ് അവതരിപ്പിച്ചത്. മഹാമാരിയുടെ തിരിച്ചു വരവിന്റെയും, അത് സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും സൃഷ്ടിച്ച ആഘാതത്തിന്റേയും വെളിച്ചത്തിൽ ആവശ്യമായ പരിഷ്കാരങ്ങളോടെ മുൻ സർക്കാർ നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ നടപ്പിലാക്കും.

കേരളത്തിന്റെ ഭാവി വികസനം സംബന്ധിച്ച ബജറ്റ് നിർദ്ദേശങ്ങളെ കുറച്ചുകൂടി വിപുലപ്പെടുത്തിക്കൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക തയ്യാറാക്കിയത്. ഞങ്ങളുടെ പ്രകടന പത്രിക കേരളമെമ്പാടും ചർച്ച ചെയ്തിട്ടുളളതാണ്. ജനാധിപത്യ ത്തിൽ തെര‍ഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്ക് വലിയ പ്രധാന്യമുണ്ട്. അതുകൊണ്ട് പ്രകടന പത്രികയ്ക്ക് ഞങ്ങൾ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഒന്നാം പിണറായി സർക്കാർ പ്രകടന പത്രികയിലെ കാര്യങ്ങൾ ഏതാണ്ട് പൂർണമായി നടപ്പിലാക്കി എന്നതാണ് തുടർ ഭരണത്തിന് കാരണമായത്. പ്രകടനപത്രികയിൽ പറഞ്ഞിട്ടുളള കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കാനുളള പരിശ്രമ മായിരിക്കും ഈ സർക്കാരും നടത്തുക.
വികസനത്തെ സംബന്ധിച്ച് ദീർഘകാല കാഴ്ചപ്പാട് നടപ്പിലാക്കുക ബഹുവർഷ പരിപാടികളിലൂടെയാണ്. പഞ്ചവത്സര പദ്ധതിയാണ് ഇതിന് സഹായകരമാവുക. കേരളത്തിന്റെ പതിമൂന്നാം പദ്ധതിയുടെ സമാപന വർഷമാണ് 2021-22. പതിനാലാം പഞ്ചവത്സര പദ്ധതി (2022-23 മുതൽ 2026-27 വരെ)യുടെ രൂപീകരണത്തിനുളള പ്രവർത്തനം സർക്കാർ വൈകാതെ ആരംഭിയ്ക്കും. വിപുലമായ പങ്കാളിത്തത്തോട് കൂടിയുളള ഒരു പ്രക്രിയയിലൂടെയാവും അടുത്ത പഞ്ചവത്സരപദ്ധതിയ്ക്ക് രൂപം നൽകുക. ബജറ്റിലും പ്രകടനപത്രികയിലും മുന്നോട്ട് വെച്ചിട്ടുളള ദീർഘകാല ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് പര്യാപ്തമായ ദീർഘകാല പരിപാടികൾ പദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തും. ഈ പ്രക്രിയയിൽ എല്ലാവരുടേയും പങ്കാളിത്തം സർക്കാർ പ്രതീക്ഷിക്കുന്നു. പ്രതിപക്ഷത്തിന്റെ സഹകരണം ഞങ്ങൾ ഉറ്റു നോക്കുകയാണ്. കോവിഡാനന്തര കേരളത്തിന്റെ നിർമിതിയിൽ നമുക്ക് ഒരുമിച്ച് നിൽക്കാം.

2020-21 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 3.82% ന്റെ ഇടിവാണ് മുൻ വർഷത്തെ അപേക്ഷിച്ച് ഉണ്ടായത്. ദശാബ്ദങ്ങളായി വർദ്ധനവ് രേഖപ്പെടുത്തിയിരുന്ന വളർച്ചാ നിരക്ക് കോവിഡ് – 19 മഹാമാരിയെത്തുടർന്നുളള ലോക്ക്ഡൗൺ ഉണ്ടാക്കിയ ആഘാതം മൂലം കുറയുകയും സംസ്ഥാനത്തിന്റെ പൊതു വരുമാനത്തിൽ 18.77% ഇടിവുണ്ടാകുകയും ചെയ്തു. നിയമാനുസൃതമായി സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ജി.എസ്.ടി. നഷ്ടപരിഹാരം അനുവദിക്കുന്നതിലുണ്ടായ അനിശ്ചിതത്വവും കാലതാമസവും വളരെ വലിയ സാമ്പത്തിക പ്രയാസങ്ങളാണ് സംസ്ഥാനത്തി നുണ്ടാക്കിയത്. സെസ്സുകളെ, പ്രത്യേകിച്ചും പെട്രോളിയം ഉല്പന്നങ്ങളുടെ മേലുളള സെസ്സുകളെ ആശ്രയിക്കുന്ന കേന്ദ്ര സർക്കാരിന്റെ വർദ്ധിച്ചു വരുന്ന പ്രവണത സംസ്ഥാനങ്ങൾക്ക് നല്കേണ്ട വിഭജിക്കാവുന്ന നികുതി ഇനത്തിൽ (divisible pool) കുറവുണ്ടാക്കുക വഴി സംസ്ഥാന സമ്പദ് ഘടനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതിന്റെ ഫലമായി സംസ്ഥാനങ്ങൾക്ക് വലിയ അളവിൽ വായ്പ എടുക്കേണ്ടിവരികയും അതു വഴി റവന്യൂ കമ്മി ഗണ്യമായി ഉയരുകയും ചെയ്തു.

ഓരോ കേന്ദ്ര ധനകാര്യ കമ്മീഷൻ അവാർഡ് വരുമ്പോഴും കേന്ദ്ര നികുതി വരുമാനത്തിന്റെ ഡിവിസിബിൾ പൂളിൽ നിന്നും കേരളത്തിനുളള വിഹിതം കുറഞ്ഞു വരികയാണ്. 1980-1985 -ൽ 3.950 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം 2000-2005 ആയപ്പോഴേക്കും 3.057 ശതമാനമായി കുറഞ്ഞു. 2021-2026 -ൽ അത് വീണ്ടും 1.925 ശതമാനമായി കുറഞ്ഞു. ജനസംഖ്യാ നിയന്ത്രണ നടപടികൾ കാര്യക്ഷമമായി നടപ്പാക്കിയതും വികസന നേട്ടങ്ങൾ ആർജിച്ചതും കേരളത്തിന്റെ വിഹിതം കുറയുന്നതിന് കാരണമാകുന്ന സ്ഥിതിയാണുണ്ടാക്കിയത്. അശാസ്ത്രിയ മായി മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് അങ്ങേയറ്റം വിവേചനപരവും പൊതുവായി ചർച്ച ചെയ്യപ്പെടേണ്ടതുമാണ്.

നമുക്കറിയാവുന്നതുപോലെ രണ്ട് പ്രധാന വെല്ലുവിളികളാണ് കേരളം നേരിടുന്നത്. ഒന്നാമതായി, ദേശീയ ശരാശരിയെക്കാൾ കുറഞ്ഞ് നിൽക്കുന്ന മൂലധന നിക്ഷേപം ഉയർത്തിക്കൊണ്ട് എങ്ങനെ വേഗതയേറിയ സാമ്പത്തിക വളർച്ച സൃഷ്ടിക്കാം. രണ്ടാമതായി ഉയർന്ന തോതിലുളള തൊഴിലില്ലായ്മയും (unemployment) യോഗ്യതക്കനു സരിച്ചുളള തൊഴിലിന്റെ ദൗർലഭ്യവും (under employment) എങ്ങനെ പരിഹരിക്കാം എന്നതാണ്. ഇതിൽ KIIFB –യിലൂടെ നടത്തുന്ന നിക്ഷേപങ്ങളിലൂടെ ആദ്യത്തെ വെല്ലുവിളി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തൊഴിലില്ലായ്മയും യോഗ്യതക്കനുസരിച്ചുളള തൊഴിലിന്റെ ദൗർലഭ്യവും പരിഹരിക്കുന്നതിന് ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തി വിവരസാങ്കേതിക മേഖലയുമായി ബന്ധിപ്പിക്കുന്നതിനുതകുന്ന തരത്തിലുളള മികവിന്റെ കേന്ദ്രങ്ങൾ സൃഷ്ടിച്ച് അതിലൂടെ സ്വയം തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനോ വീടുകളിലിരുന്ന് തന്നെ ജോലി ചെയ്തു കുടുംബത്തിന്റെ വരുമാനവും സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയും വർദ്ധിപ്പിക്കുന്ന തിനോ ഉളള പദ്ധതികളാണ് എന്റെ മുൻഗാമി 2021 ജനുവരിയിലെ ബജറ്റിലൂടെ പ്രഖ്യാപിച്ചത്.

വാർഷിക ബജറ്റിലേക്ക് തിരിച്ച് വന്നാൽ എന്റെ മുൻഗാമി 2021-22 ലേക്ക് തയ്യാറാക്കിയ ബജറ്റ് നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഈ സർക്കാർ പ്രതിഞാബദ്ധമാണെന്ന കാര്യം നേരത്തെ സൂചിപ്പിച്ചല്ലോ. എന്നാൽ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ ബജറ്റ് തയ്യാറാക്കുമ്പോൾ മുൻകൂട്ടി കാണാൻ കഴിയാത്ത ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക രംഗങ്ങളിലെ വെല്ലുവിളികളെ നേരിടേണ്ടതുണ്ട്.

മഹാമാരിയുടെ തുടക്ക കാലത്ത് ലോക്ക് ഡൗൺ അ‌‌ടക്കമുളള നയങ്ങളുടെ പ്രത്യാഘാതം നേരിടുന്നവരെ, വിശേഷിച്ചും തൊഴിലാളികളെ, സഹായിക്കാൻ 20,000 കോടി രൂപയുടെ ഒരു കോവിഡ് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് തന്നെ ആദ്യമായി കേരളമാണ് ഇത് ചെയ്തത്. ഈ പാക്കേജിൽ ലക്ഷ്യമിട്ടതിന്റെ ഇരട്ടിയിൽ അധികം തുക ചെലവഴിക്കാൻ കഴിഞ്ഞത് സംതൃപ്തി ഉളവാക്കുന്നു.
രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്ന് വരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിക്കുകയാണ്. ഈ പാക്കേജിലൂടെ ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി
2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകൾ, പലിശ സബ്സിഡി എന്നിവയ്ക്കായി 8300 കോടി രൂപയും ലഭ്യമാക്കും.

II ആരോഗ്യ അടിയന്തരാവസ്ഥ

നേരത്തെ ബജറ്റ് അവതരിപ്പിക്കുന്ന സന്ദർഭത്തിൽ കോവിഡ്-19 മഹാമാരി നിയന്ത്രണ വിധേയമായി എന്ന തോന്നലുണ്ടായിരുന്നു. കേരളത്തിൽ പ്രതിദിന കേസുകളുടെ എണ്ണം ​ഏതാണ്ട് 3110 ആയും പ്രതിദിന മരണം ഏതാണ്ട്
19 ആയും കുറഞ്ഞിരുന്നു. സാമ്പത്തിക ഉത്പാദനവും, തൊഴിലവസര സൃഷ്ടിയും, നികുതിവരുമാനവും തകർച്ചയിൽ നിന്നും കരകയറുമെന്നും വളർച്ചയുടെ പാതയിലേക്ക് മടങ്ങുമെന്നും പ്രതീക്ഷിച്ചിരുന്നു. മഹാമാരിയുമായി ബന്ധപ്പെട്ട ചിലവിനങ്ങളിൽ കുറവുണ്ടാകുമെന്നും ന്യായമായും പ്രതീക്ഷിച്ചിരുന്നു.

എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന നിലയിലാണ് കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടായത്. രോഗ പകർച്ചയുടെ ഗതിവേഗം നാം നടത്തിയ എല്ലാ തയ്യാറെടുപ്പുകളെയും മറികടക്കുന്ന സ്ഥിതിയുണ്ടാക്കി. രോഗികളുടെ എണ്ണത്തിലെ വർദ്ധനവ് നാം വിപുലപ്പെടുത്തിയ ചികിത്സാ സൗകര്യങ്ങളെ സമ്മർദ്ദ ത്തിലാക്കി. പകർച്ചവ്യാധി കൂടുതലുളള വൈറസ് വകഭേദ ങ്ങൾ രോഗവ്യാപനം വർദ്ധിപ്പിച്ചു. ആരോഗ്യപ്രവർത്തകരും മറ്റു പ്രതിരോധ സംവിധാനങ്ങളും വലിയ വെല്ലുവിളി നേരിട്ടു. ലോക്ഡൗണിലേക്കും ട്രിപ്പിൾ ലോക്ഡൗണിലേക്കും പോകാൻ സർക്കാർ നിർബന്ധിതമായി. ഒരു ഘട്ടത്തിൽ പ്രതിദിന രോഗികളുടെ എണ്ണം 43,000 കവിഞ്ഞു. പ്രതിദിന മരണസംഖ്യ 213 ആയും ഉയർന്നു. കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന്റേയും പിന്തുണാ സംവിധാനങ്ങളുടേയും പരമാവധി ശേഷി ഉപയോഗിച്ചുകൊണ്ടാണ് ഈ ഘട്ടത്തിൽ നാം പിടിച്ച് നിന്നത്.

കോവിഡ്-19 മഹാമാരിയെ ചെറുക്കാൻ ആദ്യഘട്ടം മുതൽ കേരളം നടത്തിയ പ്രവ‍ർത്തനം അഭിമാനകരമാണ്. രണ്ടാം തരംഗത്തിന്റെ സമ്മർദ്ദത്തിനിടയിലും കേരളത്തിന്റെ മുൻകരുതലും ദുരന്ത പ്രതികരണശേഷിയും പ്രശംസിക്ക പ്പെടുകയുണ്ടായി. എന്ന് മാത്രമല്ല, നമുക്ക് മറ്റ് സംസ്ഥാനങ്ങളെ സഹായിക്കാനും കഴിഞ്ഞു. പക്ഷേ രണ്ടാം തരംഗത്തിന്റെ വേഗതയും തീവ്രതയും ഒപ്പം മൂന്നാം തരംഗത്തിന്റെ സാധ്യതയും സൂചിപ്പിക്കുന്നത് യുദ്ധം അവസാനിച്ചിട്ടില്ല എന്നാണ്. കടുത്ത വെല്ലുവിളിയെ തന്നെയാണ് ഇനിയും നേരിടാനുളളത്.

കോവിഡ് കാരണം സംസ്ഥാന സർക്കാരുകൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലായ അവസരത്തിലാണ് ഇരുട്ടടിയായി കേന്ദ്ര സർക്കാരിന്റെ കോവിഡ് വാക്സിൻ പോളിസി പ്രഖ്യാപിക്കപ്പെട്ടത്. അശാസ്ത്രീയമായ വാക്സിൻ വിതരണവും കയറ്റുമതിയും കാരണം കോവിഡ് പടർന്ന് പിടിക്കുമ്പോഴും കോർപ്പറേറ്റ് കൊള്ളയ്ക്ക് അവസരം നൽകുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.
എന്തു വില കൊടുത്തും രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതത്തെ മിതപ്പെടുത്തണം. എല്ലാ ശക്തിയും സാധ്യതകളും ഉപയോഗിച്ച്കൊണ്ട് മൂന്നാം തരംഗത്തിന്റെ വരവ് ഒഴിവാക്കണം. മൂന്നാം തരംഗം ദുർബല മായിട്ടാണെങ്കിലും ഉണ്ടാകുന്ന സാഹചര്യം സംജാത മായാൽ അതിനെ നേരിടാൻ ആരോഗ്യ സംവിധാന ത്തേയും സർവ്വ പിന്തുണാ സംവിധാനങ്ങളേയും സജ്ജമാക്കി നിർത്തണം. ഇത് മാത്രമാണ് ജനങ്ങളുടെ ജീവനും ആരോഗ്യവും രക്ഷിക്കാനുളള വഴി. ഇത് മാത്രമാണ് സാമ്പത്തിക വീണ്ടെടുപ്പിനുളള മാർഗവും. ഈ സാഹചര്യമാണ് പുതുക്കിയ ബജറ്റ് അവതരിപ്പിക്കാൻ സർക്കാരിനെ നിർബന്ധിച്ച പ്രധാന കാരണം. ഇതിനായി ആറ് ഇനങ്ങൾ അടങ്ങുന്ന ഒരു പരിപാടിക്ക് തുടക്കം കുറിക്കുവാൻ ഉദ്ദേശിക്കുന്നു.

എല്ലാ സിഎച്ച്സി, താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും പകർച്ചവ്യാധികൾക്കായി 10 ബെഡ്ഡുകൾ വീതമുളള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു. ഒരു കേന്ദ്രത്തിന് ഏകദേശം മൂന്ന് കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 636.5 കോടി രൂപ ഇതിനാവശ്യം വരും. ഇതിനായി എംൽഎ മാരുടെ വികസന ഫണ്ടിൽനിന്ന് പണം കണ്ടെത്തുവാൻ ശ്രമിക്കുന്നതാണ്.

ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും പുനരുപയോഗിക്കപ്പെടുന്ന മറ്റ് ഉപകരണങ്ങളും സജ്ജമാക്കേണ്ടുന്ന പരമപ്രധാനമായ ചുമതല ഓരോ ആശുപത്രിയിലേയും കേന്ദ്ര അണുവിമുക്ത വിതരണ വകുപ്പിനാണ് (CSSD). ആശുപത്രികളിലെ നോസോകോമിയൽ അണുബാധ കുറയ്ക്കുന്നതിനും ആശുപത്രികളിൽ അണുബാധ നിയന്ത്രിക്കുന്നതിനും ഈ വകുപ്പിന് നിർണായകമായ പങ്കാണുള്ളത്. എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും നിലവിലുള്ള ഓട്ടോക്ലേവ് റൂം സി‌.എസ്‌.എസ്​.ഡിയാക്കി (CSSD) മാറ്റാൻ ഉദ്ദേശിക്കുന്നു.

ഈ വർഷം 25 സി‌.എസ്‌.എസ്​.ഡികൾ നിർമിക്കുന്നതിന് 18.75 കോടി രൂപ നീക്കിവയ്ക്കുന്നു.
പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിനായി ഓരോ മെഡിക്കൽ കോളേജുകളിലും ഒരു പ്രത്യേക ബ്ലോക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു. വായുവിലൂടെ പകരുന്ന പകർച്ചവ്യാധികളും അതീവ അപകടകാരികളായ പകർച്ചവ്യാധികളും (കോവിഡ് -19, എബോള, നിപ മുതലായവ) കൈകാര്യംചെയ്യുന്നതിന് ഈ സൗകര്യങ്ങൾ ഫലപ്രദമാകും. ഈ വർഷം തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ ബ്ലോക്കുകൾ സ്ഥാപിക്കുന്നതിനായി 50 കോടി രൂപ വകയിരുത്തുന്നു.
കോവിഡ്-19 ന്റെ ഒരു മൂന്നാം തരംഗം ആരോഗ്യ വിദഗ്ധർ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്കുള്ള അടിയന്തിര ചികിത്സക്കുള്ള സൗകര്യം ശക്തിപ്പെടുത്തേണ്ട തുണ്ട്. ആദ്യപടിയായി, പീഡിയാട്രിക് ഐസിയുകളിലെ കിടക്ക ശേഷി വർദ്ധിപ്പിക്കും. സ്ഥല ലഭ്യതയുള്ള ജില്ലാ ആശുപത്രികളിലും തെരഞ്ഞെടുത്ത ജനറൽ ഹോസ്പിറ്റലു കളിലും മെഡിക്കൽ കോളേജുകളിലും പീഡിയാട്രിക് ഐസിയു വാർഡുകൾ നിർമ്മിക്കും. പ്രാരംഭ ഘട്ടമായി
25 കോടി രൂപ വകയിരുത്തുന്നു.

ഗുരുതരമായ കോവിഡ് കേസുകളുടെ ചികിത്സയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ആവശ്യകത ഓക്സിജൻ ലഭ്യതയാണ്. ഇതിനായി കേരളത്തിൽ 150 മെട്രിക് ടൺ ശേഷിയുളള ഒരു ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (LMO) പ്ലാന്റ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു. പ്ലാന്റിനോടൊപ്പം 1000 മെട്രിക് ടൺ കരുതൽ സംഭരണ ശേഷിയുള്ള ടാങ്കും അടിയന്തര ആവശ്യങ്ങൾക്ക് ഓക്സിജൻ എത്തിക്കുവാനായി ടാങ്കർ സൗകര്യവും ഉണ്ടായിരിക്കും. അംഗീകരിക്കപ്പെട്ടതും വിശ്വാസ്യതയും ശേഷിയുമുള്ള നിർമാണ കമ്പനികളുമായി ചേർന്ന് സംയുക്ത സംരംഭമായി പ്ലാന്റുകൾ സ്ഥാപിക്കും. വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനും പദ്ധതിയുടെ പ്രാരംഭ ചെലവുകൾക്കുമായി 25 ലക്ഷം രൂപ വകയിരുത്തുന്നു. സെപ്റ്റംബർ 15-ഓടെ ടെൻഡർ നടപടികളിലേക്ക് കടക്കുവാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

നമ്മുടെ സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ മികവ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അമേരിക്കയിലുള്ള Centre for Disease Control ന്റെ മാതൃകയിൽ ഒരു സ്ഥാപനം കേരളത്തിൽ തുടങ്ങുവാൻ കഴിയുന്നത് മെഡിക്കൽ റിസർച്ചിനും സാംക്രമിക രോഗനിവാരണത്തിനും ഭാവിയിൽ ഒരു മുതൽ കൂട്ടായിരിക്കും. സാംക്രമിക രോഗങ്ങളെ നിയന്ത്രിക്കുന്നതിൽ മൾട്ടി-ഡിസിപ്ലിനറി, ഇന്റഗ്രേറ്റഡ് വൈദഗ്ദ്ധ്യം നൽകുന്നതിനുള്ള ഒരു മികവിന്റെ കേന്ദ്രമായി പ്രവർത്തിക്കുവാൻ സജ്ജമാകുന്ന രീതിയിലായിരിക്കും ഈ സ്ഥാപനം വിഭാവനം ചെയ്യുന്നത്. ഇതുലക്ഷ്യമിട്ടുകൊണ്ട് ഒരു സാധ്യതാപഠനം നടത്തുവാനും വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുവാനും 50 ലക്ഷം രൂപ വകയിരുത്തുന്നു.

സൗജന്യ വാക്സിൻ

ഏറ്റവും വേഗത്തിൽ ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകുക എന്നതാണ് ഈ ഘട്ടത്തിലെ നിർണായക ദൗത്യം. ഇതിനു കേരളം സജ്ജമാണ്. സംസ്ഥാന സർക്കാരിന്റെ ചെലവിലാണെങ്കിൽ പോലും എല്ലാവർക്കും സൗജന്യമായി വാക്സിൻ എത്രയും വേഗം ലഭ്യമാക്കും. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ ചില നയപരമായ തിരുമാനങ്ങൾ ഇപ്പോഴും തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതെല്ലാം ഏതു വിധേനയും പരിഹരിച്ച് വാക്സിൻ ലഭ്യമാക്കും. 18 വയസ്സിന് മുകളിലുളളവർക്ക് വാക്സിൻ നൽകുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറുകയാണ്. പക്ഷേ പൗരന്മാരുടെ ആരോഗ്യം എന്ന പ്രാഥമിക ഉത്തരവാദത്തിൻ നിന്നും സംസ്ഥാന സർക്കാരിന് പിൻമാറാൻ കഴിയില്ല. അതുകൊണ്ട് തന്നെ 18 വയസ്സിന് മുകളിലുളള എല്ലാവർക്കും സൗജന്യ വാക്സിൻ വാങ്ങി നൽകുന്നതിനായി 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 500 കോടി രൂപയും വകയിരുത്തുന്നു. വാക്സിൻ വിതരണത്തിന് കുറ്റമറ്റ സംവിധാനം ആസൂത്രണം ചെയ്യും.

കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട മനുഷ്യ വിഭവ ആസൂത്രണവും നടപടികളും ആരോഗ്യ പ്രവർത്തകരിലേക്ക് മാത്രം ഒതുക്കിയാൽ പോരാ. പോലീസ് സേനയിലെ അംഗങ്ങൾ, തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാർ, പൊതുവിതരണ രംഗത്തെ പ്രവർത്തകർ, ജനപ്രതിനിധി കൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ ആരോഗ്യ രക്ഷ, വിശ്രമം, ക്ഷേമം എന്നിവയും പ്രധാനമാണ്. അതിനുവേണ്ട പ്രത്യേക പരിശ്രമം ഉണ്ടാകും.
ആതുര ശുശ്രൂഷയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളും ഉപകരണങ്ങളും നിർമ്മിക്കുന്നതിന് അനുഗുണമായ ഒരു വ്യവസായ ആവാസ വ്യവസ്ഥ സംസ്ഥാനത്തുണ്ട്. ശാസ്ത്ര-ഗവേഷണ സ്ഥാപനങ്ങളായ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, വി.എസ്.എസ്.സി, ഇലക്​​​ട്രോണിക്​സ്​ റീജിയണൽ ടെസ്റ്റ് ലാബോറട്ടറി, സർവ്വകലാശാലകൾ, മറ്റു ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയവ ഇക്കാര്യത്തിൽ വലിയ പങ്ക് വഹിക്കും. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 10 കോടി രൂപ വകയിരുത്തുന്നു.

വാക്സിൻ ഔഷധകമ്പനികൾ, അവർക്കാവശ്യമായ പൊതു സൗകര്യങ്ങൾ ലഭ്യമാക്കിയാൽ അവരുടെ ഉല്പാദന യൂണിറ്റുകൾ കേരളത്തിൽ ആരംഭിക്കാൻ സാധ്യത യുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുപോലെ ദീർഘകാലാടിസ്ഥാനത്തിൽ വാക്സിൻ നിർമ്മാണ മേഖലയിലേക്ക് കടക്കുന്നതിനായി വാക്സിൻ ഗവേഷണം കേരളത്തിൽ ആരംഭിക്കേണ്ടതുമുണ്ട്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് (KSCSTE) കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി യിൽ (IAV) വാക്സിൻ ഗവേഷണം ആരംഭിക്കുന്നതാണ്. അതോടൊപ്പം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി മുൻകൈയ്യെടുത്ത് ലൈഫ് സയൻസ് പാർക്കിൽ വാക്സിൻ ഉല്പാദക കമ്പനികളുമായി ആശയവിനിമയം നടത്തി അവരുടെ യൂണിറ്റുകൾ സ്ഥാപിക്കാനുള്ള സാധ്യത ആരായാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 10 കോടി രൂപ വകയിരുത്തുന്നു.

III സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി

പ്രാഥമിക സഹകരണ സംഘങ്ങളെയും വണിജ്യ ബാങ്കുകളെയും ഉപ‌യോഗപ്പെടുത്തികൊണ്ട് വിപുലമായ സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി ആവിഷ്കരിക്കും. പലിശയുടെ ഒരു ഭാഗം സംസ്ഥാന സർക്കാർ വഹിക്കും. നബാർഡിന്റെ പുനർവായ്പാ സ്കീമിന്റെ സാദ്ധ്യത പൂർണ്ണമായി ഉപയോഗപ്പെടുത്തുന്നതാണ്. കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പ്രഖ്യാപിച്ചിട്ടുള്ള വായ്പാ പാക്കേജുകളുടെ സാദ്ധ്യതയും പരമാവധി ഉപ‌യോഗപ്പെടുത്തും. ഇതിന് മൂന്ന് ഘടകങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
Cooperatives’ Initiative for Agriculture Infrastructure in Kerala (CAIK) - കാർഷിക മേഖലയുടെ വികസന പ്രക്രിയയിലെ ഒരു പ്രധാന തടസ്സം മൂലധന രൂപീകരണത്തിന്റെ അഭാവമാണ്. മെച്ചപ്പെട്ട നിക്ഷേപ വായ്പാ സംവിധാനം ഒരുക്കിയാൽ സ്വകാര്യ മൂലധന രൂപീകരണം വർദ്ധിപ്പിച്ച് പ്രാദേശിക വിപണികൾ, ഗോഡൗണുകൾ, കോൾഡ് ചെയിൻ സൗകര്യങ്ങൾ എന്നി‌വ‌യും പൈനാപ്പിൾ, വാഴപ്പഴം, മാമ്പഴം മുതലായ പഴവർഗ്ഗങ്ങളുടെ സംസ്കരണ കേന്ദ്രങ്ങളും സൃഷ്ടിക്കുന്നതിന് കഴിയും. ഇതിലൂടെ പഴം പച്ചക്കറി മാർക്കറ്റുകൾ, ആധുനിക മത്സ്യ വിപണന സൗകര്യങ്ങൾ, ശുചിത്വമുള്ള ഇറച്ചി വില്പന സൗകര്യങ്ങൾ, കാർഷിക ഉൽ‌പന്നങ്ങളായ പച്ചക്കറികൾ, പാൽ, മാംസം, മത്സ്യം എന്നിവയുടെ സംസ്കരണ കേന്ദ്രങ്ങൾ, മാർക്കറ്റിങ് തുടങ്ങിയ മേഖലകളിൽ ഇടപെടാൻ കഴിയും. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് (PACS) നാല് ശതമാനം പലിശ നിരക്കിൽ നബാർഡിൽ നിന്നുള്ള പശ്ചാത്തല സൗകര്യ പുനർ വായ്പ കേരള ബാങ്ക് മുഖേന ലഭ്യമാക്കും. 2021- 22 സാമ്പത്തിക വർഷത്തിൽ 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കുന്നതാണ് ഉദ്ദേശ്യം.

തൊഴിൽ സംരംഭങ്ങൾക്കുള്ള വായ്പാപദ്ധതി - കാർഷിക-വ്യാവസായിക-സേവന മേഖലകളിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിൽ പ്രവർത്തനക്ഷമമല്ലാത്ത സംരംഭങ്ങൾ പുനരുജ്ജീവി പ്പിക്കുന്നതിനും വാണിജ്യ ആവശ്യങ്ങൾക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കും. 2021-22 ൽ
1600 കോടി രൂപയുടെ വായ്പ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമി‌ടുന്നത്.
കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് വായ്പ - 2021-22 സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയത് 1000 കോടി രൂപയുടെ ബാങ്ക് വായ്പ കുടുംബശ്രീ വഴി അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നു.
5 ലക്ഷം രൂപ വരെയുള്ള വായ്പ‌യെല്ലാം 4 ശതമാനം പലിശ നിരക്കിൽ ലഭ്യമാക്കും. മേൽ പറഞ്ഞ വായ്പാ പദ്ധതികളുടെ പലിശ ഇളവ് വഹിക്കുന്നതിനായി 100 കോടി രൂപ വകയിരുത്തുന്നു.

IV തീരദേശത്തെ ദുരിതാവസ്ഥ

കോവിഡ് രണ്ടാം തരംഗത്തിന്റെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോഴാണ് ടൗട്ടെ, യാസ് ചുഴലിക്കാറ്റുകളുടെ വരവിനെ കുറിച്ചുളള വാർത്ത കേരളത്തെ ഞെട്ടിച്ചത്. കേരളം ഈ ചുഴലിക്കാറ്റുകളുടെ പാതയിലായിരുന്നില്ലെങ്കിലും അതിനെ തുടർന്നുണ്ടായ കനത്ത മഴ കേരളത്തിലുടനീളം വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി. കേരള തീരത്തുണ്ടായ കടലേറ്റവും കടലാക്രമണങ്ങളും തീരദേശ ജനങ്ങളുടെ ജീവിതത്തെ വലിയ ദുരിതത്തിലാക്കി. ഈ സാഹചര്യത്തിൽ കടലാക്രമണത്തിനും മറ്റ് പ്രകൃതി പ്രതിഭാസങ്ങൾക്കും എതിരായി ഇതുവരെ നാം സ്വീകരിച്ചിരുന്ന പരമ്പരാഗത പരിഹാര മാർഗ്ഗങ്ങളുമായി മുന്നോട്ട് പോകാനാവില്ല. ഈ പ്രകൃതി പ്രതിഭാസങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കിക്കൊണ്ട് ദീർഘകാല പരിഹാര പദ്ധതി ആവിഷ്കരിക്കേണ്ടതായിട്ടുണ്ട്. അടിയന്തിര പ്രധാന്യമുളള ആശ്വാസ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ പൂർത്തിയാക്കും. ഈ പാക്കേജിൽ രണ്ട് ഘടകങ്ങൾ അടങ്ങിയിരിക്കും. തീരദേശ സംരക്ഷണം, തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം എന്നിവയാണവ.
തീരദേശ സംരക്ഷണം കേരളത്തിന്റെ തീരത്തുള്ള ദുർബല പ്രദേശങ്ങളിൽ ഭൂരിഭാഗവും ഇതിനകം വ്യത്യസ്തമായ അളവുകളിൽ കടൽഭിത്തികൾകൊണ്ടോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പലയിടങ്ങളിലും അവ കേടായ അല്ലെങ്കിൽ ദുർബലമായ അവസ്ഥയിലാണ്. ഇവ പുനർ നിർമ്മിക്കേണ്ടതുണ്ട്. 40 മുതൽ 75 കിലോമീറ്റർ വരെ തീരത്തുള്ള ഏറ്റവും ദുർബലമായ മിക്ക പ്രദേശങ്ങളും ടെട്രപോഡുകളും ഡയഫ്രം മതിലുകളും സംയോജിപ്പിച്ച് സംരക്ഷണത്തിനായി ഏറ്റെടുക്കും. ഏറ്റവും ദുർബലമായ പ്രദേശങ്ങൾ ആദ്യം അടിയന്തരമായി സംരക്ഷിക്ക പ്പെടുമ്പോൾ, തീരപ്രദേശത്തിന്റെ ഘടനക്ക് ഏറ്റവും അനുയോജ്യമായ സാങ്കേതിക മാർഗങ്ങൾ കണ്ടെത്തുന്ന തിന് ബാത്തിമെട്രിക്, ഹൈഡ്രോഗ്രാഫിക്ക് പഠനങ്ങൾ നടത്തും.

കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KERI), കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KFRI), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT), ഐഐടി ചെന്നൈ, ഐ.ഐ.ടി പാലക്കാട്, എഞ്ചിനീയറിംഗ് കോളേജുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ വൈദഗ്ദ്ധ്യം തീരദേശ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ തന്ത്രം ആവിഷ്കരിക്കുന്നതിനുപയോഗിക്കും.

ആൻറി സ്കവർ ലെയറുള്ള ഇരട്ട ലേയേർഡ് ടെട്രപോഡുകൾ, കണ്ടൽക്കാടുകൾ (ടെട്രപോടുകളിൽ), ആന്റി-സ്കവർ ലെയറുള്ള ഡയഫ്രം മതിലുകൾ, റോളിംഗ് ബാരിയർ സിസ്റ്റം, ജിയോ-കണ്ടെയ്‌നറുകൾ, ജിയോ-ട്യൂബുകൾ എന്നിവ പോലുള്ള പുതിയ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ഉചിതമായ സംയോജനമായാണ് തീരദേശ പരിരക്ഷണ നടപടികൾ രൂപകൽപ്പന ചെയ്യുന്നത്. ഡിസൈൻ അന്തിമമാകുന്നതിന് മുമ്പ് പ്രാദേശിക പങ്കാളിത്തത്തോടെ വിപുലമായ സ്റ്റേക്ക്‌ഹോൾഡർ കൺസൾട്ടേഷനുകൾ നടത്തും. ഇതിനായി പ്രാദേശിക സർക്കാരുകളുടേയും, ഫിഷറീസ് വകുപ്പുിന്റെയും സഹായ ത്തോടെ തീരദേശത്തു പ്രവർത്തിക്കുന്ന സാമൂഹിക സംഘടനകളുടെ അഭിപ്രായങ്ങൾ ആരായും. അഞ്ചുവർഷംകൊണ്ട് പൂർത്തീകരിക്കാൻ കഴിയുന്ന പദ്ധതിക്ക് ഏകദേശം 5300 കോടി രൂപയോളം ചെലവ് വരും. നിലവിൽ, ഏകദേശം 50 കിലോമീറ്ററോളം തീരസംരക്ഷണ പ്രവർത്തനങ്ങൾ കിഫ്ബിയിൽനിന്നുള്ള ധനസഹായത്തോടെ പുരോഗമിക്കുന്നു. ലോക ബാങ്ക്, നബാർഡ്, കിഫ്‌ബി തുടങ്ങി വിവിധ സ്രോതസ്സുകളിലൂടെ ഈ പദ്ധതിക്കു ധനസഹായം ലഭ്യമാക്കും. ഏറ്റവും ദുർബലമായ പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ആദ്യ ഘട്ടത്തിന് 1500 കോടി രൂപ വിഹിതം കിഫ്‌ബി നൽകും. 2021 ജൂലൈ മാസം ഈ പ്രവൃത്തി ടെൻഡർ ചെയുവാൻ കഴിയും. അതുവഴി അടുത്ത കാലവർഷത്തിനു മുമ്പായി പ്രദേശവാസികൾക്കു ഈ പദ്ധതിയുടെ ഗുണഫലങ്ങൾ ലഭ്യമാകും. നാലുവർഷം കൊണ്ട് ഈ പരിപാടി പൂർത്തിയാക്കും.

തീരദേശപാതയോരത്തുള്ള വഴിയോര സൗകര്യകേന്ദ്രങ്ങൾ:
കോസ്റ്റൽ ഹൈവേ പദ്ധതിക്കായി മൊത്തം 6500 കോടി രൂപ ഇതിനകം കിഫ്ബിയിൽ നിന്ന് അനുവദിച്ചു കഴിഞ്ഞു. രണ്ട് ചെറിയ റീച്ചുകളിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മൊത്തം 645.19 കിലോമീറ്റർ ദൈർഘ്യത്തിൽ 54.71 കിലോമീറ്റർ ദൈർഘ്യമുളള പദ്ധതികൾക്കാണ് കിഫ്‌ബി അംഗീകാരം നൽകിയിരി ക്കുന്നത്. ഡ്രോൺ സർവേ മിക്ക ഭാഗങ്ങളിലും പൂർത്തിയായിക്കഴിഞ്ഞു. ഈ പ്രോജക്റ്റ് മുൻ‌ഗണനാ ടിസ്ഥാനത്തിൽ പൂർത്തിയാക്കും. ഇതിനോടൊപ്പം തീരദേശ ഹൈവേയിൽ 25-30 കിലോമീറ്റർ ഇടവേളകളിൽ പരിസ്ഥിതി സൗഹൃദ സൗകര്യകേന്ദ്രങ്ങളും (Wayside amenities) സ്ഥാപിക്കും. ആവശ്യമായ ഭൂമി വാങ്ങുന്നതിന് കിഫ്‌ബി അതിന്റെ ലാൻഡ് അക്വിസിഷൻ പൂളിൽനിന്ന് ധനസഹായം ലഭ്യമാക്കും. ബിൽഡ് - ഓപ്പറേറ്റ് - ട്രാൻസ്ഫർ രീതിയിൽ പ്രവർത്തിപ്പിക്കുന്നതിന് സുതാര്യമായ ബിഡിങ്ങിലൂടെ നിക്ഷേപകരെ തിരഞ്ഞെടുക്കും. കിഫ്‌ബി വഴി 240 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും. ഈ സൗകര്യകേന്ദ്രങ്ങൾ പണിയുവാൻ ഉപയോഗിക്കുന്ന രീതി തികച്ചും പരിസ്ഥിതി സൗഹൃദമായിരിക്കുമെന്ന് ഉറപ്പുവരുത്തും. ഇതുവഴി 1500 കോടി രൂപയിൽ അധികം നിക്ഷേപം സംസ്ഥാനത്ത് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്താരംഭിച്ച തീരദേശ സ്കൂളുകളുടെയും തീരദേശ മത്സ്യ വിപണികളുടെയും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു. ഈ പദ്ധതികൾ ഉൾപ്പെടെ ഏതാണ്ട് 11,000 കോടി രൂപയുടെ വികസന പദ്ധതികൾ തീരദേശ മേഖലയിൽ വരുന്ന നാലു വർഷം കൊണ്ട് നടപ്പിലാക്കുവാൻ കഴിയും എന്ന് കരുതുന്നു. തീരദേശ സംരക്ഷണ പദ്ധതി, തീരദേശ ഹൈവേ പദ്ധതി, വേ-സൈഡ് സൗകര്യ പദ്ധതി എന്നിവ അടങ്ങുന്ന ഈ വികസന പാക്കേജ് തീരദേശ മേഖലയ്ക്ക് വലിയ സാമ്പത്തിക ഉത്തേജനം നൽകും.

Vവികസന ക്ഷേമ മേഖലകൾ, കൃഷി‌യും അനുബന്ധ മേഖലകളും

കോവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിമൂലം തൊഴിൽ നഷ്ടപ്പെട്ടവരെയും ചെറുപ്പക്കാരെയും കാർഷിക വൃത്തിയിലേക്ക് ആകർഷിക്കുന്നതിനും കർഷകരുടെ ഉല്പന്നങ്ങൾക്ക് ന്യായ വില ഉറപ്പുവരുത്തുതിനും വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാർഷിക വികസന കർഷകക്ഷേമ വകുപ്പിനെ നവീകരിക്കുന്നതിന്റെ ഭാഗമായി കൃഷി ഭവനുകളെ സ്മാർട്ടാക്കേണ്ടതുണ്ട്. ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിന് അനുസൃതമായ കൃഷി, കൃഷി പരിപാലനം, വിളവെടുപ്പ്, വെയർ ഹൗസുകളുടെ ഉപയോഗം, കോൾഡ് സ്റ്റോറേജുകളുടെ ശൃംഖല, മാർക്കറ്റിംഗ് എന്നിവ വരെയുള്ള വിവിധ ഘട്ടങ്ങളുടെ ഏകോപനം, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കർഷകർക്ക് പ്രയോജനപ്രദമാം വിധം ആധുനികവൽക്കരിക്കും. പ്രാഥമിക ചെലവുകൾക്കായി 10 കോടി രൂപ അനുവദിക്കുന്നു.

കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ ദൗർലഭ്യത്തെ നേരിടാനും വരുമാന വർദ്ധനവിനുമായി ഒന്നാം പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതി വലിയ തോതിൽ ഉല്പാദന വർദ്ധനവ് സൃഷ്ടിക്കുകയുണ്ടായി. ഓരോരുത്തരും കർഷകരാകുക എന്ന ആശയം ഏറ്റെടുക്കുകയും തരിശു ഭൂമിയാകെ കൃഷിയിറക്കാൻ ശ്രമം നടത്തുകയും ചെയ്തു. ഈ ശ്രമത്തിന്റെ ഭാഗമായി ഉല്പാദനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായി. എന്നാൽ സമൃദ്ധമായി വിളഞ്ഞ കാർഷിക ഉല്പന്നങ്ങൾ വാങ്ങാനും വിപണനം ചെയ്യാനും ന്യായവില ഉറപ്പാക്കാനും പലയിടത്തും കഴിഞ്ഞില്ല. ഉല്പന്ന ശേഖരണത്തിലെ പോരായ്മകൾ, കേടു കൂടാതെ സൂക്ഷിക്കാവുന്ന ഗോഡൗണുകളുടെ കുറവ്, മാർക്കറ്റിംഗ് ശൃംഖലയുടെ പോരായ്മകൾ തുടങ്ങിയവ കർഷകരെ ദുരിതത്തിലാക്കി. പച്ചക്കറിക്ക് താങ്ങുവില ഏർപ്പെടുത്തിയ നടപടി കുറെയേറേ സഹായിച്ചുവെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ ഈ കുറവ് തുടർ കൃഷിയെ ബാധിക്കും.

കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സേവന ശൃംഖല ആരംഭിക്കും. ഇതിനായി സംസ്ഥാനത്തെ 2 ജില്ലകളിൽ ഈ വർഷം തന്നെ പൈലറ്റ് പദ്ധതി ആരംഭിക്കും. കാർഷിക ഉല്പാദക കമ്പനികളേയും സഹകരണ സംഘങ്ങളേയും, കർഷക ചന്തകളേയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തും. ഇതിനായി 10 കോടി രൂപ അനുവദിക്കുന്നതാണ്.
പെട്ടന്ന് കേടുവരുന്ന വിളകളായ മരിച്ചീനി, മറ്റ് കിഴങ്ങ് വർഗ്ഗങ്ങൾ, കശുമാങ്ങ, മാങ്ങ, ചക്ക, വിവിധ ഇനം വാഴപ്പഴങ്ങൾ, മറ്റ് പഴവർഗങ്ങൾ, സുഗന്ധവ്യജ്ഞനങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് വിവിധ മൂല്യവർദ്ധിത ഉല്പ്പന്നങ്ങൾ ഉണ്ടാക്കും. വ്യവസായ ആവശ്യത്തിന് ഉതകുന്ന ഉല്പപന്നങ്ങൾ പ്രത്സാഹിപ്പിക്കും.

കേരള ബാങ്കിന്റെ ഉദ്ഭവം കാർഷിക വായ്പകൾ ഗണ്യമായി വർദ്ധിപ്പിക്കുന്നതിന് സൗകര്യമൊരുക്കുന്നുണ്ട്. താഴ്ന്ന പലിശയ്ക്ക് കാർഷിക വായ്പ ലഭ്യമാക്കും.
കർഷകരുടേയും കിഫ്ബിയുടേയും പങ്കാളിത്തത്തോടെ സംയുക്ത സംരംഭമായി 5 അഗ്രോപാർക്കുകൾ സ്ഥാപിക്കുന്നതാണ്.
സംസ്ഥാനം പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ പാതയിലാണ്. എന്നാൽ, കോവിഡ് കാലഘട്ടത്തിൽ ക്ഷീരകർഷകർക്ക് അവർ ഉല്പ്പാദിപ്പിക്കുന്ന പാലിന് ആവശ്യമായ വിപണി കണ്ടെത്താൻ കഴിയാത്ത അവസ്ഥയുണ്ടായി. സർക്കാർ മുൻകൈ എടുത്ത് പാൽപ്പൊടി ഫാക്ടറി നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതിനായി പാൽ ഉപയോഗിച്ചുളള മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ ഫാക്ടറി ആരംഭിക്കും. ഇതിനായി 10 കോടി രൂപ അനുവദിക്കുന്നു.

തോട്ടം മേഖല

കേരളത്തിൽ തോട്ടവിള 7.12 ലക്ഷം ഹെക്ടർ പ്രദേശത്ത് കൃഷി ചെയ്യുന്നുണ്ട്. ഇത് മൊത്തം കാർഷിക വിസ്തൃതിയുടെ 27.5 ശതമാനമാണ്.
തോട്ട വിളകളുടെ കൃഷി അനാകർഷകമായി മാറിക്കൊണ്ടിരിക്കുകയാണ്. വൻകിട പ്ലാന്റേഷനുകളിൽ പണിയെടുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ വരുമാനവും ജീവിത നിലവാരവും താഴേക്ക് വന്നിരിക്കുന്നു. പ്ലാന്റേഷൻ മേഖലയുടെ വികസനവും ഭരണപരമായ കാര്യങ്ങളും ശ്രദ്ധിക്കുന്നതിന് പ്രത്യേക പരിഗണന ആവശ്യമാണ്. അതിനായി പ്ലാന്റേഷൻസ് ഡയറക്ടറേറ്റ് ശക്തിപ്പെടുത്താൻ ഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി 2 കോടി രൂപ അനുവദിക്കുന്നു.

കേരളത്തിൽ മിക്കവാറും തോട്ടവിള ഇനങ്ങളുടെ കൃഷി ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ആരംഭിച്ചതാണ്. വാണിജ്യ വിളകളിലെ മിക്ക ഇനങ്ങളും വിദേശത്തു നിന്നും കൊണ്ട് വന്നതുമാണ്. കേരളത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും യോജിക്കുന്ന ഈ ഇനങ്ങൾ നമ്മുടെ സമ്പദ്ഘടനക്ക് വലിയ വളർച്ച നേടിത്തന്നിരുന്നു. പ്ലാന്റർമാർ എന്ന പേരുതന്നെ സമ്പന്ന കൃഷിക്കാരുടെ പര്യായമായി മാറി. എന്നാൽ മൻമോഹൻ സിംഗ് നേതൃത്വം നൽകിയ ‌യു.പി.എ സർക്കാർ കർഷകരുടെ ശക്തമായ പ്രതിഷേധങ്ങളെ അവഗണിച്ച്​ ആസിയാൻ കരാർ നടപ്പിലാക്കിയതോടു കൂടി തുടങ്ങിയ തകർച്ച മേഖലയിലെ വലുതും ചെറുതുമായ കൃഷിക്കാരുടെ സാമ്പത്തിക സ്ഥിതി തകർത്തു. ആസിയാൻ കരാർ നടപ്പിലാക്കിയതോട് കൂടി ആഭ്യന്തര കാർഷിക ഉല്പ്പന്നങ്ങളുടെ വില ഇടിയുകയും രാജ്യത്ത് കർഷക ആത്മഹത്യകൾ പെരുകുകയും ചെയ്തു. തുടർന്നു വന്ന എൻ.ഡി.എ സർക്കാർ നടപ്പിലാക്കിയ കർഷക വിരുദ്ധ നയങ്ങൾ ക‍ൃഷിക്കാരുടെ ദുരിതം വർദ്ധിപ്പിച്ചു. ആസിയൻ കരാറുണ്ടാക്കിയ പ്രശ്നങ്ങൾ വീണ്ടും ചർച്ച ചെയ്യുകയും തോട്ടം മേഖലയെ രക്ഷിക്കാൻ ബന്ധപ്പെട്ട സംസ്ഥാനങ്ങൾ ഒത്തു ചേർന്ന് കരാർ പുനപരിശോധിക്കാൻ വേണ്ട സമീപനം സ്വീകരിക്കുകയും വേണം. ഇതിന് കേരളം മുൻകൈയെടുക്കും.

തോട്ടവിളകളുടെ വൈവിദ്ധ്യവല്കരണം ഇന്നത്തെ ആവശ്യമാണ്. പരമ്പരാഗത തോട്ടവിളകൾക്കു പുറമെ പുതിയ വിളകളായ റംബുട്ടാൻ, അവക്കാഡോ, ഡ്രാഗൺ ഫ്രൂട്ട്, മാങ്കോസ്റ്റീൻ, ലോങ്കൻ, പുതിയയിനം ഫലവർഗ്ഗങ്ങൾ തുടങ്ങിയവ കൃഷി ചെയ്യാനും, വിപണനം ചെയ്യാനും ശേഖരിച്ച് സൂക്ഷിക്കാനും, മൂല്യവർദ്ധനവ് ഉറപ്പാക്കാനും കഴിയണം. ഇതിനായി ആവശ്യമായ പഠനവും ചർച്ചയും ചുരുങ്ങിയ സമയം കൊണ്ട് നടത്തി അതിന്റെയടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ മുൻകൈയ്യെടുത്ത് നയം രൂപീകരിച്ച് ആറ് മാസത്തിനകം പദ്ധതി തയ്യാറാക്കും. പ്രാഥമിക പ്രവർത്തനങ്ങൾക്കായി
2 കോടി രൂപ അനുവദിക്കുന്നു. തോട്ടം മേഖലയിലെ റബ്ബർ കർഷകർക്ക് വിതരണം ചെയ്യാൻ ബാക്കി നിൽക്കുന്ന റബ്ബർ സബ്സിഡി കുടിശ്ശിക പൂർണ്ണമായും കൊടുത്തു തീർക്കുന്നതിനായി 50 കോടി രൂപ വകയിരുത്തുന്നു.
നാളെ ലോക പരിസ്ഥിതി ദിനമാണല്ലോ. “Eco System Restoration” എന്ന ഈ വർഷത്തെ മുദ്രാവാക്യം കേരളത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ആഗോള കാലാവസ്ഥാ വ്യതിയാനം കേരളത്തിൽ അതിതീവ്ര മഴക്കും തുടർച്ചയായ വെള്ളപ്പൊക്കത്തിനും കാരണമായിട്ടുണ്ട്. ശക്തമായ മഴ നദികളിലും ഡാമുകളിലും എക്കൽ, ചെളി, മണൽ, മാലിന്യങ്ങൾ എന്നിവ വലിയ അളവിൽ അടിഞ്ഞു കൂടുന്നതിന് ഇടയാക്കുന്നു. ഇത് അണക്കെട്ടുകളുടേയും നദീതടങ്ങളുടേയും ആവാഹനശേഷി കുറയുന്നതിനും നദികളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നതിനും നദികൾ ദിശ മാറി ഒഴുകി ജനവാസകേന്ദ്രങ്ങളിൽ വെള്ളപ്പൊക്കം സൃഷ്ടിക്കുന്നതിനും കാരണമാകുന്നു.

അപകടകരമായ ഘടകങ്ങളടങ്ങിയ മാലിന്യങ്ങൾ ജലാശയങ്ങളി ലെത്തുന്നത് ജലമലിനീകരണത്തിനും ജലജന്യരോഗ ങ്ങൾക്കും മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിനും വഴിതെളിക്കുന്നു. പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ സമുദ്രങ്ങൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിലെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതിനും മത്സ്യസമ്പത്തിന്റെ നാശത്തിനും കാരണമാകുന്നു. ജലാശയങ്ങളിലെ മണലും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുന്നതാണ്.

2018 ലെ വെള്ളപ്പൊക്കത്തിനുശേഷം പ്രസിദ്ധീകരിച്ച പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് (പിഡിഎൻഎ) റിപ്പോർട്ട് ‘നദിക്കുള്ള ഇടം (room for river), ‘വെള്ളത്തിനൊപ്പം ജീവിക്കുക’, ‘പ്രകൃതിക്ക് ഇണങ്ങുന്ന നിർമാണ രീതി’ തുടങ്ങിയ മികച്ച സമ്പ്രദായങ്ങൾ നിർദ്ദേശിച്ചിരുന്നു. വിവിധ ജലാശയങ്ങളുടേയും നദീതട സംവിധാനങ്ങളുടേയും ജലം വഹിക്കുവാനുള്ള ശേഷി മെച്ചപ്പെടുത്തുന്നതിലൂടെയും വർദ്ധിപ്പിക്കുന്നതിലൂടെയും വെള്ളപ്പൊക്ക നിയന്ത്രണം വലിയ ഒരു പരിധി വരെ സാധ്യമാകും. ഇതിനായി ഒരു സമഗ്ര പാക്കേജ് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

ഈ പാക്കേജിൽ ഒന്നിലധികം ഘടകങ്ങൾ ഉൾപ്പെടുന്നു. കനാലുകളുടെ വശങ്ങൾ സംരക്ഷിക്കുക, അവയെ വൃത്തിയാക്കുക, ഡീസിൽറ്റിംഗ് വഴി ആഴംകൂട്ടുക; അണക്കെട്ടുകളിലും ജലസംഭരണികളിലും നദികളിലും അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണ് നീക്കംചെയ്യുക; തീരദേശത്ത് കണ്ടൽക്കാടുകൾ ഉപയോഗിച്ച് സംരക്ഷണ ഭിത്തികൾ നിർമിക്കുക; കരകളുടെയും ബണ്ടുകളുടെയും ഉയർന്ന ഭാഗങ്ങളെ ശക്തിപ്പെടുത്തുകയോ കൂടുതൽ ഉയർത്തുകയോ ചെയ്യുക; നദികളുടെ ആഴം വർദ്ധിപ്പിക്കുക, ബണ്ടുകളും ചിറകളും പുറത്തേക്ക് മാറ്റുക; വെള്ളപ്പൊക്ക സ്ഥലങ്ങളിൽ സ്വതന്ത്രമായി നീരൊഴുക്ക് അനുവദിക്കുന്നതിന് താഴ്ന്ന ബണ്ടുകൾ നീക്കംചെയ്യുക; വെള്ളപ്പൊക്ക സ്ഥലങ്ങൾ അല്ലെങ്കിൽ നദിക്കരയിലുള്ള പരന്ന പ്രദേശങ്ങൾ താഴ്ത്തി ജല ഒഴുക്ക് ഉറപ്പുവരുത്തുക; നദിയും കനാൽ ബെഡ്ഡുകളും ഡ്രഡ്ജ് ചെയ്യുക; തടാകങ്ങൾ, ജലസേചന കനാലുകൾ‌, കായലുകൾ എന്നിവ ബന്ധിപ്പിച്ച് ജലസംഭരണ പ്രദേശങ്ങൾ (water retention areas) സൃഷ്ടിച്ചു വെള്ളം താൽ‌ക്കാലികമായി സംഭരിക്കുന്നതിനുള്ള സംവിധാനം സൃഷ്ടിക്കുക എന്നിവ ഈ ഉദ്യമത്തിന്റെ ഭാഗമായി ഉപയോഗിക്കാവുന്ന ഏതാനും മാർഗങ്ങളാണ്. ജലവിഭവ, പരിസ്ഥിതി, തദ്ദേശ സ്വയംഭരണ വകുപ്പുകൾ ചേർന്നായിരിക്കും ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. 500 കോടി രൂപയെങ്കിലും ചെലവ് വരുന്ന ഈ പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിനായി 50 കോടി രൂപ അനുവദിക്കുന്നു.

മത്സ്യബന്ധന മേഖല

ആഴക്കടൽ മത്സ്യബന്ധനം വിദേശ ട്രോളറുകൾക്കു തുറന്നുകൊടുക്കുകയാണ് നരസിംഹ റാവുവിന്റെ നേതൃത്വത്തിലുളള കോൺഗ്രസ് സർക്കാർ ചെയ്തത്. ഇപ്പോൾ എൻ.ഡി.എ സർക്കാർ ഒരു പടികൂടി മുന്നോട്ടുപോയി തീരക്കടലിനു മേൽ സംസ്ഥാന സർക്കാരുകൾക്കുളള നിയന്ത്രണ അവകാശങ്ങൾകൂടി കവരാനാണ് ശ്രമിക്കുന്നത്. ബ്ലുൂഇക്കോണമി നയരേഖയിൽ തീരക്കടലിലും ആഴക്കടലിലുമുളള ഖനനത്തിന് കോർപ്പറേറ്റുകൾക്ക് അനുവാദം നൽകുകയാണ്. മത്സ്യസമ്പത്തിന്റെ സർവ്വനാശമായിരിക്കും ഇതിന്റെ ഫലം. ഇതിനെല്ലാം കടകവിരുദ്ധമാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ഇതിനകം മത്സ്യത്തിന്റെ ആദ്യ വിൽപ്പനാവകാശം ഉറപ്പുവരുത്തുന്നതിനും മത്സ്യത്തിനു ന്യായവില ലഭ്യമാക്കുന്നതിനും ‘കേരള മത്സ്യലേലം, വിപണനം, ഗുണനിലവാര പരിപാലന നിയമം’ ഓർഡിനൻസായി പുറപ്പെടുവിച്ചിട്ടുണ്ട്. അക്വേറിയം റിഫോംസ് സംബന്ധിച്ച് സമഗ്രമായ പഠനം നടത്തി നിയമം കൊണ്ടുവരും. മത്സ്യ സംസ്കരണത്തിന് മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണത്തിനുള്ള സാദ്ധ്യത കണക്കിലെടുത്ത് പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിന് 5 കോടി രൂപ അനുവദിക്കുന്നു.

ഭക്ഷ്യ പൊതുവിതരണ മേഖല

പൊതു കമ്പോളത്തിലെ വിലനിലവാരം പിടിച്ചുനിർത്തുന്നതിന് 70 പുതിയ വില്പനശാലകൾ സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ചു. 97 വില്പനശാലകളെ അപ്ഗ്രേഡ് ചെയ്തു. സിവിൽ സപ്ലൈസ് കോർപ്പറേഷ നെയും കൺസ്യൂമർഫെഡിനെയും ശക്തിപ്പെടുത്തും. സഹകരണ സംഘങ്ങളുടെ അതിവിപുലമായ ശൃംഖലയെ ഉത്സവകാലത്തെ കമ്പോള ഇടപെടലിന് ഉപയോഗ പ്പെടുത്തും. സഞ്ചരിക്കുന്ന മാവേലിസ്റ്റോറുകളുടെ എണ്ണം വർദ്ധിപ്പിക്കും.

കോവിഡ് മഹാമാരിയുടെ ദുരിതം ലഘൂകരിച്ച് സംസ്ഥാനത്തെ എല്ലാവർക്കും ഭക്ഷ്യ സാധനങ്ങൾ എത്തിക്കുന്നതിൽ ഭക്ഷ്യ പൊതു വിതരണ വകുപ്പ് നിർണ്ണായക പങ്ക് വഹിച്ചു. റേഷൻ വിതരണത്തോടൊപ്പം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 17 അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണത്തിന് സപ്ലൈകോയും റേഷൻ കടകളും സവിശേഷ പ്രധാന്യം നൽകി. കേരളത്തിലെ റേഷൻകട ശൃംഖലയെ നവീകരിക്കുന്നതിന്റെ ഭാഗമായി എൻറ്​.ടു.എൻറ്​ കമ്പ്യൂട്ടറൈസേഷൻ, ഇപോസ് മെഷീനുകൾ, വാതിൽപ്പടി വിതരണം എന്നിവ നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഏത് കാർഡ് ഉടമയ്ക്കും ഏത് റേഷൻകടയിൽ നിന്നും സാധനങ്ങൾ വാങ്ങാം. പരാതി പരിഹാര സംവിധാനവും ആരംഭിച്ചിട്ടുണ്ട്.

തദ്ദേശ സ്വയംഭരണം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങൾ നിസ്തുലമായ സേവനമാണ് കാഴ്ച വച്ചത്. ക്വാറന്റൈൻ കേന്ദ്രങ്ങൾ, CFLTC, CSLTC, DCC തുടങ്ങിയവയിലൂടെ രോഗവ്യാപനം തടയുന്നതിനും രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ, പരിചരണം, മരുന്ന്, ഭക്ഷണം എന്നിവ ഉറപ്പുവരുത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു. വാർഡ് തല കമ്മിറ്റികൾ, ദ്രുതകർമ്മ സേനകൾ, സന്നദ്ധ പ്രവർത്തകർ, യുവജന സംഘടനകൾ എന്നിവയെ ഏകോപിപ്പിച്ച് രോഗപ്രതിരോധം സാദ്ധ്യമാക്കാനും കഴിഞ്ഞു. ലോക്ക് ഡൗൺ കാലയളവിൽ പൊതുജന പങ്കാളിത്തത്തോടെ നടത്തിയ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.
അതിദാരിദ്ര്യ ലഘൂകരണം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഒരു പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ സർവെ നടത്താനും ക്ലേശഘടകങ്ങൾ നിർണ്ണയിക്കാനും അത് ലഘൂകരിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനും ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാകും അതിദാരിദ്ര്യ ലഘൂകരണ പദ്ധതി നടപ്പാക്കുക. ഇതിന് ആവശ്യമായ തുക അനുവദിക്കുന്നതാണ്. പ്രാഥമികമായി 10 കോടി രൂപ വകയിരുത്തുന്നു.

പ്രാദേശിക സർക്കാരുകൾക്കുള്ള ഹെൽത്ത് ഗ്രാൻറ്​

കേരളത്തിൽ നടപ്പിലാക്കിയ അധികാരവികേന്ദ്രീകരണം ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിന് നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന വസ്തുത കോവിഡ് മഹാമാരിയു‌ടെ പശ്ചാത്തലത്തിൽ പൊതുവേ അംഗീകരിക്കപ്പെട്ടതാണ്. ഈ ഇടപെടലിനെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ പ്രശംസിക്കുകയും ഈ മാതൃകയിൽ മറ്റ് സംസ്ഥാനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അഭിപ്രായപ്പെടുകയുണ്ടായി. ഇത് കേരളത്തിന് അഭിമാനകരമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ 2021-22 മുതലുള്ള അഞ്ച് വർഷക്കാലയളവിൽ ഹെൽത്ത് ഗ്രാന്റായി ഇന്ത്യയൊട്ടാകെ 70,051 കോടി രൂപ പതിനഞ്ചാം ധനകാര്യ കമ്മീഷൻ അനുവദിച്ചിട്ടുണ്ട്. അടുത്ത അഞ്ച് വർഷകാലയളവിൽ കേരളത്തിനുള്ള വിഹിതം 2968 കോടി രൂപയാണ്. അതിൽ നടപ്പു സാമ്പത്തിക വർഷം 559 കോടി രൂപ ലഭിക്കും. ഇത് പ്രാദേശിക സർക്കാരുകൾക്ക് ലഭ്യമാക്കും. ഈ തുക കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് വിനിയോഗിക്കുന്നത്. ഹെൽത്ത് ഗ്രാന്റിനോടൊപ്പം സംസ്ഥാന സർക്കാർ വിഹിതവും പ്രാദേശിക സർക്കാർ വിഹിതവും സമന്വയിപ്പിച്ച് ആരോഗ്യ സ്ഥാപനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കും.

കുടുംബശ്രീ

ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക് പുതിയ ജീവനോപാധികൾ കണ്ടെത്താൻ ആവശ്യമായ പരിശീലനം നൽകുന്നതിനും സംരംഭങ്ങൾക്ക് സബ്സിഡി നൽകുന്നതിനും നിലവിലുളള പ്രത്യേക ഉപജീവന പാക്കേജിന്റെ വിഹിതം, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 100 കോടി രൂപയായി വർദ്ധിപ്പിക്കുന്നു.

70,000 ത്തോളം വനിതാ സംഘകൃഷി ഗ്രൂപ്പുകളിലൂടെ തരിശുരഹിത കേരളം സൃഷ്ടിക്കാനും ഭക്ഷ്യ സ്വയംപര്യാപ്ത ഉറപ്പുവരുത്താനും കാർഷികമേഖലയിൽ കുടുംബശ്രീ നൽകുന്ന സംഭാവന ഏറെ പ്രധാനപ്പെട്ടതാണ്. ഈ കർഷകരെ അടുത്തഘട്ടത്തിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിനായി കാർഷിക മൂല്യവർദ്ധിത ഉത്പന്ന യൂണിറ്റുകൾ കുടുംബശ്രീയിലൂടെ ആരംഭിക്കാൻ 10 കോടി രൂപ വകയിരുത്തുന്നു.

കെയർ എക്കോണമിയിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് വയോജന പരിചരണം, ഭിന്നശേഷിക്കാരുടെ പരിചരണം തുടങ്ങിയവയിൽ പരിശീലനം നൽകി ഓരോ ഗ്രാമപഞ്ചായത്തിലും ആളുകളെ ലഭ്യമാക്കും.
കുടുംബങ്ങളിലെ യുവതികളുടെ പ്രാതിനിധ്യം കുടുംബശ്രീയിൽ ഉറപ്പുവരുത്തുന്നതിനായി ഈ വർഷം 10,000 ഓക്സിലറി അയൽക്കൂട്ട യൂണിറ്റുകൾ ആരംഭിക്കും.

വിഷരഹിത ഭക്ഷണം ജനങ്ങളുടെ അവകാശം എന്ന ആശയത്തോടെ വിഷരഹിത നാടൻ പച്ചക്കറി, പഴവർഗ്ഗങ്ങൾ എന്നിവ മാത്രം ഉല്പാദിപ്പിക്കുന്ന, തദ്ദേശിയരായ കർഷകരിൽ നിന്നും അവ സംഭരിച്ച് കുടുംബശ്രീ സ്വയംസഹായ സംഘങ്ങളുടെ സ്റ്റോറുകൾ മുഖേന വിപണനം നടത്തുന്നതാണ്. ഇത് കർഷകരെ നല്ല കൃഷിമുറകൾ നടത്തുവാൻ പ്രേരിപ്പിക്കുകയും അവർക്ക് ഇതിലൂടെ ന്യായമായ വില ഉറപ്പുവരുത്തുവാൻ സാധിക്കുന്നതുമാണ്. കൂടാതെ ഉപഭോക്താക്കൾക്ക് നല്ലനാടൻ പച്ചക്കറികൾ മിതമായ വിലയ്ക്ക് ലഭ്യമാകുകയും ചെയ്യും. പ്രസ്തുത സ്റ്റോറുകൾ ആരംഭിക്കുന്നതിന് ആവശ്യമായ വാഹനങ്ങൾ, സ്റ്റോർ നവീകരണം എന്നിവയ്ക്ക് കേരള ബാങ്ക് വായ്പ അനുവദിക്കുന്നതാണ്. കൃത്യമായ വായ്പാ തിരിച്ചടവിന് 2 മുതൽ 3 ശതമാനം വരെ സബ്സിഡി അനുവദിക്കുന്നതാണ്.

തൊഴിലുറപ്പ് പദ്ധതികൾ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയും അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിലൂടെയും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കും. 2019-20 സാമ്പത്തിക വർഷം 8.02 കോടി തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്. എന്നാൽ കഴിഞ്ഞ വർഷം നടത്തിയ പ്രത്യേക പരിശ്രമങ്ങളുടെ ഫലമായി 2020-21 ൽ 10.23 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. ഈ വർഷത്തേക്ക് 7.5 കോടിയുടെ ലേബർ ബജറ്റിനാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിട്ടുള്ളത്. ഇത് ഒട്ടും പര്യാപ്തമല്ല. 12 കോടി തൊഴിൽ ദിനങ്ങളെങ്കിലും സൃഷ്ടിക്കണം. അതിനായി ലേബർ ബജറ്റ് പരിഷ്കരിച്ച് നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കും.
കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രാത്യേകതകൾമൂലം നീർത്തടാധിഷ്ഠിത ആസൂത്രണം കാർഷിക അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ്. ഇതിനാവശ്യമായ ജലസംഭരണി കളും ജലനിർഗമന ചാലുകളും മണ്ണ് സംരക്ഷണ നിർമ്മിതികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും വേണം. ഇതിനായി തൊഴിലുറപ്പ് പദ്ധതിയെ വിപുലമായ തോതിൽ ഉപയോഗപ്പെടുത്തും.

നഗരപ്രദേശങ്ങളിലെ പാവപ്പെട്ടവർക്ക് തൊഴിൽ നൽകുന്നതിനുളള അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കുന്നതാണ്.

പൊതു വിദ്യാഭ്യാസം

അധ്യാപകരും, സഹപാഠികളും ചേർന്ന ആനന്ദകരമായ സ്കൂൾ അന്തരീക്ഷത്തിൽ നിന്നു വീട്ടിലെ നാലു ചുമരുകൾക്കുള്ളിലേക്ക് ചുരുക്കപ്പെട്ട നമ്മുടെ കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി വിവിധ കർമ്മ പരിപാടികൾ നടപ്പിലാക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നു. പ്രസ്തുത വിഷയത്തെക്കുറിച്ച് വിശദമായ പഠനം നടത്തുന്നതിലേക്കായി വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിക്കും.
കോവിഡ് രോഗവ്യാപനം കുട്ടികൾക്കും രക്ഷകർത്താ ക്കൾക്കും ഭാവിയെ കുറിച്ചുള്ള ഉൽക്കണ്ഠ സൃഷ്ടിക്കുന്ന തോടൊപ്പം വിവിധ മാനസികാരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഈ വിഷയം പരിഹരിക്കുന്നതിനായി ടെലി / ഓൺലൈൻ സംവിധാനങ്ങളിലൂടെ കൗൺസിലിംഗ് നൽകുന്നതിനായി ഒരു സ്ഥിരം സംവിധാനം ആരംഭിക്കുന്നതാണ്.

കൂടാതെ കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്ന തിനും, കലാ- കരകൗശല സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും, തെരഞ്ഞെടുത്ത സൃഷ്ടികൾ വിക്ടേഴ്സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്നതിനും നടപടി സ്വീകരിക്കും. കുട്ടികൾക്ക് ഇതിനാവശ്യമായ പരിശീലനവും വിക്ടേഴ്സ് ചാനൽ മുഖേന നൽകുന്നതായിരിക്കും.

അതോടൊപ്പം കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായികക്ഷമതയും വർദ്ധിപ്പിക്കുന്നതി നായി യോഗ, മറ്റ് വ്യായാമ മുറകൾ എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രത്യേക ഫിസിക്കൽ എജ്യൂക്കേഷൻ സെഷനുകൾ വിക്ടേഴ്സ് ചാനൽ വഴി സംപ്രഷണം ചെയ്യും.
കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസ്സുകളോടൊപ്പം തന്നെ അതാത് വിദ്യാലയങ്ങളിലെ അധ്യാപകർ നയിക്കുന്ന ഓൺലൈൻ ക്ലാസ്സുകൾ കൂടി സംഘടിപ്പിക്കുന്നതാണ്. വെർച്ച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയിൽ ഒരു പൊതു ഓൺലൈൻ അധ്യയന സംവിധാനം സൃഷ്ടിക്കും. ഇതിനായി 10 കോടി രൂപ അനുവദിക്കുന്നു.

വിദ്യാത്ഥികളുടെ ഓൺലൈൻ പഠനത്തിന് അവർക്ക് 2 ലക്ഷം ലാപ്പ്ടോപ്പുകൾ ലഭ്യമാക്കുന്നതിനുള്ള ഒരു സ്കീമിന് കെ.എസ്.എഫ്.ഇ രൂപം നൽകിയിട്ടുണ്ട്. ഇത് സമയബന്ധിതമായി നടപ്പാക്കുന്നതാണ്.

ഉന്നത വിദ്യാഭ്യാസം

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നല്കേണ്ടതുണ്ട്. അതിനായി നിരവധി പദ്ധതികളും നിർദ്ദേശങ്ങളും ജനുവരിയിലെ ബജറ്റ് പ്രഖ്യാപനത്തിൽ വിശദീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ ഇപ്പോൾ നടന്നു വരുന്ന വൈജ്ഞാനികവിസ്ഫോടനം തൊഴിലിനേയും ഉപജീവനത്തെയും സംബന്ധിച്ച നമ്മുടെ ധാരണകളെ യാകെ മാറ്റിമറിക്കുകയാണ്. ഇതിനോടൊപ്പം മുന്നേറാൻ നമുക്ക് കഴിയണമെങ്കിൽ പുതിയൊരു വൈജ്ഞാനിക സമൂഹത്തിലേക്കുള്ള സത്വരമായുള്ള മാറ്റം ഇന്ന് കേരളത്തിൽ അനിവാര്യമാണ്. അതിനനുസരിച്ചുള്ള ജ്ഞാനോല്പാദനവും പ്രയോഗവും കേരളസമൂഹത്തിന് മുഴുവനും സാധ്യമാകുന്ന വിധത്തിൽ സ്കൂൾ തലം മുതൽ ഉന്നതവിദ്യാഭ്യാസവും ഗവേഷണവുമടക്കമുള്ള എല്ലാ മേഖലകളിലും കാലഘട്ടത്തിനനുസരിച്ചുള്ള പുന:സംഘാടനം വേണ്ടിവരും. പുതിയ സാഹചര്യങ്ങളിൽ ജ്ഞാനോല്പാദന ത്തിനുള്ള പ്രാപ്തിയും തദ്ദേശിയവും അന്താരാഷ്ട തലത്തിലുമുള്ള തൊഴിൽ മേഖകളിൽ ചലനങ്ങൾ സൃഷ്ടിയ്ക്കാനുളള നൈപുണികളുമുളള പുതിയ കേരള സമൂഹത്തെ വളർത്തിയെടുക്കുന്ന വിധത്തിൽ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ പുനർനിർമ്മാണം അടിയന്തിരകർത്തവ്യമായി സർക്കാർ കാണുന്നു. നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ പരിശോധിച്ച് പുനസംഘാടന ത്തിനു പ്രയോഗിക നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കാൻ ഉന്നതാധികാരമുള്ള കമ്മീഷനെ നിയോഗിക്കുന്നതിനുളള നടപടികൾ സ്വീകരിക്കും.

2020 ഒക്ടോബർ 2-ന് പ്രവർത്തനം ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലക്ക് അടിസ്ഥാന സൗകര്യം അടിയന്തിരമായി ഒരുക്കേണ്ടതുണ്ട്. ഇതിനായി 10 കോടി രൂപ അധികമായി വകയിരുത്തുന്നു.

നോളജ് ഇക്കോണമി മിഷൻ

ജനുവരിയിൽ അവതരിപ്പിച്ച ബജറ്റ് അഭ്യസ്തവിദ്യർക്ക് തൊഴിൽ നല്കുന്നതിനായി ഒരു സമഗ്ര പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് ബഹുഃ മുഖ്യമന്ത്രി ഈ പദ്ധതി ഫെബ്രുവരി 9-ന് ഉത്ഘാടനം നിർവഹിച്ചു. ഇതിനായി വിവിധ സർക്കാർ ഏജൻസികളെ ഏകോപിപ്പിക്കുന്ന ചുമതല കെ-ഡിസ്ക്കിന് നൽകുകയും ചെയ്തിരുന്നു.

ഇതിന്റെ ഭാഗമായി സാങ്കേതിക സർവ്വകലാശാല കേരള ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (DWMS) സ്ഥാപിച്ചു. 2021 മെയ് 27 വരെ 27,000-ത്തിലധികം തൊഴിലന്വേഷകർ ഇതിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. കുടുംബശ്രീയുടെ ഒരു ഉപദൗത്യമായി ഇതിനെ പരിഗണിക്കാനുള്ള നടപടികൾ ആരംഭിച്ചു. 1048 കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺസ്, പരിശീലനത്തിനായുള്ള 152 ബ്ലോക്ക് കോർഡിനേറ്റർമാർ, കുടുംബശ്രീയുടെയും കുടുംബശ്രീയിലെ സംസ്ഥാന തല ദൗത്യസംഘത്തിന്റെയും പരിശീലനത്തിനായുള്ള 14 ജില്ലാ പ്രോഗ്രാം എക്സിക്യുട്ടീവുകൾ, എന്നിവർ കെ-ഡിസ്‌കിന്റെ ജില്ലാ പ്രോഗ്രാം എക്സിക്യൂട്ടീവുകളുമായും ASAP-ന്റെ 2744 സ്കിൽ ഡെവലപ്മെന്റ് എക്സിക്യുട്ടീവുകളുമായും ചേർന്ന് കർമ്മമേഖലയെ ചലിപ്പിക്കും.
അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരുടെ പ്രൊഫൈലുകൾ വിലയിരുത്തുന്നതിനും, അവർക്ക് കരിയർ കൗൺസിലിംഗ് നൽകുന്നതിനും, അവരെ മൈക്രോ പരിശീലന പരിപാടികളിൽ ചേർക്കുന്നതിനുമായുള്ളൊരു സംവിധാനം ഐ.സി.ടി. അക്കാദമി സാധ്യമാക്കിയിട്ടുണ്ട്. പ്രൊഫഷണൽ എച്ച്ആർ ഏജൻസികളെയും പ്ലെയ്‌സ്‌മെന്റ് ഓഫീസർ മാരെയും ഇതുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിന്റെ ആദ്യപടിയായി താത്പര്യപത്രം ക്ഷണിച്ചു കഴിഞ്ഞു.

പരിശീലനം ലഭിച്ച തൊഴിലന്വേഷകരെ തൊഴിൽ ദാതാക്കളുമായി ബന്ധിപ്പിക്കുകയും, തുടർന്നുള്ള അവരുടെ ഇടപെടൽ സുഗമമാക്കുകയും അതുവഴി ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ വികാസവും പുത്തൻ അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള സാദ്ധ്യതകളും ഉറപ്പാക്കുക എന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇതു സംബന്ധിച്ചു വ്യാവസായിക രംഗത്തെ പ്രമുഖരുമായി കൂടിയാലോചനകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ, പുതുതായൊരു അത്യാധുനിക ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനേക്കാൾ, നിലവിലുള്ള സംരംഭകരുമായി ചേർന്ന് അവരിൽ നിന്ന് ലഭ്യമായ സാങ്കേതിക ഘടകങ്ങൾ ഏകോപിപ്പിക്കുന്നതാണ് നല്ലത് എന്ന ഒരു സമവായമാണ് ഈ ചർച്ചകളിൽ ഉരുത്തിരിഞ്ഞത്. ഇതുവഴി വിപണിയെ കൂടുതലായി മനസിലാക്കുകയും അതിനനുസരിച്ച് നൈപുണി മൂല്യനിർണ്ണയ പ്രോഗ്രാമുകൾ മെച്ചപ്പെടുത്താനും കെ-ഡിസ്കിനാവും. ഈ രീതിയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിൽ കെ-ഡിസ്കുമായി സഹകരിക്കാൻ തയ്യാറുള്ള സംരംഭകരെ താത്പര്യമറിയിക്കാൻ ക്ഷണിക്കുകയുണ്ടായി.

വിവിധ രാജ്യങ്ങളിൽ വ്യാപകമായ തൊഴിൽ നിയമന ശൃംഖലയുള്ള ഒരു പ്രശസ്ത ആഗോള റിക്രൂട്ട്‌മെന്റ് പോർട്ടൽ ബ്രാൻഡായ മോൺസ്റ്റർ, കേരള നോളജ് മിഷനുമായി സഹകരിച്ച് വരുന്നു. നാൽപതിനായിരം തൊഴിൽ ദാതാക്കളുടേതായി മൂന്ന് ലക്ഷത്തിലധികം സജീവമായ തൊഴിലവസരങ്ങൾ മോൺസ്റ്റർ ഇന്ത്യയിൽ നിലവിലുണ്ട്. 247 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫ്രീലാൻസ് മാർക്കറ്റ് ശൃംഖലയായ ഫ്രീലാൻ‌സർ ഡോട്ട് കോമും ഇതിൽ താത്പര്യമറിയിച്ചിട്ടുണ്ട്. അവരുമായി ചേർന്നും DWMS-ൽ ഒരു മൈക്രോസൈറ്റ് ഉണ്ടാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചുവരുന്നു.
പദ്ധതിയുടെ ഭാഗമായി, വീടിനടുത്ത് ജോലി ചെയ്ത് തൊഴിൽ ദാതാക്കളുമായി ഇടപഴകുന്ന വിജ്ഞാന തൊഴിലാളികൾക്കായി ഒരു സാമൂഹിക സുരക്ഷാ സംവിധാനവും പ്രാഥമിക സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള രൂപരേഖ തയാറാക്കും.

മുഖ്യമന്ത്രി ചെയർപേഴ്‌സണായും ധനമന്ത്രി വൈസ് ചെയർപേഴ്‌സണായും, വ്യവസായം, ഉന്നത വിദ്യാഭ്യാസം, തൊഴിലും നൈപുണ്യവും, കൃഷി എന്നീ വകുപ്പുകളുടെ മന്ത്രിമാരും അടങ്ങുന്ന ഒരു രജിസ്റ്റേഡ് സൊസൈറ്റിയായി കെ-ഡിസ്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെ-ഡിസ്ക്കിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന പരിപാടികളെ ഒരു നോളഡ്ജ് ഇക്കോണമി മിഷനായി പ്രഖ്യാപിക്കുവാൻ എനിക്ക് അതിയായ സന്തോഷമുണ്ട്. ജൂലൈ 15-നു മുൻപ് ഈ പദ്ധതിയുടെ ഒരു സമഗ്ര പ്രൊജക്റ്റ് റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുവാൻ നിർദേശം നൽകിയിട്ടുണ്ട്. കേരള നോളെജ് സൊസൈറ്റി കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായുള്ള നൈപുണ്യ നവീകരണ പ്രോത്സാഹനം, സാങ്കേതിക പരിവർത്തനം, ഉന്നത വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തൽ എന്നിവയ്ക്കായി ‘നോളജ് ഇക്കണോമി ഫണ്ട്’ എന്ന നിലയിൽ വകയിരിത്തിയിരിക്കുന്ന തുക 200 കോടി രൂപയിൽ നിന്ന് 300 കോടിയായി ഉയർത്തുന്നു.

ആയുഷ്

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കോവിഡാനന്തര ചികിത്സകൾക്കും ആയുഷ് വകുപ്പുകൾ മുഖാന്തിരം ഔഷധങ്ങൾ ലഭ്യമാക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തുന്നു.

വിനോദ സഞ്ചാരം

കോവിഡ് വ്യാപനം മൂലം നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണായ വിനോദ സഞ്ചാര മേഖലയ്ക് കടുത്ത തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തിന്റെ ജി.എസ്.ഡി.പിയിൽ നിർണായക സ്വാധീനമുള്ള മേഖലയാണ് ടൂറിസം. 5 ലക്ഷം പേർക്കു നേരിട്ടും 20 ലക്ഷം പേർക്കു പരോക്ഷമായും തൊഴിൽ നൽകുന്നതാണ് ഈ മേഖല. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ അന്താരാഷ്ട്ര ടൂറിസം മേഖലയിൽ 80 ശതമാനത്തോളം ഇടിവാണ് ഉണ്ടായത്. കേരള സമ്പദ് വ്യവസ്ഥയിലും ഇത് പ്രതിഫലിച്ചിട്ടുണ്ട്. കോവിഡിന്റെ രണ്ടാം വ്യാപനവും തുടർന്നുള്ള നിയന്ത്രണങ്ങളും ടൂറിസം മേഖലയിലുള്ളവരുടെ ഉപജീവനം തീർത്തും ഇല്ലാതാക്കിയിരിക്കുകയാണ്.

വിനോദ സഞ്ചാര മേഖലയുടെ പൂർണ്ണമായ തിരിച്ചു വരവ് കോവിഡ് വ്യാപനം അവസാനിച്ച ശേഷമേ സാധ്യമാകൂ എങ്കിലും ഇതിലേക്കായി ആവശ്യമായ തയ്യാറെടുപ്പുകൾ വ്യക്തമായ മുന്നൊരുക്കത്തോടെ തന്നെ നടത്തേണ്ടതുണ്ട്. കോവി‍ഡാനന്തരമുള്ള ടൂറിസം സാധ്യതകൾ അവലോകനം ചെയ്ത് ഈ മേഖലയിൽ ദ്രൂതഗതിയിലുള്ള വളർച്ച ഉറപ്പ് വരുത്തുന്ന ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കുന്ന തിനാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോവിഡിന്റെ ദീർഘകാല ആഘാതങ്ങളുടെ അടിസ്ഥാനത്തിൽ ഈ പ്രതിസന്ധിയെ, മുന്നോട്ടുള്ള പുരോഗതിയ്ക്കുള്ള ഒരു അവസരമായി കണക്കാക്കി പരിസ്ഥിതി പുനർനിർമാണത്തിലൂന്നിയ ഉത്തരാവാദിത്ത വിനോദ സഞ്ചാര സമീപനത്തിന് ഈ സർക്കാർ പ്രോത്സാഹനം നൽകും.

ടൂറിസം വകുപ്പിന് മാർക്കറ്റിങിന് നിലവിലുളള 100 കോടി രൂപയ്ക്ക് പുറമേ 50 കോടി രൂപ കൂടി അധികമായി അനുവദിക്കുന്നു. ടുറിസം മേഖലയിൽ കൂടുതൽ പ്രവർത്തന മൂലധനം ലഭ്യമാക്കുന്നതിനായി കെ.എഫ്.സി 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി കേരളത്തിലെ മനോഹരമായ ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയൻ വാഹന സൗകര്യം ലഭ്യമാക്കും. ആദ്യ ഘട്ടമായി കൊല്ലം, കൊച്ചി, തലശ്ശേരി മേഖലയിൽ ഇത് ആരംഭിക്കും. ഇതിനായി 5 കോടി രൂപ അനുവദിക്കുന്നു.

കോവിഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധി കാരണം വിനോദസഞ്ചാര മേഖലയിലെ പല സംരംഭങ്ങളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. ഈ മേഖലയിലെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു പുനരുജ്ജീവന പാക്കേജ് നടപ്പാക്കുന്നതാണ്. പാക്കേജിന്റെ വിശദാംശങ്ങൾ ടൂറിസം വകുപ്പ് തയ്യാറാക്കും. പാക്കേജിനുളള സർക്കാർ വിഹിതമായി 30 കോടി രൂപ വകയിരുത്തുന്നു.

കേരളത്തിൽ കോവിഡിന്റെ രണ്ടാം വരവിന്റെ ആഘാതം അടുത്ത ടൂറിസ്റ്റ് സീസണിന് മുൻപായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. അത്തരം ഒരു സാഹചര്യം സംജാതമാകുകയാണെങ്കിൽ കേരളത്തെ അന്താരാഷ്ട്ര ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ആകർഷിക്കുന്നതിനുളള മുന്നൊരുക്കങ്ങളും തന്ത്രങ്ങളും ആവിഷ്ക്കരിക്കേണ്ടതുണ്ട്. ഇതിന് പ്രളയാനന്തര കാലത്ത് വിജയകരമായി നാം നടപ്പാക്കിയതുപോലുളള കാമ്പെയിൻ പ്രവർത്തനങ്ങൾ ഇപ്പോഴും കൂടുതൽ ഊർജ്ജിതമായി നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായി താഴെപ്പറയുന്ന രണ്ട് സർക്യൂട്ട് ടൂറിസം പരിപാടികൾ പ്രഖ്യാപിക്കുകയാണ്.
മലബാർ ലിറ്റററി സർക്യൂട്ട് - മലയാള സാഹിത്യത്തിലെ അതികായൻമാരായ തുഞ്ചത്ത് എഴുത്തച്ചൻ, വൈക്കം മുഹമ്മദ് ബഷീർ, ഒ.വി.വിജയൻ, എം.ടി.വാസുദേവൻ നായർ എന്നിവരിലൂടെ പ്രശസ്തി നേടിയ തുഞ്ചൻ സ്മാരകം, ബേപ്പൂർ, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങൾ, കൂടാതെ പൊന്നാനി, തൃത്താല എന്നീ സ്ഥലങ്ങളെ കോർത്തിണക്കി ടൂറിസം സർക്യൂട്ട്.
ബയോ ഡൈവേഴ്സിറ്റി സർക്യൂട്ട് - കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായൽ, മൺട്രോതുരുത്ത്, കൊട്ടാരക്കര, മീൻപിടിപ്പാറ, മുട്ടറമരുതിമല, ജടായൂപാറ, തെന്മല, അച്ചൻകോവിൽ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ഒരു ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ട്. ഈ സർക്ക്യൂട്ടുകൾക്കായി 50 കോടി രൂപ വകയിരുത്തുന്നു.

വ്യവസായം

എം.എസ്.എം.ഇ. കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്നതാണ്. നിലവിലുള്ള എം.എസ്.എം.ഇ. കൾക്ക് കുറഞ്ഞ നിരക്കിൽ അധിക പ്രവർത്തന മൂലധന വായ്പയും ടേം ലോണും ലഭ്യമാക്കും. ഇവയ്ക്കെല്ലാം കൂടി 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പലിശ ഇളവ് നൽകുന്നതിന് 50 കോടി രൂപ വകയിരുത്തുന്നു.
വ്യവസായ വകുപ്പ് നിലവിൽ നടപ്പിലാക്കിവരുന്ന സംരംഭകത്വ സഹായ പദ്ധതിക്ക് (ESS) 25 കോടി രൂപയും നാനോ വ്യവസായ ഭവന യൂണിറ്റുകൾക്ക് മാർജിൻ മണിയും പലിശ സഹായവും നൽകുന്നതിനുള്ള പദ്ധതിക്ക് 15 കോടി രൂപയും അധികം വകയിരുത്തുന്നു.

പട്ടിക ജാതി/പട്ടിക വർഗ്ഗ വികസനം

പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ ഒന്നാം തലമുറ വികസന പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ഒന്നാം തലമുറ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതി നോടൊപ്പം രണ്ടാം തലമുറ വികസനപ്രശ്നങ്ങൾ കൂടി വലിയ പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി രണ്ട് പരിപാടികൾ പ്രഖ്യാപിക്കുകയാണ്. ഒന്ന്, പട്ടിക ജാതി/ പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കിടയിൽ നിന്നും തിരഞ്ഞെടുക്കുന്ന 100 പേർക്ക് ഈ വർഷം 10 ലക്ഷം രൂപ വീതം സംരംഭകത്വ സഹായം നൽകുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകർക്ക് സമഗ്രമായ പ്രാരംഭ പിൻതുണയും ഉറപ്പാക്കും. കുറഞ്ഞ പലിശയ്ക്ക് വായ്പാ സൗകര്യവും ഉറപ്പാക്കും. ഇത് നിലവിലുളള സംരംഭകത്വ വികസന പരിപാടികൾക്ക് പുറമേ ആയിരിക്കും. ഇതിന് 10 കോടി രൂപ വകയിരുത്തുന്നു.
രണ്ടാമത്തേത് പ്രതിഭാ പിന്തുണാ പരിപാടിയാണ്. ജില്ലാ പഞ്ചായത്ത് തലത്തിൽ തുടങ്ങിവച്ച ഈ പരിപാടി പട്ടിക ജാതി/പട്ടിക വർഗ്ഗ വികസനവകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെ വിപുലമാക്കാനാണ് ആലോചിക്കുന്നത്. കലാ സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച പട്ടിക ജാതി/പട്ടിക വർഗ്ഗക്കാരായ യുവതീ യുവാക്കൾക്ക് അവർ കഴിവ് തെളിയിച്ച മേഖലയിൽ തുടർന്നും പ്രവർത്തിച്ച് മുന്നേറുന്നതിനാണ് ഈ സഹായം. ഒരാൾക്ക് ഒരു ലക്ഷം രൂപ വച്ച് 1500 പേർക്ക് പ്രതിഭാ പിന്തുണ നൽകും. പ്രതിഭാ പിന്തുണ സഹായം ലഭിക്കുന്നവർക്ക് അവരുടെ പ്രവർത്തനം നടത്താൻ ഇതിനുപുറമേ പലിശരഹിത വായ്പയും നൽകും. പരിപാടിയുടെ വിശദാംശങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പും പട്ടിക ജാതി/പട്ടിക വർഗ്ഗ വികസന വകുപ്പും ചേർന്ന് തയ്യാറാക്കും.

നോർക്ക

കോവിഡ് മഹാമാരി പ്രവാസികൾക്കിടയിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി മൂലം ഇതുവരെ 14,32,736 പ്രവാസികൾ തിരികെയെത്തുകയും ഇതിൽ ഏറെ പേർക്കും തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയുമാണുള്ളത്. തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അതിന് പ്രാപ്തരാക്കുന്നതിനുമുള്ള പുനഃരധിവാസ പദ്ധതിയാണ് നോർക്ക സെൽഫ് എംപ്ലോയ്​മെൻറ്​ സ്കീം.

ഈ പദ്ധതി പ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് കുറഞ്ഞ പലിശക്ക് 1000 കോടി രൂപ വായ്പ ലഭ്യമാക്കുന്നതാണ്. ഇതിന്റെ പലിശ ഇളവ് നൽകുന്നതിന് 25 കോടി രൂപ വകയിരുത്തുന്നു. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുളള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തുന്നു.
കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ 2016 ൽ, 2400 കോടി രൂപയായിരുന്ന കെ.എഫ്.സി -യുടെ വായ്പ ആസ്തി, 2021 മാർച്ച് 31 ലെ താല്കാലിക കണക്കുകൾ പ്രകാരം 4700 കോടി രൂപയായി വർദ്ധിച്ചു. കെ.എഫ്.സി യുടെ വായ്പ ആസ്തി അടുത്ത 5 വർഷം കൊണ്ട് പതിനായിരം കോടി രൂപയായി ഉയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.ഈ സാമ്പത്തിക വർഷം കെ.എഫ്.സി
4500 കോടി രൂപയുടെ പുതിയ വായ്പകൾ അനുവദിക്കും.

കെ.എഫ്.സി യിൽ നിന്ന് വായ്പയെടുത്ത് 2020 മാർച്ച് 31 വരെ, കൃത്യമായി തിരിച്ചടവ് നടത്തിയ വ്യവസായികൾക്ക്, കഴിഞ്ഞ സാമ്പത്തിക വർഷം, കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിനായി, 20 ശതമാനം അധിക വായ്പ നൽകുകയുണ്ടായി. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ടൂറിസം മേഖലയും ചെറുകിട വ്യവസായ മേഖലയും വീണ്ടും പ്രതിസന്ധിയിലായി. ഇത് കണക്കിലെടുത്ത്, ഇത്തരം സംരംഭകർക്ക് 20 ശതമാനം വീണ്ടും അധിക വായ്പ, അതായത് മൊത്തം 40 ശതമാനം അധിക വായ്പ, നൽകുന്ന ഒരു പദ്ധതി കെ.എഫ്.സി ആവിഷ്കരിക്കും. ഇതിനായി കെ.എഫ്.സി 500 കോടി രൂപ മാറ്റിവയ്ക്കും. പ്രതിസന്ധി നേരിടുന്ന സംരംഭകർക്ക് മുതൽ തിരിച്ചടവിന് ഒരു വർഷം വരെയുളള മൊറട്ടോറിയം അനുവദിക്കും.

കോവിഡ് രോഗവ്യാപനത്തെ തടയാനും രോഗികൾക്ക് ആശ്വാസം നൽകാനും സഹായിക്കുന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്ക് 50 ലക്ഷം രൂപ വരെ, മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഉദാര വ്യവസ്ഥകളിൽ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പ നൽകും. ഏഴു ശതമാനമായിരിക്കും പലിശ നിരക്ക്. ഓക്സിജൻ സിലിണ്ടർ, ഓക്സിജൻ ജനറേറ്റർ, ഓക്സിജൻ കോൺസെൻട്രേറ്റേർസ്, ലിക്വിഡ് ഓക്സിജൻ, വെന്റിലേറ്റർ, പൾസ് ഓക്സിമീറ്റർ, പോർട്ടബിൾ എക്സറേ മെഷീൻ തുടങ്ങിയവയുടെ നിർമ്മാണത്തിനുളള യൂണിറ്റുകൾ സ്ഥാപിക്കാനാണ് വായ്പ.

ഗതാഗതം

കോവിഡ് 19 മഹാമാരി മൂലം കൂടുതൽ പ്രതിസന്ധിയിലായ കേരളത്തിലെ പ്രമുഖ പൊതുമേഖലാ കോർപ്പറേഷനാ‌ണ് കെ.എസ്.ആർ.ടി.സി. നിലവിൽ ശമ്പളം, പെൻഷൻ ബാധ്യതകൾ സർക്കാർ സഹായത്തോടെയാണ് നിറവേറ്റപ്പെടുന്നത്. കെ.എസ്.ആർ.ടി.സി ‌യുടെ പ്രവർത്തന നഷ്ടം കുറക്കുന്നതിന്റ പ്രാരംഭ നടപടിയെന്ന നിലയിൽ കെ.എസ്.ആർ.ടി.സി ‌യുടെ 3000 ഡീസൽ ബസുകൾ CNG യിലേക്ക് ഘട്ടംഘട്ടമായി മാറ്റുന്നതാണ്. ആയതിന് നിലവിൽ 300 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. നടപ്പു് സാമ്പത്തിക വർഷത്തെ വിഹിതം 100 കോടി രൂപയായി ഉയർത്തുന്നു.

പുതുക്കാട് കെ.എസ്.ആർ.ടി.സി യുടെ മൊബിലിറ്റി ഹബ്ബിനായും (Hub and Spoke model) കൊല്ലത്ത് ആധുനിക ബസ്സ് സ്റ്റാൻറ്​ നിർമ്മിക്കുന്നതിനും കിഫ്ബിയുമായി ചേർന്ന് പദ്ധതി രൂപീകരിക്കും.

പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് ഒരു പുത്തൻ ചുവട് വെയ്പ് എന്ന നിലയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റേയും സിയാലിന്റേയും സഹകരണത്തോടെ പൈലറ്റ് അടിസ്ഥാനത്തിൽ ഹൈഡ്രജൻ ഇന്ധനമായി
10 പുതിയ ബസുകൾ നിരത്തിലിറക്കുന്നതാണ്. സർക്കാർ വിഹിതമായി 10 കോടി രൂപ വകയിരുത്തുന്നു.

ഇരുചക്ര വാഹനം ഉപയോഗിച്ച് വിവിധതരത്തിലുള്ള സാധാരണ തൊഴിലുകളിൽ ഏർപ്പെടുന്ന പത്രവിതരണ ക്കാർ, മത്സ്യക്കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, ഹോം ഡെലിവെറി നടത്തുന്ന യുവാക്കൾ തുടങ്ങിയവർക്ക് ഇന്ധനചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും ഇലക്ട്രിക് ഓട്ടോറിക്ഷകളും ലഭ്യമാക്കുന്നതിന് ധനകാര്യ സ്ഥപനങ്ങളുമായി ചേർന്ന് ഒരു വായ്പാ സ്കീംആവിഷ്കരിക്കും. 2021-22 സാമ്പത്തിക വർഷത്തിൽ 10,000 ഇരുചക്രവാഹനങ്ങളും 5000 ഓട്ടോറിക്ഷയും വാങ്ങാനായി 200 കോടി രൂപയുടെ വായ്പയാണ് വിഭാവനം ചെയ്യുന്നത്. പലിശയുടെ ഒരു ഭാഗം സർക്കാർ വഹിക്കും. പലിശ ഇളവ് നൽകുന്നതിന് 15 കോ‌ടി രൂപ വകയിരുത്തുന്നു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കേരളത്തിലെ റോഡുകളുടെയും പാലങ്ങളുടെയും നിലവാരം ഉയർത്തുന്നതിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. എന്നാൽ ദേശീയ പാതകളിലേയും എം.സി. റോഡിലേയും പ്രധാന ജംഗ്ഷനുകളിൽ തിരക്കേറിയ സമയത്തെ ഗതാഗതകുരുക്ക് പരിഹരിക്കേണ്ടതുണ്ട്. ഇതിന് അടിയന്തിര പരിഹാരം കാണുന്നതിനായി ഒരു ശാസ്ത്രീയ പഠനം ആവശ്യമാണ്. പഠനത്തിനും മറ്റ് പ്രാഥമിക ചെലവുകൾക്കുമായി 5 കോടി രൂപ വകയിരുത്തുന്നു.

പുനരുപയോഗ ഊർജജം

ഹരിത ഊർജ്ജവുമായി ബന്ധപ്പെട്ട മേഖലകളിൽ ഗവേഷണം നടത്തുന്നതിനും പുനരുപയോഗ ഊർജ്ജത്തെ ക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി കേരള സർവ്വകലാശാലയിൽ സെന്റർ ഓഫ് റിന്യൂവബിൾ എനർജി സ്ഥാപിക്കുന്നതാണ്. ഇതിന്റെ പ്രായോഗികതാ പഠനം നടത്തുന്നതിന് 10 ലക്ഷം രൂപ വകയിരുത്തുന്നു.

റവന്യൂ

കൃത്യതയാർന്ന ഭൂരേഖയും അനുബന്ധ സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് CORS ടെക്നോളജി അടിസ്ഥാനമാക്കി ഒരു ഡിജിറ്റൽ റീ-സർവ്വെ ഈ സർക്കാരിന്റെ കാലയളവിൽ തന്നെ സമയബന്ധിതമായി പൂർത്തികരിക്കുന്നതായിരിക്കും.
അടുത്ത 5 വർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും വില്ലേജ് ഓഫീസുകളിൽ നിന്നും നൽകുന്ന എല്ലാ സേവനങ്ങളും സ്മാർട്ട് ആക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

സാമൂഹ്യനീതി

ഗാർഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാൻ ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സ്മാർട്ട് കിച്ചൻ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിന് 5 കോടി രൂപ വകയിരുത്തുന്നു. പ്രസ്തുത പദ്ധതി കെ.എസ്.എഫ്.ഇ യുമായി ചേർന്ന് നടപ്പിലാക്കുന്ന തായിരിക്കും.

കോവിഡ് മഹാമാരിമൂലം മാതാപിതാക്കൾ മരണപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചി‌ട്ടുണ്ട്. 3 ലക്ഷം രൂപ കുട്ടികൾക്ക് ഒറ്റത്തവണയായി നൽകും. 18 വയസുവരെ രണ്ടായിരം രൂപ വീതം നൽകുകയും ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കുകയും ചെയ്യും. ഇതിനായി 5 കോടി രൂപ വകയിരുത്തുന്നു.

സാംസ്കാരികം

കേരള രാഷ്ട്രീയത്തിലെ ഉജ്വല വ്യക്തിത്വമായിരുന്ന
കെ. ആർ. ഗൗരിയമ്മയ്ക്ക് ഉചിതമായ സ്മാരകം നിർമ്മിക്കുന്നതിന് 2 കോടി രൂപ വകയിരുത്തുന്നു. ആറുപതിറ്റാണ്ടിലേറെക്കാലം സംസ്ഥാന രാഷ്ട്രീയത്തിലും സാമൂഹ്യരംഗത്തും നിറഞ്ഞു നിന്ന ആർ. ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയിൽ സ്മാരകം നിർമ്മിക്കുന്നതിന് 2 കോടി രൂപ വകയിരുത്തുന്നു.
വ്യത്യസ്ത മതദർശനങ്ങളിലെ മാനവികതയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ട് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ ‘മാർ ക്രിസോസ്റ്റം ചെയർ’ സ്ഥാപിക്കാൻ 50 ലക്ഷം രൂപ വകയിരുത്തുന്നു.

ഭരണനിർവ്വഹണം

എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനായി പൗരൻമാർക്ക് ലഭ്യമാക്കുന്നതിന് എല്ലാ വകുപ്പുകളെയും സജ്ജമാക്കും. മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തിൽ, 2021 ഒക്ടോബർ 2-ന് ഈ പദ്ധതി ഔദ്യോഗികമായി ആരംഭിക്കും.
സർക്കാർ സേവനങ്ങൾ വേഗത്തിലാക്കുന്നതിന് എല്ലാ വകുപ്പുകളിലും ഇ-ഓഫിസ്, ഇ-ഫയൽ സംവിധാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതാണ്.

വെൻച്വർ കാപ്പിറ്റൽ ഫണ്ട്

ചെറുകിട-ഇടത്തരം സംരംഭങ്ങളുടേയും സ്റ്റാർട്ടപ്പുകളടേയും അതിവേഗ വളർച്ചയെ സഹായിക്കുന്നതിന് 100 കോടി രൂപ കോർപ്പസ് ഉള്ള ഒരു വെൻച്വർ കാപ്പിറ്റൽ ഫണ്ട് സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നു. കെ.എഫ്.സി., കെ.എസ്.എഫ്.ഇ., കെ.എസ്.ഐ.ഡി.സി, കേരള സംസ്ഥാന സഹകരണ ബാങ്ക്, വാണിജ്യ ബാങ്കുകൾ എന്നിവയുടെ പങ്കാളിത്തത്തോടെയും വിദേശ മലയാളികളുടെ നിക്ഷേപത്തിലൂടെയും ഫണ്ട് സമാഹരിക്കും. ത്വരിത വളർച്ചാ സാധ്യതയുള്ള സാങ്കേതിക-സാങ്കേതികേതര സംരംഭങ്ങളെ ഈ ഫണ്ട് സഹായിക്കും. ഈ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് വെൻച്വർ കാപ്പിറ്റൽ മേഖലയിലെ പരിചയ സമ്പന്നരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പ്രൊഫഷണൽ മാനേജ്മെന്റ് ടീമിന് രൂപം നൽകും. ഈ ഫണ്ട് രൂപവത്ക്കരിക്കുന്നതിനുള്ള പ്രാരംഭ ചെലവുകൾക്ക് ഒരു കോടി രൂപ വകയിരുത്തുന്നു.

VI നികുതി

സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ നികുതി വർദ്ധനവ് അനിവാര്യമെങ്കിലും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ നികുതി നിർദ്ദേശങ്ങൾ പ്രഖ്യാപിക്കുന്നില്ല.

പതിനാലാം കേരള നിയമസഭയുടെ കാലാവധി കഴിഞ്ഞപ്പോൾ 2021 ലെ ധനകാര്യ ബില്ലിലെ വ്യവസ്ഥകൾ കാലഹരണപ്പെട്ടു. ടി ബില്ലിലെ എല്ലാ ഖണ്ഡങ്ങളും പുനസ്ഥാപിക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നു.
കൂടാതെ, 2020 ലെ ആംനസ്റ്റി പദ്ധതിയിൽ കുറഞ്ഞത് ഒരു തവണയെങ്കിലും അടയ്ക്കുകയും ബാക്കിയുള്ളവയിൽ വീഴ്ച വരുത്തുകയും ചെയ്ത നികുതിദായകർക്ക്, തവണയായി അടച്ച തുക കുടിശ്ശികകളിൽ ഏറ്റവും പഴയ കുടിശ്ശികയിലേയ്ക്കുള്ള നികുതി അടവായി ക്രമീകരിക്കുമെന്ന് വ്യക്തമാക്കുന്നു.
ചരക്ക് സേവന നികുതി നിയമത്തിൽ ജി.എസ്.റ്റി കൗൺസിൽ ശുപാർശ ചെയ്ത ഭേദഗതികൾ 2021 ലെ കേന്ദ്ര ധനകാര്യ നിയമപ്രകാരം സി.ജി.എസ്.റ്റി നികുതി നിയമത്തിൽ ഭേദഗതി വരുത്തുകയുണ്ടായി. സമാന ഭേദഗതികൾ സംസ്ഥാന ജി.എസ്.റ്റി നിയമത്തിലും വരുത്തുന്നതാണ്.

VII ഉപസംഹാരം

2021-22ലെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റിന്റെ സംക്ഷിപ്ത രൂപം
2021-22ലെ പുതുക്കിയ എസ്റ്റിമേറ്റ് (രൂപ കോടിയിൽ)

റവന്യു വരവ് 130981.06
റവന്യു ചെലവ് 147891.18
റവന്യു കമ്മി -16910.12
മൂലധന ചെലവ് (തനി) -12546.17
വായ്പകളും മുൻകൂറുകളും (തനി) -1241.30
പൊതുകടം (തനി) 24419.91
പൊതുകണക്ക് (തനി) 6250.00
ആകെ കമ്മി -27.68
വർഷാരംഭ രൊക്ക ബാക്കി -124.01
വർഷാന്ത്യ രൊക്ക ബാക്കി -151.69
ഇപ്പോൾ പ്രഖ്യാപിച്ച അധിക ചെലവ് -1715.10
വർഷാന്ത്യരൊക്ക ബാക്കി -1866.79

സംസ്ഥാനത്തിന്റെ ധനസ്ഥിതി അത്ര സുഖകരമായ അവസ്ഥയിലല്ല എന്നത് ആർക്കും ഊഹിക്കാവുന്ന കാര്യമാണ്. നോട്ട് നിരോധനം, വേണ്ടത്ര തയ്യാറെടുപ്പില്ലാതെയുളള ജി.എസ്.ടി നടപ്പാക്കൽ, ഓഖി, പ്രളയങ്ങൾ, മഹാമാരിയുടെ ഒന്നും രണ്ടും തരംഗങ്ങൾ, സാമ്പത്തിക മാന്ദ്യം എന്നിവ നികുതി – നികുതിയേതര വരുമാനത്തെ വളരെ പ്രതികൂലമായി ബാധിച്ചു. വരുമാന വളർച്ചാ നിരക്കുകൾ സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് മാറി. എന്നാൽ സർക്കാരിന്റെ ചെലവുകൾക്ക് ഒരു കുറവും ഉണ്ടായില്ല. കൂടുകയാണ് ഉണ്ടായത്. പ്രതിസന്ധി ഘട്ടത്തിൽ ഇത് സ്വാഭാവികമാണ്.
സാമ്പത്തിക മാന്ദ്യവും പ്രകൃതി ദുരന്തവും വരുമ്പോൾ വേണമെങ്കിൽ സർക്കാരിന് ചെലവ് ചുരുക്കി മാറി നിൽക്കാം. ഇടതു പക്ഷത്തിന്റെ സമീപനം അതല്ല. പ്രതിസന്ധി ഘട്ടങ്ങളിൽ കടമെടുത്തായാലും മുൻനിരയിൽ നിന്ന് നാടിനെ ആപത്തിൽ നിന്നും രക്ഷിക്കുക എന്നതാണ് ഇടതുപക്ഷ സമീപനം. ഒന്നാം പിണറായി സർക്കാർ അതാണ് ചെയ്തത്. ആ നയം തന്നെ ഈ സർക്കാരും പിൻതുടരും.

എന്നാൽ നികുതി – നികുതിയേതര വരുമാനം കൂട്ടാതെ ഇനി അധികകാലം പിടിച്ചു നിൽക്കാനാകില്ല എന്നതിന് സംശയമില്ല. ചെലവ് ചുരുക്കൽ നടപടികളും അനിവാര്യമായി വരും. വരുമാനം വർദ്ധിപ്പിക്കുന്നതിനും ചെലവ് ചുരുക്കുന്നതിനുമുളള ഏറ്റവും സമഗ്രമായ പദ്ധതി സർക്കാർ തയ്യാറാക്കും. അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. പക്ഷേ, ഈ രണ്ട് കാര്യങ്ങളും ഊർജ്ജിതമാക്കാൻ പറ്റിയ സന്ദർഭമല്ല ഇപ്പോഴുളളത്.
കോവിഡ് മഹാമാരിയുടെ പ്രഭാവം തണുപ്പിക്കാൻ കഴിഞ്ഞാൽ സമ്പദ് ഘടന അതിവേഗം സാധാരണ നിലയിലേക്ക് വരുകയും മെച്ചപ്പെട്ട വളർച്ച കൈവരിക്കുകയും ചെയ്യും. ആ ഘട്ടത്തിൽ നികുതി – നികുതിയേതര വരുമാനം വർദ്ധിപ്പിക്കുന്നതിനുളള പരിശ്രമം ശക്തമായിത്തന്നെ ആരംഭിക്കും. സംസ്ഥാനത്തെ ജി.എസ്.ടി സംവിധാനം സുസജ്ജമാക്കികൊണ്ടിരിക്കുക യാണ്. ഒരു കാര്യം വ്യക്തമാണ്. സർക്കാരിനു കൊടുക്കേണ്ട നികുതി എല്ലാവരും കൊടുക്കാൻ തുടങ്ങിയാൽ പെട്ടെന്ന് തീർക്കാവുന്നതേയുളളു നമ്മുടെ ധനകാര്യ വൈഷമ്യം. അതിന് ജനങ്ങൾ തയ്യാറാവും. പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ എങ്ങനെ പ്രവർത്തിച്ചു എന്നത്
ജനങ്ങൾ കണ്ടതാണ്. അതിന്റെ പ്രതികരണമാണ് സി.എം.ഡി.ആർ.എഫ്. ലും കണ്ടത്. തങ്ങൾ കൊടുക്കേണ്ട നികുതി കൃത്യമായി അടക്കുന്നതിലും ജനങ്ങൾ ഉത്സാഹം കാണിക്കും.

വ്യാപാരികളേയും വ്യവസായികളേയും സമർദ്ദത്തിലാക്കി കൊണ്ടുളള നികുതി പിരിവ് കേരളത്തിൽ ആവശ്യമില്ല. വ്യാപാരവും വ്യവസായവും വളരുന്ന മുറയ്ക്ക് കൂടുതൽ നികുതി ഒടുക്കാൻ അവർ തയ്യാറാവും. സത്യസന്ധമായി നികുതി കൊടുത്ത് ബിസിനസ് നടത്തുന്നവരാണ് കൂടുതൽ പേരും. ഒപ്പം നികുതി വെട്ടിപ്പ് നടത്തുന്നവരെ നിലയ്ക്ക് നിർത്തുന്നതിനും ശ്രമം ഉണ്ടാവും. സമ്പദ്ഘടന വളർച്ചയുടെ പാതയിൽ എത്തുന്നമുറയ്ക്ക് പുതിയ വരുമാന സ്രോതസുകളെക്കുറിച്ചും ആലോചിക്കാം.

പ്രാദേശിക സർക്കാരുകളുടെ നികുതി – നികുതിയേതര വരുമാനത്തിന്റെ സാധ്യത വളരെ വലുതാണ്. ആ സാധ്യത അനുസരിച്ച് നിരക്കുകൾ ക്രമീകരിച്ചും ചട്ടങ്ങൾ ഭേദഗതി ചെയ്തും അധിക വരുമാനം സമാഹരിക്കുന്നതിനുളള ശ്രമം കഴിഞ്ഞ കുറേ വർഷങ്ങളായി പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല. വരുമാന വർദ്ധനവിനുളള നടപടികൾ സ്വീകരിക്കാൻ തങ്ങൾ തയ്യാറാണെന്ന നിലപാടാണ് പ്രാദേശിക സർക്കാരുകളുടെ നേതൃത്വം പൊതുവെ കൈക്കൊള്ളുന്നത്. ആ നിലയ്ക്ക് സംസ്ഥാന ധനകാര്യ കമ്മീഷന്റെ ശുപാർശകൾ കൂടി പരിഗണിച്ച് കൊണ്ട് കോവിഡ് പ്രതിസന്ധി തരണം ചെയ്യുന്ന സന്ദർഭത്തിൽ സമ്പദ് ഘടന വളർച്ചയുടെ പാതയിലേക്ക് വന്നു കഴിഞ്ഞാൽ നികുതി – നികുതിയേതര വരുമാനത്തിന്റെ കാര്യത്തിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കും. അതിനു വേണ്ടിയുളള ഗൃഹപാഠം സർക്കാർ ഇപ്പോൾ തന്നെ തുടങ്ങുകയാണ്.
പ്രതിസന്ധികളെ നേരി‌ട്ട് കൂടുതൽ ശക്തമായി മുന്നേറാനുള്ള മനുഷ്യസമൂഹത്തിന്റെ ശേഷിയാണ് ലോകത്തെ ഇവിടെ വരെ എത്തിച്ചത്. നൂറ്റാണ്ടുകളിലൂടെ ആർജിച്ച അതിജീവന മാതൃകകൾ മഹാമാരിയുടെ ഈ ദുരിതകാലത്തെ മറികടക്കാൻ നമ്മെ സഹായിക്കും. ഈ പ്രതിസന്ധികളിൽ നിന്നും മുന്നേറ്റത്തിനുള്ള ഊർജം സംഭരിക്കാൻ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം. ഈ കാലത്തെയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.
2021-22ലെ പുതുക്കിയ ബജറ്റ് സഭയുടെ അംഗീകാരത്തിനായി ഞാൻ സമർപ്പിക്കുന്നു. ഈ സാമ്പത്തിക വർഷത്തെ അടുത്ത മൂന്ന് മാസത്തേക്കുളള (2021 ആഗസ്റ്റ് മുതൽ ഒക്ടോബർ വരെയുളള) വോട്ട് ഓൺ അക്കൗണ്ടും സഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നു.



Summary: ആരോഗ്യ രക്ഷയ്ക്കുളള തന്ത്രം തന്നെയാണ് ഈ ബജറ്റിൽ നമ്മുടെ വികസന തന്ത്രമായി മാറുന്നത്. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുക, തൊഴിലും വരുമാനവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുക എന്നതാണ് നമ്മുടെ നയം. കോവിഡിനെ കീഴടക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയാൽ, സാമ്പത്തിക മുന്നേറ്റത്തിന് നമുക്ക് കൂടുതൽ അവസരം ലഭിക്കും.


Comments