സുരക്ഷിതമായി അന്തിയുറങ്ങാന്‍ സ്വന്തമായൊരു വീട് എന്നത് ഏതൊരാളുടേയും സ്വപ്‌നമാണ്. ആയുഷ്‌കാലം മുഴുവന്‍ അദ്ധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം ചിലവഴിച്ച് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമ്പോഴും സമാധാനത്തോടെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തെ പുതിയ കെട്ടിട നികുതി വര്‍ധനവിലൂടെ സാധാരണക്കാരെ കാത്തിരിക്കുന്നത്. കോവിഡ് കാലത്തെ തൊഴിലില്ലാഴ്മയും വേതനത്തില്‍ വന്ന കുറവും കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ക്കുണ്ടായ അമിത വിലക്കയറ്റവുമെല്ലാം ഉണ്ടാക്കിയ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറുന്നതിനിടയിലാണ് സംസ്ഥാന സര്‍ക്കാര്‍ കെട്ടിട നികുതി വര്‍ധനവിലൂടെ വീണ്ടും സാധാരണക്കാര്‍ക്ക് ഭാരമേല്‍പ്പിക്കുന്നത്.
അമിത സാമ്പത്തിക ഭാരമേല്‍പ്പിച്ച് നിരക്കുകള്‍ വര്‍ധിക്കുമ്പോള്‍
ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന പുതുക്കിയ കെട്ടിട നികുതി വിജ്ഞാപനം നിരവധി ആശങ്കകളാണ് ഉയര്‍ത്തുന്നത്. പുതിയ നിയമ പ്രകാരം വസ്തു(കെട്ടിട)നികുതിയുടെ അടിസ്ഥാന നിരക്കുകളിലെ വര്‍ധനവിന് പുറമേ ഓരോ വര്‍ഷവും നിരക്കുകള്‍ അഞ്ച് ശതമാനം വീതം വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. പന്ത്രണ്ട് വര്‍ഷത്തിനു ശേഷമാണ് വീടുകള്‍ ഉള്‍പ്പെടെ വിവിധ വിഭാഗം കെട്ടിടങ്ങളുടെ അടിസ്ഥാന നികുതി നിരക്ക് വര്‍ധിപ്പിച്ചത്. 2011 ലാണ് അവസാനമായി വാര്‍ഷിക കെട്ടിട നികുതിയുടെ അടിസ്ഥാന നിരക്കുകള്‍ സര്‍ക്കാര്‍ പരിഷ്‌കരിച്ചത്. പഞ്ചായത്തുകളില്‍ 2013 മുതലും നഗരസഭകളിലും കോര്‍പറേഷനുകളിലും 2016 മുതലുമാണ് അത് നടപ്പാക്കിയത്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും വസ്തുനികുതി 25% കൂട്ടി പരിഷ്‌കരിക്കുന്ന രീതി മാറ്റിയാണ് വര്‍ഷത്തില്‍ അഞ്ച് ശതമാനം വീതം വര്‍ധന വരുത്താന്‍ ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ബജറ്റിലെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് ഈ നിരക്ക് വര്‍ധനവ് വ്യവസ്ഥ ചെയ്യുന്ന ധനകാര്യ ബില്‍ നിയമസഭയില്‍ പാസാക്കിയത്. അടിസ്ഥാന നികുതിയിലെ അഞ്ച് ശതമാനം വര്‍ധനക്കൊപ്പം വര്‍ധിച്ച തുകയുടെ അഞ്ച് ശതമാനം ലൈബ്രറി സെസ് കൂടി ചേരുമ്പോള്‍ തുക വീണ്ടും ഉയരും.
300 ചതുരശ്ര മീറ്റര്‍ (3230 ചതുരശ്ര അടി) വരെ വിസ്തീര്‍ണമുള്ളതും അതില്‍ കൂടുതലും എന്ന രീതിയില്‍ വീടുകളെ രണ്ട് വിഭാഗങ്ങളായി തരംതിരിച്ച് പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ എന്നിവയ്ക്കു വ്യത്യസ്ത നിരക്കുകളാണ് നിശ്ചയിച്ചിട്ടുള്ളത്. പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ എന്നിവയില്‍ അടിസ്ഥാന നികുതിനിരക്ക് ഘടന വ്യത്യസ്തമാണ്. വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ വീടുകളെ രണ്ടായി തിരിക്കുന്നത് ഇത് ആദ്യമാണ്. എല്ലാത്തരം വീടുകളുടെയും ചതുരശ്ര മീറ്ററിനു ചുമത്താവുന്ന കുറഞ്ഞ അടിസ്ഥാന നികുതി നിരക്കുകള്‍ ഇരട്ടിയാക്കിയാണ് പുതുക്കിയ നികുതി പ്രാബല്യത്തില്‍ വന്നത്. വീടുകളുടെ അടിസ്ഥാന നികുതി നിരക്കുകളില്‍ പഞ്ചായത്തുകളിലാണ് കൂടുതല്‍ വര്‍ധനവുണ്ടായിട്ടുള്ളത്. നേരത്തേ, 300 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്ക് ഒരു ചതുരശ്ര മീറ്ററിന് കുറഞ്ഞ നിരക്ക് മൂന്ന് രൂപയും കൂടിയ നിരക്ക് എട്ട് രൂപയുമായിരുന്നത് പുതുക്കിയ നിരക്ക് പ്രകാരം യഥാക്രമം ആറ് രൂപയും പത്ത് രൂപയുമായി വര്‍ധിച്ചു. ഇതില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്കാകട്ടെ കുറഞ്ഞ നിരക്ക് എട്ട് രൂപയും കൂടിയത് 12 രൂപയുമാണ്. കുറഞ്ഞ നിരക്കും കൂടിയ നിരക്കും കണക്കിലെടുത്ത് പഞ്ചായത്തുകളാണ് എത്ര വേണമെന്നു തീരുമാനിക്കുന്നത്. നഗരസഭകളില്‍ 300 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്ക് കുറഞ്ഞ നിരക്ക് എട്ട് രൂപയും കൂടിയ നിരക്ക് 17 രൂപയുമാകുമ്പോള്‍ 300 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്ക് യഥാക്രമം പത്തും 19 ഉം രൂപയാകുന്നു. കോര്‍പറേഷനുകളിലാകട്ടെ 300 ചതുരശ്രമീറ്റര്‍ വരെ കുറഞ്ഞ നിരക്ക് പത്തും കൂടിയ നിരക്ക് 22 ഉം, 300 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ ആകുമ്പോള്‍ കുറഞ്ഞത് 12 ഉം കൂടിയത് 25 ഉം ആകുന്നു. വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയതും കുറഞ്ഞതുമായ നിരക്കുകൾ തീരുമാനിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളാണ്. തദ്ദേശ സ്ഥാപനങ്ങള്‍ പാസാക്കി പിന്നീട് വിജ്ഞാപനം ഇറക്കുന്നതോടെയാണ് കെട്ടിട നികുതി പ്രാബല്യത്തില്‍ വരുന്നത്.
പുതുക്കിയ നികുതി നിരക്ക് പ്രകാരം പഞ്ചായത്തില്‍ 1200 സ്‌ക്വയര്‍ ഫീറ്റ് വീടുവെയ്ക്കുന്നയാള്‍ക്ക് നേരത്തെയുള്ള കുറഞ്ഞ നിരക്കായ 3 രൂപ കണക്കാക്കിയായിരുന്നെങ്കില്‍ 370 രൂപയാകുന്നിടത്ത് പുതിയ അടിസ്ഥാന നികുതി പ്രകാരം 740 രൂപയാകും. അതായത് നിരക്ക് വര്‍ധന ഇരട്ടിയോളമാകുമെന്നര്‍ഥം. സമാനമായ വര്‍ധന നഗരസഭയിലും കോര്‍പറേഷനിലുമുണ്ടാകും. ഇതുകൂടാതെ മൊബൈല്‍ ടവറുകള്‍, ആശുപത്രി കെട്ടിടങ്ങള്‍, ഹോസ്റ്റലുകള്‍, ഹോം സ്റ്റേ എന്നിവയ്ക്കെല്ലാം നികുതി നിരക്കില്‍ വര്‍ധന വന്നിട്ടുണ്ട്. വീട്ടുടമസ്ഥന്‍ താമസിക്കുന്ന 60 ചതുരശ്ര മീറ്ററില്‍ കൂടാത്ത വീടുകള്‍ക്ക് നിരക്കില്‍ ഇളവുണ്ടാകും. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കും കളിസ്ഥലങ്ങള്‍ക്കും വായനശാലകള്‍ക്കും നികുതി നിരക്കില്‍ ഇളവുണ്ട്. എന്നാല്‍, സര്‍ക്കാര്‍ അംഗീകാരമുള്ള അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഇളവുണ്ടാകില്ല. കെട്ടിക നികുതി, ഫീസ് എന്നിവ അടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴ ഒന്നില്‍ നിന്ന് രണ്ടു ശതമാനമായി ഉയര്‍ത്തി കുടിശ്ശിക, പൊതുനികുതി കുടിശ്ശിക എന്ന പോലെ ഈടാക്കും. തദ്ദേശ സെക്രട്ടറിക്ക് വാറന്റ് പ്രകാരം വീഴ്ച വരുത്തുന്നവരുടെ ജംഗമ വസ്തുക്കള്‍ ജപ്തി ചെയ്ത് വിറ്റ് നേരിട്ട് ഈടാക്കാനും കഴിയും.
ഒരാളുടെ ഒന്നിലധികമുള്ള വീടിന് ഉയര്‍ന്ന നികുതി ഈടാക്കുമെന്ന പ്രഖ്യാപനം വന്നെങ്കിലും വിമര്‍ശനങ്ങളെ തുടര്‍ന്ന് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുകയാണ്. നികുതി നിര്‍ണയത്തിനായി കെട്ടിടത്തിലെ മേല്‍ക്കൂരയുള്ള ഏതെങ്കിലും ഭാഗത്തെ ഒഴിവാക്കുകയോ മേല്‍ക്കൂരയില്ലാത്ത ഭാഗത്തെ ഉള്‍പ്പെടുത്തുകയോ മേല്‍ക്കൂരയുള്ളതും ചുമരില്ലാത്തുമായ ഏതെങ്കിലും ഭാഗത്തെ ഉള്‍പ്പെടുത്തുകയോ ചെയ്യാം എന്നും വിജ്ഞാപനത്തിലുണ്ട്. പുതിയതും പുതുക്കിപ്പണിതതും ഉപയോഗത്തില്‍ മാറ്റം വരുത്തിയതുമായ കെട്ടിടങ്ങളുടെ കാര്യത്തില്‍ നികുതി നിശ്ചയിച്ച് തുടര്‍ നടപടി എടുക്കുന്നത് സെക്രട്ടറിയായിരിക്കും. അഞ്ചു ശതമാനം വീതം വര്‍ധനയുടെ കാര്യം ഡിമാന്‍ഡ് നോട്ടീസില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ഇതല്ലാത്ത കെട്ടിടങ്ങള്‍ക്കും വര്‍ഷം അഞ്ച് ശതമാനം വരുന്ന വര്‍ധന ഡിമാന്‍ഡ് നോട്ടീസില്‍ ഉള്‍പ്പെടുത്തും.
അടിസ്ഥാന നികുതി നിരക്കിലെ വര്‍ധനവ് കൊണ്ട് തീരുന്നതല്ല നികുതി ഭാരം. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ പ്രഥമ, ദ്വിതീയ, ത്രിതീയ മേഖലകളാക്കി തരം തിരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതു പ്രകാരം ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ മേഖലയിലും വ്യത്യസ്ത നികുതി നിരക്കുകള്‍ ആയിരിക്കും കണക്കാക്കുന്നത്. പത്തു വര്‍ഷത്തിനിടെ റോഡ് അല്ലെങ്കില്‍ ജംഗ്ഷന്‍ വികസനം നടന്ന പ്രദേശങ്ങളില്‍ നിര്‍മിച്ച പുതിയ കെട്ടിടങ്ങള്‍ക്ക് കൂടിയ വസ്തു (കെട്ടിട) നികുതി ഈടാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. പുതിയ വാണിജ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വന്ന പ്രദേശങ്ങളിലും ഉയര്‍ന്ന നികുതി ഈടാക്കും. ഇത് അടിസ്ഥാന നിരക്കില്‍ നിന്ന് മുപ്പത് ശതമാനം വരെയാകും വര്‍ധനവ്. കെട്ടിടങ്ങളുടെ ഉപയോഗത്തിനും വിസ്തീര്‍ണത്തിനും അനുസരിച്ച് അടിസ്ഥാന നികുതിയുടെ കൂടിയതും കുറഞ്ഞതുമായ നിരക്കുകള്‍ കൂട്ടി നിശ്ചയിച്ചതിന് പുറമേയാണ് മേഖലകളുടെ അടിസ്ഥാനത്തില്‍ വരുന്ന ഈ അധിക വര്‍ധന.
സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞതും കൂടിയതുമായ അടിസ്ഥാന നിരക്കുകള്‍ക്കുള്ളില്‍ നിന്ന് ഉചിതമായ നിരക്കുകള്‍ നിശ്ചയിക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികള്‍ക്കാണ്. സര്‍ക്കാര്‍ നിരക്ക് അടിസ്ഥാനമാക്കി വസ്തുനികുതി ചട്ടങ്ങള്‍ പ്രകാരം റോഡിന്റെ സാമീപ്യം, മാസ്റ്റര്‍ പ്ലാന്‍ പ്രകാരം നിര്‍ദിഷ്ട സോണ്‍ എന്നിങ്ങനെ പല ഘടകങ്ങള്‍ ആശ്രയിച്ചാകും നികുതി നിശ്ചയിക്കുക. തറ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തിലോ ഭൂമിയുടെ ന്യായ വില ഉള്‍പ്പെടെ നിര്‍മിതിയുടെ ഏതെങ്കിലും ഘടകങ്ങളുടെ അടിസ്ഥാനത്തിലോ നിരക്കുകള്‍ നിശ്ചിയിക്കാം. ഭൂമിയുടെ ന്യായവിലയെയും നികുതി നിര്‍ണയത്തില്‍ അവലംബമാക്കാന്‍ കഴിയുന്നതോടെ ഇത് നികുതി നിര്‍ണയ രീതി മാറുന്നതിന് വഴിയൊരുക്കുകയും ഭാവിയില്‍ കൂടുതല്‍ ബാധ്യത ഉടമകള്‍ക്ക് വരുത്തുകയും ചെയ്യും.
കെട്ടിട നികുതി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പൊതുജനത്തെയും വാണിജ്യ-വ്യവസായ-സര്‍വീസ് മേഖലകളെയും വലിയ തോതിലായിരിക്കും ബാധിക്കുക. ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കും ഓഫീസുകള്‍ക്കും കടകള്‍ക്കും പതിനഞ്ച് മുതല്‍ ഇരുപത് ശതമാനം വരെയാണ് നികുതി വര്‍ധനവുണ്ടായിട്ടുള്ളത്. ആശുപത്രികളുടെ നികുതിയില്‍ ഇരട്ടിയിലധികം വര്‍ധനയുണ്ട്. ആശുപത്രികള്‍ക്ക് പഞ്ചായത്തുകളില്‍ 400 ശതമാനത്തോളമാണ് വര്‍ധന. കോര്‍പ്പറേഷനിലും മുനിസിപ്പാലിറ്റിയിലും 200 ശതമാനം കൂട്ടി. ആശുപത്രികളുടെ നികുതി പഞ്ചായത്തുകളില്‍ നേരത്തെ എട്ട് രൂപയായിരുന്നത് 30 രൂപയായി വര്‍ധിച്ചു. നഗരപ്രദേശങ്ങളില്‍ നേരത്തെ ഉണ്ടായിരുന്ന 20ല്‍ നിന്ന് 40 രൂപയായാണ് വര്‍ധന. മുനിസിപ്പാലിറ്റികളില്‍ 35 രൂപയാണ് നിരക്ക്. മൊബൈല്‍ കമ്പനികള്‍ക്കും തിരിച്ചടിയാണ്. ചതുരശ്ര മീറ്ററിന് 500 രൂപയില്‍ നിന്ന് 800 ആയി വര്‍ധിപ്പിച്ചു. പഞ്ചായത്തുകളിലാകട്ടെ 600 രൂപയുമാണ് നികുതി. ആശുപത്രികളുടെ നികുതി ഇരട്ടിയാക്കിയും വര്‍ധിപ്പിച്ചു. കടകളുടെയും ഹോട്ടലുകളുടെയും ഓഫീസ് കെട്ടിടങ്ങളുടെയും നികുതിയില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്.
പഞ്ചായത്തുകളില്‍ ഹോട്ടല്‍, ലോഡ്ജ് എന്നിവയുടെ നിരക്ക് 60 രൂപയില്‍ നിന്ന് 70 രൂപയായാണ് വര്‍ധിപ്പിച്ചത്. കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റിയിലും വാണിജ്യാവശ്യത്തിനുള്ള മാളുകള്‍ക്ക് 120 രൂപയില്‍ നിന്ന് 170 രൂപയാണ് നികുത വര്‍ധന. ചെറിയ കെട്ടിടങ്ങള്‍ക്ക് ചതുരശ്ര മീറ്ററിന് അഞ്ച് രൂപ വീതം വര്‍ധിപ്പിച്ചു. മൊബൈല്‍ടവര്‍ നികുതി ചതുരശ്ര മീറ്ററിന് 500 ല്‍ നിന്നും 800 ആക്കി. റിസോര്‍ട്ടുകളുടെ നികുതി പഞ്ചായത്തുകളില്‍ 90 ല്‍ നിന്നും 95 ആയി കൂട്ടി. കോര്‍പ്പറേഷനുകളില്‍ ഇത് 90 ല്‍ നിന്നും 100 ആക്കിയിട്ടുണ്ട്.
ഇതോടൊപ്പം വരുമാന വര്‍ധന ലക്ഷ്യമിട്ട് കെട്ടിടങ്ങളിലെ അധിക നിര്‍മാണം കണ്ടെത്തി നികുതി പുനര്‍നിര്‍ണയിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വീടുകള്‍ ഉള്‍പ്പെടെ കെട്ടിടങ്ങള്‍ പലതിലും കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയശേഷം കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നവയാണ്. കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ കൂടി അളവില്‍ ഉള്‍പ്പെടുത്തി നികുതി പുതുക്കേണ്ടിവരും.
കെട്ടിടത്തിന്റെ നികുതി നിശ്ചയിച്ച ശേഷം വരുത്തുന്ന തരം മാറ്റങ്ങള്‍ മുപ്പത് ദിവസത്തിനുള്ളില്‍ അറിയിക്കാത്ത വസ്തു ഉടമകള്‍ക്ക് കെട്ടിട നികുതി പിഴയായി ഈടാക്കാനും കെട്ടിടനികുതിയുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലുണ്ട്. കെട്ടിട നികുതി വര്‍ഷം തോറും അഞ്ച് ശതമാനം വര്‍ധിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ധനകാര്യ ബില്‍ നിയമസഭ പാസാക്കിയതിന് പിന്നാലെത്തന്നെയാണ് നികുതി പിരിച്ചെടുക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശവുമായത്.
വസ്തുനികുതി നിര്‍ണയിച്ച ശേഷം തറവിസ്തീര്‍ണത്തിലോ, ഉപയോഗത്തിലോ വരുത്തുന്ന മാറ്റം മുപ്പത് ദിവസത്തിനുള്ളില്‍ തദ്ദേശസ്ഥാപന സെക്രട്ടറിയെ അറിയിച്ചില്ലെങ്കില്‍ പുതിയ നികുതിയാകും ബാധകമാകുക. നിലവില്‍ വര്‍ഷങ്ങളായി താമസിക്കുന്ന വീട്ടില്‍ അറ്റകുറ്റപണി നടത്തിയവര്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ അറിയിച്ചില്ലെങ്കില്‍ പരമാവധി അഞ്ഞൂറ് രൂപ പിഴ ചുമത്താനും നിര്‍ദ്ദേശമുണ്ട്. നേരത്തെ കെട്ടിടം തരം മാറ്റി ഉപയോഗിച്ചാലും അറ്റകുറ്റപണി നടത്തിയാലും കണ്ടെത്തി പിഴ ചുമത്തേണ്ടത് തദ്ദേശസ്ഥാപനത്തിന്റെ ചുമതലയായിരുന്നതാണ് പുതിയ ഭേദഗതിയോടെ വീട്ടുടമയുടെ ഉത്തരവാദിത്വമായി മാറിയത്.
നിലവില്‍ നികുതി അടച്ചു കൊണ്ടിരിക്കുന്ന ഒരുനില വീടിന് മുകളില്‍ പുതിയ നില പണിതതിന് ശേഷം പഞ്ചായത്ത് അധികൃതര്‍ വീട് മുഴുവന്‍ അളന്ന് പുതുക്കിയ നിരക്ക് പ്രകാരം നികുതി കണക്കാക്കുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതായി അരീക്കോട് സ്വദേശിയായ മുജീബ് റഹ്മാന്‍ പറയുന്നു.
‘നമ്മള്‍ വീടിന്റെ മുകളിലോട്ട് എടുക്കുമ്പോഴും ടോട്ടല്‍ വീടിന്റെ സ്‌ക്വയര്‍ഫീറ്റ് നോക്കിയാണ് ടാക്‌സ് വര്‍ധനവ്. അതായത് നിലവില്‍ കെട്ടിട നികുതിയും സ്ഥലത്തിന്റെ നികുതിയും ഒക്കെ അടച്ചുകൊണ്ടിരിക്കുന്ന വീടിന്റെ മുകളിലേക്ക് റൂം എടുത്താലും അത് മൊത്തത്തില്‍ നോക്കിയാണ് ടാക്‌സ് അടക്കേണ്ടി വരുന്നത്. നിലവിലുള്ളതിന്റെ മുകളിലേക്ക് എടുക്കുമ്പോള്‍ അതിനു മാത്രമാണ് പുതുക്കിയ നികുതി എങ്കില്‍ കുഴപ്പമില്ല. എന്നാല്‍ ഇത് വീടിന് മുഴുവന്‍ പുതിയ നികുതി നിരക്ക് പ്രകാരം നികുതി വരുന്നത് സാധാരണക്കാരെ സംബന്ധിച്ച് സാമ്പത്തിക ബാധ്യത തന്നെയാണ്. കാരണം വീടിന് നമ്മള്‍ ഒന്നോ രണ്ടോ റൂം കൂട്ടുന്നത് പൈസ ധാരാളം ഉണ്ടായതുകൊണ്ടായിരിക്കില്ല, വീട്ടിലെ അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് കൊണ്ടാണ്. അതായത് കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ സ്വാഭാവികമായും റൂമിന്റെ എണ്ണം കൂട്ടേണ്ടതായി വരും. പ്രത്യേകിച്ച് പെണ്‍കുട്ടികളുള്ള വീടുകളില്‍. ഒപ്പം കാര്‍പോച്ചും ടെറസിനുമുകളില്‍ ഷീറ്റ് ഇട്ടിട്ടുണ്ടെങ്കില്‍ അതും അളന്നിട്ടാണ് നികുതി കണക്കാക്കുന്നത്. അങ്ങനെ വരുമ്പോള്‍ നല്ലൊരു സംഖ്യ സാധാരണക്കാരന്റെ കയ്യില്‍ നിന്ന് പോകും. നികുതി പിരിക്കുന്നതിന് എതിരല്ല. എന്നാല്‍ സാധാരണക്കാരുടെ വീടുകള്‍ ലക്ഷ്വറി വീടായി കണക്കാക്കി നികുതി വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല.' അരീക്കോട് സ്വദേശി മുജീബ് റഹ്മാന്‍ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
അമിത ബാധ്യതയായി മാറുന്ന ബില്‍ഡിംഗ് പെര്‍മിറ്റ് ഫീസ്
വസ്തു നികുതി പരിഷ്‌കരണത്തോടൊപ്പം തന്നെ സംസ്ഥാനത്ത് കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് ഫീസിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ കെട്ടിട നിര്‍മാണ പെര്‍മിറ്റിനുള്ള ഫീസ് അടക്കമുള്ള നികുതികള്‍ ഏപ്രില്‍10 മുതല്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ പുതിയ കെട്ടിടങ്ങളുടെ പെര്‍മിറ്റിന് അപേക്ഷിച്ചാല്‍ ഉടനടി പെര്‍മിറ്റ് ലഭ്യമാകും എന്നാണ് ഫീസ് വര്‍ധനവിനെ ന്യായീകരിച്ചുകൊണ്ട് തദ്ദേശ സ്വയം വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറയുന്നത്. വീട് അടക്കമുള്ള കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍ അപേക്ഷ നല്‍കി മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. ഈ കാലതാമസമെടുക്കുന്നതിന് പരിഹാരമാകും എന്നാണ് മന്ത്രി പറയുന്നത്. ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് അപേക്ഷയെങ്കില്‍, ഓണ്‍ലൈനായി അപേക്ഷിച്ച് ഒരു മണിക്കൂറിനകം പെര്‍മിറ്റ് കിട്ടുമെന്നും പെര്‍മിറ്റ് ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്ന സ്ഥിതിയും അതുകൊണ്ടുണ്ടാകുന്ന നഷ്ടവും ഇതിന്റെ ഫലമായി അപേക്ഷകര്‍ക്ക് ഇല്ലാതായി എന്നും മന്ത്രി എം.ബി. രാജേഷ് തന്റെ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു. എന്നാല്‍ കാലതാമസം ഉണ്ടായിരുന്നു എന്നത് തദ്ദേശസ്വയം വകുപ്പ് മന്ത്രി തന്നെ അംഗീകരിക്കുമ്പോള്‍ അതിനുള്ള കൃത്യമായ പരിഹാരം കാണാതെ പെര്‍മിറ്റ് ഫീസുകളില്‍ വരുത്തിയ അമിത വര്‍ധനവ് ന്യായീകരിക്കാനാകില്ല. മാത്രമല്ല, KPBR (Kerala Panchayat Building Rules) പ്രകാരം 15 ദിവസത്തിനുള്ളില്‍ പെര്‍മിറ്റ് കൊടുക്കണമെന്ന നിയമം നിലവിലുണ്ട് എന്നിരിക്കെ പെര്‍മിറ്റ് ഫീസില്‍ ഉണ്ടായ വര്‍ധനവ് സാധാരണക്കാരന് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.
1614 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള വീടുകളുടെ പെര്‍മിറ്റ് അപേക്ഷാ ഫീസുകളുടെ പഞ്ചായത്തിലെ പഴയ നിരക്ക് 555 ആയിരുന്നത് പുതുക്കിയ നിരക്ക് പ്രകാരം 8,506 രൂപയാണ്. ഇത് മുന്സിപ്പാലിറ്റിയിലേക്ക് വരുമ്പോള്‍ പഴയ നിരക്ക് 555 ആയിരുന്നത് 11,500 ഉം കോര്‍പറേഷനില്‍ 800 രൂപയായിരുന്നത് 16000 രൂപയുമായി വര്‍ധിച്ചു. 2691 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള വീടുകളുടെ കാര്യത്തില്‍ പഞ്ചായത്തിലേത് 1,780 ല്‍ നിന്ന് 26,000 രൂപയായി വര്‍ധിച്ചു. അതായത് ഒറ്റയടിക്ക് 24,000 ത്തോളം രൂപയാണ് വര്‍ധിച്ചത്. മുന്സിപ്പാലിറ്റിയില്‍ 1,780 രൂപയുണ്ടായിരുന്നത് 31,000 രൂപയാകുകയും കോര്‍പറേഷനില്‍ 2,550 രൂപയുണ്ടായിരുന്നത് 38,500 രൂപയായി വര്‍ധിക്കുകയും ചെയ്തു. ഫ്രണ്ട് ഓഫീസില്‍ അപേക്ഷ നല്‍കാന്‍ 30 രൂപയുണ്ടായിരുന്നത് 300 മുതല്‍ 3,000 രൂപ വരെയാക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം 80 ചതുരശ്ര മീറ്റര്‍ (861.1 ചതുരശ്ര അടി) വരെയുള്ള നിര്‍മ്മാണത്തിന് നിലവിലുള്ള പെര്‍മിറ്റ് ഫീസില്‍ വര്‍ധനവുണ്ടാകില്ല. എന്നാല്‍ 900 സ്‌ക്വയര്‍ ഫീറ്റ് വീട് എന്നത് കേരളത്തില്‍ ഒരു സാധാരണക്കാരന്റേതാണ്. നേരത്തെ പെര്‍മിറ്റ് ഫീ 555 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ പഞ്ചായത്തിലാണെങ്കില്‍ 8,500 രൂപയും മുനിസിപ്പാലിറ്റിയിലാണെങ്കില്‍ 11,500 രൂപയും കോര്‍പ്പറേഷനിലാണെങ്കില്‍ 16,000 രൂപയും കൊടുക്കേണ്ടി വരും. 3,000 സ്‌ക്വയര്‍ ഫീറ്റിന് താഴെയുള്ള വീടുകള്‍ക്ക് വലിയ തുക ഈടാക്കുന്നത് സാധാരണക്കാര്‍ക്ക് വലിയ ബാധ്യത തന്നെയാണ്. വീടുകള്‍ക്ക് 1200 ഉം 1700 ഉം ഒക്കെ സ്‌ക്വയര്‍ ഫീറ്റ് എന്നത് കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളില്‍ സാധാരണമാണ്. അതൊരിക്കലും വലിയ സാമ്പത്തിക സ്ഥിതിയുള്ളവരുടേതായി കണക്കാക്കാനാകില്ല. മെച്ചപ്പെട്ട ജീവിത നിലവാരം ആഗ്രഹിക്കുന്ന ഏതൊരാളും ബാങ്കിൽ നിന്ന് ലോൺ എടുത്തോ മറ്റേതെങ്കിലും തരത്തിൽ വായ്പയെടുത്തോ വീട് വിപുലമാക്കാൻ ശ്രമിക്കും. അത് സമ്പന്നനായതുകൊണ്ടായിരിക്കില്ല, സാഹചര്യങ്ങൾ കൊണ്ടായിരിക്കും. കേരളം പോലെയൊരു സംസ്ഥാനത്ത് വിവാഹം പോലെയുള്ള കാര്യങ്ങളിൽ വീടിന്റെ വിസ്തീർണവും സൗകര്യങ്ങളുമെല്ലാം വലിയ പ്രാധാന്യത്തോടെ കണക്കാക്കുന്ന ഘടകങ്ങളാണ്. അത്തരത്തിലുള്ള സാമൂഹികാന്തരീക്ഷം നിലനിൽക്കുന്നിടത്ത് നികുതി നിരക്ക് പരിഷ്കരിക്കുമ്പോൾ അളവുകോലാക്കുന്ന മാനദണ്ഡങ്ങളിൽ കൃത്യമായ പഠനവും സൂക്ഷ്മ തലത്തിലുള്ള പരിശോധനയും ആവശ്യമാണ്.
ആശങ്കകള്‍ മാറാതെ അപേക്ഷകര്‍
കെട്ടിട നികുതിയുമായി ബന്ധപ്പെട്ട പുതിയ ധനകാര്യ ബില്‍ നിയമസഭ പാസാക്കിയ ശേഷം കെട്ടിട നിര്‍മാണ നികുതികളില്‍ വട്ടം ചുറ്റുകയാണ് അപേക്ഷകര്‍. പഴയ അപേക്ഷകള്‍ക്കും പുതിയ ഫീസ് വാങ്ങണോ എന്നറിയാതെ ഇത് ഉദ്യോഗസ്ഥര്‍ക്കും ആശയക്കുഴപ്പം ഉണ്ടാക്കുന്നു. കെട്ടിട നിര്‍മാണ പെര്‍മിറ്റിനുള്ള അപേക്ഷകളിലെ ഫീസ് സംബന്ധിച്ചാണ് ആശയക്കുഴപ്പം. പുതിയ ഫീസ് നല്‍കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍അപേക്ഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പഴയ അപേക്ഷകളില്‍ പഴയ നിരക്ക് വാങ്ങിയാല്‍ മതിയെന്ന് ഉത്തരവിറക്കുമെന്നും മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് വരുന്നതിന് മുന്‍പ് ലഭിച്ച നിരവധി അപേക്ഷകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ട്. സാമ്പത്തിക വര്‍ഷം അവസാനിക്കാനായതിനാല്‍ ജീവനക്കാര്‍ തിരക്കിലായതാണു കാരണം. പുതുക്കിയ കെട്ടിട നിര്‍മാണ നികുതി വര്‍ധന നടപ്പാക്കുന്നതിനു മുന്‍പ് മാര്‍ച്ചില്‍ തന്നെ വിവിധ ആവശ്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയവരുടെ കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ തീരുമാനമെടുത്തിരുന്നില്ല. ഫീസ് വര്‍ധന നടപ്പില്‍ വരുമെന്നു പ്രതീക്ഷിച്ച് ചില തദ്ദേശ സ്ഥാപനങ്ങള്‍ ബോധപൂര്‍വം അപേക്ഷകള്‍ പരിഗണിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇവരോട് പുതുക്കിയ നിരക്ക് പ്രകാരമുള്ള ഫീസ് അടയ്ക്കാനാണ് ആവശ്യപ്പെടുന്നത്. റെഗുലറൈസേഷന് പഴയ നിരക്ക് പ്രകാരം 2,562 രൂപ അടയ്ക്കേണ്ടിയിരുന്ന കെട്ടിട ഉടമ പുതുക്കിയ നിരക്കു പ്രകാരം 36,000 രൂപ അടയ്ക്കണം. 5,000 രൂപ അടയ്ക്കേണ്ടിയിരുന്ന വാണിജ്യ കെട്ടിട ഉടമയോട് ഒന്നര ലക്ഷം രൂപയാണ് അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഇത്രയും തുക അധികമായി അടയ്ക്കേണ്ടിവരുന്നത് കെട്ടിട ഉടമകള്‍ക്കു വന്‍ബാധ്യതയാണുണ്ടാക്കുന്നത്. നികുതി പുതുക്കി നിശ്ചയിച്ച ഉത്തരവില്‍ പഴയ അപേക്ഷകളുടെ കാര്യം വ്യക്തമാക്കുന്നില്ലെന്നാണ് ഇതിന് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ഇക്കാര്യത്തില്‍ കൃത്യത വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കേണ്ടതുണ്ട്. അതേസമയം, നിരക്കു വര്‍ധന പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പു ലഭിച്ച അപേക്ഷകളില്‍ പഴയ നിരക്കു തന്നെയാണ് വാങ്ങേണ്ടതെന്ന ഉത്തരവ് ഇറക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് മന്ത്രി എം.ബി. രാജേഷ് പറയുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് പെര്‍മിറ്റ് ലഭിക്കാന്‍അപേക്ഷ നല്‍കിയിട്ടും പുതുക്കിയ നിരക്ക് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നിരവധി പേരാണ് ആശങ്കയിലായത്. പ്രത്യേകിച്ച് വീടുകള്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍ അപേക്ഷ നല്‍കിയവരെയാണ് ഇത് വലിയ തോതില്‍ ബാധിച്ചത്.
മലപ്പുറം ജില്ലയിലെ മംഗലം സ്വദേശിയായ സാജിദ് പുതുക്കിപ്പണിത വീടിന് പെര്‍മിറ്റ് ലഭിക്കാന്‍ അപേക്ഷ നല്‍കാന്‍ പഞ്ചായത്തില്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍ സാജിദിന്റെ വീടിരിക്കുന്ന ഭൂമിയുടെ തരം മാറ്റാതെ അപേക്ഷ സ്വീകരിക്കില്ലെന്ന് പഞ്ചായത്തില്‍ നിന്നും മറുപടി ലഭിച്ചതിനെ തുടര്‍ന്ന് സാജിദിന് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.
‘പെര്‍മിറ്റ് ലഭിക്കാന്‍ അപേക്ഷ നല്‍കാന്‍ പഞ്ചായത്തില്‍ ചെല്ലുമ്പോഴെല്ലാം ഭൂമി തരം മാറ്റി വരാനാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഭൂമി തരം മാറ്റാന്‍ നല്‍കി മൂന്ന് കൊല്ലമായിട്ടും നടപടിയൊന്നുമായില്ല. അവസാനമായി അധികൃതര്‍ പറഞ്ഞത് രണ്ട് മാസം കഴിഞ്ഞ് മറുപടി ലഭിക്കുമെന്നാണ്. ഇപ്പോഴാണെങ്കില്‍ വീടിന് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഏപ്രില്‍ ഒന്നിന് ശേഷം അപേക്ഷിച്ചവര്‍ക്കാണ് അത് ബാധകമാകുന്നത് എന്നാണ് പറയുന്നത്. എന്നാല്‍ അതിന് എത്രയോ മുന്‍പ് പെര്‍മിറ്റിന് അപേക്ഷിക്കാനായി പലതവണ പഞ്ചായത്തില്‍ ചെന്നിട്ടുണ്ട്. ഇനിയിപ്പോള്‍ 1700 സ്‌ക്വയര്‍ഫീറ്റുള്ള എന്റെ വീടിന് 1,780 രൂപ അടക്കേണ്ടിയിരുന്നത് 26,000 അടക്കേണ്ടതായി വരും.' സാജിദ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ധനകാര്യ ബില്‍ വഴി 2015 ല്‍കേരള സര്‍ക്കാര്‍ ചട്ട ഭേദഗതി കൊണ്ടുവന്നിരുന്നു. അത് പ്രകാരം 2008 ന് മുന്‍പ് നികത്തിയ വയലുകള്‍ പറമ്പായി പതിച്ചു കൊടുക്കുന്നതിന് ഉത്തരവായിരുന്നു. ഈ ഭേദഗതി പ്രകരമാണ് സാജിദ് ഭൂമി തരം മാറ്റുന്നതിന് അപേക്ഷിച്ചത്. ഇതേ പ്രശ്നം നേരിടുന്ന നിരവധി പേർ ഈ തീരദേശ മേഖലയിലുണ്ട്. വയലുകൾ കൂടുതലുള്ള പ്രദേശമായിരുന്നതിനാൽ പലരും അത് മണ്ണിട്ട് നികത്തിയാണ് വീടുവെച്ചിരുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷം വീട് പുതുക്കി പണിതപ്പോഴാണ് പെർമിറ്റ് ലഭിക്കാനായി ഇങ്ങനെ കടമ്പകൾ താണ്ടേണ്ടി വരുന്നത്.
നികുതി വര്‍ധനവിന് ന്യായീകരണമായി പറയുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാലാണെന്നാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന വാദമുയര്‍ത്തി സാധാരണക്കാരുടെ മേല്‍ അമിത സാമ്പത്തിക ഭാരമേല്‍പ്പിച്ചുകൊണ്ടുള്ള നികുതി വേട്ട അംഗീകരിക്കാനാകില്ല.
നികുതി നിരക്കുകളില്‍ കാലാനുസൃതമായ വര്‍ധനവ് ഉണ്ടാകണം. എന്നാല്‍ അത് ഒരിക്കലും പൊതുജനങ്ങള്‍ക്ക് മേലുള്ള നികുതി കൊള്ളയാകരുത്. നിരക്കുകളില്‍ ഉണ്ടായ വര്‍ധനവില്‍ മാറ്റം വരും എന്ന പ്രതീക്ഷയിലാണ് നിരവധി പേര്‍. ആ പ്രതീക്ഷ തല്ലിക്കെടുത്താതെ പുതിയ ഉത്തരവുകള്‍ സര്‍ക്കാര്‍ പുനഃപരിശോധിച്ച് ഉചിതമായ പരിഹാരം കാണേണ്ടതുണ്ട്.