സാമ്പത്തിക അടിയന്തിരാവസ്ഥ എന്ന അസംബന്ധം, ഇതാ കണക്കുകൾ

കേന്ദ്രധനവിഹിതം സംബന്ധിച്ചും കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ വിവേചനം സംബന്ധിച്ചും കേന്ദ്ര ധനമന്ത്രി തന്നെ വന്ന് വാസ്തവ വിരുദ്ധതപ്രചരിപ്പിക്കുന്ന സ്ഥിതിയാണ് ഉടലെടുക്കുന്നത്. നികുതി വിഹിതമായും ഗ്രാന്‍ഡുകളായും കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതമായും സംസ്ഥാനം ആവശ്യപ്പെടുന്നത് ഔദാര്യമല്ല. എല്ലാ സംസ്ഥാനങ്ങളുടെയും ശരാശരി എടുത്താല്‍ കേന്ദ്രക്കൈമാറ്റം 45 ശതമാനമാണ്. ഈ വ്യത്യാസം വരുത്തുന്ന വിവേചനമാണ് കേരളത്തിന്റെ ധന അസന്തുലിതാവസ്ഥയുടെ അടിസ്ഥാനം. അതു ചര്‍ച്ച ചെയ്യപ്പെടുന്നതും പ്രചരിക്കുന്നതും തടയുക എന്നസംഘപരിവാര്‍ അജണ്ടയുടെ സൃഷ്ടിയാണ് സാമ്പത്തിക അടിയന്തിരാവസ്ഥ എന്ന അസംബന്ധം.

ഭരണഘടനയുടെ പതിനെട്ടാം ഭാഗത്താണ് അടിയന്തരാവസ്ഥ സംബന്ധിച്ച വ്യവസ്ഥകൾ (emergency provisions) ഉള്ളത്. ആർട്ടിക്കിളുകൾ 352 മുതൽ 360 വരെ. ഇവയിൽ ആർട്ടിക്കിൾ 352 ഉം 356 ഉം നമുക്കു പരിചിതമാണ്. ആഭ്യന്തര അടിയന്തിരാവസ്ഥയും സംസ്ഥാനങ്ങളെ പിരിച്ചുവിടലും. പരിചയം മാത്രമല്ല, അനുഭവവങ്ങളും വേണ്ടുവോളമുണ്ട്. അടിയന്തിരാവസ്ഥകൾ അത്ര മധുരമുള്ള, അത്ര നല്ല അനുഭവങ്ങളായി സാധാരണ മനുഷ്യർ കരുതാനിടയില്ല. എന്നാൽ ആർട്ടിക്കിൾ 360 അത്ര പരിചിതമല്ല. അനുഭവങ്ങളുമില്ല. ഇവ മൂന്നിനും ഉള്ള ഒരു പൊതുസ്വഭാവമുണ്ട്. ഫെഡറൽ ഘടനയെ, സംസ്ഥാനങ്ങളെ, അസ്ഥിരപ്പെടുത്തുന്ന അവസ്ഥകളാണ് ഈ അടിയന്തിരാവസ്ഥകൾ എന്നതാണ് ആ പൊതുസ്വഭാവം. ഇന്ത്യൻ ജുഡീഷ്യറിയും അങ്ങനെയാണ് അവയെ നോക്കിക്കണ്ടിട്ടുള്ളത്.

രാജ്യസുരക്ഷ അപകടത്തിലാണെന്ന് ഇന്ത്യൻ പ്രസിഡന്റിന് ബോധ്യമായാൽ അപ്പോഴാണ് നമുക്കു പരിചിതമായ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇന്ത്യാ സർക്കാരിന് അങ്ങനെ തോന്നുമ്പോൾ എന്നതാണ് പ്രായോഗിക അനുഭവം. യുദ്ധം, വിദേശ കടന്നാക്രമണം, സായുധ കലാപം ഇവയൊക്കെയാണ് സാഹചര്യം. മൗലിക അവകാശങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യങ്ങളെയും സംഘടനാ സ്വാതന്ത്ര്യത്തെയും വരെ ഏറ്റെടുക്കാം. സംസ്ഥാന സർക്കാരുകൾ കേന്ദ്ര വരുതിയിലാക്കാം. സംസ്ഥാനത്തിന്റെ നികുതി അധികാരങ്ങൾ കേന്ദ്രം ഏറ്റെടുക്കാം. ചുരുക്കത്തിൽ സംസ്ഥാനങ്ങൾ സാമന്തപദവിയിലേക്കു പതിക്കും. സാധാരണ ഘട്ടങ്ങളിൽ തന്നെ നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ വീറ്റോ ചെയ്യുന്നതാണ് ഏറ്റവും അഭികാമ്യമായ അവസ്ഥ എന്നു കരുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് ഇതിൽ പ്രത്യേക ഖിന്നത തോന്നാൻ  വഴിയില്ലല്ലോ? കേന്ദ്രം നികുതി പിരിച്ച് ഔദാര്യം പോലെ തരുന്നത് വാങ്ങുക, അതിന് അവകാശം പറയുന്നത് അനൗചിത്യമാണ് എന്നു കരുതുന്നവർക്ക് സംസ്ഥാനത്തിന്റെ നികുതി അധികാരം പോയാൽ എന്തു വ്യഥ ഉണ്ടാകാനാണ്? നാവടക്കണം എന്നതാണ് പണിയെടുക്കുന്നതിന് ഏറ്റവും ഉചിതമായ അവസ്ഥ എന്നു കരുതിയാൽ പൗരാവകാശങ്ങളെക്കുറിച്ചു വേവലാതി ഉണ്ടാകുമോ?

സംസ്ഥാനങ്ങളെ പിരിച്ചുവിടുന്ന തരം അടിയന്തിരാവസ്ഥയാണ് മറ്റൊന്ന്. ആർട്ടിക്കിൾ 356 പ്രകാരമുള്ള അടിയന്തിരാവസ്ഥ. ഗവർണറുടെ റിപ്പോർട്ട് പരിഗണിച്ച് ഏതെങ്കിലും സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകർന്നിരിക്കുന്നു എന്നു പ്രസിഡണ്ടിനു ബോധ്യമായാൽ സംസ്ഥാന സർക്കാരിനെ പിരിച്ചു വിടാം.ഇവിടെയും ഓർക്കേണ്ട വസ്തുത പ്രസിഡന്റിന്റെ ബോധ്യം എന്നാൽ പ്രായോഗികമായി കേന്ദ്ര സർക്കാരിന്റെ ‘ഉപദേശം’ ആണെന്നതാണ്. നിയമസഭ സസ്പെൻഡ് ചെയ്യാം. ഇവിടെയും സംസ്ഥാന ഭരണാധികാരവും നിയമനിർമ്മാണ അധികാരവും കേന്ദ്രം കയ്യടക്കും. തെരെഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന സർക്കാരും സംസ്ഥാന നിയമസഭയും തീർത്തും ഇല്ലെജിറ്റിമേറ്റ് ആണെന്നു പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് ഈ അടിയന്തിരാവസ്ഥയും ഉചിതവും സ്വീകാര്യവുമായിരിക്കും. അതിൽ അത്ഭുതമില്ല.

മൂന്നാമതൊരു തരം അടിയന്തിരാവസ്ഥയുണ്ട്. അതാണ് സമ്പത്തിക അടിയന്തിരാവസ്ഥ (financial emergency). ആർട്ടിക്കിൾ 360 പ്രകാരമുള്ള സാമ്പത്തിക അടിയന്തിരാവസ്ഥയും പ്രസിഡന്റിന്റെ ബോധ്യം അനുസരിച്ചു പ്രഖ്യാപിക്കുന്ന ഒന്നാണ്. മറ്റു രണ്ടിലും എന്നപോലെ ഇവിടെയും പ്രസിഡന്റ് കേന്ദ്രമന്ത്രിസഭയുടെ ഉപദേശ പ്രകാരമാണ് പ്രവർത്തിക്കുക. രാജ്യത്താകമാനമായോ ഏതെങ്കിലും സംസ്ഥാനത്തോ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാം. രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ സാമ്പത്തിക സുസ്ഥിരത തകരുന്നു എന്നു വന്നാൽ പ്രസിഡണ്ടിന് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാം എന്നതാണ് വ്യവസ്ഥ.

പ്രഖ്യാപിച്ചാൽ എന്താണ് ഫലം? സംസ്ഥാനങ്ങളുടെ ധന വിനിയോഗവും ധനവിന്യാസവും ഇന്ന രീതിയിൽ വേണം എന്നു ശഠിക്കാൻ കേന്ദ്രത്തിന് അവകാശം ലഭിക്കും. ശമ്പളം വെട്ടിക്കുറയ്ക്കാം, ബജറ്റ് നിയമങ്ങൾ  അടക്കമുള്ള ധനബില്ലുകൾ പ്രസിഡന്റിന് റിസർവ് ചെയ്യാം. ചുരുക്കത്തിൽ സംസ്ഥാനങ്ങളുടെ പരിമിതമായ ധനഅവകാശങ്ങൾ തന്നെ ഇല്ലാതാകും. ധനകാര്യ ബില്ലുകൾ റിസർവ് ചെയ്യപ്പെടുക എന്നു പറഞ്ഞാൽ എന്താണു സംഭവിക്കുന്നത്? ബജറ്റ് പാസാക്കുന്നതിനുള്ളസംസ്ഥാനത്തിന്റെ അവകാശം പോലും പോകും. ഇത്തരം സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം എന്നാണ് ഇപ്പോൾ അവശ്യമുയരുന്നത്. സംസ്ഥാന നിയമസഭയുടെ നിയമനിർമ്മാണ അധികാരത്തെ അസാധുവാക്കി ഗവർണർക്ക് വീറ്റോ അധികാരം കൊടുക്കണം എന്നു പറയുന്ന അതേ കൂട്ടരാണ് ഈ അടിയന്തിരാവസ്ഥാവാദക്കാർ എന്നതു പ്രത്യേകം പ്രസക്തമാണ്.

അടിയന്തിരാവസ്ഥകൾ  കേന്ദ്ര സർക്കാരിന്റെ അമിതാധികാര പ്രയോഗത്തിന് കാരണമാകുന്നു എന്നതിനാലാണ് അവ ജുഡീഷ്യൽ റിവ്യൂവിനു വിധേയമാണ് എന്ന നിലപാട് വ്യത്യസ്ത ഘട്ടങ്ങളിൽ സുപ്രീം കോടതി സ്വീകരിച്ചത്. സംസ്ഥാനങ്ങളെ പിരിച്ചുവിടുമ്പോഴും, ആഭ്യന്തര അടിയന്തിരാവസ്ഥാ പ്രഖ്യാപിക്കപ്പെടുമ്പോഴും ഈ ജുഡീഷ്യൽ റിവ്യൂ ബാധകമാണ്. സമ്പത്തിക അടിയന്തിരാവസ്ഥ പ്രയോഗിക്കപ്പെട്ടിട്ടില്ല. രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം എന്നു കോടതി നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കോവിഡ് കാലത്ത് ഒരു പൊതു താൽപ്പര്യ ഹർജ്ജി സുപ്രീം കോടതിയിൽ വന്നു. കോടതി അത് നിരാകരിച്ചു.

എന്താണിത്ര അടിയന്തിരാവസ്ഥ

‘കരകയാറാനാകാത്ത സാമ്പത്തിക അസ്ഥിരത കേരളത്തിൽ സംജാതമായിരിക്കുന്നു. കണക്കറ്റ കടം മേടിക്കലും നികുതിസമാഹരണത്തിലെ പരാജയവും കുറ്റകരമായ ധൂർത്തൂം മൂലമാണ് ഈ സ്ഥിതി ഉണ്ടായിരിക്കുന്നത്. അതിനാൽ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ ഗവർണർ  കേന്ദ്രത്തെ ഉപദേശിക്കണം.’ഇതാണ് അടിയന്തിരാവസ്ഥാ ആവശ്യത്തിന്റെ ഉള്ളടക്കം. ഇതിൽ പറയുന്ന മൂന്നു ഘടകങ്ങളും അസംബന്ധമാണ്. അവയ്ക്കു കണക്കുകളുടെയോ വസ്തുതകളുടെയോ പിൻബലമില്ല. എന്നു മാത്രമല്ല വസ്തുതകളുടെ നേർ വിപരീതമാണ് ഈ അസംബന്ധ വാദത്തിലുള്ളത്. അവ ഓരോന്നും പരിശോധിക്കാം.

കണക്കറ്റ കടമോ?

ആദ്യ ആക്ഷേപം കണക്കറ്റു കടം മേടിക്കുന്നു എന്നാണ്.നടപ്പു പാർലമെന്റ് സമ്മേളനത്തിലാണ് കേരളത്തിൽ നിന്നുള്ള എളമരംകരീം എം.പി. സംസ്ഥാനത്തിനു വെട്ടിക്കുറച്ച വായ്പ പുനരനുവദിക്കണം എന്ന ആവശ്യം ഉന്നയിച്ചത്. ലോകസഭയിലും ഈ വാദം ഉന്നയിക്കപ്പെട്ടു. കേന്ദ്ര സർക്കാർ മറുപടി പറഞ്ഞത് എന്തായിരുന്നു? വായ്പ അനുവദിക്കാനാകില്ല എന്നല്ലേ? ഇതെന്താണ് കാണിക്കുന്നത്? കേരളം കണക്കറ്റു, തോന്നിയപോലെ കടമെടുക്കുന്നു എന്നാണോ? കേന്ദ്ര സർക്കാർ അനുവദിക്കാതെ കടമെടുപ്പു സാധ്യമല്ല എന്നല്ലേ കാണിക്കുന്നത്? പിന്നെങ്ങനെയാണ് കേരളം reckless borrowing ആണ് നടത്തുന്നത് എന്നു പറയുന്നത്?

എളമരംകരീം എം.പി.

കേരളത്തിന്റെ സഞ്ചിത ബാധ്യത സംബന്ധിച്ചാണ് പറയുന്നതെങ്കിലും ഈ വാദം അസംബന്ധം മാത്രമാണ്. കണക്കറ്റ കടമെടുപ്പ് എന്നു പറഞ്ഞാൽ മറ്റൊരു കണക്കു കൂടി നോക്കാം. നിയമം അനുശാസിക്കുന്നതിൽ നിന്നും അതിരുവിട്ടു കടമെടുത്തോ എന്നതാണ് ആ സൂചകം. ധന ഉത്തരവാദിത്ത നിയമം അനുസരിച്ചു ധനക്കമ്മി സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനം കവിയരുത്. 2022- 2023 ആണല്ലോ പൂർത്തിയായ ഒടുവിലത്തെ സാമ്പത്തിക വർഷം. ആ സാമ്പത്തിക വർഷത്തെ അക്കൗണ്ടൻറ് ജനറൽ  പറഞ്ഞ ധനക്കമ്മി എത്രയാണ്? 2022-2023 ലെ കേരളത്തിന്റെ ധനക്കമ്മി 2.22 ശതമാനമാണ്. അത്രയും കടമെടുക്കാനുള്ള അനുമതിയേ കേന്ദ്രസർക്കാർ കേരളത്തിനു നൽകിയുള്ളൂ. ധനക്കമ്മി 2.22 ശതമാനമായി കുറഞ്ഞപ്പോൾ  എന്താണു സംഭവിച്ചത്? അനുവദനീയമായ മൂന്നു ശതമാനത്തിൽ  നിന്നും 0.78 ശതമാനം കുറഞ്ഞു. എന്നു പറഞ്ഞാൽ എത്ര രൂപ വരും? 7939 കോടി രൂപ കുറഞ്ഞു. ധനക്കമ്മീഷൻ അനുവദിച്ച അധികവായ്പ കൂടി ചേർത്ത് കേരളം പ്രതീക്ഷിച്ചത് 3.61 ശതമാനം വായ്പയാണ്. അങ്ങനെ നോക്കിയാൽ എത്രരൂപ കമടമെടുപ്പ് കഴിഞ്ഞ കൊല്ലം കുറഞ്ഞു? 14148 കോടി രൂപ കുറഞ്ഞു. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പ വെട്ടിക്കുറച്ചാണല്ലോ ഈ കുറവ് വരുത്തിയത്? അപ്പോൾ പിന്നെ കിഫ്ബി വഴി കടം അധികം എടുത്തു എന്നതിലും വസ്തുതയില്ലല്ലോ?

നടപ്പു വർഷത്തെ കണക്കെന്താണ്? പതിനഞ്ചാം ധനകാര്യ കമ്മീഷൻ മുന്നോട്ടു വെച്ച ലക്ഷ്യങ്ങൾ പ്രകാരം 3.5 ശതമാനം ധനക്കമ്മിയാകാം. അതുപ്രകാരം 39000 കോടി രൂപ വായ്പാ വരുമാനമായി ബജറ്റ് ചെയ്യുന്നു. ഇതാണ് വെട്ടിക്കുറച്ച് 28000 കോടി രൂപയാക്കിയത്. ഇതു നമ്മുടെ സംസ്ഥാന വരുമാനത്തിന്റെ 2.4 ശതമാനം മാത്രമാണ്. ഇനി സഞ്ചിത ബാധ്യതയുടെ കാര്യം നോക്കിയാലോ? 2023 മാർച്ച് മാസത്തെ കണക്ക് പ്രകാരം 36 ശതമാനമാണ് കേരളത്തിന്റെ സഞ്ചിത ബാധ്യത (Total Outstanding liability). നടപ്പു സാമ്പത്തിക വർഷം ഇതു 34-35 ശതമാനമായി കുറയുകയാണ് ചെയ്യുന്നത്. ഇപ്പോൾ കേരളം കടം കൊണ്ടു മുടിഞ്ഞു എന്നു പറയുന്നവർക്ക് ഏറ്റവും ഉയർന്ന സഞ്ചിത ബാധ്യത എപ്പോഴായിരുന്നു എന്നറിയാമോ? 2004 മാർച്ച് മാസം കേരളത്തിന്റെ ആകെ കടഭാരം സംസ്ഥാന ആഭ്യന്തരവരുമാനത്തിന്റെ 44.4ശതമാനമായിരുന്നു. 2002-2006 കാലത്തെ ആകെ ബാധ്യത ശരാശരി 39.2 ശതമാനമായിരുന്നു. അന്നൊന്നും ഇല്ലാത്ത സാമ്പത്തിക അടിയന്തിരാവസ്ഥ ഇപ്പോഴെങ്ങനെയാണ് പൊടുന്നനെ വരുന്നത്? ഏറ്റവും അധികം കടമുള്ള മേജർ സംസ്ഥാനം പഞ്ചാബാണ്. RBI കണക്കു പ്രകാരം സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 47.6 ശതമാനം. തൊട്ടടുത്തു രാജസ്ഥാനുണ്ട്, 40.2 ശതമാനം. കേന്ദ്ര സർക്കാരിന്റെ (അവർക്കും നിയമം ഒന്നു തന്നെയാണ്) കടം 57 ശതമാനമാണ്. പക്ഷേ 36 ശതമാനമുള്ള കേരളം വലിയ അടിയന്തിരാവസ്ഥയിലാണ് എന്ന ആഖ്യാനമാണ് നിറഞ്ഞാടുന്നത്.

നികുതി പിരിക്കാത്ത കേരളമോ ?

അടുത്ത അടിയന്തിരാവസ്ഥ നികുതി പിരിക്കാത്ത സ്ഥിതിയാണത്രെ! കേരളത്തിന്റെ നികുതിവരുമാന വളർച്ചയുടെ ഗ്രാഫ് എന്താണ്? 2022-2023ൽ അക്കൌണ്ടൻറ് ജനറലിന്റെ കണക്കുകൾ വന്നപ്പോൾ  കേരളത്തിന്റെ ആകെ റവന്യൂ വരുമാനത്തിൽ  തനതു നികുതി വരുമാനം 77164.84 കോടി രൂപയും നികുതിയേതര വരുമാനം 15021.27 കോടി രൂപയുമാണ്. അതായത് ആകെ റവന്യൂ വരുമാനത്തിന്റെ (90228 കോടി രൂപ) 70 ശതമാനവും സംസ്ഥാനത്തിന്റെ തനതു വരുമാനമാണ്. ആകെ റവന്യൂവരുമാനത്തിൽ തനതു വരുമാനത്തിന്റെ തോത് എല്ലാ സംസ്ഥാനങ്ങളുടെയും ശരാശരി 55 ശതമാനമാണ്. എഴുപതു ശതമാനം തനതു വരുമാനമുള്ള കേരളത്തിലെ അടിയന്തിരാവസ്ഥ എന്താണ്? നികുതി വരുമാന വളർച്ചയുടെ കാര്യം നോക്കിയാലോ? 2022 മാർച്ച് മാസത്തെ കണക്കുകൾ അനുസരിച്ച് നമ്മുടെ തനതു നികുതി വരുമാനം 63192 കോടി രൂപയായിരുന്നു. 2023 മാർച്ചിൽ 77164 കോടി രൂപ. നികുതിവരുമാന വളർച്ച 22 ശതമാനമാണ്. നികുതിയേതര വരുമാനമാകട്ടെ 10371 കോടി രൂപയിൽ നിന്നും 15121 കോടി രൂപയായും ഉയർന്നു. നികുതി സമാഹരണത്തിലെ വീഴ്ച മൂലം എന്ത് അടിയന്തിര സാഹചര്യമാണ് സംജാതമായിരിക്കുന്നത്? കണക്കുകളും വസ്തുതകളും മറച്ചു വെച്ചുള്ള ആഖ്യാന പരമ്പരയാണ് അരങ്ങേറുന്നത്.

ധൂർത്തടിച്ചു മുടിയുകയാണോ?

സാമ്പത്തിക അടിയന്തിരാവസ്ഥയുടെ അടുത്ത കാരണമായി പറയുന്നത് ചെലവിലെ ധൂർത്താണ്. എന്താണ് കേരളത്തിന്റെ ചെലവിന്റെ ചേരുവ? 2022-2023 ലെ കണക്കുകളാണ് ചുവടെയുള്ളത്.

2022-2023 സാമ്പത്തിക വർഷം കേരള സർക്കാരിന്റെ ആകെ ചെലവ് 152880.98 കോടി രൂപയാണ്. ഈ ചെലവിന്റെ ചേരുവ സംബന്ധിച്ച പൊതു ചിത്രം ഈ പട്ടികയിൽ  നിന്നും കിട്ടും. ഒന്നാമത്തെ ഇനം ശമ്പളം, പെൻഷൻ, പലിശ, സബ്സിഡികൾ എന്നിവ ഒഴികെയുള്ള റവന്യൂച്ചെലവാണ്. ഇത് ആ വർഷത്തെ ആകെ ചെലവിന്റെ 33 ശതമാനം അഥവാ മൂന്നിൽ ഒന്നു വരും. ഇതിൽ എന്തൊക്കെ വരും ? തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ കൊടുക്കുന്ന ധനസഹായം ഇതിൽ ഉൾപ്പെടുന്നതാണ്. ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി സംസ്ഥാന സർക്കാർ 2022 -2023 ൽ നൽകിയ പണം 11283.59 കോടി രൂപയാണ്. ഒരു മാസം 950 കോടി രൂപയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ ഇനത്തിലുള്ള ചെലവ്. ഒരു വർഷം 11400 കോടിരൂപ.സഇതും ഈ മൂന്നിലൊന്നിൽ ഉൾപ്പെടും.

സർക്കാർ ചെലവിൽ മുക്കാലും ശമ്പളമാണ് എന്നു പറയുന്നതിൽ  വസ്തുതയില്ലെങ്കിലും ശമ്പളച്ചെലവ് ആകെ ചെലവിന്റെ നാലിൽ ഒന്നു വരും. 2022-2023 കണക്കുകൾ പ്രകാരം ആകെച്ചെലവിന്റെ 25.78 ശതമാനം. ശമ്പളവും പെൻഷനും ചേർന്നാൽ ആകെ ചെലവിന്റെ 40-42 ശതമാനം വരും. ആർക്കൊക്കെയാണു ശമ്പളം കൊടുക്കുന്നതെന്നു നോക്കാം.

  • അധ്യാപകരുടെ ശമ്പളമാണ് 20593 കോടി രൂപ.

  • ആരോഗ്യ പ്രവർത്തകരുടെ ശമ്പളം 5821 കോടി രൂപ വരും.

  • സാമൂഹ്യക്ഷേമ ജീവനക്കാർക്കും മറ്റുമുള്ള ശമ്പളം 1818 കോടി രൂപയാണ്.

  • അതായത് ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ മേഖലകളിലെ ശമ്പളം 28231 കോടി രൂപയാണ്.

  • കൃഷി, ജലസേചനം, ക്ഷീരം, മൃഗസംരക്ഷണം തുടങ്ങിയ വികസന മേഖലാ ജീവനക്കാരുടെ ശമ്പളം 4386 കോടി രൂപയാണ്. അപ്പോൾ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സാമൂഹ്യസേവന മേഖലകളിലെയും, കൃഷി തുടങ്ങിയ വികസന മേഖലകളുടെയും ശമ്പളച്ചെലവ് ആകെ 32618 കോടി രൂപയാണെന്ന് കാണാം.

  • ഇതു ശമ്പളച്ചെലവിന്റെ എത്ര ശതമാനം വരും? ആകെ ശമ്പളച്ചെലവിന്റെ 78 ശതമാനവും ഇങ്ങനെ അധ്യാപകർ, ഡോക്റ്റർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ, വികസന മേഖലാ ഉദ്യോഗസ്ഥർ എന്നിവരുടേതാണ്. അഥവാ 78 ശതമാനവും വികസന ചെലവാണ്. കേരളത്തിന്റെ സവിശേഷമായ വികസന വഴിയുടെ ഹേതു ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ ഈ പൊതു മുതൽ മുടക്കാണ്. മലയാളിയുടെ ആരോഗ്യവും ആയുസ്സും വിദ്യാഭ്യാസ മികവും എല്ലാം സാധ്യമാക്കിയ പൊതു മുതൽമുടക്കാണിത്.

  • പോലീസ്, കോടതി തുടങ്ങിയ ശുദ്ധഭരണ വിഭാഗം ശമ്പളം 9463 കോടി രൂപ, അതായത് ആകെ ശമ്പള ചെലവിന്റെ 22% മാത്രമാണ്.

വേജസ് ഇനത്തിൽ 1315 കോടി രൂപ ഇതിനു പുറമേയും ചെലവുണ്ട്. അംഗണവാടി, ആയമാർ, ആശ, തുടങ്ങിയ സ്കീം ജീവനക്കാരുടെ സംസ്ഥാനവിഹിതം, ദിവസവേതനം തുടങ്ങിയവയൊക്കെയാണിത്.

അധ്യാപകരുടെയും ആരോഗ്യ പ്രവർത്തകരുടെയും ശമ്പളം ധൂർത്താണോ? വികസന മേഖലാ ചെലവുകൾ അനാവശ്യമാണോ?

നമ്മുടെ പലിശച്ചെലവ് 14 ശതമാനമാണ്. കേന്ദ്ര സർക്കാരിന്റെത് 22 ശതമാനം. ഈ ചെലവുകളിൽ എവിടെയാണ് കേരളം ധൂർത്തടിക്കുന്നതിന്റെ ചിത്രം? ആകെ ചെലവിന്റെ 0.14 വരുന്ന വണ്ടിക്കാശും എണ്ണച്ചെലവും യാത്രപ്പടിയുമാണോ കേരള ധനകാര്യത്തെ അടിയന്തിരാവസ്ഥയിൽ എത്തിക്കുന്ന ധൂർത്ത്?

സാമ്പത്തിക അടിയന്തിരാവസ്ഥാ ആവശ്യത്തിന് ആധാരമായ മൂന്നു കാര്യങ്ങളിലും വസ്തുത ഇല്ല എന്നു മാത്രമല്ല കണക്കുകൾ നേരെ തിരിച്ചുള്ള ചിത്രമല്ലേ നല്കുന്നത്? പിന്നെ എന്താണ് ഈ സ്തോഭജനകമായ നീക്കം?

കേന്ദ്ര വിവേചനത്തിനു മറയിടുന്ന പൂഴിക്കടകൻ 

കേരളത്തിനെതിരായ ഉപരോധ സമാനമായ സാമ്പത്തിക വിവേചനം വലിയ തോതിൽ ചർച്ചയാകുകയാണ്. കേന്ദ്രധനവിഹിതം സംബന്ധിച്ചും കേന്ദ്രാവിഷ്കൃത പദ്ധതികളിലെ വിവേചനം സംബന്ധിച്ചും കേന്ദ്ര ധനമന്ത്രി തന്നെ വന്ന് വാസ്തവ വിരുദ്ധത പ്രചരിപ്പിക്കുന്ന സ്ഥിതിയാണ് ഉടലെടുക്കുന്നത്. നികുതി വിഹിതമായും ഗ്രാൻഡുകളായും കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതമായും സംസ്ഥാനം ആവശ്യപ്പെടുന്നത് ഔദാര്യമല്ല. ഇവിടെ നിന്നുംകേന്ദ്ര സർക്കാർ പിരിക്കുന്ന നികുതിയുടെ നീതിയുക്തമായ വിഹിതമാണ് എന്ന വസ്തുത വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന സ്ഥിതി വരുന്നു.കേന്ദ്ര സർക്കാർ കേരളത്തിൽ നിന്നും പിരിക്കുന്ന നികുതി സംബന്ധിച്ച ഒരു മിനിമം മതിപ്പുകണക്ക് പട്ടികയിൽ കൊടുത്തിട്ടുണ്ട്.

കേരളത്തിൽ നിന്നും പിരിക്കുന്ന നികുതിയുടെ 46 ശതമാനം മാത്രമാണ് എല്ലാം കൂടെ തിരികെ കിട്ടുന്നത്. മുഴുവൻ വേണം എന്നതല്ല. നമ്മുടെ റവന്യൂ വരുമാനത്തിന്റെ 70-71 ശതമാനവും കേരളത്തിന്റെ തനതു വരുമാനമാണെന്നു കണ്ടല്ലോ? കേന്ദ്രക്കൈമാറ്റമായി കിട്ടുന്നത് 29 ശതമാനം മാത്രം. എല്ലാ സംസ്ഥാനങ്ങളുടെയും ശരാശരി എടുത്താൽ കേന്ദ്രക്കൈമാറ്റം 45 ശതമാനമാണ്. ഈ വ്യത്യാസം വരുത്തുന്ന വിവേചനമാണ് കേരളത്തിന്റെ ധന അസന്തുലിതാവസ്ഥയുടെ അടിസ്ഥാനം. അതു ചർച്ച ചെയ്യപ്പെടുന്നതും പ്രചരിക്കുന്നതും തടയുക എന്ന സംഘപരിവാർ അജണ്ടയുടെ സൃഷ്ടിയാണ് സാമ്പത്തിക അടിയന്തിരാവസ്ഥ എന്ന അസംബന്ധം.

Comments