സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് കരകയറിയെന്ന് ധനമന്ത്രി; Kerala Budget 2025, പ്രധാന പ്രഖ്യാപനങ്ങൾ

സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് കരകയറിയ സംസ്ഥാനത്ത് കൂടുതൽ വികസന പ്രവർത്തനങ്ങൾ സാധ്യമാവുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വയനാട് പുനരധിവാസത്തിന് ആദ്യഘട്ടമെന്ന നിലയിൽ 750 കോടി രൂപയടക്കം നിരവധി സുപ്രധാന പ്രഖ്യാപനങ്ങൾ.

News Desk

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറിയെന്ന ആശ്വാസകരമായ അറിയിപ്പുമായാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇടതുപക്ഷ സർക്കാരിൻെറ 2025-2026 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് പ്രസംഗം ആരംഭിച്ചത്. രൂക്ഷമായ ധനഞെരുക്കത്തിൻെറ തീക്ഷ്ണമായ ഘട്ടത്തെ കേരളം അതിജീവിച്ചുവെന്നും ഇനി വികസന പ്രവർത്തനങ്ങൾ കാര്യമായ മുടക്കമില്ലാതെ മുന്നോട്ട് പോവുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അർഹമായ ആനുകൂല്യങ്ങൾ നൽകുന്നില്ലെന്ന വിമർശനവും മന്ത്രി ഉന്നയിച്ചു. ഇത് പല പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നികുതിവിഹിതവും കടം വാങ്ങാനുള്ള അവകാശവും വെട്ടിക്കുറച്ചത് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് ബാലഗോപാൽ പറഞ്ഞു. ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ടാണ് ബജറ്റ് പ്രസംഗത്തിലെ ആദ്യ പ്രഖ്യാപനം. സർവീസ് പെൻഷൻ പരിഷ്കരണ കുടിശിക, ശമ്പള പരിഷ്കരൻ കുടിശിക, ഡി.എ കുടിശിക എന്നിവയെല്ലാം എത്രയും പെട്ടെന്ന് തീർക്കുമെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാന ബജറ്റിലെ ചില പ്രധാന പ്രഖ്യാപനങ്ങൾ

  • വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൻെറ പുനരധിവാസ പ്രവർത്തനത്തിനും മറ്റുമായി സംസ്ഥാനത്തിന് ആവശ്യമുള്ളത് 2221.10 കോടി രൂപയാണ്. ഇതിനായി സംസ്ഥാന സർക്കാർ ആദ്യഘട്ടത്തിൽ 750 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കേന്ദ്ര ബജറ്റിൽ സഹായമൊന്നും പ്രഖ്യാപിച്ചില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന നീതി കേരളത്തിനും ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ബാലഗോപാൽ പറഞ്ഞു.

  • ക്ഷേമപെൻഷൻ വർധനവൊന്നും ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. ഇനിയുള്ള മൂന്ന് ഘട്ടത്തെ കുടിശിക പെട്ടെന്ന് കൊടുത്തുതീർക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

  • വിദ്യാഭ്യാസ മേഖലയിൽ സിഎം റിസർച്ചേഴ്സ് സ്കോളർഷിപ്പ് എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് സ്കോളർഷിപ്പുകളൊന്നുമില്ലാത്ത ഗവേഷക വിദ്യാർഥികൾക്ക് 10000 രൂപ ഫെലോഷിപ്പായി നൽകും.

  • ഭൂനികുതി 50 ശതമാനം കൂട്ടി. ഇതിൽ നിന്നും 100 കോടി രൂപയുടെ വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും വർധിപ്പിച്ചിട്ടുണ്ട്.

  • കണ്ണൂരിലും കൊല്ലത്തും ഐ.ടി പാർക്കുകൾ തുടങ്ങുമെന്നതാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. കണ്ണൂരിൽ വിമാനത്താവളത്തിന് സമീപമാണ് ഐ.ടി പാർക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലത്ത് നഗരത്തിൽ തന്നെയായിരിക്കും ഐ.ടി പാർക്ക് കൊണ്ടുവരിക. 517.64 കോടി രൂപയാണ് ഡിജിറ്റൽ മേഖലയിലെ വികസനത്തിനായി മാറ്റിവെച്ചിരിക്കുന്നത്. കൊട്ടാരക്കരയിൽ സയൻസ് മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് 5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

  • വിഴിഞ്ഞത്തെ പ്രധാന വ്യാവസായിക ഇടനാഴിയാക്കുമെന്നും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളുടെ സമഗ്രവികസനത്തിന് കൂടുതൽ പദ്ധതികളും ബജറ്റിലുണ്ട്.

  • അന്തരിച്ച എം.ടി. വാസുദേവൻ നായരുടെ സ്മരണയ്ക്കായി തിരൂർ തുഞ്ചൻ പറമ്പിനോട് ചേർന്ന് സ്മാരകം നിർമ്മിക്കും. എം.ടി. പഠനകേന്ദ്രം സ്ഥാപിക്കാനാണ് പദ്ധതി. ആദ്യഘട്ടമെന്ന നിലയിൽ ഇതിനായി 5 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വൈക്കം സത്യാഗ്ര സ്മാരകത്തിന് 5 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

  • കാർഷിക മേഖലയ്ക്കായി 727.40 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് 115.50 കോടി രൂപയുടെ സഹായവും സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.

  • രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് സൗജന്യചികിത്സ നൽകിയ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. 2915.49 കോടി രൂപയാണ് വൈദ്യമേഖലയ്ക്കായി ഇത്തവണ വകയിരുത്തിയിരിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കായി 532.84 കോടി രൂപയും വകയിരുത്തി.


ബജറ്റ് പ്രസംഗത്തിന്റെ പൂര്‍ണരൂപം വായിക്കാം…

Comments