ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത എന്നത് കേവലം അക്കങ്ങളുടെ കളി മാത്രമല്ല, മറിച്ച് അതിന്റെ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും ജീവനാഡിയാണ്. എന്നാൽ ഇന്ന് കേരളത്തിന്റെ സാമ്പത്തിക രംഗം അഭൂതപൂർവ്വമായ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്.
2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ് കണക്കുകളും അതിനുമുന്നോടിയായി പുറത്തിറക്കിയ ധവളപത്രവും ഈ യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്ന ഔദ്യോഗിക രേഖകളാണ്. വിഭവങ്ങളുടെ പരിമിതിയും കുതിച്ചുയരുന്ന കടബാധ്യതകളും കാരണം ദൈനംദിന ആവശ്യങ്ങൾക്കുപോലും വായ്പകളെ ആശ്രയിക്കേണ്ടിവരുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം. ഇത് ഏതെങ്കിലും ഒരു സർക്കാരിന്റെ പെട്ടെന്നുള്ള വീഴ്ചയല്ല, മറിച്ച് കഴിഞ്ഞ ഒരു ദശകത്തിലേറെയായി രൂപപ്പെട്ടുവന്ന ഘടനാപരമായ തകരാറുകളുടെ പ്രതിഫലനമാണ്. ബജറ്റിലെ വൻ പ്രഖ്യാപനങ്ങളും ഖജനാവിലെ യഥാർത്ഥ അവസ്ഥയും തമ്മിലുള്ള ഈ വലിയ വിടവ് ഗൗരവമായ ഒരു പുനർവിചിന്തനത്തിന് സമയമായി എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. കേരളത്തിന്റെ ധനസ്ഥിതി നേരിടുന്ന യഥാർത്ഥ പ്രതിസന്ധികളെയും ബജറ്റ് കണക്കുകളിലെ യാഥാർത്ഥ്യങ്ങളെയും കുറിച്ചുള്ള പരിശോധന അനിവാര്യമാണ്.
ബജറ്റ് കണക്കുകൾ
2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കേരളത്തിന്റെ റവന്യൂ വരുമാനം 1,69,646.36 കോടി രൂപയും റവന്യൂ ചെലവ് 2,05,001.67 കോടി രൂപയുമാണ്. വരുമാനത്തേക്കാൾ ചെലവ് കുതിച്ചുയരുന്ന ഈ സാഹചര്യം സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 35,355.30 കോടി രൂപയെന്ന വലിയൊരു സംഖ്യയിലേക്ക് എത്തിച്ചിരിക്കുന്നു.
ഇതിനുപുറമെ, മൂലധനച്ചെലവുകളും വായ്പകളും കൂടി കണക്കിലെടുക്കുമ്പോൾ നിലവിലുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 52,364.13 കോടി രൂപ പൊതുകടം വഴി മാത്രം സമാഹരിക്കേണ്ടിവരുമെന്നാണ് ബജറ്റ് രേഖകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കൂടുതൽ സങ്കീർണ്ണമാക്കുന്നത് മുൻ സർക്കാർ ബജറ്റ് രൂപീകരണത്തിൽ വരുത്തിയ അപാകതകളാണെന്ന് പുതിയ ധനമന്ത്രി നിയമസഭയിൽ ചൂണ്ടിക്കാണിക്കുന്നു.
റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ്, മറ്റ് ഗ്രാന്റുകൾ, കേന്ദ്ര നികുതി വിഹിതം എന്നിവയിൽ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്ത രീതിയിൽ ഏകദേശം 20,500 കോടി രൂപ അധികമായി കാണിച്ചിരുന്നു. ബജറ്റ് വിഹിതം ഇത്തരത്തിൽ അമിതമായി കണക്കാക്കുന്നത് 'വികലമായ ബജറ്റ് നിർമ്മാണ'ത്തിന്റെ (Defective Budgeting) വ്യക്തമായ ലക്ഷണമാണെന്ന് സർക്കാർ പുറത്തിറക്കിയ ധവളപത്രവും അടിവരയിടുന്നു. നിർഭാഗ്യവശാൽ, ഇത്തരം വലിയ വ്യതിയാനങ്ങൾ ഒരൊറ്റ വർഷത്തെ മാത്രം പ്രതിഭാസമല്ല, മറിച്ച് കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രവണതയാണ്.
ആകെ റവന്യൂ വരുമാനം മുൻവർഷത്തെ (2025-26) കണക്കുകളേക്കാൾ 23.8% ഉയരുമെന്നാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. GSDP അനുപാതത്തിൽ GST 18.2 ശതമാനവും മറ്റ് നികുതിയിനങ്ങൾ 22.6 ശതമാനവും കേന്ദ്രസഹായം 65.5 ശതമാനവും വളർച്ച കൈവരിക്കുമെന്നും കണക്കാക്കുന്നു. എന്നാൽ, തൊട്ടുമുൻപത്തെ വർഷത്തെ ബജറ്റ് ലക്ഷ്യങ്ങൾ പുനരാവലോകനം ചെയ്തപ്പോൾ വലിയ കുറവ് രേഖപ്പെടുത്തിയ ചരിത്രം നമുക്കു മുന്നിലുണ്ട്. കൂടാതെ, വ്യക്തിഗത വരുമാന നികുതിയിൽ 36.2% വലിയ വളർച്ച പ്രതീക്ഷിക്കുന്നത് ഈ ലക്ഷ്യങ്ങൾ അമിത പ്രതീക്ഷ നൽകുന്നതാണോ എന്ന ചോദ്യം ശക്തമായി ഉയർത്തുന്നുണ്ട്. ലക്ഷ്യങ്ങളും യാഥാർത്ഥ്യവും തമ്മിലുള്ള ഈ വിടവ് വരും മാസങ്ങളിൽ സംസ്ഥാനത്തിന്റെ ധനമാനേജ്‌മെന്റിന് വലിയ വെല്ലുവിളിയായി മാറിയേക്കാം.

ഘടനാപരമായ പ്രതിസന്ധി:
ഒരു ദശകത്തിന്റെ ശേഖരം
കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കേവലമൊരു താൽക്കാലിക പ്രതിഭാസമല്ല, മറിച്ച് കഴിഞ്ഞ ഒരു ദശകമായി രൂപപ്പെട്ടുവന്ന വലിയൊരു ഘടനാപരമായ പ്രശ്നമാണ്. നിലവിൽ സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (GSDP) 35.5 ശതമാനത്തോളം വരും. ദേശീയ ശരാശരി 29.2 ശതമാനമായിരിക്കെയാണ് കേരളത്തിന്റെ ബാധ്യത ഈ നിലയിലേക്ക് ഉയർന്നത്.
ഇതിലും ആശങ്കാജനകമായ വസ്തുത, ശമ്പളം, പെൻഷൻ, പലിശ എന്നിവയുൾപ്പെടുന്ന 'നിർബന്ധിത ചെലവുകൾ' (Committed Expenditure) ഇപ്പോൾ സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 77 ശതമാനത്തിൽ എത്തിനിൽക്കുന്നു എന്നതാണ്. ഒരു ദശകം മുൻപ് (2015-16) ഇത് 69.5 ശതമാനമായിരുന്നു. ഇന്ത്യയിലെ മറ്റ് പ്രമുഖ സംസ്ഥാനങ്ങളിൽ ഈ ഇനത്തിലുള്ള ശരാശരി ചെലവ് 46.4% മാത്രമാണ്.
ലളിതമായി പറഞ്ഞാൽ, മറ്റ് സംസ്ഥാനങ്ങൾക്ക് തങ്ങളുടെ വരുമാനത്തിൽനിന്ന് വികസന പ്രവർത്തനങ്ങൾക്കായി 54 രൂപ ലഭ്യമാകുമ്പോൾ, കേരളത്തിന് ഓരോ 100 രൂപയിലും വെറും 23 രൂപ മാത്രമാണ് വികസനത്തിനായി മാറ്റിവെക്കാൻ സാധിക്കുന്നത്. വരുമാനത്തിന്റെ ഭൂരിഭാഗവും ദൈനംദിന ആവശ്യങ്ങൾക്കായി മാറ്റിവെക്കേണ്ടി വരുന്നതിന്റെ ആഘാതം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത് സംസ്ഥാനത്തിന്റെ മൂലധനച്ചെലവുകളിലാണ്.
കേരളത്തിന്റെ മൂലധനച്ചെലവ് GSDP-യുടെ ജിഎസ്ഡിപിയുടെ 1.3% മാത്രമാണ്; അതേസമയം ദേശീയ ശരാശരി 3.2 ശതമാനവും. അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട് (1.85%), കർണാടക (2.32%), തെലങ്കാന (3.21%) എന്നിവടങ്ങളിൽ ഇത് കേരളത്തേക്കാൾ വളരെ ഉയർന്നതുമാണ്. 'കടം വാങ്ങി നിക്ഷേപം നടത്തുകയും, ആ നിക്ഷേപത്തിൽ നിന്നുള്ള സാമ്പത്തിക വളർച്ചയിലൂടെ കടം തിരിച്ചടയ്ക്കുകയും ചെയ്യുക' എന്ന അടിസ്ഥാന സാമ്പത്തിക ശാസ്ത്ര യുക്തിയാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. ഭാവിയിലേക്ക് ആദായം നൽകുന്ന മൂലധന ആസ്തികൾ സൃഷ്ടിക്കുന്നതിന് പകരമായി, പുതിയ കടമെടുപ്പ് പൂർണ്ണമായും ദൈനംദിന നടപ്പുചെലവുകൾ നടത്തിക്കൊണ്ടുപോകാൻ മാത്രമായി ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്.

പലിശഭാരവും
നികുതി ദൗർബല്യവും
കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ കൂടുതൽ ദുർബലമാക്കുന്നത് കുതിച്ചുയരുന്ന പലിശഭാരമാണ്. സംസ്ഥാനത്തിന്റെ പലിശ അടവ് ഇപ്പോൾ ആകെ റവന്യൂ വരുമാനത്തിന്റെ 20.9 ശതമാനത്തിൽ എത്തിനിൽക്കുന്നു. 2015-16 കാലഘട്ടത്തിൽ ഇത് 16.1 ശതമാനം മാത്രമായിരുന്ന സ്ഥാനത്താണ് ഈ വലിയ വർദ്ധനവ്. ഇന്ത്യയിലെ മറ്റ് പ്രമുഖ സംസ്ഥാനങ്ങൾ തങ്ങളുടെ റവന്യൂവരുമാനത്തിന്റെ 11-12 ശതമാനം മാത്രം പലിശയിനത്തിൽ ചെലവഴിക്കുമ്പോഴാണ് കേരളത്തിന്റെ ഈ ബാധ്യത ശരാശരിയേക്കാൾ ഇരട്ടിയോളമായി വർദ്ധിക്കുന്നത്.
ഇതോടൊപ്പം സംസ്ഥാനത്തിന്റെ സ്വന്തം നികുതി ഘടനയിലെ ദൗർബല്യവും ആശങ്കാജനകമാണ്. 2015-16-ൽ കേരളത്തിന്റെ തനത് നികുതി വരുമാനം GSDP-യുടെ 6.94 ശതമാനമായിരുന്നു; അന്ന് ദേശീയ ശരാശരിയായ 6.35 ശതമാനത്തേക്കാൾ ഏറെ മുന്നിലായിരുന്നു നമ്മൾ. എന്നാൽ 2025-26 ആയപ്പോഴേക്കും ഇത് 6.41 ശതമാനമായി ഇടിയുകയും ദേശീയ ശരാശരി 7.14 ശതമാനമായി ഉയരുകയും ചെയ്തു.
ഒരു ദശകം മുൻപ് നികുതി പിരിവിൽ മുൻനിരയിലുണ്ടായിരുന്ന കേരളം ഇന്ന് ദേശീയ ബെഞ്ച്മാർക്കിന് ഏറെ പിന്നിലേക്ക് പോയിരിക്കുകയാണ്. ഒരു പ്രമുഖ ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ, ലക്ഷ്യസ്ഥാന-അധിഷ്ഠിത നികുതിയായ GST നടപ്പിലാക്കിയപ്പോൾ കേരളത്തിന് ഗണ്യമായ നേട്ടമുണ്ടാകുമെന്നാണ് പരക്കെ കരുതിയിരുന്നത്. എന്നാൽ സംസ്ഥാനത്തിന്റെ SGST/GSDP അനുപാതം വെറും 2.65% മാത്രമാണ്; ഇത് ദേശീയ ശരാശരിയായ 3.09 ശതമാനത്തേക്കാൾ വളരെ താഴെയാണ് താനും.
2023-24 മുതൽ 2025-26 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ കേരളത്തിന്റെ ശരാശരി നികുതി വളർച്ചാനിരക്ക് 8.40% മാത്രമാണ്, അതേസമയം മറ്റ് സംസ്ഥാനങ്ങളുടെ ശരാശരി വളർച്ച 13.10 ശതമാനമാണ്. ഇന്ത്യയിലെ ഒൻപത് പ്രമുഖ സംസ്ഥാനങ്ങൾക്കിടയിൽ ഏറ്റവും കുറഞ്ഞ നികുതിവരുമാനവളർച്ച രേഖപ്പെടുത്തുന്ന സംസ്ഥാനമായി കേരളം മാറിയത് ധനസമാഹരണത്തിലെ ഗുരുതര പാളിച്ചകളെയാണ് കാണിക്കുന്നത്.
ഭൂതകാലം ചുമക്കുന്ന ഭാരം: കുടിശ്ശികകളും പൊതുമേഖലയും
പുതിയ സർക്കാർ അധികാരമേറ്റ ഉടൻ മുൻകാലങ്ങളിൽ നിന്നുള്ള ഭീമമായ സാമ്പത്തിക ബാധ്യതകളാണ് ഏറ്റെടുക്കേണ്ടിവന്നത്. ഉദ്യോഗസ്ഥരുടെ DA കുടിശ്ശികയിനത്തിൽ 21,670 കോടി രൂപയും, DR കുടിശ്ശികയായി 14,387 കോടി രൂപയും, ബിൽ ഡിസ്കൗണ്ടിങ് ഇനത്തിൽ 3,431 കോടി രൂപയും ഉൾപ്പെടെ 39,488 കോടി രൂപയുടെ അടിയന്തര ബാധ്യതയാണ് സർക്കാരിന് മുന്നിലുള്ളത്. മറ്റ് കുടിശ്ശികകൾ കൂടി കണക്കിലെടുക്കുമ്പോൾ ആകെ ബാധ്യത 48,733 കോടി രൂപയായി ഉയരുന്നു; ഇത് സംസ്ഥാനത്തിന്റെ ഏകദേശം ഒരു വർഷത്തെ ആകെ അറ്റ കടമെടുപ്പ് പരിധിക്ക് തുല്യമാണ്.
ഇതിന് പുറമെയാണ് കിഫ്ബിയുടെ 21,000 കോടി രൂപയുടെ വായ്പയും, ഏകദേശം 35,000 കോടി രൂപ ഫണ്ട് ആവശ്യമുള്ള വിവിധ പദ്ധതികളും. കിഫ്ബിക്ക് സ്വന്തമായി കടം തിരിച്ചടയ്ക്കാൻ മതിയായ വരുമാനമില്ലെന്നും അതിന്റെ കടബാധ്യതകൾ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള ബാധ്യതയായി മാറുമെന്നും CAG ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, സാധാരണ ഗതിയിൽ സർക്കാരിന് ലഭ്യമാകുന്ന പലിശനിരക്കിനേക്കാൾ 1 മുതൽ 1.5 ശതമാനം വരെ ഉയർന്ന നിരക്കിലാണ് കിഫ്ബി വിപണിയിൽ നിന്ന് പണം സമാഹരിക്കുന്നത് എന്നതും ധനഭാരം വർദ്ധിപ്പിക്കുന്നു.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തികാവസ്ഥ ഇതിലും ആശങ്കാജനകമാണ്. KSRTC, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്, ജലവിഭവ അതോറിറ്റി എന്നീ മൂന്ന് സ്ഥാപനങ്ങൾ മാത്രമാണ് 2024-25 സാമ്പത്തിക വർഷത്തിലെ ആകെ അറ്റനഷ്ടത്തിന്റെ 72 ശതമാനവും വരുത്തിവെച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിതനഷ്ടം 2021-22 കാലയളവിലെ 31,571 കോടി രൂപയിൽ നിന്ന് 2024-25 ആയപ്പോഴേക്കും 78,851 കോടി രൂപയെന്ന വൻ തുകയിലേക്ക് കുതിച്ചുയർന്നു. ഭൂതകാലത്തിൽ നിന്നുള്ള ഇത്തരം ഭീമമായ കുടിശ്ശികകളും പൊതുമേഖലയിലെ ഈ വൻ നഷ്ടങ്ങളും ഖജനാവിന് താങ്ങാനാവാത്ത ഭാരമായി മാറിത്തീർന്നിരിക്കുകയാണ്.

ചെലവ് ഘടനയും
പെൻഷൻ ഭാരവും
2026-27 സാമ്പത്തിക വർഷത്തെ ബജറ്റിലെ ചെലവ് ഘടന പരിശോധിച്ചാൽ, ഏറ്റവും ഉയർന്ന വിഹിതം മാറ്റിവെച്ചിരിക്കുന്നത് പെൻഷൻ ഇനത്തിലാണ്. മുൻവർഷത്തെ അപേക്ഷിച്ച് 20.5 ശതമാനം വർദ്ധനവോടെ 3,543.89 കോടി രൂപയാണ് പെൻഷനായി മാത്രം ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഇത് സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 20.4 ശതമാനത്തോളം വരും; അതായത് ഖജനാവിലേക്ക് എത്തുന്ന അഞ്ചിൽ ഒരു രൂപ പെൻഷൻ നൽകാൻ മാത്രമായാണ് വിനിയോഗിക്കുന്നത്.
ഇതിനൊപ്പം സാമൂഹ്യ സുരക്ഷാ മേഖലയ്ക്ക് 19.7% വർദ്ധനവോടെ 1,885.70 കോടിയും, ആരോഗ്യ മേഖലയ്ക്ക് 10.7% ഉയർച്ചയോടെ 1,108.48 കോടിയും, വിദ്യാഭ്യാസ മേഖലയ്ക്ക് 14.4% വർദ്ധനവോടെ 2,745.91 കോടിയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ സ്ഥാപന ചെലവുകളിലുണ്ടാകുന്ന ഈ വലിയ വർദ്ധനവ് ഏറ്റവും ദൃശ്യമാകുന്നത് 2026-27 ലെ ബജറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള പൊതുക്കടത്തിന്റെ കണക്കുകളിലാണ്.
ഉൽപ്പാദനക്ഷമമായ (Productive) മേഖലകളിൽനിന്ന് ആവശ്യത്തിന് അധിക വരുമാനം കണ്ടെത്താൻ കഴിയാതെ, ഇത്രയും ഭീമമായ അനുദിന ചെലവുകൾ മുന്നോട്ട് കൊണ്ടുപോകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന് ഒട്ടും ഗുണകരമല്ലെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഘടനാപരമായ ഇത്തരം ചെലവുകൾ നിയന്ത്രിക്കുകയും വരുമാന മാർഗ്ഗങ്ങൾ വിപുലീകരിക്കുകയും ചെയ്യാതെ സാമ്പത്തിക ഭദ്രത കൈവരിക്കുക അസാധ്യമാണെന്ന യാഥാർത്ഥ്യത്തിലേക്കാണ് ഈ ബജറ്റ് വിഹിതങ്ങൾ വിരൽ ചൂണ്ടുന്നത്.
സ്വപ്നങ്ങൾ ആവേശകരം,
വിഭവങ്ങൾ പരിമിതം
2026-27 ബജറ്റ് 'മിഷൻ സമുദ്ര', സൗത്ത് കേരള ഇക്കണോമിക് കോറിഡോർ, റയർ എർത്ത് മിനറൽ കോറിഡോർ, ഏവിയേഷൻ ഹബ്ബ്, 'ഇൻവെസ്റ്റ് കേരളം' തുടങ്ങിയ നിരവധി ദീർഘകാല പദ്ധതികൾ മുന്നോട്ടുവെക്കുന്നുണ്ട്. ഇവയുടെ ഇൻഫ്രാസ്ട്രക്ചർ ഘടകങ്ങൾക്കായി ബജറ്റിൽ വകയിരുത്തിയിട്ടുള്ള ആദ്യഘട്ട വിഹിതം വളരെ പരിമിതമാണ്. ഈ പദ്ധതികളുമായി ബന്ധപ്പെട്ട വിമർശനങ്ങൾ നിലനിൽക്കുമ്പോൾ തന്നെ, മിഷൻ സമുദ്രയ്ക്ക് 400 കോടി രൂപയും, ഏവിയേഷൻ ഹബ്ബിന് 200 കോടി രൂപയും, റയർ എർത്ത് മിനറൽ, സൗത്ത് കേരള കോറിഡോറുകൾക്കായി യഥാക്രമം 100 കോടി, 50 കോടി രൂപ വീതവുമാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ മൊത്തം മൂലധനച്ചെലവ് GSDP- യുടെ 1.3 ശതമാനത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന സാഹചര്യത്തിൽ, ഇത്തരം ഭീമൻ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനാവശ്യമായ വൻ ധനസ്രോതസ്സ് എവിടെനിന്ന് കണ്ടെത്തുമെന്ന ചോദ്യത്തിന് ബജറ്റ് രേഖകളിൽ കൃത്യമായ ഉത്തരമില്ല.
പ്രതിസന്ധി മറികടക്കാൻ വരുമാന വർദ്ധനവിനായി ബജറ്റിൽ പ്രഖ്യാപിച്ച നടപടികൾ നിലവിലെ സാമ്പത്തിക യാഥാർത്ഥ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. ഫ്ലഡ് സെസ്സ് ആംനസ്റ്റി, ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതികൾ, ഇലക്ട്രിക് വാഹനങ്ങളുടെ (EV) നികുതി പരിഷ്കരണം എന്നിവയിലൂടെ വലിയൊരു മാറ്റം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കണക്കിലെടുക്കുമ്പോൾ ഇവയൊക്കെ ആനുപാതികമല്ലാത്ത ചെറിയ ഇടപെടലുകൾ മാത്രമായി ചുരുങ്ങുന്നു. ഇത്തരം താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം, വലിയ പദ്ധതികൾ പൂർത്തിയാക്കാൻ ഉതകുന്ന ശക്തമായ ധനസമാഹരണ മാർഗ്ഗങ്ങൾ കണ്ടെത്തുക എന്നത് സർക്കാരിന് മുന്നിലുള്ള വലിയൊരു വെല്ലുവിളിയാണ്.

മുന്നോട്ടുള്ള വഴി:
ഉത്തരങ്ങൾ ഇനിയും ബാക്കി
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ പുറത്തിറക്കിയ ധവളപത്രം മുന്നോട്ടുവെക്കുന്ന ദീർഘകാല പരിഹാരങ്ങൾ ഏറെ ഗൗരവമർഹിക്കുന്നവയാണ്. വൻതോതിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുക, ഭൂമി ഏറ്റെടുക്കലിലെ കാലതാമസം ഒഴിവാക്കുക, വൈദ്യുതി മേഖല സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുനൽകുക, സഹകരണ മേഖലയുടെ പക്കലുള്ള ഭീമമായ സാമ്പത്തിക വിഭവങ്ങൾ ഉൽപ്പാദനക്ഷമമായ ആവശ്യങ്ങൾക്കായി വിനിയോഗിക്കുക, FRBM ചട്ടക്കൂടിനകത്തുനിന്ന് ധനക്കമ്മി ചുരുക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. എന്നാൽ ഇത്തരം വലിയ പരിഷ്കാരങ്ങൾ ലക്ഷ്യത്തിലെത്തി ഫലം കണ്ടുതുടങ്ങുന്നതുവരെ, ട്രഷറിയുടെ ദൈനംദിന ആവശ്യങ്ങൾക്കായി റിസർവ് ബാങ്കിന്റെ (RBI) 'വേയ്സ് ആൻഡ് മീൻസ് അഡ്വാൻസുകളും' (Ways and Means Advances) ഓവർഡ്രാഫ്റ്റും തന്നെ ആശ്രയിക്കേണ്ടി വരും. മുൻവർഷത്തിൽ (2025) മാത്രം ഏകദേശം 262 ദിവസത്തോളം ഖജനാവിന്റെ ദൈനംദിന ചെലവുകൾക്കായി ഈ താൽക്കാലിക സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വന്നു എന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.
ഭരണം മാറിയതുകൊണ്ടുമാത്രം പെട്ടെന്ന് പരിഹരിക്കാനാകാത്ത ഘടനാപരമായ വലിയ പ്രശ്നങ്ങളെക്കുറിച്ചാണ് ധവളപത്രം സംസാരിക്കുന്നത്. ജീവനക്കാരുടെ ശമ്പളവും പെൻഷനും വെട്ടിക്കുറയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ, വെറും 'ബെൽറ്റ് മുറുക്കൽ' പ്രഖ്യാപനങ്ങൾ കൊണ്ടോ ചെറിയ ചില പരിമിത നടപടികൾ കൊണ്ടോ ഈ പ്രതിസന്ധിയുടെ ചക്രം പൊടുന്നനെ തിരിക്കാനാകില്ല. അതേസമയം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സുരക്ഷ തുടങ്ങിയ മേഖലകളോടുള്ള സർക്കാരിന്റെ ക്ഷേമ പ്രതിബദ്ധതകൾ ഒട്ടും ഒഴിവാക്കാനാകാത്ത ബാധ്യതയുമാണ്.
ഒരു വശത്ത്, ഭൂതകാലത്തിൽ നിന്നുള്ള ഭീമമായ കടബാധ്യതകൾ തീർക്കുക, മറുവശത്ത് ഭാവിയുടെ വളർച്ചയ്ക്ക് ആവശ്യമായ മൂലധനം കണ്ടെത്തുക എന്നീ ഇരട്ട ഉത്തരവാദിത്തങ്ങൾ ഒരേ ഒഴിഞ്ഞ ഖജനാവിൽനിന്ന് നിർവഹിക്കേണ്ടിവരുന്നതാണ് കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ധനനയ ചോദ്യം. ദർശനങ്ങളും സ്വപ്നങ്ങളും ഒരു ബജറ്റിനെയും രക്ഷിക്കില്ല; അവ യാഥാർത്ഥ്യമാക്കാനാവശ്യമായ വിഭവശേഷിയെക്കുറിച്ചുള്ള സത്യസന്ധവും ആർജ്ജവമുള്ളതുമായ ചർച്ചകൾ കൂടിയാണ് ഇനി ഉണ്ടാകേണ്ടത്.
