ഉത്സവക്കമ്മിറ്റിയായി മാറിയ മന്ത്രിസഭയും
മറിയക്കുട്ടിമാരുടെ കേരളവും

87 കാരിയായ മറിയക്കുട്ടി തെരുവിൽ ഭിക്ഷ യാചിക്കാനിറങ്ങി പ്രതിഷേധിച്ച അതേ കേരളത്തിലാണ് 20 മന്ത്രിമാർ ചേർന്ന് 'രഥയാത്ര' നടത്താൻ പോകുന്നത് എന്നുകൂടി സാമ്പത്തിക പ്രതിസന്ധികളുടെ അടിക്കുറിപ്പായി പറഞ്ഞുവെക്കാം.

കേരളത്തിൽ ഗുരുതരമായ ധനകാര്യ പ്രതിസന്ധിയുണ്ടായിരുന്നത് 2019-20, 20- 21 വർഷങ്ങളിലായിരുന്നു. പ്രളയവും കോവിഡുമായിരുന്നു അതിന് പ്രധാന കാരണം. അപ്പോഴത്തെ കണക്ക് പറയുകയാണെങ്കിൽ, 2018- 19ൽ 1,06,000 കോടി രൂപയുടെ വരുമാനമാണ് സംസ്ഥാനത്തിനുണ്ടായത്. 2019- 20ൽ 90,000 കോടി രൂപയായി കുറഞ്ഞു. 20-21ൽ 97,000 കോടിയായി കൂടി. ഇതൊരു യാഥാർഥ്യമാണ്.

എന്നാൽ, 2021-22ൽ സംസ്ഥാനത്തിന്റെ ടോട്ടൽ റസീപ്റ്റ്‌സ് 1,17,180 കോടി രൂപയായി ഉയർന്നു. ഇതിൽ കേന്ദ്ര സർക്കാറിന്റെ എയ്ഡ് കൂടിയുണ്ടെന്ന് മനസ്സിലാക്കണം. 2022-23ൽ 1,29,955 കോടി രൂപയായി ഉയർന്നു. 2022-23ലെ ബജറ്റ് എസ്റ്റിമേറ്റ് 1,34,000 കോടി രൂപയാണ്, അതായത്, പ്രതീക്ഷിത വരുമാനം. 2023-24ൽ 1,36,427 കോടി പ്രതീക്ഷിക്കുന്നു. ഇത് വാസ്തവത്തിൽ 1,50,000 കോടിയായി ഉയർത്താൻ, കോവിഡ് അവസാനിച്ച് ബിസിനസ് ശക്തമായ ഈ സാഹചര്യത്തിൽ സർക്കാറിന് കഴിയുമായിരുന്നു. ഈ 15,000 കോടിയുടെ കുറവാണ് ഇന്നത്തെ പ്രതിസന്ധിയുടെ അടിത്തറ.

മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്

ഒരു കാലത്ത് അനാവശ്യമായ പ്രതീക്ഷകൾ നൽകുന്ന ബജറ്റ് എസ്റ്റിമേറ്റുകളാണുണ്ടായിരുന്നത്. ബജറ്റ് എസ്റ്റിമേറ്റ് കൂട്ടിവക്കുക എന്നതായിരുന്നു ഡോ. തോമസ് ഐസക്കിന്റെ വിനോദം. തോമസ് ഐസക്കിനെയും കെ.എൻ. ബാലഗോപാലിനെയും താരതമ്യം ചെയ്യുമ്പോൾ, ഇപ്പോൾ ബജറ്റ് എസ്റ്റിമേഷൻ വളരെ യാഥാസ്ഥിതികമാണെന്നു പറയാം. 1,17,180 കോടി രൂപ കിട്ടിയ 2021-22ൽ ബാലഗോപാൽ എസ്റ്റിമേറ്റ് ചെയ്തത് 1,34,471 കോടിയാണ്. 2022-23ൽ അതിന്റെ 1,29,955 കോടി രൂപ കിട്ടി എന്നു പറഞ്ഞാൽ, 3.4 ശതമാനത്തിന്റെ കുറവേയുള്ളൂ.

പ്രതീക്ഷിത വരുമാനം കുറച്ചുവച്ച് കഷ്ടിച്ച് അതുമാത്രം പിരിച്ചെടുക്കുന്ന പിശുക്കനായ ധനമന്ത്രിയാണ് ബാലഗോപാൽ.

2022-23ൽ 1,34,471 കോടി രൂപ എസ്റ്റിമേറ്റ് ചെയ്തിടത്ത്, 23-24ൽ 1,36,427 രൂപയാണ് എസ്റ്റിമേറ്റ് ചെയ്തിരിക്കുന്നത്. വാസ്തവത്തിൽ ഇതല്ല എസ്റ്റിമേറ്റ് ചെയ്യേണ്ടിയിരുന്നത്. 1,50,000 കോടി രൂപ എസ്റ്റിമേറ്റ് ചെയ്യാമായിരുന്നു. കാരണം, ഇപ്പോൾ അഞ്ചു ശതമാനമേ വർധനവ് കാണിച്ചിട്ടുള്ളൂ. എന്നാൽ, പത്ത് ശതമാനമായിരുന്നാൽ തന്നെ, 1,40,000 കോടി രൂപക്കുമേൽ പോകണമല്ലോ.

പ്രതീക്ഷിത വരുമാനം കുറച്ചുവച്ച് കഷ്ടിച്ച് അതുമാത്രം പിരിച്ചെടുക്കുന്ന പിശുക്കനായ ധനമന്ത്രിയാണ് ബാലഗോപാൽ. എന്നിട്ട്, 'ഞാൻ പറഞ്ഞത് പിരിച്ചു' എന്ന് പറയുകയാണ്. 2022-23ൽ കിട്ടിയ 1,29,000 കോടിയിൽ തന്നെ 40 ശതമാനത്തോളം സെൻട്രൽ ട്രാൻസ്ഫറുണ്ട്. ഉദാഹരണത്തിന് ആകെ റവന്യൂ റസീപ്റ്റ്‌സ് 1,17,180 കോടി രൂപ കിട്ടിയ 2021-22ൽ സെൻട്രൽ ട്രാൻസ്ഫർ 48,982 കോടി രൂപയാണ്.

Source: PRS Legislative research Kerala Budget Analysis 2023-24.

കേരള സർക്കാർ അതിന്റെ പൊട്ടൻഷ്യലിനെ ടാർഗറ്റ് ചെയ്യുന്നില്ല. 2019-20, 20-21 കാലത്തെ കുറവ് 2021-22 മുതൽ, 17 ശതമാനത്തോളം വർധിപ്പിക്കാൻകഴിഞ്ഞു. അതുകഴിഞ്ഞ് 1,29,955 കോടിയിലെത്തുമ്പോൾ തന്നെ 12,000 കോടി കൂടിയിട്ടുണ്ട്. ഈ തുക കൂട്ടിവക്കുന്നതിനുപകരം 2000 കോടി മാത്രമാണ് കൂട്ടിവച്ചത്. ഒരു പ്രോഗ്രസ്സീവ് ബജറ്റല്ല എന്നാണിത് കാണിക്കുന്നത്.

ധനകാര്യ കമീഷൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് നീതിപുലർത്തുന്നില്ല. നമുക്ക് ജനസംഖ്യാനുപാതികമായ തുക പോലും ലഭിക്കുന്നില്ല.

കേന്ദ്ര വിഹിതത്തിൽ കുറവുണ്ട് എന്നാണ് ഇപ്പോഴത്തെ കാമ്പയിൻ. അത് യാഥാർഥ്യവുമാണ്. ധനകാര്യ കമീഷൻ കേരളം പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് നീതിപുലർത്തുന്നില്ല. ഈ നീതികേടിന്റെ ഇരയാണ് കർണാടകവും തമിഴ്നാടും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് അവയുടെ ജനസംഖ്യാനുപാതികമായ തുക പോലും ലഭിക്കുന്നില്ല. ഉദാഹരണത്തിന് കേരളത്തിന്റെ ജനസംഖ്യ ഇന്ത്യയുടെ ജനസംഖ്യയിടെ രണ്ടര ശതമാനമാണ്. എന്നാൽ, കേന്ദ്ര ധനകാര്യ കമീഷൻ റവന്യൂ വരുമാനത്തിന്റെ 1.9 ശതമാനമാണ് തരുന്നത്. എന്നാൽ, വെറും 18 ലക്ഷം പേർ മാത്രമുള്ള അരുണാചൽ പ്രദേശി​ന് 1.8 ശതമാനം നീക്കിവച്ചിരിക്കുന്നു. അതായത്, മൂന്നര കോടി ജനങ്ങളുള്ള കേരളത്തിനും 18 ലക്ഷം മാത്രമുള്ള അരുണാചൽ പ്രദേശിനും ഏതാണ്ട് ഒരേ തുക. അരുണാചൽ പ്രദേശിൽ ഇന്ത്യൻ വനത്തിന്റെ 13 ശതമാനമുണ്ട് എന്നതാണ് പറയുന്ന ന്യായം.

ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ

പക്ഷെ, ഇപ്പോൾ ഇവിടെനിന്ന് സമാഹരിക്കുന്ന ജി.എസ്.ടിയുടെ പകുതി നമ്മുടേതാണ്. അത് കഴിഞ്ഞല്ലേ നഷ്ടപരിഹാരം വരുന്നുള്ളൂ. നഷ്ടപരിഹാരത്തിനും ഗ്രാന്റിനും വേണ്ടി സർക്കാർ കാത്തിരിക്കുന്നു എന്നതാണ് ഞങ്ങളുടെ പ്രധാന വിമർശനം. 2022- 23, 23- 24 വർഷങ്ങളിൽ ഭാഗ്യവശാൽ, ചടുലമായ ബിസിനസ് നടക്കുന്നുണ്ട്. എന്നാൽ, സർക്കാർ ചെലവ് ചെയ്താൽ മാത്രമേ വരുമാനമുണ്ടാകുകയുള്ളൂ. പ്ലാൻ ഫണ്ട് എത്ര കൂട്ടുന്നോ അത്രയും ടാക്‌സ് കൂടും. അതാണ് പ്ലാനിങ്ങിന്റെ ലോജിക്ക്. എത്ര പ്ലാൻ കൂട്ടുന്നുവോ, ദീർഘകാലാടിസ്ഥാനത്തിൽ റവന്യൂ വർധിക്കും. എന്നാൽ, അതിനുള്ള പണം വകയിരുത്തുന്നതിൽ കുറവ് വരുത്തുകയാണ്. 2018 മുതൽ 23 വരെയുള്ള കാലത്ത് പ്ലാൻ ഏകദേശം 30,000 കോടി രൂപയിൽ നിർത്തി. കോവിഡ് കാലത്ത് രണ്ടു വർഷം അത് 27,000 കോടിയായി കുറച്ചു. നാലു കൊല്ലം മുമ്പുള്ള പ്ലാനിനേക്കാളും കുറഞ്ഞ പ്ലാനാണ് ഈ വർഷത്തെ ഔട്ട് ലേ.

നാട്ടിൻപുറങ്ങൾക്കും സാധാരണക്കാർക്കും ചെലവിടുന്ന വികസന തുക വളരെ വേഗം ഖജനാവിലേക്കുതന്നെ തിരിച്ചെത്തും. വൻകിടക്കാരുടെ ശമ്പളം ചിലപ്പോൾ ഓഹരിവിപണിയിലായിരിക്കും ഇടുന്നത്. സ്‌കൂളിലെ പ്യൂൺ ഇവിടെ തന്നെ ചെലവാക്കും. പാവപ്പെട്ടവർക്ക് നൽകുന്ന പണമാണ് ഇവിടുത്തെ വൻകിട വ്യവസായിയുടെ ഉൽപ്പന്നം വിറ്റുപോകുന്നതിന്റെ അടിസ്ഥാനം. സാധാരണക്കാരുടെ ക്രിയശേഷയാണ് വ്യവസായ വികസനം സൃഷ്ടിക്കുക.

source: Budget Documents

കിഫ്ബിയുടെ അവസ്ഥ എന്താണ്? അഞ്ചുവർഷം കൊണ്ട് 50,000 കോടി രൂപയുടെ പദ്ധതികൾ പൂർത്തയാക്കുമെന്ന് അവകാശപ്പെട്ട കിഫ്ബിക്ക് ഏഴു വർഷം കൊണ്ട് 21,000 കോടി രൂപയുടെ പദ്ധതികളാണ് പൂർത്തിയാക്കാൻ കഴിഞ്ഞത് എന്ന് ഗവർണറുടെ നയപ്രഖ്യാപനത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി ഒറ്റ പുതിയ പ്രൊജക്റ്റില്ല. കിഫ്ബിയുടെ പദ്ധതികൾ റവന്യൂ ജനറേറ്റ് ചെയ്യുന്നില്ല. പ്രാദേശിക സർക്കാറുകളുടെ സഹായത്തോടെ ഫണ്ടുകൾ ശേഖരിക്കാമായിരുന്നു. ലൈഫ് പദ്ധതിയും സർക്കാറിൽ കേന്ദ്രീകരിക്കുകയാണ് ചെയ്തത്, ഇത് മുമ്പ് പ്രാദേശികതലത്തിൽ സാധാരണക്കാരുടെ മുൻകൈയിൽ ഒരു നിർവഹണ ചെലവുമില്ലാതെ ചെയ്തിരുന്ന ഒന്നാണ്.
ആവശ്യമില്ലാത്ത പുനർകേന്ദ്രീകരണമാണ് നടന്നത്.

റെയിൽവേ കേന്ദ്രത്തിന്റേതല്ലേ? എന്തിനാണ് സംസ്ഥാനം റെയിലുണ്ടാക്കാൻ പോയത്. അതിനേക്കാൾ നല്ലത്, കഞ്ചിക്കോട്ട് കോച്ച് ഫാക്ടറിയുണ്ടാക്കുകയായിരുന്നു. കിഫ്ബി റെയിൽവേയുമായി സഹകരിച്ച് കോച്ച് ഫാക്ടറി തുടങ്ങിയിരുന്നുവെങ്കിൽ വലിയ മാറ്റം പാലക്കാടുണ്ടാകുമായിരുന്നു.

PRS Legislative research Kerala Budget Analysis 2023-24

എന്തിനാണ് തീരദേശ ഹൈവേ? ഇപ്പോഴത്തെ എൻ.എച്ച് 66 ഫലത്തിൽ തീരദേശ ഹൈവേയാണ്. രണ്ടും തമ്മിൽ പലയിടത്തും 100 മീറ്റർ വ്യത്യാസമേയുള്ളൂ.
ടെലി കമ്യൂണിക്കേഷൻ കേന്ദ്രത്തിന്റെയല്ലേ? എന്തിനാണ് കെ ഫോൺ?.

സംസ്ഥാനം ഒന്നുകിൽ കേന്ദ്രം ചെയ്യേണ്ട കാര്യം ചെയ്യും, അല്ലെങ്കിൽ പഞ്ചായത്ത് ചെയ്യേണ്ട കാര്യം ചെയ്യും. സംസ്ഥാനം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുകയുമില്ല. ഉദാഹരണത്തിന്, ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന കാസർകോട്, ഇടുക്കി, വയനാട്, തിരുവന്തപുരം എന്നിവിടങ്ങളിലെ സർക്കാർ മെഡിക്കൽ കോളേജുകൾ പൂർത്തിയാക്കുന്നതിൽ പിണറായി സർക്കാർ ദയനീയമായി പരാജയപ്പെട്ടു.
എക്‌സ്പൻഡീച്ചർ സൈഡിലെല്ലാം ഇത്തരം ഫാൻസി പ്രൊജക്റ്റുകളാണ്. സംസ്ഥാനത്തെ ഒരു പൊളിറ്റിക്കൽ ഷോറൂമാക്കുകയാണ് സർക്കാർ; വിൽക്കാനുള്ളതല്ല, കാണാൻ മാത്രമുള്ള ഒന്ന്.

source: Budget Document

അടുത്തകാലത്ത് വന്ന രോഗമാണ് ഉത്സവക്കമ്മിറ്റി സിൻഡ്രോം. കേരളത്തിൽ 1000 പ്രാദേശിക സർക്കാറുകളുള്ളതിൽ കുറഞ്ഞത് പതിനായിരത്തോളം ഉത്സവങ്ങൾ നടക്കുന്നുണ്ട്. പിന്നെ എന്തിനാണ് സർക്കാർ വക ഉത്സവം.
ഞാനൊക്കെ വെടിക്കെട്ടിനെ ന്യായീകരിക്കാറുണ്ട്. ഞങ്ങളുടെ നാട്ടിൽ വെടിക്കെട്ടിന് പത്തും ഇരുപതും ലക്ഷം രൂപ ചെലവാകും. ഒരു ലക്ഷം ആളുകൾ ഇത് കാണുന്നുണ്ട്. അപ്പോൾ ഒരാൾക്ക് 20 രൂപയല്ലേ ആകുന്നുള്ളൂ, അവരെല്ലാവർക്കും സന്തോഷമായില്ലേ? പെർ കാപ്പിറ്റ ഹാപ്പിനസ് വളരെ ഉയർന്നതല്ലേ എന്നെല്ലാം ഞാൻ ചോദിക്കാറുണ്ട്.

കേരളത്തിന്റെ പബ്ലിക് അക്കൗണ്ട് വർധിക്കാൻ പാടില്ല എന്ന തലതിരിഞ്ഞ ഇക്കണോമിക്‌സാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമാക്കുന്നത്.

തിരുവനന്തപുരത്ത് നല്ല രീതിയിൽ ഓണാഘോഷം നടന്നു. നന്നായി, അത് ഒരാവശ്യമായിരുന്നു. നമുക്ക് സെക്യുലർ ഉത്സവങ്ങളും ആവശ്യമാണ്. ചിങ്ങത്തിൽ ഓണം കഴിഞ്ഞ് തുലാമാസത്തിൽ വീണ്ടും മറ്റൊരുത്സവം- ‘കേരളീയം.’. സ്വഭാവികമായും എട്ടു ദിവസത്തെ പരിപാടിയിൽ ആറു ദിവസവും വൈകീട്ട് തുലാമഴയായിരുന്നു. ശോഭനയുടെ നൃത്തത്തിനുപോയവർ ചളിക്കണ്ടത്തിൽ കാളപൂട്ടിനുപോയപോലെയാണ് തിരിച്ചുവന്നത്. എന്നിട്ടു പറയുന്നു, ഇത് ഷോകേസ് ചെയ്യാനാണ് എന്നത്. ശോഭനയുടെ നൃത്തം കാണാൻആരെങ്കിലും അമേരിക്കയിൽനിന്ന് വരുമോ? വിഖ്യാത കൊളംബിയൻ ഗായിക ഷാകിറയെ ക്രിസ്മസ്- പുതുവർഷക്കാലത്ത് കൊണ്ടുവന്നാൽ കേരളം ഉത്സാഹത്താൽ ത്രസിക്കും. ഫുട്ബോൾ താരങ്ങളായ മെസ്സിയെയും എംബാപ്പയെയും മലബാറിൽ കൊണ്ടുവന്നാൽ അവിടെയും ഉത്സ​വക്കൊടുങ്കാറ്റുണ്ടാകും. ഇതെല്ലാം മഴക്കാലത്തല്ല വേണ്ടത്.
കേരള മന്ത്രിസഭ ഒരു ഉത്സവക്കമ്മിറ്റിയായി മാറിയിരിക്കുന്നു.

എട്ടു കൊല്ലത്തിനുള്ളിൽ ഈ സർക്കാർ ഒരു കോളേജ് പുതുതായി തുടങ്ങിയോ? ഒരു ഫാക്ടറി? ഒരു ആശുപത്രി?
കാരുണ്യ ലോട്ടറി തകർന്നില്ലേ? ക്ഷേമപെൻഷൻ നിലച്ചു. നെല്ല് സംഭരണമെടുക്കാം. ചരക്ക്- പണം- ചരക്ക് (CMC), പണം- ചരക്ക്- പണം (MCM) എന്നതാണ് മാർക്‌സിയൻ ഇക്കോണമിയുടെ അടിസ്ഥാനം. നെല്ല് സംഭരണത്തിന്റെ കാര്യത്തിൽ ചരക്ക്- കടം- ചരക്ക് എന്നായി മാറി. ഇതാണ് പിണറായി ഇക്കണോമിക്സ്. ഈ പിണറായി ഇക്കോമിക്സ് കണ്ട് കാൾ മാർക്സ് പോലും അന്തംവിട്ടുകാണും.

നെല്ല് കൊടുക്കുന്ന കർഷകർക്ക് കിട്ടുന്നത് കടമാണ്. ബാങ്കിൽനിന്ന് വീണ്ടും മറ്റൊരു കടമെടുത്തുവേണം അടുത്ത വിതക്ക് നെല്ല് വാങ്ങാൻ. യഥാർഥത്തിൽ, പാഡി രസീപ്റ്റ് ഷീറ്റ് (പി.ആർ.എസ്) പ്രതിസന്ധിയുണ്ടാക്കേണ്ട കാര്യമില്ല. കർഷകർ നെല്ല് കൊടുക്കുന്നു, പി.ആർ.എസ് ഷീറ്റുമായി തൊട്ടടുത്ത ബാങ്കിൽ ചെല്ലുമ്പോൾ അവർക്ക് പണം കിട്ടുന്നു. ആ പണം സർക്കാർ അടക്കുന്നു. ഇപ്പോൾ നടക്കുന്നതെന്താണ്? നെല്ല് കൊടുത്ത കർഷകൻ പി.ആർ.എസുമായി ബാങ്കിൽ ചെന്നാൽ അയാളോട് പറയുന്നത്, പണം വന്നിട്ടില്ല എന്നാണ്. ഒമ്പതുമാസം വരെയാണ് വൈകിയിരിക്കുന്നത്.
വിഷുവിന് തൊട്ടുമുമ്പാണ് ഈ പ്രശ്‌നത്തിൽ ഞാൻ പാലക്കാട്ട് നിരാഹാരസമരം നടത്തിയിരുന്നു, വിഷുവിനുമുമ്പ് കർഷകർക്ക് പണം കിട്ടണമെന്നാവശ്യപ്പെട്ട്. മകരക്കൊയ്ത്തിന്റെ പണം കന്നിക്കൊയ്ത്ത് കഴിഞ്ഞിട്ടും സർക്കാർ കൊടുത്തിട്ടില്ല.

source: Budget Document

കേരളത്തിന്റെ പബ്ലിക് അക്കൗണ്ട് വർധിക്കാൻ പാടില്ല എന്ന തലതിരിഞ്ഞ ഇക്കണോമിക്‌സാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമാക്കുന്നത്. ഇതൊരു രാജധന പ്രതിസന്ധിയിലേക്ക് (sovereign debt crisis) പോകുകയാണ്. അതായത്, ബാങ്കുകൾ പോലും സർക്കാറിന് കടം കൊടുക്കാത്ത അവസ്ഥ.

കേന്ദ്ര വിഹിതം:
പറയാത്ത കണക്കുകൾ

കേന്ദ്ര ധനകാര്യ കമീഷൻ റവന്യൂ വരുമാനത്തിന്റെ 2.5 ശതമാനമാണ് നമുക്ക് നൽകിയിരുന്നത്. അത് 1.9 ശതമാനമായി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ധനകാര്യ കമീഷൻ വാരിക്കോരി കൊടുക്കുന്നുണ്ട് എന്നു പറയുമ്പോൾ അതിനൊരു മറുവശം കൂടിയുണ്ട്, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ദരിദ്രസംസ്ഥാനങ്ങളാണ്. വികസനം കുറവാണ് എന്നതിന്റെ പേരിൽ പണം കൊടുക്കുകയാണ്. അത് തെറ്റുതന്നെയാണ്.

കേരളത്തിന് മിനിമം രണ്ടര ശതമാനമെങ്കിലും കിട്ടണമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. കേന്ദ്ര വിഹിതം കുറഞ്ഞുവെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. 14ാം ധനകാര്യ കമീഷന്റെ ഏറ്റവും വലിയ അംഗീകാരം കേരളത്തിനാണ് കിട്ടിയത്. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ഒരു മാസം 1700 കോടി രൂപ വച്ചാണ് കിട്ടിയത്. ഇത് വലിയൊരു കിട്ടലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പിണറായി സർക്കാറിന് ഇത് വലിയൊരു അനുഗ്രഹമായി.

PRS Legislative research Kerala Budget Analysis 2023-24 എന്ന പഠനത്തിലെ ചില വിവരങ്ങൾ ഇതാ. (ഈ വിശകലനങ്ങൾക്ക് സർക്കാർ ഔദ്യോഗികമായി തന്നെ വിശദീകരണം നൽകേണ്ടതാണ്).

PRS Legislative research Kerala Budget Analysis 2023-24.

2021-22ലെ സാലറി ആക്ച്വൽസ് 44,494 കോടി രൂപയാണ്. 2022- 23ലേത് 38,383 കോടിയും; ഒമ്പതു ശതമാനം കുറവ്. ഈ കുറവ് എങ്ങനെയുണ്ടായി എന്ന് അവർ വിശദീകരിക്കണം.
പെൻഷനുകൾ 26,899 കോടി രൂപയാണ് 21-22ലെ ആക്ച്വൽസ്. 22- 23ൽ 26,689; ഒരു ശതമാനം കുറവ്.
ഇന്ററസ്റ്റ് പേമെയ്ന്റ്‌സ് 21-22ൽ 23,303 കോടി രൂപയാണ്. 22- 23ൽ 24,960. കുറച്ചു കൂടുതലാണ്. എന്നാൽ, ഈ മൂന്നും കൂടി 94,696 കോടി വരും, 21-22ൽ. 22-23ൽ, 90,032.
ആകെ ചെലവ് കുറഞ്ഞിരിക്കുകയാണ്. എങ്ങനെ കുറഞ്ഞു എന്ന് സർക്കാറാണ് വിശദീകരിക്കേണ്ടത്. 2023-24ലെ ബജറ്റ് എസ്റ്റിമേറ്റ് 94,649 കോടി രൂപയാണ്. കണ്ടമാനം ചെലവൊന്നും കൂടിയിട്ടില്ല.

പല കാര്യത്തിലും സർക്കാർ നെഗറ്റീവിലാണ് പോകുന്നത്. ഉദാഹരണം, ട്രാൻസ്‌പോർട്ട്- 7161 കോടി രൂപയാണ് 21-22ലെ എക്‌സ്പൻഡീച്ചർ. 22-23ൽ 6576 കോടി. 26 ശതമാനം കുറവ്. അഗ്രിക്കൾച്ചറിൽ കൂടിയിട്ടുള്ളത് മൂന്ന് ശതമാനമാണ്. സോഷ്യൽ വെൽഫെയർ ആന്റ് ന്യൂട്രീഷ്യനിൽ കൂടിയിട്ടുള്ളത് രണ്ട് ശതമാനം. വാട്ടർ സപ്ലൈയിൽ കുറഞ്ഞത് 17 ശതമാനമാണ്. എല്ലാ വിഭാഗങ്ങളുമെടുത്താൽ ആകെയുള്ള ചെലവ് കൂടിയത് വെറും ഒരു ശതമാനം.

വിലക്കയറ്റം അഞ്ചു ശതമാനമാണ്. അതായത്, വിലക്കയറ്റത്തെ അഡ്ജസ്റ്റ് ചെയ്തിട്ടുള്ള ഡവലപ്പ്‌മെന്റ് എക്‌സ്‌പെൻഡീച്ചർ ഇല്ല. പിന്നെയെന്തുകൊണ്ടാണ് പണമില്ല എന്നു പറയുന്നത്?

ഇനി മറ്റൊരു കണക്കെടുക്കാം, Overview of Receipts and Expenditure. എല്ലാം നെഗറ്റീവിലാണ്. നെറ്റ് എക്‌സ്പൻഡീച്ചർ ഒരു ശതമാനം കൂടിയിട്ടുണ്ട്. റവന്യൂ എക്‌സ്പൻഡീച്ചർ മൈനസ് വൺ. ലോൺസ് ആന്റ് അഡ്വാൻസസ് 85 ശതമാനം കൂടിയിട്ടുണ്ട്. ഡെബ്റ്റ് റീ പെയ്‌മെന്റ് 32 ശതമാനം കുറഞ്ഞു.

കക്ഷിരാഷ്ട്രീയം പറയുന്നത് നിർത്തി, സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഇത്ര, കേന്ദ്രം നൽകിയത് ഇത്ര, ചെലവിട്ടത് ഇത്ര, കിട്ടേണ്ടത് ഇത്ര- ഇങ്ങനെയൊരു കണക്ക് സംസ്ഥാന സർക്കാർ എവിടെയെങ്കിലും അവതരിപ്പിച്ചിട്ടുണ്ടോ?

കേന്ദ്ര വിഹിതം കുറഞ്ഞു എന്നു പറയുന്ന സംസ്ഥാന സർക്കാർ തദ്ദേശസ്ഥാപനങ്ങളോട് എന്താണ് ചെയ്യുന്നത്. പ്ലാൻ കുറച്ചുവക്കുന്നത് എന്തിനാണ്?

- റവന്യൂ വരുമാനം.
- റവന്യൂ ചെലവ്.
- ഡവലപ്‌മെന്റ് എക്‌സ്പൻഡീച്ചർ.
ഇതു മൂന്നുമല്ലാതെ എന്താണ് സർക്കാറിന്റെ ചെലവ്? കൃത്യമായി പറയണം, വെറുതെ കുറെ നറേറ്റീവുകൾ സൃഷ്ടിച്ചതുകൊണ്ട് കാര്യമില്ല.

കേന്ദ്ര വിഹിതം കുറഞ്ഞു എന്നു പറയുന്ന സംസ്ഥാന സർക്കാർ തദ്ദേശസ്ഥാപനങ്ങളോട് എന്താണ് ചെയ്യുന്നത്. പ്ലാൻ കുറച്ചുവക്കുന്നത് എന്തിനാണ്? 25 ശതമാനമാണ് പഞ്ചായത്തുകൾക്കും നഗരസഭകൾക്കും കൊടുക്കുന്നത്. പ്ലാൻ കൂട്ടിയാൽ അത് കൂടും. 100 രൂപയാണ് പ്ലാൻ എങ്കിൽ 25 രൂപ കൊടുക്കണം. പ്ലാൻ അടങ്കൽ കൂട്ടാത്തതുകൊണ്ട് പഞ്ചായത്തുകളുടെ തുകയും വർധിക്കുന്നില്ല, കുറയുകയാണ് ചെയ്യുന്നത്. കിഫ്ബിയുടെ ചെലവിന്റെ 25 ശതമാനം കോർപറേഷനുകൾക്കും ജില്ലാ പഞ്ചായത്തുകൾക്കും കൊടുക്കട്ടെ. അവർക്ക് ജില്ലാ പ്ലാനുണ്ടല്ലേ. ബൾബ് വാങ്ങാൻ കെ.എസ്.ഇ.ബിക്ക് കിഫ്ബി പണം കൊടുക്കുന്നത് എന്തിനാണ്? ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് എന്നാണ് പറയുന്നത്. ഇക്കാര്യത്തിൽ കേന്ദ്രത്തിനെ നോക്കി പഠിക്കണം. അവർ ടോൾ വക്കുന്നുണ്ട്. സംസ്ഥാനവും ടോൾ വക്കണം, എങ്കിലേ പണം കിട്ടൂ. കേന്ദ്രം പിരിക്കുന്ന ടോളിന്റെ 50 ശതമാനം സംസ്ഥാനത്തിന് തരേണ്ടതല്ലേ. അത് സംസ്ഥാനം കേന്ദ്രത്തിനോട് ചോദിക്കുന്നുണ്ടോ? കേരളത്തിൽനിന്ന് പിരിക്കുന്ന ദേശീയപാതാ ടോളിന്റെ 50 ശതമാനം സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ്.

സാധാരണക്കാർ നേരിട്ട് ഇടപെടുന്ന എത്രയെത്ര മേഖലകളാണ് വൻ പ്രതിസന്ധി നേരിടുന്നത്. സഹകരണമേഖലയിലെ അവസ്ഥ എന്താണ്? രണ്ടു മാസമായി കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ വായ്പകൾ നൽകുന്നില്ല. കൊടുത്തവ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്. ലോവർ മിഡിൽ ക്ലാസും സാധാരണക്കാരുമാണ് ഇവിടെനിന്ന് വായ്പയെടുക്കാൻ വരുന്നത്. അപ്പർ മിഡിൽ ക്ലാസിൽനിന്ന് നിക്ഷേപം സ്വീകരിച്ച് അവരേക്കാൾ താഴെയുള്ളവർക്ക് കടം കൊടുക്കുകയാണ് സഹകരണ സ്ഥാപനങ്ങൾ ചെയ്യുന്നത്. ലക്ഷങ്ങൾക്കാണ് ഇങ്ങനെ വായ്പ കിട്ടിക്കൊണ്ടിരുന്നത്. ഇപ്പോൾ, കേരളത്തിലെ 15000 ഓളം സഹകരണ സംഘങ്ങൾ നിശ്ചലമായിരിക്കുകയാണ്. കുടിശ്ശിക പിരിവാണ് ഇപ്പോൾ നടക്കുന്നത്.

Source: Budget Document

2017 -ൽ രാജ്യത്ത് ജി.എസ്.ടി. നടപ്പാക്കിയപ്പോൾ സംസ്ഥാന അതിർത്തികളിലെ ചെക്ക് പോസ്റ്റുകൾ ഇല്ലാതാക്കി. നികുതി വെട്ടിച്ച് അതിർത്തി കടന്നെത്തുന്ന വാഹനങ്ങളെ പിടികൂടാൻ ഓട്ടോമാറ്റിക് ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിച്ചെങ്കിലും, കേരളത്തിലെ പ്രധാന അതിർത്തി ചെക്ക്പോസ്റ്റുകളിൽ 6 കോടി രൂപ മുടക്കിസ്ഥാപിച്ച ANPR (automated number plate recognition) ക്യാമറകൾ നിശ്ചലമാണ്. സമയനഷ്ടം പരിഹരിക്കുന്നതിനും 50,000 രൂപക്കു മുകളിലുള്ള സാധനങ്ങൾ വാഹനങ്ങളിൽ കൊണ്ടുപോകുമ്പോൾ ഓൺലൈനായി തയ്യാറാക്കേണ്ട ഇ-വെയ്ബിൽ പരിശോധിക്കുന്നതിനും സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കം നീരീക്ഷിക്കുന്നതിനും ഒരേ ബില്ല് ഉപയോഗിച്ച് പലതവണ ചരക്ക് കടത്തുന്നത് തടയുന്നതിനും വേണ്ടിയാണ് ഈ സംവിധാനം സ്ഥാപിച്ചത്. എന്നാൽ, മാസങ്ങളായി ഈ സംവിധാനം പ്രവർത്തിക്കുന്നില്ല. ഇത് പ്രവർത്തനക്ഷമമാക്കാൻ സർക്കാർ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല.
കെ.എസ്.ആർ.ടി.സിയെ, ‘സിയാൽ’ പോലെ ഒരു ഇൻകം സോഴ്‌സായി മാറ്റണം. അതിന് പദ്ധതികളില്ല.
കടമെടുപ്പ് 40 ശതമാനത്തിനടുത്ത് എത്തി. ഇത് തിരിച്ചുകൊടുക്കേണ്ടേ? ഇത്തരം നിരവധി പ്രശ്‌നങ്ങൾ സാമ്പത്തിക പ്രതിസന്ധിയുടെ അനുബന്ധമായുണ്ട്. ഇവക്കെല്ലാം നയപരമായ സമീപനം കൂടി അനിവാര്യമാണ്.

ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി അടിമാലിയിലെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന മറിയക്കുട്ടി

ക്ഷേമപെൻഷൻ മുടങ്ങിയതിനെതുടർന്ന് ജീവിക്കാൻ മാർഗമില്ലാതായ അടിമാലിയിലെ 87 കാരിയായ മറിയക്കുട്ടി തെരുവിൽ ഭിക്ഷ യാചിക്കാനിറങ്ങി പ്രതിഷേധിച്ച അതേ കേരളത്തിലാണ് 20 മന്ത്രിമാർ ചേർന്ന് 'രഥയാത്ര' നടത്താൻ പോകുന്നത് എന്നുകൂടി ഈ പ്രതിസന്ധികളുടെയെല്ലാം അടിക്കുറിപ്പായി പറഞ്ഞുവെക്കാം.

Comments