ജ്ഞാന സമ്പദ്ഘടനയും അറിവിലെ മറിമായവും

ഇന്ന് 150- ലേറെ യൂണിവേഴ്‌സിറ്റികള്‍ക്ക് അമേരിക്കയില്‍ സാങ്കേതികവിദ്യ കൈമാറാന്‍ പ്രത്യേകം ഓഫീസുണ്ട്. വര്‍ഷത്തില്‍ 10,000- ലേറെ പേറ്റന്റ് അപേക്ഷകള്‍ അവര്‍ക്ക് കിട്ടുന്നു. ഈ വ്യതിചലനം ഗവേഷണ അജണ്ടകളെ തന്നെ മാറ്റിമറിക്കുകയാണ്. മാര്‍ക്കറ്റിനാവശ്യമുള്ള പുതിയ സാങ്കേതികവിദ്യകള്‍ നല്‍കാന്‍ കെല്പുള്ള വലിയ സ്ഥാപനങ്ങള്‍ മാത്രം ഈ അക്കാദമിക് മത്സരത്തില്‍ പണം സമ്പാദിക്കുന്നു.

നവ ലിബറലിസം:
സർവാരാധനയുടെ പുറകിലെ ​​​​​​​
രാഷ്​ട്രീയം- 16

ത്തുവര്‍ഷം മുമ്പ് ബ്രിട്ടനിലെ തേനീച്ച കര്‍ഷകരും പരിസ്ഥിതി സംഘങ്ങളും ചേര്‍ന്ന്​, രാജ്യത്തെ തേനീച്ചകളെ കീടനാശിനി ബാധയില്‍ നിന്ന്​ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട്​ ലണ്ടന്‍ നഗരത്തില്‍ വലിയ പ്രകടനം നടത്തി. 26 ലക്ഷം പേര്‍ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക്​ നേരില്‍ സമര്‍പ്പിച്ചു. 2000- മുതല്‍ യൂറോപ്പിലാകെ കൃഷിയിടങ്ങളില്‍ നിയോനികോട്ടിനോയ്ഡ്‌സ് (neonicotinoids) എന്ന പേരിലെത്തിയ പുതിയ തരം കീടനാശിനി മൂലം തങ്ങളുടെ തേനീച്ചക്കൂടുകള്‍ 30-40 ശതമാനം വരെ നശിച്ചുപോകുന്നതായി പരാതിപ്പെട്ട്​ അതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങളും തേനീച്ച കൃഷിക്കാര്‍ മുന്നോട്ടു വെച്ചു.

ജനങ്ങള്‍ ജാഥയായി പ്രധാനമന്ത്രിയുടെ വസതിയിലേക്കു നീങ്ങിയ അതേദിവസം, പ്രക്ഷോഭകരുടെ ആവശ്യം ബ്രിട്ടീഷ് സര്‍ക്കാരിന്റെ മുഖ്യ ശാസ്‌ത്രോപദേഷ്ടാവ് മാര്‍ക്ക് വാള്‍പോട്ട് (Mark Walport) നിരസിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്​ ഉപയോഗിച്ചാല്‍ നിയോനികോട്ടിനോയ്ഡ്‌സ് ഉപദ്രവകാരിയല്ലെന്നും, നിരോധനം കൃഷിക്കാര്‍ക്കും സമ്പദ്​വ്യവസ്ഥക്കും ദോഷം ചെയ്യുമെന്നും, ഗുണദോഷ വിവേചനം നടത്തുമ്പോള്‍ ഗുണം ഏറെയായതിനാല്‍ അതാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിയോനികോട്ടിനോയ്ഡ്സ് മൂന്നുവര്‍ഷത്തേക്ക്​ യൂറോപ്യന്‍ യൂണിയലിനിലുടനീളം താല്‍ക്കാലികമായി നിരോധിക്കുന്നതിനുള്ള ബില്ലിന്റെ വോട്ടെടുപ്പിനു മുമ്പായിരുന്നു നിരോധനം എതിര്‍ത്ത്​ ബ്രിട്ടന്റെ പ്രധാന ശാസ്‌ത്രോപദേശകന്‍ രംഗത്തു വന്നത്.

കീടനാശിനി നിരോധനത്തിന് വേണ്ടിയുള്ള പ്രതിഷേധം / Photo: greensefa, Flickr

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ 'ദ ഗാര്‍ഡിയന്‍' പത്രത്തിന്റെ പരിസ്ഥിതികാര്യ റിപ്പോര്‍ട്ടര്‍ ഡേമിയന്‍ കെറിംഗ്റ്റണ്‍ (Damian Carrington ) ഇങ്ങനെയെഴുതി: ‘ഇന്നു ലോകത്തില്‍ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നതും തേനീച്ചകളുടെ നാശത്തിനു കാരണമാകുന്നതുമായ കീടനാശിനിയുടെ നിരോധനത്തിന്റെ വക്കോളമെത്തിയിരിക്കുന്നു യൂറോപ്പ്. ഗാര്‍ഡിയന്‍ പത്രത്തിന്റെ 'ഒബ്‌സര്‍വ’റിന് കിട്ടിയ വിവരാവകാശ രേഖകള്‍ പ്രകാരം, ബ്രിട്ടീഷ് മന്ത്രിമാരും കെമിക്കല്‍ കമ്പനികളും രഹസ്യമായി കൈകോര്‍ത്ത് നിരോധനത്തെ എതിര്‍ക്കുന്നുണ്ടെങ്കിലും വോട്ടെടുപ്പില്‍ കീടനാശിനി നിരോധിക്കപ്പെട്ടേക്കും.’

ഓവന്‍ പാറ്റിഴ്‌സെന്‍

കീടനാശിനി നിരോധിക്കണം എന്ന നിര്‍ദ്ദേശത്തില്‍ താന്‍ നിരാശനാണെന്ന് ബ്രിട്ടീഷ് പരിസ്ഥിതി സെക്രട്ടറി ഓവന്‍ പാറ്റിഴ്‌സെന്‍ (Owen Paterson) കെമിക്കല്‍ കമ്പനിയായ സിന്‍ജന്റയോട്​ (Syngenta) പറഞ്ഞത്, രേഖകള്‍ പുറത്തുവിട്ട്​ ഒബ്‌സര്‍വര്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടൻ നിരോധനത്തെ എതിര്‍ക്കുമെന്നും വരുംദിനങ്ങളില്‍ എതിര്‍പ്പ് കടുപ്പിക്കുമെന്നും അദ്ദേഹം അതില്‍ പറഞ്ഞു. അതേസമയം, തേനീച്ചകളുടെ വിഷയത്തില്‍ വിദഗ്ധനായ സസെക്‌സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ഡേവ് ഗോള്‍സന്റെ (Dave Goulson) പഠനങ്ങള്‍ നിയോനികോട്ടിനോയ്ഡ്‌സിന്റെ ദോഷങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അദ്ദേഹം പറയുന്നു: ‘ഇവ തേനീച്ചകള്‍ക്കും ഒരു പക്ഷേ മറ്റുള്ളവയ്ക്കും ദോഷകരമാണെന്നതിന് നിരവധി ശാസ്ത്രീയ പഠനങ്ങളുണ്ട്. യൂറോപ്യന്‍ യൂണിയനിലെ രാഷ്ട്രീയക്കാര്‍ ഇവ നിരോധിക്കാന്‍ മുന്‍കൈയെടുക്കേണ്ട സമയമാണിത്.'

ഗാര്‍ഡിയന്‍ പത്രത്തില്‍ തന്നെ തൊട്ടടുത്ത ദിവസം ജോര്‍ജ്ജ് മോണ്‍ബിയോ (George Monbiot) ബ്രിട്ടീഷ് മുഖ്യ ശാസ്‌ത്രോപദേശകനെ വിമര്‍ശിച്ച്​ പറഞ്ഞു: ‘‘സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ സ്വകാര്യ കമ്പനികളുടെ ലോബികളാകുന്നതില്‍ നാം ജാഗ്രത പാലിക്കണം. ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിച്ചു ഉപയോഗിക്കുമ്പോള്‍ നികോട്ടിനോയ്ഡ്‌സ് അപകടകരമല്ലെന്നും അവ തേനീച്ചകളുടെ നാശത്തിന് കാരണമാണെന്നതിനു തെളിവില്ലെന്നതുമായ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും അശാസ്ത്രീയവുമാണ്. കൃഷിക്കാര്‍ക്കും സമ്പദ്ഘടനക്കും നിരോധനം വലിയ നഷ്ടമുണ്ടാക്കുമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഈ കീടനാശിനികള്‍ യൂറോപ്പിന് അവശ്യമായവയല്ലെന്ന് ഹൗസ് ഓഫ് കോമണ്‍സ് എന്‍വയണ്‍മെന്റല്‍ ഓഡിറ്റ് കമ്മിറ്റി ഒരു മാസം മുന്നേ പറഞ്ഞിരുന്നു. ഗുണദോഷങ്ങള്‍ താരതമ്യം ചെയ്ത് തീരുമാനമെടുക്കണമെന്നും ഈ ശാസ്ത്രജ്ഞന്‍ പറയുന്നു. എന്നാല്‍ ബ്രിട്ടണ്‍ ഉള്‍പ്പെടെ 171 രാജ്യങ്ങള്‍ ഒപ്പിട്ട 'റിയോ ഡിക്ലറേഷന്‍ ' പറയുന്നു, 'ഗുരുതരമായതോ വീണ്ടെടുക്കാനാകാത്തതോ ആയ നാശനഷ്ടങ്ങളുടെ ഭീഷണിയുണ്ടെങ്കില്‍, പരിസ്ഥിതി തകര്‍ച്ച തടയുന്നതിന്​ ചെലവു കുറഞ്ഞ നടപടികള്‍ നീട്ടിവെക്കുന്നതിനുള്ള ഒരു കാരണമായി പൂര്‍ണ്ണമായ ശാസ്ത്രീയ തെളിവിന്റെ അഭാവം ഉപയോഗിക്കരുത്.’’

Photo: Wikimedia Commons

2013 ഏപ്രില്‍ 29 നു നടന്ന വോട്ടെടുപ്പില്‍ 27 യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളില്‍ 15 പേര്‍ നിയോനികോട്ടിനോയ്ഡ്‌സ് ഉപയോഗത്തെ എതിര്‍ത്തതോടെ അവിടെ പലയിടത്തും ഈ കീടനാശിനി പ്രയോഗത്തിന് നിയന്ത്രണം കൊണ്ടുവന്നു. ഇത് ശാസ്ത്രത്തിന്റെയും സാമന്യബുദ്ധിയുടെയും തേനീച്ചക്കൂട്ടങ്ങളുടെയും ജനപിന്തുണയുടെയും വിജയമായി പരിസ്ഥിതിസംഘങ്ങള്‍ സന്തോഷിച്ചെങ്കില്‍ നിരോധന ബില്ലിനെ എതിര്‍ത്തു വോട്ടുചെയ്ത ബ്രിട്ടണ്‍ പറഞ്ഞു: ‘ആരോഗ്യമുള്ള തേനീച്ചകള്‍ ഉണ്ടായിരിക്കുക എന്നത് ഞങ്ങളുടെ പ്രഥമ മുന്‍ഗണനയാണ്. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ പിന്തുണയ്ക്കാത്തതിനാല്‍ ഞങ്ങള്‍ നിരോധനത്തെ അനുകൂലിക്കുന്നില്ല.’ നിയോനികോട്ടിനോയ്ഡ്‌സിന്റെ പ്രധാന ഉല്പാദകരായ ബയര്‍ കമ്പനി ഇങ്ങനെ പ്രസ്താവിച്ചു: ‘ഉത്തരവാദിത്വത്തോടെയും ശരിയായും ഉപയോഗിച്ചാല്‍ നിയോനികോട്ടിനോയ്ഡ്സ് തേനീച്ചകള്‍ക്കു കുഴപ്പമുണ്ടാക്കില്ല എന്നു ഞങ്ങള്‍ക്കു ബോധ്യമുണ്ട്. ഞങ്ങള്‍ തീരുമാനങ്ങളെടുക്കുന്നത് വ്യക്തമായ ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തിലാണ്.’ നേരേമറിച്ച്​, ‘നിരോധനം പരാഗണകാരികളെ നശിപ്പിക്കുമെന്നും നിരവധി ഗവേഷണകരുടെ തെളിവുകള്‍ നിരോധനത്തിന്റെ ആവശ്യകതയിലേക്കു നമ്മെ നയിക്കുന്നുവെന്നു' മാണ് സൈമണ്‍ പോട്ട്‌സ് (Simon Potts, Professor of Biodiversity and Ecosystem Services at Reading University) എന്ന ശാസ്ത്രജ്ഞന്‍ പ്രതികരിച്ചത്.

ഏതായാലും അഞ്ചു വര്‍ഷം കഴിഞ്ഞ് 2018 ലെത്തിയപ്പോള്‍ മൂന്നു പ്രധാന നിയാനികോട്ടിനോയ്ഡ്സ് കീടനാശിനികള്‍ നിരോധിക്കാതെ നിവൃത്തിയില്ല എന്ന നിലയിലേക്കു ബ്രിട്ടനിലെ രാഷ്ട്രീയ നേതൃത്വത്തിനും എത്തിച്ചേരേണ്ടിവന്നു. അന്നേവരെ ജനരോഷത്തെയും തെളിവുകളെയും നിരസിച്ചു പോന്ന അമേരിക്ക പോലും, തേനീച്ചകളെ നശിപ്പിക്കുന്ന 12 കീടനാശിനികള്‍ 2019- ല്‍ നിരോധിച്ചു.

Photo: Mitja Kobal, Greenpeace

20 വര്‍ഷത്തിലേറെയായി നടക്കുന്ന തേനീച്ചകളുടെ ദുര്‍മ്മരണവും അതേ തുടര്‍ന്ന്​ യൂറോ-അമേരിക്കന്‍ വന്‍കരകളിലുണ്ടായ കീടനാശിനി വിവാദങ്ങളും പരിശോധിച്ചാല്‍ ചില നവ ലിബറല്‍ വസ്തുതകള്‍ പിടികിട്ടും.

ഒന്നാമത്തേത്, രാഷ്ട്രീയക്കാരെയെന്ന പോലെ ശാസ്ത്രജ്ഞരെയും സമൂഹം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു എന്നതാണ്. ശാസ്ത്രജ്ഞരുടെ സത്യങ്ങള്‍ പുറത്തുവരുന്നത് സങ്കീര്‍ണ്ണമായ സാമൂഹ്യബന്ധങ്ങള്‍ക്കുള്ളിലായതിനാല്‍ അത്തരം സയന്‍സിന്റെ നിഷ്പക്ഷത തീര്‍ച്ചയായും മാറ്റുരയ്ക്കപ്പെടണമെന്നു വന്നിരിക്കുന്നു.

മുമ്പ് ശാസ്ത്രസത്യങ്ങള്‍ കണ്ടെത്തിയവര്‍ അധികാരത്താല്‍ എങ്ങനെയാണോ ആക്രമിക്കപ്പെട്ടത് അതേവിധം, ഭരണകൂടവും നവ മൂലധനവും ഔദ്യോഗിക ശാസ്ത്രജ്ഞാനങ്ങളും സംഘം ചേര്‍ന്ന്​ ‘അശാസ്ത്രീയ’രെ സൃഷ്ടിക്കുകയും അവരെ സയന്‍സിന്റെ വിശുദ്ധഭൂമിയില്‍ നിന്ന്​ പ്രാകൃതരെന്നു ചാപ്പകുത്തി നാടുകടത്തുകയും ചെയ്യുന്നു.

രണ്ടാമതായി, ശാസ്ത്രമെന്നത് ഏകമായ യാഥാര്‍ത്ഥ്യമെന്നതുവിട്ട് വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വക്കീലുകള്‍ പോലെ രണ്ടായി വേര്‍പിരിഞ്ഞു നില്‍ക്കുന്നു. സര്‍ക്കാരുകള്‍, കമ്പനികള്‍, പ്രതിഭാഗം ശാസ്ത്രജ്ഞര്‍ എന്നിവര്‍ ഒരു വശത്തു നില്‍ക്കുമ്പോള്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളെ നിരസിക്കുന്ന ശാസ്ത്രജ്ഞര്‍ പൗരസമൂഹങ്ങള്‍ക്കൊപ്പം ശാസ്ത്രീയനീതിക്കു വേണ്ടി മറുവശത്തു വാദിക്കുന്നു. അഥവാ മൂലധന സേവകള്‍ക്കൊത്ത് തയ്യാറാക്കപ്പെട്ട ശാസ്ത്രവും, മാനവികതയുടെയും ധാര്‍മ്മികതയുടെയും തുണയായി നില്‍ക്കുന്ന ശാസ്ത്രവും തമ്മിലുള്ള സംഘര്‍ഷഭൂമി പ്രകടമായി തന്നെ സംജാതമായിരിക്കുന്നു ഇപ്പോള്‍.

മൂന്നാമതായി, ജനസാമാന്യത്തിന്റെ യുക്തിഭദ്രവും അനുഭവാധിഷ്ഠിതവുമായ തിരിച്ചറിവുകള്‍ ശാസ്ത്രീയാന്വേഷണങ്ങളുടെ ഭാഗമായി മാറി അവ പുതിയ പ്രതിസന്ധികളുടെ വിപല്‍സത്യങ്ങളിലേക്കു നമ്മെ കൊണ്ടുപോകുന്നു.

നാലാമതായി, സാമൂഹ്യവും ധാര്‍മ്മികവുമായ പരിഗണനകള്‍ സുപ്രധാനമായ തര്‍ക്കങ്ങളില്‍ പോലും അവയെ ബോധപൂര്‍വ്വം അവഗണിച്ച്​, എല്ലാത്തിന്റെയും അവസാനവാക്കായി ശാസ്ത്രീയ തെളിവുകളെ ഹാജരാക്കണമെന്ന്​ (Scientism) ഭരണകൂടവും കമ്പനികളും നിരന്തരം ശഠിക്കുന്നു ഇന്ന്. നീതിക്കു വേണ്ടിയുള്ള സമരങ്ങളെ നിര്‍വീര്യമാക്കാന്‍ ശാസ്ത്രത്തെ മുഖ്യായുധമായി പ്രയോഗിക്കുന്നതിനാല്‍, അതേ നാണയത്തില്‍ നേരിടുന്നതിനായി ശാസ്ത്രത്തിന്റെ പോര്‍ച്ചട്ടകള്‍ അണിയുക എന്നത് പ്രതിരോധ സമരസമൂഹങ്ങള്‍ക്ക് അത്യാവശ്യമായി മാറിയിരിക്കുന്നു.

അഞ്ചാമതായി, ഔദ്യോഗിക ശാസ്ത്രസത്യങ്ങള്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല എന്ന കീഴ്​വഴക്കം പാടെ തിരുത്തപ്പെട്ടു. മറ്റെല്ലാ വിജ്ഞാനങ്ങളെയും പോലെ ശാസ്ത്രജ്ഞരും അവരുടെ പരീക്ഷണ നിരീക്ഷണരീതികളും നിഗമനങ്ങളുമെല്ലാം സാമൂഹ്യശാസ്ത്രത്തിന്റെ നിരന്തര പഠനത്തിനു വിധേയമാക്കപ്പെടുന്നു. അതായത്, ശാസ്ത്രത്തെ പിന്‍പറ്റുന്നതിനൊപ്പം ശാസ്ത്രത്തിന്റെ രാഷ്ട്രീയ-സാമൂഹ്യശാസ്ത്രം പഠിക്കുക എന്നത് മാനവരാശിയുടെ നിലനില്പിന്റെ തന്നെ ഉപാധിയായി തീര്‍ന്നിട്ടുണ്ട്.

അവസാനമായി, മുമ്പ് ശാസ്ത്രസത്യങ്ങള്‍ കണ്ടെത്തിയവര്‍ അധികാരത്താല്‍ എങ്ങനെയാണോ ആക്രമിക്കപ്പെട്ടത് അതേവിധം, ഭരണകൂടവും നവ മൂലധനവും ഔദ്യോഗിക ശാസ്ത്രജ്ഞാനങ്ങളും സംഘം ചേര്‍ന്നു ‘അശാസ്ത്രീയ’രെ സൃഷ്ടിക്കുകയും അവരെ സയന്‍സിന്റെ വിശുദ്ധഭൂമിയില്‍ നിന്ന്​ പ്രാകൃതരെന്നു ചാപ്പകുത്തി നാടുകടത്തുകയും ചെയ്യുന്നു.

നൂറ്റാണ്ടുകളായി കര്‍ഷകസമൂഹം രൂപപ്പെടുത്തിയെടുത്ത വിത്തുകളില്‍ ജനിതക സാങ്കേതികവിദ്യയെ പ്രവേശിപ്പിച്ച്​ വിത്തിന് പുതിയ പേരിടുമ്പോള്‍ അത് ബൗദ്ധികസ്വത്തായി മാര്‍ക്കറ്റ്​ കീഴടക്കുന്നു.

സാമൂഹ്യക്ഷേമത്തിന്റെ ഉത്തരവാദിത്വം ഭരണകൂടത്തില്‍ നിന്ന്​ പൂര്‍ണ്ണമായും വിപണി മാത്സര്യത്തിനു വിട്ടുകൊടുക്കുന്ന നവ ലിബറല്‍ രാഷ്ട്രീയ നയംമാറ്റത്തോടെ, ശാസ്ത്രസാങ്കേതിക വിദ്യകള്‍ സാമൂഹ്യക്ഷേമത്തിലുപരി സാമ്പത്തികനേട്ടങ്ങളെ മാത്രം അനുസരിക്കാന്‍ നിര്‍ബ്ബന്ധിതമാണിന്ന്. അതോടെ ഗവേഷണമേഖലയില്‍ ശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന നൈതികമൂല്യങ്ങള്‍ക്ക്​ വന്‍തോതില്‍ തന്നെ ചോര്‍ച്ച സംഭവിച്ചു തുടങ്ങി. ശാസ്ത്രീയമായ അറിവുകളുടെ ഉല്പാദകര്‍ വിപണിയെ സേവിച്ചാല്‍ അതുതന്നെയാണ് സാമൂഹ്യ പ്രതിബദ്ധത എന്നു സമീകരിക്കപ്പെട്ടപ്പോള്‍, അറിവും വിനിമയമൂല്യം മാത്രമുളള ഒരു ചരക്കായി തരം താഴ്ത്തപ്പെടുന്നു. അങ്ങനെ നവ ലിബറല്‍ ലോകത്ത് സാമ്പത്തികക്കുതിപ്പിനാവശ്യമായ ജ്ഞാനത്തിന്റെ വിപണന കേന്ദ്രങ്ങളായിട്ടുണ്ട് പുകള്‍പെറ്റ സര്‍വ്വകലാശാലകള്‍ പലതും.

സയന്‍സും നവ ലിബറലിസവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതിനായി സയന്‍സിന്റെ രാഷ്ട്രീയ-സാമൂഹ്യശാസ്ത്രത്തെപ്പറ്റി പഠിക്കുന്ന കെല്ലി മോര്‍, ഡാനിയല്‍ ക്ലൈമെന്‍ (Kelly Moore, Daniel Kleiman ) തുടങ്ങിയവര്‍ ലോകതലത്തില്‍ പുതിയ കാലത്തുണ്ടായ മൂന്നു മാറ്റങ്ങളെ നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്. അതില്‍ ഒന്നാമത്തേത് ജ്ഞാന സമ്പദ്​വ്യവസ്ഥ (Knowledge Economy) യുടെ വളര്‍ച്ചയാണ്. രണ്ടാമത്തേതാകട്ടെ സയന്‍സ് അധിഷ്ഠിത സാങ്കേതികവിദ്യകള്‍ക്ക്​ ആഗോള സമ്പദ്ഘടനയില്‍ വന്നുചേര്‍ന്ന പ്രാമുഖ്യവും, മൂന്നാമത്തേത് സയന്‍സും സാമൂഹ്യപ്രസ്ഥാനങ്ങളും തമ്മിലുണ്ടായ പുതിയ ഐക്യവേദിയുമാണ്.

ഡാനിയല്‍ ക്ലൈമെന്‍, കെല്ലി മോര്‍

രണ്ടാം ലോകയുദ്ധാനന്തരം കോളനിവാഴ്ച അവസാനിപ്പിച്ച്​ സ്വതന്ത്രരാഷ്ട്രങ്ങള്‍ പിറക്കുകയും, അവിടങ്ങളിലെ പുതിയ വ്യാവസായിക - കാര്‍ഷിക ജനായത്ത മുന്നേറ്റം ആഗോള സാമ്പത്തികബന്ധങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്ത 1970 കളില്‍, ലോക സാമ്പത്തിക മേധാവിത്വത്തിനായി പരമ്പരാഗത ശൈലികള്‍ ഉപേക്ഷിക്കാന്‍ കോളനി യജമാന രാഷ്ട്രങ്ങള്‍ നിര്‍ബ്ബന്ധിതരായി. കോളനിവാഴ്ചയുടെ വിരാമം, മൂന്നാംലോക വ്യാവസായിക മുന്നേറ്റം എന്നിവ വരുത്തിയ ചേതങ്ങളെ മറികടക്കാന്‍ പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനായി യൂറോ - അമേരിക്കന്‍ ശക്തികള്‍ പര്യവേഷണം ആരംഭിച്ചു. അങ്ങനെയാണ് ഭൗതികസ്വത്തിനെ അടിസ്ഥാനമാക്കിയ ലിബറല്‍ കോളനിവാഴ്ചയ്ക്കു പകരമായി, ഭൗതികേതര സമ്പത്താകുന്ന അദൃശ്യ ആസ്തികളെ ( intangible assets) - ബൗദ്ധിക സ്വത്തിനെ (Intellectual Property)- അവലംബമാക്കിയ നവ ലിബറല്‍ സമ്പദ്ഘടന ആവിര്‍ഭവിക്കുന്നത്. യന്ത്രോപകരണങ്ങള്‍, ആവിക്കപ്പല്‍, തീവണ്ടി തുടങ്ങിയ നിര്‍മ്മിത വസ്തുക്കളുടെ സഹായത്താല്‍ ലോകവിഭവങ്ങള്‍ക്കുമേല്‍ അധീശത്വം സ്ഥാപിച്ചതിനു പകരമായി, മാനവരാശിയുടെ മാനസ സന്തതികള്‍ക്കുമേല്‍ (Intellectual Property) പുതിയ സാങ്കേതികവിദ്യകള്‍ഉപയോഗിച്ചു അധികാരം സ്ഥാപിച്ചാണ്​ നവ ലിബറല്‍ സാമ്പത്തികാധിപത്യം സാധ്യമാകുന്നത്.

അറിവ് നിര്‍മ്മാണത്തിന്റെയും അതിന്റെ സ്വകാര്യവല്‍ക്കരണത്തിന്റെയും സമ്പദ്ഘടനയിലേക്കുള്ള മാറ്റത്തില്‍ അടിസ്ഥാന ശാസ്ത്രീയജ്ഞാനത്തേക്കാള്‍ ശാസ്ത്ര സാങ്കേതിക വൈദഗ്ദ്ധ്യം മുന്‍തൂക്കം നേടി.

ജ്ഞാന സമ്പദ്​വ്യവസ്ഥയില്‍ അറിവിന്റെ ഉല്പാദനവും വിപണനവുമാണ് സാമ്പത്തിക വളര്‍ച്ചയുടെ മുഖ്യോപായം. അതിനുവേണ്ടി അന്നേവരെ പൊതുവായി മാത്രം നിലനില്‍ക്കുന്ന അറിവുകളുടെ മേഖലകളെ അനധികൃതമായി കൈയേറി വളച്ചുകെട്ടി (Enclosure) യെടുത്ത്, അതില്‍ ചില്ലറ മാറ്റം വരുത്തി, സാമൂഹ്യമായ അറിവിനെ സ്വകാര്യസ്വത്താക്കി മാറ്റി, അതിനെ വിപണിയിലെ ചരക്കാക്കി മാറ്റുന്നതാണ് പ്രധാനമായും അറിവു സമ്പദ്​വ്യവസ്ഥ അഥവാ അറിവിന്റെ ചരക്കുവല്‍ക്കരണം.

നൂറ്റാണ്ടുകളായി കര്‍ഷകസമൂഹം രൂപപ്പെടുത്തിയെടുത്ത വിത്തുകളില്‍ ജനിതക സാങ്കേതികവിദ്യയെ പ്രവേശിപ്പിച്ച്​ വിത്തിന് പുതിയ പേരിടുമ്പോള്‍ അത് ബൗദ്ധികസ്വത്തായി മാര്‍ക്കറ്റ്​ കീഴടക്കുന്നു. 2021-22- ല്‍ ഇന്ത്യയില്‍ ബി.ടി. പരുത്തി വിത്തിന്റെ വില 450 ഗ്രാം പാക്കറ്റിന് പരമാവധി 720 രൂപയായി സര്‍ക്കാര്‍ നിജപ്പെടുത്തിയപ്പോള്‍, ഇതില്‍ 20 രൂപ പോകുന്നത് റോയല്‍റ്റി ഇനത്തില്‍ അതിന്റെ ഇന്നത്തെ ഉടമയായ ബയര്‍ കോര്‍പ്പറേഷനാണ്. 2005- നും 2014- നും ഇടയില്‍ റോയല്‍റ്റി ഇനത്തില്‍ ഇതേ വിത്തിന് അന്ന് ഉടമയായിരുന്ന മൊണ്‍സാന്റോ കൊണ്ടുപോയത് 4474 കോടി രൂപയാണെന്ന്​ 'നാഷണല്‍ സീഡ് അസോസിയേഷന്‍ ഓഫ് ഇന്ത്യ' പറയുന്നു. 1991- ല്‍, ബി.ടി. പരുത്തി വിത്തിന് ഇന്ത്യയില്‍ പരീക്ഷണകൃഷി അനുമതി കിട്ടുന്നതിനു മുമ്പ്, ഇന്ത്യന്‍ വിത്തുകള്‍ക്ക്​ സമാനമായി ഒരു കിലോക്ക് 7-9 രൂപയായിരുന്നു. ഇതു നേരിട്ടു കൃഷി ചെയ്യാന്‍ ഇന്ത്യയില്‍ അനുമതി കിട്ടിയതിനുശേഷം (2002) 2004- ല്‍ 450 ഗ്രാം പാക്കറ്റിനു വില 1650- രൂപക്കും 1850 രൂപക്കും ഇടയിലായി. അന്ന് വിത്തുവിലയുടെ 80% പോയത് മൊണ്‍സാന്റോയുടെ റോയല്‍റ്റിയിലേക്കാണെന്നു 'നവധാന്യ' പറയുന്നു.

നൂറ്റാണ്ടുകളായി കര്‍ഷകസമൂഹം രൂപപ്പെടുത്തിയെടുത്ത വിത്തുകളില്‍ ജനിതക സാങ്കേതികവിദ്യയെ പ്രവേശിപ്പിച്ച്​ വിത്തിന് പുതിയ പേരിടുമ്പോള്‍ അത് ബൗദ്ധികസ്വത്തായി മാര്‍ക്കറ്റ്​ കീഴടക്കുന്നു.

പാശ്ചാത്യ രാഷ്ട്രങ്ങളുടെ സാമ്പത്തികാടിത്തറയായിരുന്ന പുകക്കുഴല്‍ വ്യവസായങ്ങള്‍ അവിടങ്ങളില്‍ നിന്ന്​ ക്രമേണ കാര്‍ഷിക പ്രദേശങ്ങളായ മൂന്നാം ലോകരാജ്യങ്ങളിലേക്കു വന്നതോടെ സമ്പന്നരാഷ്ട്രങ്ങള്‍ വിവര സാങ്കേതിക വിദ്യ, ബയോടെക്‌നോളജി, നാനോടെക്‌നോളജി എന്നിങ്ങനെ ശാസ്ത്രകേന്ദ്രീകൃതവും ബൗദ്ധിക വൈദഗ്ദ്ധ്യം നിറഞ്ഞതുമായ രംഗങ്ങളിലേക്കു തിരിഞ്ഞു, അവയെ തങ്ങളുടെ ആഗോള സാമ്പത്തിക മേധാവിത്വത്തിന്റെ വേദികളാക്കി മാറ്റുകയും ചെയ്തു. ഗുറോള്‍ ഇര്‍സിക് (Gu¨rol Irzik ) പറയുന്നു: ‘1970- കളുടെ പകുതി മുതലാണ് ഈ മാറ്റം പ്രകടമാകുന്നത്. ജനിതക ശാസ്ത്രം, ജനിറ്റിക് എഞ്ചിനീയറിംഗ്, ബയോമെഡിസിന്‍, ഫാര്‍മക്കോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, വിവര സാങ്കേതികവിദ്യ തുടങ്ങിയ മേഖലകള്‍ പ്രധാനമായും ജ്ഞാന സമ്പദ്ഘടനയുടെ ഉറവിടങ്ങളായി വന്നു. ഇവയിലെ പേറ്റന്റ്, കോപ്പിറൈറ്റ്, ലൈസന്‍സ് എന്നിവയിലൂടെ വിജ്ഞാനത്തെ വില്പനച്ചരക്കാക്കി മാറ്റുന്ന പുതിയ സമ്പദ്​വ്യവസ്ഥയില്‍ ശാസ്ത്രഗവേഷണമാണ് സാമ്പത്തിക വളര്‍ച്ചയുടെ ചാലകശക്തി.’

1980- കള്‍ വരെ അമേരിക്കയില്‍ ഗവേഷണത്തിനുള്ള ധനസഹായം ഗവണ്‍മെന്റിന്റേതും വ്യവസായികളുടേതും തുല്യമായിരുന്നെങ്കില്‍, 1980- മുതല്‍ സര്‍ക്കാര്‍ ചെലവ് അതേപോലെ നില്‍ക്കുകയും, അതേസമയം കമ്പനികളുടെ മുടക്ക് ഇരട്ടിയാകുകയും ചെയ്യുന്നുണ്ട്.

അറിവ് നിര്‍മ്മാണത്തിന്റെയും അതിന്റെ സ്വകാര്യവല്‍ക്കരണത്തിന്റെയും സമ്പദ്ഘടനയിലേക്കുള്ള ഈ മാറ്റത്തില്‍ അടിസ്ഥാന ശാസ്ത്രീയജ്ഞാനത്തേക്കാള്‍ ശാസ്ത്ര സാങ്കേതിക വൈദഗ്ദ്ധ്യം മുന്‍തൂക്കം നേടി. അത് സാമ്പത്തികോല്പാദനത്തില്‍ തൊഴില്‍, ഭൂമി, മൂലധനം എന്നിവയേക്കാള്‍ വിലപ്പെട്ടതായി തീര്‍ന്നു. അപ്പോള്‍ ശാസ്ത്രഗവേഷണത്തിന്റെ നെടുംതൂണുകളായ സര്‍വ്വകലാശാലകള്‍ പൊളിച്ചെഴുത്തിനു വിധേയമാക്കപ്പെട്ടു. യൂണിവേഴ്‌സിറ്റികളെ അറിവ് സമ്പദ്​വ്യവസ്ഥയുടെ എഞ്ചിനുകളാക്കി മാറ്റുന്നതിന്​ 1980- ല്‍ അമേരിക്കയില്‍ ബൗദ്ധികസ്വത്തവകാശ നിയമം കൊണ്ടുവരുകയും, അത് യൂണിവേഴ്‌സിറ്റികള്‍ക്കും ബൗദ്ധികസ്വത്തില്‍ അവകാശം കൊടുക്കുകയും ചെയ്തു. കൂടാതെ 1980- ല്‍ തന്നെ, ജീവന്‍ പേറ്റന്റ് ചെയ്യാമെന്ന്​ യു.എസ്. സുപ്രീം കോടതി വിധിച്ചു. സൂക്ഷ്മജീവികള്‍ക്ക്​ പേറ്റന്റ് ആകാം എന്ന വിധി വന്നതോടെ ബയോടെക്‌നോളജിയുടെ വിപണന ലോകം ഉദ്ഘാടനം ചെയ്യപ്പെട്ടു. ജനിതകമാറ്റം വരുത്തിയ ജീവികള്‍ക്കും ഡി.എന്‍. എ, ആര്‍.എന്‍.എ, പ്രോട്ടീന്‍, ജീന്‍, ജനിതക ടെസ്റ്റുകള്‍, ജീന്‍ തെറാപ്പി ടെസ്റ്റുകള്‍ എന്നിവക്കെല്ലാം പേറ്റന്റ് വന്നു. ഹാന്‍സ് റാഡര്‍ (Hans Radder) പറയുന്നു: ‘അക്കാദമിക് ചരക്കുവല്‍ക്കരണം ദീര്‍ഘകാല സാമൂഹ്യവികാസത്തിന്റെ ഭാഗമാണ്. മനുഷ്യകര്‍മ്മങ്ങളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തികവല്‍ക്കരണത്തിന്റെ കൂടെയുള്ളതാണിത്. എല്ലാ ശാസ്ത്രപ്രവര്‍ത്തനങ്ങളും അവയുടെ ഫലങ്ങളും സാമ്പത്തിക മാനദണ്ഡ പ്രകാരം വ്യാഖ്യാനിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഏര്‍പ്പാടാണത്.’

1980- ല്‍ തന്നെ, ജീവന്‍ പേറ്റന്റ് ചെയ്യാമെന്ന്​ യു.എസ്. സുപ്രീം കോടതി വിധിച്ചു. സൂക്ഷ്മജീവികള്‍ക്ക്​ പേറ്റന്റ് ആകാം എന്ന വിധി വന്നതോടെ ബയോടെക്‌നോളജിയുടെ വിപണന ലോകം ഉദ്ഘാടനം ചെയ്യപ്പെട്ടു.

1980- കള്‍ വരെ അമേരിക്കയില്‍ ഗവേഷണത്തിനുള്ള ധനസഹായം ഗവണ്‍മെന്റിന്റേതും വ്യവസായികളുടേതും തുല്യമായിരുന്നെങ്കില്‍, 1980- മുതല്‍ സര്‍ക്കാര്‍ ചെലവ് അതേപോലെ നില്‍ക്കുകയും, അതേസമയം കമ്പനികളുടെ മുടക്ക് ഇരട്ടിയാകുകയും ചെയ്യുന്നുണ്ട്. അമേരിക്കയില്‍ 2007- വരെ വന്ന മൊത്തം ഗവേഷണങ്ങളില്‍ 72% വും വ്യവസായ ലോകത്തു നിന്നായി ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ പങ്ക് 11% ആയി താഴ്ന്നു. സര്‍ക്കാരാകട്ടെ സ്വകാര്യ ആശ്രിതത്വം തുറക്കുന്നതിനായി യൂണിവേഴ്‌സിറ്റികള്‍ക്കുള്ള ഗവേഷണ സാമ്പത്തിക സഹായം വെട്ടിക്കുറച്ചപ്പോള്‍ പണത്തിനായി യൂണിവേഴ്‌സിറ്റികള്‍ കമ്പനികളെ ആശ്രയിച്ചു. തങ്ങളുടെ സാങ്കേതികവിദ്യ വ്യവസായ ലോകത്തിന് കൈമാറ്റം ചെയ്ത് യൂണിവേഴ്‌സിറ്റികള്‍ വരുമാനമുണ്ടാക്കി.

എലിസബത്ത് പോപ്പ് ബര്‍മാന്‍ (Elizabeth Popp Berman ) പറയുന്നു: ‘അമേരിക്കയില്‍ ശാസ്ത്രഗവേഷണ രംഗങ്ങളില്‍ വ്യവസായ മേഖലയുടെ പണമൊഴുക്ക് 1970- കള്‍ക്കു ശേഷം ഒമ്പത് മടങ്ങ് കൂടിയിരിക്കുന്നു. പണ്ട് സര്‍വ്വകലാശാലകള്‍ക്ക് വിലക്കിയിരുന്നതും അപൂര്‍വമായി കിട്ടിയിരുന്നതുമായ പേറ്റൻറ്​ ഇപ്പോള്‍ സാധാരണമായി തീര്‍ന്നിട്ടുണ്ട്. 3000- ത്തോളം പേറ്റന്റുകള്‍ യൂണിവേഴ്‌സിറ്റികള്‍ ഒരു വര്‍ഷം നേടിയെടുക്കുന്നു. 1960- കളേക്കാള്‍ മുപ്പതു മടങ്ങ് കൂടുതലാണ് ഇത്. പേറ്റന്റുകളില്‍ നിന്നും ഒരു വര്‍ഷം 2 ബില്യന്‍ ഡോളര്‍ ലൈസന്‍സിംഗ് വരുമാനം യൂണിവേഴ്‌സിറ്റികള്‍ക്കു കിട്ടുന്നു.’
മുമ്പ് ബോധപൂര്‍വ്വം സാമ്പത്തിക മേഖലയില്‍നിന്ന്​, അറിവിന്റെ നിഷ്പക്ഷതയെയും സ്വാതന്ത്ര്യത്തെയും പ്രതി സര്‍വ്വകലാശാലകള്‍ വിട്ടുനിന്നിരുന്നെങ്കില്‍, ഇപ്പോള്‍ അക്കാദമിക് അറിവിനെ വില്പനച്ചരക്കായി കാണാന്‍ ഭരണകൂടം ഗവേഷകസമൂഹത്തെ പരിശീലിപ്പിക്കുന്നു. കാരണം, നവ ലിബറല്‍ കാലത്ത് ശാസ്ത്രസാങ്കേതിക വിജ്ഞാനം ആഗോള സാമ്പത്തികാധിപത്യ മത്സരത്തിന്റെ ഏറ്റവും മുന്തിയ വിഭവമാണ്. ജ്ഞാനാധിഷ്ഠിതമായ ആദൃശ്യ ആസ്തികളിലേക്കു ഇന്നു കോര്‍പ്പറേറ്റ് സമ്പത്തിന്റെ ഏറിയ പങ്കും മാറിയിരിക്കുന്നു.

എലിസബത്ത് പോപ്പ് ബര്‍മാന്‍

വിജ്ഞാനം പൊതുസ്വത്താക്കുക, പണത്തേക്കാളുപരി ഗവേഷണ മൂല്യങ്ങളില്‍ പ്രതിബദ്ധത പുലര്‍ത്തുക, പൊതുക്ഷേമത്തിന്​ മുന്‍ഗണന നല്‍കുക എന്നിവയില്‍ ശാസ്ത്രസമൂഹം നിലകൊണ്ടിരുന്നതിനാല്‍, പരമ്പരാഗതമായി പേറ്റന്റിംഗ് ശാസ്ത്രമൂല്യങ്ങളുമായി ഒത്തുപോയിരുന്നില്ലെന്നതിനു തെളിവായി എലിസബത്ത് പോപ്പ് ബര്‍മാന്‍ ഈ ഉദാഹരണം പറയുന്നുണ്ട്. പോളിയോ വാക്‌സിന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ജോനസ് സോക്കിനോട് (Jonas Salk ), ആര്‍ക്കാണ് ഈ ഗവേഷണഫലത്തിന്റെ പേറ്റന്റ് എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ മറുപടി കൊടുത്തത്രേ: ‘കൊള്ളാം, ഞാന്‍ പറയും, ജനങ്ങള്‍. ഇതിന് ഒരു പേറ്റന്റ് ഇല്ല. നിങ്ങള്‍ക്ക് സൂര്യനെ പേറ്റന്റ് ചെയ്യാന്‍ പറ്റുമോ?'
അതായത്, സ്വകാര്യവ്യക്തികള്‍ കണ്ടുപിടുത്തങ്ങള്‍ സ്വന്തമാക്കാതിരിക്കാനുള്ള മുന്‍കരുതലായി ശാസ്ത്രരംഗത്ത് പേറ്റന്റ് നിരുത്സാഹപ്പെടുത്തപ്പെട്ടിരുന്നു. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പറയുന്നു: ‘പേറ്റന്റ് ഉടമസ്ഥതയും നിയന്ത്രണവും യൂണിവേഴ്‌സിറ്റികള്‍ക്ക് അനഭിലഷണീയമാണ്. ഇത് പൊതുനയമായതിനാല്‍ ഗവേഷണത്തിന് യൂണിവേഴ്‌സിറ്റി റോയല്‍റ്റി അവകാശപ്പെടുന്നില്ല.'

സ്വതന്ത്രമായി ശാസ്ത്രാഭിരുചി മുന്‍നിര്‍ത്തി അന്വേഷണങ്ങളില്‍ തപസ്സിരുന്ന ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് അവയുടെ സ്വയംഭരണസ്വാതന്ത്ര്യം മിക്കവാറും നഷ്ടപ്പെട്ടു. കമ്പനികള്‍ക്കു താല്‍പ്പര്യമില്ലാത്തതിനാല്‍ ഫണ്ടില്ലാത്തതും കുറഞ്ഞ ഫണ്ടുള്ളതും എന്നാല്‍ പ്രധാനപ്പെട്ടതുമായ വിഷയങ്ങള്‍ അവഗണിക്കപ്പെടുകയാണിപ്പോള്‍.

ഇന്ന് 150- ലേറെ യൂണിവേഴ്‌സിറ്റികള്‍ക്ക് അമേരിക്കയില്‍ സാങ്കേതികവിദ്യ കൈമാറാന്‍ പ്രത്യേകം ഓഫീസുണ്ട്. വര്‍ഷത്തില്‍ 10,000- ലേറെ പേറ്റന്റ് അപേക്ഷകള്‍ അവര്‍ക്ക് കിട്ടുന്നു. അന്ന് ശാസ്ത്രജ്ഞന്‍ ശാസ്ത്രത്തിനു സംഭാവന ചെയ്യുന്നവനായിരുന്നെങ്കില്‍ ഇന്ന്, ‘ശാസ്ത്രം കൊണ്ട് തനിക്കെന്തു നേടാം’ എന്നതാണ് കാര്യം. ഈ വ്യതിചലനം ഗവേഷണ അജണ്ടകളെ തന്നെ മാറ്റിമറിക്കുകയാണ്. ഗവേഷണത്തിലുടനീളം സ്ഥാപിത താല്‍പര്യങ്ങള്‍ വന്നു ചേരുന്ന സ്ഥിതിയാണിപ്പോള്‍. മാര്‍ക്കറ്റിനാവശ്യമുള്ള പുതിയ സാങ്കേതികവിദ്യകള്‍ നല്‍കാന്‍ കെല്പുള്ള വലിയ സ്ഥാപനങ്ങള്‍ മാത്രം ഈ അക്കാദമിക് മത്സരത്തില്‍പണം സമ്പാദിക്കുന്നു. സ്വതന്ത്രമായി ശാസ്ത്രാഭിരുചി മുന്‍നിര്‍ത്തി അന്വേഷണങ്ങളില്‍ തപസ്സിരുന്ന ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് അവയുടെ സ്വയംഭരണസ്വാതന്ത്ര്യം മിക്കവാറും നഷ്ടപ്പെട്ടു. കമ്പനികള്‍ക്കു താല്‍പ്പര്യമില്ലാത്തതിനാല്‍ ഫണ്ടില്ലാത്തതും കുറഞ്ഞ ഫണ്ടുള്ളതും എന്നാല്‍ പ്രധാനപ്പെട്ടതുമായ വിഷയങ്ങള്‍ അവഗണിക്കപ്പെടുകയാണിപ്പോള്‍. നേരെ മറിച്ച്​, മാര്‍ക്കറ്റില്‍ പ്രിയമുള്ള ഗവേഷണ പദ്ധതികളിലൂടെ പ്രൊഫസര്‍മാര്‍ സംരംഭങ്ങളുടെ പാര്‍ട്ടണര്‍മാരായി മാറി. ‘ശാസ്ത്രജ്ഞ - സംരംഭകര്‍’ എന്ന പുതിയ വര്‍ഗ്ഗം നവലിബറല്‍ അക്കാദമിക് രംഗത്തെ പ്രതീകമായി നിലകൊള്ളുന്നു.

യൂണിവേഴ്‌സിറ്റികള്‍ക്കുള്ള ഗവേഷണ സാമ്പത്തിക സഹായം വെട്ടിക്കുറച്ചപ്പോള്‍ പണത്തിനായി യൂണിവേഴ്‌സിറ്റികള്‍ കമ്പനികളെ ആശ്രയിച്ചു. / Photo: pixfuel

നവ ലിബറല്‍ ലോകത്ത് സര്‍വ്വകലാശാലാ - കോര്‍പ്പറേറ്റ് ബാന്ധവം ശാസ്ത്രത്തെ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന്​ ഗുറോള്‍ ഇര്‍സിക് ചൂണ്ടിക്കാട്ടുന്നതിങ്ങനെയാണ്.

1. ശാസ്ത്രീയ ഗവേഷണത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നത് ശാസ്ത്രാഭിമുഖ്യമോ സാമൂഹ്യ താല്‍പ്പര്യമോ അല്ലാതായി, പകരം ഏതാണ് പേറ്റന്റ് ചെയ്യാന്‍ പറ്റിയത്, കച്ചവടമൂല്യമുള്ളത്, കോര്‍പ്പറേറ്റുകള്‍ക്കാവശ്യം എന്നതായിരിക്കുന്നു അറിവ് ഉല്പാദന മാനദണ്ഡം.

2. കോര്‍പ്പറേറ്റുകള്‍ ഗവേഷണത്തിന്റെ രീതിശാസ്ത്രത്തിലും അതിന്റെ കണ്ടെത്തലുകളിലും സ്വാധീനം ചെലുത്തുന്നു.

3. പൊതുവായ ബൗദ്ധികസ്വത്ത് സ്വകാര്യവല്‍ക്കരിക്കപ്പെടുകയും അവ ഫലേച്ഛയില്ലാതെ കൈമാറുന്നത് വിലക്കുകയും ചെയ്യുന്നു. ഇത് തുടര്‍ ഗവേഷണങ്ങളെയും ശാസ്ത്രപുരോഗതിയെയും സമൂഹത്തിന്റെ നിലനില്പിനെയും ബാധിക്കുന്നു.

4 . വസ്തുനിഷ്ഠത, അറിവിന്റെ പൊതു ഉടമസ്ഥത, സത്യസന്ധത, തുറന്ന മനസ്സ്, സ്വാതന്ത്ര്യം, സാമൂഹ്യ പ്രതിബദ്ധത എന്നീ അക്കാദമിക് മൂല്യങ്ങളും ധാര്‍മ്മികതയും ഇല്ലാതാകുന്നു.

മാര്‍ക്ക് ബി. ബ്രൗണ്‍ (Mark B. Brown ) പറയുന്നത്, സര്‍വ്വകലാശാലകളും കോര്‍പ്പറേറ്റുകളും തമ്മിലുള്ള അസന്തുലിതമായ ബന്ധം ഏറ്റവും മൂല്യവത്തായവയെ പണത്തിനുവേണ്ടി കൈമാറുന്ന സ്ഥിതിയില്‍ എത്തിച്ചിരിക്കുന്നുവെന്നാണ്. അപ്പോള്‍സ്വന്തം കുഞ്ഞുങ്ങളെയോ അവയവങ്ങളെയോ വില്‍ക്കുന്നവരെ പോലെയാകുന്നു, അക്കാദമിക് ലോകം. പണത്തിനു കീഴടക്കാനാവാത്തവയെല്ലാം പണച്ചാക്കുമായി വരുന്നവര്‍ക്കു മാര്‍ക്കറ്റില്‍ സുലഭമാകുന്ന അവസ്ഥ.
'യാഥാര്‍ത്ഥ്യത്തിന്റെ സ്വയംഭരണ മേഖലയാണ് ഗവേഷണശാല. അതിന് അതിന്റേതായ വ്യവസ്ഥയുണ്ട്. അവിടെ അടിച്ചേല്‍പിക്കലും അഴിമതിയും അപകടമാണെന്ന്​' മാര്‍ക്ക് ബി. ബ്രൗണ്‍ ഓര്‍മ്മിപ്പിക്കുന്നു.

മാര്‍ക്ക് ബി. ബ്രൗണ്‍

അറിവിന്റെ കച്ചവടവല്‍ക്കരണം പ്രത്യക്ഷത്തില്‍ ഏറ്റവും കൂടുതലായി ആപല്‍സന്ധിയിലാക്കുന്നത് ആരോഗ്യരംഗത്തെയാണെന്നു പറയാം. ഡേവിഡ് ബി. റസ്‌നിക് (David B. Rensik ) എഴുതുന്നു: ‘1999- ല്‍ മെര്‍ക്ക് (Merk) എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി പുറത്തിറക്കിയ, സന്ധിവേദനകള്‍ക്കുള്ളതും വിയോക്‌സ് (vioxx ) എന്ന പേരില്‍ അറിയപ്പെടുന്നതുമായ റോഫെകോക്‌സിബിന്റെ (Rofecoxib) പാര്‍ശ്വഫലമായി ഹൃദയസ്തംഭന സാധ്യത കണ്ടത് പുറത്തുവിടാതിരിക്കാൻ ശാസ്ത്രജ്ഞര്‍ക്ക് കമ്പനി പണം കൊടുക്കുകയുണ്ടായി.' (ഈ മരുന്നു കാരണം 88,000 നും 1,40,000 ഇടയില്‍ പേര്‍ക്ക് കടുത്ത ഹൃദ്രോഗം വന്നതുകൊണ്ടും 5 വര്‍ഷം പാര്‍ശ്വഫലങ്ങള്‍ ഡോക്ടര്‍മാരില്‍ നിന്നും രോഗികളില്‍ നിന്നും മറച്ചുവെച്ചതുകൊണ്ടും, 2004- ല്‍ മെര്‍ക്ക് സ്വമേധയാ മരുന്ന്​ മാര്‍ക്കറ്റില്‍ നിന്ന്​ പിന്‍വലിച്ചു. എന്നാല്‍ പിന്‍വലിക്കുന്നതിനു മുന്നേ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മരുന്നായി മാറി, വിയോക്‌സ്. അതുവഴി കമ്പനി 2.5 ബില്യന്‍ ഡോളര്‍ നേടുകയും ചെയ്തു). അതേപോലെ, ആന്റി ഡിപ്രസന്റ് മരുന്നുകള്‍ കൗമാരക്കാരില്‍ ആത്മഹത്യാപ്രവണതയുണ്ടാക്കാം എന്നത് ഗവേഷകരെ സ്വാധീനിച്ച്​ പല കമ്പനികളും മറച്ചുവെച്ചു.

വിയോക്‌സ്

1990- കളില്‍ സിഗരറ്റ് കമ്പനികള്‍ നികോട്ടിനിലെ ലഹരി ഘടകത്തെയെപ്പറ്റി പഠനം നടത്തുകയും തിരിച്ചറിയുകയും ചെയ്‌തെങ്കിലും, സിഗരറ്റ് ലഹരിയാണെന്നത് അവര്‍ പുറത്തുവിട്ടില്ല. 1995- ല്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഫാര്‍മക്കോളജിസ്റ്റ് ബെറ്റി ഡോംഗിന്റെ (Betty Dong) ഗവേഷണഫലം 'ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസി’നില്‍ പ്രസിദ്ധീകരിക്കാൻ​ അനുമതി കിട്ടിയപ്പോള്‍, അത് പിന്‍വലിക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബൂട്ട്‌സ് (Boots) ആവശ്യപ്പെട്ടു. ബൂട്ട്‌സിന്റെ തൈറോയ്ഡ് മരുന്ന്​ മറ്റു ജെനറിക് മരുന്നുകളേക്കാള്‍ മെച്ചമല്ല എന്നു കണ്ടെത്തിയത് മൂടിവെയ്ക്കുന്നതിനായിരുന്നു ഈ വിലക്ക്. ചില കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്ത 96% ഗവേഷകരുടെ പഠനഫലങ്ങള്‍ മരുന്നുപയോഗത്തിന് അനുകൂലമായി നിന്നപ്പോള്‍ സ്‌പോണ്‍സര്‍ഷിപ്പുള്ള 3.7 % പേര്‍ മാത്രമാണ് മരുന്നുപയോഗത്തെ അനുകൂലിക്കാതിരുന്നത്. 40 പ്രസിദ്ധീകരണങ്ങളില്‍ വന്ന ഗവേഷണപഠനങ്ങള്‍ പരിശോധിച്ചപ്പോള്‍ കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്ത പഠനങ്ങള്‍ അവരുടെ ഉല്പന്നങ്ങളെ പിന്തുണക്കുമ്പോള്‍ സ്‌പോണ്‍സര്‍ഷിപ്പില്ലാത്ത പഠനങ്ങള്‍ ഉല്പന്നങ്ങളെ പിന്തുണയ്ക്കാത്തതും കണ്ടെത്തി.

ലൈഫ് സയന്‍സ് മേഖലയിലുള്ള 28% ഗവേഷകരും വ്യവസായികളില്‍ നിന്ന്​ പണം പറ്റുന്നു എന്ന്​ ഒരു സര്‍വ്വേ കാണിക്കുന്നു. മറ്റൊരു സര്‍വ്വെയില്‍, 341 പേര്‍ക്ക് ഗവേഷണവുമായി ബന്ധപ്പെട്ട്​ വ്യാപാര താല്‍പ്പര്യങ്ങള്‍ ഉള്ളതായി മനസ്സിലാക്കി. ഇവരില്‍ 20% പേര്‍ കമ്പനികളില്‍ ഉപദേശക കമ്മിറ്റിയില്‍ അംഗങ്ങളാണെങ്കില്‍ 7% പേര്‍ ഓഹരിയുടമകളോ കമ്പനി ഡയറക്ടര്‍മാരോ ആണ്.

1990- കളില്‍ സിഗരറ്റ് കമ്പനികള്‍ നികോട്ടിനിലെ ലഹരി ഘടകത്തെയെപ്പറ്റി പഠനം നടത്തുകയും തിരിച്ചറിയുകയും ചെയ്‌തെങ്കിലും, സിഗരറ്റ് ലഹരിയാണെന്നത് അവര്‍ പുറത്തുവിട്ടില്ല.

പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് അനുപേക്ഷണീയമായ ഡാറ്റകളുടെ പരസ്യപ്പെടുത്തല്‍, അവയുടെ കൈമാറ്റം, ഡാറ്റകളുടെ സ്വീകരണം എന്നിവക്കുമേല്‍ പ്രൈവറ്റ് സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റവും വലിയ തടസ്സമായി മാറിയിരിക്കുന്നുവെന്ന് തെളിവുകളോടെ സബീന ലിയൊനെല്ലി (Sabina Leonelli ) വെളിപ്പെടുത്തുന്നുണ്ട്. ഇത് സയന്‍സിനും സമൂഹത്തിനും ഒരേ പോലെ ദോഷം വരുത്തുന്നു. വമ്പന്‍ റിസര്‍ച്ചു സൗകര്യമുള്ള മൊണ്‍സാന്റോ, സിന്‍ജന്റ, ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ എന്നിങ്ങനെ ബയോടെക് കമ്പനികളും ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷനുകളും തങ്ങളുടെ ഗവേഷണ ഡാറ്റകള്‍ അതീവ രഹസ്യമാക്കി വെയ്ക്കുന്നു. യൂട്ടാ യൂണിവേഴ്‌സിറ്റി ഗവേഷകര്‍ പാരമ്പര്യ സ്താനാര്‍ബുദത്തിന്റെ കാരണമായ ജീന്‍ കണ്ടെത്തിയെങ്കിലും മറ്റുള്ളവര്‍ക്ക് വിവരം പങ്കുവെയ്ക്കാന്‍ തയ്യാറായില്ല. യു.എസ്. നികുതിദായകര്‍ 4.6 മില്യന്‍ ഡോളര്‍ ഈ ഗവേഷണത്തില്‍ ചെലവിട്ടതാണെങ്കിലും യൂണിവേഴ്‌സിറ്റി അതിന് പേറ്റന്റ് എടുത്ത് അതിന്റെ അവകാശ കുത്തക വില്‍ക്കുകയും ചെയ്തു.

ജ്ഞാനസമ്പദ്​വ്യവസ്ഥയില്‍, പുരാണ സീരിയലുകളിലെ അത്ഭുതവീര്യമുള്ള ആയുധങ്ങളേന്തിയവരെ പോലെ, സയന്‍സിന്റെ വരദാനങ്ങളുമായി ഭരണകൂടങ്ങളും കോര്‍പ്പറേറ്റുകളും ശാസ്ത്രജ്ഞരും ചേര്‍ന്ന്​ ജനപക്ഷ പ്രതിരോധങ്ങളെ പോരിനു വിളിക്കുന്നു.

ജന്നിഫര്‍ വാഷ്ബണ്‍ (Jennifer Washburn) എഴുതുന്നു; ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ ഹെല്‍ത്ത്‌സ് സെന്റര്‍ ഫോര്‍ റിസ്‌ക് അനാലിസിസ് എന്ന അനുബന്ധ സ്ഥാപനത്തിന് പല കമ്പനികളില്‍നിന്ന്​ ഫണ്ടു കിട്ടുന്നുണ്ട്. അമേരിക്കന്‍ ജനതയില്‍ കൂടിയ തോതില്‍ കീടനാശിനി - ഘനലോഹങ്ങള്‍ ഉണ്ടെന്ന ഗവണ്‍മെന്റ്തല റിപ്പോര്‍ട്ട് ഈ സ്ഥാപനത്തിന്റെ വക്താവ് നിഷേധിക്കുകയുണ്ടായി. കാരണം, ഇവരുടെ 60% ധനസ്രോതസ്സും രാസവസ്തു -കീടനാശിനി കമ്പനികളില്‍ നിന്നാണ്. അതേപോലെ, കാന്‍സര്‍ കാരിയായ രാസവസ്തുക്കളെ നിര്‍ണയിക്കുന്ന പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ ഉപദേശക സംഘത്തില്‍പ്പെട്ട പലരും രാസകമ്പനികളുമായി സാമ്പത്തിക ബന്ധമുള്ള ശാസ്ത്രജ്ഞരായിരുന്നു. മരുന്നുകളുടെ സുരക്ഷ പരിശോധിക്കുന്ന സര്‍ക്കാര്‍ സംഘത്തില്‍ പകുതിയിലേറെ പേരും മരുന്നുകമ്പനികളില്‍ സാമ്പത്തിക ഇടപാടുള്ളവരാണെന്നും വ്യക്തമാക്കപ്പെട്ടു.

ജന്നിഫര്‍ വാഷ്ബണ്‍

അറിവുസമ്പദ്ഘടനയില്‍ ആയുധമല്ല, അറിവാണ് എതിരാളിയെ നിസ്‌തേജനാക്കുന്നതിനുള്ള മര്‍മ്മവിദ്യ. തേനീച്ചകളുടെ തിരോധാനമായാലും ബി.ടി. പരുത്തി കാരണം കര്‍ഷ ആത്മഹത്യ കുതിച്ചുയരുന്നതായാലും മരുന്നു പരീക്ഷണത്തിലോ മരുന്നുപയോഗത്തിലോ മരണം സംഭവിച്ചാലും അനിയന്ത്രിത ക്വാറിഖനനം ഉരുള്‍പൊട്ടലായി എല്ലാം അപഹരിച്ചാലും, അതിനെതിരെ അനുഭവസാക്ഷ്യം മുന്‍നിര്‍ത്തി ശബ്ദിക്കുമ്പോള്‍, അവരുടെ വായടപ്പിക്കുന്നതിന്​ ആസ്ഥാന വിദഗ്ദ്ധ റിപ്പോര്‍ട്ടുകള്‍ വെച്ചു പറയും; 'ഇതിനൊന്നും ശാസ്ത്രീയ തെളിവില്ല' എന്ന്. സാമൂഹ്യമായി വലിയ ആഘാതങ്ങള്‍ ഏല്‍പ്പിക്കുന്ന പദ്ധതികള്‍ പോലും, വേണോ വേണ്ടയോ എന്നു തീര്‍പ്പു കല്‍പ്പിക്കാന്‍ സയന്‍സിനെ മുന്നില്‍ നിര്‍ത്തുകയാണ് കോര്‍പറേറ്റുകളും ഭരണകൂടവും. കാരണം ശാസ്ത്രത്തിന്റെ കോടതിയെ അടിമുടി കോര്‍പ്പറേറ്റുവല്‍ക്കരിക്കുന്നതാണ് ജ്ഞാന സമ്പദ് വ്യവസ്ഥ. അതിനാല്‍ മറ്റു ഭാഗത്ത്, ഇന്നത്തെ അതിജീവന അവകാശ പ്രക്ഷോഭങ്ങളില്‍ ആസ്ഥാന ശാസ്ത്രങ്ങള്‍ക്കെതിരായി ജനസമൂഹത്തിനൊപ്പം, മൂലധനക്കൊയ്ത്തില്‍ പങ്കാളിയാകാത്ത ചെറു ശാസ്ത്രസമൂഹത്തെയും കാണാനാവും. കാരണം, ശാസ്ത്രജ്ഞാനമെന്നത് മാനവസമൂഹത്തിന്റെ അതിസൂക്ഷ്മമായ ഇന്ദ്രിയാവബോധമത്രേ. അത് എന്നും തുറന്നിരിക്കുന്ന കണ്ണും വെളിച്ചവുമാകുന്നു. നടുക്കടലില്‍ അലയുമ്പോള്‍ അത് ഉദിക്കുന്ന നക്ഷത്രമോ കിളിയൊച്ചയോ വിളക്കുമാടമോ ആണ്.

അങ്ങനെ ജ്ഞാനസമ്പദ്​വ്യവസ്ഥയില്‍, പുരാണ സീരിയലുകളിലെ അത്ഭുതവീര്യമുള്ള ആയുധങ്ങളേന്തിയവരെ പോലെ, സയന്‍സിന്റെ വരദാനങ്ങളുമായി ഭരണകൂടങ്ങളും കോര്‍പ്പറേറ്റുകളും ശാസ്ത്രജ്ഞരും ചേര്‍ന്ന്​ ജനപക്ഷ പ്രതിരോധങ്ങളെ പോരിനു വിളിക്കുന്നത് മുമ്പെങ്ങും കാണാത്തതും എന്നാല്‍ അനുദിനം ഏറിവരുന്നതുമാണിന്ന്. എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ നിരോധിക്കേണ്ടിവന്നെങ്കിലും, ഇരകള്‍ചികിത്സാര്‍ത്ഥം നഷ്ടപരിഹാരം തേടി ഉഴലുമ്പോഴും , അതിനെ 'ശാസ്ത്രീയ'മായി രക്ഷപ്പെടുത്തുന്ന വിജ്ഞാനങ്ങള്‍ നിരപരാധികള്‍ക്കുമേല്‍ നിര്‍ദ്ദയം അസ്ത്രങ്ങള്‍ പോലെ വര്‍ഷിക്കുന്നത് കേരളത്തില്‍ നിലയ്ക്കാത്തത് നോക്കുക.

(തുടരും)

Comments