കോവിഡ് കാലത്തെ യുദ്ധക്കച്ചവടം അഥവാ സൈനിക-വർഗീയ-വ്യവസായ സമുച്ചയം

നമ്മുടെ കൺമുന്നിൽ വളർന്നു വലുതാവുന്ന ഇന്ത്യയിലെ സൈനിക-വർഗീയ-വ്യവസായ സമുച്ചയത്തെ തിരിച്ചറിയുന്നതിനുള്ള സാധ്യതകളുടെ പുതിയ ഭാവനകളിലാണ് ദക്ഷിണേഷ്യയുടെ അതിജീവനത്തിനുള്ള പച്ചപ്പുകൾ പോലും കണ്ടെത്താനാവുക

ണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള അമേരിക്കയിലെ രാഷ്ട്രീയ-സമ്പദ്ഘടനയെ "സൈനിക-വ്യവസായ സമുച്ചയം' അഥവാ "മിലിറ്ററി ഇൻഡ്സ്ട്രിയൽ കോംപ്ലക്സ്' എന്നു വിശേഷിപ്പിക്കുന്നു. അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന ഡ്വയറ്റ് ഡി ഐസൻഹോവർ 1961-ൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിലാണ് സൈനിക-വ്യവസായ സമുച്ചയം എന്ന പ്രയോഗം ഭാഷയാവുന്നത്. രണ്ടാംലോക യുദ്ധകാലത്തും, അതിനു ശേഷവും അമേരിക്കൻ സമ്പദ്ഘടനയിൽ പ്രതിരോധവ്യവസായം നിർണ്ണായകസ്ഥാനം കൈവരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ നിരീക്ഷണം. സൈനിക-വ്യവസായ സമുച്ചയം അറിഞ്ഞോ, അറിയാതെയോ അമേരിക്കൻ സർക്കാരിന്റെ നയരൂപീകരണങ്ങളെ സ്വാധീനിക്കുവാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയ ഐസൻഹോവർ അതിനെതിരെ രാഷ്ട്രീയസംവിധാനം ജാഗ്രത പുലർത്തണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

ഡ്വയറ്റ് ഡി ഐസൻഹോവർ

പ്രസിഡണ്ട് പദവിയിൽ എത്തുന്നതിന് മുമ്പ് ഫൈവ് സ്റ്റാർ ജനറൽ ആയിരുന്ന ഐസൻഹോവറിന്റെ നിരീക്ഷണം വെറുതെ ആയില്ല. സൈനിക-വ്യവസായ സമുച്ചയം എന്ന പ്രയോഗം ഇപ്പോൾ അമേരിക്കൻ സമ്പദ്ഘടനയുടെ പര്യായമായി മാറിയിരിക്കുന്നു. സൈനിക-വ്യവസായ സമുച്ചയത്തെ കൂടുതൽ വിപുലീകരിച്ച് സൈനിക-അക്കാദമിക-വ്യവസായ സമുച്ചയം എന്നു വിശേഷിപ്പിക്കുന്നവരും കുറവല്ല. പെന്റഗണിന്റെ ധനസഹായം പ്രത്യക്ഷമായും, പരോക്ഷമായും ലഭിക്കാത്ത സർവകലാശാലകളോ, ഗവേഷണ സ്ഥാപനങ്ങളോ അമേരിക്കയിൽ വിരളമാണെന്ന വസ്തുത കണക്കിലെടുത്താണ് ഈ വിപുലീകരണം. യുദ്ധവ്യവസായവും അതിനുവേണ്ടിയുള്ള ഗവേഷണങ്ങളും അമേരിക്കൻ വ്യവസായമേഖലയിൽ വഹിക്കുന്ന നിർണ്ണായക സ്വാധീനം വിശദീകരിച്ചതിനുശേഷമാണ് ഐസൻഹോവർ സൈനിക-വ്യവസായ സമുച്ചയത്തെ പറ്റിയുള്ള ഉത്ക്കണ്ഠ പ്രകടിപ്പിച്ചത്. ഒരു പക്ഷെ അദ്ദേഹം തന്റെ ദു:സ്വപ്നങ്ങളിൽ പോലും കാണാത്തവിധം അമേരിക്കൻ ജീവിതത്തിന്റെ സമസ്തമേഖലകളിലും സൈനിക-വ്യവസായ സമുച്ചയം ഇപ്പോൾ പിടിമുറുക്കിയിരിക്കുന്നു. അമേരിക്കൻ സാമ്പത്തികവ്യവസ്ഥയുടെ അടിത്തറയായ സൈനിക-വ്യവസായ സമുച്ചയം അമേരിക്കയിലെ സാമൂഹികജീവിതത്തിൽ സൃഷ്ടിക്കുന്ന ദുരന്തം സെമൊർ മെൽമാനെ (Seymour Melman) പോലുള്ളവർ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

2020 ഏപ്രിൽ 27-ലെ ഏറ്റവും പുതിയ റിപോർട്ടു പ്രകാരം 2019-ൽ സൈനിക ആവശ്യങ്ങൾക്കായി ഏറ്റവുമധികം പണം ചെലവഴിച്ച ലോകരാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ

ഇന്ത്യൻ പ്രതിരോധവ്യവസായ മേഖലയിൽ വിദേശ മൂലധനനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം സൈനിക-വ്യവസായ സമുച്ചയം എന്ന ദുരന്തത്തെ ഓർമപ്പെടുത്തുന്നു. ലോകത്തിൽ ഏറ്റവുമധികം ജനങ്ങൾ നിത്യദാരിദ്യത്തിന്റെ കെടുതിയിൽ ഉഴലുന്ന രാജ്യമാണ് ഇന്ത്യ. പക്ഷെ സൈനിക ചെലവിൽ ലോകരാഷ്ട്രങ്ങളുടെ മുൻപന്തിയിലാണ് ആർഷഭാരതം. സ്റ്റോക്ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ ഇൻസ്റ്റിറ്റിയൂട്ടിന്റെ (SIPRI) 2020 ഏപ്രിൽ 27-ലെ ഏറ്റവും പുതിയ റിപോർട്ടു പ്രകാരം 2019-ൽ സൈനിക ആവശ്യങ്ങൾക്കായി ഏറ്റവുമധികം പണം ചെലവഴിച്ച ലോകരാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഒന്നും, രണ്ടും സ്ഥാനങ്ങൾ യഥാക്രമം അമേരിക്കയും, ചൈനയും അലങ്കരിക്കുന്നു. സ്ഥാനത്തും, അസ്ഥാനത്തും അഹിംസയെ പറ്റി വർത്തമാനം പറയുന്ന ഇന്ത്യയുടെ സൈനിക ചെലവ് 2019-ൽ 71.1 ബില്യൺ ഡോളറാണ്. 2018-ലേതുമായി താരതമ്യം ചെയ്യുമ്പോൾ രേഖപ്പെടുത്തിയ വർദ്ധന 6.8 ശതമാനം. (1-ബില്യൺ സമം 100-കോടി). ഒരു ഡോളറിന് 75 രൂപ വിനിമയനിരക്കു കണക്കാക്കുകയാണെങ്കിൽ 1-ബില്യൺ ഡോളർ സമം 7,500 കോടി രൂപ. 7,500 കോടിയെ 71 കൊണ്ടു ഗുണിച്ചാൽ ലഭിക്കുന്നത് 532,500 കോടി രൂപ. ഇത്രയും ഭീമമായ തുകയെപ്പറ്റി അർത്ഥവത്തായ ഒരു ധാരണ ലഭിക്കുന്നതിനു ഒരുദാഹരണം ചൂണ്ടിക്കാണിക്കാം. ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ 11-കോടി കുടുംബങ്ങളുടെ ജൻധൻ അക്കൗണ്ടിൽ 7,500 രൂപ നേരിട്ടു നിക്ഷേപിക്കുന്നതിനു സർക്കാരിന് വേണ്ടി വരുന്ന ബാധ്യത ഒരു ലക്ഷം കോടി രൂപയാണ്. 11-കോടി കുടുംബാംഗങ്ങൾക്ക്‌ ഒരുമാസത്തിലധികം ജീവിക്കുന്നതിനുവേണ്ടി വരുന്ന തുകയുടെ അഞ്ചിരട്ടയിലധികം കൊല്ലം തോറും സൈനികാവശ്യങ്ങൾക്കായി ചെലവഴിക്കുന്നു. സൈനിക ചെലവിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ ആയുധവിപണി ആഗോള സൈനികവ്യവസായത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്.

നിർമല സീതാരാമൻ

ലോകത്തിലെ വൻകിട ആയുധനിർമാതാക്കൾ ഈ മേഖലയിൽ ആധിപത്യം ഉറപ്പിക്കുവാൻ ശ്രമിക്കുന്നത് സ്വാഭാവികം. രാജ്യത്തിന്റെ തന്ത്രപ്രധാനമായ മേഖലകളായി കരുതപ്പെടുന്ന പ്രതിരോധം, ബഹിരാകാശം, ആണവോർജം, ധാതുക്കൾ തുടങ്ങിയ രംഗങ്ങളിൽ വിദേശനിക്ഷേപം അനുവദിക്കാനും, നിക്ഷേപ പരിധി ഉയർത്താനും ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രഖ്യാപനത്തെ ഈയൊരു പശ്ചാത്തലത്തിൽ വേണം വിലയിരുത്തേണ്ടത്. പ്രതിരോധ മേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ പരിധി 49-ശതമാനത്തിൽ നിന്നും 74-ശതമാനമാക്കി. കേന്ദ്ര മന്ത്രിസഭയുടെ അനുമതിയില്ലാതെ ആട്ടോമാറ്റിക്കായി നിക്ഷേപം നടത്തുന്നതിനുള്ള സ്വാതന്ത്ര്യവും അനുവദിച്ചു.
കോവിഡിന്റെ മറവിൽ പ്രഖ്യാപിച്ചതാണങ്കിലും ഈ തീരുമാനം പൊടുന്നനെ ഉണ്ടായ ഒന്നല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാർമികത്വത്തിൽ എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തിയ 2014- മുതൽ പ്രതിരോധവ്യവസായ മേഖലയിൽ സ്വദേശിയും, വിദേശിയുമായ സ്വകാര്യ മൂലധനനിക്ഷേപത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. 2014-ൽ ആഘോഷപൂർവം പ്രഖ്യാപിച്ച മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഒരു പ്രധാന ലക്ഷ്യം പ്രതിരോധ മേഖലയുടെ സ്വകാര്യവൽക്കരണമായിരുന്നു.

കോവിഡിന്റെ മറവിൽ പ്രഖ്യാപിച്ചതാണങ്കിലും ഈ തീരുമാനം പൊടുന്നനെ ഉണ്ടായ ഒന്നല്ല. 2014-ൽ ആഘോഷപൂർവം പ്രഖ്യാപിച്ച മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഒരു പ്രധാന ലക്ഷ്യം പ്രതിരോധ മേഖലയുടെ സ്വകാര്യവൽക്കരണമായിരുന്നു

അതിനാൽ ശ്രീമതി സീതാരാമന്റെ പ്രഖ്യാപനം തീരെ അപ്രതീക്ഷിതമാണെന്നു പറയാനാവില്ല. പ്രതിരോധ വ്യവസായ മേഖലയിൽ സ്വകാര്യ മൂലധനത്തിന്റെ കടന്നുവരവ് സുഗമമാക്കുന്നതിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് 2019 സെപ്തംബറിൽ പ്രഖ്യാപിച്ച തീരുമാനങ്ങൾ ആവർത്തിക്കുന്നതാണ് ശ്രീമതി സീതാരാമന്റെ വാക്കുകൾ. ഇന്ത്യയിലെ പ്രതിരോധ വ്യവസായത്തെ 2025-ഓടെ 26 ബില്യൺ ഡോളർ വരുമാനമുള്ള മേഖലയാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നു പ്രതിരോധമന്ത്രി 2019 സെപ്തംബറിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ പ്രതിരോധ നിർമാതാക്കളുടെ സംഘടനയുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ മേഖലയിൽ അടുത്ത അഞ്ചു വർഷത്തിനകം 10-ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും അനുഭവിക്കുന്ന സാമ്പത്തിക പാപ്പരത്തം മറികടക്കുവാൻ ധനമന്ത്രിയുടെപ്രഖ്യാപനം ഉതകില്ല.

ശ്രീമതി സീതാരാമന്റെ പ്രഖ്യാപനം ശ്രദ്ധേയമാവുന്നത് മറ്റൊരു വിധത്തിലാണ്. ഇക്കഴിഞ്ഞ മെയ് 12-നു പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോൾ പ്രഖ്യാപിച്ച പ്രധാനകാര്യം ആത്മനിർഭർ ഭാരത് പദ്ധതി ആയിരുന്നു. ലളിതമായി പറഞ്ഞാൽ സ്വയം പര്യാപ്തതയിൽ ഊന്നുന്ന വികസനം. പ്രാസത്തിൽ തലക്കെട്ടു എഴുതുന്നവരെ ഹഠാദാകർഷിക്കുന്ന "വോക്കൽ എബൗട് ലോക്കൽ' തുടങ്ങിയ പ്രയോഗങ്ങൾ നിറഞ്ഞ മോദിയുടെ പ്രസംഗത്തിൽ 27-തവണ സ്വയം പര്യാപ്തതയുമായി ബന്ധപ്പെട്ട വാക്കുകൾ ഉപയോഗിച്ചിരുന്നു. മോദിയുടെ "സ്വയം പര്യാപ്ത' പ്രസംഗത്തിന്റെ അലയൊലി അടങ്ങുന്നതിനു മുമ്പുതന്നെ തന്ത്രപ്രധാനമേഖലകളിൽ വിദേശ മൂലധനത്തിനു യഥേഷ്ടം കടന്നുവരാനുള്ള അനുമതി നൽകിയതാണ് ശ്രീമതി സീതാരാമന്റെ പ്രഖ്യാപനത്തെ ശ്രദ്ധേയമാക്കുന്നത്. ദുരന്തം അവസരമാക്കുന്ന വിദ്യയുടെ മറ മാത്രമായിരുന്നു സ്വയം പര്യാപ്തതയെ പറ്റിയുള്ള വാചകകസർത്തുകൾ എന്നു തെളിയിക്കുന്നതാണ് ഈ പ്രഖ്യാപനം. മേക്ക് ഇൻ ഇന്ത്യ-യുടെ ചരിത്രം ഈ കാപട്യം വെളിപ്പെടുത്തുന്നു.

വളരെയധികം കൊട്ടിഘോഷിക്കപ്പെട്ട ഈ പദ്ധതി ഇറക്കുമതിയിലുള്ള ആശ്രിതത്വം കൂടുതലാക്കി എന്നു സാമ്പത്തിക ശാസ്ത്രജ്ഞനായ സുനിൽ മാണിയുടെ പഠനം വെളിപ്പെടുത്തുന്നു. മൊബൈൽ ഫോണുകളുടെ ആഭ്യന്തര ഉൽപ്പാദനം ഉദാഹരണമായി ഈ വിശകലനം ചൂണ്ടിക്കാട്ടുന്നു. മൊബൈൽ ഫോൺ നിർമാണത്തിനുള്ള വിവിധ ഭാഗങ്ങളുടെ (കംപോണൻസ്) ഇറക്കുമതി 2014-ൽ 2.67 ബില്യൺ ഡോളർ ആയിരുന്നുവെങ്കിൽ 2018-ൽ അത് 11.56 ബില്യൺ ഡോളറായി ഉയർന്നു. മൊത്തം മുല്യവർദ്ധനവിന്റെയും അഥവാ ഗ്രോസ് വാല്യൂ അഡിഷനും (ജി.വി.എ), മൊത്തം ഉൽപ്പന്ന മൂല്യവും അഥവാ ഗ്രോസ് വാല്യൂ ഓഫ് ഔട്ട്പുട്ടും (ജി.വി.ഒ) തമ്മിലുള്ള അനുപാതം 2013-14-ൽ 17 ശതമാനം ആയിരുന്നത് 2017-18-ൽ 13 ശതമാനമായി കുറഞ്ഞുവെന്നും സുനിൽ മാണിയുടെ പഠനം ചൂണ്ടിക്കാണിക്കുന്നു.

മോദിയുടെ 'സ്വയം പര്യാപ്ത' പ്രസംഗത്തിന്റെ അലയൊലി അടങ്ങുന്നതിനു മുമ്പുതന്നെ തന്ത്രപ്രധാനമേഖലകളിൽ വിദേശ മൂലധനത്തിനു യഥേഷ്ടം കടന്നുവരാനുള്ള അനുമതി നൽകിയതാണ് ശ്രീമതി സീതാരാമന്റെ പ്രഖ്യാപനത്തെ ശ്രദ്ധേയമാക്കുന്നത്

പ്രതിരോധ വ്യവസായമുൾപ്പടെയുള്ള തന്ത്രപ്രധാന മേഖലകളിൽ സ്വകാര്യവൽക്കരണം നടപ്പിലാക്കുന്ന നയം നവ-ലിബറൽ സാമ്പത്തിക നയങ്ങളുടെ സ്വാഭാവിക തുടർച്ചയാണ്. വികസനത്തിന്റെ അപ്പോസ്തലന്മാർ ഈ തീരുമാനത്തെ കലവറയില്ലാതെ പിന്തുണക്കും എന്ന കാര്യത്തിൽ തർക്കമില്ല. മുഖ്യധാര മാധ്യമങ്ങളിൽ ഇതിനകം വന്ന വാർത്തകളും, അഭിപ്രായങ്ങളും അതിനുള്ള തെളിവാണ്. ദേശരക്ഷ ആപത്തിലാവും എന്ന ന്യായവുമായി ഈ തീരുമാനത്തെ വിമർശിക്കുന്നവർ കഥയറിയാതെ ആട്ടം കാണുന്നവരാണ്. ആയുധവ്യവസായത്തിന്റെ ആവശ്യത്തിന് ഉപയുക്തമായ നിലയിൽ ദേശരക്ഷയുടെ മുൻഗണനകളും, മാനദണ്ഡങ്ങളും തീരുമാനിക്കപ്പെടും എന്നാണ് സൈനിക-അക്കാദമിക-വ്യവസായ സമുച്ചയം നൽകുന്ന ആദ്യപാഠം. ശീതയുദ്ധത്തകാലത്തെ സൈനികമായ ആവശ്യങ്ങളെപ്പറ്റിയുള്ള പ്രത്യയശാസ്ത്ര നിർമിതികൾ എത്ര പെട്ടെന്നാണ് ഭീകരതക്കെതിരായ യുദ്ധത്തിന്റെ ആശയശാസ്ത്രമായി പരിണമിച്ചതെന്നു പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയിൽ അന്തസ്ഥിതമായ പ്രതിസന്ധി മറികടക്കുന്നതിനുള്ള ഒരു രക്ഷാമാർഗമായി സൈനികവ്യവസായത്തിലുള്ള നിക്ഷേപം പുതിയ കാര്യമല്ല. സൈനിക കെയ്നീഷ്യനിസം (മിലിറ്ററി കെയ്നീഷ്യനിസം) എന്ന പേരിൽ ഈ പ്രവണത അറിയപ്പെടുന്നു. നിരന്തര ലാഭം പൂർണ്ണമായും ഉറപ്പാക്കുന്ന ചരക്കാണ് ദേശരക്ഷ. രൂപത്തിലും, ഭാവത്തിലും ഏതുവിധത്തിലും മാറ്റി മറിക്കാവുന്ന ഈ ചരക്കിന്റെ ഉൽപ്പാദനവും, വിതരണവും ആഗോള മൂലധനത്തിന്റെ ഇഷ്ടമേഖലയാണ്. ആഗോള മൂലധനത്തിന്റെ ഈ താൽപര്യത്തിന് അനുസരിച്ചുള്ള നയമാണ് ധനമന്ത്രിയുടെ പ്രഖ്യാപനത്തിൽ നിറഞ്ഞുനിൽക്കുന്നത്.

ദേശരക്ഷ, സ്വയം പര്യാപ്തത തുടങ്ങിയ വാചാടോപങ്ങൾ മാറ്റി നിർത്തി ഈ മേഖലകളിൽ എന്താണ് സംഭവിക്കുന്നതെന്നു പരിശോധിച്ചാൽ ഇപ്പോഴത്തെ നയം മാറ്റം ആരുടെ താൽപര്യങ്ങൾക്കു വേണ്ടിയാണെന്നു വ്യക്തമാവും. പ്രതിരോധമേഖലയിൽ ആവശ്യമായ ഉൽപ്പന്നങ്ങളുടെ നിർമാണവും, സംഭരണവുമടക്കമുള്ള കാര്യങ്ങളെപ്പറ്റി പഠനം നടത്തി ഉചിതമായ നിർദേശങ്ങൾ നടത്തുവാൻ നിയോഗിച്ച ധീരേന്ദ്ര സിംഗ് സമിതി ഉന്നയിച്ച രണ്ടു പ്രധാനചോദ്യങ്ങളുടെ പ്രസക്തി ഗൗതം നവലാഖ ഒരു ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഗൗതം നവലാഖ

ഓർഡൻസ് ഫാക്ടറി ബോർഡുകളുടെ കോർപറേറ്റുവൽക്കരണം/സ്വകാര്യവൽക്കരണത്തെ പറ്റി എന്താണ് അഭിപ്രായമെന്നും, ഓർഡൻസ് ഫാക്ടറികളുടെ അടിസ്ഥാന സൗകര്യങ്ങൾ സ്വകാര്യ മേഖലക്കായി തുറന്നുകൊടുക്കാമോ എന്നായിരുന്നു ഒന്നാമത്തെ ചോദ്യം. പൊതുമേഖലയിലെ പ്രതിരോധ വ്യവസായ സ്ഥാപനങ്ങൾ കാലങ്ങളായി വികസിപ്പിച്ചെടുത്ത ഡിസൈൻ, ടെസ്റ്റിംഗ് തുടങ്ങിയ നിരവധി സംവിധാനങ്ങൾ സ്വകാര്യമേഖലയ്ക്കു അവയുടെ തുടക്കത്തിൽ തുറന്നു നൽകേണ്ടതുണ്ടോ എന്നായിരുന്നു രണ്ടാമത്തെ ചോദ്യം. പ്രതിരോധ വ്യവസായ മേഖലയിൽ വലിയ പരിചയമില്ലാത്ത ഇന്ത്യയിലെ സ്വകാര്യമേഖലയെ പൊതുമേഖല കൈ പിടിച്ച് നടത്തേണ്ടതുണ്ട് എന്ന വീക്ഷണത്തിന്റെ പിൻബലത്തിലാണ് സ്വകാര്യവൽക്കരണം അരങ്ങേറുന്നത്. ഇന്ത്യയുടെ പ്രതിരോധ വ്യവസായത്തിന്റെ ഇപ്പോഴത്തെ അടിത്തറ ഇവ്വിധമാണ്.

നമ്മുടെ കൺമുന്നിൽ വളർന്നു വലുതാവുന്ന ഇന്ത്യയിലെ സൈനിക-വർഗീയ-വ്യവസായ സമുച്ചയത്തെ തിരിച്ചറിയുന്നതിനുള്ള സാധ്യതകളുടെ പുതിയ ഭാവനകളിലാണ് ദക്ഷിണേഷ്യയുടെ അതിജീവനത്തിനുള്ള പച്ചപ്പുകൾ പോലും കണ്ടെത്താനാവുക.

പൊതമേഖലയിൽ 9-വൻകിട വ്യവസായ സ്ഥാപനങ്ങൾ, 41-ഓർഡനൻസ് ഫാക്ടറികൾ, 50-പൂർണ്ണസമയ ഗവേഷണ-വികസന ലബോറട്ടറികളും, അതുമായി ബന്ധപ്പെട്ട നിരവധി അനുബന്ധസ്ഥാപനങ്ങളും, ലൈസൻസുള്ള 70 സ്വകാര്യ സ്ഥാപനങ്ങൾ. മൊത്തം 170,000 പേർ ഈ മേഖലയിൽ തൊഴിലെടുക്കുന്നു.
പ്രതിരോധമേഖലയിൽ വിദേശമൂലധനം കടന്നുവരുന്നത് ഒട്ടും ലാഘവമായ നിലയിലല്ല. അമേരിക്കയിലെ 400-ലധികം വ്യവസായ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന യു.എസ്-ഇന്ത്യ ബിസിനസ്സ് കൗൺസിൽ 2017-ആഗസ്റ്റിൽ പ്രതിരോധ മന്ത്രാലയത്തിനു സമർപ്പിച്ച ഒരു നിവേദനത്തിൽ ഉന്നയിച്ച ആവശ്യം ഇതിനുള്ള നല്ല ഉദാഹരണമായി നവലാഖ ചൂണ്ടിക്കാട്ടുന്നു. സ്വന്തം നിലയിലോ, സംയുക്ത സംരഭമായോ ഇന്ത്യയിൽ നിർമാണം നടത്തുന്ന കമ്പനികൾ കൊണ്ടുവരുന്ന സാങ്കേതിക വിദ്യയുടെ നിയന്ത്രണം അമേരിക്കൻ കമ്പനികൾക്കായിരിക്കും എന്നതായിരുന്നു ഈ ആവശ്യം. സംയുക്ത സംരഭത്തിൽ അമേരിക്കൻ കമ്പനി ജൂനിയർ പങ്കാളിയാണെങ്കിലും സാങ്കേതികവിദ്യയുടെ നിയന്ത്രണം അവർക്കായിരിക്കും. F-16 യുദ്ധവിമാനങ്ങളുടെ നിർമാതാക്കളായ ലോക്ഹീഡ് മാർടിൻ, റഫാൽ യുദ്ധവിമാനങ്ങളുടെ നിർമാതക്കളായ ഫ്രഞ്ചു കമ്പനിയായ ദാസ്സോൾട്, സ്വീഡിഷ് കമ്പനിയായ സാബ് ഗ്രിപൻ തുടങ്ങിയ വിദേശകമ്പനികളാണ് ഇന്ത്യൻ പ്രതിരോധമേഖലയിൽ ഇപ്പോൾ തന്നെ സാന്നിദ്ധ്യമുറപ്പിച്ചിട്ടുള്ളത്. ലോക്ഹീഡ് മാർടിൻ ടാറ്റ ഗ്രൂപ്പുമായും, റഫാൽ നിർമാതാക്കൾ അനിൽ അംബാനി ഗ്രുപ്പുമായും, സാബ് ഗ്രിപിൻ അദാനി ഗ്രൂപ്പുമായുമാണ് സംയുക്തസംരഭങ്ങളിൽ ഒപ്പുവെച്ചിട്ടുള്ളത്. സോവിയറ്റു തകർച്ചക്കു ശേഷം പുനസംഘടിപ്പിക്കപ്പെട്ട റഷ്യൻ സൈനികവ്യവസായ സ്ഥാപനങ്ങളും ഇന്ത്യൻ പ്രതിരോധമേഖലയിൽ സജീവമാണ്. ആഗോള സൈനികവ്യവസായം ഉറച്ച കാൽവെയ്പുകളുമായി ഇന്ത്യയുടെ പ്രതിരോധമേഖലയിൽ മാർച്ചു ചെയ്തു വരുമ്പോൾ ദേശരക്ഷയുടെയും, സ്വയം പര്യാപ്തതയുടെയും തേഞ്ഞ പദാവലികൾ ഉപയോഗിച്ച് അതിനെ നേരിടാനാവില്ല. ഇതുവരെ നമ്മെ പറഞ്ഞു വിശ്വസിപ്പിക്കുന്ന ഹിംസാത്മകമായ ശത്രുനിർമിതികളുടെ ദേശത്തെ മറികടക്കാൻ കഴിയുന്ന ഭാഷയിലൂടെ മാത്രമാവും പുതിയ ഭാവനകളിലെ ദേശനിർമിതികൾ പിറക്കുക. നമ്മുടെ കൺമുന്നിൽ വളർന്നു വലുതാവുന്ന ഇന്ത്യയിലെ സൈനിക-വർഗീയ-വ്യവസായ സമുച്ചയത്തെ തിരിച്ചറിയുന്നതിനുള്ള സാധ്യതകളുടെ പുതിയ ഭാവനകളിലാണ് ദക്ഷിണേഷ്യയുടെ അതിജീവനത്തിനുള്ള പച്ചപ്പുകൾ പോലും കണ്ടെത്താനാവുക.

Comments