വി.ഡി. സതീശൻ സർക്കാറിന്റെ ആദ്യ ബജറ്റ് വിഖ്യാതമായ കേരള മാതൃകക്ക് അന്ത്യം കുറിക്കുന്നതും സ്വകാര്യവൽക്കരണത്തിനുള്ള സമ്പൂർണ്ണ കരുതലുമാണ്.
ബജറ്റ് പ്രസംഗമസാനിപ്പിച്ച് മുഖ്യമന്ത്രി കൂടിയായ ധനമന്ത്രി സതീശൻ പറഞ്ഞത്, ‘എന്റെ ഭരണമെന്നത്; Governance with empathy എന്നതാണ്’ എന്നാണ്. ആരോടാണ് സതീശൻസർക്കാറിന്റെ അനുതാപം? ബജറ്റ് നിർദ്ദേശങ്ങളും പദ്ധതികളും പരിശോധിച്ചാൽ അത് അദാനിമാരുൾപ്പെടുന്ന സ്വകാര്യ നിക്ഷേപകരോടാണെന്നാണ് മനസിലാക്കാൻ കഴിയുക. പാവങ്ങളെ കാണാത്തതും ക്ഷേമ പദ്ധതികളോടും സർക്കാർസേവനമേഖലകളോടും നിഷേധാത്മകസമീപനം പുലർത്തുന്നതാണ് ബജറ്റ് നിർദേശങ്ങളെല്ലാം.
സാധാരണ മനുഷ്യരുടെ ജീവിതത്തിനും ഉന്നതിക്കും വേണ്ടിയുള്ള എല്ലാ ക്ഷേമ- വികസന പരിപാടികളിൽ നിന്നും അതിനായുള്ള സർക്കാർ സേവന മേഖലകളിൽ നിന്നും സർക്കാർ പിന്മാറുന്ന ബജറ്റാണിത്.
ക്ഷേമോന്മുഖും വികസനോന്മുഖവുമായ കേരളവികസനമാതൃകയിൽ നിന്ന് സർക്കാർ പിന്മാറുകയും വികസനപദ്ധതികളെല്ലാം സ്വകാര്യകമ്പനികൾക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്ന സമീപനമാണ് ബജറ്റിലുടനീളമുള്ളത്.
1992- ലാണ് അന്നത്തെ ലോകബാങ്ക് പ്രസിഡന്റ്, കടുത്ത വിപണിയുന്മുഖ വളർച്ചയുടേതായ ആഗോളവൽക്കരണത്തിന്റെ കാലത്ത് കേരള മാതൃകക്ക് പ്രസക്തിയില്ലെന്ന് പ്രഖ്യാപിച്ചത്. ക്ഷേമഘടനയിലും ബൃഹത്തായ സർക്കാർ സേവന മേഖലകളിലുമൂന്നുന്ന കേരള മാതൃക അവസാനിപ്പിക്കണമെന്നാണ് ലോക ബാങ്ക് കല്പിച്ചത്. ഇന്ത്യയിൽ നരസിംഹറാവു സർക്കാറിന്റെ കാലത്ത് ആരംഭിച്ച സ്വകാര്യവൽക്കരണ- ഉദാരവൽക്കരണ പരിഷ്ക്കരണങ്ങളുടെ ചുവടു പിടിച്ചാണ് 1992-ൽ കരുണാകരന്റെ നേതൃത്വത്തിലുള്ള സർക്കാർ ഘടനാപരമായ പരിഷ്ക്കാരങ്ങൾക്കായുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ അക്കാലത്തെ പ്ലാനിംഗ് ബോർഡ് വൈസ്ചെയർമാനായിരുന്നഡോ. വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ വിഭവകാര്യ കമ്മീഷനെ നിയമിക്കുന്നത്. അതിന്റെ റിപ്പോർട്ട് അനുസരിച്ചാണ് ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ ചെലവ് ചുരുക്കൽ പരിഷ്ക്കാരങ്ങൾ നടപ്പാക്കിയത്.

സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നിഷേധിക്കുന്ന തരത്തിൽ ഒ.പി ചീട്ട് മുതൽ മോർച്ചറി ഫീസ് വരെ ഈടാക്കാനാരംഭിച്ചു. സർക്കാർ എയ്ഡഡ് സ്കൂളുകൾ അൺ ഇക്കോണമിക് ആണെന്ന് വരുത്തി പൂട്ടാൻ തുടങ്ങി. സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിക്കാർക്കും വിദ്യാഭ്യാസക്കച്ചവടക്കാർക്കും വേണ്ടിയായിരുന്നു ഈ നടപടികളെല്ലാം.
വാട്ടർഅതോറിറ്റി, കെ എസ് ഇ ബി, കെ എസ് ആർ ടി സി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം കമ്പനിവൽക്കരിച്ച് സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനവും കരുണാകാരന്റെ സർക്കാർ എടുത്തു. ഇതിനെയെല്ലാം ജനകീയ സമരങ്ങളിലൂടെ പ്രതിരോധിച്ചാണ് ക്ഷേമരാഷ്ട്രഘടനയിലും സർക്കാർസേവന മേഖലകളിലുമധിഷ്ഠിതമായ കേരള മാതൃകയെ സംരക്ഷിച്ചത്.
ഇടതുപക്ഷ സർക്കാറുകൾ അധികാരത്തിൽ വരുമ്പോൾ ആഗോളവൽക്കരണമുയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിച്ച് കേരള വികസന മാതൃകയെ ശക്തിപ്പെടുത്തി. എന്നാൽ, എ.കെ. ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും സർക്കാറുകൾ കേരള മാതൃകയെ തകർക്കുന്ന ഭരണപരിഷ്ക്കാരങ്ങളാണ് തുടർച്ചയായി സ്വീകരിച്ചത്. കടുത്ത സ്വകാര്യവൽക്കരണത്തിനും റിയൽ എസ്റ്റേറ്റ് ബിസിനസ് താല്പര്യങ്ങൾക്കും വേണ്ടിയുള്ള കടുംവെട്ട് തീരുമാനങ്ങളാണ് ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തുണ്ടായത്.
2001- ലെ ആന്റണി സർക്കാർ എ ഡി ബി നിർദേശമനുസരിച്ച് നടപ്പാക്കിയ പരിഷ്ക്കാരങ്ങളും ഭരണനവീകരണനടപടികളും പൊതുമേഖലയെ വിറ്റുതുലക്കുന്നതും സിവിൽ സർവ്വീസിനെയാകെ ഡൗൺ സൈസ് ചെയ്യുന്നതുമായിരുന്നു. ഇതിനെയെല്ലാം പ്രതിരോധിച്ചും അധികാരത്തിൽ വരുമ്പോൾ ക്ഷേമോന്മുഖവും വികസനോന്മുഖവുമായ നയങ്ങൾ നടപ്പാക്കിയുമാണ് ഇടതുപക്ഷം ജനോപകാരപ്രദമായ സർവ്വീസ് മേഖലകളെയും ക്ഷേമഘടനയെയും സംരക്ഷിച്ചത്.
കേരളം തോല്പിച്ച നവലിബറൽപരിഷ്ക്കാരങ്ങളുടെ അപകടകരമായ പുനരായനമാണ് വി.ഡി. സതീശൻ സർക്കാറിന്റെ ‘പുതുയുഗ ബജറ്റി’ലൂടെ ജീവൻ വെച്ചു വരുന്നത്. ‘പുതുയുഗ ബജറ്റ്’ മുന്നോട്ട് വെക്കുന്ന പ്രധാന പദ്ധതികളെല്ലാം കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റുവൽക്കരണനയങ്ങളുമായി ചേർന്നു നിൽക്കുന്നതാണ്. മാത്രവുമല്ല, മോദിയുടെ ‘ക്രോണി’യായ അദാനിയുടെ താല്പര്യങ്ങളുമായി ചേർന്നതാണ് ബജറ്റിലെ പദ്ധതികകളും നിർദേശങ്ങളും.
സമുദ്രമിഷൻ, മാരിടൈം മ്യൂസിയം, സതേൺ കേരള ഇക്കണോമിക്ക് കോറിഡോർ, റയർ എർത്ത് ആന്റ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോർ, ഏവിയേഷൻ ഹബ്ബ്, ഹാർബർഹബ്ബ് തുടങ്ങിയവ കേന്ദ്ര സർക്കാറിന്റെ കോർപ്പറേറ്റ് അനുകൂല- സ്വകാര്യവൽക്കരണനയത്തിനാവശ്യമായ രീതിയിൽ തന്നെയുള്ളതാണ്.

കേന്ദ്ര സർക്കാരിന്റെ ഖനനനയത്തെയും ഭൂനിയമങ്ങളിലെ മാറ്റത്തെയുമാണ് ഈ ബജറ്റ് പ്രധാനമായും പിന്തുടരുന്നത്. അദാനിമാർക്കു വേണ്ടി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബ്ലൂ ഇക്കോണമിനയത്തിന് വഴങ്ങിയാണ് സമുദ്രമിഷൻ പോലുള്ളപദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തെ തുറമുഖ ഹബ്ബാക്കുമെന്ന പ്രഖ്യാപനം, കരൺ അദാനിയുടെ സ്വപ്നങ്ങൾക്ക് കേരളത്തിന്റെ മണ്ണും കടലും തീരവും വിട്ടുകൊടുക്കാനാണ്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ബ്ലൂ ഇക്കോണമിയുടെ ചുവടു പിടിച്ചുള്ള നീക്കമാണിത്. കേരളത്തിന്റെ അപൂർവ്വങ്ങളും അമൂല്യങ്ങളുമായ ധാതുക്കൾ കോർപ്പറേറ്റുകൾക്ക് തീരെഴുതുന്ന നിർദേശം. സ്വകാര്യവൽക്കരണത്തിനുവേണ്ടിയുള്ള അപകടകരമായ നീക്കമാണ് ബജറ്റ് നിർദ്ദേശങ്ങളായി പുറത്തുവന്നിരിക്കുന്നത്.
മൈനർ ധാതുക്കളുടെ ഖനനമടക്കം സർവ്വതും സ്വകാര്യ മേഖലക്ക് തുറന്നുകൊടുക്കുന്ന കേന്ദ്ര സർക്കാറിന്റെ രാജ്യദ്രോഹകരമായ നയം തന്നെയാണ് റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ കോറിഡോർ വഴി യു ഡി എഫ് സർക്കാർ കൊണ്ടുവരുന്നത്. എൽ ഡി എഫ് സർക്കാർ മുന്നോട്ടുവെച്ച പൊതുമേഖലാധിഷ്ടിതമായ റെയർ എർത്ത് ഇടനാഴി എന്ന ആശയത്തെ ഈ ബജറ്റ് അട്ടിമറിക്കുകയാണ്.
ബജറ്റ് മുന്നോട്ട് വെക്കുന്ന ഫിഷറീസ് സബ് പ്ലാൻ മത്സ്യതൊഴിലാളികളെ കബളിപ്പിക്കാനുള്ളതാണ്. തീരദേശം മുഴുവൻ അദാനിമാർക്ക് തീറെഴുതുന്ന കടുത്ത സ്വകാര്യവൽക്കരണപദ്ധതികൾക്കിടയിൽ ഈ സബ് പ്ലാൻ പദ്ധതി പ്രഖ്യാപനം മത്സ്യ തൊഴിലാളികളുടെ കണ്ണിൽ പൊടിയിലാണ്.
ഇന്ത്യയുടെ തുറമുഖ രംഗത്തും ഏവിയേഷൻ മേഖലയിലും ഖനന മേഖലയിലും പിടിമുറുക്കിയ അദാനിയുടെ സ്വപ്നങ്ങളെയാണ്, കോർപ്പറേറ്റ് വികസന മോഹങ്ങളെയാണ് ഈ ബജറ്റ് നിർദേശങ്ങൾ സേവിക്കുന്നത്.
ബജറ്റിൽ പ്രഖ്യാപിച്ച ഹെൽത്ത് ആന്റ് ലൈഫ് സയൻസ് സിറ്റിയും സ്വാകാര്യവൽക്കരണലക്ഷ്യത്തെ മുൻനിർത്തിയുള്ളതാണ്. ആശുപത്രി, ഫാർമ മേഖലയിൽ കടന്നുവരാൻ കാത്തിരിക്കുന്ന വിദേശ കുത്തകകൾ ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികൾക്ക് പരവതാനി വിരിക്കുകയാണ്. പൊതുജനാരോഗ്യമേഖലയുടെ നട്ടെല്ലായ സർക്കാർ ആശുപത്രികളെ സംബന്ധിച്ച് ബജറ്റ് മൗനം പാലിക്കുന്നു.

പ്ലാനിംഗ് ബോർഡിനെ തിങ്ക് ടാങ്കാക്കി മാറ്റുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ആസൂത്രണ കമീഷനെ നിതി ആയോഗാക്കി മാറ്റിയ മോദി സർക്കാറിന്റെ പാതയിലൂടെയാണ് സതീശനും സഞ്ചരിക്കുന്നത്.
മറുവശത്ത്, സർക്കാർ ക്ഷേമവികസനപദ്ധതികളിൽ നിന്ന് പിന്മാറുന്നു. വിലക്കയറ്റവും പണപ്പെരുപ്പവും കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങളെ സഹായിക്കാൻ ഒരു നിർദ്ദേശവും ബജറ്റിലില്ല. ഭക്ഷ്യ സിവിൽ സപ്ലെ സ് മേഖലക്ക് കാര്യമായി വിഹിതങ്ങളില്ല. ചെലവു ചുരുക്കുകയും പൊതുമേഖലയെ കയ്യൊഴിയുകയും ചെയ്യുന്ന ധവളപത്രത്തെ പിൻപറ്റുന്നതാണ് ബജറ്റ് നിർദേശങ്ങളെല്ലാം. വിലക്കയറ്റം രൂക്ഷമാവുമ്പോൾ വിപണിയിൽ ഇടപെടലില്ലെന്ന് മാത്രമല്ല, വിപണിഇടപെടലിനെ കുറിച്ച് ബജറ്റ് കുറ്റകരമായ മൗനം പാലിക്കുകയാണ്. എല്ലാം വിപണി തീരുമാനിക്കട്ടെയെന്ന, അടിമുടി നവലിബറൽ സമീപനം തന്നെയാണ് സതീശന്റെ ബജറ്റിന്റേതും.
