നവ ലിബറലിസം:
സർവാരാധനയുടെ പുറകിലെ
രാഷ്ട്രീയം- 19
‘സര്‍വ്വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍' എന്ന് 175 വര്‍ഷങ്ങള്‍ക്കുമുമ്പ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യ പേജില്‍ എഴുതിവെച്ചതു വായിച്ചതോടെയാകണം ആധുനികലോകം മനുഷ്യാധ്വാനത്തിന്റെ മൂല്യം ചരിത്രപരമായി ഉള്‍ക്കൊള്ളുന്നതും അധ്വാനശേഷിയുടെ പ്രതീകങ്ങളായി അരിവാളും ചുറ്റികയും കലപ്പയും മറ്റും പതാകകളില്‍ ഇടംപിടിച്ചതും. നാളിതുവരെയുള്ള മനുഷ്യചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണെന്നു പറഞ്ഞപോലെ, നാളിതുവരെയുള്ള കമ്യൂണിസ്റ്റ് ചരിത്രം അധ്വാനത്തിന്റെ സങ്കീര്‍ത്തന ചരിത്രമാണെന്നും പറയാം.
ഒരുപക്ഷേ, 1840- കള്‍ മുതല്‍ 1960- കള്‍ വരെയുള്ള കാലഘട്ടത്തെ മനുഷ്യാധ്വാന പ്രകീര്‍ത്തന യുഗം എന്നു വിളിച്ചാലും തെറ്റില്ല. 'കുരങ്ങില്‍ നിന്ന് മനുഷ്യനിലേക്കുള്ള പരിവര്‍ത്തനത്തില്‍ അധ്വാനത്തിന്റെ പങ്ക് ' എന്ന പേരില്‍ 1876- ല്‍ എംഗല്‍സ് എഴുതിയ, നമ്മെ എല്ലാവിധത്തിലും ഇന്നും അതിശയിപ്പിക്കുന്ന ലേഖനം അധ്വാനവാഴ്ത്തിന്റെ ചരിത്രത്തില്‍ എന്നത്തെയും മാസ്റ്റര്‍പീസാണ്. ഇരുകാലുകളില്‍ നിവര്‍ന്നു നില്‍ക്കാന്‍ കഴിഞ്ഞ മനുഷ്യജീവി, കൈകള്‍ സ്വതന്ത്രമായപ്പോള്‍ പണിയുപകരണങ്ങള്‍ ഉണ്ടാക്കുന്നതും, കൈകളുടെ ചലനം തലച്ചോറിന്റെ വികാസമായി മാറുന്നതും, മാനവഭാഷ രൂപം കൊള്ളുന്നതും, ഭാവനാത്മകമായ സംഘടിതജീവിതം സാധ്യമാകുന്നതും, ഇവയെല്ലാം പരസ്പരം പരിപോഷിപ്പിച്ചു അത്ഭുതങ്ങളുടെ മാനുഷികലോകം നിര്‍മ്മിക്കപ്പെടുന്നതുമായ സാമൂഹ്യ പരിണാമചരിത്രം, ഒരു ചെപ്പിലെന്നപോലെ ചുരുളുകളാക്കി ഒതുക്കി വെച്ചിരിക്കുന്നു എംഗല്‍സ് ഈ ലേഖനത്തില്‍.
19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ കലയും സാഹിത്യവും നോക്കിയാലും, അതിലും കാണാം അധ്വാനശേഷിയാല്‍ മാനുഷികലോകം ചമയ്ക്കുന്നവരെ. റിയലിസ്റ്റിക് ശൈലിയിലേക്കു മാറുന്ന പ്രകൃതിദൃശ്യങ്ങളുടെ ഫ്രഞ്ചു ചിത്രകലാ പ്രസ്ഥാനമായ ബാഹ്ബിസോം സ്‌കൂളിലെ (Barbizon School) പ്രശസ്തനായ ഴോ ഫോസ്വാ മിയേയുടെ (Jean-François Millet ) പ്രകൃതിചിത്രങ്ങളിലും പണിയെടുക്കുന്ന മനുഷ്യര്‍ മുന്നില്‍ വന്നു.
'ദ മാന്‍ വിത്ത് ഹൗ' (The Man with the Hoe) എന്ന പേരില്‍ എഡ്വിന്‍ മാര്‍കം (Edwin Markham) 1872- ല്‍ എഴുതിയ വിഖ്യാത കവിതയ്ക്ക് വിഷയമായിത്തീര്‍ന്നു, 1860 - 1862 ല്‍ മീയേ വരച്ച ഇതേ പേരിലുള്ള പെയിന്റിംഗ്. വാന്‍ഗോഗിന്റെ, നാട്ടിന്‍പുറത്തെ അധ്വാനഭാരത്തിന്റെ മനുഷ്യമുഖങ്ങള്‍ക്കും മാനുഷിക പ്രകൃതിക്കും പ്രചോദനമാകുന്നതിലും ഫ്രഞ്ച് അധ്വാനചിത്രണ കല ഉപകരിച്ചു. ഇങ്ങു കേരളത്തില്‍ വൈലോപ്പിള്ളിയുടെ 'പടയാളികള്‍’, ‘പന്തങ്ങള്‍' എന്നിങ്ങനെയുള്ള കവിതകളോളം എത്തിനില്‍ക്കുന്നു ലോകത്തെ മാറ്റിമറിക്കുന്ന അധ്വാനത്തിന്റെ മഹാഗാഥകള്‍.
'കാടും പടലും വെണ്ണീറാക്കി-
ക്കനകക്കതിരിനു വളമേകി
കഠിനമിരുമ്പു കുഴമ്പാക്കി, പല
കരുനിര വാര്‍ത്തു പണിക്കേകി!
അറിവിന്‍ തിരികള്‍ കൊളുത്തീ, കലകള്‍
-ക്കാവേശത്തിന്‍ ചൂടേകി.
മാലോടിഴയും മര്‍ത്യാത്മാവിനു
മാലോട്ടുയരാന്‍ ചിറകുതകി
പാരില്‍ മനുഷ്യ പുരോഗമനക്കൊടി
പാറിച്ചവയീ പന്തങ്ങള്‍!
മെത്തിടൂമിരുളിലിതെത്ര ചമച്ചൂ
പുത്തന്‍ പുലരിച്ചന്തങ്ങള്‍ '
ഇതേപോലെ, അധ്വാനത്താല്‍ മനുഷ്യരുടെ കൈകള്‍ തഴമ്പിച്ചു കരവിരുതുകളായി വിരിഞ്ഞു, അതിസങ്കീര്‍ണ്ണമായ സൗന്ദര്യാത്മക സൃഷ്ടികള്‍ -റാഫേലിന്റെ പെയിന്റിഗും തോര്‍വാള്‍സന്റെ ശില്പവും പാഗ്‌നിനിയുടെ സംഗീതവും പോലുള്ള വിസ്മയങ്ങള്‍ തീര്‍ക്കുന്നതിനെ പറ്റിയും എംഗല്‍സ് എഴുതിയിട്ടുണ്ട് മേല്‍പ്പറഞ്ഞ ലേഖനത്തില്‍.
എന്നാല്‍, 'കുരങ്ങില്‍ നിന്ന് മനുഷ്യനിലേക്കുള്ള പരിവര്‍ത്തനത്തില്‍ അധ്വാനത്തിന്റെ പങ്ക് ' എന്ന ഈ ലേഖനം മനുഷ്യാധ്വാനശേഷിയുടെ വിജയഘോഷണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല; ലിബറല്‍ സാമ്പത്തിക വ്യൂഹം ഒരിക്കലും വില കല്പിക്കാത്ത പ്രകൃതിയുടെ അധ്വാനശേഷിയെയും അത് ഉദ്‌ഘോഷണം ചെയ്യുന്നുണ്ട്. ലേഖനം തുടങ്ങുന്ന ഖണ്ഡികയില്‍ മനുഷ്യാധ്വാനത്തെ പ്രകീര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ, അതിന്റെ പിടിവള്ളിയായ പ്രകൃതിയുടെ അധ്വാനത്തെ നമസ്‌ക്കരിക്കാന്‍ എംഗല്‍സ് മറക്കുന്നില്ല.
രാമന്റെ കഥയെഴുതാന്‍ തുനിഞ്ഞ വാല്മീകി എഴുതിവന്നപ്പോള്‍ 'സീതായന'മായി മാറിയെന്നു സുകുമാര്‍ അഴീക്കോട് പറഞ്ഞപോലെ, മനുഷ്യാധ്വാന ചരിത്രം എംഗല്‍സ് രചിച്ചപ്പോള്‍ അത് പ്രകൃതിയുടെ അധ്വാനശേഷിയുടെ ചരിത്രമായി മാറിയിരിക്കുന്നു എന്നു ലേഖനം വായിച്ചു തീരുമ്പോള്‍ നാം പറഞ്ഞുപോകും. എന്നാല്‍, രണ്ടു നൂറ്റാണ്ടുകളായി സമൂഹമനസ്സിന്റെ ഒഴിയാശീലമാക്കി തീര്‍ത്ത മനുഷ്യാധ്വാന ഘോഷണ ജാഥകളുടെ വേലിയേറ്റത്താല്‍, പ്രകൃതിയെപ്പറ്റിയുള്ള സൂക്ഷ്മവും ഗഹനവുമായ ഭൗമവിചാരം അടിത്തട്ടില്‍ മുങ്ങിക്കിടക്കുകയല്ലേ ഇന്നോളം?
'എല്ലാ സമ്പത്തിന്റെയും ഉറവിടം അധ്വാനമാണെന്ന് എല്ലാ രാഷ്ട്രീയ സാമ്പത്തിക വിദഗ്ദ്ധരും ഉറപ്പിച്ചു പറയുന്നു'വെന്നു എഴുതുന്ന എംഗല്‍സ് അതിനൊപ്പം കൂട്ടിച്ചേര്‍ത്തു, 'അധ്വാനം സമ്പത്തിന്റെ ഉറവിടമാണ് - അത് പ്രകൃതിയുടെ തുടര്‍ച്ചയാണ് (next to nature ). പ്രകൃതി നല്‍കുന്ന വിഭവങ്ങളെ അധ്വാനം സമ്പത്താക്കി മാറ്റുന്നു. 'അധ്വാനം മനുഷ്യനെ സൃഷ്ടിക്കുന്നു' എന്നുകൂടി പറഞ്ഞു കൊണ്ടാണ് ഈ ലേഖനത്തിലെ ഒന്നാമത്തെ ലഘുഖണ്ഡിക നിര്‍ത്തുന്നത്.
ആദ്യത്തെ ഈ ഖണ്ഡികയിലോ ലേഖനത്തിലാകമാനമോ 'പ്രകൃതിയുടെ അധ്വാനം' എന്ന പ്രയോഗം നമുക്കു കാണാന്‍ കഴിയില്ലെങ്കിലും അങ്ങനെയൊന്നിന്റെ കണ്ടെത്തലിലേക്കു എംഗല്‍സ് നമ്മെ നയിക്കുന്നു ഇവിടെ. എല്ലാ സമ്പത്തിന്റെയും സ്രോതസ്സ് നമ്മുടെ അധ്വാനശേഷിയാണെങ്കില്‍ അത് പ്രകൃതിയുടെ അധ്വാനശേഷിയുടെ തുടര്‍ച്ചയാകുന്നു. പ്രകൃതിനിര്‍മ്മിത ലോകത്തില്‍ മനുഷ്യാധ്വാനം വരുത്തുന്ന മാറ്റമാണ് സമ്പത്ത്. അത് പ്രകൃതിയുടെ അധ്വാനത്തിനു വിപരീതമായിട്ടല്ല, അടുത്ത പടിയായി സംഭവിക്കുന്നു. മനുഷ്യന്‍ മാത്രമല്ല, പ്രകൃതിയും അധ്വാനത്തിലാണ്. ചലനാത്മക പ്രകൃതിയുടെ തുടര്‍ച്ചാണ് മാനുഷിക ചലനങ്ങള്‍. അതിനാല്‍ പ്രകൃതിയുടെ അധ്വാനശേഷിയില്‍ നിന്നും മാനുഷികാധ്വാനശേഷിയെ അടര്‍ത്തി മാറ്റാനാവില്ല. അധ്വാനം മനുഷ്യനെ സൃഷ്ടിക്കുന്നു എന്നു എംഗല്‍സ് മറിച്ചു പറയുന്നുവെങ്കില്‍, അധ്വാനം പ്രകൃതിയെയും സൃഷ്ടിക്കുന്നു. ആത്യന്തികമായി അധ്വാനമാണ് നിര്‍മ്മിതികള്‍ എല്ലാം.
'നശ്വര നാദകണങ്ങള്‍ ഞങ്ങള-
നശ്വരതേ നിന്‍ സംഗീതത്തില്‍'
എന്നിങ്ങനെ പ്രകൃതിയെ പറ്റി ഒ. എന്‍.വി. എഴുതിയിട്ടുണ്ട്. ഇവിടെ പ്രകൃതി തന്നെ നിലയ്ക്കാത്ത സംഗീതമാണ്. എംഗല്‍സിന്റെ ഭാഷയിലാകട്ടെ ഈ സംഗീതമാണ് അധ്വാനം. സംഗീതത്തില്‍നിന്ന് നാദകണങ്ങളെ വേര്‍പെടുത്താനാവാത്തതു പോലെ പ്രകൃതിയുടെ അവിരാമമായ വേലയില്‍ നിന്നും മാനുഷികമായ വേലയുടെ സ്വരങ്ങളെ എങ്ങനെ വേര്‍പെടുത്താനാവും? അധ്വാനമാകുന്ന സംഗീതത്തില്‍ നിറയുന്ന നാദകണങ്ങളായി എല്ലാ സൃഷ്ടികളെയും കാണാന്‍ കഴിയും.
അധ്വാനമാകുന്ന സംഗീതത്തിന്റെ സ്വാതന്ത്ര്യവും സര്‍ഗ്ഗാത്മകതയും തനിമയും ചോര്‍ന്നു, അത് വിനിമയമൂല്യം മാത്രമുള്ള ഒരു കമ്പോളവസ്തുവായി ചേതനയറ്റ് മാറ്റപ്പെടുന്നതാണ് അധ്വാനശേഷിയുടെ അന്യവല്‍ക്കരണം. ലിബറല്‍ സമ്പദ്വ്യവസ്ഥയോടുള്ള മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും മൗലികമായ കലഹം ഈ വ്യവസ്ഥയില്‍ അധ്വാനശേഷിയെ വെറും ചരക്കാക്കി മാറ്റി, അതിനെ അന്യവല്‍ക്കരിക്കുന്നു എന്നതാണല്ലോ. അതായത് അധ്വാനം എന്ന പ്രക്രിയയുടെയല്ല, അധ്വാനിക്കാനുള്ള മാനുഷിക സിദ്ധിയുടെ തന്നെ അന്യവല്‍ക്കരണമാണത്. ശരീരപേശികള്‍, ബുദ്ധി, വൈദഗ്ദ്ധ്യം ഈ സിദ്ധികളുടെ വിട്ടുകൊടുക്കല്‍ അവിടെ നടക്കുന്നു. അധ്വാനശേഷിയുടെ അന്യവല്‍ക്കരണം ആത്യന്തികമായി മനുഷ്യസത്തയുടെ സംഗീതാത്മക ലയത്തില്‍ നിന്നു തന്നെയുള്ള അന്യവല്‍ക്കരണമായി ലിബറല്‍ ഘടനയില്‍ പരിണമിച്ചിരിക്കുന്നു എന്നവര്‍ പറഞ്ഞു. അപ്പോള്‍ മനുഷ്യര്‍ക്ക് തങ്ങള്‍ പ്രകൃതിയുടെ തുടര്‍ച്ചയാണെന്ന ബോധ്യം നഷ്ടപ്പെടുകയും പ്രകൃതിയെ മനുഷ്യസമൂഹത്തിനു നേര്‍വിപരീതമായി പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.
മനുഷ്യാധ്വാനം അന്യവല്‍ക്കരണത്താല്‍ അന്തഃസത്ത നഷ്ടപ്പെട്ടു യാന്ത്രികമാകുന്ന ലോകത്ത്, ഈ അന്യവല്‍ക്കരണം പ്രകൃതിയെയും ബാധിക്കുന്നുണ്ട്. അത്രമാത്രം അഭിന്നമാണ് മനുഷ്യ-പ്രകൃതി അധ്വാനങ്ങള്‍. (അതുകൊണ്ടാകം മനുഷ്യാധ്വാനം എന്ന് എടുത്തു പറയാതെ അധ്വാനം എന്നു മാത്രം എംഗല്‍സ് പറഞ്ഞത്). അതായത്, അന്യവല്‍ക്കരിക്കപ്പെട്ട മനുഷ്യാധ്വാനം പ്രകൃതിയുടെ അധ്വാനശേഷിയെ വിസ്മരിക്കാന്‍ ഇടവരുത്തുന്നു. പ്രകൃതിയുടെ സര്‍ഗ്ഗാത്മക നൈരന്തര്യം യാന്ത്രികവും അന്യവല്‍ക്കരിക്കപ്പെട്ടതുമായ മനുഷ്യാധ്വാനത്താല്‍ തടയപ്പെടുമ്പോള്‍, സ്വന്തം അധ്വാനശേഷിയില്‍ നിന്ന് പ്രകൃതിയും കൂടി അന്യവല്‍ക്കരണത്തിനു വിധേയമാകുന്നുണ്ട്.
'സര്‍ഗ്ഗലയതാളങ്ങള്‍ തെറ്റുന്നു
ജീവരഥ ചക്രങ്ങള്‍ ചാലിലുറയുന്നു'
എന്ന് ഈ സാരവത്തായ അപഭ്രംശത്തെ പറ്റി ഒ. എന്‍.വി. മറ്റൊരു കവിതയില്‍ എഴുതി. തുടര്‍ന്ന്, 'മുണ്ഡിതശിരസ്‌ക്കയായ് സൗരമണ്ഡലപ്പെരുവഴിയിലൂടെ' നീങ്ങുന്ന പ്രകൃതിയെ പറ്റി കവി പറയുമ്പോള്‍, ശരീര കോശങ്ങളിലെല്ലാം കീമോതെറാപ്പിയുടെ അത്യുഷ്ണക്കാറ്റേറ്റ് മുടിയാകെ കൊഴിഞ്ഞു മൊട്ടയടിച്ചവളെ നാം ഓര്‍ത്തുപോകുന്നു.
ലിബറല്‍ സമ്പദ്വ്യവസ്ഥയില് തല്‍ക്ഷണ ലാഭത്തിനുള്ള ഉല്പാദനവും വിനിമയവുമല്ലാതെ മറ്റൊന്നും പരിഗണിക്കപ്പെടുന്നില്ല. ലാഭത്തിനു ശേഷം ഉല്പന്നത്തിനും ഉപഭോക്താവിനും എന്തുപറ്റിയെന്നത് അതിന്റെ വിഷയമേയല്ല.
യഥാര്‍ത്ഥത്തില്‍ പ്രകൃതി - മനുഷ്യ അധ്വാനശേഷികളുടെ അന്യവല്‍ക്കരണം രണ്ടു ഘട്ടങ്ങളിലായല്ല സംഭവിക്കുന്നത്; ഒരേകാലത്ത് ഒരുമിച്ചാണത് നടക്കുന്നത്. ഇതിനെപ്പറ്റിയുള്ള ചില ഉദാഹരണങ്ങള്‍ കൂടി എംഗല്‍സ് നല്‍കുന്നു. മനുഷ്യാധ്വാനത്താല്‍ 'പ്രകൃതിയെ ജയിച്ചു എന്നു കണ്ട് സ്വയം പുകഴ്‌ത്തേണ്ടതില്ല നമ്മള്‍. നമ്മുടെ ഓരോ വിജയത്തിലും പ്രകൃതി പകരം വീട്ടുന്നുണ്ട്. ഓരോ വിജയവും ആദ്യം നമ്മള്‍ പ്രതീക്ഷിച്ച ഫലം തരുമെങ്കിലും രണ്ടാമതും മൂന്നാമതും ഫലം വ്യത്യസ്തമായിരിക്കും. മുന്‍കൂട്ടി കാണാനാവാത്ത തിരിച്ചടികള്‍ ഒന്നാമത്തെ വിജയത്തെ തന്നെ അട്ടിമറിക്കും. മെസൊപൊട്ടാമിയയിലും ഗ്രീസിലും ഏഷ്യമൈനറിലും കാടുവെട്ടി കൃഷിയിറക്കിയവര്‍ തിരിച്ചറിഞ്ഞില്ല അവിടത്തെ ഇന്നത്തെ മരുവല്‍ക്കരണത്തിനു കാരണമായത് അവിടെ വെള്ളം തടഞ്ഞുവെയ്ക്കുകയും സംഭരിക്കുകയും ചെയ്യുന്ന കാടുകള്‍ നശിപ്പിച്ചതാണെന്ന്.'
ലിബറല്‍ സമ്പദ്വ്യവസ്ഥയില് തല്‍ക്ഷണ ലാഭത്തിനുള്ള ഉല്പാദനവും വിനിമയവുമല്ലാതെ മറ്റൊന്നും പരിഗണിക്കപ്പെടുന്നില്ല. ലാഭത്തിനു ശേഷം ഉല്പന്നത്തിനും ഉപഭോക്താവിനും എന്തുപറ്റിയെന്നത് അതിന്റെ വിഷയമേയല്ല. ഇങ്ങനെ തന്നെയാണ് പ്രകൃതിയെ പറ്റിയും കാണുന്നത്. സ്പാനിഷ് അധിനിവേശക്കാര്‍ ക്യൂബയിലെ കാടുകള്‍ ചൂട്ടുകരിച്ചു വെണ്ണിറാക്കി, അതു വളമായി പുത്തന്‍ കാപ്പിത്തോട്ടങ്ങളിലിട്ടപ്പോള്‍, ഈ ഭൂമധ്യരേഖാ പ്രദേശങ്ങളിലെ വനനശീകരണത്താല്‍, പേമാരിയില്‍ മേല്‍ മണ്ണാകെ ഒലിച്ചു അവിടമാകെ പാറപ്രദേശമായിത്തീര്‍ന്നതും എംഗല്‍സ് ഓര്‍മ്മിപ്പിക്കുന്നു.
15-ാം നൂറ്റാണ്ടു മുതല്‍ ജൈവപ്രകൃതിയുടെ അനുബന്ധമായ കാര്‍ഷിക പ്രകൃതിയിലെ കൊളോണിയല്‍ അധിനിവേശം പ്രകൃതിയുടെ അധ്വാനത്തിന്റെ നൈസര്‍ഗ്ഗികതയ്ക്കു താളഭംഗം വരുത്തുന്നുണ്ട്. കൃഷിയില്‍ പ്രകൃതിയുടെ അധ്വാനശേഷിയെന്നാല്‍ സൂര്യപ്രകാശം മുതല്‍ മണ്ണിലെ അതിസൂക്ഷ്മജീവികള്‍ വരെ അനവരതം പങ്കെടുക്കുന്ന സസ്യജാല നിര്‍മ്മാണക്ഷമത തന്നെ. ഈ സംയുക്തക്രിയയുടെ സര്‍ഗ്ഗലയത്തില്‍, കര്‍ണ്ണാടക സംഗീതത്തില്‍ പാശ്ചാത്യമായ വയലിന്‍നാദം അലിയിച്ചു ചേര്‍ത്തതു പോലെ മനുഷ്യാധ്വാനത്തെ ഇണക്കി വെച്ചതാണ് കാര്‍ഷികവൃത്തി. അത് പ്രകൃതി വിരുദ്ധമല്ല, മനുഷ്യ -പ്രകൃതി ശേഷികളുടെ ജുഗല്‍ബന്ദിയാണ്.
അഞ്ചു നൂറ്റാണ്ടുകള്‍ക്കു മുമ്പ് അധിനിവേശം, ടെലസ്‌ക്കോപ്പിലൂടെ വിദൂരത്തില്‍ തെളിഞ്ഞ ഭൂഖണ്ഡത്തിലെ പച്ച മണ്ണിലായിരുന്നുവെങ്കില്‍, ഇന്ന് അത് ഒരു ഇന്ത്യന്‍ കടുകുമണിയുടെ ഗര്‍ഭപാത്രത്തിലെ ഡി എന്‍ എ യില്‍ വരുത്തിയ മാറ്റത്തിന്റെ ജി.എം. പേറ്റന്റ് ആയിരിക്കുന്നു.
'ഉര്‍വ്വിയെ പുഷ്പിപ്പിക്കും കലപോല്‍ നമുക്കത്ര-
നിര്‍വൃതികരം സര്‍ഗ്ഗവ്യാപാരമുണ്ടോ മന്നില്‍'
എന്ന് കൃഷിയെപ്പറ്റി വൈലോപ്പിള്ളി എഴുതിയത് പ്രകൃതി - മനുഷ്യശേഷികളുടെ അന്യവല്‍ക്കരിക്കപ്പെടാത്ത ഒരുമയെ കാണിക്കുന്നു. 'കണിവെള്ളരിക്കപോല്‍ നിന്നുടെ മടിത്തട്ടില്‍ തങ്ങുമീ മണിക്കുട്ടന്‍' എന്നു മടിയില്‍ കിടക്കുന്ന കുട്ടിയെ വിശേഷിപ്പിച്ച കവിക്കു പരിചിതമായിരിക്കും, 'മലനാട്ടു വേനലി'ല്‍ രണ്ടാംവിള കഴിഞ്ഞു പാടത്തു കളമെഴുതിയ പോലെ, വള്ളി പടര്‍ന്നു മഞ്ഞപ്പൂക്കള്‍ വിടര്‍ന്നും, കായിട്ടും കിടക്കുന്ന കുമ്പളവും മത്തനും വെള്ളരിയും നിറഞ്ഞ് മണ്ണിനെ അലങ്കരിക്കുന്ന കൊണ്ടല്‍ കൃഷി. മാനുഷികശേഷിയാല്‍, പണ്ടെങ്ങോ കാട്ടുവിത്തില്‍ നിന്നും പുതിയ വിത്തുകള്‍ അനവധി നിര്‍ദ്ധാരണം ചെയ്‌തെടുത്ത്, പ്രകൃതിയുടെ ജൈവവൈവിധ്യ (biodiversity) മഹാസഞ്ചയത്തിലേയ്ക്കു കാര്‍ഷിക ജൈവവൈവിധ്യത്തെ (Agrobiodiversity) കോര്‍ത്തിണക്കുന്ന കലയാണത്.
എന്നാല്‍, അമേരിക്കകളിലും സമീപദ്വീപുകളിലും കോളനിവാഴ്ച മുതല്‍ തുടക്കമിട്ട ഏകവിളകളുടെ തോട്ടംകൃഷി, പ്രകൃതി - മനുഷ്യശേഷികള്‍ സമഞ്ജസമായി മേളിച്ചിരുന്ന കാര്‍ഷിക ആവാസവ്യവസ്ഥയ്ക്കു ക്ഷതം വരുത്തി, പ്രകൃതിയെ അതിന്റെ അധ്വാനശേഷിയില്‍ നിന്നും അന്യവല്‍ക്കരിക്കുന്ന സംഘടിത ബലാല്‍ക്കാരത്തിന്റെ ആദ്യചുവടായി മാറി. അതിപ്പോള്‍ നവ ലിബറല്‍ ഏകവിളത്തോട്ടത്തില്‍ എത്തിനില്‍ക്കുന്നത്, ജനിതകമാറ്റം വരുത്തിയ വിത്തുകളുമായി, പ്രകൃത്യധ്വാന സിദ്ധിയുടെ സമ്പൂര്‍ണ്ണമായ അന്യവല്‍ക്കരണ പരകോടിയില്‍, നാനാവിധ പാരിസ്ഥിതിക ദുരന്തങ്ങളെയും അവയുടെ ഒടുങ്ങാത്ത സാമൂഹികാഘാതങ്ങളെയും തുറന്നുവിട്ടുകൊണ്ടാണ്. അഞ്ചു നൂറ്റാണ്ടുകള്‍ക്കു മുമ്പ് അധിനിവേശം, ടെലസ്‌ക്കോപ്പിലൂടെ വിദൂരത്തില്‍ തെളിഞ്ഞ ഭൂഖണ്ഡത്തിലെ പച്ച മണ്ണിലായിരുന്നുവെങ്കില്‍, ഇന്ന് അത് ഒരു ഇന്ത്യന്‍ കടുകുമണിയുടെ ഗര്‍ഭപാത്രത്തിലെ ഡി എന്‍ എ യില്‍ വരുത്തിയ മാറ്റത്തിന്റെ ജി.എം. പേറ്റന്റ് ആയിരിക്കുന്നു.
നവ ലിബറല്‍ ഉല്പാദന വ്യവസ്ഥ എവിടെയും പ്രകൃത്യധ്വാനത്തിന്റെ മൂല്യത്തെ നിരസിച്ച്, അതിന്റെ പുനരുല്പാദന ശേഷിയെ നിര്‍വീര്യമാക്കി കുതിച്ചു പായുന്നു. പ്രകൃതിയുടെ പുനഃചാക്രികതയെ മൃതമാക്കി അതിന്മേല്‍ പേറ്റന്റ് അവകാശം ഒട്ടിക്കുന്നതാണ് അന്യവല്‍ക്കരണ ദുരന്തം. ആഗോള താപനമാകട്ടെ ഇതിന്റെ സുവ്യക്തമായ ശാസ്ത്രീയ നാമമാണ്. ഈ മരണക്കുതിപ്പു സാധ്യമാക്കുന്നത് മനുഷ്യാധ്വാനത്തിനു നേര്‍വിപരീത തലത്തില്‍ ശത്രുവായി പ്രകൃത്യധ്വാനത്തെ കുടിയിരുത്തുന്നതിലൂടെയാണ്.
പ്രകൃതിക്കൊള്ളയുടെ പങ്ക് ടിപ്പർ ലോറി ഉടമസ്ഥതയായും ഖനനത്തിന്റെ ഏജന്‍സിപ്പണിയായും ക്വാറികളുടെ കാവല്‍ ജോലിയായും കൂലിയടിമ വര്‍ഗ്ഗത്തിനു തരപ്പെടുത്തിക്കൊടുത്ത്, അവരെ നവ മൂലധന സമാഹരണ യജ്ഞത്തില്‍ പരികര്‍മ്മികളാക്കി മാറ്റുന്നതിലൂടെ ഈ ശത്രുത സൃഷ്ടിക്കുന്നു. അതോടെ അധ്വാനമെന്നത് മസില്‍ പവ്വര്‍ അഥവാ ആണത്തത്തിന്റെ അടയാളം പേറുകയും അത് കൂലിയടിമത്തത്തെ അവസാനിക്കാത്ത ആണ്‍തൃഷ്ണയുടെ ഉപഭോഗ കമ്പോളത്തിലെത്തിക്കുകയും ചെയ്യുന്നു.
അധ്വാനശേഷിയുടെ അന്യവല്‍ക്കരണമാണ് കൂലിയടിമ വേലയെന്നു തിരിച്ചറിയപ്പെടാത്തതിനാല്‍, കറന്‍സിയില്‍ കൂലി കിട്ടാത്ത എല്ലാ വേലയും അവമതിക്കപ്പെടുകയാണ്. 'നിനക്കീ വീട്ടില്‍ എന്താണു പണി'യെന്നു ചോദിക്കുന്ന പുരുഷാധികാരത്തിന്റെ കൂലിവേലയ്ക്കു കൂലിയതീത വേലകള്‍ അറിയാനുള്ള ഇന്ദ്രിയബോധം നഷ്ടപ്പെട്ടിരിക്കുന്നു. 'അടുക്കളയിലെ തേഞ്ഞുതീരുന്ന വീട്ടുപകരണമാണ് ഞാന്‍' എന്നത് നവ ലിബറല്‍ അതിദ്രുത വെച്ചുവിളമ്പലില്‍ അരഞ്ഞു പോകുന്ന പ്രകൃതിക്കും അനുയോജ്യമാണല്ലോ.
നവ ലിബറല്‍ മൂലധനപുരുഷാധികാര വാഴ്ച കൂലിയടിമയെ പ്രത്യക്ഷത്തില്‍ തന്നെ വരുതിയിലാക്കി, അതിനെ മൂലധനക്കൊയ്ത്തിന്റെ അടിസ്ഥാനോര്‍ജ്ജമാക്കി, വിശ്വസ്ത പങ്കാളിയാക്കി മാറ്റിയിരിക്കുന്നു. ഇപ്രകാരം മൂലധനവും കൂലിവേലയും ഒരു വശത്തും പ്രകൃതിയും കൂലിയതീത വേലയും എതിര്‍വശത്തും ആണിനിരന്നിരിക്കുന്നു നവ ലിബറല്‍ പാരിസ്ഥിതികവിനാശ ലോകത്ത്. അതായത് നവ ലിബറല്‍ പരിസ്ഥിതി നശീകരണത്തിന്റെ വജ്രായുധം ഏകപക്ഷീയമായ മനുഷ്യാധ്വാന പുക്‌ഴ്ത്തലില്‍ കാച്ചിയെടുത്ത കൂലിയടിമത്തമത്രേ. യഥാര്‍ത്ഥത്തില്‍ ഏകപക്ഷീയ മനുഷ്യാധ്വാന പ്രകീര്‍ത്തനം ലിബറല്‍ വ്യവസ്ഥയുടെ തന്നെ നട്ടെല്ലാണ്. മനുഷ്യന്‍ സര്‍വ്വാധിപതിയും അപ്രതിരോധ്യനും എന്നു ആവര്‍ത്തിച്ചു ഭജന പാടി, അഹങ്കാരവും അവിവേകവും അതിരറ്റ ആത്മാഭിമാനവും ആണ്‍സിരകളില്‍, ബോഡി ബില്‍ഡിംഗ് ജിം സെന്ററുകളില്‍ കൊടുക്കുന്ന പ്രോട്ടീന്‍ പൗഡര്‍ പോലെ പ്രയോഗിച്ചാണ്, പ്രകൃത്യധ്വാനത്തെയും കൂലിയതീത വേലയെയും സര്‍വ്വത്ര ബഹുമാനിക്കാത്ത അത്യുല്പാദന - അത്യുപഭോഗ മേല്‍ക്കോയ്മയില്‍ മാനവസമൂഹത്തെയാകെ, മിലിട്ടറിയിലെന്ന പോലെ നവ ലിബറല്‍ യുഗം അണിനിരത്തുന്നത്.
1960- കള്‍ മുതല്‍ ഇന്ത്യയില്‍ പൊതു-സ്വകാര്യ മേഖലകളില്‍ വ്യവസായ ശാലകള്‍ വ്യാപകമായപ്പോള്‍ അവിടങ്ങളില്‍ തൊഴിലാളികള്‍ മാസശമ്പളം പറ്റുന്ന, പ്രത്യേക ആനുകൂല്യങ്ങളും മറ്റുമുള്ള 'ഉദ്യോഗസ്ഥ’രോ ജീവനക്കാരോ ആകുന്നതു കാണാം. സമാനമായ സുരക്ഷയും അടിത്തട്ടു ദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ന്ന ജീവിതവും, യൂറോപ്യന്‍ സംഘടിത വ്യവസായത്തൊഴിലാളികള്‍ 20-ാം നൂറ്റാണ്ടിന്റെ ആരംഭം മുതലെങ്കിലും നേടിയെടുത്തതിന്റെ സമരാത്മകമായ തുടര്‍ച്ചയാണ് ഇന്ത്യയിലും സംഘടിത കൂലിവേലയിലുണ്ടായ സാമ്പത്തിക മുന്നേറ്റം.
മൂന്നാംലോക ഭൂപ്രകൃതിയെയും അവിടുത്തെ കൂലിയതീത അധ്വാനത്തെയും വരുതിയിലാക്കി എത്തിക്കുന്ന സമ്പത്തിന്റെ ഒരു ഭാഗം യൂറോപ്പിലെ വ്യവസായത്തൊഴിലാളികള്‍ക്കു വീതിച്ചു കൊടുക്കാന്‍ ലിബറല്‍ സമ്പദ്ഘടന നിര്‍ബ്ബന്ധിതമായതിനാലാണ്, ഈ സാമ്പത്തിക ഉയര്‍ച്ച അവിടങ്ങളിലെ താഴെ സമൂഹങ്ങള്‍ക്കും സാധ്യമായത്. അതായത് കോളനികളില്‍ നിന്നുമെത്തിയ സമ്പത്തിന്റെ പുനര്‍വിതരണ ഗുണഭോക്താക്കളാകാന്‍ അവിടുത്തെ അവകാശസമരങ്ങള്‍ യൂറോപ്യന്‍ കൂലിവേലാ സമൂഹത്തെ പ്രാപ്തരാക്കി.
യഥാര്‍ത്ഥ സംഘര്‍ഷം ലിബറല്‍ സാമ്പത്തിക വ്യവസ്ഥയും പ്രകൃതിയും തമ്മിലാണ്. ഈ വിപരീതത്തെ മറച്ചു വെയ്ക്കുന്ന മായക്കാഴ്ചയാണ് മനുഷ്യ - പ്രകൃതി ഏറ്റുമുട്ടല്‍.
സമാനമായ ഉയര്‍ച്ച 1960- കള്‍ മുതല്‍ ഇന്ത്യയിലെ സംഘടിത ശമ്പള ജീവനക്കാരിലും സംഭവിക്കുന്നുണ്ട്. ഈ ഉയര്‍ച്ചയുടെ വിഭവസ്രോതസ്സ് മിക്കവാറും ഇന്ത്യന്‍ പ്രകൃതിയുടെ അധ്വാനശേഷി നശീകരണം വഴി കിട്ടിയതാണ്. അതായത് കോളനി കാലത്തെന്നപോലെ പ്രകൃതിയുടെ ഉല്പാദനശേഷിയെ അന്യവല്‍ക്കരിച്ചു കൊണ്ടു നേടിയ സമ്പത്തിന്റെ പങ്കാണ് വ്യവസായ ഉദ്യോഗസ്ഥരുടെ ഉയര്‍ന്ന ശമ്പളത്തിനുള്ള ഒരു കാരണം.
പ്രകൃത്യധ്വാനത്തെ അന്യവല്‍ക്കരിച്ച്, അതിന്റെ വിഹിതം വ്യവസായ കൂലിയടിമവര്‍ഗ്ഗത്തിനു കൂടി വീതം വെയ്ക്കുന്ന ആഭ്യന്തര കോളനീകരണത്തിനു നല്ല തെളിവാണ് 1960- കളില്‍ വന്ന പല വ്യവസായങ്ങളും. പരിസ്ഥിതി നശീകരണത്താല്‍ പൂട്ടിപ്പോയ മാവൂര്‍ റയോണ്‍സും ഇപ്പോഴും പെരിയാര്‍ മലിനീകരണം നിര്‍ബാധം നടത്തുന്ന ഏലൂര്‍ വ്യവസായ മേഖലയും ഇതിനു ഉദാഹരണമത്രേ. ഈറ്റക്കാടുകള്‍, അവയെ ആശ്രയിക്കുന്ന ജീവജാലങ്ങളും കൈവേലക്കാരും, വനത്തിന്റെ പാരിസ്ഥിതിക ധര്‍മ്മങ്ങള്‍, ചാലിയാര്‍ എന്ന ആവാസ വ്യവസ്ഥ, അതിലെ മത്സ്യബന്ധനം ഇങ്ങനെ പോകുന്ന പ്രകൃത്യധ്വാനവും കൂലിയതീത വേലകളും ഒരു വശത്തും, മറുവശത്ത് മൂലധനവും കൂലിവേലയും തമ്മിലുള്ള ഐക്യവും ഇവിടെ പ്രത്യക്ഷമാണ്. അതായത് മൂലധനവും കൂലിവേലയും തമ്മിലുള്ള ചരിത്രപരമായ സംഘര്‍ഷം അവിടെ അവസാനിച്ചിരിക്കുന്നു. അതിനു പകരം അതിന്റെ അടിത്തട്ടില്‍ അന്നോളം മൂടിക്കിടന്നിരുന്ന, അടിച്ചമര്‍ത്തി വെച്ചിരുന്ന വൈരുദ്ധ്യം പുറത്തുവന്നേ മതിയാകൂ എന്നായി.
യഥാര്‍ത്ഥ സംഘര്‍ഷം ലിബറല്‍ സാമ്പത്തിക വ്യവസ്ഥയും പ്രകൃതിയും തമ്മിലാണ്. ഈ വിപരീതത്തെ മറച്ചു വെയ്ക്കുന്ന മായക്കാഴ്ചയാണ് മനുഷ്യ - പ്രകൃതി ഏറ്റുമുട്ടല്‍. മനുഷ്യാധ്വാനത്തെ മുന്നില്‍ നിര്‍ത്തി, അതിനെ പ്രകൃതിക്കു നേര്‍വിപരീതമായി പ്രഖ്യാപിച്ചുകൊണ്ട്, സകലമാന ജനങ്ങളുടെയും പിന്തുണ ഉറപ്പാക്കാതെ പ്രകൃതിയുടെ ചരക്കുവല്‍ക്കരണം ലിബറല്‍ സാമ്പത്തിക ലോകത്തിനു സാധ്യമല്ല. അധ്വാന പ്രകീര്‍ത്തനം 1960- കള്‍ വരെ വ്യവസായ തൊഴിലാളികളുടെ സാമ്പത്തികോന്നതിക്കാണു മുഖ്യമായും ഉതകിയതെങ്കില്‍, നവ ലിബറല്‍ വ്യവസ്ഥയില്‍ ഇതേ അധ്വാന വാഴ്ത്ത് പ്രകൃതിയുടെ അധ്വാനശേഷിയെ അന്യവല്‍ക്കരിക്കുന്നതിനും അതിനെ വസ്തുവല്‍ക്കരിക്കുന്നതിനുമുള്ള മിത്ത് ആയി ഉപയോഗിക്കുന്നു. 1990 കള്‍ മുതല്‍ പകല്‍ക്കൊള്ളയായി മാറിയ പുഴമണല്‍ വേട്ടയും വയല്‍ നികത്തലും കുന്നിടിക്കലും മുതല്‍ ഇപ്പോള്‍ പാറമടകള്‍ വരെ എത്തിയിരിക്കുന്ന പ്രത്യുല്പാദന നിരാസങ്ങള്‍ വന്‍ ആഘോഷമാകാന്‍ കാരണം മനുഷ്യ - പ്രകൃതി ദ്വന്ദ്വം എന്ന ഈ കൃത്രിമ വൈരുദ്ധത്തിലുണ്ട്.
അമ്മ, ദേവി എന്നീ ആരാധ്യബിംബങ്ങള്‍ കല്പിച്ചു നൽകി, ത്യാഗം, സഹനശേഷി, ക്ഷമ, ക്ഷിപ്രപ്രസാദം, അഭയം, സര്‍വ്വാഭീഷ്ടം തുടങ്ങിയ മഹാഗുണങ്ങളുടെ ഇരിപ്പിടങ്ങളായി എവിടെ സ്ത്രൈണത പരമ്പരായ ആരാധിക്കപ്പെടുന്നുവോ അവിടെ പെണ്ണിന്റെ അധ്വാനശേഷിയും അത്യധികം അന്യവല്‍ക്കരിക്കപ്പെടുന്നുണ്ടല്ലോ.
മനുഷ്യ - പ്രകൃതി വൈരുദ്ധ്യം എന്ന മിത്ത് സ്ഥാപിക്കപ്പെട്ടാല്‍, ഈ ചിരപുരാതന വൈര്യത്തില്‍വിജശ്രീലാളിതനാകേണ്ട ബാധ്യത അധ്വാനം കൈമുതലായ കൂലിയടിമ വര്‍ഗ്ഗം ഏറ്റെടുത്തുകൊള്ളും. വ്യവസായ തൊഴിലാളി വര്‍ഗ്ഗത്തോടൊപ്പം ഈ കീഴടക്കല്‍ മാര്‍ച്ചില്‍, അധ്വാനത്തിന്റെ വീരഗാഥകള്‍ പാടി എല്ലാ സംഘടിത കൂലിവേലക്കാരും നവലിബറല്‍ ക്രമത്തില്‍ അണിനിരക്കുന്നതു കാണാം.
നവ ലിബറല്‍ ആണധികാര കൂലിയടിമ വ്യവസ്ഥയില്‍ ആവര്‍ത്തിച്ചുറപ്പിക്കപ്പെടുന്നുണ്ട് 'പ്രകൃതി മാതാവ് '(Mother Nature) എന്ന പ്രയോഗം. മനുഷ്യര്‍ ആണും പ്രകൃതി പെണ്ണും എന്ന എതിര്‍ലിംഗ ദിത്വത്തെ ഈ പ്രയോഗം വഴി ബിംബങ്ങളായി സ്ഥാപിച്ചെടുത്തിരിക്കുന്നു. മണ്ണു മാന്തുന്ന ജെ.സി.ബിയും, തലേക്കെട്ടുമായി ലോഡ് ഇറക്കാന്‍ എത്തുന്ന കൂലിയാളും പൗരുഷ പ്രതീകങ്ങളാണ്. മാത്രമല്ല ഭൂമി, നദി, കാട് ഇവയെ ദേവിയായും അമ്മയായും ആരാധിക്കുന്ന മൂന്നാംലോക പാരമ്പര്യ സമൂഹങ്ങളില്‍ ഇന്ന് സ്ത്രീവിരുദ്ധത കൂടുതല്‍ ശക്തമാകുന്നതിനേക്കാള്‍ അതിശീഘ്രം മണ്ണും പുഴയും കാടും, അവയുടെ ഉല്പാദനക്ഷമതയും ഇല്ലാതാക്കപ്പെടുന്നു. അമ്മ, ദേവി എന്നീ ആരാധ്യബിംബങ്ങള്‍ കല്പിച്ചു നൽകി, ത്യാഗം, സഹനശേഷി, ക്ഷമ, ക്ഷിപ്രപ്രസാദം, അഭയം, സര്‍വ്വാഭീഷ്ടം തുടങ്ങിയ മഹാഗുണങ്ങളുടെ ഇരിപ്പിടങ്ങളായി എവിടെ സ്ത്രൈണത പരമ്പരായ ആരാധിക്കപ്പെടുന്നുവോ അവിടെ പെണ്ണിന്റെ അധ്വാനശേഷിയും അത്യധികം അന്യവല്‍ക്കരിക്കപ്പെടുന്നുണ്ടല്ലോ. 'കോവിലും പ്രതിഷ്ഠയുമായിത്തീര്‍ന്ന ഒരു വീട്ടുപകരണമാണു ഞാന്‍ ' എന്ന് സാവിത്രി രാജീവനും പറയുന്നു. അതേവിധം മാതാവെന്നും ദേവിയെന്നുമുള്ള വിഗ്രഹവല്‍ക്കരണ സ്തുതികള്‍ മറയാക്കിയാണ് ഇന്ത്യയില്‍ നവ ലിബറല്‍ പരിസ്ഥിതി നായാട്ട് നടത്തുന്നത്.
മനുഷ്യസമൂഹം മൊത്തത്തില്‍ തന്നെ ആണും, ബാഹ്യപ്രകൃതിയാകെ പെണ്ണുമായി വിരുദ്ധചേരിയില്‍ അവതരിപ്പിക്കുന്ന ഈ ലിംഗപ്രതീക കൗശലത്തില്‍, പ്രകൃതിയുടെ സഹജപ്രകൃതമായി വിധേയത്വം മുദ്രകുത്തപെടുകയും അടിമത്തവും അന്യവല്‍ക്കരണവും അവളുടെ വിധിയായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.
അതിനാല്‍, നവ ലിബറല്‍ ആണ്‍മൂലധനവും മതാത്മക പുരുഷാധികാരവും ഒത്തുചേരുന്ന ഇന്നത്തെ ഇന്ത്യയില്‍, ഇപ്പോള്‍ പാര്‍ലമെന്റ് തയ്യാറാക്കിയ പുതിയ വനനയ (2022) ത്താല്‍ കാടുകളുടെ അധ്വാനശേഷി സമ്പൂര്‍ണ്ണമായി അപഹരിക്കപ്പെടാന്‍ പോകുന്നു. കാരണം, ഒന്നാമതായി ആദിവാസി ഗ്രാമസഭകള്‍ക്കു വനസംരക്ഷണത്തിന് അവകാശം നല്‍കുന്ന 2006- ലെ വനവാകശനിയമം (Forest Right Act) റദ്ദാക്കിയിരിക്കുന്നു. ഈ നിയമം ഉപയോഗിച്ചാണ് ഒഡീഷയില്‍ 'വേദാന്ത' എന്ന മള്‍ട്ടിനാഷണല്‍ കമ്പനി നടത്താന്‍ തുനിഞ്ഞ ബോക്‌സെറ്റ് ഖനനം, അവിടെ ദോങ്ഗ്രിയ കൊന്ത് ആദിവാസികള്‍ 2013- ല്‍ സുപ്രീം കോടതി വിധിവഴി തടഞ്ഞത്. രണ്ടാമതായി, 1980- ലെ വനസംരക്ഷണ നിയമത്തിനു വിപരീതമായി, സ്വകാര്യകമ്പനികള്‍ക്ക് കാട് മറ്റാവശ്യങ്ങള്‍ക്ക് വിട്ടു കൊടുക്കുന്നതാണിനി മുതല്‍.
മതാത്മകമായ ഭൂമാതാ സ്തുതി ചടങ്ങുകള്‍ പ്രകടനപരതയായി ഉള്ളിടത്ത്, ഉല്പാദനക്ഷമയായ പ്രകൃതിയുടെ തിരോധാനത്തെ പിടിച്ചു നിര്‍ത്തുക എളുപ്പമല്ല. കാരണം എല്ലാവരെയും, അവിടെ രാവിലെ എഴുന്നേറ്റാല്‍ ആദ്യം ഭൂമിയെ തൊട്ടുതൊഴാന്‍ ശീലിപ്പിക്കുന്നു.
നവലിബറല്‍ വ്യവസ്ഥയില്‍ മൂലധനവും കൂലിയടിമത്തവും മതവും മൂന്നു വിധത്തില്‍, അന്നജവും മാംസ്യവും കൊഴപ്പുമെന്ന പോലെ ഇന്ധനങ്ങളായി ഒരുമിച്ചു പ്രവര്‍ത്തിച്ചു നമ്മില്‍ ഔദ്ധത്യത്തിന്റെ ആണ്‍കൊമ്പുകളെ വളര്‍ത്തുന്നു. മൂലധനം നമ്മുടെ തന്‍പോരിമയുടെ ശരീരമാണെങ്കില്‍, അതിലെ പുതുകോശ നിര്‍മ്മിതി കൂലിയടിമത്തവും, അധര്‍മ്മത്തിന്റെ പന്തങ്ങള്‍ കത്തിക്കാനുള്ള എണ്ണ മതവിശ്വാസവും നല്‍കുന്നു.
എവിടെയാണോ ഇക്കോ - ടൂറിസ രൂപത്തില്‍ പ്രകൃതി ചരക്കായി അവതരിപ്പിക്കപ്പെടുന്നത്, അവിടെയാണ് അതിഗുരുതരമായ പാരിസ്ഥിതിക ദുരന്തങ്ങള്‍ എന്നതാണ് നവ ലിബറല്‍ വൈരുദ്ധ്യം. ആലപ്പുഴയിലെ കായലോളങ്ങളുടെയും കാറ്റിന്റെയും വിനിമയമൂല്യം വിദേശിക്കാഴ്ചകളിലും തീരാതെ 'ആഭ്യന്തര ടൂറിസം ' പ്രോത്സാഹനം കൂടിയായി മാറുന്ന കാലമാണിത്. ഇതേകാലത്തു തന്നെ വേമ്പനാട്ടുകായലില്‍ കൈയേറ്റങ്ങളും റിസോര്‍ട്ടുകളും പൊങ്ങി അതിന്റെ വിസ്തൃതി 7% കുറഞ്ഞിരിക്കുന്നു; മലിനീകരണം കായലിന്റെ ജീവനശേഷിയെ അത്യാസന്നമാക്കിയിരിക്കുന്നു. ഇത്രയധികം ഒഴുക്ക് വിനോദ തീര്‍ത്ഥാടനത്തിന് കൂടുന്നതിനൊത്തു കോവില്‍ ജീര്‍ണ്ണിക്കുവാന്‍ കാരണം പ്രകൃതിദൃശ്യങ്ങളുടെ കേവല വേഴ്ചയ്ക്കുള്ള വിഭവമെന്നതിനപ്പുറം, ഒരു ദൃഢബന്ധവും നമ്മളില്‍ വളരാന്‍ ഇക്കോ - ടൂറിസം അനുവദിച്ചു തരില്ല എന്നതാണ്. പ്രകൃതിയില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ട മാനുഷികാവസ്ഥയ്ക്കുള്ള താല്‍ക്കാലിക മുട്ടുശാന്തിയാണ് ഇക്കോ- ടൂറിസം. പ്രകൃതിയുടെ ചരക്കുവല്‍ക്കരണത്തിന്റെ അതിനൂതന ദൃഷ്ടാന്തമത്രേയത്.
കണ്ടുപിടുത്തങ്ങളുടെ അത്ഭുതസിദ്ധി കൂടുന്തോറും, മനുഷ്യവര്‍ഗ്ഗത്തില്‍ പിറന്നുവെന്ന ഒറ്റക്കാരണത്താല്‍, ഓര്‍മ്മ വെയ്ക്കുന്ന കുട്ടിയില്‍ പോലും അടങ്ങാത്ത ഔദ്ധത്യത്തിന്റെ കൊമ്പുകള്‍ വിളയുന്നുണ്ട്.
യഥാര്‍ത്ഥത്തില്‍ പാരിസ്ഥിതിക ദുരന്തങ്ങള്‍ സൃഷ്ടിച്ചും, അതിന്റെ പരിഹാരത്തിനായി മാര്‍ക്കറ്റിന്റെ പുതിയ മേഖലകള്‍ തുറന്നും, അതുവഴി കൂടുതല്‍ പാരിസ്ഥിതികാഘാതങ്ങള്‍ വരുത്തിവെച്ചും, അതിനെയും കമ്പോള വിപുലീകരണത്തിനുള്ള ഉപാധിയാക്കി മാറ്റിയുമാണ് നവ ലിബറല്‍ വ്യവസ്ഥ മുന്നേറുന്നത്. പരിസ്ഥിതിനാശം വരുത്തുന്ന പുകക്കുഴല്‍ വ്യവസായങ്ങള്‍ക്കുള്ള പരിഹാരമെന്ന നിലയില്‍, പ്രാദേശികമായി തൊഴിലും വരുമാനവും സാധ്യമാക്കുന്നതിനായി 1980- കളില്‍ ലോകമെമ്പാടും ടൂറിസം മേഖല ഉയര്‍ന്നുവരുകയും, അത് മൂന്നാംലോക ജനങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷയായി, ടൂറിസം മന്ത്രാലയങ്ങളും അതിന്റെ വകുപ്പുമന്ത്രിയും പ്രധാനമായി തീരുകയും ചെയ്തു. എന്നാല്‍, ആഗോളതാപനത്തില്‍ ടൂറിസത്തിന്റെ പങ്ക് വര്‍ദ്ധിക്കുന്നുവെന്നു (ഇപ്പോള്‍ 8 %) കണ്ടപ്പോള്‍ 2000- ത്തിന്റെ ആദ്യപകുതിയില്‍, പ്രകൃതിസംരക്ഷണവും പ്രാദേശിക തൊഴിലും വരുമാനവും ഒറ്റയടിക്കു ഉറപ്പാക്കുന്ന ഇക്കോ- ടൂറിസം അഥവാ 'ഗ്രീന്‍ ടൂറിസം ' അന്താരാഷ്ട്രസ്ഥാപനങ്ങളാല്‍ പ്രോത്സാഹിപ്പിക്കപ്പെട്ടു. ഏകദേശം ഇതേ കാലയളവില്‍ തന്നെ, 2007- ല്‍ , അനധികൃത റിസോര്‍ട്ടുകളും വനം കയ്യേറ്റവും ഒഴിപ്പിക്കാന്‍ മുന്‍ കേരളാ മുഖ്യമന്ത്രിക്ക് നേരിട്ടുതന്നെ മൂന്നാറിലേക്കു ചെല്ലേണ്ടിയും വന്നു.
അന്ന് 1876- ല്‍ എംഗല്‍സ് 'കുരങ്ങില്‍ നിന്നും മനുഷ്യനിലേക്കുള്ള പരിവര്‍ത്തനത്തില്‍ അധ്വാനത്തിന്റെ പങ്ക്' എഴുതിയ കാലത്ത് ആവിയന്ത്രം, തീവണ്ടി, ഫോട്ടോഗ്രാഫി, കൊയ്ത്തുയന്ത്രം, ടെലഗ്രാഫ്, ടെലഫോണ്‍ എന്നിവയുടെ കണ്ടുപിടുത്തങ്ങള്‍ വന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇലക്ട്രിക് ലൈറ്റ്, യന്ത്രവാഹനങ്ങള്‍, റേഡിയോ, വിമാനം, റോക്കറ്റ്, ടെലിവിഷന്‍, കമ്പ്യൂട്ടര്‍, അണുശക്തി, ഇന്റര്‍നെറ്റ്, നിര്‍മ്മിത ബുദ്ധി വരെ എത്തിനില്‍ക്കുന്ന കണ്ടുപിടുത്തങ്ങള്‍ പിന്നീടാണ് സംഭവിച്ചത്. കണ്ടുപിടുത്തങ്ങളുടെ അത്ഭുതസിദ്ധി കൂടുന്തോറും, മനുഷ്യവര്‍ഗ്ഗത്തില്‍ പിറന്നുവെന്ന ഒറ്റക്കാരണത്താല്‍, ഓര്‍മ്മ വെയ്ക്കുന്ന കുട്ടിയില്‍ പോലും അടങ്ങാത്ത ഔദ്ധത്യത്തിന്റെ കൊമ്പുകള്‍ വിളയുന്നുണ്ട്. കീഴടക്കലിന്റെ ഈ രതിസുഖം വരുത്തുന്ന ഭവിഷ്യത്തുകളെപ്പറ്റി പറഞ്ഞുകൊണ്ടു എംഗല്‍സ് തന്റെ ലേഖനം നിര്‍ത്തുന്നതു കാണാം. 'പ്രകൃതിക്കു പുറത്തുള്ള മറ്റെന്തോ എന്നപോലെ, അന്യജനതയ്ക്കുമേല്‍ ഒരു ജേതാവെന്ന പോലെ നമുക്ക് പ്രകൃതിയെ ഭരിക്കാന്‍ പറ്റില്ലെന്നു ഓരോ ചുവടും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ രക്തം, മാംസം, തലച്ചോറ് എന്നിവയാല്‍ നാം പ്രകൃതിയുടേതാണ്, അതിന്റെ നടുവില്‍ നാം കഴിയുന്നു. മറ്റു ജീവികളേക്കാള്‍ നമുക്കൊരു നേട്ടമുള്ളതെന്തെന്നാല്‍, പ്രകൃതിയുടെ നിയമങ്ങള്‍ പഠിക്കാനും അവ ശരിയായി പ്രയോഗിക്കാനും നമുക്കു കഴിയും.'
(തുടരും)