കെ.കെ. കൊച്ചുമായുള്ള അഭിമുഖം (പാക്കറ്റ് 64) വായിച്ചു. അതിന്റെ ആമുഖത്തിൽ പറയുന്നതുപോലെ, കെ റെയിലുമായി ബന്ധപ്പെട്ട തർക്കത്തെ ഒരു സംവാദത്തിന്റെ തലത്തിലേക്ക് ഉയർത്താൻ കൊച്ചിന്റെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. വിയോജിപ്പുകൾ ചൂണ്ടിക്കാട്ടിക്കൊണ്ടുതന്നെ പല ഇടതുപക്ഷ അനുഭാവികളും അത് ഷെയർ ചെയ്യുന്നതിൽനിന്ന് ഇക്കാര്യം വ്യക്തമാണ്. യോജിപ്പിന്റെയും വിയോജിപ്പിന്റെയും തലങ്ങളുള്ളതാണ്, വെബ്‌സീൻ അഭിമുഖവും. "ആഗോള മൂലധന താൽപര്യങ്ങൾക്ക് വിധേയമായി കോർപറേറ്റ് സ്ഥാപന മേധാവിത്തം നിർമിച്ച' ഒരു വികസന പദ്ധതിയെന്ന നിലയ്ക്കാണ് കെ റെയിലിനെ കൊച്ച് സമീപിക്കുന്നത്. അതേസമയം, ഒരു വ്യാവസായിക മൂലധനോൽപ്പന്നമെന്ന നിലയ്ക്ക് കെ- റെയിലുമായി ബന്ധപ്പെട്ട മേഖലകളിൽ ജനാധിപത്യപരമായ പ്രാതിനിധ്യമുറപ്പാക്കി, മൂലധനം ദലിതരും ആദിവാസികളും സ്ത്രീകളുമടങ്ങുന്ന പാർശ്വവൽകൃതർക്ക് നിർണയിക്കാൻ കഴിയും വിധം അവകാശങ്ങളുടെ സാമൂഹികവൽക്കരണം നടക്കണമെന്നാണ് അദ്ദേഹം പറയുന്നത്.
വിശാലമായൊരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപപ്പെടേണ്ട ഒരു രാഷ്ട്രീയപ്രക്രിയ കൂടിയാണിത്. കെ റെയിലിന്റെ കാര്യത്തിൽ, ഇത്തരമൊരു രാഷ്ട്രീയ പ്രക്രിയ ഉടൻ സാധ്യമാകുമോ എന്നതാണ് പ്രധാന സന്ദേഹം. നവ ലിബറലിസവും തൽഫലമായി വിപണിയിലും മൂലധന വിനിയോഗങ്ങളിലുമുണ്ടായ പരിണാമങ്ങൾ പാർശ്വവൽകൃതരുടെ സാമ്പത്തിക പങ്കാളിത്തത്തിനുനൽകിയ ഉണർവ് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. നവലിബറൽ സാമ്പത്തികക്രമം വന്നതോടെ ദളിതൻ സാമ്പത്തിക ജീവിയായി എന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ എം. കുഞ്ഞാമന്റെ നിരീക്ഷണമുണ്ട്. "എതിര്' എന്ന അദ്ദേഹത്തിന്റെ ഓർമക്കുറിപ്പുകളിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യുന്നുണ്ട്: ""പൂനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ദലിത് മുതലാളിത്തം ഈ സാഹചര്യത്തിൽ പ്രസക്തമാണ്. ദലിത് ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയുടെ പ്രസിഡന്റ് മിലിന്ദ് കാംബ്‌ളെയാണ്. ധാരാളം മുതലാളിമാരുള്ള സംഘടന. അവർ പറയുന്നു, ഞങ്ങൾ തൊഴിലന്വേഷകരല്ല, തൊഴിൽ ദായകരാണ്. ഞങ്ങളിൽനിന്ന് കൂടുതൽ മുതലാളിമാരെയും വ്യവസായികളെയുമുണ്ടാക്കും. അത് പുതിയ മുദ്രാവാക്യമാണ്. അത് പുതിയ മാനസികാവസ്ഥയെ കുറിക്കുന്നതാണ്. അംബേദ്കർ സന്ദേശമുൾക്കൊണ്ട് സ്വയം ഉയർന്നുവരാനുള്ള ദൃഢപ്രതിജ്ഞയെടുക്കുകയായിരുന്നു പൂനെയിലെ മുതലാളിമാർ. പുനെ കേന്ദ്രീകരിച്ചുള്ള ദലിത് മുതലാളിമാരോടും വ്യവസായികളോടും സംസാരിച്ചപ്പോൾ, തങ്ങൾക്ക് ജാതി പ്രശ്‌നം നേരിടേണ്ടിവരുന്നില്ല എന്നാണ് അവർ പറഞ്ഞത്. "സമ്പത്ത് നിയന്ത്രിക്കുന്നവരാണ് ഞങ്ങൾ. ഉയർന്ന ജാതിക്കാരായ തൊഴിലന്വേഷകർ ഞങ്ങളിലേക്ക് വരികയാണ്'. സമ്പത്ത് നിയന്ത്രിക്കുന്നവരാണ് രാഷ്ട്രീയം നിയന്ത്രിക്കുന്നത്. സമ്പത്ത് നിയന്ത്രിക്കാൻ കഴിഞ്ഞാൽ ജാതി ഇല്ലാതാകും. ദളിതരിൽനിന്നും ആദിവാസികളിൽനിന്നും സമ്പന്നരുണ്ടാകുക, മുതലാളിമാരുണ്ടാകുക എന്നതാണ് സ്വാഭാവികമായും വേണ്ടത്. അതിശക്തരായ കാപിറ്റലിസ്റ്റിക് ക്‌ളാസ്. ഇവർക്കേ വ്യവസ്ഥിതിയെ വെല്ലുവിളിക്കാൻ കഴിയൂ.''
കുഞ്ഞാമന്റെയും കൊച്ചിന്റെയും വാദങ്ങളോട് വിയോജിപ്പില്ല. എന്നാൽ, കെ റെയിൽ എന്ന കോൺടെക്‌സ്റ്റിൽ കൊച്ചിന്റെ വാദങ്ങൾക്ക് എത്ര പ്രായോഗികയുണ്ട് എന്നതിൽ സംശയമുണ്ട്. കാരണം, ന്യായമായ സംശയങ്ങൾക്കുപോലും വിശദീകരണം നൽകാതെ, ജനവിരുദ്ധമായ ഒരു നടത്തിപ്പുരീതിയാണ് കെ റെയിലിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കെ റെയിൽ ഉയർത്തുന്ന ന്യായമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന ഒരു മൂവ്‌മെന്റുപോലും, ശാസ്ത്രസാഹിത്യ പരിഷത്തിനെപ്പോലുള്ള സംഘടനകളുടെ അശാസ്ത്രീയ ഇടപെടൽ റദ്ദാക്കിക്കളഞ്ഞു. പകരം, ഇടതുപക്ഷം എന്ന് അവകാശപ്പെടുന്ന, വരട്ടു വികസനവാദികൾ രംഗം കൈയടക്കുകയും എല്ലാ വിമർശനങ്ങളെയും ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. കെ റെയിൽ ചർച്ചയിൽ സംഭവിച്ചത് ഇതാണ്. എവിടെനിന്നാണ് പാർശ്വവൽകൃതരുടെ പക്ഷത്തുനിന്നുള്ള ഒരു വായന സാധ്യമാകുക?സി.പി. ഷണ്മുഖദാസ്, മണിമല, കോട്ടയം.
വിപണിയും മൂലധനവും അപരാധമായി കാണുന്ന മലയാളി ബൗദ്ധികത
കെ.കെ. കൊച്ചുമായുള്ള അഭിമുഖം (പാക്കറ്റ് 64) കെ റെയിൽ സംവാദത്തിലെ ഒരു വഴിത്തിരിവായി കാണാം. നവ ലിബറൽ എന്ന ഒരൊറ്റ യുക്തിയിൽ തളച്ചിട്ട് ഏതു വികസന പദ്ധതിയെയും നമുക്ക് അവഗണിക്കാം. എന്നാൽ, അതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി, പ്രതിസന്ധികളെ മറികടക്കുക എന്നതിലായിരിക്കണം ഊന്നൽ. വിപണി, മൂലധനം തുടങ്ങിയ പ്രയോഗങ്ങളെ യാഥാസ്ഥിതിക ഇടതുപക്ഷ ബാധയുള്ള മലയാളി ബൗദ്ധികത ഇന്നും അപരാധമായാണ് ഗണിക്കുന്നത്, അവർ പോലും അതിന്റെ ഗുണഭോക്താക്കളാണെങ്കിൽ പോലും. പുതിയ വിപണിയിലൂടെ ഏറ്റവുമധികം കാപ്പിറ്റലൈസ് ചെയ്യാൻ കഴിഞ്ഞിട്ടുള്ളത് ദലിത് വിഭാഗങ്ങൾക്കാണ്. ശേഷികളുടെ വികസനം, പ്രാതിനിധ്യം, വൈജ്ഞാനികവും അവബോധപരവുമായ വികാസം തുടങ്ങി നിരവധി സംഗതികൾ ഇതോടൊപ്പമുണ്ടായി. തുല്യത ഉറപ്പുവരുത്തുന്ന ഒരു ഭരണഘടനയുടെ കീഴിൽ പോലും സാധ്യമല്ലാത്ത വിധം, തുല്യതയിലേക്ക് വാതിൽ തുറന്നിടാൻ ആഗോളീകരണത്തിന് കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യൻ ഭരണകൂടങ്ങളുടെ ഫ്യൂഡൽ - സവർണ താൽപര്യങ്ങൾ ഭരണഘടനയുടെ പ്രയോഗങ്ങളെ വിലങ്ങിട്ടുനിർത്തിയപ്പോൾ, തൊണ്ണൂറുകൾ മുതൽ സംഭവിച്ച മാറ്റമാണ് ദലിതരെ ദൃശ്യതയിലേക്ക് വൻതോതിൽ തുറന്നുവിട്ടത് എന്നതൊരു യാഥാർഥ്യമാണ്. ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പാർശ്വവൽകൃത വിഭാഗങ്ങളുടെ വൻതോതിലുള്ള കടന്നുവരവും അവകാശങ്ങൾക്കുവേണ്ടിയുള്ള അവരുടെ പോരാട്ടങ്ങളും പുതിയ രാഷ്ട്രീയ സഖ്യരൂപീകരണങ്ങളുമെല്ലാം ആഗോളീകരണം സാധ്യമാക്കിയ തുറവിയിലൂടെ സംഭവിച്ചതാണ്. ഇത്തരം മാറ്റങ്ങളെക്കുറിച്ച് അജ്ഞത നടക്കുന്നവരാണ്, മൂലധന വിനിയോഗത്തിലെ ദലിത് പക്ഷത്തെക്കുറിച്ച് പറയുമ്പോൾ നെറ്റി ചുളിക്കുന്നത്. യഥാർഥത്തിൽ, കൊച്ച് സൂചിപ്പിക്കുന്ന തരത്തിൽ, മൂലധനത്തിലെ പങ്കാളിത്തത്തിനും പ്രാതിനിധ്യത്തിനും വേണ്ടിയുള്ള ഒരു രാഷ്ട്രീയ പ്രക്രിയയാണ് ഉരുത്തിരിച്ചെടുക്കേണ്ടത്.ബിബിൻ ദാസ്, കൊല്ലം
ഇനിയും പഠിക്കാത്ത പരിഷത്ത്
കെ റെയിലിലെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടിനെതിരായ കെ.കെ. കൊച്ചിന്റെ വിമർശനം കൃത്യമാണ്. പദ്ധതിയുടെ ഡി.പി.ആർ പുറത്തുവരുന്നതിനുമുമ്പുതന്നെ പരിഷത്ത് വിരുദ്ധപക്ഷത്ത് നിലയുറപ്പിക്കുകയും വെറും അഭിപ്രായങ്ങളുടെ പിൻബലത്തിൽ നിലപാട് സ്വീകരിക്കുകയുമായിരുന്നു. കെ റെയിൽ എൽ.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയപ്പോഴും മുമ്പ് പരാമർശങ്ങളുണ്ടായപ്പോഴും പരിഷത്തിന് ഗൗരവകരമായ ചർച്ചയും പഠനവും ഉയർത്തിക്കൊണ്ടുവരാമായിരുന്നു. എന്നാൽ, അന്നെല്ലാം ഈ സംഘടന മൗനത്തിലായിരുന്നു. ഇത്തരം മൗനങ്ങൾ മുമ്പും പരിഷത്തിന്റെ കൂടപ്പിറപ്പാണ്.
സൈലന്റ് വാലി പദ്ധതിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് എം.കെ. പ്രസാദ് ആദ്യമായി എഴുതിയത് ശാസ്ത്രഗതിയിലാണ്. അതിന് ഒരു എഞ്ചിനീയർ മറുപടിയും എഴുതി, വിഷയം ചർച്ചയായെങ്കിലും പരിഷത്തിൽ സൈലന്റ് വാലിയെക്കുറിച്ച് ഒരു ചർച്ചയുമുണ്ടായില്ലെന്ന് എം.കെ. പ്രസാദ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
പിന്നീട്, പയ്യന്നൂരിൽ ജോൺസി ജേക്കബിന്റെ നേതൃത്വത്തിലാണ് ഒരു കാമ്പയിനായി സൈലന്റ് വാലി പ്രശ്‌നം ഏറ്റെടുക്കുന്നതും ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി വരെ ഈ വിഷയം എത്തിയതും എന്ന് പ്രസാദ് മാഷ് പറഞ്ഞിട്ടുണ്ട്. തുടർന്ന് എം.പി. പരമേശ്വരന്റെയും മറ്റും ശ്രമഫലമായാണ് പരിഷത്ത് ഇക്കാര്യം ഏറ്റെടുക്കുന്നതുതന്നെ. "മുമ്പ് പരിഷത്തിന്റെ സംസ്ഥാന ഏക്‌സിക്യൂട്ടീവ് കൂടുമ്പോഴൊക്കെ സൈലന്റ് വാലി പ്രശ്‌നം സംബന്ധിച്ച് ഞാനൊരു പ്രമേയം അയക്കുമായിരുന്നു. പ്രമേയം കമ്മിറ്റിയിൽ വായിച്ച് തള്ളുകയായിരുന്നു പതിവ്'' ('സൈലന്റ് വാലിക്കുവേണ്ടി ശബ്ദിച്ച നാവുകൾ, അഭിമുഖം: ജോസഫ് ആന്റണി). നിലപാടെടുക്കുന്നതിൽ, തീർത്തും വൈയക്തികമായ മുൻകൈകൾ പരിഷത്തിനെപ്പോലൊരു സംഘടനക്ക് എത്ര അഭികാമ്യമാണ്? ഇപ്പോഴും അതാണ് സംഭവിക്കുന്നത്. കെ റെയിലിന്റെ കാര്യത്തിൽ പരിഷത്തിന് ഇപ്പോഴും പൂർണബോധ്യം വന്നിട്ടില്ല. ഔദ്യോഗിക ഭാരവാഹികളുടെ പ്രസ്താവനകൾ വരുന്നുണ്ടെങ്കിലും, സംഘടന മൊത്തമായി ആ പക്ഷത്തില്ല എന്ന് വ്യക്തമാണ്. ശാസ്ത്രീയ പഠനങ്ങളുടെയും അറിവുകളുടെയും പിൻബലമില്ലാത്ത നിലപാടായതുകൊണ്ടാണ്, പരിഷത്തിലെ ഒരു വിഭാഗത്തിന് "ഔദ്യോഗിക നിലപാടി'നെക്കുറിച്ച് സംശയം ബാക്കിയാകുന്നത്. യഥാർഥത്തി, കെ റെയിലിനെക്കുറിച്ച് വിശദമായ ഒരു ശാസ്ത്രീയ പഠനമായിരുന്നു പരിഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടിയിരുന്നത്, ഏകപക്ഷീയമായ നിഷേധമായിരുന്നില്ല.സി. ജോസഫ്, മണ്ണുത്തി, തൃശൂർ
സി.ആർ. നീലകണ്ഠന്റെ നാലുനില വീട്!
സി.ആർ. നീലകണ്ഠന്റെ ലേഖനം വായിച്ചു (പാക്കറ്റ് 64). പൊതുപ്രവർത്തനരംഗത്ത് അദ്ദേഹത്തെ രൂക്ഷമായി എതിർത്തിട്ടുള്ള ഒരാളാണു ഞാൻ. പക്ഷേ അപ്പോഴും അദ്ദേഹത്തെ വ്യക്തിപരമായി ഇകഴ്ത്തുന്ന ഒരു വാക്കുപോലും ഞാൻ പ്രയോഗിച്ചിട്ടില്ല. എന്നാൽ, ഇപ്പോൾ അദ്ദേഹത്തെ എതിർക്കുന്ന ചിലർ മര്യാദകേടിന്റെ അങ്ങേയറ്റത്താണ് എത്തിയിരിക്കുന്നത്.
ഈയിടെ ഒരു സൈബറിടത്ത് എഴുതിക്കണ്ടത് അദ്ദേഹത്തിന്റെ നാലു നില വീടിന്റെ ആർഭാടത്തെക്കുറിച്ചാണ്!
എറണാകുളം കാക്കനാട് വഴി കടന്നുപോകുന്നവർക്കൊക്കെ കാണാവുന്നതാണ് ആ സാധാരണ വീട്. "നീലാണ്ടൻ' എന്നു വികലമായി പേരു വിളിച്ചാൽ അദ്ദേഹത്തിനു മാനക്കേടാകും എന്നു കരുതി അങ്ങനെ പ്രയോഗിക്കുന്ന എതിരാളികളെയും കാണുന്നുണ്ട്. ഈ രീതികളൊന്നും, സ്വന്തം ജീവിതം പൊതു ഓഡിറ്റിങ്ങിനു വയ്ക്കാൻ മടിയില്ലാത്ത ഒരു പൊതുപ്രവർത്തകനോടു സ്വീകരിക്കേണ്ടതല്ല. പേരിന്റെ കൂടെ വച്ചിരുന്ന ജാതിവാലിനെതിരെ വിമർശമുയർന്നപ്പോൾ, മടിയേതുമില്ലാതെ അത് എടുത്തുമാറ്റാൻ ആർജവം കാണിച്ചയാളാണ് അദ്ദേഹം. തനിക്കെതിരായ വിമർശങ്ങളോട് ധാർഷ്ട്യത്തോടെ പുറംതിരിഞ്ഞു നിൽക്കുന്നവരിൽ പെടില്ല അദ്ദേഹം. അടിത്തട്ട് സമൂഹത്തിന്റെ സമരരംഗങ്ങളിൽ തന്നെ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം.
മറ്റ് എത്ര പ്രമുഖരുണ്ട് നമ്മുടെ പൊതുരംഗത്ത് ആവിധം സാധുജനങ്ങളോട് ഐക്യപ്പെടുന്നവരായി? പൊതുകാര്യങ്ങളിലും ആശയരംഗത്തും സ്വതന്ത്ര അഭിപ്രായം വേണമെന്നു നിർബന്ധമുള്ളയാളായതുകൊണ്ടായിരിക്കണം അദ്ദേഹത്തിന്റെ പല നിലപാടുകളെയും പരിഹസിക്കാൻ അൽപമനസ്‌കർക്ക് അവസരം കിട്ടുന്നത്. ഇതിനിടയ്ക്ക് പൊതുവെ ആളുകൾ മറന്നുപോകുന്ന ഒരു കാര്യമുണ്ട്; രാഷ്ട്രീയ - മത രംഗങ്ങളിൽ പ്രാകൃതത്വത്തിന്റെ ഇരുൾ പരന്നുതുടങ്ങിയ ഇക്കാലത്ത്, പുരോഗമനാശയക്കാർക്ക് ചേർന്നുനിൽക്കാൻ ഇതുപോലെ
അധികം പേരില്ല നമ്മുടെ പൊതുരംഗത്ത്. അദ്ദേഹത്തിന്റെ നിലപാടുകൾ തങ്ങളുടെ നേതാക്കൾക്ക് അനഭിമതമായതുകൊണ്ടു മാത്രം അസഭ്യഘോഷം മുഴക്കുന്നവരോടു സഹതപിക്കാനേ പറ്റൂ. അഭിപ്രായഭിന്നത അറിയിക്കാൻ സ്വീകരിക്കുന്ന ഭാഷയും രീതിയും മാന്യമായിരിക്കണം. ഇനിയുമേറെക്കാലം ജനാധിപത്യവാദികൾക്കു തുണയായി പൊതുരംഗത്തു നിൽക്കാൻ കഴിയട്ടെ സി. ആർ. നീലകണ്ഠന്.ചെറായി രാമദാസ്
എടത്തല, എറണാകുളം.
സ്വഭാവിക നീതി ചോർത്തുന്ന കോടതി വിധികൾ
മീഡിയ വൺ കേസിലെ വിധിയെക്കുറിച്ച് പി.ബി. ജിജീഷ് എഴുതിയ ലേഖനം (പാക്കറ്റ് 64), സമീപകാലത്തെ പല കോടതിവിധികളുടെയും ഭരണകൂട ദാസ്യം വെളിപ്പെടുത്തുന്ന ഒന്നാണ്. ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അന്തഃസ്സത്തക്ക് അനുയോജ്യമല്ലാത്ത വാദഗതികളാണ് പല വിധിന്യായങ്ങളുടെയും അടിസ്ഥാനമായി വരുന്നത്. ലൈംഗികാതിക്രമം, മാധ്യമ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ പോലും ആക്രമിക്കപ്പെട്ടവരെയും നടപടിക്കിരയായവരെയും സംശയദൃഷ്ടിയോടെ നോക്കിക്കാണുകയാണ്. സ്വഭാവികമായി ലഭിക്കേണ്ട നീതിയാണ് ഇതിലൂടെ അപഹരിക്കപ്പെടുന്നത്. ദേശസുരക്ഷയുടെ മറവിൽ സർക്കാറിന് നീതിന്യായ നടപടികളിൽ എപ്പോഴും ഒഴിഞ്ഞുമാറാനാകില്ല എന്ന് പെഗാസസ് കേസിൽ സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. അത് സ്വകാര്യതക്കുള്ള അവകാശത്തിൽ മാത്രമാണ് ബാധകം എന്ന ഹൈകോടതി നിലപാട് തീർത്തും അനുചിതമാണ്.
രാജ്യസുരക്ഷ, അഖണ്ഡത എന്നിവക്കെതിരെ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകന്റെ അക്രഡിറ്റേഷൻ റദ്ദാക്കുമെന്ന മുന്നറിയിപ്പോടെ, കഴിഞ്ഞദിവസം കൊണ്ടുവന്ന പുതിയ മാർഗനിർദേശത്തിലുള്ളത്, മാധ്യമപ്രവർത്തകരെ നിയന്ത്രിക്കാനുള്ള പുതിയ കുരുക്കുകളാണ്. പൊതു സമാധാനത്തിന് തടസമാകുന്ന ഇടപെടലുകൾ, മാന്യതയും സദാചാരവും ലംഘിക്കുന്ന പ്രവർത്തനം, കോടതിയലക്ഷ്യം, മാനന്ഷടക്കേസുകൾ തുടങ്ങിയ അക്രഡിറ്റേഷൻ റദ്ദാക്കാനുള്ള കാരണമായി പുതിയ ഉത്തരവിലുണ്ട്. ഇതെല്ലാം ഭരണകൂടത്തിന് ഇച്ഛാനുസരണം നിർവചിക്കാവുന്ന ക്ലോസുകളാണ്. മണിപ്പൂരിൽ ഈയിടെ രണ്ട് വനിതാ മാധ്യമപ്രവർത്തകരും കശ്മീരിൽ ഒരു മാധ്യമപ്രവർത്തകനും വാർത്തകളുടെ പേരിൽ ദേശദ്രോഹികളെന്ന് മുദ്രകുത്തപ്പെട്ട സംഭവം ഉദാഹരണം. പാർട്ടി രാഷ്ട്രീയത്തിൽ പ്രതിപക്ഷമോ മറ്റ് എതിർ ശബ്ദങ്ങളോ ഇല്ലാതിരിക്കുന്ന ഒരു കാലം കൂടിയാണിത്. കർഷക സമരം മാത്രമായിരുന്നു, മോദി സർക്കാറിനെതിരായ ഒരു രാഷ്ട്രീയ നീക്കമായി വന്നത്. ന്യൂനപക്ഷമെങ്കിലും, മുഖ്യധാരയിലില്ലാത്ത മാധ്യമങ്ങൾ മാത്രമായിരുന്നു ഈ സമയത്ത്, മോദി സർക്കാറിനെ തുറന്നുകാട്ടാൻ മുന്നിലുണ്ടായിരുന്നത്. ഈ മാധ്യമങ്ങൾ പതുക്കെ മുഖ്യധാരയിലേക്ക് കടന്നുവരുന്നതിനെ തടയിടുകയാണ്, ഇത്തരം നിയന്ത്രണങ്ങളിലൂടെ കേന്ദ്രം ലക്ഷ്യം വക്കുന്നത്.അബി തോമസ്,
മംഗലാപുരം.
കേരളവുമായി കേന്ദ്രത്തിന് ഒത്തുതീർപ്പ് സാധ്യമാണ്, തമിഴ്‌നാടുമായി അസാധ്യവും
സ്റ്റാലിന്റെ ഭരണത്തിലുള്ള തമിഴ്‌നാടിനെ മോദി സർക്കാർ കേരളത്തേക്കാൾ വലിയ ടാർഗറ്റായി കാണുന്നു എന്ന വെങ്കിടേഷ് രാമകൃഷ്ണന്റെ അഭിപ്രായം വസ്തുനിഷ്ഠമാണ്. കാരണം, ബി.ജെ.പിക്കെതിരെ ഐഡിയോളജിക്കൽ കൂടിയായിട്ടുള്ള ഒരു ഭരണസംവിധാനമാണ് ലക്ഷ്യമെന്ന് സ്റ്റാലിൻ, തന്റെ ഭരണനടപടികളിലൂടെ ഇതിനകം വ്യക്തമാക്കി കഴിഞ്ഞതാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 'ബാലികേറാമല'യായി ബി.ജെ.പിയുടെ മുന്നിലുള്ളതും തമിഴ്‌നാടാണ്. കേരളത്തിലാകട്ടെ, പാർലമെന്ററി രാഷ്ട്രീയത്തിൽ ബി.ജെ.പി ഇല്ലെങ്കിലും, വോട്ടിംഗ് ശതമാനം ഉയർത്തിയും പാർട്ടിയെന്ന നിലയ്ക്കുള്ള സാന്നിധ്യം അറിയിച്ചും അത് നിലനിൽക്കുന്നുണ്ട്.
ഫെഡറലിസത്തിനെതിരായ കേന്ദ്ര സർക്കാറിന്റെ ആക്രമണങ്ങളെ ദിശാബോധത്തോടെയാണ് സ്റ്റാലിൻ നേരിടുന്നത്. ഏറ്റവുമൊടുവിൽ കേന്ദ്ര ബജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിച്ച 'ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ' എന്ന സംവിധാനത്തെ, സംസ്ഥാനത്തിന്റെ സ്വയംഭരണാധികാരവുമായി ബന്ധപ്പെട്ട വിഷയമായാണ് അദ്ദേഹം ഉയർത്തിപ്പിടിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാര്യത്തിലും ഇതേ നിലപാടായിരുന്നു. 'നീറ്റ്' പരീക്ഷക്കെതിരായ തമിഴ്‌നാട് സർക്കാറിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ശ്രദ്ധേയമാണ്. പാർശ്വവൽകൃത വിഭാഗങ്ങളിലെ വിദ്യാർഥികളെ ഒഴിവാക്കാനുള്ള ഗൂഢാലോചനയായും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലുള്ള ഫെഡറൽ അവകാശങ്ങളുടെ ലംഘനമായും 'നീറ്റി'നെതിരെ നീക്കം നടത്തുന്ന തമിഴ്‌നാട് സർക്കാറിന് രാജ്യത്തെ വിദ്യാഭ്യാസ വിദഗ്ധർ പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇപ്പോൾ, സർക്കാർ മെഡിക്കൽ സീറ്റുകളെ 'നീറ്റി'ന്റെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന ബിൽ രണ്ടാമതും പാസാക്കി നിയമസഭ ഗവർണർക്ക് പന്ത് കൈമാറിയിരിക്കുകയാണ്.
എൻ.ഡി.എ ഇതര മുഖ്യമന്ത്രിമാരുടെ ഒരു പ്ലാറ്റ്‌ഫോമുണ്ടാക്കി ഒരു ഫെഡറൽ ഫ്രണ്ടിന് രൂപം നൽകാനുള്ള നീക്കത്തിലാണ് സ്റ്റാലിൻ. സാമൂഹിക നീതിക്കുവേണ്ടിയും വർഗീയ രാഷ്ട്രീയത്തിനുമെതിരായ ഒരു രാഷ്ട്രീയമാണ് അദ്ദേഹം ഉയർത്തിപ്പിടിക്കുന്നത്. എന്നാൽ, കേരളം ഇത്ര ശക്തമായി കേന്ദ്രത്തിനെതിരെ ഒരു നിലപാട് സ്വീകരിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 'കേരളത്തിന്റെ കാര്യത്തിൽ കുറച്ച് കാര്യങ്ങളൊക്കെ ബി.ജെ.പിക്ക് ഇഷ്ടമുള്ളതാകാൻ സാധ്യതയുണ്ട്' എന്ന വെങ്കിടേഷ് രാമകൃഷ്ണന്റെ സൂചനയിൽ ചിലതെല്ലാം ഒളിഞ്ഞിരിപ്പുണ്ട്. വികസനത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചു. കെ.എസ്.ടി.എയെപ്പോലുള്ള സംഘടനകൾ ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയാൻ ആഹ്വാനം ചെയ്യുമ്പോൾ, അത്ര എതിർപ്പ് ഇടതുസർക്കാറിനുണ്ടോ? ഇല്ല എന്ന് വ്യക്തം. കെ റെയിലിനെപ്പോലുള്ള വൻകിട പദ്ധതികളിൽ കേന്ദ്രത്തിനും കേരളത്തിലും ഒരേ നിലപാടല്ലേ? അതുകൊണ്ടല്ലേ, അതേക്കുറിച്ച്, അനുമതിയെക്കുറിച്ചുപോലും കേന്ദ്രം ഇരുട്ടിൽ നിൽക്കുന്നത്? കേരളവുമായി ഒരു ഒത്തുതീർപ്പ് സാധ്യമാണെന്ന് കേന്ദ്രത്തിനറിയാം, തമിഴ്‌നാടുമായി അസാധ്യവും.സ്റ്റീൻ ജോർജ്,
ചെന്നൈ.
ഷാജു വി.വിയും പി.എൻ. ഗോപീകൃഷ്ണനും
കവിതയുടെ കോവിഡ് കാലവുമായി ബന്ധപ്പെട്ട് കവികൾ തന്നെ എഴുതിയ ലേഖനങ്ങൾ (പാക്കറ്റ് 63), മഹാമാരിക്കാലത്തെ കവികളുടെ രാഷ്ട്രീയ നിലപാടുകളുടെ കൂടി പ്രഖ്യാപനങ്ങളായിരുന്നു. ഷാജു വി.വിയുടെ കോവിഡുകാല കാവ്യജീവിതം ഇതിന് ഉദാഹരണമാണ്.
""ചുവരിൽ തന്റെ നിഴൽ കണ്ട് നിഴൽ നീങ്ങിത്തുടങ്ങുമ്പോൾ തൽക്ഷണം നീങ്ങേണ്ട അതിന്റെ നിഴലാണ് താനെന്ന ഉണ്മയുടെ കുഴമറിച്ചിൽ പോലെ''
എന്ന് ഒരേ സമയം ദാർശനികവും പൊളിറ്റിക്കലുമാകുന്നു കവിത. സാക്ഷിയായ ദുരനുഭവങ്ങളെല്ലാം, വൈയക്തികമായതുപോലും, ഒരു മനുഷ്യാനുഭവത്തിന്റെ തലത്തിൽനിന്നുകൊണ്ട് രേഖപ്പെടുത്താൻ ഷാജു അടക്കമുള്ള കവികൾക്ക് കഴിയുന്നു.
"നമ്മുടെ സ്വാതന്ത്ര്യങ്ങളെല്ലാം
കൈയേറ്റങ്ങൾ കൂടിയാണ്'
എന്ന് പി.എൻ. ഗോപീകൃഷ്ണൻ എഴുതുന്നത് ഇതുമൂലമാണ്. ('.... തുടങ്ങിയ അനേകം കവിതകൾ ഈ കാലത്ത് എന്റെ പേരിൽ എഴുതപ്പെടുകയുണ്ടായി' എന്നെഴുതിക്കൊണ്ട് ഗോപീകൃഷ്ണൻ കവിയുടെ കർതൃത്വത്തെ തന്നെ പ്രശ്‌നവൽക്കരിക്കുകയും ചെയ്യുന്നു).
'ഭാഷ മനുഷ്യബന്ധങ്ങൾക്കുള്ളിൽ ഇന്നലെ പ്രവർത്തിച്ച പോലല്ല, ഇനി മുതൽ പ്രവർത്തിക്കുക' എന്ന് ഗോപീകൃഷ്ണൻ എഴുതിയതുതന്നെയാണ് ഈ പാക്കറ്റിലെ എല്ലാ വിശകലനങ്ങളും പങ്കിടുന്നത് എന്നുതന്നെ വിശാലമായി വായിച്ചെടുക്കാം.അഫ്‌സൽ പി.എം.,
ഇടപ്പള്ളി, എറണാകുളം.
പെണ്ണില്ലാത്ത കവിത
കവി വായനയിൽ നിധിൻ വി.എൻ ഡി. വിനയചന്ദ്രനെക്കുറിച്ച് നടത്തിയ വായന (പാക്കറ്റ് 62), ആരാധനയുടെ തൊങ്ങലുകളില്ലാത്ത ഒന്നായിരുന്നു. വിനയചന്ദ്രന്റെ കവിതകളിലെ കാൽപനികത ഉൽപാദിപ്പിക്കുന്ന പുരുഷപ്രേമത്തിന്റെ ആധിക്യം പുതിയ വായനയിൽ ഒരുതരം ചെടിപ്പുളവാക്കുന്നതാണ്.
അദ്ദേഹത്തിന്റെ കവിതകളിലെ സ്വത്വാന്വേഷണത്തെക്കുറിച്ച് നിധിൻ എഴുതുന്നതുപോലെ, യാഥാസ്ഥിതികത്വത്തെ പുണരുന്ന കവിയെയാണ് കാണാൻ കഴിയുക. സ്ത്രീകളില്ലാത്തതും അവരെ ഒരു നോട്ടം കൊണ്ടുപോലും പരിഗണിക്കാത്തതുമായ വീട്. "എന്തിന് നിന്നോട് കള്ളം പറയണം / ഇല്ല നിന്നോടെനിക്കത്രയ്ക്കഗാധമായ് / എന്നെ മറന്നുള്ളോരിഷ്ടവും പ്രേമവും' എന്ന് പ്രണയത്തിൽ പോലും വെറുമൊരു പുരുഷനായി മാറുന്നു ഈ കവി.ജലജ എസ്.കെ, പുനെ, മഹാരാഷ്ട്ര.
കൂവിത്തോൽപ്പിക്കാനാകാത്ത കവിത
റഫീക്ക് അഹമ്മദിന്റെ കവിത, ‘പ്രബുദ്ധ കിരാതൻ' (പാക്കറ്റ് 63) അദ്ദേഹം തൊട്ടുമുമ്പ് എഴുതിയ ‘ഹേ കേ...'യെപ്പോലെ സൈബർ ആക്രമണത്തിനിരയാകാതിരുന്നത്, ഇത് ഒരു കവിത തന്നെയായതുകൊണ്ടാണ്. ‘ഹേ കേ...' വെറുമൊരു പ്രതികരണം മാത്രമായിരുന്നു. എന്നാൽ, ‘പ്രബുദ്ധ കിരാതൻ' പൊള്ളച്ചിരി ചിരിച്ച്, ശീലത്തലയാൽ ചിന്തിച്ച്, കാറ്റിനൊപ്പം പാഞ്ഞുപോകുന്ന വെറുമൊരു കായ്ക്കാമരമാണ്. അതിനുമുന്നിൽ നിന്ന് ജെയ് കൂവുന്നവരുടേയാണ് ഇന്നത്തെ കേരളം.
അവർ വിമർശനങ്ങളെയും വിയോജിപ്പുകളെയും കൂവിത്തോൽപ്പിക്കുന്നു. പൊള്ളച്ചിരി ചിരിക്കുന്ന പാർട്ടി ചിഹ്‌നം കൊണ്ട് ആക്രമിക്കുന്നു. കൊടിശീലയാൽ സ്വയം പുതച്ച് ചത്തുമലച്ചിരിക്കുന്നു. അടിച്ചേൽപ്പിക്കപ്പെടുന്ന മുതലാളിത്ത യുക്തിയിൽ അരഞ്ഞുചാകുന്ന സാധാരണ മനുഷ്യരുടെ പക്ഷത്തുനിന്നുള്ള ഇത്തരം കവിതകൾ ഇനിയുമുണ്ടാകണം.ഖാദർ ഹുസൈൻ, പെരുമ്പിലാവ്, മലപ്പുറം
TEAM TRUECOPY
കമൽറാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റർമനില സി. മോഹൻ എഡിറ്റർ ഇൻ ചീഫ് ടി.എം. ഹർഷൻ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റർകെ.കണ്ണൻ എക്‌സിക്യൂട്ടിവ് എഡിറ്റർമുഹമ്മദ് ജദീർ സീനിയർ ഡിജിറ്റൽ എഡിറ്റർഅലി ഹൈദർ സീനിയർ ഔട്ട്പുട്ട് എഡിറ്റർകെ.വി. ദിവ്യശ്രീ സീനിയർ ഔട്ട്പുട്ട് എഡിറ്റർമുഹമ്മദ് ഫാസിൽ സീനിയർ ഔട്ട്പുട്ട് എഡിറ്റർ
വി.കെ. ബാബു സീനിയർ മാനേജർ (ബുക്സ് & ഓപ്പറേഷൻസ് )മുഹമ്മദ് സിദാൻ ടെക്‌നിക്കൽ ഡയറക്ടർമുഹമ്മദ് ഹനാൻ ഫോട്ടോഗ്രാഫർഅഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫർഷിനു ടി.എം. വിഷ്വൽ എഡിറ്റർമഷ്ബൂബ് പി.പി. ജൂനിയർ വിഷ്വൽ എഡിറ്റർഷിബു ബി. സബ്‌സ്‌ക്രിപ്ഷൻസ് മാനേജർവിഷ്ണുപ്രസാദ് വി.പി. ഫൈനാൻസ് മാനേജർ
സൈനുൽ ആബിദ് കവർ ഡിസൈനർ
വെബ്‌സീൻ എഡിറ്റോറിയൽ ബോർഡുമായി ബന്ധപ്പെടാൻ [email protected] എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷൻ സംബന്ധമായ കാര്യങ്ങൾക്ക് subscription@truecopy. media പരസ്യം: [email protected]