Representative image / Photo: Vrushali Kirtikar, Youtube

പഠനത്തിനും തൊഴിലിനും കേരളത്തിൽ നിന്ന് സ്ത്രീകുടിയേറ്റം കൂടുന്നു

കേരളത്തിൽനിന്ന് വിദേശത്തേക്ക് പഠിക്കാൻ പോകുന്നവരിൽ 54.4 ശതമാനവും സ്ത്രീകളാണ്. പ്രവാസികളായ സ്ത്രീകളിൽ 72 ശതമാനം പേരും ബിരുദധാരികളോ അതിനുമുകളിൽ വിദ്യാഭ്യാസയോഗ്യതയുളളവരോ ആണ്. കേരളത്തിലെ കുടിയേറ്റക്കാരിൽ 76.9 ശതമാനവും തൊഴിലാളി കുടിയേറ്റക്കാരാണ്, അതിലും സ്ത്രീകളുടെ എണ്ണം കൂടിവരികയാണ്- നോർക്ക റൂട്ട്സിനുവേണ്ടി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്സേഷൻ നടത്തിയ കേരള ​​​മൈഗ്രേഷൻ സർവേ- 2023 റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു അന്വേഷണം.

കേരളീയ സമ്പദ് വ്യവസ്ഥയുടെ അടിത്തറയായിരുന്ന തൊഴിൽ കുടിയേറ്റം പുതിയ കാലത്ത് അടിമുടി മാറ്റങ്ങൾക്ക് വിധേയമാകുന്നതായി നോർക്ക റൂട്ട്സിനുവേണ്ടി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്സേഷനും ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റും നടത്തിയ കേരള ​​​മൈഗ്രേഷൻ സർവേ- 2023 റിപ്പോർട്ട്. പ്രവാസികൾ അയക്കുന്ന പണത്തിന്റെ അളവിലും കുടിയേറുന്നവരുടെ ലിംഗാനുപാതത്തിലും വിദ്യാഭ്യാസ യോഗ്യതയിലും കുടിയേറ്റത്തിന്റെ ലക്ഷ്യങ്ങളിലും വിദേശ രാജ്യങ്ങളുടെ കാര്യത്തിലുമെല്ലാം കഴിഞ്ഞ വർഷങ്ങളിൽ വലിയ മാറ്റങ്ങളാണുണ്ടായതെന്ന് ഡോ. എസ്. ഇരുദയരാജൻ നേതൃത്വം നൽകിയ പഠനം വ്യക്തമാക്കുന്നു.
തൊഴിലിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നവരേക്കാൾ കൂടുതൽ വിദ്യാഭ്യാസത്തിനായി കുടിയേറ്റം നടത്തുന്നവരുടെ എണ്ണം വർധിച്ചുവെന്നും കോവിഡാനന്തരമാണ് ഈ പ്രവണതക്ക് ആക്കം കൂടിയതെന്നും സർവേ സൂചിപ്പിക്കുന്നു.

കുറയുന്ന തൊഴിൽ കുടിയേറ്റം,
ഒഴുകുന്ന പണം

തൊഴിൽ കുടിയേറ്റം ക്രമാതീതമായി കുറയുമ്പോഴും പ്രവാസിപ്പണത്തിന്റെ ഒഴുക്ക് നിലക്കുന്നില്ല എന്നാണ് സർവ്വേ കാണിക്കുന്നത്. 2018-നെ അപേക്ഷിച്ച് 2023-ൽ പ്രവാസി പണത്തിന്റെ വരവ് 154 ശതമാനം വർധിച്ചു.

ചരിത്രപരമായി തന്നെ, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ മാത്രമല്ല കുടിയേറ്റം സ്വാധീനിച്ചുട്ടുള്ളതെന്ന് വ്യക്തമാകും. എഴുപതുകളിൽ ഇന്ത്യ നേരിട്ട വിദേശനാണ്യ പ്രതിസന്ധികളെ ഒരു പരിധിവരെ പരിഹരിച്ചതും അക്കാലത്തെ വിദേശ ഇന്ത്യാക്കാരിൽ ഭൂരിപക്ഷമായിരുന്ന മലയാളികൾ മാസംതോറും കേരളത്തിലേക്ക് അയച്ചിരുന്ന പണം കൊണ്ടായിരുന്നു. ‘മണിയോർഡർ സമ്പദ് വ്യവസ്ഥ’ എന്നുകൂടി കേരളത്തിന്റെ സമ്പദ് വ്യവസ്ഥ അറിയപ്പെട്ടു. എന്നാൽ, കേരളത്തിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ മാറിമറിയുകയാണ്.

Table 1: 1998-2023 കാലത്ത് കേരളത്തിൽനിന്ന് വിദേശങ്ങളിലേക്ക് കുടിയേറിയവരുടെ എണ്ണവും ശതമാനവും. അവലംബം: നോർക്ക റൂട്ട്സിനുവേണ്ടി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്സേഷൻ നടത്തിയ കേരള ​​​മൈഗ്രേഷൻ സർവേ- 2023
Table 1: 1998-2023 കാലത്ത് കേരളത്തിൽനിന്ന് വിദേശങ്ങളിലേക്ക് കുടിയേറിയവരുടെ എണ്ണവും ശതമാനവും. അവലംബം: നോർക്ക റൂട്ട്സിനുവേണ്ടി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്സേഷൻ നടത്തിയ കേരള ​​​മൈഗ്രേഷൻ സർവേ- 2023

കോവിഡിനുമുമ്പും ശേഷവും കേരളത്തിലേക്കെത്തിയ പ്രവാസി പണത്തിന്റെ കണക്ക് പരിശോധിക്കാം,

2010-2011 വർഷങ്ങളിൽ 40,217 കോടി രൂപയാണ് വിദേശത്തുനിന്ന് കേരളത്തിലേക്ക് അയച്ചുകിട്ടിയത്. 2,46,274 രൂപയാണ് ഇന്ത്യയിലേക്ക് അയച്ചുകിട്ടിയ വിദേശപണം. 2015-2016 കാലത്ത് കേരളത്തിലേക്കയച്ച വിദേശപണം 67,031 കോടി രൂപയയായിരുന്നു. അത് 2018- 2019 ആകുമ്പോഴക്കും 1,14,506 കോടി രൂപയായി വർധിച്ചു.

2022-നുശേഷം സംസ്ഥാനത്തേക്കെത്തുന്ന വിദേശപണത്തിന്റെ കണക്കിൽ കുത്തനെയുള്ള വർധനവ് കാണാം. 2021-2022-ൽ 1,44,640 കോടി, 2022-2023-ൽ 1,90,734 കോടി, 2023-2024-ൽ 2,16,893 കോടി എന്നിങ്ങനെയാണ് വർധനവ്. ചുരുക്കിപ്പറഞ്ഞാൽ 2018-ൽ 85,092 കോടി രൂപയാണ് പ്രവാസികൾ കേരളത്തിലേക്ക് അയച്ച തുകയെങ്കിൽ 2023-ൽ 2.16 ലക്ഷം കോടി രൂപയായി വർധിച്ചു.

എറ്റവും കൂടുതൽ വിദേശപണമെത്തുന്ന ജില്ല കൊല്ലമാണ്. 1,95,815 പേർ കുടിയേറ്റക്കാരായ കൊല്ലത്ത് 2023-ൽ 38,530 കോടി രൂപയുടെ വിദേശ പണം അയച്ചുകിട്ടി. 2018-ൽ 12,748 കോടി രൂപയായിരുന്നു. 2018-ൽ 24,0527 പേർ പ്രവാസികളായിരുന്നു. ഓരോ വർഷം കൂടുമ്പോഴും ജില്ലയിൽനിന്നുള്ള പ്രവാസികളുടെ എണ്ണം വർധിക്കുന്നതായി കാണാം.

Table 2: 1998-2023 കാലത്ത് കേരളത്തിൽനിന്നുള്ള കുടിയേറ്റക്കാരുടെ ജില്ല തിരിച്ച കണക്ക്.
Table 2: 1998-2023 കാലത്ത് കേരളത്തിൽനിന്നുള്ള കുടിയേറ്റക്കാരുടെ ജില്ല തിരിച്ച കണക്ക്.

വിദേശ പണത്തിന്റെ വരവിൽ രണ്ടാം സ്ഥാനത്ത് മലപ്പുറമാണ്. 2018-ൽ കേരളത്തിലേക്ക് ഏറ്റവും വിദേശ പണം സംഭാവന ചെയ്യുന്ന ജില്ല മലപ്പുറമായിരുന്നു- 17,524 കോടി രൂപ. കോവിഡാനന്തരം മലപ്പുറത്ത് നിന്നുള്ള പ്രവാസികളുടെ എണ്ണം കുറഞ്ഞു. 2023-ൽ 3,77,647 പ്രവാസികളാണ് മലപ്പുറം ജില്ലയിൽ നിന്നു മാത്രമായി വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയത്. 2018-ൽ 4,06,054 പേരായിരുന്നു.

വീട്ടാവശ്യങ്ങൾ നിറവേറ്റുന്നതിനാണ് സംസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ വിദേശ പണം എത്തുന്നത്. 2023-ൽ വീട്ടാവശ്യങ്ങൾ നിറവേറ്റുന്നതിന് പ്രവാസികൾ ആകെ അയച്ച തുക 37,058 കോടി രൂപയാണ്. അതിലാകട്ടെ കൊല്ലം ജില്ലയാണ് മുന്നിൽ- 6583 കോടി രൂപ. രണ്ടാമതുള്ള മലപ്പുറം ജില്ലയിൽ 6015 കോടിയും.
മുൻ വർഷങ്ങളിൽ മുന്നിലുണ്ടായിരുന്ന ജില്ല മലപ്പുറമായിരുന്നു. ഈ ഇനത്തിൽ 17.8 ശതമാനം കോടി രൂപ കൊല്ലത്തേക്കെത്തിയപ്പോൾ മലപ്പുറത്തേക്ക് എത്തിയത് 16.2 ശതമാനം മാത്രമാണ്.
മൂന്നാം സ്ഥാനത്ത് തിരുവനന്തപുരവും നാലും അഞ്ചും സ്ഥാനത്ത് തൃശൂരും എറണാകുളവുമാണ്. ഏറ്റവും പിന്നിലുള്ള ജില്ല ഇടുക്കി. 260 കോടി രൂപയാണ് വീട്ടാവശ്യങ്ങൾക്കായി ഇടുക്കിയിലെ പ്രവാസികൾ അയച്ച പണം. വീടുകളിലേക്കുള്ള പണമയക്കലിൽ 73.3 ശതമാനവും അതത് മാസങ്ങളിൽ തന്നെ എത്തുന്നുണ്ട്. 19.3 ശതമാനം പേരാകട്ടെ മൂന്ന് മാസത്തിലൊരിക്കലാണ് നാട്ടിലേക്ക് പണമയക്കുന്നത്. 4.6 ശതമാനം പേർ ആറുമാസത്തിലൊരിക്കലും. കൃത്യമായ ഇടവേളകളില്ലാതെ നാട്ടിലേക്ക് പണമയക്കുന്നവർ 2.7 ശതമാനമാണ്.

 Table 3: 2023-ൽ കേരളത്തിൽനിന്നുള്ള കുടിയേറ്റത്തിന്റെ രാജ്യം തിരിച്ചുള്ള ശതമാനക്കണക്ക്.
Table 3: 2023-ൽ കേരളത്തിൽനിന്നുള്ള കുടിയേറ്റത്തിന്റെ രാജ്യം തിരിച്ചുള്ള ശതമാനക്കണക്ക്.

വീടുപണി, വായ്പാ തിരിച്ചടവ്, വിദ്യാഭ്യാസ ആവശ്യങ്ങൾ എന്നിവക്കായാണ് വിട്ടാവശ്യങ്ങൾ എന്ന വിഭാഗത്തിലെത്തുന്ന പണം കേരളത്തിൽ ഏറ്റവും ചെലവഴിക്കപ്പെടുന്നത്. അതായത് 15.8 ശതമാനം പേർ വീട് നവീകരിക്കാനാണ് പണം വിനിയോഗിക്കുന്നത്. 14 ശതമാനം പേർ ബാങ്ക് തിരിച്ചടവിനും 10 ശതമാനം പേർ വിദ്യാഭ്യാസ ആവശ്യത്തിനും. മൊത്തം പണമയക്കലിൽ വർധനവുണ്ടെങ്കിലും സ്വീകരിക്കുന്ന കുടുംബങ്ങളുടെ എണ്ണം 16-ൽ നിന്ന് 12 ശതമാനത്തിലേക്ക് കുറഞ്ഞു.

തിരിച്ചുവരുന്നവർ,
കാരണങ്ങൾ

കേരളത്തിലെ ജനസംഖ്യ 3,54,87,611 ആണ്. അതിൽ 6 ശതമാനം പേർ കുടിയേറ്റ ജീവിതമാണ് നയിക്കുന്നത്. 182 രാജ്യങ്ങളിലായുള്ള 22 ലക്ഷം മലയാളി കുടിയേറ്റക്കാരിൽ 18 ലക്ഷം പേർ പ്രവാസം അവസാനിപ്പിച്ച് തിരിച്ചുവന്നു എന്നും കണക്കുകൾ പറയുന്നു. കേരളത്തിൽ നിന്ന് ഏറ്റവും കുടിയേറ്റം നടന്നത് യു.എ.ഇയിലേക്കാണ്. ഇന്ന് ഏറ്റവും അധികം ആളുകൾ മടങ്ങിവരുന്നതും അവിടെ നിന്നുതന്നെയാണ്. കുറഞ്ഞ വേതനമടക്കമുള്ള നിരവധി കാരണങ്ങൾ മൂലമാണ് മലയാളികൾ തിരിച്ചുവരുന്നത്. മറ്റൊരു നിർവാഹവുമില്ലാതെയാണ് 71 ശതമാനം മലയാളി കുടിയേറ്റക്കാരും തിരിച്ചുവരേണ്ടിവരുന്നത്. കേരളത്തിലെ പത്തിൽ രണ്ട് വീടുകളിൽ പ്രവാസം അവസാനിപ്പിച്ച് മടങ്ങിവരുന്നവരുണ്ട്. പ്രവാസം അവസാനിപ്പിച്ചവർ ഏറ്റവും കൂടുതലുള്ള ജില്ല മലപ്പുറമാണ്, 3.5 ലക്ഷം. താലൂക്ക് അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ തിരൂരങ്ങാടിയിലാണ് ഏറ്റവും കൂടുതൽ ഗൾഫ് റിട്ടേണികളുള്ളത്.

തിരിച്ചെത്തിയവരിൽ 18 ശതമാനം തൊഴിൽ നഷ്ടപ്പെട്ടതിന്റെ പേരിൽ പ്രവാസം അവസാനിപ്പിച്ചവരാണ്. 13 ശതമാനം പേരാകട്ടെ കുറഞ്ഞ വേതനം മൂലവും. 12.1 ശതമാനം പേർ വിരമിച്ചവരും 16.1 ശതമാനം ആളുകൾ നാട്ടിൽ തന്നെ മറ്റ് ജോലികൾ കണ്ടെത്തി മടങ്ങിയവരുമാണ്. അപകടത്തിൽ പെട്ട് ജോലി ചെയ്യാനാകാതെ പോയവർ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ വേട്ടയാടുന്നവർ തുടങ്ങി 11.2 ശതമാനം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. കോവിഡും തുടർന്നുണ്ടായ ആരോഗ്യ- സാമൂഹ്യ കാരണങ്ങളും മൂലം പ്രവാസം ഉപേഷിക്കേണ്ടി വന്നവരും ഇക്കൂട്ടത്തിലുണ്ട്.

Figure 1: കേരളത്തിൽനിന്നുള്ള കുടിയേറ്റക്കാരുടെ മേഖല തിരിച്ചുള്ള  ശതമാനക്കണക്ക്, 1980-2023
Figure 1: കേരളത്തിൽനിന്നുള്ള കുടിയേറ്റക്കാരുടെ മേഖല തിരിച്ചുള്ള ശതമാനക്കണക്ക്, 1980-2023

മുന്നിൽ മലപ്പുറം, തിരൂർ

22 ലക്ഷത്തിനടുത്ത് വരുന്ന പ്രവാസി മലാളികളിൽ 5.39 ലക്ഷം പേർ തെക്കൻ ജില്ലകളിൽ നിന്നാണ്. 7.13 ലക്ഷം പേർ മധ്യ കേരളത്തിൽ നിന്നും 9.01 ലക്ഷം പേർ വടക്കൻ കേരളത്തിൽ നിന്നുമാണ്. 1998-ൽ 14 ലക്ഷമായിരുന്ന കേരളത്തിൽ നിന്നുള്ള പ്രവാസികൾ. 2013-ൽ 24 ലക്ഷമായി ഉയർന്നു. 2018-!ൽ 21 ലക്ഷമായി കുറഞ്ഞു. എന്നാൽ, 2023-ൽ 32,388 പേരുടെ വർധന പൊതുവിൽ രേഖപ്പെടുത്തുന്നുണ്ടെങ്കിലും മലപ്പുറം അടക്കം ഒമ്പത് ജില്ലകളിൽ പ്രവാസികളുടെ എണ്ണത്തിൽ കുറവുണ്ടായി.
മലപ്പുറത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് കുറവ്. പത്തനംതിട്ടയിൽ നിന്നും 1,01,624 പേർ, കോട്ടയം- 1,43,824 പേർ, ആലപ്പുഴ- 13,416 പേർ, ഇടുക്കി- 25,304 പേർ, തൃശൂർ- 2,33,117 പേർ, കണ്ണൂർ- 2,12,208 പേർ എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പ്രവാസികളുടെ എണ്ണം.

ഏറ്റവും കൂടുതൽ പ്രവാസികളുള്ളത് മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലാണ്. 2023-ൽ ഒരു ലക്ഷത്തിന്റെ വർധനവും താലൂക്ക് രേഖപ്പെടുത്തി. എന്നാൽ ഏറ്റവും കുറവ് പ്രവാസികളുള്ളത് ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ്.

പ്രവാസികളിൽ
കൂടുതൽ മുസ്‍ലിംകൾ

വടക്കൻ കേരളം പ്രവാസത്തിന്റെ കേന്ദ്ര ബിന്ദുവായി പ്രവർത്തിക്കുമ്പോഴും അതിൽ മാറ്റം വരുന്നതായി കാണാം. കേരളത്തിൽ നിന്നുള്ള പ്രവാസത്തിൽ 41.9 ശതമാനവും മുസ്‍ലിം വിഭാഗത്തിൽ നിന്നുമാണ്. 35.2 ശതമാനം ഹിന്ദു വിഭാഗവും 22.3 ശതമാനം ക്രിസ്ത്യൻ വിഭാഗവുമാണ്.

മുസ്‍ലിംകളിലാണ് ഏറ്റവും കുടിയേറ്റങ്ങൾ നടക്കുന്നത്. 2023-ൽ കേരളത്തിലെ 29.3 ശതമാനം വരുന്ന മുസ്‍ലിം ജനസംഖ്യയുടെ 41.9 ശതമാനം പേരും പ്രവാസികളാണ്. ജനസംഖ്യയുടെ 53.2 ശതമാനം വരുന്ന ഹിന്ദു വിഭാഗത്തിൽ നിന്ന് 35.2 ശതമാനം പേർ പ്രവാസം തെരഞ്ഞെടുത്തിട്ടുണ്ട്. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് 22.3 ശതമാനം പേരും മറ്റ് മതങ്ങളിൽ നിന്നായി 0.6 ശതമാനം പേരും കടൽ കടന്നിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

Table 4: 2023-ൽ കേരളത്തിൽനിന്നുള്ള വിവിധ മത വിഭാഗത്തിൽ പെട്ട കുടിയേറ്റക്കാരുടെ ശതമാനക്കണക്ക്.
Table 4: 2023-ൽ കേരളത്തിൽനിന്നുള്ള വിവിധ മത വിഭാഗത്തിൽ പെട്ട കുടിയേറ്റക്കാരുടെ ശതമാനക്കണക്ക്.

കുടിയേറ്റക്കാരിൽ വിവാഹിതരായ പുരുഷന്മാർ 70.6 ശതമാനമാണ്. വിവാഹിതരായ സ്ത്രീകളാകട്ടെ 61.5 ശതമാനവും. വിവാഹിതരല്ലാത്ത 28.7 ശതമാനം പുരുഷന്മാരും 36.8 സ്ത്രീകളും പ്രവാസം തെരഞ്ഞെടുത്തിട്ടുണ്ട്. വിവാഹമോചിതരായ പുരുഷന്മാർ- 0.3, പങ്കാളിയുമായി വേർപിരിഞ്ഞ് ജീവിക്കുന്ന പുരുഷന്മാർ- 0.1 ശതമാനം, പങ്കാളിയുമായി വേർപിരിഞ്ഞ് ജീവിക്കുന്ന സ്ത്രീകൾ- 0.2 ശതമാനം എന്നിങ്ങനെയാണ് വിദേശ കുടിയേറ്റക്കാരുടെ മറ്റ് കണക്കുകൾ.

വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയവരിൽ 41.4 ശതമാനം പേർക്കും ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ട്. ഡിപ്ലോമയുള്ളവർ- 12.7 ശതമാനം, ഹയർ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയവർ- 17.7 ശതമാനം പേർ, പ്രാഥമിക വിദ്യാഭ്യാസത്തിന് മുകളിലുള്ളവർ- 26.7 ശതമാനം, പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവർ എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. 30 നും 34 നും ഇടയിൽ പ്രായമുള്ളവരാണ് പ്രധാനമായും കുടിയേറ്റത്തിൽ മുന്നിൽ നിൽക്കുന്നത്.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവരിൽ കൂടുതലും പുരുഷന്മാരാണ്. 88.5 ശതമാനം പുരുഷന്മാരാണ് 2023ലെ കണക്കുകൾ പ്രകാരം തൊഴിൽ ഉപേഷിച്ചോ തൊഴിൽ നഷ്ടപ്പെട്ടതിന്റെയോ പേരിൽ നാട്ടിലേക്ക് മടങ്ങിയത്. 11.5 ശതമാനം സ്ത്രീകളും ഇക്കാലയളവിൽ പ്രവാസം ഉപേഷിച്ചിട്ടുണ്ട്.

വർധിക്കുന്ന വിദ്യാർഥി കുടിയേറ്റം

കേരളത്തിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നവരിൽ 11 ശതമാനം പേർ വിദ്യാഭ്യാസത്തിന് പോകുന്നവരാണ്. അതായത് കേരളത്തിൽ നിന്നുള്ള മൊത്തം കുടിയേറ്റക്കാരിൽ 2.5 ലക്ഷം പേർ വിദ്യാർഥികളാണ്. ബ്രിട്ടൻ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ, ചൈന, ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, സൗദി അറേബ്യ അടക്കമുള്ള ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് കേരളത്തിൽ നിന്നുള്ള പ്രധാന വിദ്യാർഥി കുടിയേറ്റങ്ങൾ. ഇതിൽ ഏറ്റവും വിദ്യാർഥി കുടിയേറ്റം നടത്തുന്ന രാജ്യം ബ്രിട്ടനാണ്. 30 ശതമാനമാണ് കേരളത്തിൽ നിന്ന് ബ്രിട്ടനിലേക്കുള്ള വിദ്യാർഥി കുടിയേറ്റം.
ആസ്‌ട്രേലിയ- 7.1%, ചൈന 21.4%, ന്യൂസിലാൻഡ്- 7.1%, ജി.സി.സി രാജ്യങ്ങൾ- 21%, മറ്റ് രാജ്യങ്ങൾ 13.6% എന്നിങ്ങനെയാണ് ബാക്കിയുള്ളവരുടെ കണക്കുകൾ.
രണ്ടാം സ്ഥാനത്തുള്ള രാജ്യം ചൈനയാണ്.

വിദേശത്തേക്ക് കുടിയേറുന്ന വിദ്യാർഥികളിൽ പെൺകുട്ടികളാണ് കൂടുതൽ. 54.4 ശതമാനം പെൺകുട്ടികളാണ് പഠനത്തിന് കുടിയേറുന്നത്. 45.6 ശതമാനം ആൺകുട്ടികളും.

ഉപരിപഠനത്തിനായാണ് വിദ്യാർഥികൾ കൂടുതലായും വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. ഇത്തരം കുടിയേറ്റങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. 2018-നെ അപേക്ഷിച്ച് 92 ശതമാനം വർധന. 2018-ൽ 1.29 ലക്ഷം വിദ്യാർഥികളാണ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കടൽ കടന്നതെങ്കിൽ 2023-ൽ 2.5 ലക്ഷം പിന്നിട്ടു. ഏറ്റവും കൂടുതൽ വിദ്യാർഥി കുടിയേറ്റം നടക്കുന്ന ജില്ല എറണാകുളമാണ്. 43,990 വിദ്യാർഥികളാണ് എറണാകുളത്ത് നിന്ന് കുടിയേറിയവർ. രണ്ടാം സ്ഥാനത്ത് തൃശൂരും മൂന്നാം സ്ഥാനത്ത് കോട്ടയവുമാണ്. ഏറ്റവും കുറവ് വയനാടാണ്.

തിരുവനന്തപുരം- 4887, കൊല്ലം- 21,607, പത്തനംതിട്ട-10,466, ആലപ്പുഴ- 14,217, കോട്ടയം- 35,382, ഇടുക്കി- 6946, തൃശൂർ- 35,873, പാലക്കാട്- 13,692, മലപ്പുറം- 15,310, കോഴിക്കോട്- 15,980, വയനാട്- 3750, കണ്ണൂർ- 23,512, കാസർഗോഡ്- 4391 എന്നിങ്ങനെയാണ് ബാക്കി ജില്ലയിൽ നിന്നും കുടിയേറ്റം നടത്തിയ വിദ്യാർഥികളുടെ എണ്ണം.

പഠനത്തിനായി കുടിയേറുന്നവരിൽ 80 ശതമാനവും ബിരുദധാരികളാണ്. ജനസംഖ്യാ ശാസ്ത്രപ്രകാരം കുടിയേറുന്നവരുടെ പ്രായം സംബന്ധിച്ച് കേരളത്തിൽ നിന്നുള്ള പ്രവാസത്തിൽ പുതിയ പ്രവണത ദൃശ്യമാണ്. 17 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വിദ്യാർഥികൾ വളരെ ചെറുപ്പത്തിൽ രാജ്യം വിടുന്നു.

സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചും വിദ്യാർഥികളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തിയിരുന്നു. ആ പഠനമനുസരിച്ച് വിദേശപഠനം തെരഞ്ഞെടുത്ത് പോകുന്നവരിൽ ഏറെയും ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അതായത് പ്രതിവർഷം അഞ്ച് ലക്ഷത്തിൽ താഴെ മാത്രം വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികളാണ് കൂടുതലും വിദേശവിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നത്.

Table 5: 2023-ൽ പഠനത്തിന് വിദേശങ്ങളിലേക്കുപോയ മലയാളികളുടെ ജില്ല തിരിച്ച കണക്ക്.
Table 5: 2023-ൽ പഠനത്തിന് വിദേശങ്ങളിലേക്കുപോയ മലയാളികളുടെ ജില്ല തിരിച്ച കണക്ക്.

വിദ്യാർഥി കുടിയേറ്റത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച്, ഉന്നത വിദ്യാഭ്യാസത്തിനായുള്ള കുടിയേറ്റം സംസ്ഥാനത്തിന്റെ പരാജയത്തേക്കാൾ മികവാണ് തുറന്നുകാട്ടുന്നതെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ 2022-ൽ പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം തന്നെ പിന്നീട്, കൂടുതൽ തൊഴിലവസരങ്ങളും സൗകര്യങ്ങളും നൽകി യുവാക്കളെ സംസ്ഥാനത്ത് പിടിച്ചുനിർത്തുമെന്ന് ബജറ്റ് പ്രസംഗത്തിൽ തിരുത്തി. എന്നാൽ അതിനുവേണ്ടിയുള്ള പരിഹാര നടപടികളോ വിദ്യാർഥികളെ ആകർഷിക്കുന്നതിനുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളോ ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരിന് കഴിയാതെ പോയത് വിദ്യാർഥി കുടിയേറ്റം വർധിക്കുന്നതിന്റെ പ്രധാന കാരണമായി വിദഗ്ദർ ചൂണ്ടികാണിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥി കുടിയേറ്റങ്ങളിൽ 11.3 കേരളത്തിൽ നിന്നാണെന്നതാണ് മറ്റൊരു വസ്തുത.

അപകടകരമായ
പ്രത്യാഘാതങ്ങൾ

വർധിച്ചുവരുന്ന കുടിയേറ്റ പ്രേരണകൾ കേരളത്തിൽ കാര്യമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് സർവ്വേ ചൂണ്ടികാണിക്കുന്നു. ഈ പ്രവണത ജനസംഖ്യാ ഘടനയെയും സമ്പദ് വ്യവസ്ഥയെയും ബാധിക്കും. ഇത് തടയാൻ നയപരമായ ഇടപെടലുകൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം, വർധിച്ചുവരുന്ന വിദ്യാർഥി കുടിയേറ്റമാണ്.

കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ വിദ്യാർഥി കുടിയേറ്റം ഇരട്ടിയായി വർധിച്ചിട്ടുണ്ട്. രാജ്യം വിടുന്ന കുട്ടികൾ വിദ്യാഭ്യാസം പൂർത്തിയാക്കി കേരളത്തിലേക്ക് തിരികെവരുന്നില്ല എന്നതും അപകടകരമായ വസ്തുതയാണ്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം തിരിച്ചറിയേണ്ടതുണ്ട്. അതുവഴി വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അന്തർദേശീയ കുടിയേറ്റങ്ങൾ നടത്തുന്ന വിദ്യാർഥികളെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാൻ സാധിക്കും.

ആഭ്യന്തര കുടിയേറ്റം
കൂടുതൽ കർണാടകയിലേക്ക്

കേരളത്തിൽ നിന്ന് 0.5 മില്യൺ ആളുകളാണ് ആഭ്യന്തര കുടിയേറ്റം നടത്തിയിരിക്കുന്നതെന്നാണ് സർവേ പറയുന്നത്. മുൻവർഷങ്ങളെ പോലെ തന്നെ കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കാണ് കേരളത്തിൽ നിന്ന് ഏറ്റവും ആഭ്യന്തര കുടിയേറ്റം നടക്കുന്നത്. കേരളത്തിൽ നിന്ന് 2,18,386 പേരാണ് കർണാടകയിലേക്ക് കുടിയേറിയത്. തമിഴ്‌നാട്ടിലേക്ക് 79,697 പേർ, മാഹാരാഷ്ട്രയിലേക്ക് 48,868 പേർ എന്നിങ്ങനെയാണ് കണക്കുകൾ. മേഘാലയയിലേക്കാണ് ഏറ്റവും കുറവ് കുടിയേറ്റം.

Table 6: 2000-2023 കാലത്ത് കേരളത്തിലേക്ക് അയച്ചുകിട്ടിയ പ്രവാസി പണത്തിന്റെ കണക്ക് (കോടിയിൽ).
Table 6: 2000-2023 കാലത്ത് കേരളത്തിലേക്ക് അയച്ചുകിട്ടിയ പ്രവാസി പണത്തിന്റെ കണക്ക് (കോടിയിൽ).

ഇതര സംസ്ഥാനങ്ങളിലേക്കും കേരളത്തിൽ നിന്നും വിദ്യാർഥി കുടിയേറ്റം നടക്കുന്നുണ്ട്. ഏറ്റവും ആളുകൾ ആഭ്യന്തര കുടിയേറ്റം നടത്തുന്ന ജില്ല പാലക്കാടാണ്. 55,601 പേരാണ് ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളിലേക്ക് തൊഴിൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കുടിയേറ്റം നടത്തിയത്. രണ്ടാം സ്ഥാനത്ത് എറണാകുളവും മൂന്നാം സ്ഥാനത്ത് കൊല്ലവുമാണ്. എറണാകുളം- 53,756, കൊല്ലം- 48,330 എന്നിങ്ങനെയാണ് കണക്കുകൾ. ആഭ്യന്തര കുടിയേറ്റക്കാർ ഏറ്റവും കുറവുള്ള ജില്ല കാസർഗോഡാണ്. കേവലം 1788 പേരാണ് കാസർഗോഡ് നിന്ന് കേരളത്തിലെ മറ്റ് ജില്ലകളിലേക്കോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കോ കുടിയേറ്റം നടത്തുന്നുള്ളൂ.

എന്നാൽ ഇത്തരം ആഭ്യന്തര കുടിയേറ്റങ്ങൾ വഴി തൊഴിലില്ലായ്മയിൽ ഗണ്യമായ കുറവുണ്ടായി. കുടിയേറ്റത്തിന് മുമ്പുള്ള 2.4 എന്ന തൊഴിലില്ലായ്മാ നിരക്ക് കുടിയേറ്റം ഗണ്യമായി വർധിച്ച കാലത്ത് 15.1 എന്ന നിരക്കിലേക്ക് കുറഞ്ഞു. ആഭ്യന്തര കുടിയേറ്റക്കാരിൽ 75.2 ശതമാനവും പുരുഷന്മാരാണ്. 57.8 ശതമാനമാണ് സ്ത്രീകൾ. സ്ത്രീകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥി കുടിയേറ്റക്കാരാണ്. അതേസമയം സ്ത്രീകളുടെ നിരക്ക് വിദ്യാർത്ഥികളുടെ റിട്ടേൺ ഔട്ട്- മൈഗ്രേഷൻ 35.8 ശതമാനത്തിൽ കുറവാണ്.

കേരളത്തിലേക്കുള്ള ആഭ്യന്തര കുടിയേറ്റങ്ങളിലും ചില ശ്രദ്ധേയ പ്രവണതകൾ ദൃശ്യമാണ്. 2020-ൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (KILE) റിപ്പോർട്ട് പ്രകാരം പശ്ചിമ ബംഗാൾ, ഒഡിഷ, അസം, ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കുടിയേറ്റ തൊഴിലാളികൾ എത്തുന്നത്. സെർബ് പ്രൊജക്ട് നടത്തിയ പഠനപ്രകാരം 5,16,320 കുടിയേറ്റ തൊഴിലാളികളാണ് കേരളത്തിലുള്ളത്. എന്നാൽ യഥാർഥ കണക്കിൽ ഇതിൽ കൂടുതൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് 2021-ലെ കേരള പ്ലാനിങ് ബോർഡിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

ആഭ്യന്തര കുടിയേറ്റം വഴി നഗരജനസംഖ്യ വർധിക്കുകയാണ്. 1901-ലെ സെൻസസ് പ്രകാരം 11.4 ശതമാനം പേരായിരുന്നു ഇന്ത്യയിൽ നഗരവാസികളായുണ്ടായിരുന്നത്. അത് 2001-ൽ 28.53 ശതമാനമെന്ന നിലയിലേക്ക് ഉയർന്നു. 2017-ലെ കണക്കുകൾ പ്രകാരം നഗരജനസംഖ്യ 34 ശതമാനമാണ്. 2030 ആകുമ്പോഴേക്കും അത് 40.76 ശതമാനമായി വർധിക്കുമെന്നാണ് വിദഗ്ദർ ചൂണ്ടികാണിക്കുന്നത്.

വർധിച്ചുവരുന്ന
സ്ത്രീകുടിയേറ്റക്കാർ

സ്ത്രീകുടിയേറ്റക്കാരുടെ എണ്ണം വർധിച്ചുവരികയാണ്. 2018-ലെ കണക്കുകൾ പ്രകാരം 15.8 ശതമാനം സ്ത്രീകൾ മാത്രമായിരുന്നു കേരളത്തിൽനിന്ന് വിദേശരാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തിയിരുന്നത്. എന്നാൽ 2023-ൽ സ്ത്രീകുടിയേറ്റക്കാരുടെ എണ്ണം 19.1 ശതമാനമായി. ഗൾഫ് രാജ്യങ്ങളിൽ നിന്നും യൂറോപ്പിലേക്കും മറ്റ് പാശ്ചാത്യരാജ്യങ്ങളിലേക്കുമാണ് കുടിയേറ്റം കൂടുതലായി നടക്കുന്നത്. സ്ത്രീകുടിയേറ്റക്കാരിൽ 71.5 ശതമാനവും ബിരുദധാരികളുമാണ്.

സ്ത്രീകുടിയേറ്റക്കാരിൽ 51.6 ശതമാനം പേരും നഴ്‌സിങ്, നഴ്‌സിങ് അസിസ്റ്റന്റ് തുടങ്ങിയ ജോലികളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. 4.3 ശതമാനം പേർ എഞ്ചിനിയറിംഗ് ജോലികളും 3.6 ശതമാനം പേർ അധ്യാപനവും ചെയ്യുന്നു. വീട്ടുജോലികൾ ചെയ്യുന്നവർ- 2.8 ശതമാനം, ചാർട്ടേഡ് അക്കൗണ്ടന്റ്- 2.7 ശതമാനം, ഡോക്ടർമാർ- 2.2 ശതമാനം, സെയിൽസ് പേഴ്‌സൺ- 1.9 ശതമാനം, ഫാർമസിസ്റ്റ്- 1.4 ശതമാനം, ശിശുപരിപാലനം- 1.2 ശതമാനം, പാചകം- 1.1 ശതമാനം, ഡാറ്റാ എൻട്രി ഓപ്പറേറ്റർ- 1.1 ശതമാനം, മറ്റ് ജോലികൾ- 21.2 ശതമാനം എന്നിങ്ങനെയാണ് സ്ത്രീകൾ ചെയ്യുന്ന പ്രധാന ജോലികൾ

Table 7: 2023-ൽ, കേരളത്തി​ൽനിന്നുള്ള കുടിയേറ്റക്കാർ ചെയ്യുന്ന ജോലികൾ, ലിംഗാനുപാതത്തിൽ.
Table 7: 2023-ൽ, കേരളത്തി​ൽനിന്നുള്ള കുടിയേറ്റക്കാർ ചെയ്യുന്ന ജോലികൾ, ലിംഗാനുപാതത്തിൽ.

കേരളത്തിലെ കുടിയേറ്റക്കാരിൽ 76.9 ശതമാനവും തൊഴിലാളി കുടിയേറ്റക്കാരായതിനാൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സഷ്ടിക്കുക എന്നതാണ് പ്രധാന ലക്ഷ്യമായി വരേണ്ടത്. അതോടൊപ്പം, വിദേശത്തേക്ക് തൊഴിലിനായി പോകുന്നവർക്ക് കൂുതൽ പരിശീലനങ്ങൾ നൽകി, അവിടെ മെച്ചപ്പെട്ട് തൊഴിൽ നേടിക്കൊടുക്കുന്നതിന് സഹായിക്കുകയും വേണം. അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം പോലെയുള്ള പരിപാടികളിലൂടെ പ്രവാസികളുടെ നൈപുണ്യ വികസനം ഉറപ്പുവരുത്തണം. വിദേശത്ത് ജോലി ചെയ്യുന്നവരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുക എന്നതും പ്രധാനമാണ്. പ്രവാസം അവസാനിപ്പിച്ച് മടങ്ങിവരുന്നവരുടെ എണ്ണം വർധിച്ചതുകൊണ്ടു തന്നെ അവരുടെ പുനരധിവാസവും ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുകയും വേണം.

പ്രവാസം ഒരു സംസ്‌കാരമെന്നതുപോലെ മലയാളി ജീവിതത്തിന്റെ ഭാഗമായിരുന്നുവെങ്കിലും, കുടിയേറ്റത്തിന്റെ സ്വഭാവത്തിൽ വരുന്ന മാറ്റം മനസിലാക്കുകയും അതിന്റെ കാരണങ്ങൾ വിലയിരുത്തുകയും വേണം. വിദേശരാജ്യങ്ങളിൽ തൊഴിൽ അവസരങ്ങൾ കുറഞ്ഞതടക്കം നിരവധി കാരണങ്ങൾ തൊഴിലാളി കുടിയേറ്റങ്ങൾ കുറയുന്നതിന് കാരണമായി ചൂണ്ടിക്കാട്ടാമെങ്കിലും, വിദ്യാർഥി കുടിയേറ്റങ്ങൾ വർധിക്കുന്നതിന്റെ കാരണം പഠിക്കേണ്ടതുണ്ട്.

നോർക്കയുടെ ആഭിമുഖ്യത്തിൽ നടത്തിയ സർവേയുടെ ഭാഗമായി 20,000 കുടുംബങ്ങളിലായിരുന്നു പഠനം. 1998-ൽ 10,000 കുടുംബങ്ങളിലും 2018-ൽ 15,000 കുടുംബങ്ങളിലുമായിരുന്നു പഠനം.

നോർക്ക റൂട്ട്സിനുവേണ്ടി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്സേഷൻ നടത്തിയ കേരള ​​​മൈഗ്രേഷൻ സർവേ- 2023 റിപ്പോർട്ടിന്റെ പൂർണരൂപം വായിക്കാം

Comments