സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്ന ജനതയോട് അക്കങ്ങളിലൂടെ സംസാരിക്കുന്നത് അത്ര സുഖകരമായ കാര്യമല്ലെന്നറിയാം. പക്ഷേ, ഈ അക്കങ്ങള്‍ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നതും അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ആയി നമ്മെ നിരന്തരം പറ്റിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അക്കങ്ങളുടെ സൂക്ഷ്മതയിലേക്ക് നാം ഇറങ്ങിത്തിരിച്ചേ മതിയാകൂ. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച, പൗരരുടെ പ്രതിശീര്‍ഷ വരുമാനം, രാജ്യത്തിന്റെ വിദേശ കടം തുടങ്ങി നമ്മുടെ മുന്നിലേക്ക് ഇട്ടെറിഞ്ഞുതരുന്ന ഓരോ അക്കങ്ങളും നമ്മുടെയും ഭാവി സമൂഹത്തിന്റെയും വിധി നിര്‍ണ്ണയിക്കുന്നതാകുമ്പോള്‍ പ്രത്യേകിച്ചും.
സമൂഹത്തിന്റെ സാമ്പത്തിക ക്ഷേമം അളക്കുന്നതിനുള്ള മാനദണ്ഡമെന്ന നിലയില്‍ ജി ഡി പി (ആഭ്യന്തര മൊത്തോല്‍പ്പാദനം) എന്ന ഏകകം എത്രമാത്രം ഫലപ്രദമാണ് എന്ന ചര്‍ച്ച ഒരു ഭാഗത്ത് നടക്കുന്നുണ്ടെങ്കില്‍ കൂടിയും, നിലവിലുള്ള സാമ്പത്തിക വളര്‍ച്ചാസംവാദങ്ങളില്‍ അത് പ്രധാനപ്പെട്ട റോള്‍ നിര്‍വ്വഹിക്കുന്നുണ്ടെന്നത് വസ്തുതയാണ്. ജി ഡി പി കണക്കെടുപ്പ് സംബന്ധിച്ച രീതിശാസ്ത്രം, ഡാറ്റാ സ്രോതസ്സുകള്‍ എന്നിവയില്‍ പരിഷ്‌കാരം വരുത്തുകയും അത് അമിത കണക്കെടുപ്പിലേക്ക് (overe stimation) നയിക്കുകയും അതുവഴി പെരുപ്പിച്ച സാമ്പത്തിക വളര്‍ച്ചാകണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നതിനെ സംബന്ധിച്ച് സാമ്പത്തിക വിദഗ്ദ്ധര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയത് നാം കണ്ടു.
എന്നാല്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന കണക്കുകളെ അതേപടി സ്വീകരിച്ചുകൊണ്ടുതന്നെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളിലെ സാമ്പത്തിക വളര്‍ച്ചയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ എത്രമാത്രം പൊള്ളയാണെന്ന് നമുക്ക് ബോധ്യമാകും.
2004 മുതല്‍ 2014 വരെയും, 2014 മുതല്‍ 2023 വരെയുമുള്ള സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കാം
ഇതില്‍ 2004 മുതല്‍ 2014 പാതിവരെയുള്ള കാലം യുപിഎ സര്‍ക്കാരിന്റെയും (മന്‍മോഹന്‍സിംഗിന്റെ ഭരണകാലം) 2014 പാതിമുതല്‍ 2022 വരെയുള്ള കാലം എന്‍ ഡി എയുടേതും (മോദി കാലം) ആണ്. 2004- ലെ മൊത്ത ആഭ്യന്തര ഉത്പാദനം 58.05 ലക്ഷം കോടി രൂപയുടേതാണ്. പ്രതിശീര്‍ഷ വരുമാനം 51,074 രൂപയും. 2014ല്‍ എത്തുമ്പോഴേക്കും അത് യഥാക്രമം 173.68 ലക്ഷം കോടിയും 1,27,686 രൂപയും ആയി ഉയര്‍ന്നു. അതായത്, 2004ല്‍ നിന്ന് 2014ലെത്തുമ്പോഴേക്കും ആഭ്യന്തര മൊത്തോല്‍പ്പാദനത്തിലെ വര്‍ദ്ധനവ് 299.20%വും ഇതേ കാലയളവിലെ പ്രതിശീര്‍ഷ വരുമാനത്തിലെ വര്‍ദ്ധനവ് 250%വും ആണെന്ന് കാണാം.
ഇനി 2014-ല്‍ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ക്കുള്ള കണക്കുകള്‍ നോക്കാം. 2023- ലെ മൊത്ത ആഭ്യന്തര ഉത്പാദനം 272.41 ലക്ഷം കോടിയാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷത്തെ പ്രതിശീര്‍ഷ വരുമാനം 1,72,000 രൂപയും. ഇതനുസരിച്ച്, 2014 തൊട്ട് 2023 വരെയുള്ള കാലയളവിലെ ജി ഡി പിയിലെ ശതമാന വര്‍ദ്ധനവ് 56.83% മാത്രമാണ്. ഇതേ കാലയളവില്‍ പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തിലുണ്ടായ വര്‍ദ്ധവ് കേവലം 34.52%വും. (പട്ടിക 2).
രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധി സംബന്ധിച്ച മോദി സര്‍ക്കാരിന്റെയും ഗോദി മീഡിയയുടെയും പ്രചണ്ഡ പ്രചാരണങ്ങള്‍ മാറ്റി നിര്‍ത്തി ഗവണ്‍മെന്റ് നല്‍കുന്ന സ്ഥിതിവിവരക്കണക്കുകളിലൂടെയും അക്കങ്ങളിലൂടെയും കടന്നുപോയാല്‍ കണ്ടെത്താന്‍കഴിയുന്ന കാര്യം, സാമ്പത്തിക വളര്‍ച്ചയുടെ ശതമാന നിരക്ക് മോദി ദശകത്തില്‍ തുലോം താഴെയാണെന്നാണ്.
ഇനി ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം 40% വരെ കുറഞ്ഞ കാലം കൂടിയായിരുന്നു മോദി ദശകം. അതുകൂടാതെ, ഇന്ത്യയുടെ വ്യാപാരക്കമ്മി 2013-14 കാലയളവില്‍ 136 ബില്യണ്‍ ഡോളര്‍ ആയിരുന്നുവെങ്കില്‍ 2022-23 കാലയളവില്‍ അത് 829.18 ബില്യണ്‍ ഡോളര്‍ ആയി ഉയരുകയുണ്ടായി. അതായത് ഈ കാലയളവിലെ ഇറക്കുമതി (imports) നാം കയറ്റുമതി (exports) ചെയ്തതിനേക്കാള്‍ എത്രയോ ഇരട്ടിയാണെന്നര്‍ത്ഥം.
വിദേശ കടത്തിന്റെ കാര്യത്തിലും മോദി കാലം ഗുരുതരമായ വര്‍ദ്ധനവ് സൃഷ്ടിച്ചിട്ടുണ്ട്. 2014-ല്‍ ഇന്ത്യയുടെ വിദേശ കടം 55.87 ലക്ഷം കോടി രൂപയായിരുന്നുവെങ്കില്‍ മോദിഭരണത്തില്‍ അത് 155.8 ലക്ഷം കോടിയായി വര്‍ദ്ധിച്ചു. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 57.3% വരും ഈ തുക.
ഡെമോക്രസിയില്‍ നിന്ന് ഡെബ്‌റ്റോക്രസി(കടാധിപത്യം)യിലേക്ക് മോദി ഗവണ്‍മെന്റ് നമ്മെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ ഓരോ പൗരന്റെയും കടഭാരം 43,124 രൂപ (2014)യില്‍ നിന്നും 1,09,373 (2023) രൂപയായി മാറിയിരിക്കുകയാണ്.
നുണപ്രചാരണങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ യാഥാര്‍ത്ഥ്യങ്ങള്‍ വേര്‍തിരിച്ചറിയാന്‍ സ്ഥിതി വിവരക്കണക്കുകള്‍ നമ്മെ സഹായിക്കുമെന്ന കാര്യം കൃത്യമായും തിരിച്ചറിയുന്ന വിഭാഗം ഭരണകര്‍ത്താക്കളാണ്. അതുകൊണ്ടുതന്നെ അത്തരം ഡാറ്റകള്‍ പുറത്തുവരുന്നതിനുള്ള അവസരം തന്നെ ഇല്ലാതാക്കുക എന്നാണ് സര്‍ക്കാരിന്റെ പുതിയ നയം.